സെലക്റ്റീവ് ഹറാമുകള്‍
മുംതസിര്‍ പെരിങ്ങത്തൂര്‍
മദ്യക്കുപ്പിയില്‍ തുടങ്ങി പന്നിയിറച്ചിയില്‍ അവസാനിക്കുന്നുണ്ട്
അയാളുടെ തീന്മേശയിലെ ഹറാം,
അയല്‍വാസി വിശന്നിരിക്കുമ്പോള്‍ വയര്‍ നിറയ്ക്കുന്നവന്‍
എന്നില്‍പെട്ടവനെല്ലന്ന പ്രവാചകവചനം
താളുകളില്‍നിന്ന് അയാള്‍ ഭക്തിപൂര്‍വം ചൊല്ലിപ്പഠിച്ചു
അടയാളം വെച്ചു..!
വഞ്ചനയുടെ കച്ചവട ലാഭവും കണക്കില്‍ ചേര്‍ത്ത്,
സകാത്തെന്ന ദരിദ്രന്റെ വിഹിതം മറന്ന
പൊന്‍പണത്തിന്റെ കനവും തൂക്കി,
പലിശയുടെ ബാങ്ക്ശീട്ട് പോക്കറ്റിലിട്ട്
ഇസ്തിരി മാറാത്ത വെള്ളക്കുപ്പായവുമിട്ട്,
അയാള്‍ തീന്മേശയില്‍ 'ഹലാല്‍' വിളമ്പി.
എന്നിട്ട്, ചിക്കന്‍ 'ഹലാല്‍ കട്ട്' അല്ലെന്നാരോ പറഞ്ഞപ്പോ
അയാള്‍ തൊണ്ടയില്‍ വിരലിട്ട് ഛര്‍ദിച്ചു.
Comments