തുര്‍ക്കിയുടെ സോഫ്റ്റ് പവര്‍ നയതന്ത്രം
ഐ.എസില്‍നിന്ന് മോചിപ്പിക്കപ്പെട്ട ഇറാഖിലെ കിര്‍കൂകിലും സിറിയയിലെ ജറാബുലുസിലും ആതുര സ്ഥാപനങ്ങളും സ്‌കൂളുകളും നിര്‍മിക്കാന്‍ തുര്‍ക്കി തയാറെടുക്കുന്നു. തുര്‍ക്കിയാണ് പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളില്‍ മാനുഷിക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ മുന്നില്‍. വടക്കന്‍ സിറിയയുടെ മാരെ, സ്വൂറാന്‍, അഖ്തരീന്‍ എന്നീ പ്രദേശങ്ങളില്‍ നിരവധി സ്‌കൂളുകളും സാമ്പത്തിക സംരംഭങ്ങളും അവര്‍ ആരംഭിച്ചിട്ടുണ്ട്. ഇദ്ലിബ് പ്രവിശ്യയില്‍ കുട്ടികള്‍ക്കായി കിന്റര്‍ ഗാര്‍ട്ടന്‍ ടെയ്‌ലര്‍ ഷോപ്പുകളും ഒരുക്കി. ഇതുവരെ അടിയന്തര സഹായവുമായി 42000 തുര്‍ക്കിഷ് ട്രക്കുകളാണ് സിറിയയില്‍ എത്തിയിട്ടുള്ളത്. കൂടാതെ സിറിയന്‍ അഭയാര്‍ഥികള്‍ക്കായി തുര്‍ക്കിയില്‍തന്നെ അനവധി സാമൂഹിക ക്ഷേമ പദ്ധതികള്‍ നടത്തിവരുന്നു. ഇറാഖിന്റെ പുനരുദ്ധാരണത്തിനായി 5 മില്യണ്‍ നിക്ഷേപം തുര്‍ക്കി വാഗ്ദാനം ചെയ്തിട്ടുണ്ട്. യുദ്ധക്കെടുതി അനുഭവിക്കുന്ന യമന്നു വേി തുര്‍ക്കിയുടെ മതകാര്യവകുപ്പ് 'ദിയാനത്ത്' 90000 മസ്ജിദുകള്‍ കേന്ദ്രീകരിച്ച് ധനശേഖരണം ആരംഭിച്ചു കഴിഞ്ഞു. ഫലസ്ത്വീന്‍ ജനതക്കും തുര്‍ക്കിയുടെ സഹായം ലഭിച്ചിട്ടുണ്ട്. 8.5 ടണ്‍ മെഡിക്കല്‍ സാമഗ്രികളാണ് ഈയിടെ ഗസ്സയിലേക്ക് തുര്‍ക്കി അയച്ചത്. സൊമാലിയ, സുഡാന്‍ അടക്കമുള്ള നിരവധി ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ വിദ്യാഭ്യാസ-സാമൂഹിക-റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നുണ്ട്. ലിബിയന്‍ ആഭ്യന്തര സംഘര്‍ഷത്തില്‍ ഭവനരഹിതരായവര്‍ക്കായി തുര്‍ക്കിയുടെ സ്റ്റേറ്റ് ഏജന്‍സിയായ 'തിക' (The Turkish Cooperation and Coordination Agency, TIKA) അവശ്യ സാധനങ്ങളടങ്ങുന്ന 16 ടണ്‍ പാക്കേജുകള്‍ വിതരണം ചെയ്തിരുന്നു.
2015-ല്‍ 3.2 മില്യന്‍, 2016-ല്‍ 6.4 മില്യന്‍, 2017-ല്‍ 8 മില്യന്‍ ഡോളറാണ് തുര്‍ക്കി ലോകവ്യാപകമായി സാമ്പത്തിക സഹായം നല്‍കിയത്. 2019-ല്‍ 8.2 മില്യന്‍ ആണ് ഈയിനത്തില്‍ ചെലവഴിക്കാന്‍ തുര്‍ക്കി ഉദ്ദേശിക്കുന്നത്. കെനിയ, നമീബിയ, മ്യാന്മര്‍, ക്രിമിയ മുതല്‍ അര്‍ജന്റിന, കൊളംബിയ, വെനിസ്വല അടക്കമുള്ള തെക്കേ അമേരിക്കന്‍ രാഷ്ട്രങ്ങളിലും തുര്‍ക്കിയുടെ സന്നദ്ധ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. വികസ്വര രാഷ്ട്രങ്ങളുമായി പരസ്പര വിശാസത്തിലധിഷ്ഠിതമായ സഹകരണത്തോടൊപ്പം അവശ്യ സമയങ്ങളില്‍ സഹായ ഹസ്തമാവാനാണ് തുര്‍ക്കി ഉദ്ദേശിക്കുന്നതെന്ന് 'തിക' പ്രസിഡന്റ് ഡോക്ടര്‍ സര്‍ദാര്‍ ചാം പറയുന്നു. ലോക രാഷ്ട്രങ്ങളുമായുള്ള നയതന്ത്ര ഇടപാടുകളില്‍ ഹ്യുമാനിറ്റേറിയന്‍ ആക്ടിവിസം, തുര്‍ക്കിയുടെ ഏറ്റവും ശക്തിയേറിയ സോഫ്റ്റ് പവര്‍ നയതന്ത്രമാണ്.
യു.എസ്-ഇസ്രയേല്‍ ലോബിക്ക് തിരിച്ചടി
ഏറ്റവുമൊടുവിലത്തെ ഇസ്രയേല്‍-ഫലസ്ത്വീന്‍ സംഘര്‍ഷത്തില്‍ ഇസ്രയേലിനെ അനുകൂലിച്ചുകൊണ്ട് യു.എസ് എഴുതിയുണ്ടാക്കിയ പ്രമേയം യു.എന്‍ ജനറല്‍ കൗണ്‍സില്‍ തള്ളിക്കളഞ്ഞിരിക്കുന്നു. ഇസ്രയേല്‍ അതിക്രമമാണ് സംഘര്‍ഷത്തിന് കാരണമെങ്കിലും ഹമാസിനെയും മറ്റു ഫലസ്ത്വീന്‍ വിഭാഗങ്ങളെയും മാത്രം അപലപിച്ചുകൊണ്ടുള്ള ഈ പ്രമേയത്തെ യു.എന്‍ തള്ളിക്കളഞ്ഞത് യു.എസ് -ഇസ്രയേല്‍ ലോബിയുടെ നയതന്ത്ര പരാജയമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഫലസ്ത്വീന്‍ അതോറിറ്റി, ഹമാസ്, മറ്റു ഫലസ്ത്വീനിയന്‍ ഗ്രൂപ്പുകള്‍ യു.എന്‍ നീക്കത്തെ സ്വാഗതം ചെയ്തു. യു.എസ്-ഇസ്രയേല്‍ നേതൃത്വത്തിനു ലഭിച്ച പ്രഹരവും ഫലസ്ത്വീന്‍ ചെറുത്തുനില്‍പിനു ലഭിച്ച അംഗീകാരവുമാണിതെന്ന് ഹമാസ് വക്താവ് സാമി അബു സുഹ്രി അഭിപ്രായപ്പെട്ടു. ഈ പ്രമേയത്തെ എതിര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഹമാസ് കാമ്പയിന്‍ നടത്തിയിരുന്നു. ഫലസ്ത്വീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസും യു.എന്‍ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇന്ത്യ വിട്ടുനിന്നെങ്കിലും ചൈനയും റഷ്യയുമടക്കമുള്ള രാഷ്ട്രങ്ങള്‍ പ്രമേയത്തിനെതിരെ വോട്ടു ചെയ്തു. അമേരിക്കയുമായി നല്ല നയതന്ത്ര ബന്ധമുള്ള ജി.സി.സി രാഷ്ട്രങ്ങളടക്കം എല്ലാ അറബ് രാഷ്ട്രങ്ങളും പ്രമേയത്തെ എതിര്‍ത്ത് വോട്ടു ചെയ്തു.
യു.എന്‍ ജനറല്‍ അസംബ്ലി ഇസ്രയേലിനെതിരെ 700 പ്രമേയങ്ങള്‍ പാസ്സാക്കിയിട്ടുണ്ടെങ്കിലും ഹമാസിനെ അപലപിക്കുന്ന ഒരു പ്രമേയം പോലും പരിഗണിച്ചിട്ടില്ല എന്നാണ് യു.എന്നിലേക്കുള്ള യു.എസ് അംബാസഡര്‍ നിക്കി ഹാലി പരിഭവം പറഞ്ഞത്. ആഴ്ചകളോളമുള്ള നയതന്ത്ര ശ്രമങ്ങള്‍ക്കു ശേഷവും യു.എസ്-ഇസ്രയേല്‍ സഖ്യത്തിനേറ്റ പരാജയത്തെ ടൈംസ് ഓഫ് ഇസ്രയേല്‍ അടക്കമുള്ള വലതുപക്ഷ മാധ്യമങ്ങളും ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ഇസ്രയേല്‍ അതിക്രമത്തിനും അധിനിവേശത്തിനുമെതിരെ അന്താരാഷ്ട്ര തലത്തില്‍ ഫലസ്ത്വീന്‍ അനുകൂല നിലപാടിന് പിന്തുണയേറുന്നു എന്നാണിതിനര്‍ഥം. അന്താരാഷ്ട്ര തലത്തില്‍ ഇസ്രയേലിന്റെ സയണിസ്റ്റ് നയത്തിനെതിരെ പോരാടുന്ന BDS (Boycott, Divestment, Sanctions) പ്രസ്ഥാനങ്ങളും ആഹ്ലാദത്തോടെയാണ് പ്രമേയം തള്ളിപ്പോയതിനെ വരവേറ്റത്. ഇസ്രയേല്‍ ക്രൂരതകള്‍ക്കെതിരെയുള്ള പ്രതിഷേധവും സയണിസ്റ്റ് വിരുദ്ധതയുമെല്ലാം സെമിറ്റിക് വിരുദ്ധതയായി കാണണമെന്ന് യു.എസിലെ ഇസ്രയേല്‍ ലോബിയുടെ ആവശ്യം അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ ഉന്നയിക്കാനുള്ള തയാറെടുപ്പിലാണിപ്പോള്‍.
സബ്‌സിയുടെ പുതിയ നീക്കങ്ങള്‍
തുനീഷ്യയില്‍ അനന്തരാവകാശം വീണ്ടും ചര്‍ച്ചയാവുന്നു. പ്രസിഡന്റ് മുഹമ്മദ് അല്‍ബാജി ഖാഇദ് അസ്സബ്‌സിയുടെ നേതൃത്വത്തില്‍ സ്ത്രീക്കും പുരുഷനും തുല്യ നീതി എന്ന ആശയത്തില്‍ നിയമം നടപ്പിലാക്കാനൊരുങ്ങുകയാണ്. Equality a right, not a privilege എന്ന മുദ്രാവാക്യം ഉയര്‍ത്തി 2017-ല്‍ തന്നെ അദ്ദേഹം ഇതിനായുള്ള കാമ്പയിന്‍ തുടങ്ങിയിരുന്നു. പൗരത്വം, ജനതയുടെ താല്‍പര്യം, നിയമത്തിന്റെ പരമാധികാരം എന്നീ ഭരണഘടനാ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ നിയമം നടപ്പില്‍ വരുത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. സബ്‌സിയുടെ ഈ നടപടി തുനീഷ്യയിലും പുറത്തും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിട്ടുണ്ട്. മുഖ്യ പ്രതിപക്ഷ പാര്‍ട്ടി റാശിദുല്‍ ഗന്നൂശിയുടെ അന്നഹ്ദ ഈ നിര്‍ദേശം നിരസിച്ചു. ഇത് രാജ്യത്തെ കൂടുതല്‍ മതവിരുദ്ധതയിലേക്ക് നയിക്കുമെന്നും ഖുര്‍ആനിനും നിലവിലെ ഭരണഘടനക്കുമെതിരായ ഏതു നീക്കത്തെയും ചെറുക്കുമെന്നും അന്നഹ്ദ പ്രഖ്യാപിച്ചു.
2014-ല്‍ അധികാരത്തിലേറിയ സബ്‌സി അന്നഹ്ദയുടെ ശക്തനായ വിമര്‍ശകനാണ്. അന്നഹ്ദയുടെ പിന്തിരിപ്പന്‍ നയങ്ങള്‍ക്കെതിരെയുള്ള ജനങ്ങളുടെ മറുപടിയാണ് തന്റെ പാര്‍ട്ടിയായ 'നിദാഉ തൂനിസി'ന്റെ തെരഞ്ഞെടുപ്പു വിജയമെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. 2017-ല്‍ മുസ്‌ലിം സ്ത്രീക്ക് അമുസ്‌ലിംകളെ വിവാഹം ചെയ്യാന്‍ അനുവദിക്കുന്ന നിയമം സബ്‌സി കൊണ്ടുവന്നിരുന്നു. 1973-ലെ നിയമമനുസരിച്ച് അമുസ്‌ലിമായ ഒരാള്‍ക്ക് മുസ്ലിം സ്ത്രീയെ വിവാഹം കഴിക്കാന്‍ അയാള്‍ ഇസ്‌ലാംമതം സ്വീകരിച്ചിരിക്കണമെന്ന് വ്യവസ്ഥയുായിരുന്നു. അറബ് വസന്തത്തിനു ശേഷം അഴിമതിയുടെ പേരില്‍ ശിക്ഷ ലഭിച്ച മുന്‍ ഭരണാധികാരി സൈനുല്‍ ആബിദീന്റെ ഉദ്യോഗസ്ഥര്‍ക്കും വ്യവസായികള്‍ക്കും സംരക്ഷണം നല്‍കുന്ന നിയമം സബ്‌സി കൊുവന്നതും വിവാദത്തിനിടയാക്കിയിരുന്നു.
വിനയാന്വിതനായ ഗ്ലോബലിസ്റ്റോ?
ഈയിടെ മരണപ്പെട്ട മുന്‍ യു.എസ് പ്രസിഡന്റ് ജോര്‍ജ് എച്ച്. ഡബ്ല്യു ബുഷിന്റെ മാഹാത്മ്യം പൊലിപ്പിച്ചുകൊണ്ട് ശശി തരൂര്‍ എം.പി ദി ക്വിന്റില്‍ പ്രസിദ്ധീകരിച്ച ലേഖനം വിവാദമായിരുന്നു. തെറ്റിദ്ധരിക്കപ്പെട്ട വിനയാന്വിതനായ ഗ്ലോബലിസ്റ്റ് എന്നാണ് ശശി തരൂര്‍, ബുഷ് സീനിയറിനെ വിശേഷിപ്പിച്ചത്. തന്റെ ഭരണകാലത്ത് നടത്തിയ യുദ്ധക്കുറ്റങ്ങളും ഇറാഖി ജനതയുടെ കൂട്ടക്കുരുതികളും ഒട്ടും പരാമര്‍ശിക്കാതെ അദ്ദേഹത്തിന്റെ നയതന്ത്ര നൈപുണ്യം മാത്രം എടുത്തുകാട്ടി വെള്ളപൂശുന്ന ലേഖനമായിരുന്നു അത്. കഴിഞ്ഞ ഡിസംബര്‍ 6-ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ലാ ഖാംനഈ ബുഷ് സീനിയറിനെക്കുറിച്ച ഒരു വീഡിയോ തന്റെ ഫേസ്ബുക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു. 1988 ജൂലൈ 3-ന് 290 യാത്രക്കാരുള്ള ഇറാന്‍ എയര്‍ ഫ്‌ളൈറ്റ് 655-നെ ക്രൂയിസ് മിസൈല്‍ തൊടുത്ത് തകര്‍ത്ത സംഭവമായിരുന്നു അത്. ഇറാന്‍ -ഇറാഖ് യുദ്ധകാലത്ത് നടന്ന ഈ ദുരന്തം അബദ്ധത്തില്‍ സംഭവിച്ചതാണെന്നും എന്നാല്‍ മാപ്പു പറയുകയില്ലെന്നുമാണ് ബുഷ് സീനിയര്‍ അന്ന് പറഞ്ഞത്. കൂടാതെ മിസൈല്‍ ആക്രമണത്തിന് നേതൃത്വം കൊടുത്ത കമാണ്ടര്‍ റോജെഴ്‌സിനു ലീജിയന്‍ ഓഫ് മെറിറ്റ് പതക്കം നല്‍കി അനുമോദിക്കുകയും ചെയ്തിരുന്നു.
ജനമനസ്സുകള്‍ കീഴടക്കി തുര്‍ക്കി സീരിയലുകള്‍
തുര്‍ക്കിഷ് ടി.വി സീരിയലുകളായ ദിരിലിഷ് : എര്‍ത്തുഗ്രുല്‍, പായിതഹ്ത് എന്നിവ ലോകശ്രദ്ധയാകര്‍ഷിക്കുന്നു. ഉസ്മാനിയ ഖിലാഫത്ത് സ്ഥാപകന്‍ ഉസ്മാന്‍ ഖാന്റെ പിതാവ് എര്‍തുഗ്രുലിന്റെ ജീവിതം ആസ്പദമാക്കിയാണ് 'ഉയിര്‍ത്തെഴുന്നേല്‍പ്പ്' എന്നര്‍ഥമുള്ള സീരിയല്‍ നിര്‍മിച്ചിരിക്കുന്നത്. എര്‍തുഗ്രുലിന്റെ പിതാവ് കായ് ഗോത്രത്തലവനായ സുലൈമാന്‍, ഷാഹ് സോഗ്ത് എന്ന പ്രദേശത്ത് സ്ഥിരതാമസമാക്കുന്നതോടെ ആരംഭിക്കുന്ന ചരിത്രസംഭവങ്ങളാണ് പശ്ചാത്തലം. താര്‍ത്താരികള്‍, ദുര്‍ബലരായ മുസ്‌ലിം രാജവംശങ്ങള്‍, കുരിശുയുദ്ധക്കാര്‍ എന്നിവരിലൂടെ കഥ മുന്നോട്ടു നീങ്ങുന്നു. പ്രസിദ്ധ സൂഫി തത്ത്വചിന്തകന്‍ ഇബ്‌നു അറബി ഈ സീരിയലിലെ പ്രധാന കഥാപാത്രമാണ്. ഇബ്‌നു അറബി എഴുതിയതെന്നു കരുതപ്പെടുന്ന അശ്ശജറഃ അന്നുഅ്മാനിയ്യ ഫിദ്ദൗല അല്‍ ഉസ്മാനിയ എന്ന ഗ്രന്ഥത്തില്‍ ഉസ്മാനി ഖിലാഫത്തിന്റ അപ്രമാദിത്വത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രവചനങ്ങളുണ്ട്. പടിഞ്ഞാറന്‍ നാടുകളിലും ഏഷ്യന്‍-ആഫ്രിക്കന്‍ വന്‍കരകളിലും ഈ സീരിയലിനു വമ്പന്‍ സ്വീകരണമാണ് ലഭിക്കുന്നത്. 100-ലധികം രാഷ്ട്രങ്ങളില്‍ സംപ്രേഷണം ചെയ്യുന്ന 'ദിരിലിഷ്' സീരിയലിന്ഒരു ബില്യനിലധികം പ്രേക്ഷകരുണ്ട്.
സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്റെ അധികാരാരോഹണത്തെത്തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് പായിതഹ്തിന്റെ ഇതിവൃത്തം. പടിഞ്ഞാറന്‍ സാമ്രാജ്യങ്ങള്‍, ഹിജാസ് റെയില്‍വേയുടെ നിര്‍മാണം, ഫലസ്ത്വീനില്‍ ഇസ്രയേല്‍ രൂപീകരിക്കാനുള്ള സയണിസ്റ്റ് നേതാവ് തിയോഡര്‍ ഹേര്‍ട്‌സെലിന്റെ ശ്രമം എന്നിവ കേന്ദ്രീകരിച്ചാണ് പായിതഹ്തിന്റെ കഥ വികസിക്കുന്നത്. അറബ് നാടുകളില്‍, വിശിഷ്യാ ഫലസ്ത്വീനില്‍ എര്‍തുഗ്രുല്‍, പായ്തഹ്ത് എന്നിവയാണ് കൂടുതല്‍ ജനകീയമായ ടി.വി സീരിയലുകളെന്ന് ഡെയ്‌ലി സബാഹ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ 142 രാഷ്ട്രങ്ങളിയായി 350 മില്യണ്‍ ഡോളറിലധികം വരുമാനമുണ്ടാക്കിയിരുന്നു ഈ സീരിയലുകള്‍. തുര്‍ക്കിയുടെ ഇസ്‌ലാമിക പശ്ചാത്തലം ചിത്രീകരിക്കുന്ന ഈ ടെലി സീരിയലുകളുടെ വിജയം തുര്‍ക്കിയുടെ ലോക സ്വീകാര്യത വര്‍ധിക്കുന്നതിനും സഹായകമാവുന്നുണ്ട്.
Comments