Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 28

3069

1440 മുഹര്‍റം 17

മദീനയിലെ ജൂത ഗോത്രങ്ങള്‍

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ്-71

പ്രബോധന ദൗത്യത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പുതിയ ആശയതലങ്ങളിലേക്ക് നീങ്ങുകയോ പഴയ ആശയങ്ങളിലേക്കു തന്നെ തിരിച്ചെത്തുകയോ ചെയ്യുകയെന്നത് ഖുര്‍ആന്റെ ശൈലിയാണ്. ഒരു അധ്യായ1ത്തില്‍ മോസസിനെക്കുറിച്ചും മറ്റു പ്രവാചകന്മാരെക്കുറിച്ചും അവരെ പിന്തുടരാന്‍ വിസമ്മതിച്ച ജനസമൂഹങ്ങളുടെ പരിണതിയെക്കുറിച്ചും സംസാരിക്കുന്നു. അടുത്ത അധ്യായ2ത്തില്‍, ഇസ്രായേല്‍ വിഭാഗത്തെ പേരെടുത്ത് പരാമര്‍ശിക്കാതെ അത്തരമാളുകള്‍ക്ക് പരലോകത്ത് വന്നുഭവിക്കാനിരിക്കുന്ന അന്ത്യവിധിയെക്കുറിച്ച് താക്കീതു നല്‍കുന്നു. അവതരണ ക്രമമനുസരിച്ചുള്ള അടുത്ത അധ്യായത്തിന്റെ പേര് 'ഗുഹ'3 എന്നാണ്. പല കഥകളും അതില്‍ ആഖ്യാനം ചെയ്യപ്പെടുന്നുണ്ട്. എല്ലാം ഇസ്‌ലാമിക വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നവ. അതിലൊരു കഥക്ക് ഒരര്‍ഥത്തില്‍ നാം ചര്‍ച്ച ചെയ്യുന്ന വിഷയവുമായി ബന്ധമുണ്ട്. മൂസാ എന്ന് പേരുള്ള ഒരാള്‍ -അത് മോസസ് തന്നെയാണോ മറ്റാരെങ്കിലുമാണോ എന്നത് അപ്രസക്തമാണ്- ജ്ഞാനമന്വേഷിച്ച് നടത്തുന്ന യാത്രകളെപ്പറ്റിയാണത്. അദ്ദേഹത്തിന്റെ നാല് യാത്രകളാണ് ആഖ്യാനം ചെയ്യപ്പെടുന്നത്. തന്നേക്കാള്‍ ജ്ഞാനമുള്ള ഒരാളുമായി സന്ധിക്കാന്‍ രണ്ട് ജലധാരകള്‍ സംഗമിക്കുന്ന (പുഴകളാകാം, കടലുകളാകാം) ഒരിടത്ത് അദ്ദേഹം എത്തിച്ചേരുകയാണ്. ജീവജലം തന്നെയാണത്. ഭക്ഷണമായി കൊണ്ടുവന്ന മത്സ്യത്തിന് ജീവന്‍ വെക്കുകയും അത് വെള്ളത്തില്‍ ചാടി ഊളിയിട്ടുപോവുകയും ചെയ്യുന്നുണ്ടല്ലോ.

മൂസായും ജ്ഞാനിയും ഒരു കപ്പലില്‍ കയറുകയാണ്. കപ്പല്‍ പുറങ്കടലിലെത്തിയപ്പോള്‍ ജ്ഞാനി കപ്പല്‍ കേടു വരുത്തുന്നു. അത് യാത്രികരെയെല്ലാം ഭയപ്പെടുത്തുന്നു. പിന്നെ ഇരുവരും മറ്റൊരു സ്ഥലത്ത് വെച്ച് ഒരു ബാലനെ കണ്ടുമുട്ടുകയും ജ്ഞാനി പ്രത്യക്ഷത്തില്‍ കാരണമൊന്നുമില്ലാതെ അവനെ വധിക്കുകയും ചെയ്യുന്നു. ഒടുവില്‍ അവര്‍ എത്തിച്ചേരുന്നത് ഒരു പട്ടണത്തിലാണ്. തങ്ങള്‍ക്ക് ആതിഥ്യമരുളണമെന്ന് അവര്‍ പട്ടണനിവാസികളോട് അഭ്യര്‍ഥിച്ചെങ്കിലും അവരതിന് തയാറായില്ല. ജ്ഞാനി, ഇതിനിടെ അവിടെ ഒരു വീടിന്റെ തകര്‍ന്നു കിടക്കുന്ന മതില്‍ കൂലിയൊന്നും മേടിക്കാതെ പുതുക്കിപ്പണിതു കൊടുക്കുന്നുമുണ്ട്. ഒടുവില്‍, അന്തിച്ചു നിന്ന മൂസായോട് ജ്ഞാനി തന്റെ ചെയ്തികളുടെ ന്യായങ്ങള്‍ വിശദീകരിക്കുന്നു. ഈ കഥയുടെ, അല്ലെങ്കില്‍ ദൃഷ്ടാന്തകഥയുടെ ഗുണപാഠം ആര്‍ക്കും എല്ലാം അറിയില്ല എന്നതാണ്. ഏതു വലിയ പണ്ഡിതനും തനിക്ക് ബന്ധമില്ലാത്ത മേഖലയെക്കുറിച്ച് അജ്ഞനായിരിക്കും. വേദഗ്രന്ഥങ്ങളില്‍ ഇത്തരം ദൃഷ്ടാന്ത കഥകള്‍ കാണും; അവ ചരിത്രപരമാവണമെന്ന് നിര്‍ബന്ധമില്ല.

പുതുതായി ജീവന്‍വെച്ച മത്സ്യം വെള്ളത്തില്‍ ചാടിയ കഥ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ പാചകക്കാരനിലേക്ക് ചേര്‍ത്തു പറയാറുണ്ട്. അയാളേക്കാള്‍ പൗരാണികനായ ഗില്‍ഗാമേഷി (Gilgamesh)ലേക്ക് ചേര്‍ത്തും കഥിക്കപ്പെടാറുണ്ട്. മോസസിന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു സംഭവം നടന്നതായി പഴയ നിയമത്തില്‍ പരാമര്‍ശമില്ല. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നതിന് അത് മതിയായ തെളിവുമല്ല. നേരത്തേ പറഞ്ഞപോലെ, ഈ സംഭവങ്ങളൊക്കെ നടന്നോ ഇല്ലേ എന്നതല്ല, അവയിലെ ഗുണപാഠങ്ങളാണ് പ്രധാനം. ഇത്തരം വ്യാഖ്യാനങ്ങളെ ഇബ്‌നു അബ്ബാസ് നിശിതമായി ചോദ്യം ചെയ്യുന്നുണ്ടെങ്കിലും (ബുഖാരി 60/27/1-2, 65/18/2, 97/31/15), താബിഈ (സ്വഹാബികള്‍ക്ക് ശേഷമുള്ള തലമുറയില്‍ പെട്ടയാള്‍) ആയ നൗഫ് ബാക്കാലി പറയുന്നത് 'അല്‍കഹ്ഫ്' അധ്യായത്തിലെ മൂസാ, എഫ്രയേമിന്റെ മകന്‍ മീഷാ ആണെന്നാണ്; അത് ബൈബിളിലെ മോസസ് അല്ലെന്നും (ഖസ്തല്ലാനിയുടെ ബുഖാരി വ്യാഖ്യാനം  VII. 216). മീഷായുടെയും ഗില്‍ഗാമേഷിന്റെയും പേരിലെ സാദൃശ്യം പ്രകടമാണല്ലോ.

ജൂതമതത്തെക്കുറിച്ച് മറ്റൊരു പോയിന്റ് കൂടി. മക്കയില്‍ അവതരിച്ച ഒരു ഖുര്‍ആന്‍ അധ്യായ4ത്തില്‍ ഇങ്ങനെ കാണാം: ''ജൂതരായവര്‍ക്ക് നഖമുള്ളവയെല്ലാം നാം നിഷിദ്ധമാക്കി. ആടുമാടുകളുടെ കൊഴുപ്പും നാമവര്‍ക്ക് വിലക്കിയിരുന്നു; അവയുടെ മുതുകിലും കുടലിലും പറ്റിപ്പിടിച്ചതോ എല്ലുമായി ഒട്ടിച്ചേര്‍ന്നതോ ഒഴികെ. അവരുടെ ധിക്കാരത്തിന് നാമവര്‍ക്ക് നല്‍കിയ ശിക്ഷയാണത്. തീര്‍ച്ചയായും നാം പറയുന്നതാണ് സത്യം.'' ആ വിഷയത്തിലേക്ക് ഖുര്‍ആന്‍ വീണ്ടും വരുന്നു: ''നിനക്ക് നാം നേരത്തേ വിവരിച്ചുതന്നവ ജൂതരായവര്‍ക്കും നാം നിഷിദ്ധമാക്കുകയുണ്ടായി. നാം അവരോടൊട്ടും അനീതി ചെയ്തിട്ടില്ല. അവര്‍ തങ്ങളോടു തന്നെ അനീതി ചെയ്യുകയായിരുന്നു'' (LXX/16:118). ഒട്ടകം,5 മുയല്‍, ഒട്ടകപ്പക്ഷി എന്നിവയെ ഭക്ഷിക്കരുതെന്ന ബൈബിളില്‍ വന്ന വിലക്കിനെക്കുറിച്ചാവാം ഈ സൂചന(നിയമാവര്‍ത്തനം, XIV, 7,15).

ബൈബിള്‍ ഭക്ഷണത്തിലെ ശുദ്ധാശുദ്ധങ്ങള്‍ വേര്‍തിരിച്ചു പറയുകയും, അറബ് ഭക്ഷണരീതികള്‍ക്കൊപ്പം നിന്ന് ഈ വിലക്കപ്പെട്ട മൃഗങ്ങളെയൊക്കെ ഖുര്‍ആന്‍ അനുവദിക്കുകയും ചെയ്തതാവണം, ഖുര്‍ആനെതിരെ ആരോപണങ്ങളുമായി രംഗത്തു വരാന്‍ ജൂതന്മാരെ പ്രേരിപ്പിച്ചത്. നിയമാവര്‍ത്തനത്തെ സത്യപ്പെടുത്തുന്നതാണ് ഖുര്‍ആനെങ്കില്‍, എന്തുകൊണ്ട് ഈ ജീവികളുടെ മാംസം (പ്രത്യേകിച്ച് ഒട്ടകങ്ങളുടെ) അനുവദിച്ചു എന്നായിരുന്നു അവരുടെ ചോദ്യം. മദീനയില്‍ അവതരിച്ച ഒരു അധ്യായത്തില്‍,6 ഖുര്‍ആന്‍ ഈ വിഷയത്തിലേക്ക് തിരിച്ചുവരുന്നുണ്ട്. ഖുര്‍ആന്റെ വിശദീകരണം ഇങ്ങനെ: ''എല്ലാ ആഹാര പദാര്‍ഥങ്ങളും ഇസ്രായേല്‍ സന്തതികള്‍ക്ക് അനുവദനീയമായിരുന്നു. ഇസ്രായേല്‍ (ജേക്കബ്/യഅ്ഖൂബ്) തന്റെ മേല്‍ സ്വയം നിഷിദ്ധമാക്കിയതൊഴികെ; അതും തൗറാത്തിന്റെ അവതരണത്തിനു മുമ്പ്.'' ആത്മശുദ്ധീകരണത്തിന്റെ ഭാഗമായി യഅ്ഖൂബ് നബി തനിക്ക് വളരെ പ്രിയപ്പെട്ട ചില ഭക്ഷണങ്ങള്‍ സ്വയം വിലക്കുകയാണുണ്ടായതെന്നാണ് ഇസ്‌ലാമിക കാഴ്ചപ്പാട്. ജേക്കബിനു മുമ്പ് എന്തായിരുന്നു നിയമമെന്ന് ഉല്‍പ്പത്തി പുസ്തകത്തില്‍ (IX:3-4) ഇങ്ങനെ വായിക്കാം: ''ജീവനുള്ള, ചലിക്കുന്ന ഏതൊന്നും നിനക്ക് ഭക്ഷണമായി വരും. ഞാനിതെല്ലാം നിനക്ക് പച്ചപ്പുല്ല് എന്ന മാതിരി നല്‍കുകയാണ്. ജീവനുണ്ടായിരിക്കെ അതിന്റെ രക്തത്തോടു കൂടി ഒന്നിന്റെയും മാംസം തിന്നാതിരിക്കുക.'' ഒരു ശിക്ഷണ നടപടി എന്ന നിലക്ക് ജൂതന്മാര്‍ക്ക് പ്രത്യേകമായി നിശ്ചയിച്ച വിലക്കുകള്‍ നിരപരാധികളായ മറ്റു ജനവിഭാഗങ്ങള്‍ക്ക് ബാധകമല്ല എന്ന വാദമാണ് ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്നത്. അല്ലാഹു തന്റെ കാരുണ്യാതിരേകത്താല്‍ പുതുതായി രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സമൂഹത്തിന് പഴയ കാര്‍ക്കശ്യങ്ങളൊക്കെ ഒഴിവാക്കിക്കൊടുക്കുകയാണ് ചെയ്യുന്നത്.

മക്കാ കാലത്ത് അവതീര്‍ണമായ ഇത്തരം സൂക്തങ്ങള്‍ സൂക്ഷ്മ വിശകലനം നടത്തിയാല്‍, ജൂത സമൂഹത്തെ ചിലയിടങ്ങളിലൊക്കെ വളരെ നന്നായി പ്രശംസിക്കുന്നുണ്ടെങ്കിലും, ഇസ്‌ലാമും ജൂതായിസവും തമ്മിലുള്ള ബന്ധങ്ങള്‍ മോശമായി വരുന്നതിന്റെ സൂചനകള്‍ കണ്ടെടുക്കാം. കാരണം എന്താണെന്ന് വ്യക്തമല്ല. ക്രൈസ്തവ സമൂഹവും പൊതുവെ ഖുര്‍ആനികാധ്യാപനങ്ങളെ ഗൗനിച്ചിരുന്നില്ല. ഈ രണ്ട് ജനവിഭാഗങ്ങളും ഇസ്‌ലാമിന്റെ എതിര്‍ചേരിയിലാണ് നിലയുറപ്പിച്ചതെങ്കിലും, ഇരു സമൂഹങ്ങളോടുമുള്ള ഖുര്‍ആന്റെ നിലപാടുകളില്‍ വ്യത്യാസം അനുഭവപ്പെടുന്നുണ്ട്. അതിന്റെ കാരണം നമുക്ക് വിശദീകരിക്കാനാവുന്നുമില്ല. ജൂതമത വിശ്വാസത്തേക്കാള്‍ ക്രൈസ്തവ മതവിശ്വാസത്തെയാണ് ഖുര്‍ആന്‍ കൂടുതലായി എതിരിടുന്നതെങ്കിലും, ക്രൈസ്തവരോടുള്ള ബന്ധത്തേക്കാള്‍ മോശമായ നിലയിലായിരുന്നു ജൂതന്മാരുമായുള്ള മുസ്‌ലിംകളുടെ ബന്ധങ്ങള്‍.

 

മദീനയില്‍, ഹിജ്‌റക്കു ശേഷം

മദീനാ നഗരത്തിന് പല പേരുകളുണ്ടായിരുന്നു; ഇവയില്‍ ഏറ്റവും പഴക്കമേറിയത് ഏതെന്ന് വ്യക്തമല്ല. നമ്മുടെ ചരിത്ര കൃതികള്‍ ചിലപ്പോഴതിനെ ത്വാബത്ത് എന്ന് വിളിക്കുന്നു; മറ്റു ചിലപ്പോള്‍ തൈ്വബഃ എന്നും. ഈ നഗരം നിര്‍മിക്കപ്പെട്ട താഴ്‌വരക്ക് പുരാതന കാലത്ത് പറഞ്ഞിരുന്ന പേര് ത്വാബത്ത് തൈ്വബ (ഭാഷാപരമായി 'അവള്‍ വളരെ നല്ലവളായി' എന്നര്‍ഥം) എന്നാകാന്‍ സാധ്യതയുണ്ട്. പില്‍ക്കാലത്ത് അത് ലോപിച്ച് ത്വാബത്ത് എന്നോ തൈ്വബഃ എന്നോ ആയിത്തീര്‍ന്നതാകാം. യസ്‌രിബ് (ഭാഷാപരമായി, 'അവന്‍ മുറിപ്പെടുത്തുന്നു' എന്നര്‍ഥം) എന്നതും മദീനയുടെ ഒരു പൗരാണിക പേരാണ്. മിക്കവാറുമത്, നഗര സഞ്ചയത്തിന്റെ ഒരു ഭാഗത്തിന് പറഞ്ഞിരുന്ന പേരാകാം. അതിന്റെ ലൊക്കേഷന്‍ ചിലപ്പോള്‍ അടയാളപ്പെടുത്തിയിട്ടുണ്ടാവുക ഉഹുദ് മലയുടെ തെക്കു-പടിഞ്ഞാറ് ദിശയിലുള്ള നഗരത്തിന്റെ വടക്കു ഭാഗത്തായിരിക്കും. അവിടെ ജലധാരയും മരുപ്പച്ചകളുമൊക്കെ കാണപ്പെടുന്നുണ്ട്. യസ്‌രിബ് അമ്പ് നിര്‍മാണത്തിന് പേരു കേട്ടതാണ്.7 (ശത്രുവിനെ) 'മുറിപ്പെടുത്തുന്ന' അമ്പുകള്‍ നിര്‍മിക്കുന്നതുകൊണ്ടാവുമോ അതിന് 'യസ്‌രിബ്' എന്ന പേരു വന്നത്? അതോ, സംഹൂദി വിവരിച്ചതുപോലെ (രണ്ടാം എഡിഷന്‍, പേ: 161) സകല ദേശങ്ങളിലെയും തെമ്മാടികളെ ആകര്‍ഷിക്കുന്ന കുപ്രസിദ്ധമായ ധാരാളം വേശ്യാലയങ്ങള്‍ അവിടെ ഉണ്ടായിരുന്നതുകൊണ്ടോ? പ്രവാചകന്റെ ആഗമനത്തിനു മുമ്പും നഗരം എന്ന അര്‍ഥത്തില്‍ അതിന് മദീന എന്ന പേരുണ്ടായിരുന്നു എന്നാണ് മനസ്സിലാവുന്നത്. പ്രവാചകന്റെ വരവിനു ശേഷം, 'മദീനത്തുന്നബി' (പ്രവാചക നഗരി) എന്ന് അതിന് പേരിടാന്‍ ശ്രമമുണ്ടായെങ്കിലും, അത്തരം വലിയ പേരുകള്‍ക്ക് അതേപടി നിലനില്‍ക്കാന്‍ ഭാഗ്യമുണ്ടായില്ല.

പ്രവാചകന്‍ ഈ നഗരത്തില്‍ അഭയം തേടിയെത്തുമ്പോള്‍ അവിടത്തെ ജനസംഖ്യയില്‍ പകുതിയോളം ജൂതന്മാരായിരുന്നു. ജൂതന്മാര്‍ ഈ ഭൂപ്രദേശത്ത് എത്തിപ്പെട്ടതെങ്ങനെ എന്നതിനെക്കുറിച്ച് കൃത്യമായ രേഖകളൊന്നുമില്ല. പ്രവാചകന്റെ ആഗമന കാലമാവുമ്പോഴേക്ക്, അവര്‍ വലിയൊരളവില്‍ അറബിവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞിരുന്നു. അവര്‍ സംസാരിച്ചിരുന്നത് അറബിയായിരുന്നു (അവരത് എഴുതിയിരുന്നത് ഹീബ്രു അക്ഷരമാല ഉപയോഗിച്ചായിരുന്നെങ്കിലും). അവര്‍ തങ്ങളുടെ കുട്ടികള്‍ക്ക് അറബിപ്പേരുകളാണ് നല്‍കിയിരുന്നത്; ജൂതഗോത്രങ്ങള്‍ക്കു പോലും അറബിപ്പേരുകള്‍. അവര്‍ക്കൊരു 'ശാസ്ത്രഗേഹം'8 (ബൈത്തുല്‍ മിദ്‌റാസ്) ഉണ്ടായിരുന്നു. അത് പള്ളിക്കൂടമായും മതകീയ സംശയനിവാരണ കേന്ദ്രമായും പ്രവര്‍ത്തിച്ചു. ഒരു ഖജനാവും (കന്‍സ്), ഏറ്റവും ചുരുങ്ങിയത് ബനുന്നളീര്‍ ഗോത്രത്തിനെങ്കിലും ഉണ്ടായിരുന്നു.9 പൊതു ആവശ്യങ്ങള്‍ക്കായി -യുദ്ധം പോലുള്ളവ- അതിലേക്ക് ആളുകള്‍ സംഭാവന നല്‍കിയിരുന്നു.

തങ്ങളുടെ അവിശ്വാസികളായ അറബ് ഗോത്രങ്ങളെപ്പോലെ, ഈ മദീനാ ജൂതന്മാരും ഗോത്രങ്ങളായാണ് ജീവിച്ചിരുന്നത്. അവര്‍ പല വിഭാഗങ്ങളായി ചേരിതിരിയുകയും ചെയ്തിരുന്നു. ചില ജൂതഗോത്രങ്ങള്‍ മറ്റു ചില അറബ് ഗോത്രങ്ങളുമായി സഖ്യം ചേരുകയും, മറ്റു അറബ് ഗോത്രങ്ങളുമായി സഖ്യത്തിലായ ജൂതഗോത്രങ്ങളെ ആക്രമിക്കുകയും ചെയ്തിരുന്നു. മദീനയിലെ മൊത്തം അറബ് വംശജരെ ബനൂ ഖയ്‌ല എന്നാണ് പറഞ്ഞിരുന്നത്. അവര്‍ ഔസ് എന്നും ഖസ്‌റജ് എന്നും രണ്ട് വിഭാഗങ്ങളായി തിരിഞ്ഞിരുന്നു. രണ്ട് സഹോദരങ്ങളുടെ പിന്മുറക്കാരാണ് ഇവര്‍. പ്രവാചകന്‍ തയാറാക്കിയ മദീനാ ഭരണഘടനയില്‍ ആരെന്നറിയാത്ത ഒമ്പത് ജൂതഗോത്രങ്ങളെ പരാമര്‍ശിക്കുന്നുണ്ടെങ്കിലും (തങ്ങളുമായി സഖ്യമുണ്ടാക്കിയ അറബ് ഗോത്രങ്ങളുമായാണ് അവരെ ചേര്‍ത്തു പറഞ്ഞിരുന്നത്), ചരിത്രകാരന്മാര്‍ അവരെ മൂന്ന് വിഭാഗങ്ങളാക്കി സംക്ഷേപിച്ചിട്ടുണ്ട്. ബനൂ ഖൈനുഖാഅ്, ബനുന്നളീര്‍, ബനൂ ഖുറൈള എന്നിങ്ങനെ. ഇവയാണ് പ്രബല  ജൂത ഗോത്രങ്ങള്‍. ബനൂ ഉറൈള് പോലെ വേറെയും ജൂതഗോത്രങ്ങളുണ്ട്. നഗരത്തിന്റെ വടക്കു-കിഴക്ക് ഭാഗത്തായിരുന്നു അവരുടെ താമസം (ഇന്നത്തെ ഉറൈള് പള്ളി നില്‍ക്കുന്ന മേഖലയിലാവണം അവര്‍ അധിവസിച്ചിരുന്നത്). മദീനയില്‍ ഇരുപതിലധികം ജൂതഗോത്രങ്ങളുണ്ടായിരുന്നുവെന്ന് സംഹൂദി (രണ്ടാം എഡിഷന്‍, പേ; 167, 171) ഉറപ്പിച്ചു പറയുന്നുണ്ടെങ്കിലും, അവയുടെ പേരുകള്‍ നല്‍കുന്നില്ല. ഈ മൂന്ന് പ്രബല ജൂത ഗോത്രങ്ങളില്‍ ആദ്യത്തേത് 'ഖൈനുഖാഅ്' ആണ്. സ്വര്‍ണപ്പണിക്കാരന്‍ എന്നാണ് ആ വാക്കിന്റെ അര്‍ഥം. പ്രവാചകന്റെ ആഗമനകാലത്ത് അവര്‍ ഏര്‍പ്പെട്ടിരുന്ന ഒരു തൊഴിലായിരിക്കാം ഇത്. കച്ചവടങ്ങളും മറ്റും വേറെയും ഉണ്ടായിരുന്നു. അവരുടെ ഓര്‍മകള്‍ ഉണര്‍ത്തുന്ന ഒരു തെരുവും (സൂഖ് ബനീ ഖൈനുഖാഅ്) അവിടെ ഉണ്ടായിരുന്നു.10 'നളീര്‍' എന്ന വാക്കിന്റെ ഒരര്‍ഥം, പച്ചത്തഴപ്പാര്‍ന്ന ചെടി എന്നാണ്. ഇവര്‍ ഒരുപക്ഷേ, വലിയ ഈത്തപ്പനത്തോട്ടങ്ങളുടെ ഉടമകളായിരുന്നിരിക്കാം. തോല്‍ ഊറക്കിടാന്‍ ഉപയോഗിച്ചിരുന്ന ഒരുതരം വാകമരത്തിനാണ് 'ഖുറൈള' എന്ന് പറഞ്ഞുവരുന്നത്. ഈ ഗോത്രക്കാര്‍ തോല്‍ ഊറക്കിടലും ചെരുപ്പു നിര്‍മാണവുമൊക്കെ പ്രധാന തൊഴിലാക്കിയ തുകല്‍ വ്യാപാരികളായിരുന്നുവോ?

ബുദ്ധിമതികളും കഠിനാധ്വാനികളുമായ മദീനയിലെ ജൂതന്മാരുടെ കൈയിലായിരുന്നു മൊത്തം നഗരത്തിന്റെയും സമ്പദ്ഘടനയുടെയും കടിഞ്ഞാണ്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറുഗ്രൂപ്പുകളായി കഴിഞ്ഞിരുന്ന ഇവര്‍ പരസ്പരം സഹായിച്ചാണ് അന്താരാഷ്ട്ര വ്യാപാരത്തില്‍ വിജയക്കൊടി പാറിച്ചത്. പലിശക്ക് പണം കൊടുത്ത് അവര്‍ കൂടുതല്‍ സമ്പന്നരായി. മറ്റുള്ളവരുടെ സ്വത്തുക്കളും ക്രമേണ അവര്‍ക്ക് വിലയ്ക്കു വാങ്ങാനായി. പ്രവാചകന്റെ ആഗമനത്തിനു മുമ്പ് മദീനയിലെ അറബികള്‍ക്ക് 13 കോട്ടകളാണ് ഉണ്ടായിരുന്നതെങ്കില്‍, ജൂതന്മാര്‍ സ്വന്തമാക്കിയിരുന്നത് 59 കോട്ടകളായിരുന്നുവെന്ന് ഇബ്‌നുന്നജ്ജാര്‍11 എഴുതുന്നുണ്ട്.

വളരെ ലാഭകരമായി കച്ചവടവും വ്യവസായവും കൃഷിയും നടത്തിക്കൊണ്ടുപോകാനുള്ള ശേഷി, വംശീയമായ ഉല്‍ക്കര്‍ഷം, സ്വന്തമായി ഒരു മതവും വേദപുസ്തകവും, പുകള്‍പെറ്റ ഒരു പാരമ്പര്യം- ഇതെല്ലാമുള്ള ഒരു വിഭാഗം, ജൂതരല്ലാത്ത വിഭാഗങ്ങള്‍ (ഏലിശേഹല)െ കൊണ്ടുവരുന്ന ഒരു വിശ്വാസക്രമത്തില്‍ താല്‍പര്യമെടുക്കാന്‍ സാധ്യത വളരെ കുറവായിരുന്നു. അവര്‍ ഒരു രക്ഷകനെ കാത്തിരിക്കുകയായിരുന്നു എന്നത് ശരിയാണ്. പക്ഷേ, ലോകത്തിനു മേല്‍ തങ്ങളുടെ മേധാവിത്വം അരക്കിട്ടുറപ്പിക്കാനുള്ള ഒരു മാര്‍ഗമായാണ് അവരതിനെ കണ്ടത്. യഥാര്‍ഥ ദൈവഭക്തര്‍ ശ്രേഷ്ഠരായിത്തീരുന്ന, നീതി പുലരുന്ന ഒരു ലോകമൊന്നും അവരുടെ വിഭാവനയില്‍ ഉണ്ടായിരുന്നില്ല. രാഷ്ട്രീയാധികാരവും സാമ്പത്തിക മേധാവിത്വവും കുത്തകയാക്കിവെക്കാമെന്ന അവരുടെ വ്യാമോഹത്തിന് ഇസ്‌ലാമിന്റെ ജനഹിത ഭരണം കനത്ത തിരിച്ചടി നല്‍കുകയെന്നത് സ്വാഭാവികം മാത്രമായിരുന്നു.

(തുടരും)

 

കുറിപ്പുകള്‍

1. ഖുര്‍ആന്‍ LXVII/51

2. ഖുര്‍ആന്‍ LXVIII/88

3. ഖുര്‍ആന്‍ LXIX/18

4. ഖുര്‍ആന്‍ LV/6 : 146

5. ഇബ്‌നു ഹിശാം, പേ: 692 (ഒട്ടകവും മദീനയിലെ ജൂതന്മാരും).

6. ഖുര്‍ആന്‍ LXXXIX/3:93

7. ലിസാനുല്‍ അറബ്, യസ്‌രിബ്

8. ഇബ്‌നു ഹിശാം, പേ: 383, 394

9. ശാമി - സീറ

10. ഇബ്‌നു ഹിശാം, പേ: 383. ദൈനംദിന കച്ചവടം നടക്കുന്ന ഒന്നായിരുന്നില്ല അതെന്നാണ് മനസ്സിലാവുന്നത്. അതൊരു വാര്‍ഷികച്ചന്തയായിരിക്കണം. സംഹൂദി (രണ്ടാം എഡിഷന്‍, പേ: 1238) പറയുന്നത് കവികള്‍ അവിടെ പോയിരുന്നുവെന്നും ഉക്കാള് ചന്തയിലെന്നപോലെ തങ്ങളുടെ കവിതകള്‍ അവതരിപ്പിച്ചിരുന്നു എന്നുമാണ്.

11. പേ: 31 (കൊവല്‍സ്‌കി തന്റെ Diwan des kais ibn al-Hatim  ല്‍ ഉദ്ധരിച്ചത്. പേ: XVIII).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (36 - 40)
എ.വൈ.ആര്‍

ഹദീസ്‌

കര്‍മഭൂമിയില്‍ തളരാതെ മുന്നോട്ട്
കെ.സി ജലീല്‍ പുളിക്കല്‍