Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 28

3069

1440 മുഹര്‍റം 17

ചേന്നന്റെ നായയും പാപ്പനും കഥയില്‍നിന്ന് ജീവിതത്തിലേക്ക് കുത്തിയൊലിച്ച പ്രളയവും

മെഹദ് മഖ്ബൂല്‍

ഒരു രാത്രിയും ഒരു പകലുമായി വെള്ളത്തില്‍ തന്നെ നില്‍ക്കുകയാണ് ചേന്നന്‍. അവന് വഞ്ചിയില്ല. അവന്റെ തമ്പുരാന്‍ ജീവനും കൊണ്ട് രക്ഷപ്പെട്ടിരുന്നു. വെള്ളം പതിയെ വീട്ടിനകത്തേക്ക് വരുന്നുണ്ട്. വെള്ളം താഴുമെന്ന പ്രതീക്ഷയില്‍ അവനിരുന്നു. വാഴക്കുലകള്‍ ആരെങ്കിലും കൊണ്ടുപോകുമോ എന്ന ഭയം കൊണ്ട് അവന് അവിടെ വിട്ട് പോകാന്‍ തോന്നിയില്ല. 

പിന്നെപ്പിന്നെ വെള്ളം കയറാന്‍ തുടങ്ങി. മേല്‍ക്കൂരയുടെ രണ്ടു വരി ഓല  വെള്ളത്തിനടിയിലായിരിക്കുന്നു. ഗര്‍ഭിണിയായ ഭാര്യയും നാലുകുട്ടികളും ഒരു പൂച്ചയും പട്ടിയും അവനെ ആശ്രയിച്ചിട്ടുണ്ട്. വെള്ളം കയറുക തന്നെയാണ്. മരണം അടുത്തെന്ന് ചേന്നന്‍ തീര്‍ച്ചയാക്കി.

അപ്പുറത്ത് വഞ്ചിയിലൂടെ പോകുന്നവരെ ഉച്ചത്തില്‍ വിളിച്ചു. അവര്‍ കേട്ടു. എല്ലാവരെയും വഞ്ചിയില്‍ കയറ്റി. പൂച്ച ചാടിക്കേറി. പട്ടിയുടെ കാര്യം ആരും ഓര്‍ത്തില്ല. 

പുരപ്പുറത്ത് കയറിയിരുന്നു ആ പട്ടി അന്തരീക്ഷത്തില്‍ നോക്കി മോങ്ങി. 

മഴ പതിയെ നിന്നു. വെള്ളമെല്ലാം താഴാന്‍ തുടങ്ങി. 

വാഴക്കുല കട്ടെടുക്കാന്‍ വന്നവര്‍ക്കു നേരെ അത് കുരച്ചു ചാടി. കഴുക്കോലു കൊണ്ടയാള്‍ പട്ടിയെ തല്ലി. 

രാത്രി നേരത്ത് ആ കുടില്‍ തകര്‍ന്നുവീണു. 

തകഴിയുടേതാണ് അവസാനശ്വാസം വരെ വീടു കാത്ത പട്ടിയുടെ ഈ കഥ. പ്രളയമെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം തന്നെ മനസ്സിലേക്കെത്തുന്നതും 'വെള്ളപ്പൊക്കത്തില്‍' എന്ന ഈ കഥ തന്നെ. 

99-ലെ വെള്ളപ്പൊക്കം എന്ന് അറിയപ്പെട്ട സംഭവത്തെ ആസ്പദിച്ചാണ് തകഴി കഥയെഴുതിയത്. കൊല്ലവര്‍ഷം 1099-ലായിരുന്നു ആ പ്രളയം (1924 ജൂലൈ മാസത്തില്‍). മൂന്നാഴ്ചയോളമായിരുന്നത്രെ അന്ന് മഴ ഒട്ടും വിശ്രമിക്കാതെ പെയ്തത്. 

കുട്ടിക്കാലത്ത് 'വെള്ളപ്പൊക്കത്തില്‍' വായിക്കുമ്പോള്‍ വലിയ സങ്കടമായിരുന്നു. പുരപ്പുറത്തിരിക്കുന്ന ആ നായ നല്‍കിയ നൊമ്പരം ചെറുതല്ല.

1984- ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ 'ഒറോത' എന്ന കാക്കനാടന്റെ നോവലും ഇതേ വെള്ളപ്പൊക്കത്തെ കുറിച്ച് എഴുതിയതായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ് മലബാര്‍ എന്നിങ്ങനെ കേരളം മൂന്നായി വിഭജിക്കപ്പെട്ടിരുന്ന കാലമായിരുന്നു അത്. പെരിയാര്‍ മുതല്‍ താമ്രപാണി വരെയുള്ള നദികള്‍ അന്ന് തീരങ്ങളെ വിഴുങ്ങി ഒഴുകിയെത്തിയെന്ന് കാക്കനാടന്‍ എഴുതുന്നു. 

'മനുഷ്യര്‍ക്ക് മാത്രമല്ല, അവരുടെ വളര്‍ത്തു മൃഗങ്ങള്‍ക്കും ഭ്രാന്തുപിടിച്ചു. കര കണ്ട മനുഷ്യരും മൃഗങ്ങളും അമറി, അലറി വിളിച്ച്, എങ്ങോട്ടെന്നറിയാതെ, ആരാരെന്നറിയാതെ തട്ടിയും മുട്ടിയും വീണും എണീറ്റും പാഞ്ഞു നടന്നു.'

ചേര്‍പ്പുങ്കല്‍ എന്ന ഗ്രാമത്തിലെ വെട്ടുകാട്ടു പാപ്പന്‍ എന്നയാളുടെ ജീവിതത്തിലൂടെയാണ് കാക്കനാടന്‍ പ്രളയത്തിന്റെ കഥ പറയുന്നത്. അയാള്‍ ഒറ്റത്തടിയായി ജീവിച്ചു. രാവിലെ ഉണര്‍ന്ന് കടവിലെത്തി ആള്‍ക്കാരെ മീനച്ചിലാറിന് അക്കരെയും ഇക്കരെയും എത്തിച്ചു. പ്രളയം വന്നപ്പോള്‍ പാപ്പനാണ് എല്ലാവരെയും ഓടിനടന്ന് രക്ഷിക്കുന്നത്. പ്രളയത്തില്‍നിന്ന് കിട്ടിയ കുട്ടിയെ പാപ്പന്‍ വളര്‍ത്തുന്ന കഥയാണ് ഒറോത എന്ന നോവലില്‍ കാക്കനാടന്‍ എഴുതിയത്. 

പ്രളയത്തെ കഥകളില്‍ മാത്രം കണ്ട, അതൊരു കഥയാണല്ലോ എന്നാശ്വസിച്ച നമ്മുടെ ജീവിതത്തിലേക്കായിരുന്നു ഇത്തവണ മഴവെള്ളം കുത്തിയൊലിച്ചുവന്നത്.

 ഈ പ്രളയത്തിലും പക്ഷേ നമ്മള്‍ ചേന്നനെ കണ്ടു, ഗര്‍ഭിണിയായ ചേന്നന്റെ ഭാര്യയെ കണ്ടു, അവരെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തുന്നതും അവരുടെ സുഖപ്രസവവും കണ്ടു.

പുരക്ക് കാവല്‍ നിന്ന് ക്ഷീണിച്ച ചേന്നന്റെ നായയെ കണ്ടു.

വാഴക്കുല മോഷ്ടിക്കാന്‍ വരുന്നവരെ കണ്ടു.

ദുരന്തത്തെപ്പോലും വഞ്ചിക്കാനും ചതിക്കാനും രാഷ്ട്രീയ മുതലെടുപ്പിനും അവസരമാക്കുന്നവരെയും കണ്ടു.

സ്വന്തം ജീവിതം അപകടത്തിലാണെന്നറിഞ്ഞിട്ടും മറ്റുള്ളവന്റെ വേദന കണ്ടുനില്‍ക്കാന്‍ വയ്യാതെ ഓടിയെത്തിയ പാപ്പനെ കണ്ടു. അവന്റെ സുഹൃത്തുക്കളായ മത്സ്യത്തൊഴിലാളികളെ കണ്ടു. തങ്ങളുടെ ടെക്‌സ്റ്റൈയില്‍സും പലചരക്കു കടയും ആവശ്യക്കാര്‍ക്കായി തുറന്നിട്ട പാപ്പന്റെ അനിയനെയും ജ്യേഷ്ഠനെയും കണ്ടു.   

പാപ്പനെ പോലെ എല്ലാവരും ആരും കാണാതെ പാത്തുവെച്ചിരിക്കുകയായിരുന്നത്രെ  ഈ സ്‌നേഹവും നന്മയുമെല്ലാം!

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (36 - 40)
എ.വൈ.ആര്‍

ഹദീസ്‌

കര്‍മഭൂമിയില്‍ തളരാതെ മുന്നോട്ട്
കെ.സി ജലീല്‍ പുളിക്കല്‍