പുതിയ കാലത്തെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍
വിശുദ്ധ ഖുര്‍ആന് അതിന്റെ അവതരണക്രമം അനുസരിച്ച് ക്രോഡീകരിച്ച വ്യാഖ്യാന ഗ്രന്ഥങ്ങളിലൊന്നാണ് മുഹമ്മദ് ഇസ്സത്ത് ദറൂസഃ(1888-1984)യുടെ അത്തഫ്‌സീറുല്‍ ഹദീസ്. പത്ത് വാല്യങ്ങളുണ്ട്. തുനീഷ്യയിലെ ദാറുല്‍ ഗര്‍ബില്‍ ഇസ്‌ലാമിയാണ് പ്രസാധകര്‍. പൊതുവെ 'ഇഖ്‌റഉ' എന്നു തുടങ്ങുന്ന അഞ്ച് ആയത്തുകള്‍ വിശദീകരിച്ചുകൊണ്ടാണ് ഇതിന്റെ തുടക്കം. ഈ രീതിയിലുള്ള മറ്റൊരു തഫ്‌സീറാണ് അബ്ദുര്‍റഹ്മാന്‍ ഹബന്നക്ക അല്‍മൈദാനി(1927-2004)യുടെ മആരിജുത്തഫക്കുര്‍ വ ദഖാഇഖുത്തദബ്ബുര്‍ എന്ന കൃതി. പതിനഞ്ചു വാള്യങ്ങളുണ്ട്. ഇതില്‍ മക്കീ സൂറകളുടെ തഫ്‌സീറേയുള്ളൂ. ലബനാനിലെ ദാറുല്‍ ഖലമാണ് പ്രസാധകര്‍. സുഊദിയിലെ ഇവരുടെ വിതരണക്കാര്‍ ജിദ്ദയിലെ ദാറുല്‍ ബശീറാണ്.
ആധുനിക പണ്ഡിതന്മാരുടെ തഫ്‌സീറുകളില്‍ ഏറെ പ്രചാരമുള്ള ഒന്നാണ് അത്തഫ്‌സീറുല്‍ മുനീര്‍. രണ്ടു വാള്യം ഇന്‍ഡക്‌സടക്കം പതിനേഴു വാള്യമാണ്. കര്‍മശാസ്ത്ര പണ്ഡിതന്‍ കൂടിയായ ഡോ. വഹ്ബഃ സുഹൈലി(1932-2015)യാണ് ഗ്രന്ഥകര്‍ത്താവ്. ലബനാനിലെ ദാറുല്‍ ഫിക്‌രില്‍ മുആസിറാണ് പ്രസാധകര്‍. പഠിക്കാനും പഠിപ്പിക്കുന്നവര്‍ക്ക് റഫര്‍ ചെയ്യാനും പറ്റിയ ഒന്നാന്തരം തഫ്‌സീര്‍. നിരവധി പതിപ്പുകളിലായി ലക്ഷക്കണക്കിനു പ്രതികള്‍ വിറ്റഴിഞ്ഞ തഫ്‌സീറാണിത്. ഒരു സൂറയില്‍ ക്രമപ്രകാരം ഏതാനും ആയത്തുകള്‍ എടുത്ത് ആദ്യമായി അവയുടെ പാരായണഭേദങ്ങള്‍ വിശദീകരിക്കും. പിന്നീടതിലെ വ്യാകരണം-ഇഅ്‌റാബ്- ചര്‍ച്ച ചെയ്യും. തുടര്‍ന്ന് അലങ്കാരശാസ്ത്രം-ബലാഗഃ, അതിലെ പദങ്ങളുടെ അര്‍ഥവിശദീകരണം-അല്‍ മുഫ്‌റദാത്തുല്ലുഗവിയ്യഃ എന്നിവ ചര്‍ച്ച ചെയ്യും. പിന്നീടതിന്റെ സാമാന്യം വിശദമായ തഫ്‌സീറും കൊടുക്കും. ഇതിനിടയില്‍ അവതരണ പശ്ചാത്തലവും-സബബുന്നുസൂല്‍- ആയത്തുകള്‍ തമ്മിലുള്ള പരസ്പരബന്ധവും-മുനാസബഃ- വിശദീകരിക്കുന്നുണ്ട്. ഒടുവില്‍ പ്രസ്തുത ആയത്തുകളുടെ പ്രസക്തിയെയും പ്രയോഗവല്‍ക്കരണത്തെയും സംബന്ധിച്ച് ദീര്‍ഘമായി ഉപന്യസിക്കുന്നു. ഇതാണ് ഈ തഫ്‌സീറില്‍ ഗ്രന്ഥകാരന്‍ അവലംബിച്ച രീതി.
അദ്ദേഹത്തിന്റെ തന്നെ ഒറ്റ വാള്യത്തിലുള്ള മറ്റൊരു തഫ്‌സീറാണ് അല്‍ മൗസൂഅത്തുല്‍ ഖുര്‍ആനിയത്തുല്‍ മുയസ്സറഃ. ഓരോ ആയത്തിനും ലളിതമായ വ്യാഖ്യാനം കൊടുത്തിട്ടുണ്ട്. ഏതാണ്ടെല്ലാ ആയത്തിന്റെയും അവതരണ പശ്ചാത്തലം പൂര്‍ണമായിത്തന്നെ കൊടുത്തിട്ടുണ്ട്. അവസാനം ഇന്‍ഡക്‌സും പദങ്ങളുടെ അര്‍ഥവും ചേര്‍ത്തിരിക്കുന്നു. മുദര്‍രിസുമാര്‍ക്കും ഖുര്‍ആന്‍ ക്ലാസ്സെടുക്കുന്നവര്‍ക്കും നല്ലൊരു കൈപ്പുസ്തകമാണീ തഫ്‌സീര്‍. പതിനാലു വാള്യങ്ങളിലുള്ള മൗസൂഅത്തു ഫിഖ്ഹില്‍ ഇസ്‌ലാമി-ഇസ്‌ലാമിക കര്‍മശാസ്ത്ര വിജ്ഞാനകോശം-യുടെ കര്‍ത്താവ് കൂടിയാണ് ഡോ. വഹ്ബഃ സുഹൈലി. എല്ലാ മദ്ഹബുകളെയും ആ വിഷയത്തില്‍ അവര്‍ക്കുള്ള തെളിവുകളെയും അതിന് അവലംബമായിട്ടുള്ള കിതാബുകളെയുമൊക്കെ ഇതില്‍ അദ്ദേഹം ഉദ്ധരിക്കുന്നു.
തഫ്‌സീറിന്റെ വിവിധ ഇനങ്ങളെ പറ്റിയുള്ള പഠനം ഇപ്പോള്‍ ഒരു സ്വതന്ത്ര വിജ്ഞാനശാഖയായി വളര്‍ന്നിട്ടുണ്ട്. അറബ് യൂനിവേഴ്‌സിറ്റികളില്‍ അതൊരു പ്രത്യേക പഠനവിഷയം തന്നെയാണ്. ആ വിഷയത്തിലുള്ള ഒരു പ്രധാന കൃതിയാണ് ഈജിപ്ഷ്യന്‍ ഔഖാഫ് മന്ത്രിയും അസ്ഹരീ പണ്ഡിതനുമായിരുന്ന ഡോ. മുഹമ്മദ് ഹുസൈന്‍ ദഹബി(1915-1977)യുടെ അത്തഫ്‌സീറു വല്‍ മുഫസ്സിറൂന്‍. രണ്ടു വാള്യങ്ങളുണ്ട്. അദ്ദേഹത്തിന്റെ പുത്രനായ ഡോ. മുസ്ത്വഫ ഹുസൈന്‍ ദഹബി മൂന്നാമതൊരു വാള്യം രചിച്ചുകൊണ്ട് അതിനെ സമ്പൂര്‍ണമാക്കിയിട്ടുണ്ട്. ഇത് പൂര്‍ണമായും ഒറ്റ വാള്യത്തിലും ലഭ്യമാണ്. അതിനുശേഷം പല പണ്ഡിതന്മാരും ഈ വിഷയത്തില്‍ നിരവധി കൃതികള്‍ രചിക്കുകയുണ്ടായി. ഡോ. അബ്ദുല്‍ ഗഫൂര്‍ മുസ്ത്വഫ ജഅ്ഫറിന്റെ അത്തഫ്‌സീറു വല്‍ മുഫസ്സിറൂന്‍ ഫീ ഥൗബിഹില്‍ ജദീദ് (പ്രസാധനം ദാറുസ്സലാം കയ്‌റോ), അബ്ദുല്‍ ഖാദിര്‍ മുഹമ്മദ് സ്വാലിഹിന്റെ അത്തഫ്‌സീറു വല്‍ മുഫസ്സിറൂന്‍ ഫീ അസ്‌രില്‍ ഹദീസ് (പ്രസാധനം ദാറുല്‍ മഅ്‌രിഫഃ ലബനാന്‍) എന്നിവയില്‍ ആധുനിക തഫ്‌സീറുകളെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്. ഖുര്‍ആന്‍ പണ്ഡിതനായിരുന്ന ഡോ. ഫദ്ല്‍ ഹസന്‍ അബ്ബാസിന്റേതാണ് ഈ വിഷയത്തിലുള്ള മറ്റൊരു സമഗ്ര കൃതി- അത്തഫ്‌സീറു വല്‍ മുഫസ്സിറൂന്‍ അസാസിയ്യാത്തുഹു വത്തിജാഹാത്തുഹു വ മനാഹിജുഹു ഫീ അസ്‌രില്‍ ഹദീസ്. ആയിരത്തി മുന്നൂറു പേജുകളില്‍ മൂന്നു വാള്യമാണ്. മുഫസ്സിറുകള്‍ തമ്മിലെ അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും ഇതില്‍ സമഗ്രമായി വിശദീകരിച്ചിരിക്കുന്നു. പുതിയ കാലത്ത് രചിക്കപ്പെട്ട എല്ലാ പ്രധാന തഫ്‌സീറുകളെപ്പറ്റിയും ഇതില്‍ നിരൂപണം നടത്തിയിരിക്കുന്നു. പക്വവും നിഷ്പക്ഷവുമായ നിരൂപണം. അമ്മാനിലെ-ജോര്‍ദാന്‍- ദാറുന്നഫായിസാണ് പ്രസാധകര്‍.
ദര്‍സുകളിലും ഖുര്‍ആന്‍ മുഖ്യവിഷയമായി പഠിപ്പിക്കുന്ന സ്ഥാപനങ്ങളിലും പാഠപുസ്തകമാക്കാന്‍ പറ്റിയ കൃതിയാണ് ഡോ. സ്വലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദിയുടെ തഅ്‌രീഫുദ്ദാരിസീന്‍ ബി മനാഹിജില്‍ മുഫസ്സിരീന്‍ എന്ന ഒറ്റ വാള്യത്തിലുള്ള കൃതി. 650-ഓളം പേജുണ്ട്. പ്രസാധകര്‍ ദാറുല്‍ ഖലം. അമ്പതില്‍പരം ഖുര്‍ആന്‍ പഠനഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ഡോ. ഖാലിദി. ലളിത ഭാഷയില്‍ മുഫസ്സിറുകളുടെ രീതിശാസ്ത്രങ്ങളെപ്പറ്റി പഠിതാക്കളെ പരിചയപ്പെടുത്തുന്ന ഒരു കൈപ്പുസ്തകമാണ് അദ്ദേഹത്തിന്റെ ഈ കൃതി. പൗരാണികവും ആധുനികവുമായ പ്രധാന തഫ്‌സീറുകളെ ഇതില്‍ അദ്ദേഹം പരിചയെപ്പടുത്തുന്നുണ്ട്. മുഫസ്സിറുകളുടെ വ്യാഖ്യാനഭേദങ്ങളെയും അതിന്റെ കാരണങ്ങളെയും പറ്റിയുള്ള വിശദമായ പഠനം പക്ഷപാതിത്വം ഇല്ലാതാക്കാനും അഭിപ്രായവ്യത്യാസങ്ങളെ ഹൃദയവിശാലതയോടെ സമീപിക്കാനും സഹായിക്കും. അങ്ങനെയൊരു കാഴ്ചപ്പാടില്ലാത്തതാണ് നമ്മെ കടുത്ത അസഹിഷ്ണുക്കളും മറ്റഭിപ്രായങ്ങളെ വെച്ചുപൊറുപ്പിക്കാനാവാത്തവിധം ഇടുങ്ങിയ മനസ്സുള്ളവരും ആക്കിത്തീര്‍ക്കുന്നത്.
Comments