അത് കോണ്‍ഗ്രസ്സിന്റെ നയമായി വരാന്‍ പാടില്ലാത്തതാണ്
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആത്മവിശ്വാസം പകരുന്ന വിജയമാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്. ഹിന്ദി ഹൃദയഭൂമിയായ മധ്യപ്രദേശും ഛത്തീസ്ഗഢും രാജസ്ഥാനും കോണ്‍ഗ്രസ് ബി.ജെ.പിയില്‍നിന്ന് തിരിച്ചുപിടിച്ചു. നേടിയ വോട്ടുകള്‍ നോക്കുമ്പോള്‍ ഛത്തീസ്ഗഢില്‍ ബി.ജെ.പിയേക്കാള്‍ പത്ത് ശതമാനം അധികം ലഭിച്ചിട്ടുണ്ട് കോണ്‍ഗ്രസ്സിന്; മൂന്നില്‍ രണ്ട് ഭൂരിപക്ഷവും. വോട്ടിംഗ് ശതമാനത്തില്‍ വലിയ മാറ്റങ്ങളില്ലെങ്കിലും അത് മധ്യപ്രദേശിലും രാജസ്ഥാനിലും നേടിയ വിജയത്തിന്റെ മാറ്റ് കുറക്കുന്നില്ല. തെലങ്കാനയിലും മിസോറാമിലും നേരിട്ട കനത്ത തിരിച്ചടി ചര്‍ച്ചയാകാതിരിക്കാനും ഈ തിളക്കമാര്‍ന്ന വിജയം കാരണമായി.
ഹിന്ദി സംസാരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കേറ്റത് അവരുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ്. 2014-ലെ പൊതു തെരഞ്ഞെടുപ്പില്‍ ഈ സംസ്ഥാനങ്ങളില്‍നിന്നുള്ള 65 പാര്‍ലമെന്റ് സീറ്റുകളില്‍ 62-ഉം നേടിയത് ബി.ജെ.പിയായിരുന്നു. പരാജയത്തിന്റെ പാപഭാരം മുഴുവന്‍ ബി.ജെ.പി മുഖ്യമന്ത്രിമാരുടെ തലയില്‍ കെട്ടിവെക്കുന്നതിലും അര്‍ഥമില്ല. ഭരണവിരുദ്ധ വികാരം പരാജയത്തിന് കാരണമായിട്ടുണ്ടാകാമെങ്കിലും അതല്ല മുഖ്യ കാരണമെന്ന് എല്ലാവര്‍ക്കുമറിയാം. യഥാര്‍ഥത്തില്‍ പ്രതിക്കൂട്ടിലായിരിക്കുന്നത് ബി.ജെ.പി ദേശീയ നേതൃത്വവും നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര ഭരണകൂടവും തന്നെയാണ്. കോണ്‍ഗ്രസ്സിനെ കടത്തിവെട്ടുന്ന തരത്തില്‍ നവലിബറല്‍ നയങ്ങളുടെ നടത്തിപ്പുകാരായി മാറുകയായിരുന്നു പാര്‍ട്ടിയും ഭരണകൂടവും. ബഹുരാഷ്ട്ര കുത്തകകളെ പരിധിവിട്ട് സഹായിക്കാനും ലക്ഷക്കണക്കിന് കോടികള്‍ വരുന്ന അവരുടെ ബാങ്ക് കടങ്ങള്‍ എഴുതിത്തള്ളാനും കോടികള്‍ വെട്ടിച്ച് വിദേശത്തേക്ക് മുങ്ങുന്ന വ്യവസായികള്‍ക്ക് സംരക്ഷണമൊരുക്കാനും കേന്ദ്ര ഭരണകൂടം കാണിക്കുന്ന ശുഷ്‌കാന്തിയുടെ നേരിയൊരംശമെങ്കിലും കര്‍ഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കാണിച്ചിരുന്നുവെങ്കില്‍ പരാജയഭാരം കുറക്കാന്‍ അത് ഉപകാരപ്പെട്ടേനെ. നോട്ട് നിരോധവും ജി.എസ്.ടിയുമെല്ലാം സമ്പദ്ഘടനയുടെ നടുവൊടിച്ചതോടൊപ്പം തന്നെ, സമ്പന്ന വര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതുമായി.
സാധാരണക്കാരുടെ ഈ ജീവിത പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള ആര്‍ജവം കാണിക്കുന്നതിനു പകരം, അതില്‍നിന്നൊക്കെ ജനശ്രദ്ധ തെറ്റിക്കാനുള്ള ശ്രമമാണ് സംഘ് പരിവാറും കേന്ദ്ര സര്‍ക്കാറും നടത്തിയത്. വിഭാഗീയ ചിന്തകള്‍ക്ക് തീകൊളുത്താന്‍ വീണ്ടും രാമക്ഷേത്രം എടുത്തിട്ടു. വര്‍ഗീയ കലാപങ്ങള്‍ക്ക് കോപ്പു കൂട്ടി.
ഇത്തരം വിഭാഗീയ ചിന്തകളെ കോണ്‍ഗ്രസ് ആര്‍ജവത്തോടെ നേരിട്ടില്ല എന്ന വിമര്‍ശനം ഇപ്പോള്‍ ശക്തമായി ഉയരുന്നുണ്ട്. 'ഹിന്ദുവോട്ട്' ഉറപ്പിക്കാന്‍ ന്യൂനപക്ഷ സാന്നിധ്യം (പ്രത്യേകിച്ച് മുസ്‌ലിം) സ്റ്റേജില്‍ മാത്രമല്ല, പ്രകടനങ്ങളില്‍ വരെ ഒഴിവാക്കാനാണ് കോണ്‍ഗ്രസ് തുനിഞ്ഞതെന്നാണ് ആരോപണം. മുസ്‌ലിം സ്ഥാനാര്‍ഥികളെ രംഗത്തിറക്കാനും അവര്‍ മടിച്ചു; വര്‍ഗീയ ചേരിതിരിവ് താരതമ്യേന കുറവായ തെലങ്കാനയില്‍ വരെ. ഇത് തിരിച്ചറിഞ്ഞ് ന്യൂനപക്ഷങ്ങളും മറ്റു പിന്നാക്ക വിഭാഗങ്ങളും കോണ്‍ഗ്രസ്സിനെ കൈവിട്ടതുകൊണ്ട് കൂടിയാണ് ടി.ആര്‍.എസിന് അവിടെ ഉജ്ജ്വല വിജയം നേടാനായത്. മിസോറാമിലും ജനം കോണ്‍ഗ്രസിനെ കൈവിടുകയായിരുന്നു. വിജയ സാധ്യതയുള്ള പ്രാദേശിക പാര്‍ട്ടിയുണ്ടെങ്കില്‍ ന്യൂനപക്ഷങ്ങള്‍ അവരെയാണ് പിന്തുണക്കുക എന്നര്‍ഥം. ബി.ജെ.പി മുഖ്യ എതിരാളിയായി വരുമ്പോള്‍ മാത്രമേ അവര്‍ കോണ്‍ഗ്രസ്സിനെ പിന്തുണക്കുന്നുള്ളൂ. ന്യൂനപക്ഷങ്ങളെ തെരഞ്ഞെടുപ്പു വേളയില്‍ അകറ്റിനിര്‍ത്തുക എന്നത് സ്ഥിരം പോളിസിയായി കോണ്‍ഗ്രസ് സ്വീകരിക്കുമോ? ഇക്കാര്യത്തില്‍ മുസ്‌ലിം കൂട്ടായ്മകള്‍ വളരെ ജാഗ്രത കാണിക്കേണ്ടതുണ്ട്.
Comments