Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 28

3069

1440 മുഹര്‍റം 17

മതപരിവര്‍ത്തനത്തിന്റെ നിയമ സങ്കീര്‍ണതകള്‍

അഡ്വ. സി അഹ്മദ് ഫായിസ്

മതംമാറ്റവും അതിനെ തുടര്‍ന്നുള്ള വിവാദങ്ങളും അരങ്ങു തകര്‍ക്കുന്ന സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തിലാണ് നാമിന്നുള്ളത്. ഇന്ത്യയില്‍ ഒരു വ്യക്തിയോ ഒരു കൂട്ടം ആളുകളോ  മതം മാറുന്നതുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് കൊളോണിയല്‍ കാലഘട്ടം മുതല്‍ക്കു തന്നെ പല തരത്തിലുള്ള നിയന്ത്രണങ്ങളും പല നാട്ടുരാജ്യങ്ങളും കൊണ്ടുവരികയുണ്ടായിട്ടുണ്ട്.  എന്നാല്‍ കോളനിയാനന്തര ഇന്ത്യയില്‍ ഹിന്ദു മതത്തില്‍നിന്ന് ഇസ്‌ലാം-ക്രൈസ്തവ മതങ്ങളിലേക്കുള്ള പരിവര്‍ത്തനം ഏറെ നിയമ സങ്കീര്‍ണതകള്‍ വരുത്തിവെക്കുന്നതും കാണാം. പലപ്പോഴും പരിവര്‍ത്തിതരുടെ അഭിപ്രായം കണക്കിലെടുക്കാതെ അവരെ മതം മാറ്റി അല്ലെങ്കില്‍ അതിന് പ്രേരിപ്പിച്ചു എന്ന 'കുറ്റ'ത്തിന് തടവും പിഴയുമൊക്കെ വിധിക്കുന്ന നിയമങ്ങള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിലവിലുണ്ട് . ഇത്തരം നിയമങ്ങള്‍ ഭരണഘടനാപരമായി തെറ്റല്ലെന്ന നിലപാടാണ് സുപ്രീം കോടതിക്കുമുള്ളത്. പലപ്പോഴും ഇസ്‌ലാമിലേക്കുള്ള മതം മാറ്റം പല അര്‍ഥത്തില്‍ വിവാദങ്ങളുണ്ടാക്കുകയും കോടതി കയറുകയും ചെയ്യാറുണ്ട്. ഹാദിയ കേസ് അതിലേറ്റവും ഒടുവിലെത്തേതല്ല. ഇസ്‌ലാമിലേക്ക് മതംമാറുന്ന ആളുകള്‍ മാനസികമായും സാമൂഹികമായും നിയമപരവുമായി അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ അനവധിയാണ്. കേരളത്തില്‍ ഇസ്‌ലാമിലേക്ക് മതം മാറുന്ന ആളുകള്‍ അനുഭവിക്കുന്ന നിയമ സങ്കീര്‍ണതകളെ കുറിച്ചാണ് ഈ പഠനം പറയാന്‍ ശ്രമിക്കുന്നത്. ഇസ്‌ലാമിക മത പ്രബോധന രംഗത്ത് പ്രവര്‍ത്തിക്കുന്ന ചിലയാളുകളോടും ചില മത പരിവര്‍ത്തിതരോടും അവരുടെ അഭിഭാഷകരോടും ചില സാമൂഹിക പ്രവര്‍ത്തകരോടും  നടത്തിയ സംഭാഷണങ്ങളാണ് ഈ ലേഖനത്തിനാധാരം. ഈ വര്‍ഷം  ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം  ചെയ്ത  ആളുകളെ പ്രതിനിധീകരിച്ച് പ്രസ്തുത വ്യക്തികളോ  അവരോട് ബന്ധപ്പെട്ട ആളുകളോ  നല്‍കിയ ഹരജികളില്‍ കേരള ഹൈക്കോടതിയില്‍നിന്ന് ഉായ വിഭിന്നമായ വിധികളാണ് ഈ പഠനത്തിന് പ്രചോദകമായത്. 

കോഴിക്കോട്ടെ മീഡിയ റിസര്‍ച്ച് ഫൗണ്ടേഷന്‍ വിവരാവകാശ നിയമ പ്രകാരം ശേഖരിച്ച വസ്തുതകള്‍ ആധാരമാക്കി നടത്തിയ പഠന പ്രകാരം ജനുവരി 2011 മുതല്‍ ഡിസംബര്‍ 2017 വരെയുള്ള കാലയളവില്‍ 8,334 പേരാണ് ഔദ്യോഗികമായി മതം മാറിയവര്‍. ഇതില്‍ 60 ശതമാനം  (4968 പേര്‍) ഹിന്ദു മതത്തിലേക്ക് മാറിയവരാണെങ്കില്‍ ഇസ്‌ലാമിലേക്ക് മാറിയത് 1,864 പേര്‍ മാത്രമാണ് (60% Kerala converts chose Hinduism, shows study/ 07 March 2018/ english.manoramaonline.com). കേരളത്തില്‍ ഇസ്‌ലാമിലേക്ക് മതം മാറ്റാന്‍  ലൗ ജിഹാദ് കാമ്പയിന്‍ ഉണ്ടെന്ന കള്ളപ്രചാരണങ്ങള്‍ ഒരിടത്ത് നടക്കുമ്പോള്‍  ഔദ്യോഗിക രേഖകളില്‍ ഇസ്‌ലാമിലേക്ക് മതം മാറിയതായി കാണിക്കുന്ന ആളുകളുടെ എണ്ണത്തില്‍ കാണുന്ന കുറവ് എന്തുകൊണ്ട് എന്ന ചോദ്യം ഈ പഠനത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.

 

കേരള ഹൈക്കോടതിയിലെ കേസുകള്‍

ഗവണ്‍മെന്റ് രേഖകളില്‍ താന്‍ മതം മാറിയെന്ന് കാണിക്കാന്‍ ഒരു വ്യക്തിക്ക് ഏതെങ്കിലും സ്ഥാപനത്തില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യമാണോ? ഈ വര്‍ഷം ജനുവരിയില്‍ കേരള ഹൈക്കോടതിയുടെ മുമ്പിലുണ്ടായിരുന്നത് ഈയൊരു ചോദ്യമായിരുന്നു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനിയായ ആഇശ (മുമ്പ് ദേവകി) നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കവെയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഇത്തരമൊരു ചോദ്യം ചോദിച്ചത്. മുമ്പ് ഇസ്‌ലാം സ്വീകരിച്ചിരുന്ന ഡോക്ടറായ മകനെ പിന്തുടര്‍ന്നാണ് ഇവര്‍ ഇസ്‌ലാം മതം സ്വീകരിച്ചത്.   അതിനു ശേഷം പേരും മതവും മറ്റും ഔദ്യോഗികമായി മാറുന്നതിനായി തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് ഓഫ് പ്രിന്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അപേക്ഷിച്ചെങ്കിലും അവരുടെ അപേക്ഷ നിരസിക്കപ്പെട്ടു. ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍നിന്നും മതം മാറിയെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല എന്നതായിരുന്നു  നിരസിക്കപ്പെടാനുള്ള  കാരണം. 30/10/2004, 09/11/2004 എന്നീ തീയതികളില്‍ പുറപ്പെടുവിച്ച ഗവണ്‍മെന്റ് ഉത്തരവുകള്‍ പ്രകാരം പൊന്നാനിയിലെ മഊനത്തുല്‍ ഇസ്‌ലാം അസോസിയേഷനും കോഴിക്കോട്ടെ തര്‍ബിയത്തുല്‍ ഇസ്‌ലാം സഭയുമാണ് സര്‍ക്കാര്‍ അംഗീകരിച്ച രണ്ടു സ്ഥാപനങ്ങള്‍. മതം മാറിയെന്ന് കാണിക്കാനുള്ള രേഖകള്‍ നല്‍കാന്‍ അങ്ങനെ ഏതെങ്കിലും ഒന്നോ രണ്ടോ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അധികാരം (Exlusive right) നല്‍കാന്‍ കഴിയില്ലെന്ന് നിരീക്ഷിച്ച കോടതി  മതം ആചരിക്കാന്‍ പൗരന് ഭരണഘടന നല്‍കുന്ന അവകാശം ഇത്തരം രേഖകളുടെ അടിസ്ഥാനത്തില്‍ നിഷേധിക്കപ്പെടരുത് എന്നും പറയുകയുണ്ടായി. ഒരാള്‍ക്ക് താന്‍ മതം മാറിയെന്ന് കാണിക്കാന്‍ ഏതെങ്കിലും സവിശേഷമായ നടപടിയിലൂടെ ഏതെങ്കിലും പ്രത്യേക സ്ഥാപനം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിലൂടെ മാത്രമേ കഴിയൂ എന്നത് മതം ആചരിക്കാന്‍ പൗരന് ഭരണഘടന  നല്‍കുന്ന അവകാശത്തിന് എതിരാണ് എന്നും കോടതി വിധിയിലുണ്ട്. മാത്രവുമല്ല താന്‍ സ്വമനസ്സാലെയാണ് മതം മാറിയത് എന്ന് സ്വയം ഒപ്പിട്ട സാക്ഷ്യപത്രം ഹാജരാക്കിയാല്‍ മതിയെന്നും കോടതി പറയുകയുണ്ടായി

പൊന്നാനി, കോഴിക്കോട് എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് മതം മാറിയതായി കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള പ്രത്യേക അധികാരം നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവിനെ ഹരജിക്കാരി ചോദ്യം ചെയ്തിരുന്നുവെങ്കിലും ഗവണ്‍മെന്റിന് ഈ രണ്ടു സ്ഥാപനങ്ങളിലെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിര്‍ബന്ധിക്കാന്‍ അവകാശമില്ല എന്നും, മേല്‍ തീയതിയില്‍ സൂചിപ്പിച്ച ഉത്തരവിന്റെ കേവലം നിര്‍ദേശക സ്വഭാവം മാത്രമാണുള്ളതെന്നും നിര്‍ബന്ധ സ്വഭാവത്തിലുള്ളതല്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം താന്‍ സ്വയം മതം മാറിയതാണ് എന്നൊരാളുടെ  സത്യവാങ്മൂലത്തില്‍ സംശയം തോന്നിയാല്‍ സ്റ്റേറ്റിന് ഔദ്യോഗികമായി തഹസില്‍ദാര്‍ വഴി  അന്വേഷിക്കാമെന്ന പരാമര്‍ശവും വിധിയിലുണ്ട്. അതേ സമയം ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും കേരളീയനായ ഒരു ഹിന്ദു യുവാവിനെ വിവാഹം ചെയ്യുകയും ചെയ്ത ഫിലിപ്പൈന്‍ യുവതിയുടെ കേസിലും മതപരിവര്‍ത്തനം ചെയ്തതിന് ഏതെങ്കിലും സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടതില്ലെന്നും സ്വയം സമര്‍പ്പിക്കുന്ന സത്യവാങ്മൂലം മതിയാകുമെന്നും കോടതി പറയുകയുണ്ടായി. വിവാഹ രജിസ്ട്രാര്‍ക്ക് ഒരാളുടെ മത പരിവര്‍ത്തനം സാധുതയുള്ളതാണോ അല്ലേ എന്ന് നോക്കാന്‍ അധികാരമില്ലെന്നും ആഇശാ കേസിന്റെ  ചുവടു പിടിച്ച് ഈ കേസ് പരിഗണിച്ച ജസ്റ്റിസ് മുഷ്താഖ് അഭിപ്രായപ്പെട്ടു. 

ആഇശാ കേസിലെ വിധി പുറത്തു വന്ന് അധികം കഴിയുന്നതിനു മുമ്പാണ്, ഈ വര്‍ഷം  ഫെബ്രുവരിയില്‍ തൃശൂര്‍ മതിലകത്തെ സ്‌കൂള്‍ അധ്യാപകനും ബൈബിള്‍ പണ്ഡിതനുമായിരുന്ന ഇ.സി സൈമണ്‍ മാസ്റ്റര്‍ മരണപ്പെടുന്നത്. ഇസ്‌ലാംമതം സ്വീകരിച്ച സൈമണ്‍ മാഷ് ഇ.സി മുഹമ്മദ് എന്ന പേരിലാണ്  ജീവിച്ചിരുന്നത്. ഹജ്ജ് ചെയ്ത അദ്ദേഹത്തിന് പക്ഷേ മരണാനന്തരം ഇസ്‌ലാമിക വിധിപ്രകാരമുള്ള അന്ത്യകര്‍മങ്ങള്‍ ലഭിക്കുകയുണ്ടായില്ല. സൈമണ്‍ മാഷുടെ കേസിലെ   അനുഭവം മുന്‍നിര്‍ത്തിയാണ് ഈ വര്‍ഷം മാര്‍ച്ച് ആദ്യത്തില്‍ മൂവാറ്റുപുഴയിലെ വെമ്മട്ടിക്കര റാഫേലിന്റെ മകന്‍ തദേവൂസ് (ഇപ്പോള്‍ അബൂ ത്വാലിബ്) കേരളാ ഹൈക്കോടതിയില്‍ ഒരു റിട്ട് ഹരജി നല്‍കുന്നത്. ഹിന്ദു സ്ത്രീയെ വിവാഹം കഴിച്ച തദേവൂസ്, സൈമണ്‍ മാഷിന്റെ അനുഭവം തനിക്കുണ്ടാവാന്‍ പാടില്ലെന്ന വിചാരത്തിലാണ് ഹരജി നല്‍കിയത്. ഭാര്യയും മൂന്ന് മക്കളും ക്രിസ്ത്യന്‍ മതാചാരപ്രകാരം ജീവിക്കുമ്പോള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇസ്‌ലാം മതാചാരപ്രകാരമാണ് തദേവൂസിന്റെ ജീവിതം. 1937-ല്‍ പാസ്സാക്കിയ മുസ്‌ലിം പേഴ്‌സണല്‍ ലോ (ശരീഅത്ത്) അപ്ലിക്കേഷന്‍ ആക്ടിലെ മൂന്നാം വകുപ്പില്‍ മുസ്‌ലിം വ്യക്തി നിയമം തനിക്ക് ബാധകമാകണം എന്നാഗ്രഹിക്കുന്ന ഏതൊരാളും (ഇവിടെ മതം മാറിയ ആള്‍) താന്‍ മുസ്‌ലിം ആണെന്നും മുസ്‌ലിം വ്യക്തി നിയമം തന്റെ മേല്‍ ബാധകമാക്കണമെന്നുമുള്ള സത്യവാങ്മൂലം സ്റ്റേറ്റ് നിയോഗിക്കുന്ന അധികാരിയുടെ മുന്നില്‍ നടത്തണമെന്നുമുള്ള 3 (1) വകുപ്പ് നടപ്പിലാക്കിയിട്ടില്ല എന്നും ആക്ടിലെ നാലാം വകുപ്പ് രണ്ടാം ഉപവകുപ്പ് പ്രകാരം സ്റ്റേറ്റ് അത്തരമൊരു അധികാരിയെ നിയോഗിക്കാന്‍ ബാധ്യസ്ഥരാണ് എന്നും വാദിച്ചുകൊണ്ടാണ് തദേവൂസ് ഹരജി നല്‍കിയത്.  ഇസ്‌ലാമിലേക്കുള്ള മതംമാറ്റം ഔദ്യോഗികമായി അംഗീകരിക്കപ്പെടാന്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും  അധികാരമുള്ള ഒരു സംവിധാനം  കേരളത്തില്‍ അങ്ങോളമിങ്ങോളം ആറു ഡിവിഷണല്‍ ഓഫീസുകളുള്ള  വഖ്ഫ് ബോര്‍ഡിനു കീഴില്‍ തുടങ്ങണം എന്നൊരാവശ്യവും ഹരജിയിലുണ്ടായിരുന്നു. 1937-ലെ  മുസ്‌ലിം വ്യക്തി നിയമത്തിലെ നാലാം വകുപ്പില്‍ ഏതെങ്കിലും ഒരു  അധികാരിയെ നിശ്ചയിക്കണമെന്ന് പറയുന്നുണ്ടെങ്കിലും അതൊരു നിര്‍ബന്ധ ബാധ്യതയാണോ എന്നതായിരുന്നു കോടതിയുടെ മുന്നിലെ ചോദ്യം. 

ഒടുവില്‍ ഹരജിക്കാരന്റെ വാദം അംഗീകരിച്ച കോടതി മൂന്ന് മാസത്തിനകം മുസ്‌ലിം പേഴ്‌സണല്‍ ലോ (ശരീഅത്ത്) അപ്ലിക്കേഷന്‍ ആക്ട് പ്രകാരം ഒരാള്‍ താന്‍ മുസ്‌ലിം ആണെന്നും മുസ്‌ലിം വ്യക്തി നിയമങ്ങള്‍ ബാധകമാക്കാന്‍ ആഗ്രഹിക്കുന്നു എന്നുള്ള പ്രസ്താവനയും അതിന്‍പ്രകാരമുള്ള അപേക്ഷയും മറ്റും സ്വീകരിക്കാനും  ഒരു അധികാരിയെ (Authority) നിയമിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കിയത് ഇക്കഴിഞ്ഞ ജൂണ്‍ അവസാനമാണ്.  ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞ ആഇശയുടെ കേസില്‍, ഔദ്യോഗികമായി മതം മാറാന്‍ ഒരു കേന്ദ്രത്തിന്റെയും സാക്ഷ്യപത്രമോ മറ്റോ വേണ്ടതില്ല എന്നും സ്വയം സാക്ഷ്യപത്രം മാത്രം മതിയെന്നുമുള്ള, മതം ആചരിക്കാനുള്ള അവകാശം മൗലികാവകാശമാണ് എന്ന  ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 25-നെ അടിസ്ഥാനപ്പെടുത്തിയുള്ള വിധിയാണുണ്ടായതെങ്കില്‍ തദേവൂസിന്റെ കേസില്‍ മതം മാറിയത് ഔദ്യോഗികമായി അംഗീകരിക്കപ്പെടാന്‍ സ്റ്റേറ്റ് ഒരു അധികാരിയെ നിയമിക്കണമെന്ന വിധിയാണുണ്ടായിരിക്കുന്നത്.  

 

മുസ്‌ലിം മത പരിവര്‍ത്തിതരുടെ പ്രശ്‌നങ്ങള്‍

ആഇശയുടെയും തദേവൂസിന്റെയും കേസുകളിലെ വിധികളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന ആളുകള്‍  പ്രായോഗിക തലത്തില്‍  അഭിമുഖീകരിക്കുന്ന നിയമ പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍  ഈ ലേഖകന്‍ ശ്രമിക്കുകയുണ്ടായി. താന്‍ ജനിച്ചു വളര്‍ന്ന സാമൂഹിക പരിസരത്തില്‍നിന്ന് മറ്റൊരു സാമൂഹിക പരിസരത്തേക്ക് മാറുന്നു എന്നതിനാല്‍ തന്നെ മതം മാറുന്ന ഓരോ വ്യക്തിയും വിഭിന്നമായ തലത്തിലാണ് നിയമ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നത് എന്നത് മുകളില്‍ രണ്ടു പരിവര്‍ത്തിതരുയര്‍ത്തിയ തികച്ചും ഭിന്നമായ ആവശ്യങ്ങളില്‍നിന്ന് നമുക്ക് മനസ്സിലാക്കാം. ഇസ്‌ലാമിക മത പ്രബോധന രംഗത്ത് കാലങ്ങളായി പ്രവര്‍ത്തിക്കുന്ന ആളുകള്‍ മേല്‍ സൂചിപ്പിച്ച രണ്ടു വിധികളും അതുണ്ടാകുന്ന പ്രായോഗിക പ്രശ്‌നങ്ങളും ഈ ലേഖകനോട് പങ്കുവെക്കുകയുണ്ടായി. അതിനു പുറമെ ഇസ്‌ലാം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക്  ഇസ്‌ലാമിനെ കുറിച്ച് പഠിക്കാന്‍  നിലവില്‍ മുസ്‌ലിം സമുദായം ഒരുക്കിയിട്ടുള്ള  സംവിധാനങ്ങള്‍ എത്രത്തോളം അപര്യാപ്തമാണെന്നും ഇസ്‌ലാമിലേക്ക് മത പരിവര്‍ത്തനം ചെയ്ത ആളുകള്‍ സൂചിപ്പിക്കുകയുണ്ടായി. 

ആഇശ കേസിലെ വിധി പ്രകാരം പൊന്നാനി, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്നുള്ള മതം മാറി എന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റില്ലാതെ ബന്ധപ്പെട്ട ജില്ലാ  കലക്ടറേറ്റില്‍ പേരും മതവും മാറാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍  പ്രസ്തുത വിധി ഹരജിക്കാരിയായ ആഇശക്ക് മാത്രം ബാധകമായ ഒന്നാണെന്നും സമാനമായ അവസ്ഥയിലുള്ള മറ്റുള്ളവര്‍ക്ക് സ്വയം സാക്ഷ്യപ്പെടുത്തിയ പ്രസ്താവന ഉള്‍പ്പെടുത്തി ഔദ്യോഗികമായി പേരും മതവും  മാറാന്‍ കഴിയില്ല എന്നുമാണ് ഉത്തരവാദിത്തപ്പെട്ട ജില്ലാ ഫോറം ഓഫീസറില്‍നിന്നും പേര് പുറത്തു പറയാന്‍ ആഗ്രഹിക്കാത്ത ഒരു അപേക്ഷകന്  ലഭിച്ച വാക്കാലുള്ള  മറുപടി. എന്നാല്‍ ഈ മറുപടി എഴുതി നല്‍കാന്‍ പ്രസ്തുത ഓഫീസര്‍ തയാറായില്ല എന്നും അദ്ദേഹം വെളിപ്പെടുത്തി.  ഭരണഘടന നല്‍കുന്ന അവകാശം ലഭ്യമാകാന്‍ ഓരോ മുസ്‌ലിം മത  പരിവര്‍ത്തിതനും/പരിവര്‍ത്തിതയും ഹൈക്കോടതിയില്‍ ഹരജി നല്‍കേണ്ടിവരുമോ എന്നതാണ് ഈയൊരു ഘട്ടത്തില്‍ ഉയരുന്ന ചോദ്യം. ആഇശ കേസിലെ വിധി ഹരജിക്കാരിക്ക് മാത്രം പരിമിതപ്പെടുത്തിക്കൊണ്ടുള്ള ഒരു വരി പോലും ഉത്തരവിലില്ല എന്നതാണ് വാസ്തവം.

കേരളത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഇസ്‌ലാമിലേക്ക് മത പരിവര്‍ത്തനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് 'ഔദ്യോഗിക പരിവേഷത്തോടെ' ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ പൊന്നാനി, കോഴിക്കോട് എന്നീ രണ്ടു കേന്ദ്രങ്ങള്‍ മാത്രമാണുള്ളത്.  എന്നാല്‍ ഇവിടങ്ങളിലെ സര്‍ട്ടിഫിക്കറ്റിന് നിയമപ്രകാരമുള്ള (ടമേൗേീേൃ്യ) പ്രാബല്യമില്ല. ഇവിടങ്ങളിലെ സര്‍ട്ടിഫിക്കറ്റിന് ആറു മാസത്തെ കാലാവധി മാത്രമേയുള്ളൂ എന്ന് ഇവിടങ്ങളില്‍ ചേര്‍ന്ന്  പഠിച്ചവരും ഇസ്‌ലാമിക പ്രബോധന രംഗത്ത് പ്രവര്‍ത്തിക്കുന്നവരും സാക്ഷ്യപ്പെടുത്തുന്നു. രണ്ടിടങ്ങളിലും  മതം മാറിയെന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ രണ്ടു മാസത്തെ നിര്‍ബന്ധിത കോഴ്‌സ് അവിടെ തന്നെ താമസിച്ചു പഠിക്കേണ്ടതുണ്ട്.  തെക്കന്‍ ജില്ലകളിലുള്ളവര്‍ക്ക്  വടക്കുള്ള പൊന്നാനിയിലോ  കോഴിക്കോട്ടോ  വന്ന് രണ്ടു മാസത്തോളം താമസിച്ചു പഠിക്കുകയെന്നത് പ്രയാസം സൃഷ്ടിക്കുന്ന ഒന്നാണ് എന്നാണ് അനുഭവസ്ഥര്‍ പങ്കുവെച്ച കാര്യം. മാത്രവുമല്ല വിദേശ രാജ്യങ്ങളിലും മറ്റും വെച്ച് ഇസ്‌ലാമിനെ കുറിച്ച് പഠിച്ച് നാട്ടില്‍ വന്ന് ഔദ്യോഗികമായി ഇസ്‌ലാം മതം പുല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും   നാട്ടില്‍ തന്നെ കുടുംബ ജീവിതം നയിക്കുന്ന ആളുകള്‍ക്കും ഇത്തരം നിബന്ധനകള്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇപ്പോള്‍ ആഇശ കേസിലെ വിധിയോടെ ഈ രണ്ടു കേന്ദ്രങ്ങളില്‍ പഠിച്ച് ഇവിടങ്ങളിലെ സര്‍ട്ടിഫിക്കറ്റ് കൂടെ വെച്ചാല്‍  മാത്രമേ ഔദ്യോഗികമായി മതം, പേര് എന്നിവ മാറാന്‍ കഴിയൂ എന്ന നില നിയമപരമായി മാറിയിട്ടുണ്ടെങ്കിലും മേല്‍ പറഞ്ഞ രീതിയില്‍   സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ച് പ്രസ്തുത വിധിയുടെ അന്തസ്സത്തയെ ഇല്ലാതാക്കുന്ന ബ്യൂറോക്രാറ്റിക് സമീപനങ്ങള്‍ ഉണ്ടാവുന്നതായി ചില പരിവര്‍ത്തിതര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. 

തദേവൂസ് കേസിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക്  അപേക്ഷിക്കാനും സാക്ഷ്യപ്പെടുത്താനും ഒരു അതോറിറ്റിയെ നിശ്ചയിക്കുകയാണെങ്കില്‍ ഇസ്‌ലാമിലേക്ക് മത പരിവര്‍ത്തനം ചെയ്യുന്ന ആളുകള്‍ക്ക് അതെത്രത്തോളം ഉപകാരപ്രദമാവും എന്ന ചോദ്യം കൂടി പ്രധാനമാണ്. എന്തായിരിക്കും അതിന്റെ സ്വഭാവമെന്നും പ്രസ്തുത അതോറിറ്റിക്ക് എന്തൊക്കെ അധികാരങ്ങള്‍ ഉണ്ടാവും എന്നതിനെ കുറിച്ചും മുസ്‌ലിം സമുദായം ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. ഒരു വ്യക്തി മത പരിവര്‍ത്തനം നടത്തിയത് സ്വമനസ്സാലെയാണോ അല്ലേയെന്ന് ബന്ധപ്പെട്ട അധികാരിക്ക് (മിക്കപ്പോഴും ജില്ലാ മജിസ്‌ട്രേറ്റ്) കൂടി ബോധ്യപ്പെടണം, പരിവര്‍ത്തനം നടത്താന്‍ മുപ്പത് ദിവസം മുമ്പേ നോട്ടീസ് നല്‍കണം  എന്നീ  വകുപ്പുകള്‍  കാണാം എന്നതാണ് ഇന്ത്യയിലെ ആറോളം സംസ്ഥാനങ്ങളില്‍ നിലവിലുള്ള മത സ്വാതന്ത്ര്യ നിയമമെന്ന പേരിലുള്ള മതപരിവര്‍ത്തന നിരോധന നിയമങ്ങളിലെല്ലാം കാണുന്ന ഒരു പൊതു ഘടകം. മതപരിവര്‍ത്തനം ഭരണഘടനാപരമായി  ഒരു പൗരന്റെ മൗലിക അവകാശമായിരിക്കെത്തന്നെ ഇന്ത്യയില്‍ സ്റ്റേറ്റ് ഒരു വ്യക്തിയുടെ തികച്ചും സ്വകാര്യമായ  തെരഞ്ഞെടുപ്പായ മതവിശ്വാസത്തിന്റെ, വിശിഷ്യാ ഇസ്‌ലാം-ക്രിസ്ത്യന്‍ മതങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിന്റെ  കാര്യത്തില്‍  ഒരു ഗേറ്റ് കീപ്പറുടെ റോള്‍ നിര്‍വഹിക്കുന്നതായി മാര്‍ക്ക് ഗലന്ററെ(Marc Galanter) പോലുള്ള നിയമവിശാരദര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായിട്ടുണ്ട്. അത്തരത്തില്‍ ഒരു ഗേറ്റ് കീപ്പറുടെ റോള്‍ നിര്‍വഹിക്കുന്ന ഒരാളായിട്ടായിരിക്കുമോ മുസ്‌ലിം വ്യക്തി നിയമത്തിലെ നിര്‍ദിഷ്്ട അതോറിറ്റിയുടെ  റോള്‍ എന്നത് ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ മുസ്‌ലിം സമുദായ നേതാക്കള്‍ ഗൗരവതരമായി ആലോചിക്കേണ്ട വിഷയമാണ് . 

ആഇശ കേസിലെ വിധി ഇസ്‌ലാമിലേക്കുള്ള മത പരിവര്‍ത്തനത്തിന്റെ നിയമപരവും മറ്റുമുള്ള  സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നത് പരിവര്‍ത്തിതരെ സംബന്ധിച്ചേടത്തോളം ആശ്വാസകരമാണ് എന്നാണ്  അനുഭവസ്ഥരില്‍ പലരും പങ്കുവെച്ചത്. എന്നാല്‍ തദേവൂസ് കേസിലെ വിധിയെ മുസ്‌ലിം സമുദായം കുറേകൂടി അവധാനതയോടെ സമീപിക്കണം. ഇസ്‌ലാമിലേക്ക് മത പരിവര്‍ത്തനം ചെയ്യുന്നവര്‍ പങ്കുവെക്കുന്ന പല തരം ആശങ്കകള്‍ ദൂരീകരിക്കും വിധത്തിലുമാവണമത്. വിശിഷ്യാ, പൊന്നാനിയിലെയോ കോഴിക്കോട്ടെയോ കേന്ദ്രങ്ങളില്‍ ചേര്‍ന്ന് പഠിച്ചാല്‍ മാത്രമേ പരിവര്‍ത്തനം സാധൂകരിക്കപ്പെടുകയുള്ളൂ എന്ന നില മാറുകയും മഊനത്തിനും തര്‍ബിയത്തിനും ഒപ്പം കേരളത്തിലെ തെക്കും വടക്കുമെല്ലാം പല മുസ്‌ലിം സംഘടനകളും നടത്തുന്ന മത പഠനശാലകള്‍ക്ക്  ശരീഅത്ത് ആക്ടിലെ സെക്ഷന്‍ നാലില്‍ പറഞ്ഞിട്ടുള്ള  ‘Prescribed Authority' യുടെ അധികാരം നല്‍കാനും മുസ്‌ലിം സമുദായം ആവശ്യമുയര്‍ത്തേണ്ടതുണ്ട്. ഇപ്പോള്‍ കോടതി വിധിയെ തുടര്‍ന്ന് മുസ്‌ലിം വ്യക്തി നിയമപ്രകാരം സര്‍ക്കാര്‍ നിയോഗിക്കേണ്ടുന്ന അതോറിറ്റിയെന്നത് സര്‍ക്കാറിന്റെ സംവിധാനങ്ങള്‍ക്ക് നേരിട്ടുള്ള ഇടപെടല്‍ ഒഴിവാക്കുംവിധവും എന്നാല്‍ സുതാര്യവുമായ രീതിയിലുള്ള സംവിധാനം ഉണ്ടാക്കുന്നതിനെ കുറിച്ച് സംഘടനാപക്ഷപാതിത്വത്തിനതീതമായി കൂട്ടായ  ആലോചനകള്‍ ഉണ്ടാവേണ്ടതുണ്ട്. തദേവൂസ് കേസിലെ പരാമര്‍ശങ്ങള്‍ മുസ്‌ലിം വ്യക്തി നിയമം സംബന്ധിച്ചുള്ള വിധിയായതിനാല്‍ വിശദവും വിശാലവുമായ ഒരു ആഭ്യന്തര സര്‍വേ നടത്തുകയും വിഭിന്നമായ സാമൂഹിക പശ്ചാത്തലത്തില്‍ ജീവിക്കുന്ന മുസ്‌ലിം മത പരിവര്‍ത്തിതര്‍  അനുഭവിക്കുന്ന നിയമപരവും സാമൂഹികവുമായ പല സങ്കീര്‍ണതകള്‍ പഠിച്ച് ഈ വിധിയുടെ ശരിയും തെറ്റും വേര്‍തിരിച്ചു തദടിസ്ഥാനത്തില്‍ സര്‍ക്കാറിന് നിവേദനം നല്‍കുന്നതിനെ കുറിച്ചും സമുദായം ആലോചിക്കേണ്ടിയിരിക്കുന്നു. അതേസമയം ഇസ്‌ലാമിനെ പഠിച്ചു മനസ്സിലാക്കി മത പരിവര്‍ത്തനം ചെയ്യാന്‍ ഒരുങ്ങുന്നവര്‍ക്ക്  നിലവില്‍ മുസ്‌ലിം സമുദായത്തിന്റെ  കീഴിലുള്ള ഔദ്യോഗിക സംവിധാനങ്ങളിലെ  പശ്ചാത്തല സൗകര്യങ്ങളിലും അവിടത്തെ അന്തേവാസികള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളിലും അവര്‍ വളരെയധികം ജാഗ്രത പുലര്‍ത്തേണ്ടതുമുണ്ട്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (36 - 40)
എ.വൈ.ആര്‍

ഹദീസ്‌

കര്‍മഭൂമിയില്‍ തളരാതെ മുന്നോട്ട്
കെ.സി ജലീല്‍ പുളിക്കല്‍