ബസ്വറ ഒരു താക്കീതാണ്
ബസ്വറയിലെ അല്‍ സുബൈറിലാണ് അയാദ് കാദിമിന്റെ വീട്. ഓഫീസ് ആവശ്യത്തിനുള്ള ട്രെയ്നിംഗിനു എര്‍ബിലിലേക്ക് വന്നതായിരുന്നു അയാദ്. ട്രെയ്‌നിംഗിനും ശേഷം രണ്ട് ദിവസം കൂടി കഴിഞ്ഞേ പോകുന്നുള്ളൂ എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ കുറച്ച് സമയം ബസ്വറയിലെ അവസ്ഥകളെ കുറിച്ച് സംസാരിച്ചു. ''മുക്കാല്‍ ഭാഗം ജനങ്ങളും മലിനജലം കുടിച്ചാണ് ജീവിക്കുന്നത്, കുളിക്കാന്‍ അധികമാളുകള്‍ക്കും വെള്ളം കിട്ടുന്നില്ല.'' അപ്പോള്‍ സാധാരണക്കാര്‍ക്ക് സ്ഥിരമായി കുളിക്കാന്‍ കഴിയാറില്ലേ എന്ന ചോദ്യം അവന്റെ കണ്ണുനിറച്ചു. അവര്‍ 1000 ഗ്യാലന്‍ വെള്ളം 10 മുതല്‍ 25 വരെ ഡോളര്‍ കൊടുത്ത് വാങ്ങിയാണ് ഉപയോഗിക്കുന്നത്. പക്ഷേ എല്ലാവര്‍ക്കും അതിനു സാധിക്കുകയില്ലല്ലോ. 'കുടിവെള്ളം പോലും ശരിക്കും കിട്ടാത്തവര്‍ക്ക് എന്ത് കുളി' എന്നാണവന്‍ തിരിച്ച് ചോദിച്ചത്. ദിവസങ്ങളോളം വൈദ്യുതിയില്ലാതെയാണ് ഭൂരിപക്ഷമാളുകളും ഈ കൊടും ചൂടത്തും കഴിയുന്നത് എന്നു കൂടി പറഞ്ഞപ്പോള്‍ സ്ഥിതിഗതികള്‍ രൂക്ഷമാണെന്നു മനസ്സിലായി. ആവശ്യമായ ചികിത്സയില്ലാതെയും പട്ടിണി നിമിത്തവും ദിനേന ഒരുപാട് ആളുകള്‍ മരിക്കുന്നുണ്ട്. പക്ഷേ ഔദ്യോഗിക കണക്കുകളിലെവിടെയും അതൊന്നും എഴുതപ്പെടുന്നില്ല.
കുടിക്കാന്‍ വെള്ളമില്ല, കഴിക്കാന്‍ ഭക്ഷണമില്ല, കുടുംബം പുലര്‍ത്താന്‍ ജോലിയില്ല, ജോലിയുള്ളവര്‍ക്കാകട്ടെ സര്‍ക്കാരിനു കീഴിലാണെങ്കില്‍ പോലും ശമ്പളവുമില്ല. ഭരിക്കുന്നതാകട്ടെ അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു ഭരണകൂടം. അടിസ്ഥാന ജീവിതം താറുമാറായ ഒരു സമൂഹം തെരുവിലിറങ്ങി അവകാശങ്ങള്‍ക്കു വേണ്ടി അനീതിക്കെതിരെ പ്രതിഷേധിക്കുകയാണ്. ഇറാഖിലെ 60 ശതമാനം എണ്ണയും ഉല്‍പാദിപ്പിക്കുന്ന ബസ്വറ നഗരത്തിലെ അവസ്ഥയാണിത്. കഴിഞ്ഞ കുറേ മാസങ്ങളായി തുടരുന്ന പ്രക്ഷോഭം ഇപ്പോള്‍ പ്രതിഷേധ ജ്വാലകളാല്‍ കത്തിയാളുകയാണ്. ഇറാഖിലെ പല ഭാഗത്തേക്കും സമരാഗ്നി പടര്‍ന്നിട്ടുണ്ട്. പ്രക്ഷോഭം നേരിടാനിറങ്ങിയ സൈന്യത്തിന്റെയും പോലീസിന്റെയും ആക്രമണത്തില്‍ ഇതിനകം 850 -ഓളം ആളുകള്‍ മരിക്കുകയും ആയിരക്കണക്കിന് പൗരന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 30,000 ചികിത്സ തേടി ആശുപത്രികളില്‍ കഴിയുന്നു. ഇറാനിയന്‍ കോണ്‍സുലേറ്റ് സമരക്കാര്‍ അടിച്ചു തകര്‍ത്തു. എണ്ണമറ്റ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടായി. ഇതെഴുതുമ്പോഴും പ്രക്ഷോഭം തുടരുകയാണ്.
വെള്ളവും വെളിച്ചവും ലഭ്യമാക്കുക, ജോലിയും കൂലിയും ഉറപ്പു വരുത്തുക, ഭരണകൂടത്തിന്റെ അഴിമതി അവസാനിപ്പിക്കുക എന്നീ മിനിമം ആവശ്യങ്ങളാണു പ്രക്ഷോഭകര്‍ മുന്നോട്ടുവെക്കുന്നത്. ഇതിനായി ഇത്തവണ കടുത്ത സമര രീതികളാണവര്‍ സ്വീകരിച്ചത്. നജഫ് വിമാനത്താവളം ഉപരോധിച്ചു. ബസ്വറയിലെ ഏറ്റവും വലിയ തുറമുഖമായ ഉമ്മുഖസര്‍ പൂര്‍ണമായും പിടിച്ചടക്കി. പല ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും തീയിട്ടു. അവസാനം എണ്ണക്കമ്പനികള്‍ സ്തംഭിപ്പിക്കുമെന്ന നില വന്നപ്പോള്‍ പ്രക്ഷോഭത്തിനു വൈദേശികമായ മാനങ്ങള്‍ കൈവന്നു. പെട്ടെന്ന് ഇടപെടലുമുണ്ടായി. പൊടുന്നനെ മൂന്നൂറു കോടി ഡോളറിന്റെ സഹായ വാഗ്ദാനവും വന്നു.
ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് നാലു മാസമായി. ഒരു ഭരണകൂടത്തെ തെരഞ്ഞെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അമേരിക്കന്‍ താല്‍പര്യങ്ങളുമായി നിലവിലെ പ്രസിഡന്റ് ഹൈദര്‍ അബാദിയും ഇറാന്‍ താല്‍പര്യങ്ങളുമായി എതിരാളികളുടെ ചേരികളും നീക്കിയ കരുനീക്കങ്ങളൊന്നും ഫലവത്തായില്ല. ആവശ്യമായ ഭൂരിപക്ഷം ലഭിച്ചിട്ടും ഭരണകൂടമുണ്ടാക്കാന്‍ സാധിക്കാതെ സാങ്കേതികകളുടെ കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ് മുഖ്തദ സ്വദ്‌റും സഖ്യകക്ഷികളും. ആഭ്യന്തരകലാപങ്ങളും ആവര്‍ത്തിക്കുന്ന യുദ്ധങ്ങളും ഒന്നിനുമേല്‍ ഒന്നായി പേറേണ്ടി വന്ന ഇറാഖി ജനതക്ക് വീണ്ടും പുതിയ കലാപങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നേക്കും.
വിഭാഗീയതയുടെ വര്‍ത്തമാനം
സുന്നികള്‍ക്ക് ആധിപത്യമുണ്ടായിരുന്ന ഇറാഖ് 2003-ലെ യുദ്ധത്തിനു ശേഷമാണ് ഇറാന്റെ കടുത്ത ഇടപെടലുകളില്‍ ശീഈ ആധിപത്യത്തിലേക്ക് തെന്നിമാറിയത്. 2011 വരെയും രാജ്യത്തെ അമേരിക്കന്‍ സാന്നിധ്യം ഇറാന്‍ പട്ടാളത്തിന്റെ അമിത ഇടപെടലുകള്‍ക്ക് തടയിട്ടിരുന്നു. അതുവരെയും ഭരണകൂടത്തില്‍ സുന്നികള്‍ക്കും ശീഈകള്‍ക്കും കുര്‍ദുകള്‍ക്കും തുല്യമായ അധികാരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ 2011-ല്‍ അമേരിക്കയുടെ പിന്മാറ്റത്തിനു ശേഷം കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു. പിന്നീടങ്ങോട്ട് സൈന്യവും അധികാരവും തങ്ങളുടെ ചൊല്‍പ്പടിയില്‍ കൊണ്ടുവന്ന ഇറാന്‍ തീരുമാനിക്കുന്നത് പോലെയായി കാര്യങ്ങള്‍. ആദ്യം ഹശ്ദ് ശഅബി എന്ന പേരിലുള്ള സൈന്യം രൂപീകരിച്ച് കടുത്ത ശീഈവല്‍കൃത രാജ്യമായി ഇറാഖിനെ മാറ്റുന്നതിനു ശ്രമങ്ങളാരംഭിച്ചു. പതിയെ ഇറാഖിന്റെ ആഭ്യന്തര കാര്യങ്ങള്‍ അമേരിക്കന്‍ ആധിപത്യത്തില്‍നിന്ന് ഇറാന്റെ നിയന്ത്രണത്തിലെത്തി. സൈന്യത്തിലും രാഷ്ട്രീയത്തിലും അവര്‍ മേല്‍കൈ നേടി.
2014-ല്‍ ഐഎസിനു ഇറാഖിലേക്ക് കടന്നുവരാനുള്ള വാതിലൊരുക്കിയതിലും അവരെ സുന്നികള്‍ക്ക് ആധിപത്യമുള്ള പ്രദേശങ്ങളിലേക്ക് തിരിച്ചുവിട്ടതിലും ഇറാനു പങ്കുണ്ടെന്ന് നിരീക്ഷകര്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് സുന്നി ഭൂരിപക്ഷ കേന്ദ്രങ്ങളില്‍നിന്ന് ആളുകളെ തുടച്ചുനീക്കാന്‍ പദ്ധതിയിട്ടു കൊണ്ട് അമേരിക്കയുള്‍പ്പെടെയുള്ള സഖ്യസേനയെ സുന്നികള്‍ക്കെതിരെ കൊണ്ടുവരുന്നതിലും ഇറാന്‍ വിജയിച്ചു. സഖ്യസേനയുടെ സഹായത്തോടെ ഈ പ്രദേശങ്ങളൂടെ അധികാരം ബലം പ്രയോഗിച്ച് പിടിച്ചെടുത്തു. ഈ സമയത്തെല്ലാം തലപ്പത്ത് ഇറാനിയന്‍ സൈന്യാധിപനായിരുന്നു. സുന്നി-ശീഈ- കുര്‍ദ് പ്രശ്‌നങ്ങളെ ഇത്രമേല്‍ വഷളാക്കിയതില്‍ ഇറാനുള്ള പങ്ക് ചെറുതായിരുന്നില്ല. വംശീയവും വിഭാഗീയവുമായ വേര്‍തിരിവ് മുമ്പെങ്ങുമില്ലാത്ത വിധം വര്‍ധിക്കുകയും വിവിധ വംശീയ വിഭാഗങ്ങള്‍ പാര്‍ക്കുന്ന ഇറാഖില്‍ സമാധാനപരമായ ജീവിതം അസാധ്യമാവുകയും ചെയ്തു.
കഴിഞ്ഞ മെയ് 12-നു നടന്ന ഇറാഖി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗീയ വേര്‍തിരിവുകളും മറനീക്കി പുറത്തുവന്നു. സുന്നി, ശീഈ, കുര്‍ദ് ശക്തികള്‍ വേറിട്ടു മത്സരിച്ചു. ഇറാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ സുന്നികളുടെ ശക്തി നന്നേ ക്ഷയിച്ചു. ശീഈവല്‍കൃത മുന്നണികള്‍ മികവ് പുലര്‍ത്തി. കുര്‍ദ്ദുകള്‍ അവരുടെ കേന്ദ്രത്തിലൊതുങ്ങി. എന്നാല്‍ തെരഞ്ഞെടുപ്പാനന്തരം ഇറാഖ് മറ്റൊരു ആഭ്യന്തര യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കുന്നു. അഴിമതിയും കെടുകാര്യസ്ഥതയും വിവിധ വിഭാഗീയ കക്ഷികള്‍ തമ്മിലുള്ള കിടമത്സരവും പുതിയ ഭരണകൂടത്തെ തങ്ങള്‍ക്കനുകൂലമാക്കാന്‍ അമേരിക്കയും ഇറാനും തമ്മില്‍ നടക്കുന്ന വടംവലിയുമൊക്കെ നല്‍കുന്നത് ഒട്ടും ശുഭസൂചനകളല്ല.
ബറാക് ഒബാമയുടെ കാലത്ത് അമേരിക്കയുടെ വിദേശനയത്തിനു വന്ന പാളിച്ചയാണ് ഇറാഖിനുമേല്‍ ഇറാന്റെ സ്വാധീനം ഇത്രയും ശക്തിപ്പെടുത്തിയതെന്ന് വിലയിരുത്തുന്നവരുണ്ട്. 2016- ല്‍ ഇറാഖിലെ പ്രശ്‌നകലുഷിതമായ അതിര്‍ത്തികളില്‍നിന്നും കുര്‍ദിഷ് സേനകളെ പിന്‍വലിച്ച് അവിടെയെല്ലാം ഇറാഖി സേനകളെ കുടിയിരുത്തിയിരുന്നു. അവിടങ്ങളില്‍ ഇറാഖി സേനക്കു പകരം കാര്യങ്ങള്‍ മുഴുവന്‍ ഇറാന്‍ അധീനതയിലേക്ക് വരികയായിരുന്നു. ഇത് സിറിയയിലേക്ക് ആയുധങ്ങള്‍ കടത്താന്‍ ഇറാനെ ഏറെ സഹായിച്ചു. അമേരിക്കയുടെ കാവലാളായ നിലവിലെ പ്രസിഡന്റ് ഹൈദര്‍ അല്‍ അബാദിയെ അടുത്ത നാലുവര്‍ഷത്തേക്ക് കുടിയിരുത്താമെന്ന് കരുതിയ അമേരിക്കയുടെ കണക്കുകൂട്ടലുകള്‍ പിഴക്കുകയായിരുന്നു. ശീഈകളുടെ തോഴനും ആത്മീയ നേതാവുമായ മുഖ്തദ സ്വദ്ര്‍ ഒന്നാം സ്ഥാനവും ഇറാന്‍ അനുകൂല ശീഈകളുടെ മുന്നണിക്ക് നേതൃത്വം നല്‍കിയ ഹാദി അല്‍ ആമിരിക്ക് രണ്ടാം സ്ഥാനവും ലഭിച്ചത് അമേരിക്കയെ ഞെട്ടിച്ചു. ഈ സാഹചര്യത്തിലാണ് ഇറാനെ ചെറുക്കാനായി അമേരിക്ക വീണ്ടും ശക്തമായി ഇറാഖ് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തീരുമാനിക്കുന്നത്. ഇറാനെതിരെ അമേരിക്ക നീങ്ങുന്നപക്ഷം ഇറാഖില്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അഥവാ അമേരിക്കയോട് പകരം വീട്ടാന്‍ ഇറാഖില്‍ ഗ്രൗണ്ട് ഒരുക്കി കാത്തിരിക്കുകയാണ് ഇറാന്‍. അതുകൊണ്ട് തന്നെ ഇറാഖിലെ അമേരിക്കയുടെ നീക്കങ്ങള്‍ സസൂക്ഷ്മമായിരിക്കും. ഇനിയൊരു ആഭ്യന്തരയുദ്ധമുണ്ടായാല്‍ അത് സിറിയന്‍ ആഭ്യന്തരയുദ്ധത്തിനു സമാനമായിരിക്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
എണ്ണക്കമ്പനികളെ ലക്ഷ്യമിട്ടതിനാല്‍ ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ വിദേശ രാജ്യങ്ങളുടെ കണ്ണു തുറപ്പിക്കാന്‍ പോന്നതായിരുന്നു. ഇളകിമറിഞ്ഞ ജനം എന്തും ചെയ്യാന്‍ മടിക്കില്ലെന്നവര്‍ക്കറിയാം. പ്രദേശത്തെ ജനങ്ങള്‍ക്ക് അവിടെ നിന്ന് ഖനനം ചെയ്യുന്ന പ്രകൃതി വിഭവങ്ങളുടെ ഒരു ഗുണഫലവും ലഭിക്കുന്നില്ലെന്നതാണ് മറ്റു എണ്ണയുല്‍പാദന രാജ്യങ്ങളില്‍നിന്ന് ഇറാഖിനെ വ്യത്യസ്തമാക്കുന്നത്. പ്രതിദിനം 4 കോടി ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കുന്നുണ്ടെന്നാണ് ഏറ്റവും ഒടുവിലത്തെ കണക്കുകള്‍. രാജ്യത്തിനിത് ഏതാണ്ട് പ്രതിമാസം 700 കോടി ഡോളര്‍ വരുമാനമുണ്ടാക്കി കൊടുക്കുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഇറാഖില്‍ ഇത്രയുമധികം പ്രകൃതി വാതകങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന പട്ടണമായ ബസ്വറ ദാരിദ്ര്യത്തിന്റെ പടുകുഴിയിലായത്? ഉല്‍പാദിപ്പിക്കുന്നതൊന്നും ആസ്വദിക്കാന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല, ഇറാഖിലെ മറ്റു ഭാഗങ്ങളിലുള്ളവര്‍ അനുഭവിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ പോലും അവര്‍ക്ക് നിഷേധിക്കപ്പെടുകയും ചെയ്യുന്നു. ഭരിക്കുന്നവരും വിദേശ ശക്തികളും രാജ്യത്തെ കൊള്ളയടിക്കുന്നത് കൊണ്ടാണിത്. ബസ്വറയില്‍ തൊഴില്‍ രഹിതരുടെ സംഖ്യ ഒരു കോടിയിലധികമാണ്. ഇത് നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയുമാണ്. രാജ്യത്തെ എണ്ണക്കമ്പനികളില്‍ ജോലി ചെയ്യുന്ന 85 ശതമാനം ആളുകളും വിദേശികളാണ്. സ്വദേശികള്‍ക്ക് യാതൊരു പരിഗണനനയുമില്ല. അവര്‍ക്ക് ജോലി പരിശീലനങ്ങളോ മറ്റോ നല്‍കാന്‍ ഭരണകൂടം കാലങ്ങളായി ഒരു നടപടിയും എടുത്തിട്ടില്ല. ആരോഗ്യമുള്‍പ്പെടെയുള്ള പൊതുസേവനങ്ങളും പലര്‍ക്കും നിഷേധിക്കപ്പെടുന്നു. കോളറയും അതിസാരവും പടര്‍ന്നു പിടിക്കുകയാണ്.
പ്രദേശത്തെ രണ്ട് കോടിയിലധികം വരുന്ന ജനങ്ങളോട് ഭരണകൂടം കാലങ്ങളായി തുടരുന്ന ഈ അവഗണന സഹിക്കാതെയാണ് അവര്‍ തെരുവിലേക്കിറങ്ങിയത്. ഐ.എസിന്റെ തിരോധാനത്തിനു ശേഷം ഇറാഖിലെ മറ്റു പല സ്ഥലങ്ങളിലും നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളൊന്നും ബസ്വറയില്‍ കാണുന്നില്ല. ബസ്വറയോട് എന്നും ചിറ്റമ്മ നയമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. തെരുവു നീളെ മലര്‍ക്കെ തുറന്നിട്ട ദുര്‍ഗന്ധമുള്ള ഓടയും കാലമേറെ പഴകിയ കെട്ടിടങ്ങളുമൊക്കെ തന്നെയാണിന്നും ബസ്വറയില്‍ ഉള്ളത്. ഭരണകൂടം ഈ സമരത്തെ കൃത്യമായി അഡ്രസ് ചെയ്തിട്ടില്ലെങ്കില്‍ ഐ.എസ് ഉാക്കിയതിനേക്കാള്‍ ഭീകരമായ അവസ്ഥയിലേക്ക് പ്രക്ഷോഭങ്ങള്‍ വഴിമാറിയേക്കാം.
Comments