Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 21

3081

1440 റബീഉല്‍ ആഖിര്‍ 13

സൈക്ക്‌സ്-പിക്കോട്ട് കരാര്‍, ബാല്‍ഫര്‍ പ്രഖ്യാപനം: നാള്‍വഴികള്‍

അബൂ സ്വാലിഹ

പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ നിലവിലുള്ള അതിര്‍ത്തികള്‍ വരയ്ക്കപ്പെട്ടത് ഒന്നാംലോക യുദ്ധ കാലത്താണ്. ബ്രിട്ടീഷ് നയതന്ത്രജ്ഞരായ മാര്‍ക്ക് സൈക്ക്‌സും (1879-1919) ഫ്രഞ്ച് നയതന്ത്രജ്ഞനായ ഫ്രാങ്കോയിസ് പിക്കോട്ടും (1870-1951) ചേര്‍ന്നാണ് പശ്ചിമേഷ്യയില്‍ ഭൂപടം മാറ്റിവരച്ചത്. യഥാക്രമം ബ്രിട്ടീഷ്-ഫ്രഞ്ച് കൊളോണിയല്‍ ശക്തികളെ പ്രതിനിധീകരിക്കുന്ന ഇരുവരും നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം 1916 മെയ് 16-ന് പശ്ചിമേഷ്യയെ ഭാഗിച്ചെടുക്കാനുള്ള ഒരു രഹസ്യ ധാരണയില്‍ ഒപ്പുവെച്ചു. അതാണ് Sykes-Picot Treaty  എന്ന പേരില്‍ ചരിത്രത്തില്‍ കുപ്രസിദ്ധി നേടിയത്. മത-വംശീയ വിഭാഗങ്ങളെ നെടുകെ പിളര്‍ന്നുകൊണ്ടുള്ള ഈ അതിര്‍ത്തി നിര്‍ണയം ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും മേഖലയെ സംഘര്‍ഷഭരിതമാക്കിക്കൊണ്ടിരിക്കുന്നു. ഫലസ്ത്വീനിലെ അധിനിവേശം മുതല്‍ ഐ.എസിന്റെ കടന്നുവരവ് വരെ ഇതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളായി വിലയിരുത്തപ്പെടുന്നു. സൈക്ക്‌സ്-പിക്കോട്ട് കരാര്‍ നിലവില്‍ വരാനുണ്ടായ സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

തുര്‍ക്കിയിലെ ഉസ്മാനി സാമ്രാജ്യത്തിന്(1516-1924) നിരവധി അറബ് പ്രവിശ്യകള്‍ ഉണ്ടായിരുന്നു. ആ സാമ്രാജ്യം സമ്പൂര്‍ണമായി തകരുന്നതിന് ഏതാനും പതിറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ പല അറബ് പ്രവിശ്യകള്‍ക്കും മേലുള്ള നിയന്ത്രണം ഉസ്മാനികള്‍ക്ക് നഷ്ടപ്പെട്ടിരുന്നു. അതൊക്കെയും പിടിച്ചെടുത്തത് യൂറോപ്യന്‍ കൊളോണിയല്‍ ശക്തികളാണ്. ഫ്രാന്‍സ് അള്‍ജീരിയയും (1830) തുനീഷ്യയും (1881) പിടിച്ചെടുത്തു. ഇറ്റലി ലിബിയ (1911) കൈയടക്കി. ഏദന്‍ പ്രൊട്ടക്ടറേറ്റിന്റെയും (1839) ഒമാന്റെയും (1861) അറേബ്യന്‍ ഗള്‍ഫ് നാട്ടുരാജ്യങ്ങളുടെയും (1820) കുവൈത്തിന്റെയും (1899) നിയന്ത്രണം കൈയടക്കിയത് ബ്രിട്ടന്‍. മറുവശത്ത്, ഉസ്മാനികളുടെ പ്രതിനിധിയായ മുഹമ്മദ് അലി ഏകപക്ഷീയമായി ഭരണം നടത്തുകയായിരുന്നു ഈജിപ്തില്‍. പിന്നെ അദ്ദേഹത്തിന്റെ മക്കളും അവിടെ ഭരണം നടത്തി. ഒടുവില്‍ 1882-ല്‍ ഈജിപ്തും ബ്രിട്ടീഷുകാരുടെ കൈകളിലെത്തി. സുഡാന്‍ ബ്രിട്ടീഷ് നിയന്ത്രണത്തില്‍ വരുന്നത് 1899-ല്‍. അതേസമയം ഇറാഖി ചരിത്രകാരന്‍ നയ്യാര്‍ അല്‍ ജമീല്‍ ചൂണ്ടിക്കാട്ടുന്നതു പോലെ, ഉസ്മാനിയ ഭരണം അന്തിത്തിരി കത്തുമ്പോഴും ദമസ്‌കസ്, അലപ്പോ, റഖ, ബസ്വറ, ബഗ്ദാദ് പ്രവിശ്യകള്‍ ഉള്‍പ്പെടുന്ന ലെവന്ത്-ഇറാഖ് മേഖല ഉസ്മാനികളുടെ ഉരുക്കുകോട്ടകളായി നിലനിന്നു.

1914 ജൂലൈ മാസത്തില്‍ ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടു. അത്യന്തം ദുര്‍ബലമായിക്കഴിഞ്ഞിരുന്ന ഉസ്മാനി സാമ്രാജ്യം യുദ്ധത്തില്‍ ജര്‍മന്‍-ആസ്‌ത്രോ-ഹംഗേറിയന്‍ സഖ്യത്തോടൊപ്പം നിന്ന് ബ്രിട്ടനെയും ഫ്രാന്‍സിനെയും നേരിടാന്‍ തീരുമാനിക്കുകയായിരുന്നു. മേഖലയുടെ അതിരുകളും രാഷ്ട്രീയ ഭൂപടവും മാറ്റിവരയ്ക്കപ്പെടാന്‍ തുടങ്ങുന്നത് ഇവിടം മുതല്‍ക്കാണ്.

ഒന്നാം ലോകയുദ്ധം നടന്നുകൊണ്ടിരിക്കെ തന്നെ ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍, ഇറ്റലി എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് നയതന്ത്രജ്ഞരുടെ ഒരു സമിതിക്ക് രൂപം നല്‍കിയിരുന്നു. 'യൂറോപ്പിലെ രോഗി'യായ ഉസ്മാനി തുര്‍ക്കിയുടെ അധീനത്തിലുണ്ടായിരുന്ന പ്രദേശങ്ങള്‍ എങ്ങനെ വീതംവെക്കാം എന്ന വിഷയമാണ് സമിതി ചര്‍ച്ച ചെയ്യേണ്ടത്. 1915 നവംബര്‍ മുതല്‍ 1916 വരെ ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ നിരവധി രഹസ്യ സംഭാഷണങ്ങള്‍ നടക്കുകയും ചില ധാരണകളില്‍ എത്തുകയും ചെയ്തിരുന്നു. അതാണ് പിന്നീട് സൈക്ക്‌സ്-പിക്കോട്ട് കരാറായി പരിണമിച്ചത്. ഈ രാജ്യങ്ങളില്‍ ഏറ്റവും പ്രബലം ബ്രിട്ടന്‍  തന്നെയായിരുന്നു. ബ്രിട്ടന്‍ തന്നെയാണ് മക്കയിലെ 'ശരീഫ്'/അമീര്‍ ആയിരുന്ന ഹുസൈനു ബ്‌നു അലിയുമായി ബന്ധപ്പെടുന്നത്. മേഖലയില്‍ ഒരു അറബ് ഭരണകൂടം ഉണ്ടാക്കുന്നതിനായി ചില രഹസ്യ നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു ഹുസൈനു ബ്‌നു അലി.

സൈക്ക്‌സ്-പിക്കോട്ട് കരാര്‍ പ്രകാരം, ലെവന്ത് മേഖല (ഇറാഖ്, സിറിയ, പരിസര പ്രദേശങ്ങള്‍) യെ അഞ്ചായി വിഭജിക്കാന്‍ ധാരണയായി:

1) ബഗ്ദാദില്‍നിന്ന് തെക്കോട്ട് ഗള്‍ഫ് തീരം വരെ കുവൈത്ത് ഉള്‍പ്പെടെയുള്ള മേഖല. ഈ മേഖലയുടെ നിയന്ത്രണം ബ്രിട്ടന്‍ നേരിട്ട് കൈയാളും.

2) ഇന്നത്തെ വടക്കന്‍ ഇറാഖ്, ജോര്‍ദാന്‍, നെഗേവ് മരുഭൂമി ഉള്‍പ്പെടെ സിനായ് വരെയുള്ള ഭാഗം. ഇതും ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തില്‍.

3) തെക്കന്‍ ലബനാന്‍ മുതല്‍ അതിന്റെ വടക്കന്‍ ഭാഗം വരെ മെര്‍സിന്‍, ഇസ്‌കന്തറൂന്‍, അദാന പ്രവിശ്യകള്‍ ഉള്‍ക്കൊള്ളുന്ന തീരപ്രദേശം. അനാത്വുലി മേഖലയിലേക്കും ഇത് ചെന്നെത്തുന്നുണ്ട്. ഇവിടെ ഫ്രഞ്ച് ഭരണമായിരിക്കും.

4) സിറിയന്‍ മരുഭൂമി. ഇവിടെയും ഫ്രഞ്ച് ഭരണം തന്നെ.

5) ഫലസ്ത്വീന്റെ വടക്കന്‍ മേഖലയായിരുന്നു ഉസ്മാനികളുടെ 'ജറൂസലം സഞ്ചക്ക്.' മതപ്രാധാന്യമുള്ളതുകൊണ്ട് ഇതൊരു അന്തര്‍ദേശീയ മേഖലയായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും സമീപപ്രദേശങ്ങളായ അക്കയിലും ഹൈഫയിലും ബ്രിട്ടീഷ് ആധിപത്യം തന്നെയായിരുന്നുു.

ഇസ്തംബൂളും ബോസ്ഫറസ് കടലിടുക്കിനോട് ചേര്‍ന്നുകിടക്കുന്ന, അതേസമയം കിഴക്കന്‍ അനാത്വുലിയയില്‍ റഷ്യന്‍ അതിര്‍ത്തികള്‍ക്ക് സമീപമുള്ള നാല് പ്രവിശ്യകളും റഷ്യയിലെ സാര്‍ ചക്രവര്‍ത്തിക്ക് കൈമാറാനായിരുന്നു കരാര്‍പ്രകാരമുള്ള ധാരണ. തുര്‍ക്കിയുടെ പടിഞ്ഞാറേ തീരങ്ങളില്‍ ഗ്രീസിനായിരിക്കും നിയന്ത്രണം; തുര്‍ക്കിയുടെ തെക്കു പടിഞ്ഞാറന്‍ മേഖലയില്‍ ഇറ്റലിക്കും.

ഈ കരാറും അതിലെ ധാരണകളുമെല്ലാം വളരെ രഹസ്യമായി സൂക്ഷിക്കപ്പെട്ടിരുന്നു. ആ സമയത്താണ് 1917-ല്‍ വ്‌ളാദ്മിര്‍ ലെനിന്റെ നേതൃത്വത്തില്‍ ബോള്‍ഷെവിക്കുകള്‍ സാര്‍ ചക്രവര്‍ത്തി നിക്കളസ് രണ്ടാമനെ പുറത്താക്കി റഷ്യയില്‍ അധികാരം പിടിക്കുന്നത്. ബോള്‍ഷെവിക്കുകളാണ് റഷ്യന്‍ ആര്‍ക്കൈവ് രേഖകളില്‍ സൈക്ക്‌സ്-പിക്കോട്ട് കരാറിന്റെ കോപ്പി കണ്ടെത്തിയത്. ഈ കരാര്‍ അപ്പടി ലെനിന്റെ വലംകൈയായിരുന്ന ലിയണ്‍ ട്രോഡസ്‌കി 1917 നവംബര്‍ 24-ന് ഇസ്‌വെസ്തിയ ദിനപത്രത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 'കൊളോണിയല്‍ മോഷ്ടാക്കളുടെ കരാര്‍' (The Agreement of Colonial Thieves)  എന്നാണ് ലെനിന്‍ ഇതിനെ വിശേഷിപ്പിച്ചത്. ബ്രിട്ടനിലും ഫ്രാന്‍സിലും ഇത് വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയുണ്ടായി.

 

ബാല്‍ഫര്‍ പ്രഖ്യാപനം

ബ്രിട്ടന്‍, മക്കയിലെ 'ശരീഫ്' ഹുസൈനു ബ്‌നു അലിയുമായി സംഭാഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കെ, ഫലസ്ത്വീനില്‍ 'ജൂത ജനതക്ക് ഒരു ദേശീയ ഗേഹം' ഉണ്ടാക്കിക്കൊടുക്കുന്ന ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നുണ്ട്. 1917 നവംബര്‍ 2-ന് അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആര്‍തര്‍ ബാല്‍ഫര്‍, സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവ് ചെയിം വിസ്മാന്റെ ഉറ്റ സുഹൃത്ത് വാള്‍ട്ടര്‍ റോത്‌സ്ഷില്‍ഡ് പ്രഭുവിന് എഴുതിയ കത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ബ്രിട്ടീഷുകാരനും സയണിസ്റ്റ് നേതാവുമായ ഹെര്‍ബര്‍ട്ട് സാമുവല്‍ തന്റെ രാജ്യത്തിന്റെ ആദ്യ ഹൈക്കമീഷണറായി ഫലസ്ത്വീനിലെത്തിയപ്പോള്‍ 1920-ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ സമ്മതവും ഇതിന് ലഭിച്ചു. ഇതേ വര്‍ഷം തന്നെയാണ് ഒരു പ്രത്യേക വകുപ്പ് എഴുതിച്ചേര്‍ത്തുകൊണ്ട് ലീഗ് ഓഫ് നാഷന്‍സ് ഫലസ്ത്വീനെ ബ്രിട്ടീഷ് നിയന്ത്രണാധികാരത്തില്‍ (മാന്‍ഡേറ്റ്) കൊണ്ടുവരുന്നത്.

ഉസ്മാനി സാമ്രാജ്യം തകരുകയും ഫലസ്ത്വീനും ഇറാഖും ബ്രിട്ടന്‍ പിടിച്ചെടുക്കുകയും ചെയ്തതോടെ, സൈക്ക്‌സ്-പിക്കോട്ട് കരാറില്‍ വിവരിച്ച പ്രകാരമുള്ള ഉസ്മാനി സാമ്രാജ്യത്തിന്റെ വീതംവെപ്പ് ബ്രിട്ടന്‍ വേണ്ടെന്നുവെക്കുകയായിരുന്നു. പകരം, 1920 ഏപ്രില്‍ 26-ന് ഫ്രാന്‍സില്‍ ചേര്‍ന്ന സാന്‍ റിമോ സമ്മേളനത്തില്‍ അംഗീകരിക്കപ്പെട്ട മാന്‍ഡേറ്റ് പദ്ധതിയുമായി മുന്നോട്ടു പോകാന്‍ അവര്‍ തീരുമാനിച്ചു. അറബ് ഓറിയന്റ് പ്രവിശ്യകളുടെ ഭാഗധേയം അതില്‍ നിര്‍ണയിക്കപ്പെടും. പ്രമുഖ ലബനീസ് ചരിത്രകാരന്‍ കമാല്‍ സലിബി എഴുതിയതുപോലെ, ഈ സന്ദര്‍ഭത്തില്‍ സാമ്രാജ്യത്വ ശക്തികളുടെ പ്രധാന പരിഗണനാ വിഷയം എണ്ണയും അത് കടത്തിക്കൊണ്ടുപോകാനുള്ള വഴികളുമൊക്കെയായിരുന്നു. ഇറാഖ് പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്ക് ഒരുപാട് പ്രയാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എണ്ണക്ക് എത്രമാത്രം നയതന്ത്രപ്രാധാന്യമുണ്ടെന്ന് യുദ്ധം അവരെ ബോധ്യപ്പെടുത്തി. ആ സമയത്ത് ഇറാനിലെ എണ്ണയുടെ നിയന്ത്രണം ബ്രിട്ടന്റെ കൈയിലായിരുന്നു. ബ്രിട്ടന്റെ പ്രധാന ശ്രദ്ധ, ടര്‍ക്കിഷ് പെട്രോളിയം കമ്പനിയെ കാര്യമായി സഹായിച്ചിരുന്ന ജര്‍മന്‍കാര്‍ ഇറാഖിലെ കിര്‍കുക് എണ്ണപ്പാടങ്ങളില്‍ എത്തിച്ചേരുന്നത് തടയുക എന്നതായിരുന്നു.

 

പുതിയ സ്റ്റേറ്റുകളുടെ പിറവി

ഏറ്റവുമൊടുവിലത്തെ ഉസ്മാനി സൈന്യാധിപനായ അഹ്മദ് ജമാല്‍ പാഷ 1915-നും 1916-നുമിടക്ക് സിറിയ-ഇറാഖ് (ലെവന്ത്) മേഖലയിലെ അറബ് ദേശീയവാദമുയര്‍ത്തുന്ന ബുദ്ധിജീവികള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുകയുണ്ടായി; അവരില്‍ ചിലരെ വധിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് അറബ് ദേശീയവാദത്തെ അനുകൂലിക്കുന്നവര്‍ ഉസ്മാനികളില്‍നിന്ന് പൂര്‍ണ സ്വാതന്ത്ര്യം വേണമെന്ന ആവശ്യമുന്നയിച്ചു. ഇതേ സമയത്തു തന്നെയാണ് 1916 ജൂണ്‍ ഒന്നിന് മക്കയിലെ ശരീഫ് ഉസ്മാനി ഖിലാഫത്തിനെതിരെ യുദ്ധകാഹളം മുഴക്കുന്നത്. സിറിയയിലെ അലപ്പോ മുതല്‍ തെക്ക് യമനിലെ ഏദന്‍ വരെ നീളുന്ന ഒരു അറബ് സ്റ്റേറ്റാണ് തന്റെ ലക്ഷ്യമെന്ന് ശരീഫ് ഹുസൈനു ബ്‌നു അലി പ്രഖ്യാപിച്ചു. ഈജിപ്തിലെ ബ്രിട്ടീഷ് കമീഷണര്‍ ഹെന്റി മക്‌മോഹനുമായുള്ള കത്തിടപാടില്‍ ഇക്കാര്യം അദ്ദേഹം പരാമര്‍ശിക്കുകയും ചെയ്തിരുന്നു. പക്ഷേ, സാന്‍ റിമോയില്‍ കൊളോണിയല്‍ ശക്തികള്‍ ചേര്‍ന്നെടുത്ത തീരുമാനവുമായി ഒത്തുപോകുന്നതായിരുന്നില്ല ഹുസൈനു ബ്‌നു അലിയുടെ പദ്ധതികള്‍.

ബ്രിട്ടീഷുകാര്‍ ഉസ്മാനികളെ ലെവന്തില്‍നിന്ന് പുറത്താക്കാനുള്ള ശ്രമത്തിലായിരുന്നു. സൈനിക നീക്കത്തില്‍ ബ്രിട്ടനെ സഹായിച്ചിരുന്നത് ശരീഫ് ഹുസൈന്റെ മൂന്നാമത്തെ മകനും ജനകീയനുമായ ശരീഫ് ഫൈസല്‍ ആയിരുന്നു. 1918 ഒക്‌ടോബര്‍ ഒന്നിന് ശരീഫ് ഫൈസല്‍ ദമസ്‌കസില്‍ കടന്നു. പിതാവിന്റെ ഭരണത്തിനു കീഴില്‍ അവിടെയൊരു അറബ് ഭരണകൂടം സ്ഥാപിച്ചു. ഈ സന്ദര്‍ഭത്തില്‍, ബൈറൂത്തില്‍ അധിനിവേശം നടത്തിയിരുന്ന ഫ്രഞ്ച് സൈന്യം ഒത്തുതീര്‍പ്പുണ്ടാക്കാനെന്ന വ്യാജേന ദമസ്‌കസിലെത്തുകയും 1920 ജൂണ്‍ 24-ന് ശരീഫ് ഫൈസലിന്റെ സൈന്യത്തെ തോല്‍പ്പിക്കുകയും ചെയ്തു. ഇതിന് പ്രായശ്ചിത്തമായി, ബ്രിട്ടീഷുകാര്‍ ശരീഫ് ഫൈസലിനു വേണ്ടി പഴയ ഉസ്മാനി പ്രവിശ്യകള്‍ ഉള്‍പ്പെടുന്ന ഇറാഖില്‍ ഒരു അറബ് ഭരണകൂടത്തിന് അടിത്തറയിട്ടുകൊടുത്തു. 1915-ല്‍ സൈനിക നീക്കം തുടങ്ങിയ ബ്രിട്ടന്‍ 1917 ആയപ്പോഴേക്കും ഇറാഖ് മുഴുവന്‍ കീഴ്‌പ്പെടുത്തിയിരുന്നു. ഈ പ്രവിശ്യകളെല്ലാം പിന്നീട് ഇറാഖ് ഐക്യ ഭരണകൂടം എന്ന ലേബലില്‍ ഒന്നിക്കുകയായിരുന്നു.

ഈ സമയത്തു തന്നെ ഫ്രാന്‍സ് മൂസ്വില്‍ പ്രവിശ്യയില്‍നിന്ന് സ്വയം പിന്‍വാങ്ങുന്നുണ്ട്; ടര്‍ക്കിഷ് പെട്രോളിയം കമ്പനിയില്‍ ഒരു വലിയ ഓഹരി ലഭിക്കണമെന്ന വ്യവസ്ഥയില്‍. ഈ കമ്പനി പിന്നീട് സഖ്യകക്ഷികള്‍ പിടിച്ചെടുക്കുകയും ഇറാഖ് പെട്രോളിയം കമ്പനി എന്ന് അതിന് പുനര്‍നാമകരണം ചെയ്യുകയുമാണുണ്ടായത്. നേരത്തേ ബൈറൂത്തിന്റെയും ദമസ്‌കസിന്റെയും ഭാഗമായിരുന്ന ചില ഉസ്മാനി പ്രവിശ്യകള്‍ 1920-ല്‍ ഫ്രാന്‍സ് പിടിച്ചെടുക്കുന്നുണ്ട്. അവയെ ഉസ്മാനി സബ് പ്രവിശ്യയായ മൗണ്ട് ലബനാന്‍ മുതസര്‍ഫിയ്യയുമായി ചേര്‍ത്ത് ലബനാന്‍ സ്റ്റേറ്റ് ഉണ്ടാക്കി. അന്നുള്ള അതേ അതിര്‍ത്തികളാണ് ഇന്നും ലബ്‌നാനിന്റേത്. പിന്നീട് ഫ്രഞ്ചുകാര്‍ തങ്ങളുടെ കൈവശമുള്ള ബാക്കി പ്രദേശങ്ങളെ 'മശ്‌രിഖ്' എന്ന് നാമകരണം ചെയ്ത് നാല് സ്റ്റേറ്റുകള്‍ക്ക് കൂടി രൂപം നല്‍കി. രണ്ടെണ്ണം മേഖലാ അടിസ്ഥാനത്തിലുള്ള സ്റ്റേറ്റുകളായിരുന്നു- അലപ്പോ സ്റ്റേറ്റും ദമസ്‌കസ് സ്റ്റേറ്റും. രണ്ടെണ്ണം ചില വിഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ളതും- അലവിയ്യ സ്റ്റേറ്റും ജബല്‍ ദുറൂസ് സ്റ്റേറ്റും. ദേശീയ സമ്മര്‍ദം ശക്തമായതോടെ 1932-ല്‍ ഫ്രഞ്ചുകാര്‍ അലപ്പോയെയും ദമസ്‌കസിനെയും ലയിപ്പിച്ച് സിറിയ സ്റ്റേറ്റിന് രൂപം നല്‍കി. ഇതാണ് പിന്നീട് സിറിയന്‍ റിപ്പബ്ലിക്കായത്. ജബല്‍ ദുറൂസ്, അലവിയ്യ എന്നീ സ്റ്റേറ്റുകളെ പിന്നീട് ഇതിലേക്ക് കൂട്ടിച്ചേര്‍ക്കുകയാണുണ്ടായത്.

ഒന്നാം ലോകയുദ്ധം അവസാനിച്ചതോടെ ബ്രിട്ടീഷ് അധീനതയില്‍ വന്ന അറേബ്യന്‍ ഉപദ്വീപിലെ തെക്കും കിഴക്കും മേഖലകള്‍ തമ്മില്‍ പോര് തുടങ്ങി. തെക്കന്‍ മേഖലയുടെ നേതൃത്വം നജ്ദിലെ അമീര്‍ അബ്ദുല്‍ അസീസ് സുഊദിനും കിഴക്കന്‍ മേഖലയുടെ നേതൃത്വം ഹിജാസിലെ രാജാവ് ശരീഫ് ഹുസൈനുമായിരുന്നു. രണ്ടു പേരും ബ്രിട്ടീഷുകാരുടെ സഖ്യകക്ഷികള്‍ തന്നെ. ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ അവസാനിച്ചപ്പോള്‍ ശരീഫ് ഹുസൈന്റെ മൂത്ത മകന്‍ അലിയുടെ കീഴിലുണ്ടായിരുന്ന ഹിജാസ്, മദീന, യന്‍ബൂഅ്, ജിദ്ദ തുടങ്ങിയ മേഖലകള്‍ ആല്‍ സുഊദ് പിടിച്ചെടുത്തു. 1925-ല്‍ യുദ്ധത്തില്‍ അടിയറവു പറഞ്ഞ ശരീഫ് അലി ഇന്ത്യയിലേക്ക് തിരിച്ചു. അങ്ങനെ 1932-ല്‍ അറേബ്യയില്‍ സുഊദ് ഭരണകൂടം നിലവില്‍വന്നു.

1917-ല്‍ ബ്രിട്ടീഷ് ജനറല്‍ എഡ്മണ്ട് അലന്‍ബി ജറൂസലമില്‍ കാലു കുത്തിയതു മുതല്‍ ആ മേഖല പൂര്‍ണമായും ബ്രിട്ടീഷ് നിയന്ത്രണത്തിലാണ്. ട്രാന്‍സ് ജോര്‍ദാന്‍ എമിറേറ്റിന്റെ കിഴക്കനതിര്‍ത്തി കഴിഞ്ഞാല്‍ പിന്നെ ബാല്‍ഫര്‍ പ്രഖ്യാപനത്തില്‍ പറഞ്ഞ പ്രകാരമുള്ള 'ജൂതന്മാരുടെ വാഗ്ദത്തഭൂമി' യാണ്. അവിടെ ഒരു തരത്തിലുള്ള കടന്നുകയറ്റവും അനുവദിക്കില്ല.

ഒന്നാം ലോകയുദ്ധം കഴിഞ്ഞപ്പോള്‍ സൈക്ക്‌സ്-പിക്കോട്ട് രഹസ്യധാരണ പ്രകാരമുള്ള പദ്ധതികള്‍ ഉപേക്ഷിക്കപ്പെടുകയാണുണ്ടായത്. സാന്‍ റിമോ കരാര്‍ പ്രകാരമുള്ള വ്യവസ്ഥകളാണ് പുതുതായി രൂപം കൊണ്ട സ്റ്റേറ്റുകളില്‍ നടപ്പിലായത്. സൈക്ക്‌സ്-പിക്കോട്ട് കരാറിന്റെ സ്വാധീനം കാണാനുള്ളത് ലബനാന്‍, ഇറാഖ്, ട്രാന്‍സ് ജോര്‍ദാന്‍, ഫലസ്ത്വീന്‍ എന്നിവയുടെ അതിര്‍ത്തി നിര്‍ണയിച്ചതില്‍ മാത്രം. 1939-ല്‍ തുര്‍ക്കി സിറിയയുടെ പ്രവിശ്യയായ ഇസ്‌കന്തറൂന്‍ പിടിച്ചെടുത്തു. ഫ്രഞ്ച് മാന്‍ഡേറ്റ് അധികാരികളുടെ സഹായത്തോടെയായിരുന്നു ഈ പിടിച്ചെടുക്കല്‍. അല്‍ മശ്‌രിഖ് എന്ന് വിളിക്കപ്പെടുന്ന ഈ മേഖല 1939-ല്‍ രണ്ടാം ലോകയുദ്ധം തുടങ്ങുന്നതുവരെ ബ്രിട്ടീഷ്-ഫ്രഞ്ച് കോളനി ഭരണത്തില്‍ തന്നെയായിരുന്നു; യമന്‍, സുഊദി അറേബ്യ, ട്രാന്‍സ് ജോര്‍ദാന്‍ എന്നിവ ഒഴിച്ച്.

ഈജിപ്തും ഇറാഖും ബ്രിട്ടനുമായി കരാറിലൊപ്പിട്ടുകഴിഞ്ഞതിനാല്‍ ആ രണ്ട് നാടുകളും സ്വതന്ത്രമാകുന്നതിന് പ്രായോഗികമായി തടസ്സങ്ങളുണ്ടായിരുന്നു. ഇരു നാടുകളിലെയും രാജഭരണം യഥാക്രമം 1952-ലും 1958-ലും തൂത്തെറിയപ്പെട്ടതിനു ശേഷമാണ് അത് സാധ്യമായത്. രണ്ടാം ലോകയുദ്ധം നടന്നുകൊണ്ടിരിക്കെ ഫ്രഞ്ച് അധിനിവിഷ്ട പ്രദേശങ്ങളിലും സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി ഉയര്‍ന്നു. അങ്ങനെ രണ്ടാം ലോകയുദ്ധം അവസാനിക്കുന്നതിന് രണ്ടു വര്‍ഷം മുമ്പ് 1943-ല്‍ സിറിയയും ലബനാനും സ്വതന്ത്രമായി.

1948-ലെ ഒരു വസന്തകാല ദിനത്തില്‍ ബ്രിട്ടന്‍ ഫലസ്ത്വീനിലെ തങ്ങളുടെ മാന്‍ഡേറ്റ് അവസാനിപ്പിച്ചു. ഏതാനും മണിക്കൂറുകള്‍ക്കു ശേഷം ആദ്യ ഇസ്രയേല്‍ പ്രധാനമന്ത്രിയാവാന്‍ പോകുന്ന ഡേവിഡ് ബെന്‍ഗൂറിയന്‍ ഇസ്രയേല്‍ എന്ന് വിളിക്കപ്പെടാന്‍ പോകുന്ന 'ജൂതരാഷ്ട്രം' നിലവില്‍ വന്നതായി പ്രഖ്യാപിച്ചു. യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോഴും അതിനു മുമ്പും യൂറോപ്പിലെ ജൂതന്മാരെ ഫലസ്ത്വീനിലേക്ക് കുടിയേറാന്‍ ബ്രിട്ടന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നു. ഒരു ജൂതരാഷ്ട്രത്തിന് വഴിയൊരുക്കാനായിരുന്നു അത്.

1956-ലെ സൂയസ് കനാല്‍ പ്രതിസന്ധിയോടെ ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും ആഗോള മേധാവിത്തം ഗണ്യമായി ചുരുങ്ങി. തൊള്ളായിരത്തി അറുപതുകളിലും എഴുപതുകളിലുമായി അറേബ്യന്‍ ഉപദ്വീപില്‍നിന്ന് ബ്രിട്ടന്‍ പിന്‍വാങ്ങാന്‍ തുടങ്ങി. 1965-ല്‍ കുവൈത്തില്‍നിന്നും 1967-ല്‍ ഏദന്‍ പ്രൊട്ടക്ടറേറ്റില്‍നിന്നും 1970-ല്‍ മസ്‌കത്ത്-ഒമാനില്‍നിന്നും 1971-ല്‍ ഖത്തര്‍, എമിറേറ്റുകള്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍നിന്നും ബ്രിട്ടന്‍ പിന്‍വാങ്ങി.

അതിനു ശേഷം അറബ് രാഷ്ട്രങ്ങളുടെ അതിര്‍ത്തികളില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. 1990-ല്‍ തെക്കന്‍-വടക്കന്‍ യമനുകളുടെ ഏകീകരണമാണ് എടുത്തുപറയേണ്ട ഒരു മാറ്റം. 1993-ലെ ഓസ്‌ലോ കരാര്‍ പ്രകാരം വെസ്റ്റ് ബാങ്ക്, ഗസ്സ എന്നിങ്ങനെ ഭൂമിശാസ്ത്രപരമായി പരസ്പര ബന്ധമില്ലാത്ത രണ്ട് പ്രദേശങ്ങളില്‍ ഫലസ്ത്വീനികള്‍ക്ക് പരിമിതമായ അര്‍ഥത്തില്‍ സ്വയംഭരണം ലഭിച്ചു. അറബ് ലോകത്ത് പിന്നെയൊരു മാറ്റമുണ്ടാകുന്നത് ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍, അതായത് 2003-ല്‍ അമേരിക്ക ഇറാഖില്‍ അധിനിവേശം നടത്തിയതോടെയാണ്. 2011-ല്‍ സിറിയന്‍ പ്രസിഡന്റ് ബശ്ശാറിനെതിരെ ജനകീയ പ്രക്ഷോഭമാരംഭിക്കുകയും ചെയ്തു. ഈ രണ്ട് സംഭവങ്ങളുമാണ് മുഖ്യമായും 2014-ല്‍ ഐ.എസ് എന്ന ഭീകരസംഘം ആവിര്‍ഭവിക്കാന്‍ കാരണമായത്. സൈക്ക്‌സ്-പിക്കോട്ട് കരാര്‍ പ്രകാരമുള്ള അതിര്‍ത്തികള്‍ മായ്ച്ചുകളയുകയാണ് തങ്ങളുടെ ഒരു ലക്ഷ്യമെന്ന് ഐ.എസ് പ്രഖ്യാപിച്ചിരുന്നു. 

(അവലംബം: Al Jazeera Centre for Studies)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (17-21)
എ.വൈ.ആര്‍