Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 21

3081

1440 റബീഉല്‍ ആഖിര്‍ 13

ഇതുപോലൊരാള്‍ ചരിത്രത്തില്‍ ഇല്ല

സൈമണ്‍ ആള്‍ഫ്രഡൊ കാരബല്ലോ

(യേശുവിനെ സ്‌നേഹിച്ച് സ്‌നേഹിച്ച് .... 9)

സഹിഷ്ണുതയും മുസ്‌ലിംകളല്ലാത്ത ജനവിഭാഗങ്ങളുടെ അവകാശങ്ങളും ഊന്നിപ്പറയുന്നുണ്ട് ഇസ്‌ലാം. ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: 'പ്രത്യേക സംരക്ഷണം നല്‍കപ്പെടുന്ന (മുസ്‌ലിംകളല്ലാത്തവര്‍ എന്നര്‍ഥം) ഒരാള്‍ക്കെതിരെ ആരെങ്കിലും അനീതി കാണിച്ചാല്‍, അയാളുടെ അവകാശം കവര്‍ന്നാല്‍, അയാള്‍ക്ക് താങ്ങാനാവാത്തത് വഹിപ്പിച്ചാല്‍, അയാളുടെ ഇഷ്ടത്തിന് എതിരായി അയാളില്‍നിന്ന് എന്തെങ്കിലും എടുത്താല്‍- വിചാരണാ ദിനത്തില്‍ അങ്ങനെ ചെയ്തവന്റെ എതിരാളിയായിരിക്കും ഞാന്‍'(അബൂദാവൂദ്, 3054). വിശ്വസിച്ചേല്‍പ്പിച്ചതെല്ലാം തിരികെ നല്‍കണമെന്നും ഒരാളെയും വഞ്ചിക്കരുതെന്നും ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. ഒരു നബിവചനം ഇങ്ങനെ: 'എന്താണോ നിങ്ങളെ വിശ്വസിച്ചേല്‍പ്പിച്ചത് അത് അയാളെ തന്നെ തിരിച്ചേല്‍പ്പിക്കുക. നിങ്ങളെ വഞ്ചിച്ചവനെ നിങ്ങള്‍ വഞ്ചിക്കരുത്' (തിര്‍മിദി: 1261).

സ്വാര്‍ഥത പാടില്ലെന്നും ഇസ്‌ലാം ഉദ്‌ബോധിപ്പിക്കുന്നു. തനിക്കു വേണ്ടി താന്‍ എന്ത് ഇഷ്ടപ്പെടുന്നുവോ അത് മറ്റുള്ളവര്‍ക്കു വേണ്ടിയും ഇഷ്ടപ്പെടണമെന്ന് പ്രവാചകന്‍ വ്യക്തമാക്കിയിട്ടുണ്ട് (ബുഖാരി: 13). മികച്ച ധാര്‍മിക നിലവാരം പുലര്‍ത്തുന്നതും സ്ത്രീകളെ ആദരിക്കുന്നതും ഇസ്‌ലാമിക സന്ദേശത്തിന്റെ ഭാഗം തന്നെ. പ്രവാചകന്‍ പറഞ്ഞു: 'നിങ്ങളില്‍ മികച്ച രീതിയില്‍ പെരുമാറുന്നവരാരോ അവര്‍ക്കാണ് വിശ്വാസം പൂര്‍ണമായിട്ടുള്ളത്. ഏറ്റവും നല്ല വിശ്വാസികള്‍ സ്ത്രീകളോട് ഏറ്റവും മാന്യമായി പെരുമാറുന്നവരാണ്' (അഹ്മദ്; 7374). തനിക്ക് ആരോടാണ് ഏറ്റവുമധികം കടപ്പാടുള്ളത് എന്ന് ചോദിച്ച അനുചരനോട് മൂന്ന് തവണയും പ്രവാചകന്‍ പറഞ്ഞത് 'നിന്റെ മാതാവിനോട്' എന്നായിരുന്നു. നാലാം തവണ ചോദിച്ചപ്പോള്‍ 'നിന്റെ പിതാവിനോട്' എന്നു പറഞ്ഞു (മുസ്‌ലിം: 6452). മാതാവിനെ സംരക്ഷിക്കുന്നതിന്റെ പ്രതിഫലം സ്വര്‍ഗമാണെന്നും ഇസ്‌ലാം പഠിപ്പിച്ചു. തന്റെ മാതാവിനെ സംരക്ഷിക്കാനും പരിപാലിക്കാനും ആളില്ലാതിരിക്കെ, താന്‍ ദൈവമാര്‍ഗത്തില്‍ യുദ്ധത്തിന് പോകട്ടെ എന്ന് ചോദിച്ച അനുചരനോട്, 'മാതാവിന്റെ ഒപ്പം നില്‍ക്കൂ. അവരുടെ കാല്‍പാദത്തിനടിയിലാണ് സ്വര്‍ഗം' എന്നായിരുന്നു പ്രവാചകന്റെ മറുപടി (നസാഈ: 3106).

മറ്റൊരിക്കല്‍ ദൈവദൂതന്‍ പറഞ്ഞു: 'ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടാവുകയും എന്നിട്ടവളെ അപമാനിക്കാതിരിക്കുകയും സ്വന്തം മകന് അവളേക്കാള്‍ പരിഗണന നല്‍കാതിരിക്കുകയും ചെയ്താല്‍, അവന് സ്വര്‍ഗമുണ്ട്' (അഹ്മദ്: 1966). 'ഒരാള്‍ക്ക് രണ്ട് പെണ്‍മക്കള്‍/സഹോദരിമാര്‍ ഉണ്ടാവുകയും എന്നിട്ടവരോട് നല്ല നിലയില്‍ പെരുമാറുകയും ചെയ്താല്‍ സ്വര്‍ഗത്തില്‍ അയാളുടെ കൂട്ടുകാരനായിരിക്കും ഞാന്‍' എന്നും പ്രവാചകന്‍ പറഞ്ഞിട്ടുണ്ട് (ഇബ്‌നു അബീശൈബ: 21179). സ്ത്രീകളോടുള്ള മാന്യമായ പെരുമാറ്റം വളരെ ഊന്നിപ്പറഞ്ഞ മൂല്യമാണ് ഇസ്‌ലാമില്‍. അത് ഒരാളെ സ്വര്‍ഗത്തില്‍ എത്തിക്കും.

ശരീഅത്ത് അനുസരിച്ച്, സ്ത്രീകളുടെ സംരക്ഷണം പുരുഷന്റെ ബാധ്യതയാണ്. ആ പുരുഷന്‍ പിതാവോ മകനോ സഹോദരനോ ഇനി ഭരണാധികാരി തന്നെയോ ആണെങ്കിലും. അവള്‍ക്കാണെങ്കില്‍ അനന്തരസ്വത്തില്‍ അവകാശമുണ്ട്, വിവാഹസന്ദര്‍ഭത്തില്‍ മഹ്‌റിന് അവകാശമുണ്ട്, താന്‍ ഇഷ്ടപ്പെടുന്നയാളിനെ വിവാഹം ചെയ്യാനും വിവാഹമോചന ശേഷം പുനര്‍വിവാഹം ചെയ്യാനും അവകാശമുണ്ട്.1 അല്ലാഹു ഖുര്‍ആനില്‍ (2:228) പറയുന്നു: ''വിവാഹമോചിതകള്‍ മൂന്നു തവണ മാസമുറ ഉണ്ടാവുംവരെ തങ്ങളെ സ്വയം നിയന്ത്രിച്ചു കഴിയണം. അല്ലാഹു അവരുടെ ഗര്‍ഭാശയങ്ങളില്‍ സൃഷ്ടിച്ചുവെച്ചതിനെ മറച്ചുവെക്കാന്‍ അവര്‍ക്ക് അനുവാദമില്ല. അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍! അതിനിടയില്‍ അവരെ തിരിച്ചെടുക്കാന്‍ ഭര്‍ത്താക്കന്മാര്‍ക്ക് അവകാശമുണ്ട്. അവര്‍ ബന്ധം നന്നാക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍! സ്ത്രീകള്‍ക്ക് ബാധ്യതകളുള്ളതുപോലെത്തന്നെ ന്യായമായ അവകാശങ്ങളുമുണ്ട്. എന്നാല്‍ പുരുഷന്മാര്‍ക്ക് അവരേക്കാള്‍ ഒരു പദവി കൂടുതലുണ്ട്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.''

മാതാപിതാക്കള്‍ക്ക് സേവനം ചെയ്യണമെന്നും അവരോട് കരുണയോടെ വര്‍ത്തിക്കണമെന്നും ഇസ്‌ലാം അനുശാസിക്കുന്നു; അവര്‍ ഇസ്‌ലാമിന്റെ എതിര്‍ചേരിയിലാണ് നിലയുറപ്പിച്ചതെങ്കിലും. അല്ലാഹു പറയുന്നു (31:14-15): ''മാതാപിതാക്കളുടെ കാര്യത്തില്‍ മനുഷ്യനെ നാമുപദേശിച്ചിരിക്കുന്നു. അവന്റെ മാതാവ് മേല്‍ക്കുമേല്‍ ക്ഷീണം സഹിച്ചാണ് അവനെ ഗര്‍ഭം ചുമന്നത്. അവന്റെ മുലകുടി നിറുത്തലോ രണ്ട് കൊല്ലംകൊണ്ടുമാണ്. അതിനാല്‍ നീയെന്നോടു നന്ദി കാണിക്കുക. നിന്റെ മാതാപിതാക്കളോടും. എന്റെ അടുത്തേക്കാണ് നിന്റെ തിരിച്ചുവരവ്. നിനക്കൊരറിവുമില്ലാത്ത വല്ലതിനെയും എന്റെ പങ്കാളിയാക്കാന്‍ അവരിരുവരും നിന്നെ നിര്‍ബന്ധിക്കുകയാണെങ്കില്‍ അക്കാര്യത്തില്‍ അവരെ നീ അനുസരിക്കരുത്. എന്നാലും ഇഹലോകത്ത് അവരോടു നല്ല നിലയില്‍ സഹവസിക്കുക. എന്നിലേക്കു പശ്ചാത്തപിച്ചവന്റെ പാത പിന്തുടരുക. അവസാനം നിങ്ങളുടെയൊക്കെ മടക്കം എന്നിലേക്കു തന്നെയാണ്. അപ്പോള്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളെ വിവരമറിയിക്കും.''

ജനങ്ങളെ മനസ്സിലാക്കുകയും അവരോട് അനുകമ്പയോടെ പെരുമാറുകയും ചെയ്യുന്ന ഏതൊരാളും നരകത്തില്‍നിന്ന് അകറ്റപ്പെടുമെന്ന് പ്രവാചകന്‍ (അഹ്മദ്: 3937). ധിക്കാരികളും പരുക്കന്‍ സ്വഭാവക്കാരും അന്യരുടെ വികാരങ്ങളെ മാനിക്കാത്തവരും നരകാവകാശികളായിരിക്കുമെന്നും പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് (മുസ്‌ലിം: 7136).

ശത്രുവിനോട് പോലും നീതിയോടെയും സഹിഷ്ണുതയോടെയും മാത്രമേ ഇടപെടാവൂ എന്നും ഖുര്‍ആന്‍ ആജ്ഞാപിക്കുന്നു (5:8): ''വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നേരാംവിധം നിലകൊള്ളുന്നവരാവുക. നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും. ഒരു ജനതയോടുള്ള വിരോധം നീതി നടത്താതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുക. അതാണ് ധര്‍മപാലനത്തോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്നത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഉറപ്പായും അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ്.''

മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന സമഗ്ര ദര്‍ശനമാണ് ഇസ്‌ലാം. എല്ലാ കാലത്തുമുള്ള എല്ലാവര്‍ക്കും അത് അനുയോജ്യമായിത്തീരുകയും ചെയ്യുന്നു. നന്മകളെന്തൊക്കെയുണ്ടോ അതൊക്കെയും ചെയ്യുക, സകല തിന്മകളില്‍നിന്നും വിട്ടുനില്‍ക്കുക. ഇതാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്നത്.2 പ്രവാചകത്വ ദൗത്യമേല്‍ക്കുന്നതിനു മുമ്പ് അദ്ദേഹം മക്കയിലെ ഖദീജ എന്ന പേരുള്ള ഒരു ധനികയെ വിവാഹം കഴിക്കുന്നുണ്ട്. അവര്‍ക്കു വേണ്ടി അദ്ദേഹം വ്യാപാരയാത്രകള്‍ നടത്തിയിരുന്നു. പ്രവാചകനായി നിയോഗിക്കപ്പെട്ട വിവരം പൊതുജനമറിഞ്ഞപ്പോള്‍, ഈ ദൗത്യം ഉപേക്ഷിക്കുകയാണെങ്കില്‍ പണം എത്രവേണമെങ്കിലും തരാമെന്നും ഈ നാടിന്റെ രാജാവായി തന്നെ വാഴിക്കാമെന്നുമുള്ള വാഗ്ദാനവുമായി അവര്‍ വരുന്നുണ്ട്. പക്ഷേ, സകല ഓഫറുകളും നിരസിച്ച് അദ്ദേഹം കല്ലും മുള്ളും നിറഞ്ഞ പാതയില്‍ ദൈവവചനം പ്രബോധനം ചെയ്യാനായി ഇറങ്ങിത്തിരിക്കുകയാണുണ്ടായത്. തന്റെ സന്ദേശത്തിന് ജനസ്വീകാര്യത ലഭിച്ചപ്പോള്‍ പണവും അധികാരവുമൊക്കെ അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പിലായി. എന്ത് സുഖഭോഗങ്ങളും അദ്ദേഹത്തിന് ആകാമായിരുന്നു. പക്ഷേ, സകല ആഡംബരങ്ങളില്‍നിന്നും വിട്ടകന്ന് വളരെ ലളിതമായ ഒരു ജീവിതം തെരഞ്ഞെടുക്കുകയാണ് അപ്പോഴും അദ്ദേഹം ചെയ്തത്. മണ്ണ് കുഴച്ചുണ്ടാക്കിയ കൂരയില്‍ പരുക്കന്‍ ഈന്തപ്പനയോലപ്പായയിലായിരുന്നു അപ്പോഴും അദ്ദേഹത്തിന്റെ ഉറക്കം. അദ്ദേഹത്തിന്റെ പത്‌നി അനുസ്മരിക്കുന്നു: 'പല രാത്രികള്‍ തുടര്‍ച്ചയായി പ്രവാചകനും കുടുംബവും ഭക്ഷണമില്ലാതെ കഴിച്ചുകൂട്ടിയിട്ടുണ്ട്. മിക്ക സമയത്തും യവം കൊണ്ടുള്ള റൊട്ടി മാത്രമാണ് അവര്‍ക്ക് ലഭിച്ചിരുന്നത്' (തിര്‍മിദി: 2400). റൊട്ടിയുണ്ടാക്കാനുള്ള യവം വാങ്ങുന്നതിന് തന്റെ മരണത്തിന് തൊട്ട് മുമ്പ് തന്റെ പടയങ്കി ഒരു ജൂതന്റെയടുക്കല്‍ പണയം വെക്കേണ്ടിവരെ വന്നിട്ടുണ്ട് പ്രവാചകന്.

ജനസമൂഹങ്ങളെ യഥാര്‍ഥ ഏകദൈവത്തിലേക്ക് ക്ഷണിക്കുന്നതിനു വേണ്ടി തന്റെ ജീവിതം സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. ഏകദൈവത്തിന് വഴിപ്പെടാന്‍ വേണ്ടി മാത്രമാണ് ജിന്നിനെയും മനുഷ്യനെയും താന്‍ സൃഷ്ടിച്ചതെന്ന് അല്ലാഹു ഖുര്‍ആനില്‍ വ്യക്തമാക്കുന്നുമുണ്ടല്ലോ (51:56). ഇതു മാത്രമാണ് ജീവിത വിജയത്തിനുള്ള വഴി; ഈ ലോകത്തെയും പരലോകത്തെയും ദുരന്തങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗവും. പ്രവാചകത്വ ശ്രേണിയിലെ ഈ അവസാനത്തെ കണ്ണി ഇഹലോകവാസം വെടിയുന്നത് സി.ഇ 632-ല്‍ ആണ്. ഖുര്‍ആന്‍ എന്ന ഒടുവിലത്തെ ദൈവിക സന്ദേശം അദ്ദേഹം അന്ത്യനാള്‍ വരേക്കുമുള്ള ജനതതികള്‍ക്കായി നല്‍കി.

അമേരിക്കന്‍ ഗ്രന്ഥകാരന്‍ മൈക്കല്‍ ഹാര്‍ട്ട് The 100 : A Ranking of the Most Influential Persons in History   എന്ന തന്റെ പുസ്തകത്തില്‍, ചരിത്രത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഒന്നാമനായി രേഖപ്പെടുത്തിയത് മുഹമ്മദ് നബിയെ ആണ്. കാരണം, 'മത-സെക്യുലര്‍ മേഖലകളില്‍ ഒരുപോലെ ഇത്ര മികവുറ്റ വിജയം നേടിയ മറ്റൊരാള്‍ ചരിത്രത്തിലില്ല.' ജീവിതത്തിന്റെ ഈ രണ്ട് തലങ്ങളെയും സമന്വയിപ്പിച്ചതുകൊണ്ടാണ് അദ്ദേഹം ഏറ്റവും സ്വാധീനം ചെലുത്തുന്ന ഏറ്റവും മികച്ച നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്.

നാം നേരത്തേ പരാമര്‍ശിച്ച സ്‌കോട്ടിഷ് ചരിത്രകാരന്‍ വില്യം മുയിര്‍, പ്രവാചകന്‍ മുഹമ്മദിന്റെ വാക്കുകളിലെ വ്യക്തതയെയും മതതത്ത്വങ്ങളുടെ ലാളിത്യത്തെയും പ്രശംസിച്ചിട്ടുണ്ട്. അത്ഭുതകരമായിരുന്നു പ്രവാചകന്റെ പ്രവൃത്തികളെന്നും അദ്ദേഹം തുടര്‍ന്നു പറയുന്നുണ്ട്. ഇത്ര കുറഞ്ഞ കാലം കൊണ്ട് മനുഷ്യ ഹൃദയങ്ങളെ ഇവ്വിധം ഉണര്‍ത്തിയ ഒരാളും ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു.

മറ്റൊരു പ്രമുഖ എഴുത്തുകാരന്‍ ജോര്‍ജ് ബെര്‍നാഡ് ഷാ തന്റെ Genuine Islam  എന്ന ഗ്രന്ഥത്തില്‍ (വാള്യം 1, നമ്പര്‍ 8- 1936) ലോകം മുഹമ്മദിന്റെ ധിഷണയുള്ള ഒരാളെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നുവെന്ന് എഴുതുന്നു. അദ്ദേഹം തുടരുന്നു: 'ഏതു കാലത്തും എല്ലാ നാഗരികതകളെയും അക്കമഡേറ്റ് ചെയ്യാന്‍ പാകത്തിലുള്ളതാണ് ഇസ്‌ലാമിന്റെ നാഗരിക ചട്ടക്കൂട്. മധ്യയുഗത്തിലെ പുരോഹിത വര്‍ഗം പ്രവാചകന്‍ മുഹമ്മദിനെ ക്രിസ്റ്റ്യാനിറ്റിയുടെ ശത്രുവായി വളരെ മോശമായ നിലയില്‍ മുദ്രയടിച്ചിട്ടുണ്ടെങ്കിലും യൂറോപ്പിലത് കൂടുതല്‍ ഇടം നേടുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ആ മനുഷ്യനെ ഞാന്‍ പഠിച്ചുനോക്കിയിട്ടുണ്ട്. എന്റെ അഭിപ്രായത്തില്‍ അദ്ദേഹം അന്തിക്രിസ്തുവല്ല, മനുഷ്യ സമൂഹത്തിന്റെ വിമോചകനാണ്... അദ്ദേഹത്തെപ്പോലുള്ള ഒരാള്‍ക്ക് ആധുനിക ലോകത്തിന്റെ കടിഞ്ഞാണ്‍ ഏല്‍പിച്ചുകൊടുത്താല്‍ നമ്മുടെ കാലത്ത് ഏറെ അത്യാവശ്യമായിട്ടുള്ള സംതൃപ്തിയും സമാധാനവും കൊണ്ടുവരുന്നതില്‍ അദ്ദേഹം വിജയിക്കും എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്.'

പ്രശസ്ത ഫ്രഞ്ച് കവി അല്‍ഫോന്‍സ് ഡി ലാമാര്‍ട്ടിന്‍ തന്റെ Historie de la Turquie (1854) എന്ന ഗ്രന്ഥത്തില്‍ കുറിക്കുന്നു: ''സൃഷ്ടിക്കും സൃഷ്ടികര്‍ത്താവിനുമിടയില്‍ മാര്‍ഗതടസ്സമായി നിന്ന അന്ധവിശ്വാസങ്ങളെ ധ്വംസിക്കുക, മനുഷ്യന് ദൈവത്തെ പരിചയപ്പെടുത്തുകയും ദൈവത്തിന് മനുഷ്യരെ അര്‍പ്പിക്കുകയും ചെയ്യുക, യുക്തിസഹവും പവിത്രവുമായ ദൈവികാശയത്തെ നിലവിലിരുന്ന പ്രാകൃത നിയമങ്ങളുടെ പ്രക്ഷുബ്ധതയുടെയും ബിംബാരാധനയുടേതായ വൈകൃത ദൈവങ്ങളുടെയും മധ്യത്തില്‍ പുനഃസൃഷ്ടിക്കുക- ഇതുപോലൊരു ലക്ഷ്യം ചരിത്രത്തില്‍ ആരും ഉണ്ടാക്കിയിട്ടില്ല; ഇത്ര കുറഞ്ഞ കാലയളവില്‍ ആ ലക്ഷ്യം നേടിയെടുത്തിട്ടുമില്ല... ഉദ്ദേശ്യമാഹാത്മ്യവും സാമഗ്രികളുടെ കമ്മിയും അതിമഹത്തായ ഫലവുമാണ് മനുഷ്യപ്രതിഭ നിശ്ചയിക്കാനുള്ള മൂന്ന് മാനദണ്ഡങ്ങളെങ്കില്‍ ആധുനിക ചരിത്രത്തിലെ ഒരു മഹാ പുരുഷനെ മുഹമ്മദുമായി താരതമ്യം ചെയ്യാന്‍ ആര്‍ക്കാണ് ധൈര്യം വരിക!...... യജ്ഞവേദികളെയും ദൈവങ്ങളെയും മതങ്ങളെയും ആശയങ്ങളെയും വിശ്വാസങ്ങളെയും ആത്മാവുകളെയും അദ്ദേഹം പ്രകമ്പനം കൊള്ളിച്ചു. ഏതൊരു പവിത്ര ഗ്രന്ഥത്തിന്റെ ഓരോ അക്ഷരവും നിയമമായിത്തീര്‍ന്നോ ആ ദിവ്യഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ഒരു ആത്മീയ ദേശീയത്വം കെട്ടിപ്പടുക്കുകയും അതുവഴി വിവിധ ദേശക്കാരും വ്യത്യസ്ത വംശജരുമായ ജനവിഭാഗങ്ങളെ കൂട്ടിയിണക്കുകയുമുണ്ടായി.... മനുഷ്യമഹത്വത്തിന്റെ എല്ലാ മാനദണ്ഡങ്ങളും പരിഗണിക്കുമ്പോള്‍ നാം വ്യക്തമായും ചോദിച്ചേക്കാം- മുഹമ്മദിനേക്കാള്‍ മഹാനായ വല്ല മനുഷ്യനുമുണ്ടോ?''

Apologia dell 'Islamismo എന്ന കൃതിയില്‍ ഡോ. വഗലേറി എഴുതുന്നു: ''മുഹമ്മദ് ദൈവസന്ദേശത്തിന്റെ ഉദ്‌ഘോഷകന്‍ എന്ന നിലക്ക് വ്യക്തിപരമായി തന്നോട് ശത്രുതയുള്ളവരോടു പോലും അലിവോടെ പെരുമാറി. ഒരു മനുഷ്യമനസ്സിന് സങ്കല്‍പിച്ചെടുക്കാവുന്ന ഏറ്റവും മികച്ച മൂല്യങ്ങളായ നീതിയും കാരുണ്യവും അദ്ദേഹത്തില്‍ നിറഞ്ഞുനിന്നു. ഇതിന് തെളിവായി എത്രയും ഉദാഹരണങ്ങള്‍ നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ജീവചരിത്ര കൃതികളില്‍നിന്ന് കണ്ടെടുക്കാനാവും.''

പ്രശസ്ത ഓറിയന്റലിസ്റ്റ് പണ്ഡിതന്‍ Gottlieb Wilhelm Leitner എഴുതിയ വാക്കുകള്‍ കൂടി: 'മുഹമ്മദിനെ ആദരിച്ചുകൊണ്ട് ക്രിസ്ത്യാനികള്‍ ക്രിസ്തുവിനെ കൂടുതല്‍ ആദരിക്കുന്ന ഒരു കാലം വരുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. ഇസ്‌ലാമും ക്രൈസ്തവതയും പൊതുവായി പങ്കുവെക്കുന്ന പലതുമുണ്ട്. മുഹമ്മദ് പ്രബോധനം ചെയ്യുന്ന മൂല്യങ്ങളെ വിലമതിക്കുന്നവനാണ് കൂടുതല്‍ നല്ല ക്രിസ്ത്യാനി' (The Islamic Review, May 1961, P 6-10).


കുറിപ്പുകള്‍

1) ബൈബിള്‍ പഴയ നിയമത്തില്‍ (ലേവ്യര്‍ 15:19-30) നാം ഇങ്ങനെ വായിക്കുന്നു: 'സ്ത്രീക്ക് ആര്‍ത്തവസ്രാവം ഉണ്ടായാല്‍ ഏഴ് ദിവസം അശുദ്ധിയുണ്ടായിരിക്കും; അവളെ സ്പര്‍ശിക്കുന്നവനും സായാഹ്നം വരെ അശുദ്ധന്‍ ആയിരിക്കും. അശുദ്ധിയുടെ ഈ കാലയളവില്‍ ആ സ്ത്രീ എന്തില്‍ കിടക്കുന്നുവോ അതും എന്തില്‍ ഇരിക്കുന്നുവോ അതും അശുദ്ധമായിരിക്കും. അവളുടെ ശയ്യയില്‍ സ്പര്‍ശിക്കുന്നവന്‍ അടിച്ചു നനച്ചു കുളിക്കണം, എന്നാലും സായാഹ്നം വരെ അശുദ്ധന്‍ ആയിരിക്കും. അവളുടെ ഇരിപ്പിടത്തില്‍ സ്പര്‍ശിക്കുന്നവന്‍ അടിച്ച് നനച്ച് കുളിക്കണം. എന്നാലും സായാഹ്നം വരെ അശുദ്ധന്‍ ആയിരിക്കും. അവളുടെ കിടക്കയിലോ ഇരിപ്പിടത്തിലോ സ്പര്‍ശിക്കുന്നവന്‍ സായാഹ്നം വരെ അശുദ്ധനായിരിക്കും. അശുദ്ധയായ അവളോടൊത്ത് ശയിക്കുന്ന ഏത് പുരുഷനും ഏഴ് ദിവസത്തേക്ക് അശുദ്ധനായിരിക്കും. അയാള്‍ കിടക്കുന്ന എല്ലാ കിടക്കകളും അശുദ്ധമായിരിക്കും. ഒരു സ്ത്രീക്ക് ആര്‍ത്തവകാലത്തല്ലാതെ ഏറെ ദിവസത്തേക്ക് രക്തസ്രാവം ഉണ്ടാവുകയോ, ആര്‍ത്തവകാലം കഴിഞ്ഞിട്ടും  രക്തസ്രാവം തുടരുകയോ ചെയ്താല്‍ ആ അശുദ്ധിയുടെ ദിവസങ്ങള്‍ അത്രയും ആര്‍ത്തവ കാലത്തെന്നപോലെ അവള്‍ അശുദ്ധയായിരിക്കും. ഈ രക്തസ്രാവ കാലത്ത് ആ സ്ത്രീ ഉപയോഗിക്കുന്ന കിടക്കകള്‍ ആര്‍ത്തവകാലത്തെന്നപോലെ അശുദ്ധമായിരിക്കും. അവള്‍ ഉപയോഗിക്കുന്ന ഇരിപ്പിടങ്ങളും ആര്‍ത്തവകാലത്തെന്നപോലെ അശുദ്ധമായിരിക്കും. അവയില്‍ തൊടുന്ന ഏവനും അശുദ്ധനായിരിക്കും, അയാള്‍ അടിച്ച് നനച്ച് കുളിക്കണം. എന്നാലും സായാഹ്നം വരെ അശുദ്ധന്‍ ആയിരിക്കും. രക്തസ്രാവം നിലച്ചാല്‍ ഏഴ് ദിവസം കഴിഞ്ഞ് അവള്‍ ശുദ്ധയാകും. എട്ടാം ദിവസം രണ്ട് ചെങ്ങാലികളെയോ രണ്ട് പ്രാവിന്‍ കുഞ്ഞുങ്ങളെയോ എടുത്തുകൊണ്ട് അവള്‍ സമ്മേളനക്കൂടാരത്തിന്റെ കവാടത്തില്‍ ചെന്ന് അവ പുരോഹിതനെ ഏല്‍പ്പിക്കണം. അവയില്‍ ഒന്ന് പാപബലിയായും മറ്റൊന്ന് ഹോമബലിയായും പുരോഹിതന്‍ അര്‍പ്പിക്കണം. പുരോഹിതന്‍ അവളുടെ സ്രാവാശുദ്ധിക്ക് കര്‍ത്താവിന്റെ സന്നിധിയില്‍ പ്രായശ്ചിത്തം ചെയ്യണം.'

ജീവിതകാലം മുഴുവന്‍ അശുദ്ധി പേറുന്നവള്‍ എന്ന് ആക്ഷേപിക്കുന്നതോടൊപ്പം, അശുദ്ധിയുടെ ഉറവിടമെന്ന നിലക്ക് അവളോട് പെരുമാറുകയുമാണ് ബൈബിള്‍ ചെയ്തിരിക്കുന്നത്. അവളെന്തോ കുറ്റകൃത്യം ചെയ്തിരിക്കുന്നു, അതിനാല്‍ പ്രാ

യശ്ചിത്തം ചെയ്യണം എന്ന മട്ടിലാണ് കാണുന്നത്. ഇതൊക്കെ അവള്‍ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുകയാണെന്ന് തോന്നും. സ്ത്രീയെ തരംതാഴ്ത്തുകയും അപമാനിക്കുകയും ചെയ്യുന്ന പരാമര്‍ശങ്ങളും കാണാം. തിമൊത്തെയോസ് ഒന്നാം ഭാഗത്ത് (5:10), വിധവ പുണ്യപുരുഷന്മാരുടെ കാല്‍പാദങ്ങള്‍ കഴുകുന്നത് 'സല്‍പ്രവൃത്തി'യായി എണ്ണിയിരിക്കുന്നു. അവളെ ദുഷ്ടയായി കാണുന്നു (സെഖര്യാ 5:8). ഭര്‍ത്താവ് മരിച്ചു കഴിഞ്ഞാല്‍ അയാളുടെ സഹോദരനെക്കൊണ്ട് അവളെ ബലംപ്രയോഗിച്ച് വിവാഹം കഴിപ്പിക്കണം (ആവര്‍ത്തനം 25:5). പുരുഷ ബന്ധുക്കള്‍ നിലവിലുണ്ടെങ്കില്‍ അവള്‍ക്ക് അനന്തരാവകാശത്തിനും അര്‍ഹതയില്ല (ആവര്‍ത്തനം 21:15-17, സംഖ്യ 27:1-11). ഒരു പുരുഷന് തന്റെ പുത്രിയെ വില്‍ക്കാനുള്ള അവകാശവുമുണ്ടാവും (പുറപ്പാട് 21:7). വിവാഹമോചിതയെ പുനര്‍വിവാഹത്തില്‍നിന്ന് വിലക്കുകയും ചെയ്യുന്നു (മത്തായി 5:32).

2. മുഹമ്മദിന്റെ പ്രവാചകത്വത്തിനുള്ള പല തെളിവുകളിലൊന്ന്, അദ്ദേഹം നിരക്ഷരനായിരുന്നു എന്നതാണ്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്ത ഒരു ചുറ്റുപാടിലാണ് അദ്ദേഹം ജനിച്ചു വളര്‍ന്നത്. പക്ഷേ, അദ്ദേഹം കൊണ്ടുവന്നതോ, ഒരു സമ്പൂര്‍ണ നിയമ സംഹിത. വിശ്വാസം, ആരാധന, ധാര്‍മികത, വ്യവഹാരങ്ങള്‍ തുടങ്ങി എല്ലാ കാലത്തെയും മനുഷ്യ ജീവിതത്തിന്റെ മുഴു മണ്ഡലങ്ങളെയും സ്പര്‍ശിക്കുന്ന ഒരു സംഹിത. വിവാഹം, വിവാഹമോചനം, ഗര്‍ഭധാരണം, രക്ഷാകര്‍തൃത്വം, ജീവനാംശം, അനന്തരാവകാശം, കുടുംബ-അയല്‍പക്ക ബന്ധങ്ങള്‍, ക്രിമിനല്‍ നിയമങ്ങള്‍, മനുഷ്യാവകാശങ്ങള്‍, രാഷ്ട്രമീമാംസ, സമ്പദ് ശാസ്ത്രം, സാമൂഹിക ജീവിതം, തിന്നുമ്പോഴും കുടിക്കുമ്പോഴും വസ്ത്രം ധരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും ഉറങ്ങുമ്പോഴും ഉണര്‍ന്നെണീക്കുമ്പോഴും തുമ്മുമ്പോഴും വീട്ടില്‍ പ്രവേശിക്കുമ്പോഴും രോഗിയെ സന്ദര്‍ശിക്കുമ്പോഴും പാലിക്കേണ്ട മര്യാദകള്‍ തുടങ്ങി ഒരാളുടെ ശരീരം വൃത്തിയായി സൂക്ഷിക്കേണ്ടതെങ്ങനെ തുടങ്ങി ഒന്നും വിട്ടുപോകാത്ത ഒരു സമഗ്ര ദര്‍ശനം. ഇത് അദ്ദേഹം സ്വയം രൂപപ്പെടുത്തിയതല്ല. ഇതിനൊക്കെയുള്ള വിവരം തനിക്കുണ്ടെന്ന് അദ്ദേഹം ഒരിക്കലും അവകാശപ്പെട്ടിട്ടുമില്ല.

മുഹമ്മദിന്റെ ലക്ഷ്യം വ്യക്തിപരമായ നേട്ടങ്ങളോ പ്രശസ്തിയോ ഒക്കെ ആയിരുന്നെങ്കില്‍, ഓരോ ദിവസവും അഞ്ചുനേരം അംഗശുദ്ധി വരുത്തിയ ശേഷം നമസ്‌കരിക്കണമെന്നും ശാരീരിക ബന്ധത്തിനു ശേഷം സ്ത്രീയും പുരുഷനും കുളിക്കണമെന്നും വെള്ളംപോലും കുടിക്കാതെ പ്രഭാതം മുതല്‍ പ്രദോഷം വരെ ഒരു മാസം വ്രതമെടുക്കണമെന്നും (അസഹനീയ ചൂടുള്ള അറേബ്യന്‍ മരുഭൂമിയില്‍ അതെത്രത്തോളം പ്രയാസകരമായിരിക്കുമെന്ന് ആലോചിക്കുക) ജനങ്ങളില്‍ ബഹുഭൂരിപക്ഷവും കൊതിക്കുന്ന മദ്യപാനവും വ്യഭിചാരവും പലിശയും ചൂതാട്ടവുമൊക്കെ ഒഴിവാക്കണമെന്നും ജനങ്ങളോട് ആവശ്യപ്പെടുമായിരുന്നില്ല. ബൈബിളിലെ ആവര്‍ത്തനത്തിലും (18:20) യിരെമ്യായിലും (14:15) ആര്‍ കള്ളപ്രവാചകത്വം അവകാശപ്പെട്ടാലും ദൈവം അവരെ ശപിക്കുമെന്ന് പറഞ്ഞിട്ടുണ്ടല്ലോ. പ്രവാചകത്വം അവകാശപ്പെട്ട വ്യാജപ്രവാചകനായ ഹനന്യ(Hananiah)യെ ദൈവം ഒരു വര്‍ഷത്തിനകം മരിപ്പിക്കുന്നുമുണ്ടല്ലോ (യിരെമ്യാ 28:15-17). എന്നാല്‍ മുഹമ്മദ് നബിയുടെ ദൗത്യം 23 വര്‍ഷം നീണ്ടുനില്‍ക്കുന്നതാണ് നാം കാണുന്നത്. ഇസ്‌ലാമാകട്ടെ ഇന്ന് ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന മതവുമാണ്. തന്റെ ജീവിതത്തിലുടനീളം ദൈവസഹായം മുഹമ്മദ് നബിയുടെ കൂട്ടിനുണ്ടായിരുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (17-21)
എ.വൈ.ആര്‍