നമസ്‌കാരവും മാനസികാരോഗ്യവും
ദിനേന അഞ്ച് നേരം മുസ്‌ലിംകള്‍ നിര്‍വഹിച്ചു വരുന്ന നമസ്‌കാരം അവരുടെ മാനസികാരോഗ്യം നിലനിര്‍ത്തുന്നതില്‍ സ്തുത്യര്‍ഹമായ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. പ്രഭാതം, മധ്യാഹ്നം, സായാഹ്നം, സൂര്യാസ്തമയാനന്തരം, രാത്രി എന്നീ അഞ്ച് സമയങ്ങളിലായാണ് നമസ്‌കാരങ്ങള്‍ അനുഷ്ഠിക്കുന്നത്. രണ്ട്, നാല്, നാല്, മൂന്ന്, നാല് റക്അത്തുകള്‍ വീതമാണ് അവ യഥാക്രമം നിര്‍വഹിക്കപ്പെടുക. ഓരോ റക്അത്തിലും നില്‍ക്കല്‍, നമിക്കല്‍, രണ്ടാമതും ഹ്രസ്വമായി നില്‍ക്കല്‍, സാഷ്ടാംഗം, അതിനിടയില്‍ ഇരുത്തം, വീണ്ടും സാഷ്ടാംഗം എന്നിവ ഉള്‍ക്കൊള്ളുന്ന പ്രക്രിയക്കാണ് ഒരു റക്അത്ത് എന്ന് പറയുന്നത്.
സമ്പൂര്‍ണ സമര്‍പ്പണം
നമസ്‌കാരത്തിലെ അനുഷ്ഠാനങ്ങള്‍ അല്ലാഹുവിനുളള സമര്‍പ്പണമാണ്. നില്‍ക്കല്‍ മുതല്‍ സാഷ്ടാംഗം വരെയുള്ള ഓരോ ചലനവും. നമസ്‌കാരത്തില്‍ നില്‍ക്കുമ്പോള്‍ വലതു കൈ ഇടതു കൈക്ക് മുകളില്‍ നെഞ്ചിന് താഴെയായി വെക്കുന്നു. സമ്പൂര്‍ണമായ സമര്‍പ്പണത്തിന്റെ പ്രതീകമാണ് ഈ നില. നമസ്‌കാരത്തിലെ നമിക്കലും അല്ലാഹുവിനുള്ള സമ്പൂര്‍ണ സമര്‍പ്പണത്തിന്റെ മറ്റൊരു പ്രതീകമാണ്. നമിക്കല്‍ തന്നെ സമര്‍പ്പണത്തിന്റെ പ്രതീകമാണല്ലോ. ഒരു റക്അത്തില്‍ രണ്ട് പ്രാവശ്യം സാഷ്ടാംഗം ചെയ്യുന്നു. കുനിഞ്ഞ് മുട്ടുകുത്തി നെറ്റിയും മൂക്കും നിലം സ്പര്‍ശിക്കുന്നതാണ് സാഷ്ടാംഗം. നമസ്‌കാരത്തിലെ നില്‍പ്പ്, കുനിഞ്ഞിരിക്കല്‍, സാഷ്ടാംഗം എന്നീ പ്രക്രിയകളിലെല്ലാം ചലനമോ ചിരിയോ സംസാരമോ ഒന്നും അനുവദനീയമല്ല. ലോകത്തുടനീളമുള്ള എല്ലാ മുസ്‌ലിംകളും ഒരേ രൂപത്തിലാണ് നമസ്‌കാരം നിര്‍വഹിക്കുന്നത്.
അല്ലാഹുവിനുള്ള ഈ സമര്‍പ്പണം വളരെ പ്രധാനമാണ്. അല്ലാഹുവില്‍ വിശ്വസിക്കുന്നുവെങ്കില്‍ അല്ലാഹുവിന് സമര്‍പ്പിക്കുകയും അവനെ അനുസരിക്കുകയും അവനില്‍നിന്ന് മാര്‍ഗദര്‍ശനം തേടുകയും ചെയ്യേണ്ടതുണ്ട്. മാത്രമല്ല അവനോട് സഹായവും പിന്തുണയും ചോദിക്കുകയും അവന്‍ നിരോധിച്ചതില്‍നിന്ന് വിട്ടുനില്‍ക്കുകയും അവന്റെ കല്‍പനകള്‍ നടപ്പാക്കുകയും ചെയ്യണം. അതേയവസരം അല്ലാഹുവില്‍ വിശ്വസിക്കുകയും എന്നിട്ട് നമസ്‌കരിക്കാതെ അവനെ വിസ്മരിക്കുകയും ചെയ്യുന്നതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്?
നമസ്‌കാരം മുസ്‌ലിംകളെ അല്ലാഹുവുമായി ദിനേന അഞ്ച് നേരം ബന്ധിപ്പിക്കുന്നു. ഈ ബന്ധം അല്ലാഹുവിലുള്ള വിശ്വാസത്തെ ദൃഢീകരിക്കുന്നു. നിരന്തരമായി ശക്തിപ്പെടുത്തേണ്ട ബന്ധമാണ് അല്ലാഹുവിലുള്ള വിശ്വാസം. ഒരാള്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും വളരെ അപൂര്‍വമായി അവനെ ഓര്‍ക്കുകയും വല്ലപ്പോഴുമൊക്കെ നമസ്‌കരിക്കുകയുമാണെങ്കില്‍ അവന്റെ വിശ്വാസം ക്ഷയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇവിടെയാണ് നമസ്‌കാരത്തിന്റെ പ്രാധാന്യം നമുക്ക് ബോധ്യപ്പെടുന്നത്. അത് ഒരു വിശ്വാസിയെ നിരന്തരമായി അല്ലാഹുവുമായി ബന്ധപ്പെടുത്താന്‍ കാരണമാവുന്നു. വിശ്വാസികള്‍ക്ക് മാനസികമായ വലിയ കരുത്ത് പകരുന്നു.
അല്ലാഹു ഏറ്റവും മഹോന്നതന്‍
അല്ലാഹുവാണ് ഏറ്റവും മഹോന്നതന്‍ എന്ന് മുസ്‌ലിം എല്ലാ നമസ്‌കാരത്തിലും നിരവധി തവണ ഉരുവിടുന്നുണ്ട്. ചുരുങ്ങിയത് ഒരു ദിവസത്തില്‍ നൂറ് പ്രാവശ്യമെങ്കിലും ആ വചനം അയാള്‍ ഉരുവിടുന്നു. അല്ലാഹു മഹാനാണ് എന്ന് നൂറ് തവണ ഉരുവിടുന്ന മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം അതിന്റെ മനശ്ശാസ്ത്രപരമായ സ്വാധീനത്തെ കുറിച്ച് ആലോചിച്ചുനോക്കൂ. എന്താണ് അല്ലാഹു മഹാനാണ് എന്ന വാക്ക് സൂചിപ്പിക്കുന്നത്?
ഒരു മുസ്‌ലിം അല്ലാഹുവിനു മാത്രമേ സമര്‍പ്പിക്കാവൂ, കാരണം അവനാണ് മഹാന്‍ എന്നാണ് ആ വാക്യം ഓര്‍മപ്പെടുത്തുന്നത്. അല്ലാഹുവിനെ ധിക്കരിക്കുന്ന ഒരാളെയോ ഒരു നേതാവിനേയോ അനുസരിക്കരുത് എന്നാണ് അതിലൊളിഞ്ഞിരിക്കുന്ന അര്‍ഥം. കാരണം, അല്ലാഹു മഹോന്നതനാണ്. അവനുമായിട്ടായിരിക്കണം അവന്‍ ബന്ധപ്പെടേണ്ടത്. അല്ലാഹുവുമായുള്ള സാമീപ്യം അനല്‍പമായ ആത്മവിശ്വാസവും ശക്തിയും ധൈര്യവും വിശ്വാസിക്ക് നല്‍കുന്നു.
നമസ്‌കാരത്തിന് മുസ്‌ലിംകളില്‍ വലിയ സ്വാധീനമാണുള്ളതെന്ന കാര്യത്തില്‍ സംശയമില്ല. അല്ലാഹുവാണ് മഹോന്നതന്‍ എന്ന് ദിനേന നൂറ് തവണ ആവര്‍ത്തിക്കുന്നതിലൂടെ മുസ്‌ലിമിന്റെ വ്യക്തിത്വം ഒരു പ്രത്യേക തരത്തില്‍ രൂപപ്പെടുകയാണ്. അല്ലാഹുവാണ് മഹാനെന്നും അവനല്ലാതെ മറ്റാര്‍ക്കും സമര്‍പ്പണമില്ല എന്നുമാണ് അതിന്റെ വിവക്ഷ. മറ്റൊരു തത്ത്വശാസ്ത്രത്തിനും തത്ത്വജഞാനിക്കും തന്നെ സമര്‍പ്പിക്കുകയില്ല എന്ന പ്രഖ്യാപനവുമാണത്.
അല്ലാഹു മഹോന്നതനെന്ന് മുസ്‌ലിം ചുരുങ്ങിയത് നൂറ് തവണയെങ്കിലും ദിനേന ആവര്‍ത്തിച്ചു ഉരുവിടുന്നു എന്നു പറഞ്ഞു. ഇതിനര്‍ഥം ഒരു മാസത്തില്‍ 3000 തവണ ആ മഹദ് വചനം പറയുന്നു എന്നാണ്. ഇരുപത്തഞ്ച് വര്‍ഷത്തിനിടയില്‍ ലക്ഷോപലക്ഷം തവണ ഈ മഹദ് വാക്യം ആവര്‍ത്തിച്ചിരിക്കും. അമ്പതു വര്‍ഷം നമസ്‌കരിക്കുന്ന മുസ്‌ലിം രണ്ട് മില്യന്‍ തവണയെങ്കിലും ജീവിതത്തില്‍ ആ വാക്യം ഉരുവിട്ടിരിക്കും.
മുസ്‌ലിം സ്വയം അല്ലാഹുവിന് സമര്‍പ്പിക്കുന്നു എന്നാണതിനര്‍ഥം. അല്ലാഹുവിനോടുള്ള നിരന്തരമായ അനുസരണവും തുടര്‍ച്ചയായ ബന്ധവും അതിലൂടെ ഉണ്ടായിത്തീരുന്നു. അല്ലാഹുവിനു മാത്രമുളള സമര്‍പ്പണമാണ് നമസ്‌കാരം. ഇറക്കുമതി ചെയ്യപ്പെട്ട തത്ത്വശാസ്ത്രങ്ങള്‍ക്കല്ല നമ്മെ സമര്‍പ്പിക്കുന്നത് എന്ന് പ്രത്യേകം മനസ്സിലാക്കണം. നമ്മുടെ മാര്‍ഗദര്‍ശനത്തിന്റെ ഉറവിടം അല്ലാഹുവാണ്. നമസ്‌കാരം അല്ലാഹുവിന്റെ മഹത്വത്തോട് ചേര്‍ന്നു നില്‍ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഇതിലൂടെ നമ്മുടെ മനസ്സിന് ലഭിക്കുന്ന ശക്തി അപാരമത്രെ.
തീര്‍ച്ചയായും മഹത്വത്തിന്റെ വിശാലമായ മറ്റൊരു വീക്ഷണവും കൂടി കടന്നുവരുന്നുണ്ട്. അല്ലാഹുവിന്റെ മഹത്വം ഏതു കാര്യത്തിലാണ്? അധികാരത്തില്‍, കാരുണ്യത്തില്‍, ശക്തിയില്‍, അറിവില്‍ എല്ലാം അവന്‍ അത്യുന്നതന്‍. ഒരാള്‍ അല്ലാഹു മഹാനാണെന്ന് ആവര്‍ത്തിക്കുമ്പോള്‍ അവന്റെ ഭയം അപ്രത്യക്ഷമാവുന്നു. അയാള്‍ മനുഷ്യനെ ഒരിക്കലും ഭയപ്പെടുന്നില്ല. കാരണം ഭയപ്പെടുന്നതും അനുസരിക്കുന്നതും അല്ലാഹുവിനെയാണ്. അവനാണ് നല്‍കുന്നവനും നല്‍കാതിരിക്കുന്നവനും. ഒരാള്‍ക്കും ഇക്കാര്യത്തില്‍ ഒരു സ്വാധീനവുമില്ല. ഈ അര്‍ഥതലങ്ങള്‍ ഉള്‍ക്കൊണ്ട് നിര്‍വഹിക്കപ്പെടുന്ന നമസ്‌കാരം മുസ്‌ലിമിനെ മാനസികമായി ശക്തിപ്പെടുത്തുന്നു.
വിവ: ഇബ്‌റാഹീം ശംനാട്
Comments