ഇഹലോകത്തിന്റെ മത്സരക്കളരി
ഇഹലോകം വെട്ടിപ്പിടിക്കാനുള്ള മോഹം ഇസ്‌ലാമിക പ്രവര്‍ത്തകരെ ബാധിക്കുന്ന വന്‍വിപത്താണ്. ഇമാം നവവി(റ) ഈ മനോഭാവം നിര്‍വചിക്കുന്നതിങ്ങനെ: 'ഐഹിക ജീവിത സുഖാസ്വാദനത്തിനും അതിനുള്ള ഉപാധികള്‍ സ്വന്തമാക്കാനുമുള്ള നെട്ടോട്ടമാണത്' (അല്‍ മിന്‍ഹാജുലിന്നവവി: 5/427). ഇഹലോകത്തിനു വേണ്ടി മത്സരിക്കുകയും ആ മത്സരം ജീവിത വ്രതമായി സ്വീകരിക്കുകയും ചെയ്യുന്നവര്‍ക്ക് സ്വാഭാവികമായി സംഭവിക്കുന്ന വിപത്താണ് പരലോക വിസ്മൃതി.
ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നീ വിഷയങ്ങളില്‍ സൂക്ഷ്മതയും ജാഗ്രതയും പുലര്‍ത്തേണ്ടവരാണ് മുസ്‌ലിംകള്‍. ഇവയൊന്നും ജീവിത ലക്ഷ്യമായി കാണരുത്. കരുതല്‍ വിനഷ്ടമാകുമ്പോള്‍ മത്സരത്തിനാവും മുന്‍തൂക്കം. പരലോക ജീവിത വിജയം മുഖ്യലക്ഷ്യമായി സ്വീകരിച്ചു പ്രവര്‍ത്തിക്കുന്നവര്‍ ഇവരുടെ കണ്ണില്‍ നിസ്സാരന്മാരും കൊള്ളരുതാത്തവരുമായിരിക്കും. മത്സരത്തില്‍ തന്നെ പിന്നിലാക്കുന്നവരോടുള്ള അമര്‍ഷം ഇവരുടെ ഉള്ളില്‍ പുകഞ്ഞ് കത്തിക്കൊണ്ടിരിക്കും. തങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹങ്ങള്‍ക്ക് അവരുടെ കണ്ണില്‍ ഒരു വിലയും ഉണ്ടാവുകയില്ല. അവസരങ്ങള്‍ കൈയില്‍നിന്ന് വഴുതിപ്പോകുമ്പോള്‍ അവര്‍ അസ്വസ്ഥരാവുകയും എല്ലാം നഷ്ടപ്പെട്ടവരെ പോലെ വിലപിച്ചു കേഴുകയും ചെയ്യും. അവരുടെ വര്‍ത്തമാനം എപ്പോഴും ഇഹലോകവും അതിന്റെ മനോഹാരിതയും പകിട്ടുമായിരിക്കും. പരലോകത്ത് കരഗതമാകുന്ന സ്വര്‍ഗത്തിലെ അനുഗ്രഹങ്ങള്‍ വിശദീകരിച്ച് യഥാര്‍ഥ മത്സരരംഗം ചൂണ്ടിക്കാണിച്ചു ഖുര്‍ആന്‍: 'അതിനാല്‍ മത്സരിക്കുന്നവര്‍ അതില്‍ മത്സരിക്കട്ടെ' (അല്‍ മുത്വവ്വിഫീന്‍ 26). 'പ്രവര്‍ത്തിക്കുന്നവര്‍ കര്‍മനിരതരാവേണ്ടത് ഇത് പോലുള്ളതിനാണ്' (അസ്സ്വാഫാത്ത് 61). യഥാര്‍ഥ ജീവിത വീക്ഷണം കരുപ്പിടിപ്പിക്കാന്‍ നബി(സ) തന്റെ അനുചരന്മാരെ ഉപദേശിക്കുന്നു: 'ആകയാല്‍ നിങ്ങള്‍ സന്തോഷിച്ചുകൊള്ളൂ. നിങ്ങളെ ആനന്ദിപ്പിക്കുന്നത് പിറകെ വരാനുണ്ട്. അല്ലാഹുവാണ് സത്യം. നിങ്ങളുടെ കാര്യത്തില്‍ ദാരിദ്ര്യമല്ല ഞാന്‍ ഭയപ്പെടുന്നത്. നിങ്ങളുടെ പൂര്‍വികര്‍ക്ക് ഐഹിക സുഖസൗകര്യങ്ങള്‍ ലോഭമില്ലാതെ ഉദാരമായി നല്‍കപ്പെട്ടതുപോലെ നിങ്ങള്‍ക്കും നല്‍കപ്പെട്ടേക്കുമോ എന്നാണ് എന്റെ ഭയം. അവ വെട്ടിപ്പിടിക്കാന്‍ അവരെ പോലെ നിങ്ങളും മത്സരിക്കും. അത് അവരെ നശിപ്പിച്ചതുപോലെ നിങ്ങളെയും നാശത്തിലാഴ്ത്തും' (ബുഖാരി).
മറ്റൊരിക്കല്‍ നബി(സ) ചോദിച്ചു: 'പേര്‍ഷ്യയും റോമും നിങ്ങളുടെ കൈയില്‍ വന്നാല്‍ എന്താവും നിങ്ങളുടെ സ്ഥിതി?' അബ്ദുര്‍റഹ്മാനുബ്‌നു ഔഫാണ് മറുപടി പറഞ്ഞത്: 'അല്ലാഹുവും റസൂലും ആജ്ഞാപിച്ചതുപോലെയാവും ഞങ്ങള്‍ ചെയ്യുക.' നബി(സ): 'അതല്ല സംഭവിക്കുക. നിങ്ങള്‍ പരസ്പരം മത്സരിക്കും. നിങ്ങള്‍ അന്യോന്യം അസൂയാലുക്കളായിത്തീരും. പിന്നെ നിങ്ങള്‍ ഓരോരുത്തരെയും പിറകിലാക്കാന്‍ മത്സരിച്ചുള്ള നെട്ടോട്ടമായിരിക്കും. പിന്നെ നിങ്ങള്‍ പരസ്പരം വിദ്വേഷം വളര്‍ത്തും. പിന്നെ നിങ്ങള്‍ പാവങ്ങളായ മുഹാജിറുകളെ തേടിച്ചെല്ലും. അവരെ നിങ്ങള്‍ അടക്കി ഭരിച്ച് അധികാര പ്രമത്തരായി വാഴും' (മുസ്‌ലിം).
ജനാസ നമസ്‌കാരത്തിനു ശേഷം സദസ്സിനെ അഭിമുഖീകരിച്ച് റസൂല്‍: 'ഞാന്‍ നിങ്ങള്‍ക്ക് മുമ്പേ ഗമിക്കും, നിങ്ങള്‍ക്ക് സാക്ഷിയായി ഞാനുണ്ടാവും. എന്റെ ഹൗളുല്‍ കൗസറിലേക്ക് ഞാന്‍ നോക്കുന്നതു പോലെ തോന്നുന്നു. ഭൂമിയിലെ ഖജനാവുകളുടെ താക്കോലുകള്‍ എനിക്ക് നല്‍കപ്പെട്ടു. നിങ്ങള്‍ എനിക്കു ശേഷം മുശ്‌രിക്കുകളാവും എന്ന ഭയം എനിക്കില്ല. പക്ഷേ, നിങ്ങള്‍ ദുന്‍യാവിനു വേണ്ടി മത്സരിക്കും എന്ന ഭയം എനിക്കുണ്ട്' (ബുഖാരി).
മത്സരം വൈജ്ഞാനിക രംഗത്തോ ശാസ്ത്ര-സാങ്കേതിക മേഖലകളിലെ നൂതനമായ കണ്ടുപിടിത്തങ്ങള്‍ക്കോ സമൂഹത്തിന് മൊത്തം സാമ്പത്തിക സുസ്ഥിതി കൈവരുത്താനോ ആണെങ്കില്‍ അഭികാമ്യമാണ്; പ്രശംസാര്‍ഹമാണ്. 'ഇഹലോകത്തെ നിന്റെ ഓഹരി നീ വിസ്മരിക്കുകയും വേണ്ട' എന്ന ഖുര്‍ആനിക വചനത്തിന് വിശാലമായ അര്‍ഥതലങ്ങളുണ്ട്.
ഐഹിക വിഭവങ്ങള്‍ അല്ലാഹുവിന്റെ നിശ്ചയമനുസരിച്ചാണ് ലബ്ധമാവുന്നതെന്ന അടിസ്ഥാന സത്യം വിസ്മരിക്കുന്നവരാണധികം. ഇഹലോക ജീവിതത്തിന്റെ പൊരുളറിയാതെ പുറംതൊലിയില്‍ ഭ്രമിച്ചു കഴിയുന്നവരാണ് ഐഹിക സുഖാഡംബര പ്രമത്തരായി ജീവിക്കുന്നത്. ഐഹിക ജീവിത വിജയമാണ് അവരുടെ ജ്ഞാന സര്‍വസ്വം. ഇഹലോകമാണെല്ലാം എന്ന് ധരിച്ചുവശായ ഒരു സമൂഹവുമായുള്ള ചങ്ങാത്തം വ്യക്തികളില്‍ അതിരു വിട്ട ഭൗതിക ജീവിതാസക്തിയും ദുന്‍യാപ്രേമവും ഉണ്ടാക്കും.
ഇമാം ഗസാലി(റ) മുന്നറിയിപ്പു നല്‍കുന്നു: 'ഇഹലോകം വാരിപ്പിടിക്കാന്‍ ഓടുന്നവനുമായുള്ള ചങ്ങാത്തം മാരകവിഷമാണ്. അനുകരണഭ്രമം പ്രകൃതിയില്‍ ഊട്ടപ്പെട്ടതാണ്. ഇഹലോക പൂജകരുമായുള്ള സൗഹൃദം അനുകരണത്തിലേക്ക് നയിക്കും. പരിവ്രാജകരും സാഹിദുകളുമായുള്ള കൂട്ടുകെട്ട് നിങ്ങളെ ഇഹലോക വിരക്തനാക്കുന്നതു പോലെതന്നെ' (ഇഹ്‌യാ: 2/251).
ദുരാര്‍ത്തി മനുഷ്യ പ്രകൃതിയില്‍ ലീനസ്വഭാവമാണ്. നബി(സ): 'മനുഷ്യ പുത്രന് സമ്പത്തിന്റെ രണ്ട് മലഞ്ചെരിവ് സ്വന്തമായുണ്ടെങ്കിലും മൂന്നാമതൊന്ന് കിട്ടിയെങ്കില്‍ എന്നായിരിക്കും അവന്റെ ആശ. മനുഷ്യന്റെ അകം നിറയ്ക്കാന്‍ മണ്ണിനല്ലാതെ കഴിയില്ല' (ബുഖാരി).
പൊങ്ങച്ച ചിന്തകളും അനാരോഗ്യ മത്സരത്തിന് വഴിവെക്കാറുണ്ട്. മറ്റുള്ളവരെ തോല്‍പിച്ച് മുന്നിലെത്തിയെങ്കില്‍ മാത്രമേ തനിക്ക് അംഗീകാരവും സ്വീകാര്യതയും ലഭിക്കൂ എന്ന് ധരിക്കുന്ന വ്യക്തി എല്ലാം വെട്ടിപ്പിടിക്കാനുള്ള ഏക ചിന്തയുമായി ജീവിക്കുന്നവനാണ്. മരണം, മരണാനന്തര ജീവിതം എന്നീ യാഥാര്‍ഥ്യങ്ങളെ കുറിച്ച അശ്രദ്ധയും മനുഷ്യനില്‍ മത്സരചിന്ത ഉളവാക്കാറുണ്ട്. 'ബുദ്ധിമാന്‍ തന്റെ ആത്മാവിനെ അനുസരണ പാതയില്‍ കൊണ്ടുവന്നവനും മരണാനന്തര ജീവിതത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവനുമാണ്. ദേഹേഛകള്‍ക്കു പിറകെ സഞ്ചരിക്കുകയും അല്ലാഹുവിനെ കുറിച്ച് വ്യാമോഹങ്ങള്‍ വെച്ചു പുലര്‍ത്തുകയും ചെയ്തവനാണ് കഴിവു കെട്ടവന്‍' (തിര്‍മിദി).
ഇഹലോക കാമനകള്‍ക്ക് പിറകെ എല്ലാം മറന്ന് നെട്ടോട്ടമോടുന്നവര്‍ക്ക് സ്വാസ്ഥ്യവും മനസ്സമാധാനവും ഉണ്ടാവില്ല. താന്‍ പിറകിലായി പിന്തള്ളപ്പെടുമോ എന്ന ആശങ്കയായിരിക്കും അയാളെ സദാ വേട്ടയാടുക. യുദ്ധ വിജയത്തെ തുടര്‍ന്ന് ഉമര്‍(റ) സേനാ നേതാവായ സഅ്ദി(റ)ന് കത്തെഴുതി: 'നിങ്ങള്‍ക്കിപ്പോള്‍ കൈവന്ന ഐഹിക ജീവിതത്തിന്റെ പകിട്ടില്‍നിന്ന് അകലം പാലിക്കുക. മണ്ണിനോട് ചേര്‍ന്ന മുന്‍ഗാമികളെ കണ്ടുമുട്ടേണ്ടതുണ്ട് താങ്കള്‍ക്ക്. എന്താണവരുടെ കഥ? ഉദരവും മുതുകും ഒരേപോലെ ഒട്ടിപ്പോയില്ലേ? അല്ലാഹുവിനും അവര്‍ക്കുമിടയില്‍ ഒരു മറയുമില്ല. ഇഹലോകം അവരെ അപകടത്തില്‍ ചാടിച്ചിട്ടില്ല. വാര്‍ധക്യത്തിന്റെ ഈ ഘട്ടത്തില്‍ ഇഹലോകം ഏറെ ഭൂഷണവും അഭികാമ്യവുമായി തോന്നുന്നു താങ്കള്‍ക്കെങ്കില്‍ താങ്കളേക്കാള്‍ വിവരദോഷി ആരുണ്ട്?'
സംഗ്രഹം: പി.കെ ജമാല്‍
Comments