ഗള്‍ഫ് മലയാളികളെ ആര് സംരക്ഷിക്കും?
ലോകത്തിലെ ഏറ്റവും വലിയ അസംഘടിത വിഭാഗങ്ങളിലൊന്നായ പ്രവാസി മലയാളികള്‍ കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ മുഖ്യ പങ്കുവഹിക്കുന്നവരാണ്. കേരളത്തിലേക്ക് ഒഴുകുന്ന വിദേശനാണ്യത്തിന്റെ സിംഹഭാഗവും അറബ് നാടുകളില്‍ കൈമെയ് മറന്ന് കഠിനാധ്വാനം ചെയ്യുന്ന പ്രവാസി സമൂഹത്തിന്റേതാണ്. ഗള്‍ഫ് നഗരികള്‍ പടുത്തുയര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച കേരളീയര്‍ മാതൃരാജ്യത്തും അതിന്റെ പച്ചപ്പ് നട്ടുനനച്ചു വളര്‍ത്തി. പാതവക്കിലെ കൂറ്റന്‍ വ്യാപാര സമുച്ചയങ്ങളും രമ്യഹര്‍മ്യങ്ങളും ഗള്‍ഫ് കുടിയേറ്റത്തിന്റെ അടയാളങ്ങളാണ്. കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക രംഗങ്ങളില്‍ ഗള്‍ഫ് പ്രവാസികള്‍ ചെലുത്തിയ സ്വാധീനം ചെറുതല്ല. മരുഭൂമിയില്‍ പെട്രോളും പ്രകൃതി വാതകങ്ങളും കണ്ടെത്തിയതുമുതല്‍ ആരംഭിച്ച ഗള്‍ഫ് കുടിയേറ്റം ഇന്നും അഭംഗുരം തുടരുകയാണ്.
ഗള്‍ഫ് നാടുകളുടെ മുമ്പത്തെ പ്രഭയോ പൊലിമയോ ഇന്നില്ല. അനുദിനം കര്‍ക്കശമാക്കിക്കൊണ്ടിരിക്കുന്ന നിതാഖാത്തും മറ്റു സ്വദേശിവത്കരണ പദ്ധതികളും മലയാളിയുടെ ഹൃദയമിടിപ്പ് വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു. സുഊദി അറേബ്യ മാത്രമല്ല ഗള്‍ഫ് നാടുകളെല്ലാം സ്വദേശിവത്കരണത്തിന്റെ അതിവേഗ പാതയിലാണ്. മുല്ലപ്പൂ വിപ്ലവത്തിനു ശേഷം ഇതിന് ആക്കം കൂടിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ വര്‍ഷം തോറും പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന ബിരുദധാരികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഇതില്‍ വലിയൊരു ശതമാനം സ്ത്രീകളാണ്. ഉയര്‍ന്ന തസ്തികകളില്‍ മാത്രമല്ല, ചെറിയ ശമ്പളത്തിനും ജോലി ചെയ്യാന്‍ ഇന്ന് തദ്ദേശീയര്‍ ഒരുക്കമാണ്. തൊഴില്‍ പ്രതിസന്ധി നേരിടുമ്പോള്‍ സ്വദേശികളെ പരിഗണിക്കുന്നതിന് അറബ് സമൂഹത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സാമ്പത്തിക സുസ്ഥിതിയും തൊഴില്‍ സാധ്യതയുമുണ്ടായപ്പോഴൊക്കെ അവര്‍ നമ്മെ സഹായിച്ചിട്ടുണ്ട്. വിസാ നിയമങ്ങള്‍ ഉദാരമാക്കിയതോടെ ഖത്തര്‍ പോലുള്ള രാജ്യങ്ങളിലേക്ക് കേരളത്തില്‍നിന്നും തൊഴിലില്ലാ പടയുടെ പ്രവാഹമാണ്. സ്വന്തം നാട്ടില്‍ ഇസ്തിരി ചുളിയാതെ ജീവിക്കുന്ന മലയാളി മറുനാട്ടില്‍ എന്ത് തൊഴിലെടുക്കാനും സന്നദ്ധനാണ്. പക്ഷേ, തൊഴിലന്വേഷകരുടെ ആധിക്യവും തൊഴില്‍ ദാതാക്കളുടെ കമ്മിയുമാണ് ഇന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം.
ഗള്‍ഫ് മലയാളികള്‍ നേരിടുന്ന തൊഴില്‍ പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കാനാണ് ഇത്രയും എഴുതിയത്. വന്‍കിട കമ്പനികള്‍ ആളുകളെ കുറച്ചുകൊണ്ടിരിക്കുന്നു. ആനുകൂല്യങ്ങളും ശമ്പളവും വെട്ടിക്കുറക്കുന്നു. ഉയര്‍ന്ന തസ്തികകളില്‍ തൊഴിലെടുക്കുന്ന പലരും പിടിച്ചുനില്‍ക്കാനാവാതെ കുടുംബത്തെ നാട്ടിലേക്കയക്കുന്നു. ചെറുകിട വ്യാപാരികള്‍ നഷ്ടം സഹിക്കാനാവാതെ കച്ചവടം അവസാനിപ്പിക്കുന്നു. കച്ചവടം തുടങ്ങി ചെക്ക് കേസുകളിലും മറ്റും പെട്ട് ജയിലുകളില്‍ കുടുങ്ങി കിടക്കുന്നവര്‍ ഒരുപാടുണ്ട്. തൊഴില്‍ നഷ്ടപ്പെട്ട് നോട്ടീസ് കിട്ടി തലങ്ങും വിലങ്ങും ഓടുന്നവരും നിരവധി!
ഗള്‍ഫ് പ്രവാസികളെ സംബന്ധിച്ചേടത്തോളം ഇതൊരു പ്രതിസന്ധി ഘട്ടമാണ്. അവരുടെ കൂട്ടമായുള്ള തിരിച്ചുവരവ് കേരളത്തെ പിറകോട്ട് നയിക്കുമെന്നതില്‍ ഒരു സംശയവും വേണ്ട. അതോടൊപ്പം, പതിറ്റാണ്ടുകളായി നാടിനെ സേവിക്കുന്ന, കേരളത്തിന് ഉണര്‍വും പുരോഗതിയും നല്‍കിയ പ്രവാസി സമൂഹത്തെ തിരികെ സ്വീകരിക്കുന്നതിനും സഹായ ഹസ്തം നീട്ടുന്നതിനും മലയാളി സമൂഹത്തിന്, വിശിഷ്യാ സര്‍ക്കാറിന് ബാധ്യതയില്ലേ?
കേരളത്തിന്റെ മറ്റൊരു പരിഛേദമായ ഗള്‍ഫ് മലയാളികളെ സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും സര്‍ക്കാര്‍ തലത്തില്‍ നടന്നുവരുന്ന ആലോചനകളെ കണ്ടില്ലെന്ന് നടിക്കുന്നില്ല. പ്രവാസി വകുപ്പിന്റെയും നോര്‍ക്കയുടെയും ഈ ദിശയിലുള്ള നീക്കം ശ്ലാഘനീയം തന്നെ. എങ്കിലും, ഗള്‍ഫ് പ്രവാസികളുടെ കാര്യത്തില്‍ ഗൗരവമായ ചിന്തകള്‍ ഇനിയും ആവശ്യമുണ്ട്. വര്‍ഷങ്ങളോളം ഗള്‍ഫില്‍ പണിയെടുത്ത് യൗവനം മരുഭൂമിക്ക് തീറെഴുതിക്കൊടുത്ത് കിടപ്പാടം പോലുമില്ലാതെ തിരിച്ചെത്തുന്ന പ്രവാസിയെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം കാണണം. പ്രവാസി ക്ഷേമനിധിയുടെ കീഴിലുള്ള പെന്‍ഷന്‍ സ്‌കീം ഈ ദിശയിലുള്ള രചനാത്മകമായ നീക്കങ്ങളിലൊന്നാണ്. എന്നാല്‍ പെന്‍ഷന്‍ തുകയും പെന്‍ഷന്‍ പ്രായപരിധിയും സര്‍ക്കാര്‍ പുനര്‍നിര്‍ണയിക്കാന്‍ തയാറാവണം. ഇതര സര്‍വീസുകള്‍ക്കെന്ന പോലെ പെന്‍ഷന്‍ പ്രായപരിധി 55 ആയി കുറക്കാനും പെന്‍ഷന്‍ തുക 2000 രൂപയില്‍നിന്ന് 5000 രൂപയാക്കി ഉയര്‍ത്താനും ബന്ധപ്പെട്ടവര്‍ ശ്രമിക്കണം. ഇതിനുള്ള ധനശേഖരണം ഗള്‍ഫ് പ്രവാസികളിലൂടെ തന്നെ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. ഗള്‍ഫിലെ ഇന്ത്യന്‍ എംബസികള്‍ മനസ്സുവെച്ചാല്‍ മുഴുവന്‍ മലയാളി പ്രവാസികളെയും ക്ഷേമനിധിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ സാധിക്കും. പ്രവാസി സംരംഭകരെ ഉള്‍പ്പെടുത്തി വാണിജ്യ -വ്യവസായ പദ്ധതികള്‍ ആരംഭിച്ചാല്‍ തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് തൊഴില്‍ നല്‍കാനും പ്രയാസമുണ്ടാകില്ല. പി.എസ്.സി പോലുള്ള തൊഴില്‍ ഏജന്‍സികള്‍ യോഗ്യരും അര്‍ഹരുമായ ഗള്‍ഫ് റിട്ടേണികളോട് ഉദാര സമീപനം കൈക്കൊള്ളേണ്ടതുമുണ്ട്.
മൗലാനാ മുഹമ്മദലിയുടെ ഖുര്‍ആന്‍ വിവര്‍ത്തനം
മൗലാനാ മുഹമ്മദലിയുടെ ഖുര്‍ആന്‍ വിവര്‍ത്തനത്തെക്കുറിച്ച് മുജീബ് നല്‍കിയ വിശദീകരണത്തിന് അനുബന്ധമായി ചിലത് കുറിക്കുകയാണ്. 'കോമ്രേഡ്' (ഇീാൃമറല) എന്ന മൗലാനാ മുഹമ്മദലിയുടെ പ്രസിദ്ധീകരണം ഉര്‍ദുവിലല്ല, ഇംഗ്ലീഷിലായിരുന്നു.
ലാഹോര്‍ മുഹമ്മദലിയുടെ പരിഭാഷയെ മൗലാനാ മുഹമ്മദലിയുടേതെന്ന് ചിലര്‍ തെറ്റിദ്ധരിച്ചു. വേറെ ചിലര്‍ ദുരുദ്ദേശ്യപൂര്‍വം തെറ്റിദ്ധാരണ പരത്തി മുതലെടുക്കാനും ശ്രമിച്ചു. ഖാദിയാനികള്‍ പല വിധ വ്യാജ പ്രചാരണങ്ങളും നടത്താറുണ്ട്. ഒരു വ്യാജ പ്രവാചകനെ നബിയായും മറ്റു ചിലപ്പോള്‍ മസീഹായും ഇനിയും ചിലപ്പോള്‍ മഹ്ദിയായും തരം പോലെ പരിചയപ്പെടുത്തി ആള്‍മാറാട്ടം നടത്തുകയും ഇതൊന്നും വിലപ്പോകാതെ ഗതിമുട്ടിയപ്പോള്‍ മുജദ്ദിദ് എന്ന് തട്ടിമൂളിക്കുകയും ചെയ്യുന്ന കബളിപ്പിക്കലിനെതിരെ വളരെ ശക്തമായ ചെറുത്തുനില്‍പ് ഇന്ത്യാ ഭൂഖണ്ഡത്തിലും ലോകത്തിന്റെ നാനാ ഭാഗങ്ങളിലും നടന്നിട്ടു്. ഈ പശ്ചാത്തലത്തില്‍ അറബി അറിയാത്ത ഒരാള്‍ ഖാദിയാനീ പരിഭാഷ അവലംബിച്ച് വിവര്‍ത്തനത്തിന് തുനിഞ്ഞതിനെ എതിര്‍ത്തത്, അപക്വമായ സാംസ്‌കാരിക ബോധമായി ചിലര്‍ തെറ്റിദ്ധരിക്കുകയുായി.
ഖാദിയാനിയായ ലാഹോര്‍ മുഹമ്മദലി, മിര്‍സാ ഗുലാം നബിയല്ലെന്ന അഭിപ്രായക്കാരനാണ്. ഇത് മുസ്‌ലിംകള്‍ക്കിടയില്‍ തനിക്ക് സ്വീകാര്യത കിട്ടാനുള്ള തന്ത്രമാവാനുമിടയുണ്ട്. വ്യാജമായി പ്രവാചകത്വം വാദിച്ച, ഇസ്‌ലാമിലെ ജിഹാദ് ഉള്‍പ്പെടെ പലതിനെയും തള്ളിപ്പറഞ്ഞ, ഒട്ടേറെ നുണകള്‍ തട്ടിമൂളിച്ച ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്ത ഒരാളെ മുജദ്ദിദ് (പരിഷ്‌കര്‍ത്താവ്) എന്ന നിലയില്‍ ആദരിക്കുന്ന ലാഹോര്‍ മുഹമ്മദലിയുടെ നിലപാട് ചിലരൊക്കെ മിതവാദമായും ഭേദപ്പെട്ട കാഴ്ചപ്പാടായും മനസ്സിലാക്കുന്നത് മഹാ വിഡ്ഢിത്തമാണ്. ചിലേടങ്ങളില്‍ ഞങ്ങള്‍ ലാഹോരി വിഭാഗമാണെന്ന് മേനി പറഞ്ഞ് സമുദായത്തിന്റെ അകത്തേക്ക് നുഴഞ്ഞുകയറാനും മുസ്‌ലിം കുടുംബങ്ങളില്‍ നല്ല പുതിയാപ്പിളമാരായി കഴിഞ്ഞുകൂടാനും പല ഖാദിയാനികള്‍ക്കും സാധിച്ചിട്ടുണ്ട്. ലാഹോര്‍ മുഹമ്മദലിയുടെ പരിഭാഷ ഉര്‍ദുവിലും ഇംഗ്ലീഷിലുമുണ്ട്. ഇംഗ്ലീഷില്‍ വ്യാഖ്യാനമൊന്നുമില്ല. പരിഭാഷ മാത്രമേയുള്ളൂ. അതുകൊണ്ട് സി.എന്‍ അതില്‍നിന്ന് പകര്‍ത്താനുള്ള സാധ്യതയുമില്ല. അത് സി.എന്നിനെതിരെ നടത്തിയ കുപ്രചാരണമാകാനാണിട.
ലാഹോര്‍ മുഹമ്മദലിയുടെ പരിഭാഷയെപ്പറ്റി അബ്ദുല്ല യൂസുഫലി തന്റെ പരിഭാഷയുടെ ആമുഖത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പ്രസ്തുത പരിഭാഷയിലെ ഇംഗ്ലീഷ് വളരെ ദുര്‍ബലമാണെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
എ.ആര്‍ അഹ്മദ് ഹസന്‍ പെരിങ്ങാടി
ഒരു പിതാവ് മകനെക്കുറിച്ച് എഴുതുമ്പോള്‍
പ്രബോധനം വായിക്കാന്‍ തുടങ്ങിയ കാലം തൊട്ട് അതില്‍ വരുന്ന അനുസ്മരണങ്ങളും ശ്രദ്ധിക്കാറുണ്ട്. അപൂര്‍വം ചില അനുസ്മരണങ്ങള്‍ സ്വന്തം മക്കള്‍ കുറിച്ചതായി കണ്ടിട്ടുണ്ട്.
എന്നാല്‍ സ്വന്തം മകന്റെ അനുസ്മരണം അതും നന്നായി വിസ്തരിച്ചുതന്നെ ഒരു പിതാവ് കുറിക്കുന്നത് വായിക്കാനിടയായത് ഈയിടെയാണ്. എ.പി അബ്ദുല്‍ വഹാബ് മകന്‍ അഫീഫ് അബ്ദുര്‍റഹ്മാനെപ്പറ്റി എഴുതിയത്; ലക്കം, 14.
അതും പിതാവാണത് എഴുതുന്നതെന്ന് മനസ്സിലാവുന്നത് തന്നെ പത്തിരുപത് വരികള്‍ വായിച്ച ശേഷമാണ് താനും. പിതാവിന്റെ കരവലയത്തില്‍ കിടന്ന് തന്നെയാണാ പൊന്നുമോന്റെ അന്ത്യശ്വാസവും.
അവനെ അവസാന നിമിഷം പരിചരിക്കാനുള്ള മനസ്സാന്നിധ്യവും ക്ഷമയും നല്‍കിയ കാരുണ്യവാനായ നാഥന്‍ തന്നെ ഒടുവില്‍ വിസ്തരിച്ചു അനുസ്മണവും കുറിക്കാനുള്ള കരുത്തും നല്‍കിയതാവാം. ഒരുപക്ഷേ ഇത്രയധികം തേങ്ങിക്കൊണ്ട് വായന പൂര്‍ത്തിയാക്കിയ ഒരേ ഒരു അനുസ്മരണമാവാമിതെന്ന് തോന്നുന്നു.
അല്ലാഹുവിന്റെ വലിയൊരു പരീക്ഷണമാണദ്ദേഹം വിജയകരമായി നേരിട്ടത്. ഇങ്ങനെയുള്ള രണ്ട് മൂന്ന് അനുഭവങ്ങള്‍ മനസ്സിലിന്നും മായാതെ കിടപ്പുണ്ട്. അതിലൊന്ന് തലശ്ശേരിയിലെ എന്റെ ആത്മ സുഹൃത്തായ പി.കെ ഉസ്മാന്‍ സാഹിബിന്റെ ഏക മകന്‍ കാറപകടത്തില്‍ മരിച്ച സമയമാണ്. മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ ഞാനടക്കമെല്ലാവരെയും പുഞ്ചിരിയോടെ സ്വീകരിച്ചിരുത്തി കുശലം പറയാനദ്ദേഹത്തിന് കഴിഞ്ഞത് വിശ്വാസത്തിന്റെ കരുത്ത് കൊണ്ടാകണം. യാത്ര പറഞ്ഞിറങ്ങാന്‍ നേരത്ത് അദ്ദേഹത്തെ ആലിംഗനം ചെയ്യുമ്പോള്‍ ഞാന്‍ വിതുമ്പിപ്പോയപ്പോള്‍ അദ്ദേഹം ശകാരിച്ചുകൊണ്ട് പറയുകയാണ്, എന്താണ് മമ്മൂട്ടി സാഹിബേ ഇത്. ഇതൊക്കെ നമ്മള്‍ക്ക് ചേര്‍ന്നതാണോ? അവന്‍ തന്ന അനാമത്ത് അവന്‍ തിരിച്ചെടുത്തതില്‍ നമ്മളെന്തിനാണ് ബഹളം വെക്കുന്നത്. കാഴ്ചയില്ലാത്ത ഉസ്മാന്‍ സാഹിബിന്റെ ഏക ആശ്രയമായ മകന്റെ വേര്‍പാടിലാണദ്ദേഹം ഇങ്ങനെ പ്രതികരിച്ചതെന്നോര്‍ക്കണം!
രണ്ടാമത്തെ ഒരനുഭവം മസ്‌കത്തില്‍ ജോലി ചെയ്യുന്ന കുറ്റ്യാടിക്കാരനായ മൊയ്തു സാഹിബിന്റെ മകന്റെ വേര്‍പാടായിരുന്നു. ആ ജനാസക്ക് മുന്നിലും ആ പിതാവ് പുഞ്ചിരിച്ചു തന്നെ നിന്നത് എന്നെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഈ പറഞ്ഞ രണ്ടുപേരും ഇങ്ങനെ വിസ്തരിച്ച് ഒരു അനുസ്മരണമൊന്നും കോറിയിട്ടിരുന്നില്ല. അബ്ദുല്‍ വഹാബ് സാഹിബിന് എങ്ങനെ ഇതിന്നായി എന്നത് ആശ്ചര്യപ്പെടുത്തുന്നു. ആ ബാപ്പാനെയും കുടുംബാദികളെയും സ്വര്‍ഗകവാടത്തില്‍ കാത്തിരിക്കുന്ന അഫീഫിനെ ഞാനിതാ എന്റെ അകക്കണ്ണ് കൊണ്ട് കാണുന്നുണ്ട്. ആ കാഴ്ച അല്ലാഹു സഫലമാക്കിക്കൊടുക്കുമാറാകട്ടെ.
മമ്മൂട്ടി കവിയൂര്‍
'വരിയും വരയും'
വായനയുടെ അനന്ത ചക്രവാളങ്ങള്‍ തുറന്ന് കൊണ്ട് പ്രബോധനത്തില്‍ 'വരിയും വരയും' എന്ന ഒരു പംക്തി തുടങ്ങുകയും ഒരു മുന്നറിയിപ്പുമില്ലാതെ അത് അവസാനിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ കുറേ ലക്കങ്ങള്‍ പ്രതീക്ഷയോടെ നിവര്‍ത്തി നോക്കി, പക്ഷേ 'വരിയും വരയും' കണ്ടില്ല. മറ്റു പല ആനുകാലികങ്ങളിലും കാണാന്‍ കഴിയാത്ത ഒരു പ്രത്യേക വായനാനുഭവം ആ പംക്തിക്കുണ്ടായിരുന്നു. ലേഖകനും പ്രബോധനവും മനസ്സ് വെച്ചിരുന്നെങ്കില്‍ അത് തുടരാമായിരുന്നു. മാത്രമല്ല പ്രബോധനത്തിന് അതൊരു മുതല്‍ക്കൂട്ടായി തീരുമായിരുന്നു. ഒരു പുതിയ പംക്തി തുടങ്ങുമ്പോള്‍ ഇനിയെങ്കിലും ശ്രദ്ധിക്കേണ്ട ഒരു കാര്യം അതിന്റെ തുടര്‍ച്ചയെപ്പറ്റിയാണ്. കേവലം നാലോ അഞ്ചോ ലക്കങ്ങള്‍ക്കുള്ളതാണെങ്കില്‍ അത് തുടര്‍ ലേഖനമായിട്ട് നല്‍കിയാല്‍ മതിയാകും. ആ 'വരിയും വരയും' പംക്തിയുടെ ലോഗോയും മറ്റും കണ്ടാല്‍ വായനക്കാര്‍ക്ക് തോന്നുക ഏറെക്കാലത്തേക്കുള്ള ഒരു വിഭവമായിട്ടാണ്. സദ്യക്ക് വിരിക്കുന്ന ഇല വേണ്ടല്ലോ, പലഹാരത്തിനും ചായക്കും. വേണ്ടത്ര മുന്നൊരുക്കം ഇല്ലാതെ ധൃതികൂട്ടി ഇനിയെങ്കിലും ഇത്തരം പംക്തികള്‍ തുടങ്ങരുതെന്നും അല്‍പം അവധാനതയോടെ ചുവടുകള്‍ വെക്കണമെന്നും അപേക്ഷിക്കുന്നു. ഖുര്‍ആനിനും ഹദീസിനും പുറമെ ഒരു തുടര്‍ പംക്തി കൂടി ഉണ്ടാകുന്നത് നന്നായിരിക്കും.
കെ.കെ നൗഷാദ്
Comments