Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 28

3069

1440 മുഹര്‍റം 17

കുടിയേറ്റക്കാര്‍ പുതിയ ലോകം നിര്‍മിക്കുകയാണ്

പി.കെ നിയാസ്

മനുഷ്യ വംശത്തിന്റെ ആരംഭത്തോളം പഴക്കമുണ്ട് കുടിയേറ്റങ്ങള്‍ക്ക്. അന്നവും വിഭവങ്ങളും തേടി ഭൂമിയുടെ വിവിധ കോണുകളിലേക്ക് ചേക്കേറാന്‍ തുടങ്ങിയ മനുഷ്യന്‍ താന്‍ എത്തിപ്പെട്ട പ്രദേശങ്ങള്‍ തന്റേതാക്കുക മാത്രമല്ല, അവിടത്തെ വികസനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. പലായനവും കുടിയേറ്റവും ആഗോള പ്രതിഭാസമാണ്. രണ്ടും തമ്മില്‍ നേരിയ വ്യത്യാസവുമുണ്ട്. പലായനം അഭയം തേടിയുള്ള യാത്രയാണ്. സാമ്പത്തിക ലക്ഷ്യം മുന്‍നിര്‍ത്തിയല്ല പലായനങ്ങള്‍ നടക്കുന്നത്. എന്നാല്‍ മെച്ചപ്പെട്ടതും സമാധാനപൂര്‍ണവുമായ ജീവിതം ലക്ഷ്യമിട്ടുള്ള പലായനങ്ങളും നടക്കാറുണ്ട്. അഭയാര്‍ഥികളായെത്തി മികച്ച ജീവിതം കെട്ടിപ്പടുക്കുന്നവര്‍ ഈ ഗണത്തില്‍പെടുന്നു. സാമൂഹിക, രാഷ്ട്രീയ കാരണങ്ങളാലുള്ള പലായനങ്ങളാണ് ഇക്കാലത്ത് വ്യാപകം. യുദ്ധഭൂമികളില്‍നിന്നുള്ളവയാണ് അവയില്‍ ഏറെയും. ഇത്തരം പലായനങ്ങള്‍ മനുഷ്യാവകാശ വിഷയമായാണ് ഐക്യരാഷ്ട്ര സഭയും വിവിധ രാജ്യങ്ങളും പരിഗണിച്ചു പോരുന്നത്. 

അഭയാര്‍ഥികളെയും അന്തിമ വിശകലനത്തില്‍ കുടിയേറ്റക്കാരായാണ് വിവിധ രാജ്യങ്ങള്‍ കൈകാര്യം ചെയ്യാറുള്ളത്. സിറിയയില്‍നിന്നും മറ്റു സംഘര്‍ഷ മേഖലകളില്‍നിന്നും രക്ഷതേടിയും പുതിയ ജീവിതം കരുപ്പിടിപ്പിക്കാനുമായി യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ എത്തിയ പതിനായിരക്കണക്കിനാളുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അതില്‍ ബഹുഭൂരിപക്ഷത്തിനും പൗരത്വം നല്‍കപ്പെട്ടിട്ടില്ലെങ്കിലും പൗരത്വം ലഭിച്ചവര്‍ കുടിയേറ്റക്കാരുടെ ഗണത്തിലാണ് ഉള്‍പ്പെടുക. കഴിഞ്ഞ ഏഴു വര്‍ഷമായി രക്തരൂഷിത പോരാട്ടങ്ങള്‍ തുടരുന്ന സിറിയയില്‍നിന്നുള്ള പലായനങ്ങളാണ് ആധുനിക ലോകത്തെ ഏറ്റവും വലിയ ദുരന്തം. യൂറോപ്പിലേക്കുള്ള കുടിയേറ്റങ്ങള്‍ക്കിടയില്‍ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിമരിക്കുന്നവരുടെ എണ്ണം വര്‍ഷം തോറും വര്‍ധിച്ചുവരികയാണ്. യു.എന്‍ ഇന്റര്‍നാഷ്‌നല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് മൈഗ്രന്റ്സിന്റെ (ഐ.ഒ.എം) കണക്കനുസരിച്ച്  ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ 25 വരെ മാത്രം 1504 പേരാണ് മരണപ്പെട്ടത്.

വ്യാപകമായ കുടിയേറ്റം തദ്ദേശീയരുടെ ജീവിതം താളംതെറ്റിക്കുമെന്നും അവരുടെ തൊഴിലുകള്‍ കവര്‍ന്നെടുക്കപ്പെടുമെന്നുമുള്ള മുറവിളി വ്യാപകമാണ്. എന്നാല്‍, ഇത്തരം വാദങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും പല രാജ്യങ്ങളും കെട്ടിപ്പടുക്കുന്നതില്‍ പങ്ക് വഹിച്ചത് അവിടങ്ങളിലേക്ക് കടല്‍ കടന്നെത്തിയവരാണെന്നും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയെ നിര്‍മിച്ചത് കുടിയേറ്റക്കാരാണെന്ന് പ്രഥമ പ്രസിഡന്റ് ജോര്‍ജ് വാഷിംഗ്ടണും അടിമത്ത നിര്‍മാര്‍ജനത്തിലൂടെ പ്രശസ്തനായ പതിനാറാമത്തെ പ്രസിഡന്റ് എബ്രഹാം ലിങ്കനും ഊന്നിപ്പറഞ്ഞിട്ടുണ്ട്. ജോണ്‍ എഫ്. കെന്നഡിയുടെ എ നാഷന്‍ ഓഫ് ഇമ്മിഗ്രന്റ്സ് എന്ന പുസ്തകം അമേരിക്കയെ കെട്ടിപ്പടുത്ത വിവിധ രാജ്യക്കാരോട് കൃതജ്ഞത പ്രകടിപ്പിക്കുന്നതോടൊപ്പം ഉദാരമായ കുടിയേറ്റ നയമാണ് രാജ്യം പിന്തുടരേണ്ടതെന്ന് സമര്‍ഥിക്കുന്നുമുണ്ട്. എന്നാല്‍, ഇതേ അമേരിക്കയില്‍ ഏഴു മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് നിരോധമേര്‍പ്പെടുത്തി 2017 ആദ്യത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവ് ഒപ്പുവെച്ചത് വലിയ വിവാദമുയര്‍ത്തിയിരുന്നു. ഈ നീക്കത്തിനെതിരെ കോടതിക്കു പോലും ഇടപെടേണ്ടി വന്നു. 'ഞങ്ങള്‍ക്ക് അവരെ ആവശ്യമില്ല, നമ്മുടെ രാജ്യത്തെ പിന്തുണക്കുകയും അമേരിക്കക്കാരെ സ്നേഹിക്കുകയും ചെയ്യുന്നവരെ മാത്രമേ ഈ രാജ്യത്ത് പ്രവേശിപ്പിക്കൂ' എന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഈ പശ്ചാത്തലത്തില്‍ 'മുസ്ലിം കുടിയേറ്റക്കാര്‍ അമേരിക്കയുടെ ഏറ്റവും മികച്ച സുഹൃത്തുക്കളാണെ'ന്ന് സമര്‍ഥിച്ച് 2017 ഫെബ്രുവരി 17-ന് ഹഫിംഗ്ടണ്‍ പോസ്റ്റ് ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി.

ട്രംപിന്റെ തന്നെ പാര്‍ട്ടിക്കാരനും രണ്ട് തവണ യു.എസ് പ്രസിഡന്റുമായിരുന്ന ജോര്‍ജ് ഡബ്ല്യൂ. ബുഷ് നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ പതിനഞ്ചാമത് ഡയറക്ടറായി നിയമിച്ചത് അള്‍ജീരിയന്‍ വംശജനും ലോകപ്രശസ്ത ഫിസിഷ്യനുമായ ഡോ. ഇല്‍യാസ് എ. സര്‍ഹൂനിയെ ആയിരുന്നു. 2002 മുതല്‍ 2008 വരെ സര്‍ഹൂനി ഈ പദവി അലങ്കരിച്ചു. ഒരു മുസ്ലിം കുടിയേറ്റക്കാരനായ സര്‍ഹൂനി അമേരിക്കയുടെ ശത്രുവാണെന്ന് ട്രംപ് പറയുമോ എന്നായിരുന്നു ഹഫിംഗ്ടണ്‍ പോസ്റ്റിന്റെ ചോദ്യം. അമേരിക്കയിലെ വലുതും ഏറെ തിരക്കേറിയതുമായ പള്ളികളിലൊന്നാണ് ഓള്‍ ഡാലസ് ഏരിയാ മുസ്ലിം സൊസൈറ്റിയുടെ നേതൃത്വത്തിലുള്ളത്. അവിടത്തെ ഇമാം മുഹമ്മദ് മാജിദ് സുഡാനില്‍നിന്ന് കുടിയേറിയ ആളാണ്. എന്നാല്‍ മാജിദിന്റെ റോള്‍ ഇവിടെ മാത്രം പരിമിതമല്ല. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാകുന്നതില്‍നിന്ന് അമേരിക്കന്‍ മുസ്ലിം യുവതയെ തടയുന്നതിന് എഫ്.ബി.ഐയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നയാള്‍ കൂടിയാണ് മുഹമ്മദ് മാജിദ്. കൗതുകകരമെന്നു പറയട്ടെ, നാഷ്‌നല്‍ കത്തീഡ്രലില്‍ നടന്ന ഇന്റര്‍ഫെയ്ത്ത് സമ്മേളനത്തില്‍ ട്രംപിന്റെ സാന്നിധ്യത്തിലാണ് മാജിദ് പ്രസംഗിച്ചത്.

അമേരിക്കയിലെ വന്‍കിട ഫര്‍ണിച്ചര്‍ ശൃംഖലയാണ് ഏതാന്‍ അല്ലന്‍ ഇന്റീരിയേഴ്സ്. അമേരിക്ക, കാനഡ, യൂറോപ്പ്, ഏഷ്യ, മിഡിലീസ്റ്റ് എന്നിവിടങ്ങളില്‍ 300-ലേറെ സ്റ്റോറുകളുള്ള ഈ വന്‍കിട സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ഉടമ ഫാറൂഖ് കതവാരി കശ്മീരിയാണ്. കൗണ്‍സില്‍ ഓഫ് ഫോറിന്‍ റിലേഷന്‍സിനു കീഴിലുള്ള റെഫ്യൂജീസ് ഇന്റര്‍നാഷ്‌നലിന്റെ ചെയര്‍മാന്‍ പദവി വഹിച്ചിട്ടുണ്ട് ഫാറൂഖ്. അമേരിക്കന്‍ പൗരത്വം നേടിയവരില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവര്‍ക്ക് സമ്മാനിക്കുന്ന ഔട്ട്സ്റ്റാന്റിംഗ് അമേരിക്കന്‍ ബൈ ചോയ്സ് അവാര്‍ഡ് 2007-ല്‍ അന്നത്തെ വിദേശകാര്യ സെക്രട്ടറി കോണ്ടലിസ റൈസില്‍നിന്ന് ഏറ്റുവാങ്ങിയത് ഫാറൂഖായിരുന്നു. 'വൈസ് മുസ്ലിം വിമന്‍' സ്ഥാപകയും കശ്മീരിയുമായ ഡെയ്‌സി ഖാന്‍, ഇന്തോനേഷ്യയിലെ ഒരു ഗ്രാമത്തില്‍ ജനിച്ച് ഇന്ന് ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന മതപ്രബോധകമായ ശംസി അലി, സെനഗലുകാരനായ ഹിപ് ഹോപ് സ്റ്റാര്‍ അകോണ്‍ എന്നിവര്‍ വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച കുടിയേറ്റക്കാരാണ്.

തങ്ങളുടെ മകന്‍ ഹുമയൂണിനെ യു.എസ് സൈന്യത്തില്‍ സേവനമനുഷ്ഠിക്കാന്‍ പറഞ്ഞയച്ച പാകിസ്താനികളായ ഖിദ്റിനെയും ഗസാല ഖാനെയും അമേരിക്കക്കാര്‍ക്ക് മറക്കാന്‍ കഴിയുമോ? ഇറാഖില്‍ ബോംബ് സ്ഫോടനത്തില്‍നിന്നും തന്റെ സഹപ്രവര്‍ത്തകരെയും നിരവധി സ്ത്രീകളെയും രക്ഷിച്ച് വീരമൃത്യു വരിച്ച ഹുമയൂണിന്റെ ധീര നടപടി അമേരിക്കന്‍ ജനത അഭിമാനത്തോടെ ഏറ്റുവാങ്ങിയെങ്കിലും അത് ഉള്‍ക്കൊള്ളാന്‍ ട്രംപിന്റെ കുടില മനസ്സിന് കഴിഞ്ഞില്ല. ഹുമയൂണിന്റെ മാതാപിതാക്കളെ പരിഹസിച്ച ട്രംപിന്റെ നടപടി വലിയ വിവാദമുണ്ടാക്കി.

ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ അഭയാര്‍ഥികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന യു.എന്‍.സി.എച്ച്.ആറിന്റെ കണക്കനുസരിച്ച് ഇന്ത്യാ വിഭജനത്തെ തുടര്‍ന്നുണ്ടായ അഭയാര്‍ഥി പ്രവാഹമാണ് ചരിത്രത്തിലെ ഏറ്റവും വലിയ പലായനം. ഹിന്ദുക്കളും മുസ്ലിംകളും സിഖുകാരും ഉള്‍പ്പെടെ ഒന്നര കോടി ജനങ്ങളാണ് വിഭജനത്തിന്റെ ദുരന്തം അനുഭവിച്ചത്. ഇന്നത്തെ പാകിസ്താനില്‍നിന്ന് ലക്ഷങ്ങള്‍ ഇന്ത്യയിലേക്കും അത്രയും ലക്ഷങ്ങള്‍ പാകിസ്താനിലേക്കും പറിച്ചുനടപ്പെട്ടു. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായ ഇന്ത്യാ-പാകിസ്താന്‍ വിഭജനം സംഭവിച്ചില്ലായിരുന്നെങ്കില്‍ ചരിത്രത്തിന്റെ ഗതി തന്നെ മാറുമായിരുന്നു. ആയിരക്കണക്കിന് മനുഷ്യരുടെ ജീവന്‍  അപഹരിച്ച യുദ്ധങ്ങള്‍, വര്‍ഗീയ കലാപങ്ങള്‍ എന്നിവയില്‍ നിന്ന് ഉപഭൂഖണ്ഡം രക്ഷപ്പെടുമായിരുന്നു. പാകിസ്താന്‍ എന്നതു പോലെ ബംഗ്ലാദേശ് എന്ന ദരിദ്ര രാജ്യത്തിന്റെ പിറവിക്കും ലോകം സാക്ഷ്യം വഹിക്കില്ലായിരുന്നു. ലോകെത്ത അജയ്യ ശക്തിയായി ഇന്ത്യാ മഹാരാജ്യം മാറുമായിരുന്നു. വിഭജനത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളിലേക്കും പലായനം  ചെയ്തവരുടെ ദുരിതങ്ങള്‍ ഇന്നും തുടരുന്നു. പാകിസ്താനിലേക്ക് കുടിയേറിയവരുടെ (മുഹാജിറുകള്‍) പേരില്‍ ഉടലെടുത്ത മുഹാജിര്‍ ഖൗമി മൂവ്മെന്റും (പിന്നീട് 'മുത്തഹിദ' എന്ന് പേരു മാറ്റി) അതിനെതിരെ രംഗത്തുവന്ന സംഘടനകളും തമ്മിലുണ്ടായ രക്തച്ചൊരിച്ചിലും കലാപങ്ങളും പാകിസ്താന്‍ ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളാണ്. 

ലണ്ടന്‍, ന്യൂയോര്‍ക്ക്, സിഡ്‌നി തുടങ്ങിയ വന്‍ നഗരങ്ങളിലെ ജനസംഖ്യയില്‍ മൂന്നിലൊന്നും കുടിയേറ്റക്കാരാണ്. അതേസമയം ബ്രസ്സല്‍സ്, ദുബൈ തുടങ്ങിയ നഗരങ്ങളില്‍ ഇത് പകുതിയിലേറെ വരും. ന്യൂയോര്‍ക്ക് നഗരത്തിന് കുടിയേറ്റക്കാര്‍ നല്‍കിയ സംഭാവനകളെക്കുറിച്ച് വിശദമായ പഠനം നടന്നിട്ടുണ്ട്. 'ന്യൂയോര്‍ക്ക് നഗരത്തിന്റെ വികസനത്തിന് ചാലകശക്തിയായി വര്‍ത്തിച്ചത് കുടിയേറ്റക്കാരാണ്. 1970-കളിലെ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാനും നഗരത്തിന് കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നതിനും ആളുകള്‍ക്ക് പിടിച്ച് നില്‍ക്കാനും പുതിയ താമസക്കാരെ ആകര്‍ഷിക്കാനും സഹായകമായി വര്‍ത്തിച്ചത് കുടിയേറ്റമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു...'

(American Society, 2014, Immigration and New York City: The Contributions of Foreign Born Americans to New York's Renaissance, 1975-2013, New York‑).

കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ യൂറോപ്പിലെയും അമേരിക്കയിലെയും തൊഴില്‍ മേഖലയിലുണ്ടായ വര്‍ധനവില്‍ യഥാക്രമം 70 ശതമാനവും 47 ശതമാനവും കുടിയേറ്റക്കാരുടെ സംഭാവനയായിരുന്നു. 2001 മുതലുള്ള കണക്കനുസരിച്ച് കാനഡയിലെ അഭ്യസ്തവിദ്യരായ ഉദ്യോഗസ്ഥരില്‍ 31 ശതമാനവും അമേരിക്കയില്‍ 21 ശതമാനവും യൂറോപ്പില്‍ 14 ശതമാനവും കുടിയേറ്റക്കാരാണ്. ലോകത്തിലെ അംബരചുംബികളായ പല കെട്ടിടങ്ങളുടെയും നിര്‍മാണത്തില്‍ മുഖ്യ പങ്കുവഹിച്ചത് കുടിയേറ്റക്കാരായ തൊഴിലാളികളാണ്. ഒരുകാലത്ത് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്ന എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് മുതല്‍ ആധുനിക ലോകത്തെ ഉയരം കൂടിയ കെട്ടിടമായ ദുബൈയിലെ ബുര്‍ജ് ഖലീഫയുടെ നിര്‍മാണത്തില്‍വരെ കുടിയേറ്റക്കാരുടെ വിയര്‍പ്പു കാണാം.

മധ്യകാലഘട്ടത്തിലെ യൂറോപ്പിന്റെ വളര്‍ച്ചക്ക് ഏറ്റവും വലിയ സംഭാവനകള്‍ നല്‍കിയത് മുസ്‌ലിംകളാണ്. ഗോളശാസ്ത്രവും ഗണിതവും വൈദ്യശാസ്ത്രവും വരെ യൂറോപ്പിന് അവര്‍ പരിചയപ്പെടുത്തി. അല്‍ഫ്‌റാബി,  അല്‍ബിറൂനി, മുഹമ്മദ് ബ്‌നു മൂസ അല്‍ ഖവാരിസ്മി, ഇബ്‌നുസീന തുടങ്ങി നിരവധി പേര്‍ ശാസ്ത്ര-സാങ്കേതിക മേഖലകളിലും വൈദ്യശാസ്ത്രത്തിലും യൂറോപ്പിനു വഴികാട്ടികളായവരാണ്.  മുസ്‌ലിം സ്‌പെയ്‌നിനോട് കിടപിടിക്കുന്ന വിജ്ഞാന കേന്ദ്രം യൂറോപ്പിന് പരിചയമുണ്ടായിരുന്നില്ല. മുസ്‌ലിം ഭരണകാലത്ത് സ്‌പെയ്‌നിന്റെ തലസ്ഥാനമായിരുന്ന കൊര്‍ദോവ ശാസ്ത്ര, സാങ്കേതിക മേഖലയില്‍ കൈവരിച്ച പുരോഗതി വിവരണാതീതമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പണ്ഡിതന്മാരും വിദ്യാര്‍ഥികളുമൊക്കെ ഉന്നത പഠനത്തിനായി കൊര്‍ദോവയിലേക്ക് യാത്ര ചെയ്തിരുന്നു.

അമേരിക്കയെപ്പോലെ ഇംഗ്ലണ്ടിന്റെയും വളര്‍ച്ചയില്‍ പലായനം ചെയ്‌തെത്തിയവരുടെ പങ്ക് വലുതാണ്. ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ഇന്ത്യന്‍, പാകിസ്താന്‍ വംശജരുടെ പ്രാതിനിധ്യവും സ്വാധീനവും ശക്തമാണ്. പാകിസ്താനി കുടിയേറ്റക്കാരനും ലങ്കാഷയറിലെ റോഷ്‌ഡെയിലില്‍ ബസ് ഡ്രൈവറുമായിരുന്ന അബ്ദുല്‍ ഗനി ജാവീദിന്റെ മകനായ സാജിദ് ജാവിദാണ് ബ്രിട്ടന്റെ ആഭ്യന്തര സെക്രട്ടറി. സാജിദ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരനാണെങ്കില്‍ മറ്റൊരു പാകിസ്താനി കുടിയേറ്റക്കാരനും ലേബര്‍ പാര്‍ട്ടി നേതാവുമായ സാദിഖ് അമാന്‍ ഖാനാണ് ലണ്ടന്‍ മേയര്‍ സ്ഥാനം അലങ്കരിക്കുന്നത്. ആദ്യകാലത്ത് ജര്‍മനിയില്‍നിന്ന് കുടിയേറിയവരാണ് ഇംഗ്ലണ്ടിന്റെ വികസനത്തില്‍ മികച്ച സംഭാവനകള്‍ നല്‍കിയത്.

പ്രശസ്തമായ മാര്‍ക്സ് ആന്റ് സ്പെന്‍സര്‍ സ്റ്റോറിന്റെ സ്ഥാപകന്‍ ബിലാറസില്‍നിന്ന് അഭയാര്‍ഥിയായി ഇംഗ്ലണ്ടിലെത്തിയ മൈക്കല്‍ മാര്‍ക്സാണ്. 1882-ല്‍ യോര്‍ക്ഷയറില്‍ വെച്ചാണ് തോമസ് സ്പെന്‍സറുമായി ചേര്‍ന്ന് അദ്ദേഹം ബിസിനസ് ശൃംഖല സ്ഥാപിച്ചത്. ഗ്രീസിലെ സ്മൈറിനയില്‍നിന്ന് അഭയാര്‍ഥിയായി അലക് ഇസ്സിഗോനിസ് എത്തിയിരുന്നില്ലെങ്കില്‍ മോറിസ് മൈനറും ഓസ്റ്റിന്‍ മോറിസും ലോകത്തിന് സംഭാവന നല്‍കാന്‍ ബ്രിട്ടന് സാധിക്കില്ലായിരുന്നു. അലക് ഇസ്സിഗോനിസിന് ബ്രിട്ടന്‍ സര്‍ പദവി നല്‍കി ആദരിക്കുകയുണ്ടായി.

കായികരംഗത്ത് കുടിയേറ്റക്കാര്‍ നല്‍കുന്ന സംഭാവനകള്‍ ലോകം ശ്രദ്ധിച്ചത് ഇക്കഴിഞ്ഞ ലോക കപ്പ് ഫുട്ബോളില്‍ ഫ്രാന്‍സ് കിരീടമണിഞ്ഞതോടെയാണ്. ചരിത്രത്തില്‍ രണ്ടാം തവണ ലോക കപ്പ് ഫുട്ബോള്‍ കിരീടം ഉയര്‍ത്തിയ ഫ്രഞ്ച് ടീമിലെ 87 ശതമാനവും കുടിയേറ്റക്കാരോ കുടിയേറ്റക്കാരുടെ മക്കളോ ആയിരുന്നു. മൂന്നു പേര്‍ മാത്രമാണ് സമ്പൂര്‍ണ ഫ്രഞ്ച് പൗരന്മാരായി ടീമിലുണ്ടായിരുന്നത്. വ്യാപകമായി പ്രചരിക്കപ്പെട്ട ട്വീറ്റുകളിലൊന്ന് ഫ്രാന്‍സല്ല, ആഫ്രിക്കയാണ് ലോക കപ്പ് നേടിയത്  എന്നായിരുന്നു. യൂറോപ്യന്‍ ഫുട്‌ബോളില്‍ തിളങ്ങി നില്‍ക്കുന്ന പല താരങ്ങളും ആഫ്രിക്കയില്‍നിന്നും ഏഷ്യയില്‍നിന്നും കുടിയേറിയവരോ അവരുടെ സന്താനങ്ങളോ ആണ്. പല യൂറോപ്യന്‍ രാജ്യങ്ങളിലും കുടിയേറ്റക്കാര്‍ക്കെതിരെ വംശീയ അതിക്രമങ്ങള്‍ അരങ്ങേറുകയും അവര്‍ രാജ്യത്തിന് അപകടമാണ് എന്ന തരത്തില്‍ തീവ്ര വംശീയ വാദികള്‍ പ്രചാരണം നടത്തുകയും ചെയ്യുമ്പോഴാണ് പല രാജ്യങ്ങളുടെയും യശസ്സ് ഉയര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത് കുടിയേറ്റക്കാരാണെന്ന യാഥാര്‍ഥ്യം ജനം തിരിച്ചറിയുന്നത്.

കുടിയേറ്റക്കാരെ ധാരാളമായി സ്വാഗതം ചെയ്ത ഭൂഖണ്ഡമാണ് യൂറോപ്പ്. യൂറോപ്യന്‍ യൂനിയനും യൂറോപ്യന്‍ കമീഷനും കുടിയേറ്റവുമായി ബന്ധപ്പെട്ട് നിരവധി നിയമനിര്‍മാണങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, ഈയിടെയായി ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്ന വംശീയതയും കുടിയേറ്റവിരുദ്ധതയും വിദേശ രാജ്യങ്ങളില്‍നിന്ന് പല കാരണങ്ങളാല്‍ എത്തിച്ചേര്‍ന്ന ജനങ്ങള്‍ക്കെതിരെ  വെറുപ്പ് ഉല്‍പാദിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ ഉദയവും അവ പ്രസരിപ്പിക്കുന്ന വംശീയ വിദ്വേഷവും പല യൂറോപ്യന്‍ രാജ്യങ്ങളിലെയും സാമൂഹിക സാംസ്‌കാരിക മേഖലകളെ സംഘര്‍ഷഭരിതമാക്കുന്നു. ഹംഗറി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ ഗവണ്‍മെന്റുകള്‍ തന്നെ പരസ്യമായി കുടിയേറ്റവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുകയും ഇതുസംബന്ധിച്ച നിയമനിര്‍മാണങ്ങള്‍ നടത്തുകയും ചെയ്തു. 

എന്നാല്‍ ഇത്തരം നീക്കങ്ങള്‍ യൂറോപ്പിന്റെ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന നിലപാടാണ് ബഹുഭൂരിഭാഗം രാജ്യങ്ങളും സ്വീകരിച്ചത്. ഹംഗറിയില്‍ വിക്ടര്‍ ഓര്‍ബന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ കുടിയേറ്റവിരുദ്ധ ഗവണ്‍മെന്റിനെതിരെ ഇക്കഴിഞ്ഞ ദിവസം യൂറോപ്യന്‍ പാര്‍ലമെന്റ് നടത്തിയ കടുത്ത നീക്കങ്ങള്‍ ശ്രദ്ധേയമാണ്. യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങള്‍ പിന്തുടരേണ്ട മൂല്യങ്ങള്‍ക്ക് നിരക്കാത്ത നീക്കങ്ങള്‍ ഹംഗറി നിരന്തരം സ്വീകരിക്കുന്നതാണ് അംഗ രാജ്യത്തിനെതിരെ കടുത്ത അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ യൂറോപ്യന്‍ പാര്‍ലമെന്റിനെ പ്രേരിപ്പിച്ചത്. 1992-ല്‍ നിലവില്‍വന്ന യൂറോപ്യന്‍ യൂനിയന്‍ ഉടമ്പടിയുടെ ഖണ്ഡിക രണ്ടില്‍  മനുഷ്യന്റെ അന്തസ്സ്, സ്വാതന്ത്ര്യം, ജനാധിപത്യം, തുല്യത, നിയമവാഴ്ച, ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങളെ ആദരിക്കല്‍ എന്നിവ യൂനിയന്റെ അടിസ്ഥാന മൂല്യങ്ങളായി രേഖപ്പെടുത്തിയിട്ടുണ്ട്. മേല്‍പറഞ്ഞവയിലെ ഏതു ലംഘനവും യൂറോപ്യന്‍ യൂനിയന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ ലംഘനമായി കാണുമെന്നും അംഗരാജ്യങ്ങള്‍ ഇത്തരം ലംഘനങ്ങളില്‍ ഏര്‍പ്പെടുകയാണെങ്കില്‍ തക്കതായ നടപടികള്‍ സ്വീകരിക്കാമെന്നും ഖണ്ഡിക ഏഴ് വ്യക്തമാക്കുന്നു. ഹംഗേറിയന്‍ പാര്‍ലമെന്റ് മേല്‍പറഞ്ഞ മേഖലകളില്‍ കടുത്ത നിയമലംഘനം നടത്തിയതിനെ തുടര്‍ന്നാണ് ഹംഗറിക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ ആവശ്യപ്പെടുന്ന പ്രമേയം 197-നെതിരെ 448 വോട്ടുകള്‍ക്ക് യൂറോപ്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയത്. യൂറോപ്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു അംഗരാജ്യത്തിനെതിരെ ഇത്തരമൊരു നടപടി ഉണ്ടാകുന്നത്. ഹംഗറിയുടെ വോട്ടിംഗ് അവകാശം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇതിന്റെ അടിസ്ഥാനത്തില്‍ യൂറോപ്യന്‍ പാര്‍ലമെന്റിന് സ്വീകരിക്കാം.

പല യൂറോപ്യന്‍ രാജ്യങ്ങളുടെയും പുരോഗതിയില്‍ അഭയാര്‍ഥികളായും കുടിയേറ്റക്കാരായും എത്തിയവര്‍ നല്‍കിയ പങ്ക് വിസ്മരിക്കുന്നത് നന്ദികേടാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ ഓര്‍മിപ്പിക്കുന്നു. പരിമിതികള്‍ക്കിടയിലും തന്റെ തന്നെ കൂട്ടുകക്ഷിയില്‍പെട്ട കുടിയേറ്റവിരുദ്ധരുടെ ശക്തമായ എതിര്‍പ്പുകള്‍ക്കിടയിലും പത്തു ലക്ഷത്തിലേറെ അഭയാര്‍ഥികളെ അവര്‍ സ്വാഗതം ചെയ്യുകയുണ്ടായി. അഭയാര്‍ഥികളെ സ്വീകരിക്കുന്ന വിഷയത്തില്‍ അവരുടെ ചില നിലപാടുകളെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അഭയാര്‍ഥികളെ ഉള്‍ക്കൊണ്ടത് ജര്‍മനിയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (36 - 40)
എ.വൈ.ആര്‍

ഹദീസ്‌

കര്‍മഭൂമിയില്‍ തളരാതെ മുന്നോട്ട്
കെ.സി ജലീല്‍ പുളിക്കല്‍