Prabodhanm Weekly

Pages

Search

2018 ഡിസംബര്‍ 21

3081

1440 റബീഉല്‍ ആഖിര്‍ 13

ഹേമന്ത് കര്‍ക്കരെ മുതല്‍ സുബോധ് സിംഗ് വരെ നീതിയുടെ രക്തസാക്ഷികള്‍

എ.പി ശംസീര്‍

'ഗ്രാമത്തില്‍ സമാധാനം തിരിച്ചുകൊണ്ടുവരാന്‍ നിരന്തരം യത്‌നിക്കുകയായിരുന്നു ആ മനുഷ്യന്‍. അകന്നുകഴിഞ്ഞ രണ്ടു സമുദായങ്ങളെ തമ്മില്‍ ചേര്‍ത്തുനിര്‍ത്താന്‍ കബഡി മത്സരങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ അദ്ദേഹം സംഘടിപ്പിക്കുകയുണ്ടായി. ഭീതിയാല്‍ ഗ്രാമം വിടാനൊരുങ്ങിയ ഒരു  മുസ്‌ലിം കുടുംബത്തില്‍ എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ആഘോഷപൂര്‍വമായ കല്യാണം നടത്തുന്നതിന് അദ്ദേഹം നേതൃത്വം കൊടുത്തു. അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍  അദ്ദേഹത്തിന് അസാമാന്യമായ മിടുക്കുണ്ടായിരുന്നു.'

കഴിഞ്ഞ ഡിസംബര്‍ 3-ന് ബുലന്ദ് ശഹറിലെ സിയാനയില്‍ നടന്ന കലാപത്തിനിടെ ആസൂത്രിതമായി കൊലചെയ്യപ്പെട്ട സത്യസന്ധനും ധീരനും നീതിമാനുമായ പോലീസ് ഓഫീസര്‍ സുബോധ് കുമാര്‍ സിംഗിനെക്കുറിച്ച് ബിസാദയിലെ ഗ്രാമീണര്‍ക്കും സഹപ്രവര്‍ത്തകരായ പോലീസുകാര്‍ക്കും ഇത്തരം നന്മ നിറഞ്ഞ കഥകള്‍ മാത്രമേ പറയാനുള്ളൂ.

ബീഫ് സൂക്ഷിച്ചുവെന്ന വ്യാജ പ്രചാരണത്തിന്റെ പേരില്‍ ആള്‍ക്കൂട്ടത്താല്‍ കൊല ചെയ്യപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ കേസ് സംഘ്പരിവാര്‍ ഭീഷണിയും പ്രാദേശിക ബി.ജെ.പി നേതൃത്വത്തിന്റെ കടുത്ത സമ്മര്‍ദവും വകവെക്കാതെ നിഷ്പക്ഷവും നീതിയുക്തവുമായി അന്വേഷിച്ച പോലീസ് ഓഫീസറായിരുന്നു സുബോധ് കുമാര്‍. അഖ്‌ലാഖ് വധക്കേസ് സത്യസന്ധമായി അന്വേഷിച്ചതിന്റെ പേരിലാണ് തന്റെ  സഹോദരന്‍ കൊല്ലപ്പെട്ടതെന്ന് സുബോധിന്റെ സഹോദരി തുറന്നടിച്ചിരുന്നു. സഹപ്രവര്‍ത്തകനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മൊഴിയും ഇതിനെ സാധൂകരിക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട വിവരങ്ങള്‍ പ്രാദേശിക ബി.ജെ.പി നേതൃത്വത്തിന് കൊലപാതകത്തിലുള്ള പങ്കിന്റെ വ്യക്തമായ സൂചനകള്‍ അടങ്ങിയതാണ്.

ബുലന്ദ് ശഹര്‍ ബി.ജെ.പി എം.പി ബോലാ സിംഗിന് മുമ്പാകെ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് പ്രാദേശിക ബി.ജെ.പി നേതാവ് സജ്ഞയ് ശ്രോതിയ ഉള്‍പ്പെടെ 6 പേര്‍ ഒപ്പിട്ട് സമര്‍പ്പിച്ച നിവേദനത്തിന്റെ ഉള്ളടക്കം, പാര്‍ട്ടിയുടെ അജണ്ടകള്‍ക്ക് തടയിടുന്ന സുബോധ് കുമാറിനെ എത്രയും പെട്ടെന്ന് സ്ഥലം മാറ്റണമെന്നതായിരുന്നു. സുബോധ് കുമാര്‍ കേസ് ഏറ്റെടുത്ത ശേഷം അന്വേഷണം നേരായ പാതയിലായിരുന്നു. ഇത് പ്രാദേശിക ബി.ജെ.പി നേതൃത്വത്തെ അസ്വസ്ഥപ്പെടുത്തിയിരുന്നു. എല്ലാ തലത്തിലുമുള്ള ഭീഷണികളെയും സമ്മര്‍ദങ്ങളെയും തന്റേടം കൊണ്ടും ആര്‍ജവം കൊണ്ടും മറികടന്ന സുബോധ് കുമാറിനെ കൃത്യമായ ആസൂത്രണത്തോടെ തയാറാക്കിയ തിരക്കഥയനുസരിച്ച് 400-ഓളം വരുന്ന സംഘ് പരിവാര്‍ അക്രമികള്‍ നേതൃത്വം കൊടുത്ത കലാപത്തിനിടെ നിഷ്‌കരുണം വെടിവെച്ച് കൊല്ലുകയായിരുന്നു. സുബോധ് കുമാര്‍ ഏറ്റവും സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത സഹപ്രവര്‍ത്തകരായ പോലീസുകാര്‍ തന്നെ അദ്ദേഹത്തെ കലാപകാരികള്‍ക്ക് ഇട്ടു കൊടുക്കുകയായിരുന്നുവെന്ന് സുബോധിന്റെ ഭാര്യ ആരോപിക്കുന്നു.

നീതിയും സത്യവും പുലരാന്‍ മര്‍ദിത പക്ഷത്ത് നിലയുറപ്പിക്കുകയും സ്വന്തം ജീവന്‍ ബലി നല്‍കി നുണകളുടെ മേല്‍ കെട്ടിപ്പടുത്ത തികഞ്ഞ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ഒരു ആസൂത്രിത കലാപത്തെ ചെറുത്തു നില്‍ക്കുകയും ചെയ്തു ധീരനായ ആ പോലീസുദ്യോഗസ്ഥന്‍. സത്യത്തെയും നീതിയെയും ഭയക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയ വ്യാപാരികള്‍ അദ്ദേഹത്തെ അറുകൊല ചെയ്യുകയായിരുന്നു. വര്‍ഗീയ കലാപങ്ങളിലും ആള്‍ക്കൂട്ട ആക്രമണങ്ങളിലും പോലീസ് കാലങ്ങളായി സ്വീകരിച്ചു പോരുന്ന പക്ഷപാതിത്വം നിമിത്തം അങ്ങേയറ്റം ചകിതരും അരക്ഷിതരുമായിത്തീര്‍ന്ന മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് സുബോധ് കുമാറിനെപ്പോലുള്ള സത്യസന്ധരായ ഓഫീസര്‍മാര്‍ പകര്‍ന്ന ആത്മവിശ്വാസം ചെറുതല്ല. ഇരകള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനും നിഷേധിക്കപ്പെട്ട നീതി വാങ്ങിക്കൊടുക്കാനും ഇറങ്ങിപ്പുറപ്പെട്ട് ജീവന്‍ ത്യജിച്ച ഇത്തരം പോലീസുദ്യോഗസ്ഥരാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ യഥാര്‍ഥ കാവല്‍ക്കാര്‍. സംഘ് പരിവാര്‍ എന്നും ഭയന്നതും അത്തരക്കാരെയാണ്. അവരെ നിശ്ശബ്ദരാക്കാനോ നിഷ്‌ക്രിയരാക്കാനോ സാധിക്കില്ല എന്ന തിരിച്ചറിവില്‍നിന്നാണ് ഫാഷിസം കൊലയുടെയും ഭീഷണിയുടെയും അറസ്റ്റിന്റെയും വഴികള്‍ തെരഞ്ഞെടുക്കുന്നത്. ഹേമന്ത് കര്‍ക്കരെ, രമേഷ്‌കുമാര്‍ ജല്ല, സഞ്ജീവ് ഭട്ട് തുടങ്ങിയ സത്യസന്ധരായ പോലീസുദ്യോഗസ്ഥരെല്ലാം ജീവന്‍ അപകടത്തിലാകുമെന്നറിഞ്ഞിട്ടും നീതിക്ക് വേണ്ടി സ്വയം സമര്‍പ്പിതരാവുകയായിരുന്നു.

 

പോലീസിന്റെ പക്ഷപാതിത്വം

ഒരു കാലത്ത് ഉത്തര്‍പ്രദേശിലെ തലയെടുപ്പുള്ള പോലീസ് മേധാവികളിലൊരാളായിരുന്ന വിഭൂതി നരൈന്‍ റായ് ഹിന്ദിയില്‍ എഴുതിയ ഏറെ ശ്രദ്ധേയമായ നോവലാണ് 'ശഹര്‍ മേ കര്‍ഫ്യൂ.' 1980-ല്‍ അലഹാബാദ് നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട ഹിന്ദു-മുസ്‌ലിം വര്‍ഗീയ കലാപത്തില്‍ പോലീസ് സംവിധാനവും പ്രാദേശിക ഭരണകൂടവും (Provincial administration)  എവ്വിധമാണ് മുസ്‌ലിംകളോട് പക്ഷപാതപരമായി പെരുമാറിയതെന്നതിന്റെ നേര്‍സാക്ഷ്യമായിരുന്നു ആ നോവല്‍. 1971-ല്‍ ഐ.പി.സ് പാസ്സായി 1975-ല്‍ ഉന്നത പോലീസുദ്യോഗസ്ഥനായി ജോലിയില്‍ പ്രവേശിച്ച നോവലിസ്റ്റ് താന്‍ ഔദ്യോഗിക ജീവിതത്തില്‍ നേരിട്ടനുഭവിച്ച കാര്യങ്ങളാണ് തീര്‍ത്തും  സത്യസന്ധമായി ഈ നോവലില്‍ ആവിഷ്‌കരിക്കുന്നത്.

ഒരു നഗരത്തില്‍ കലാപം പൊട്ടിപ്പുറപ്പെടുമ്പോള്‍ അവിടത്തെ പോലീസ് സംവിധാനം മുസ്‌ലിംകളെ തെരഞ്ഞു പിടിച്ച് ആക്രമിക്കുകയും കൂട്ട അറസ്റ്റ് ചെയ്ത് തുറുങ്കിലടക്കുകയും ചെയ്യുന്നു. സംഘ് പരിവാര്‍ അക്രമികള്‍ മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുകയോ കച്ചവടം നടത്തുകയോ ചെയ്യുന്ന സ്ഥലങ്ങളില്‍ കൊള്ളയും കൊള്ളിവെപ്പും കൊലപാതകങ്ങളും നടത്തുമ്പോള്‍ ഇതേ പോലീസുകാര്‍ നിഷ്‌ക്രിയരായി നോക്കി നില്‍ക്കുന്നു. സെക്യുലര്‍ ലേബലുള്ള പാര്‍ട്ടികള്‍ അധികാരത്തിലിരിക്കുമ്പോള്‍ പോലും പ്രാദേശിക ഭരണകൂടങ്ങളുടെ ആന്തരിക ഘടന എത്രമേല്‍ വര്‍ഗീയവല്‍ക്കരിക്കപ്പെട്ടതാണെന്ന് ഈ നോവല്‍ പറഞ്ഞു വെക്കുന്നുണ്ട്. 1988-ല്‍ എഴുതിയ ഈ നോവലിനെതിരെ അക്കാലത്ത് വിശ്വഹിന്ദു പരിഷത്ത് ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഹിന്ദു വിരുദ്ധ നോവല്‍ എന്നാണ് അവര്‍ അതിനെ വിശേഷിപ്പിച്ചത്. ഈ കൃതിയെ അവലംബിച്ച് സിനിമയെടുക്കാന്‍ തുനിഞ്ഞ നിര്‍മാതാവിനെതിരെ അന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന അശോക് സിംഗാള്‍ ഭീഷണിയുമായി രംഗത്ത് വന്നിരുന്നു. സിനിമ റിലീസ് ചെയ്യുന്ന മുഴുവന്‍ തിയേറ്ററുകളും അഗ്നിക്കിരയാക്കുമെന്നായിരുന്നു ഭീഷണി.

ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിനകത്ത് പോലീസ് എങ്ങനെയാണ് ഭൂരിപക്ഷ വര്‍ഗീയതയോട് ചേര്‍ന്നു നില്‍ക്കുന്നത് എന്നതിനെക്കുറിച്ച് ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭ ഭായ് പട്ടേല്‍ നാഷ്‌നല്‍ പോലീസ് അക്കാദമിയില്‍ ഫെലോഷിപ്പോടു കൂടി വിഭൂതി നരൈന്‍ റായ് തന്നെ ഈ വിഷയത്തില്‍ ഗവേഷണം നടത്തുകയുണ്ടായി. 'വര്‍ഗീയ ലഹളാ  കാലത്തെ പോലീസ് നിഷ്പക്ഷത' എന്നതായിരുന്നു ഈ പഠനത്തിലെ പ്രധാന ഊന്നല്‍. 1998-ല്‍ ഈ ഗവേഷണ പ്രബന്ധം 'കമ്യൂണല്‍ കോണ്‍ഫ്‌ളിക്റ്റ്; പെര്‍സപ്ഷന്‍ ഓഫ് പോലീസ് ന്യൂട്രാലിറ്റി ഡ്യൂറിംഗ് ഹിന്ദു-മുസ്‌ലിം റയട്ട് ഇന്‍ ഇന്ത്യ' എന്ന പേരില്‍ പുസ്തകമായി പുറത്തിറങ്ങി.

ഗുജറാത്ത് കലാപത്തെക്കുറിച്ച ആഴത്തിലുള്ള നിരീക്ഷണങ്ങള്‍ പങ്കുവെക്കുന്ന കൃതിയാണ് 'ഗുജറാത്ത് ദ മെയികിംഗ് ഓഫ് എ ട്രാജഡി.' മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സിദ്ധാര്‍ഥ് വരദരാജനാണ് ഈ പുസ്തകം എഡിറ്റ് ചെയ്തത്. രാമചന്ദ്രഗുഹ, രാജ്ദീപ് സര്‍ദേശായി, ടീസ്റ്റാ സെറ്റ്ല്‍വാദ്, ബര്‍ഖാ ദത്ത്, എ.ജി നൂറാനി, മഹാശ്വേതാ ദേവി തുടങ്ങിയ തലയെടുപ്പുള്ള പത്രപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും ഗുജറാത്ത് കലാപത്തിനു പിന്നിലെ രാഷ്ട്രീയത്തെ ഇഴകീറി പരിശോധിക്കുന്ന ഈ പുസ്തകത്തില്‍ വിഭൂതി നരൈന്‍ റായിയുടെ ഒരു ലേഖനമുണ്ട്. ഗുജറാത്ത് കലാപ വേളയില്‍ പോലീസ് എങ്ങനെയാണ് സംഘ്പരിവാര്‍ നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിന്റെ ചട്ടുകമായതെന്ന് അദ്ദേഹം കൃത്യമായ തെളിവുകളുടെയും വസ്തുതകളുടെയും പിന്‍ബലത്തില്‍ അതില്‍ വിശദീകരിക്കുന്നുണ്ട്. ദ ഹിന്ദുവില്‍ സുഹൈല്‍ ഹാശ്മി ഈ പുസ്തകത്തെക്കുറിച്ചെഴുതിയ നിരൂപണത്തില്‍ ഗുജറാത്ത് കലാപത്തിന്റെ ആകത്തുക പോലീസും പ്രാദേശിക ഭരണകൂടവും ചേര്‍ന്നുള്ള ഗൂഢാലോചനയായിരുന്നുവെന്ന് നിരീക്ഷിക്കുന്നുണ്ട്.

 

ഹാഷിംപുര കേസിലെ കര്‍മയോഗിയായ റായ്

ഇന്ത്യ കണ്ട ഏറ്റവും ക്രൂരവും ബീഭത്സവുമായ കസ്റ്റഡി കൂട്ടക്കൊല (Custodial massacre) യായിരുന്നു ഉത്തര്‍പ്രദേശിലെ ഹാഷിംപുരയിലേത്. പല തവണ കേസന്വേഷണവും കോടതി വിചാരണയും വഴിമുട്ടിയ ഈ കേസില്‍ നീണ്ട 30 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ഒക്‌ടോബര്‍ 30-നാണ് ദല്‍ഹി ഹൈക്കോടതി കുറ്റക്കാരായ പതിനാറു പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കലാപം നടന്ന അന്ന് കേന്ദ്രത്തില്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസായിരുന്നു അധികാരത്തില്‍. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി വീര്‍ ബഹാദൂര്‍ സിംഗിന്റെ ഭരണം. ബാബരി മസ്ജിദ് സ്ഥിതി ചെയ്യുന്ന ഭൂപ്രദേശത്ത് ശിലാന്യാസത്തിന് രാജീവ് ഗാന്ധി അനുമതി നല്‍കിയ കാലമായിരുന്നു അത്. ശിലാന്യാസ പൂജകളുടെ മറവില്‍ അങ്ങിങ്ങായി പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ ചേരിതിരിവുകള്‍ അന്തരീക്ഷത്തെ ഭീതിതമാം വിധം കലുഷമാക്കിയിരുന്നു. മീറത്തിലും മറ്റും കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഭൂരിപക്ഷ വര്‍ഗീയതയെയും അതിന്റെ പേരിലുള്ള ഹിംസകളെയും പിന്തുണക്കുന്ന രീതിയിലുള്ള നടപടികളും നിലപാടുകളുമായിരുന്നു മുഖ്യമന്ത്രി വീര്‍ ബഹാദൂറിന്റെത്. കലാപം അമര്‍ച്ച ചെയ്യാനെന്ന പേരില്‍ പ്രൊവിന്‍ഷല്‍ ആംഡ് കോണ്‍സ്റ്റബുലറി (പി.എ.സി) എന്ന പേരിലുളള അര്‍ധ സൈനിക വിഭാഗത്തെ രംഗത്തിറക്കി. അവരെ സഹായിക്കാനെന്ന പേരില്‍ സി.ആര്‍.പി.എഫ് ജവാന്മാരെയും നിയോഗിച്ചു. ഇവരുടെ കൂടെ പ്രാദേശിക പോലീസ് സേനയും ചേര്‍ന്നതോടെ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ഭീകരമായ പോലീസ് വേട്ടക്ക് ഹാഷിംപുര സാക്ഷിയാവുകയായിരുന്നു.

അങ്ങേയറ്റം ശാന്തമായിരുന്ന ഹാഷിംപുരയെ നരകതുല്യമാക്കിയത് കാട്ടുതീ പോലെ പടര്‍ന്നു പിടിച്ച ഒരു വ്യാജവാര്‍ത്തയായിരുന്നു. ആ വ്യാജവാര്‍ത്തയെ തുടര്‍ന്നുണ്ടായ ചെറിയ സംഘര്‍ഷങ്ങളെ അമര്‍ച്ച ചെയ്യാനെന്ന പേരില്‍ പി.എ.സി സ്‌പെഷ്യല്‍ ഫോഴ്‌സ് ഭരണകൂടത്തിന്റെയും പട്ടാളത്തിന്റെയും അനുമതിയോടെ പിന്നീടങ്ങോട്ട് അഴിഞ്ഞാടുകയായിരുന്നു. 18 ട്രക്കുകളില്‍, പ്രദേശത്തെ മുസ്‌ലിം പുരുഷന്മാരെ കുത്തിനിറച്ച് അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയായിരുന്നു. നിരപരാധികളായ ആ ചെറുപ്പക്കാരില്‍ പലരെയും ശരീരം മുഴുവന്‍ തല്ലിച്ചതച്ചതിന് ശേഷമാണ് അറസ്റ്റു ചെയ്തത്. പലരുടെയും എല്ലുകള്‍ മാരകമായ അടിയേറ്റ് ഒടിഞ്ഞു തൂങ്ങിയിരുന്നു. പോലീസ് സ്റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങിയ 18 ട്രക്കുകളില്‍ അവസാനത്തെ ഒന്ന് ഇന്ത്യ കണ്ട ഏറ്റവും ക്രൂരമായ പോലീസ് ഭീകരതയുടെ  കൂട്ടക്കശാപ്പ് വണ്ടിയായി മാറുകയായിരുന്നു. ട്രക്കിനകത്ത് തിക്കി നിറച്ച നിരപരാധികളായ 42 മുസ്‌ലിം യുവാക്കളെയാണ് പി.എ.സിയിലെ പോലീസുകാര്‍ നിഷ്‌കരുണം നിറയൊഴിച്ച് കൊന്നത്. മുറാദ് നഗറിലെ കനാലിലേക്ക് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വലിച്ചെറിഞ്ഞും രക്തം ഒഴുകിപ്പരന്ന ട്രക്ക് കഴുകി വൃത്തിയാക്കിയും കേസുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ തിരുത്തിയും തെളിവുകള്‍ നശിപ്പിക്കാന്‍ പി.എ.സി നിരന്തരം ശ്രമിച്ചു. അതിന് ഉന്നത പോലീസുദ്യോഗസ്ഥരുടെ ഒത്താശയുണ്ടായിരുന്നു. സ്റ്റേറ്റ് ഭരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരോക്ഷ പിന്തുണയുണ്ടായിരുന്നു. എത്രത്തോളമെന്നാല്‍ അക്കാലത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓഫീസ് (പി.എം.ഒ) ഈ കേസൊതുക്കിത്തീര്‍ക്കാന്‍ വഴിവിട്ട സഹായങ്ങള്‍ ചെയ്തിരുന്നതായി ആരോപണങ്ങളുയര്‍ന്നിരുന്നു. ഈ കേസ് യാതൊരു തുമ്പുമില്ലാതെ അവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഇന്ത്യ കണ്ട സത്യസന്ധനായ ആ പോലീസ് ഓഫീസര്‍ വിഭൂതി നരൈന്‍ റായ് രംഗപ്രവേശം ചെയ്യുന്നത്.

2016 മെയ് 23-ന് ദ വയര്‍ ഡോട് കോമിന് അനുവദിച്ച വീഡിയോ ഇന്റര്‍വ്യൂവില്‍ ആ നടുക്കുന്ന ഓര്‍മകള്‍ അദ്ദേഹം ഇങ്ങനെ പങ്കുവെക്കുന്നു: 'സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ കസ്റ്റഡി കൂട്ടക്കൊലയായിരുന്നു ഹാഷിംപുരയിലേത്. ഇതാദ്യമായാണ്  അമ്പതോളം പേരെ കസ്റ്റഡിയില്‍ എടുത്തിട്ട് പോലീസ് കൂട്ടക്കശാപ്പ് നടത്തുന്നത്. അന്ന് ഞാന്‍ ഗാസിയാബാദ് ജില്ലയുടെ പോലീസ് മേധാവിയായിരുന്നു. ഏതാണ്ട് രാത്രി പത്ത് മണിയായിക്കാണും. ലിങ്ക് റോഡ് പോലീസ് സ്റ്റേഷനിലെ ഓഫീസറായിരുന്ന വി.ബി സിംഗാണ് എന്നെ ആ വിവരം അറിയിച്ചത്. അദ്ദേഹം സ്റ്റേഷനില്‍ ഇരിക്കുന്ന നേരത്ത് അകലെ എവിടെയോ വലിയ വെടിയൊച്ച കേട്ടു.

വല്ല കവര്‍ച്ചയുമായിരിക്കുമെന്ന് കരുതി മോട്ടോര്‍ സൈക്കിളില്‍ രണ്ട് പോലീസുകാരോടൊപ്പം വെടിയൊച്ച കേട്ട ഭാഗത്തേക്ക് അദ്ദേഹം പോയി. അന്നേരം പി.എ.സിയുടെ ഒരു ട്രക്ക് അതിവേഗം അതുവഴി ഓടിച്ചു പോകുന്നത് അവര്‍ കണ്ടു. സംഭവ സ്ഥലത്ത് കണ്ണയച്ചപ്പോള്‍ അവര്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. രക്തത്തില്‍ കുളിച്ചു കിടക്കുന്ന മൃതദേഹങ്ങള്‍ മുറാദ് നഗറിലെ കനാലില്‍ കുന്ന് കൂട്ടിയിട്ടിരിക്കുന്നു. വി.ബി സിംഗ് ഈ വിവരമറിയിക്കാന്‍ നേരെ എന്റെയടുത്തേക്കാണ് വന്നത്. ആ ഭീകര രംഗം കണ്ട് മനസ്സാക്ഷിക്കേറ്റ കനത്ത ആഘാതം നിമിത്തം അദ്ദേഹത്തില്‍നിന്ന് വാക്കുകള്‍ വ്യക്തതയോടെ പുറത്തു വന്നില്ല. അതുകൊണ്ട് തന്നെ  ഞാന്‍ സംസാരിച്ചു തുടങ്ങുകയായിരുന്നു. അവിടെ യഥാര്‍ഥത്തില്‍ നടന്ന കൊടും പാതകത്തിന്റെ   ഭീകരത എത്ര വലുതായിരുന്നുവെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കുമായിരുന്നില്ല.

എനിക്കിതില്‍ ഏറ്റവും ഗൗരവകരമായി തോന്നിയിട്ടുള്ളത് നമ്മുടെ മതേതര ഘടനക്ക് (Secular fabric)  ഈ കൂട്ടക്കശാപ്പ് എത്ര ആഴത്തിലുള്ള ആഘാതമാണ് ഏല്‍പ്പിച്ചത് എന്നതാണ്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്റ്റേറ്റിനാണ്. പി.എ.സി ഫോഴ്‌സ് സ്റ്റേറ്റിന്റെ ലോ ആന്റ് ഓര്‍ഡര്‍ പ്രകാരം  സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട സേനയായിരുന്നു. എന്നാല്‍ ഒരു പ്രത്യേക സമുദായത്തിലെ അംഗങ്ങളെ തിരഞ്ഞുപിടിച്ചു കൊല്ലുകയാണവര്‍ ചെയ്തത്. എത്ര മാത്രം ലജ്ജാകരമാണിത്.'

ഈ സംഭവത്തിന്റെ തുടക്കത്തില്‍ തന്നെ റായ് കൃത്യമായ അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്നു. പോലീസുകാരായ പത്തൊമ്പതോളം വരുന്ന പ്രതികള്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലാകുമെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് റായിയെ ഗാസിയാബാദില്‍നിന്ന് സ്ഥലം മാറ്റുന്നത്. സംഭവം നടന്ന് മുപ്പത്തി ആറ് മണിക്കൂറിനുള്ളില്‍ കേസന്വേഷണം റായിയില്‍നിന്ന് സി.ഐ.ഡിക്ക് കൈമാറിയതായ ഉത്തരവും വന്നു. പിന്നീട് കേസന്വേഷണം പലപ്പോഴും നേരായ വഴിയിലായിരുന്നില്ല. പല ഘട്ടങ്ങളിലും പി.എ.സി തെളിവുകളോരോന്നായി നശിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ അറസ്റ്റ് ചെയ്യപ്പെട്ടവരോട് പി.എ.സി ഉദ്യോഗസ്ഥര്‍ നടത്തിയ കൊടും ക്രൂരതകളെ അതിസാഹസികമായി ക്യാമറയില്‍ പകര്‍ത്തിയ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ  ഫോട്ടോഗ്രാഫര്‍ പ്രവീണ്‍ ജയിന്‍ സമര്‍പ്പിച്ച നെഗറ്റീവുകളാണ് കേസന്വേഷണത്തിലും കോടതി വിധിയിലും വഴിത്തിരിവായത്. 2015 ഏപ്രില്‍ ലക്കം ഔട്ട്‌ലുക്ക് വാരികക്ക് വേണ്ടി പവിത്ര എ. രംഗന്‍ തയാറാക്കിയ അന്വേഷണാത്മക റിപ്പോര്‍ട്ട് ഹാഷിംപുര നരഹത്യാ കേസിന്റെ മുഴുവന്‍ വിശദാംശങ്ങളിലേക്കും വെളിച്ചം വീശുന്ന ഒന്നാണ്.

വിഭൂതി നരൈന്‍ റായിയും പ്രവീണ്‍ ജയിനുമെല്ലാം കടുത്ത സമ്മര്‍ദങ്ങളും പ്രലോഭനങ്ങളും ഭീഷണികളും അതിജീവിച്ചാണ് ഹാഷിംപുര സംഭത്തില്‍ സത്യത്തോടൊപ്പം ഉറച്ചു നിന്നത്. പോലീസ് നിഷ്പക്ഷതയയെക്കുറിച്ച് നോവലും പഠന ഗവേഷണ പുസ്തകവും എഴുതിയ റായ് തന്നെയാണ് കര്‍മം കൊണ്ട്  ഹാഷിംപുരയില്‍ അറുകൊല ചെയ്യപ്പെട്ടവര്‍ക്ക് വേണ്ടി നിരന്തരം പോരാടി സത്യസന്ധതയുടെയും നൈതികതയുടെയും ആള്‍രൂപമായി മാറിയത്.

 

കര്‍ക്കരെയെ കൊന്നതാര്?

ഇനിയും ഉത്തരം കിട്ടിയിട്ടില്ലാത്ത ചോദ്യം. നീതിബോധമുള്ളവര്‍ ഇടക്കിടെ ചോദിച്ചു കൊണ്ടേയിരിക്കേണ്ട ചോദ്യം.

മുന്‍ മഹാരാഷ്ട്രാ ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ്.എം മുശ്‌രിഫ് എഴുതിയ പുസ്തകമാണ് 'ഹു കില്‍ഡ് കര്‍ക്കരെ?' ഇന്ത്യയെ പിടിച്ചു കുലുക്കിയ പത്തിലധികം സ്‌ഫോടന പരമ്പരകള്‍ക്കു പിന്നില്‍ സംഘ് പരിവാര്‍ സംഘടനകളായിരുന്നു എന്ന ഞെട്ടിക്കുന്ന വസ്തുത വ്യക്തമായ തെളിവുകളുടെ  പിന്‍ബലത്തില്‍ നിര്‍ഭയം ലോകത്തോട് വിളിച്ചു പറഞ്ഞ സത്യസന്ധനും നീതിമാനുമായ പോലീസ് ഓഫീസറായിരുന്നു ഹേമന്ത് കര്‍ക്കരെ.

ഒരു കാലത്ത് ഇന്ത്യയുടെ പല ഭാഗങ്ങളിലും നടന്ന ചെറുതും വലുതുമായ സ്‌ഫോടനങ്ങള്‍ക്കു പിറകിലെല്ലാം വ്യത്യസ്ത മുസ്‌ലിം തീവ്രവാദ ഗ്രൂപ്പുകളാണെന്ന മീഡിയയുടെയും ഭരണകൂടത്തിന്റെയും ഭാഷ്യങ്ങളിലൂടെ രൂപപ്പെട്ട ശക്തമായ പൊതുബോധത്തെയാണ് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള ആന്റി ടെറര്‍ സ്‌ക്വാഡ് പൊളിച്ചടുക്കിയത്.

1) 2006  മുംബൈ ട്രെയ്ന്‍ സ്‌ഫോടനം 2) 2006 മാലേഗാവ് സ്‌ഫോടനം 3) 2008 അഹമദാബാദ് ബോംബ് സ്‌ഫോടനം 4) 2008 ദല്‍ഹി ബോംബ് സ്‌ഫോടനം 5) സംജോതാ എക്‌സ്പ്രസ് സ്‌ഫോടനം 6) 2007 ഹൈദരാബാദ് മക്കാ മസ്ജിദ് സ്‌ഫോടനം 7) 2007 അജ്മീര്‍ ദര്‍ഗ സ്‌ഫോടനം 8) 2007 ഉത്തര്‍പ്രദേശ് കോടതി മുറ്റത്തെ സ്‌ഫോടന പരമ്പര. 9) 2008 ജയ്പ്പൂര്‍ സ്‌ഫോടനം 10) 2006 നന്ദേഡ് സ്‌ഫോടനം 11 ) 2008 മലേഗാവ് സ്‌ഫോടനം.... ഇവക്കെല്ലാം പിന്നില്‍ വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ജാഗരണ്‍ മഞ്ച്, ബജ്‌റംഗ് ദള്‍, ആര്‍.എസ്.എസ് തുടങ്ങിയ സംഘ്പരിവാര്‍ സംഘടനകളാണെന്ന് കര്‍ക്കരെക്ക് കൃത്യമായ സൂചനകള്‍ ലഭിച്ചിരുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഹിന്ദുത്വ തീവ്രവാദികളായ കേണല്‍ പുരോഹിത്, സാധ്വി പ്രാഗ്യ സിംഗ്, സാമി അസിമാനന്ദ തുടങ്ങിയ സംഘ്പരിവാര്‍ വന്‍തോക്കുകളെ അദ്ദേഹം വരുംവരായ്കകള്‍ വകവെക്കാതെ അറസ്റ്റ് ചെയ്തു. കര്‍ക്കരെയുടെ ധീരവും നീതിയുക്തവുമായ ഈ നടപടി സംഘ് പരിവാര്‍ കേന്ദ്രങ്ങളെ ഞെട്ടിച്ചു. കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ അണിയറയില്‍ സംഘ് നേതൃത്വം ഒരുക്കിയെടുത്ത നുണകളോരോന്നായി അദ്ദേഹത്തിനു മുന്നില്‍ പൊളിയുകയായിരുന്നു.

ചെയ്തിട്ടില്ലാത്ത കുറ്റങ്ങളുടെ പേരില്‍ നിരന്തരം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തപ്പെട്ട ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന് കര്‍ക്കരെ നല്‍കിയ ആത്മവിശ്വാസം ഒട്ടും ചെറുതായിരുന്നില്ല. നീതിയിലും സത്യത്തിലും വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്ത ചെറുപ്പക്കാര്‍ക്കിടയില്‍ കര്‍ക്കരെ ഇപ്പോഴും സൂപ്പര്‍ ഹീറോയാണ്.

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു ഘട്ടത്തിലാണ് കര്‍ക്കരെ കൊല്ലപ്പെടുന്നത്. വലിയ രാഷ്ട്രീയ നുണകളുടെ ചാരങ്ങളാല്‍ മൂടപ്പെട്ട സത്യത്തിന്റെ കനലുകളെ അദ്ദേഹം എടുത്ത് പുറത്തിടുകയായിരുന്നു. കര്‍ക്കരയെ വെറുതെ വിട്ടാല്‍ അത് സംഘ് രാഷ്ട്രീയത്തിന്റെ തകര്‍ന്നു കൊണ്ടിരിക്കുന്ന ക്രെഡിബിലിറ്റിക്ക് ഏല്‍പിക്കുന്ന പരിക്കിന്റെ ആഴം തിരിച്ചറിഞ്ഞവര്‍ തന്നെയായിരിക്കാം കര്‍ക്കരെയെ ഇല്ലാതാക്കിയതെന്ന് എസ്.എം മുശ്‌രിഫ് ഉറച്ചു വിശ്വസിക്കുന്നു. മുംബൈ അധോലോകമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ പറുദീസകളാല്‍ സമ്പന്നമായ മഹാരാഷ്ട്ര സ്റ്റേറ്റിന്റെ പോലീസ് അധിപനായി വര്‍ഷങ്ങളുടെ അനുഭവ പരിചയമുള്ള ഒരു വ്യക്തിയാണ്, വസ്തുതകളുടെ പിന്‍ബലത്തോടെ കര്‍ക്കരെയുടേത് ആസൂത്രിത കൊലപാതകമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നത്. നീതി നിഷേധിക്കപ്പെട്ട നൂറുകണക്കിന് നിരപരാധികള്‍ക്ക് വേണ്ടി സ്വന്തം ജീവന്‍ പണയം വെച്ച് രക്തസാക്ഷിത്വം വരിച്ച തുല്യതയില്ലാത്ത നീതിബോധത്തിന്റെ ആള്‍രൂപമായ  ഹേമന്ത് കര്‍ക്കരെയുടെ ദൂരൂഹമായ കൊലപാതകത്തെക്കുറിച്ച് ഒരു ഉന്നത പോലീസുദ്യോഗസ്ഥന്‍ ഉന്നയിച്ച എണ്ണമറ്റ ചോദ്യങ്ങള്‍ ഉള്ളടങ്ങിയ  പുസ്തകം പക്ഷേ ഉന്മാദ ദേശീയതയെ പിണക്കാന്‍ തയാറല്ലാത്ത, എപ്പോഴും സവര്‍ണ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന ഇന്ത്യയിലെ വലതുപക്ഷ മാധ്യമങ്ങള്‍ ഒരിക്കല്‍ പോലും ചര്‍ച്ചക്കെടുക്കാന്‍ തയാറായിരുന്നില്ല.

 

സഞ്ജീവ് ഭട്ട്; ഒറ്റയാള്‍ പോരാട്ടം

'ഹിന്ദുക്കള്‍ അവരുടെ രോഷം പ്രകടിപ്പിക്കട്ടെ. നിങ്ങള്‍ അവരെ തടയാന്‍ പോകേണ്ടതില്ല.' ഗോധ്രാ സംഭവം നടന്ന ഉടനെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അടിയന്തരമായി വിളിച്ചു ചേര്‍ത്ത ഉന്നതതല പോലീസുദ്യോഗസ്ഥരുടെ യോഗത്തില്‍ പറഞ്ഞ കുപ്രസിദ്ധമായ വാക്കുകളാണിത്. അടിമുടി വര്‍ഗീയവല്‍ക്കരിക്കപ്പെട്ട ആ പോലീസുദ്യോഗസ്ഥര്‍ക്കിടയില്‍ നീതിബോധത്താല്‍ വ്യഥിത ഹൃദയനായ, മനസ്സാക്ഷിയെ വഞ്ചിക്കാന്‍ മനസ്സില്ലാത്ത ഒരു പോലീസുദ്യോഗസ്ഥനുണ്ടായിരുന്നു. പേര് സഞ്ജീവ് ഭട്ട്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അയാള്‍ നിര്‍ഭയം ആ സത്യം വിളിച്ചു പറഞ്ഞു. ഗുജറാത്ത് കലാപത്തില്‍ മോദിക്കും സംഘ് പരിവാറിനുമുള്ള പങ്കിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് യാതൊരുവിധ സന്ദേഹങ്ങളുമുണ്ടായിരുന്നില്ല.

മുസ്‌ലിം വംശഹത്യയില്‍ മോദിക്ക് വ്യക്തമായ പങ്കുണ്ടെന്ന് കോടതിയില്‍ ഉറക്കെ വിളിച്ചു പറഞ്ഞ ആ പോലീസുദ്യോഗസ്ഥന്‍ തുടര്‍ന്നങ്ങോട്ട് തീവ്രഹിന്ദുത്വ വാദികളുടെ കണ്ണിലെ കരടായി. മോദിയും കൂട്ടരും ഭരണ സ്വാധീനമുപയോഗിച്ച് സത്യസന്ധനായ ആ പോലീസ് ഓഫീസറെ നിരന്തരം വേട്ടയാടി. സഞ്ജീവ് ഭട്ടും വെറുതെയിരുന്നില്ല. ജീവന്‍ പോലും അപകടത്തിലാണെന്നറിഞ്ഞിട്ടും സാമൂഹിക മാധ്യമങ്ങളുടെ വിശാലമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തി അദ്ദേഹം മോദിക്കും സംഘ് പരിവാറിനുമെതിരെ ആശയതലത്തില്‍ കനത്ത ആക്രമണമഴിച്ചുവിട്ടു. 2011-ല്‍ അനുമതിയില്ലാതെ സര്‍വീസില്‍നിന്ന് അവധിയെടുത്തു, ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു തുടങ്ങിയ വ്യാജാരോപണങ്ങള്‍ ഉയര്‍ത്തി അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തു. 2016-ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തെ സര്‍വീസില്‍ എന്നെന്നേക്കുമായി പിരിച്ചുവിടാന്‍ ഉത്തരവിറക്കി. എന്നാല്‍ പുറത്താക്കപ്പെട്ട അദ്ദേഹം സര്‍വീസിലുണ്ടായിരുന്ന സഞ്ജീവ് ഭട്ടിനേക്കാള്‍ ശക്തനായിരുന്നു. കുറിക്കു കൊള്ളുന്ന ട്രോളുകളാലും ആക്ഷേപ ഹാസ്യങ്ങളാലും മോദിയെയും സംഘ് പരിവാര്‍ രാഷ്ട്രീയത്തെയും അദ്ദേഹം നിര്‍ഭയം വളഞ്ഞിട്ടാക്രമിച്ചു. ആ മുന കൂര്‍ത്ത വാക്കുകള്‍ സംഘ് പരിവാര്‍ നുണകളെ പൊളിച്ചടുക്കി. ഇതില്‍ വിറൡപിടിച്ച് അദ്ദേഹത്തിനെതിരെ 20 വര്‍ഷം മുമ്പുണ്ടായിരുന്ന ഒരു നിസ്സാരകേസ് കുത്തിപ്പൊക്കി അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു. ഗുജറാത്ത് മുന്‍ മന്ത്രിയായിരുന്ന ഹരണ്‍ പാണ്ഡ്യയുടെ കൊലപാതകത്തിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ മോദിയും അമിത് ഷായും ആവശ്യപ്പെട്ടിരുന്നതായി സഞ്ജീവ് ഭട്ട് വെളിപ്പെടുത്തിയിരുന്നു. രണ്ട് മാസത്തിലധികമായി പോലീസ് കസ്റ്റഡിയിലുള്ള അദ്ദേഹത്തെക്കുറിച്ച് കുടുംബക്കാര്‍ക്കു പോലും കൃത്യമായ വിവരങ്ങളില്ല. ജയിലിനകത്ത് സംഘ് പരിവാര്‍ അനുകൂല ഉദ്യോഗസ്ഥരാല്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക്  അദ്ദേഹം ഇരയാകുന്നുണ്ടാകാമെന്നാണ് കരുതപ്പെടുന്നത്. സത്യസന്ധതയും നീതിബോധവുമുള്ള ആ പോലീസുദ്യോഗസ്ഥന്‍ അത്രമേല്‍ സംഘ് പരിവാറിന്റെ ഉറക്കം നഷ്ടപ്പെടുത്തിയിരുന്നു.

 

രമേഷ് കുമാര്‍ ജല്ല

കശ്മീരിലെ കത്വ്‌വയില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആ പെണ്‍കുട്ടിക്ക് വേണ്ടി മാസങ്ങളോളം അസ്വസ്ഥചിത്തനായി ഉറക്കമൊഴിച്ച ധീരനായ ഒരു പോലീസുദ്യോഗസ്ഥനുണ്ടായിരുന്നു. കശ്മീര്‍ പണ്ഡിറ്റ് കുടുംബാംഗമായ രമേഷ് കുമാര്‍ ജല്ല. സംഘ് പരിവാറിന്റെയും പ്രദേശവാസികളുടെയും മന്ത്രിമാരുള്‍പ്പെടെയുള്ള ഭരണകൂട സംവിധാനങ്ങളുടെയും ശക്തമായ പിന്തുണയുണ്ടായിരുന്ന പ്രതികളായിരുന്നു എതിര്‍ ഭാഗത്ത്. മുഴുവന്‍ തെളിവുകളും കൃത്യമായ ആസൂത്രണത്തോടെ നശിപ്പിക്കപ്പെട്ടുവെന്ന് തോന്നിച്ച ഒരു ഘട്ടത്തിലാണ് ക്ഷേത്രത്തിനകത്ത് അരിച്ചു പെറുക്കിയപ്പോള്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചെളി പുരണ്ട വളരെ നേര്‍ത്ത ഒരു മുടിയിഴ കിട്ടുന്നത്. രമേഷ് കുമാര്‍ ജല്ലയും സംഘവും ആ മുടിയിഴയില്‍ നിന്നാരംഭിച്ച അന്വേഷണത്തില്‍ ചുരുള്‍ നിവര്‍ന്നത് ഇന്ത്യ കണ്ട ഏറ്റവും കിരാതമായ ഒരു ബലാത്സംഗക്കൊലയായിരുന്നു. ലോക മനസ്സാക്ഷിയെത്തന്നെ പിടിച്ചുലച്ച ആ ക്രൂരകൃത്യങ്ങള്‍ വിവരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് കോടതി നിശ്ചയിച്ചു നല്‍കിയതിലും പത്ത് ദിവസം മുമ്പേയാണ് രമേഷ് കുമാര്‍ ജല്ലയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സമര്‍പ്പിച്ചത്.

കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് തിരിച്ചു പോകുന്നതിനിടെ ചുറ്റും കൂടിയ പത്രപ്രവര്‍ത്തകരോട് പരിക്ഷീണനായ ആ പോലീസുദ്യോഗസ്ഥന്‍ പറഞ്ഞത് മാസങ്ങളായി താന്‍ ഉറങ്ങിയിട്ടില്ല എന്നാണ്. നരാധമന്മാരാല്‍ പിച്ചിച്ചീന്തപ്പെട്ട ആ പിഞ്ചു ബാലിക താിയ തുല്യതയില്ലാത്ത പീഡനപര്‍വം അദ്ദേഹത്തിന്റെ മനസ്സാക്ഷിയുടെ ഭിത്തിയില്‍ ആഴത്തില്‍ പതിഞ്ഞിരിക്കണം. വേദന കൊണ്ട് ആ പെണ്‍കുട്ടി ഒന്ന് ഒച്ചയിട്ടപ്പോള്‍ അവളുടെ കൈവിരലുകള്‍ ഒടിക്കുകയും തലയില്‍ ജീവന്‍ പോകുന്നത് വരെ കല്ലുകൊണ്ട് ഇടിക്കുകയും ചെയ്ത പ്രതികളുടെ വിവരണങ്ങള്‍ എഴുതുമ്പോള്‍ ആ പച്ച മനുഷ്യന്റെ ഹൃദയം വേദനയാല്‍ ആയിരം കഷ്ണങ്ങളായി നുറുങ്ങിയിട്ടുണ്ടാകണം. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും അദ്ദേഹം നേരിട്ട ഭീഷണിയും സമ്മര്‍ദങ്ങളും വിവരണാതീതമായിരുന്നു. എത്ര സങ്കീര്‍ണമായ കേസാണെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് അതി വിദഗ്ധമായി കുരുക്കഴിക്കുന്ന യുവ പോലീസ് ഓഫീസര്‍ നവീദ് പീര്‍സാദയെയാണ് ഈ കേസില്‍ രമേഷ് കുമാര്‍ തന്റെ സഹായിയായി തെരഞ്ഞെടുത്തത്. എന്നാല്‍ അന്വേഷണം പുരോഗമിക്കെ രമേഷ് കുമാറും നവീദും ഞെട്ടിക്കുന്ന ആ സത്യം തിരിച്ചറിയുകയായിരുന്നു. അന്വേഷണ സംഘത്തിലെ നാല് പോലീസുദ്യോഗസ്ഥര്‍ ഈ ക്രൂര കൃത്യത്തില്‍ ഉള്‍പ്പെട്ടവരാണെന്ന സത്യം. പല ഘട്ടങ്ങളിലും അവര്‍ കേസ് വഴിതിരിച്ചുവിടാന്‍ പല ശ്രമങ്ങളും നടത്തുകയുണ്ടായി. എന്നാല്‍ രമേഷും നവീദും അവര്‍ക്ക് യാതൊരു സൂചനയും നല്‍കാതെ അതീവ രഹസ്യമായി അന്വേഷണം മറ്റൊരു വഴിക്ക് തിരിച്ചുവിടുകയായിരുന്നു. ഒടുവില്‍ സ്വന്തം അന്വേഷണ സംഘത്തിലെ കൊടും കുറ്റവാളികളുള്‍പ്പെടെ  ഒരാളെയും രക്ഷപ്പെടാന്‍ അനുവദിക്കാത്ത തരത്തില്‍ അവര്‍  സകല പഴുതുകളും അടക്കുകയായിരുന്നു.

ഓരേയൊരു രമേഷ് കുമാര്‍ ജല്ല, ഒരേയൊരു നവീദ് പീര്‍സാദ. ചുറ്റും ഒറ്റുകാര്‍. പലതരം ഭീഷണികള്‍. കടുത്ത രാഷ്ട്രീയ സമ്മര്‍ദങ്ങള്‍. കത്വ്‌വയിലെ ആ പെണ്‍കുട്ടിയുടെ ആത്മാവ് ആ രണ്ട് പോലീസുദ്യോഗസ്ഥരുടെ ജ്വലിക്കുന്ന നീതിബോധത്തോടൊപ്പം സഞ്ചരിച്ചിട്ടുണ്ടാകണം. അതുകൊണ്ടായിരിക്കണം കേസന്വേഷണം വിജയകരമായി പൂര്‍ത്തീകരിച്ചതിന് ശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞത്; 'ഈ അന്വേഷണത്തിലുടനീളം ഞങ്ങള്‍ക്ക് ദൈവിക സഹായം പോലെ ചില അത്ഭുതങ്ങള്‍ കൂട്ടിനുണ്ടായിരുന്നു.' 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (17-21)
എ.വൈ.ആര്‍