Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 28

3069

1440 മുഹര്‍റം 17

വംശീയതയും ആഭ്യന്തര ഉപരോധവും

ഫൈസല്‍ കൊച്ചി

ദേശീയത മനുഷ്യത്വത്തിന് നെടുകെയും കുറുകെയും വിഭജനത്തിന്റെ വേലികള്‍ പടുത്തുയര്‍ത്തുന്നു്. മനുഷ്യരെ തട്ടുകളാക്കിത്തിരിക്കുകയും ചിലര്‍ക്ക് ചിലരുടെ മേല്‍ ആധിപത്യം വകവെച്ചുനല്‍കുകയും ചെയ്യുന്ന വംശീയത പലപ്പോഴും ദേശീയതയുടെ അനുബന്ധമായി ഉയര്‍ന്നുവരാറുള്ള ഒരു ചിന്താഗതിയാണ്. 'ഞാന്‍ നിന്നേക്കാള്‍ ഉത്തമനാണ്' എന്ന് ആദ്യമനുഷ്യനോട് ആദ്യമായി പറയുന്നത് സാത്താനാണ്. മാനവതക്കെതിരായ ഈ പ്രഖ്യാപനം, കുറുക്കുവഴികളിലൂടെ അധികാരത്തിലെത്താനാഗ്രഹിച്ചവരെല്ലാം ആവര്‍ത്തിക്കുകയാണ് ചെയ്തത്. മാനവരാശിക്ക് മുന്നറിയിപ്പെന്നോണം വംശീയതയുടെ മൂര്‍ത്തിയും ബിംബവുമായി ഖുര്‍ആന്‍ അവതരിപ്പിക്കുന്നത് ഫറോവയെയാണ്. ആധിപത്യവും അധികാരവും നിലനിര്‍ത്താന്‍ പൗരസഞ്ചയത്തെ വിഭജിക്കുകയും പരസ്പരം പോരടിക്കുകയും ചെയ്യുന്നവരാക്കുകയെന്ന തന്ത്രമാണ് ഫറോവ പയറ്റിയത്. അതിരുകവിയുക, ഭരണീയരെ തട്ടുകളാക്കിത്തിരിക്കുക, ഒരു വിഭാഗത്തെ അടിച്ചമര്‍ത്തുക, സ്ത്രീകളെ നിന്ദ്യതയോടെ ജീവിക്കാനനുവദിക്കുക, ഭൂമിയില്‍ കുഴപ്പമുണ്ടാക്കുക തുടങ്ങിയ നയപരിപാടികളാണ് നിലനില്‍പ്പിനായി ഫറോവ ആവിഷ്‌കരിച്ചത് (ഖുര്‍ആന്‍-സൂറ ഖസ്വസ്വ് 4). ഹാമാന്റെ നേതൃത്വത്തിലുള്ള ഭരണകൂട ഭീകരതയും ഖാറൂന്റെ മുതലാളിത്തകാഴ്ചപ്പാടുകളും സാമിരിയുടെ പൗരാഹിത്യപ്രവണതകളും വംശീയതയുടെ വിദ്വേഷപ്രചാരണത്തിന് ഇന്ധനമേകി. ''ഒരു നാള്‍ ഫിര്‍ഔന്‍ തന്റെ ജനത്തില്‍ വിളംബരം ചെയ്തു. എന്റെ ജനമേ മിസ്രയീമിന്റെ ആധിപത്യം എനിക്കല്ലയോ. ഈ നദികളെല്ലാം ഒഴുകിക്കൊണ്ടിരിക്കുന്നത് എന്റെ കീഴിലല്ലയോ. ഞാനോ, അതല്ല നീചനും നിസ്സാരനും തെളിച്ചു സംസാരിക്കാന്‍പോലും കഴിയാത്തവനുമായ ഈ മനുഷ്യനോ ശ്രേഷഠന്‍'' (ഖുര്‍ആന്‍ 43- 50-52). വംശീയ ശ്രേഷ്ഠതാവാദത്തിന്റെ വക്താക്കളായി സാത്താനും ഫറോവയും ഇവിടെ സമരസപ്പെടുന്നു. ഫറോവയുടെ ചരിത്രം വിശുദ്ധ വേദം ഇടക്കിടെ ആവര്‍ത്തിക്കുന്നത്, മനുഷ്യസംസ്‌കാരത്തിന്റെ നിലനില്‍പ്പിന് ആ ദുരന്തത്തില്‍നിന്ന് പാഠം പഠിക്കാനുള്ളതുകൊണ്ടാണ്.

വംശീയതയുടെ ആള്‍ക്കൂട്ട സംസ്‌കാരം ലോകത്ത് കുടിലതന്ത്രങ്ങളിലൂടെ പ്രയോഗവത്കരിച്ചത് യഹൂദരാണ്. 'ഇസ്രാ

യേല്‍ മക്കള്‍' എന്ന സ്ഥാനപ്പേര് വേദഗ്രന്ഥങ്ങള്‍ അവര്‍ക്ക് പതിച്ചുനല്‍കിയിരുന്നുവെന്നത് ശരിയാണ്. ഖുര്‍ആന്‍ അക്കാര്യം വിവിധ സന്ദര്‍ഭങ്ങളില്‍ സത്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അവരുടെ ആദ്യതലമുറ പുലര്‍ത്തിയ വിശ്വാസത്തിന്റെയും മൂല്യവിചാരങ്ങളുടെയും ജീവിതസംസ്

കാരങ്ങളുടെയും ഫലമായി ദൈവവും ലോകജനതയും അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തുവെന്നതും വാസ്തവമാണ്. സ്ഥാനപ്പേര്, പക്ഷേ കുലത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തില്‍ ലഭിച്ചതാണെന്ന് തെറ്റിദ്ധരിച്ച് ദൈവത്തോടും പ്രവാചകന്മാരോടും ജനതയോടും അക്രമം പ്രവര്‍ത്തിക്കുകയുമായിരുന്നു ഇസ്രായേല്‍ മക്കളിലെ പിന്മുറക്കാര്‍. ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ജനത എന്ന നിലയില്‍ തങ്ങള്‍ അല്ലാഹുവിന്റെ പ്രിയപ്പെട്ടവരും മക്കളുമാണെന്നായിരുന്നു അവരുടെ അവകാശവാദം. സ്വര്‍ഗത്തില്‍ പ്രവേശിക്കാനര്‍ഹതയുള്ളതും തങ്ങള്‍ക്കാണെന്നും അവര്‍ മേനി നടിച്ചു. നരകത്തിന്റെ അഗ്നി അവരുടെ ചര്‍മങ്ങളെ സ്പര്‍ശിക്കുകയില്ലെന്നും അഥവാ വല്ല തെറ്റുകുറ്റങ്ങളുടെയും പേരില്‍ നരകത്തില്‍ പ്രവേശിക്കേണ്ടിവന്നാല്‍ തന്നെ അതു വളരെ എണ്ണപ്പെട്ട നാളുകളില്‍ മാത്രമായിരിക്കുമെന്നും അവര്‍ ലോകത്തോടു പൊങ്ങച്ചം പറഞ്ഞുകൊണ്ടിരുന്നു. ഈ വംശീയമേല്‍ക്കോയ്മാ വാദമാണ് തിയോഡര്‍ ഹെര്‍സല്‍ എന്ന ജൂത പത്രപ്രവര്‍ത്തകന് സയണിസം എന്ന ആശയം ഉരുത്തിരിച്ചെടുക്കാന്‍ പ്രചോദനമായത്. 1896-ല്‍ ജൂതരുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ് സയണിസം ലക്ഷ്യം വെക്കുന്നതെന്ന് പറഞ്ഞു ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മനുഷ്യര്‍ വംശീയമായി ഒരൊറ്റ ജനതയാണെന്നുള്ള വേദപ്രമാണങ്ങളെ നിരസിച്ചുകൊണ്ടാണ് ഇത്തരം സങ്കുചിത ചിന്താഗതികള്‍ക്ക് പ്രചാരണം നല്‍കിയത്. അബ്രഹാമിന്റെ സന്തതികളായതിനാല്‍ ദൈവരാജ്യത്തിന് ജൂതര്‍ അര്‍ഹരാണെന്ന വാദത്തെ, ദൈവം കല്ലുകളില്‍നിന്നും പുത്രന്മാരെ ജനിപ്പിക്കാന്‍ കെല്‍പ്പുറ്റവനാണെന്ന മറുപടിയിലൂടെയാണ് സ്‌നാപക യോഹന്നാന്‍ നേരിടുന്നത്. യഹുദര്‍ ദൈവത്തിന്റെ അടുത്ത ആളുകളാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ 'മരണത്തെ ആഗ്രഹിക്കൂ' എന്നാണ് അവരെ ഖുര്‍ആന്‍ വെല്ലുവിളിക്കുന്നത്. അവരുടെ കൈയിലിരിപ്പ് കാരണം അവര്‍ക്ക് മരണത്തെ പുല്‍കാന്‍ ആഗ്രഹമില്ലെന്നും ദൈവത്തെ കണ്ടുമുട്ടാതിരിക്കാന്‍ വേണമെങ്കില്‍ ആയിരം വര്‍ഷം ജീവിക്കാനവര്‍ കൊതിക്കുമെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു.

യഹൂദരുടെ വംശമേധാവിത്വ സിദ്ധാന്തത്തിന്റെ കാരണക്കാര്‍ മതവും ദൈവവുമാണെന്ന വാദഗതികളുയര്‍ത്തുന്ന പാശ്ചാത്യ ബുദ്ധിജീവികള്‍ കാണാന്‍ മറന്നുപോയ യാഥാര്‍ഥ്യമാണ്, നാസിസവും ഫാഷിസവും യാതൊരു മതപരിഗണനകളുമില്ലാതെ പൊട്ടിമുളച്ച യൂറോപ്പിന്റെ സ്വന്തം ആശയഗതികളാണെന്നത്. വംശം, വംശശുദ്ധി എന്നീ ആശയങ്ങളെ കൂട്ടുപിടിച്ച് അധികാരം കൈയടക്കുകയായിരുന്നു നാസിസത്തിലൂടെ ഹിറ്റ്‌ലര്‍. വെളുത്ത വംശജരില്‍ തന്നെ ആര്യവംശജര്‍ ഏറ്റവും ഉത്കൃഷ്ടരാണെന്നും ആര്യകുലത്തില്‍പെട്ടവര്‍ എന്ന നിലയില്‍ ജര്‍മന്‍കാര്‍ തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന ചരിത്രനിയോഗം നിര്‍വഹിക്കാന്‍ ഹീനവംശജരുമായുള്ള സമ്പര്‍ക്കം ഉപേക്ഷിക്കണമെന്നും ഹിറ്റ്‌ലര്‍ വാദിച്ചു. ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മനി നേരിട്ട ദാരുണ പരാജയത്തില്‍നിന്ന് ജര്‍മന്‍ ജനതക്കുണ്ടായ വേദനകളെ വംശമേധാവിത്വ സിദ്ധാന്തങ്ങളിലൂടെ മറികടക്കുന്നതില്‍ ഹിറ്റ്‌ലര്‍ 'വിജയിച്ചു.' പരാജയത്തിനു കാരണം അകത്തെ ശത്രുക്കളാണെന്ന വിധിപ്രസ്താവമാണ് നാസികള്‍ നടത്തിയത്. ജര്‍മന്‍ ഭരണാധികാരികളെയാണ് അതുവഴി ഉന്നംവെച്ചത്. പിന്നീട് കമ്യൂണിസ്റ്റുകള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, ജിപ്‌സികള്‍, വികലാംഗര്‍, ജൂതര്‍, ഇതര മതന്യൂനപക്ഷങ്ങള്‍ എന്നിവരെയെല്ലാം ഹിറ്റ്‌ലര്‍ ശത്രുക്കളായി മുദ്രകുത്തി. 

മതപരമായ വംശമേന്മവാദം ഉന്നയിക്കുന്ന യഹൂദര്‍ സ്വാഭാവികമായും നാസികളുടെ ഉന്മൂലന പട്ടികയിലെ ഒന്നാം നമ്പറുകാരായി. ജൂതരെ വേട്ടയാടുക, ജൂത വ്യാപാര സ്ഥാപനങ്ങളെ ബഹിഷ്‌കരിക്കുക, പൊതുസ്ഥലങ്ങളില്‍നിന്ന് അവരെ ആട്ടിയോടിക്കുക, പൗരത്വത്തില്‍നിന്ന് പുറത്താക്കുക തുടങ്ങിയ കാമ്പയിനുകള്‍ ജര്‍മനിയിലെങ്ങും സംഘടിപ്പിച്ചു. 1920-കളില്‍ ഇത്തരം മുദ്രാവാക്യങ്ങളെല്ലാം ജനങ്ങള്‍ക്ക് സമര്‍പ്പിച്ച പാര്‍ട്ടിയുടെ പേര് ജര്‍മന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി എന്നാണെന്ന് ഓര്‍ക്കുക. ഹിറ്റ്‌ലര്‍ ഈ പാര്‍ട്ടിയില്‍ ചേരുകയും അതിനെ നാഷ്‌നല്‍ സോഷ്യലിസ്റ്റ് ജര്‍മന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി എന്നു പുനര്‍നാമകരണം നടത്തുകയും ചെയ്തു. പിന്നീട് അധികാരത്തിലെത്തിയ ഹിറ്റ്‌ലര്‍ ലക്ഷക്കണക്കിനു മനുഷ്യരെ ഗ്യാസ് ചേംബറലിട്ടു കൊല്ലുകയും വംശശുദ്ധീകരണത്തിന്റെ കറുത്ത അധ്യായങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. സമാന സാഹചര്യങ്ങളില്‍ ഇറ്റലിയില്‍ മുസോളിനിയുടെ നേതൃത്വത്തിലും വംശശുദ്ധിവാദങ്ങള്‍ ഉഗ്രരൂപം പൂണ്ടു. ഇതേ ജര്‍മന്‍ മാതൃകയെ വംശം എന്നതിന് പകരം തൊഴിലാളി വര്‍ഗവുമായി സമീകരിച്ചുവെന്നതാണ് കാള്‍ മാര്‍ക്‌സ് ചെയ്തുവെച്ച കാര്യം. സമഗ്രാധിപത്യം, ഏകകക്ഷി ഭരണം, ഏകാധിപത്യ വ്യക്തിപ്രഭാവം, സൈനികവല്‍ക്കരണം, എതിരാളികളെ കശാപ്പുചെയ്യല്‍ തുടങ്ങിയവയൊക്കെ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലും കാണാനാകുന്നത് നാസി പ്രേതത്തെ അവര്‍ ചാണിനു ചാണായി ആവാഹിക്കുന്നതുകൊണ്ടാണ്.

വംശശുദ്ധിവാദത്തിന്റെ വക്താക്കള്‍ തന്നെയാണ് ഇന്ത്യയിലും ഹിറ്റ്‌ലറിന്റെയും മുസോളിനിയുടെയും വാര്‍പ്പുമാതൃകകളെ രൂപപ്പെടുത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചത്. ഇറ്റാലിയന്‍ ഗവേഷകനായ മര്‍സി കസോലരിയുടെ പഠനങ്ങള്‍ ഇതിലേക്ക് വെളിച്ചം വീശുന്നു്. നാഗ്പൂരിലെ ബ്രാഹ്മണ ചെറുപ്പക്കാരാണ് ആര്‍.എസ്.എസ് രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങളാരംഭിക്കുന്നത്. മറ്റുള്ള പ്രദേശങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിച്ചപ്പോള്‍ മുഖ്യ സംഘാടകരായും മുഴുസമയ പ്രവര്‍ത്തകരായും രംഗത്തുണ്ടായിരുന്നതും ബ്രാഹ്മണ യുവാക്കള്‍ തന്നെയായിരുന്നു. ബ്രിട്ടീഷുകാരുടെ ഭരണത്തിനുശേഷം ഇന്ത്യ ഒരു പേഷ്വരാജ് (മഹാരാഷ്ട്രാ ഭരണാധികാരി) ആയി മാറണമെന്നതായിരുന്നു അവരുടെ താല്‍പര്യം. ആര്‍.എസ്.എസ് സ്ഥാപകര്‍ക്ക് ഫാഷിസ-നാസിസ ആശയങ്ങളുമായുണ്ടായ സൗഹൃദങ്ങളെ സംബന്ധിച്ച് കസോലരി വ്യക്തമാക്കുന്നുണ്ട്. 1924-നും 1925-നുമിടയില്‍ ആര്‍.എസ്.എസ് ജിഹ്വയായ കേസരി ഇറ്റലി, ഫാഷിസം, മുസോളിനി എന്ന വിഷയത്തെകുറിച്ച് നിരവധി മുഖക്കുറിപ്പുകളും പഠനങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായിട്ടുണ്ട്. 1931-ല്‍ വട്ടമേശസമ്മേളനങ്ങളില്‍ പങ്കെടുത്ത് ബ്രിട്ടനില്‍നിന്നും മടങ്ങവെ പ്രമുഖ ആര്‍.എസ്.എസ് ആചാര്യനായ ഡോ. മുഞ്ചെ, ഇറ്റലി സന്ദര്‍ശിക്കുകയും മുസോളിനിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അദ്ദേഹം തന്നെയാണ് തന്റെ ഡയറിക്കുറിപ്പിലൂടെ ഇക്കാര്യങ്ങള്‍ ലോകത്തെ അറിയിച്ചത്. മുസോളിനിയോടുള്ള ഭക്തിവാത്സല്യങ്ങളാല്‍ നിര്‍ഭരമാണ് മുഞ്ചെയുടെ എഴുത്ത്. മിലിറ്ററി കോളേജ്, കായികാഭ്യാസത്തിനുള്ള കേന്ദ്ര പട്ടാള സ്‌കൂള്‍, കായികാഭ്യാസത്തിനുള്ള ഫാഷിസ്റ്റ് അക്കാദമി തുടങ്ങിയ സൈനിക സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതിനാണ് മുഞ്ചെ പ്രാ

ധാന്യം നല്‍കിയത്.  

ആര്‍.എസ്.എസ് ചെറിയ കുട്ടികളെ സൈനികമായി റിക്രൂട്ട് ചെയ്യുന്നതും ആഴ്ച ശാഖകളാരംഭിക്കുന്നതും സൈനിക പരേഡുകളും കായികാഭ്യാസങ്ങളും സംഘടിപ്പിക്കുന്നതും ഇറ്റാലിയന്‍ മാതൃകയില്‍തന്നെയായിരുന്നു. മുഞ്ചെ എഴുതുന്നു: ''ഇന്ത്യയൊന്നാകെ ഹിന്ദുയിസത്തെ ഹൈന്ദവ ധര്‍മശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കുന്ന പദ്ധതി ഞാന്‍ ആലോചിക്കുന്നു. സ്വേഛാധിപതിയായ ഒരു ഹിന്ദുഭരണാധികാരിക്ക് കീഴില്‍ ഇന്ത്യ നമ്മുടെ സ്വന്തം സ്വരാജ് ആകുന്നതുവരെ ഈ ആശയം ഒരിക്കലും യാഥാര്‍ഥ്യമാകില്ല. ഇന്ന് ജര്‍മനിയില്‍ ഹിറ്റ്‌ലറും ഇറ്റലിയില്‍ മുസോളിനിയും മുമ്പ് ശിവജിയുമെല്ലാമായിരുന്നതുപോലെ നമ്മുടെ ഒരു ഏകാധിപതിക്ക് കീഴില്‍ ഇന്ത്യ നമ്മുടേതായി വരണം. ഇന്ത്യയില്‍ അങ്ങനെയൊരു ഏകാധിപതി ഉയര്‍ന്നുവരുന്നതുവരെ നാം കൈയും കെട്ടി കുത്തിയിരിക്കണമെന്നല്ല ഇതിനര്‍ഥം. മറിച്ച് ശാസ്ത്രീയമായ പദ്ധതികളാവിഷ്‌കരിക്കുകയും പ്രോപഗണ്ടകളുടെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോവുകയും വേണം.'' 1940-ല്‍ മധുരയില്‍ വെച്ചു നടന്ന ഹിന്ദുമഹാസഭയുടെ സമ്മേളനത്തില്‍ സവര്‍ക്കര്‍ ഇപ്രകാരം പ്രഖ്യാപിച്ചു: ''ഒരു നാസിസ്റ്റായിട്ടാണ് മരിച്ചത് എന്നതിനാല്‍ ഹിറ്റ്‌ലറെ ഒരു മനുഷ്യപ്പിശാചായോ ഒരു ജനാധിപത്യവാദിയായതിനാല്‍ ചര്‍ച്ചിലിനെ ഒരു മനുഷ്യദൈവമായോ കണക്കാക്കുക സാധ്യമല്ല. ജര്‍മനിയുടെ പശ്ചാത്തലത്തില്‍ അനിഷേധ്യമാംവിധം നാസിസം അതിന്റെ രക്ഷകനായി തെളിയിക്കപ്പെട്ടിട്ടുണ്ട്.'' ഇറ്റലിയെയും ജര്‍മനിയെയും മാതൃകയാക്കി ആര്‍.എസ്.എസ് പ്രഖ്യാപിച്ചത് ഹിന്ദുക്കള്‍ ആര്യന്മാരാണ് എന്നതാണ്. ആര്യന്മാരല്ലാത്ത, വിദേശഭൂമികളില്‍ ജന്മമെടുത്ത മതങ്ങളില്‍ വിശ്വസിക്കുന്ന മുസ്‌ലിംകളും ക്രൈസ്തവരും ദേശവിരുദ്ധരാണ് എന്ന പ്രചാരണവും ഈ വാദത്തിന്റെ ബാക്കിപത്രമാണ്. 2014-ലെ തെരഞ്ഞെടുപ്പ് സന്ദര്‍ഭത്തില്‍ നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിലെ വാചകം ഇപ്രകാരമായിരുന്നു: ''ഞാന്‍ ജനിച്ചത് ഹിന്ദുകുടുംബത്തിലാണ്. അതിനാല്‍ ഞാനൊരു ദേശീയവാദിയാണ്.'' 

 

ആഭ്യന്തര ഉപരോധം

വംശീയവാദത്തിന്റെ ഫലമായുള്ള അദൃശ്യമായ ഉപരോധത്തിനാണ് രാജ്യത്തിനകത്ത് മുസ്‌ലിം സമൂഹം വിധേയമായിക്കൊണ്ടിരിക്കുന്നത്. വേര്‍തിരിവ്, വിവേചനം തുടങ്ങിയ പദങ്ങളാലാണ് സാധാരണഗതിയില്‍ മാധ്യമങ്ങള്‍ ഇതു വ്യക്തമാക്കാറുള്ളത്. വേഷം, ശരീരഭാഷ, ശീലങ്ങള്‍ തുടങ്ങിയവയെപോലും കടുത്ത അപരാധമായി കണക്കാക്കി മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന ചേരികളെയും ഗല്ലികളെയും അതിര്‍ത്തിക്കകത്തെ 'വിദേശങ്ങളാ'യി തരംതിരിച്ച് ഒറ്റപ്പെടുത്താനും ബഹിഷ്‌കരിക്കാനുമുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. ആദിവാസികളോടും ദലിതരോടുമുള്ള സമീപനത്തേക്കാള്‍ ഭീകരമാണ് ഈ സമീപനം. 'എല്ലാവരോടുമൊപ്പം, എല്ലാവരുടെയും വികസനം' (സബ് കാ സാത്ത്, സബ് കാ വികാസ്) എന്നതാണല്ലോ മോദിഭരണത്തിന്റെ മേനിനടിക്കല്‍. പക്ഷേ, വികസനം മുസ്‌ലിം ജനവാസ പ്രദേശങ്ങളിലേക്ക് കടന്നുവരാറില്ലെന്നാണ് പ്രദേശങ്ങളുടെ ഇനംതിരിച്ച പട്ടികകള്‍ വ്യക്തമാക്കുന്നത്. ഭരണകൂടത്തിന്റെ നോട്ടമെത്താത്ത, വികസന ഭൂപടങ്ങളില്‍നിന്ന് വിവിധ കാരണങ്ങളാല്‍ പുറത്താക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കിടയില്‍ അവരെ ഉയര്‍ത്തിക്കൊുവരുന്നതിന് 1980-നും 1990-നുമിടയില്‍ നിരവധി സന്നദ്ധ സംഘടനകള്‍ ഇന്ത്യയില്‍ ജന്മമെടുക്കുകയുണ്ടായി. ബാബരി മസ്ജിദിന്റെ തകര്‍ച്ചക്കും ഗുജറാത്ത് കലാപത്തിനും ശേഷം മുസ്‌ലിം സമൂഹത്തിന്റെ നേതൃത്വത്തിലും ഇതുപോലുള്ള സന്നദ്ധ പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടു. ദരിദ്രരും അവശരുമായ, ചേരിയില്‍ ജിവിതം നരകിച്ചു തീര്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ഭരണകൂടത്തേക്കാള്‍ അത്താണിയാകാറുള്ളത്  ഇത്തരം  സന്നദ്ധ സംഘടനകളാണ്. പക്ഷേ, സന്നദ്ധ സംഘടനകളെയും നോട്ടമിടുകയാണ്. ശത്രുരാജ്യത്തോടെന്നവണ്ണമാണ് മുസ്‌ലിം മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സന്നദ്ധ സംഘടനകളോട് പെരുമാറുന്നത്. സന്നദ്ധ സംഘടനകള്‍ അവരുടെ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് കണ്ടെത്തുന്നതിന് വിദേശ രാജ്യങ്ങളില്‍ നിയമാനുസൃതമായി ഫണ്ടുകള്‍ സ്വീകരിക്കാറുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷമായി ആഭ്യന്തര മന്ത്രാലയം വിദേശ സംഭാവന നിയന്ത്രണനിയമത്തിന്റെ പേരില്‍ (എഋഞഅ) 20000 സന്നദ്ധ സംഘടനകളുടെ വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കുകയുണ്ടായി. ദേശീയതാല്‍പര്യം സംരക്ഷിക്കുന്നതിനാണ് നടപടിയെടുത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. പട്ടികയിലുള്‍പ്പെട്ട  ഭൂരിഭാഗവും മുസ്‌ലിം, ദലിത്, ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളാണെന്നത് ആരുടെ ദേശീയതാല്‍പര്യമാണ് ഇതിന്റെ പിന്നിലെന്ന് വ്യക്തമാക്കുന്നതാണ്. 

വിദ്യാഭ്യാസം, പാര്‍പ്പിടം, ആരോഗ്യം, തൊഴില്‍, ഉദ്യോഗത്തിലും ഭരണനിര്‍വഹണത്തിലുമുള്ള സംവരണം തുടങ്ങിയ വിഷയങ്ങളില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുക്കുന്ന സന്നദ്ധ സംഘടനകള്‍ ഭരണത്തിലും രാഷ്ട്ര പുനര്‍നിര്‍മാണത്തിലും സര്‍ക്കാറുകളെ സഹായിക്കുകയാണ് ചെയ്യുന്നത്. പക്ഷേ ഈ മേഖലയിലും വര്‍ഗീയതയുടെ വിഷം കുത്തിവെക്കുകയാണ്് മോദി സര്‍ക്കാര്‍. സന്നദ്ധ സംഘടനകളെ ഭൂതക്കണ്ണാടി വെച്ചു നിരീക്ഷിച്ച് കുറ്റങ്ങളും കുറവുകളും കണ്ടെത്തി നിര്‍ജീവമാക്കാനുള്ള ശ്രമങ്ങള്‍ ദല്‍ഹി കേന്ദ്രീകരിച്ചു സജീവമാണ്. സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതുകൊണ്ടോ സംഘ് പരിവാറിന്റെ ഭീഷണിയുള്ളതുകൊണ്ടോ സമുദായത്തിന്റെ ശാക്തീകരണമെന്ന അജണ്ടയില്‍നിന്ന് മുസ്‌ലിം സമൂഹത്തിനു പിന്തിരിയാന്‍ നിര്‍വാഹമില്ല. അവശതയനുഭവിക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്ക് വേണ്ടിയും പോരാടുകയെന്നുള്ളത് മുസ്‌ലിം സമൂഹത്തോടുള്ള ഖുര്‍ആനിന്റെ കല്‍പ്പനയാണെന്നതിനാല്‍ വിശേഷിച്ചും. ഭരണകൂടത്തിന്റെ കര്‍ശനനിയന്ത്രണങ്ങളെ നിയമാനുസൃതമായി മറികടക്കാനുള്ള മാര്‍ഗങ്ങളാണ് ആസൂത്രണം ചെയ്‌തെടുക്കേണ്ടത്. മഹല്ലുസംവിധാനങ്ങളെ മുന്‍നിര്‍ത്തിയുള്ള  സന്നദ്ധ സേവന പ്രവര്‍ത്തന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയും വേണം. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നടന്ന ക്ഷേമപ്രവര്‍ത്തനങ്ങളെ കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച അമിതാഭ് കുണ്ടു കമ്മിറ്റിയുടെ കണ്ടെത്തലുകളും (സച്ചാര്‍ സമിതിപോലെ തന്നെ) സജീവമായ പരിശോധനക്കും പഠനത്തിനും വിധേയമക്കേണ്ടതാണ്. ന്യൂനപക്ഷ വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ബോധപൂര്‍വമായ തടസ്സവാദങ്ങള്‍ കാരണം  വാതിലില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് കുണ്ടു കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നും വികസനത്തിനു പുറത്ത് നില്‍ക്കാന്‍ വിധിക്കപ്പെട്ട സമുദായം ഇപ്പോള്‍ അനുഭവിക്കുന്ന ഉപരോധത്തെ മറികടക്കാന്‍ മനുഷ്യസ്‌നേഹികളുടെ കൂട്ടായ മുന്നേറ്റം ഉണ്ടായേ തീരൂ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (36 - 40)
എ.വൈ.ആര്‍

ഹദീസ്‌

കര്‍മഭൂമിയില്‍ തളരാതെ മുന്നോട്ട്
കെ.സി ജലീല്‍ പുളിക്കല്‍