നിങ്ങളുടെ മദീന ഏതാണ്?
പലായനം ആദര്‍ശപരമായ അതിജീവനത്തിന്റെ ദൈവിക പാഠമാണ്. പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരങ്ങളുമുണ്ട് എന്നാണ് പലായനം പഠിപ്പിക്കുന്നത്. താക്കോല്‍ കൂടി ഉണ്ടാക്കാതെ ഒരു നിര്‍മാതാക്കളും പൂട്ടുണ്ടാക്കുന്നില്ല. വ്യക്തി-സാമൂഹിക ജീവിതങ്ങളും അങ്ങനെ തന്നെയാണ്. പ്രതിസന്ധികളാകുന്ന താഴുകള്‍ക്ക് ഉചിതമായ താക്കോലുമുണ്ടാകും. പക്ഷേ, അത് നമ്മെ തേടി വരികയില്ല. നാം അതിനെ തേടി പ്പോകണം. അന്വേഷിച്ച് കണ്ടെത്തണം. അതിന് സാഹസികമായ ത്യാഗങ്ങള്‍ അനുഷ്ഠിക്കണം. ഇരുളിലൂടെ കടന്നുപോകുമ്പോള്‍ തുറവിയുടെ പുതിയ പ്രഭാതങ്ങളുണ്ടാകും. തുരങ്കങ്ങള്‍ക്കപ്പുറം വെളിച്ചമുണ്ടാകും. ഈ പ്രകൃതി സത്യത്തിന്റെ ദിവ്യപാഠമാണ് പ്രവാചകന്മാരുടെ പലായനങ്ങള്‍. രോഗം, ദാരിദ്ര്യം, കുടുംബ പ്രശ്‌നങ്ങള്‍ തുടങ്ങി വ്യക്തി ജീവിതത്തെ കലുഷമാക്കുന്ന എല്ലാറ്റിനും പരിഹാരങ്ങള്‍ ഉണ്ടാകും. അത് കണ്ടെത്താന്‍ ഒരു സമൂഹമെന്ന നിലക്കും, വ്യക്തികളെന്ന നിലക്കും നമുക്ക് കഴിയുന്നുണ്ടോ എന്നതു മാത്രമാണ് ചോദ്യം. എല്ലാ രോഗത്തിനും മരുന്നുണ്ട് എന്ന പ്രവാചക പ്രഖ്യാപനം ഇവിടെ സ്മരണീയമാണ്. പ്രവാചകന്‍ രോഗിയായ ഒരു സ്വഹാബിയെ സന്ദര്‍ശിച്ചപ്പോള്‍ രോഗത്തിന് മരുന്ന് കഴിച്ചില്ലേ എന്നന്വേഷിച്ചു. ഈ രോഗത്തിന് മരുന്നില്ല എന്ന് അദ്ദേഹം പ്രതികരിച്ചപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: 'സുബ്ഹാനല്ലാഹ്, മരുന്നിറക്കിയിട്ടല്ലാതെ ഒരു രോഗത്തെയും അല്ലാഹു ഇറക്കിയിട്ടില്ല.' ചര്‍മരോഗം ബാധിച്ച ഒരു ഒട്ടകത്തെ കണ്ടപ്പോള്‍ പ്രവാചകന്‍ അതിന്റെ ചികിത്സക്ക് എന്തു ചെയ്തു എന്നന്വേഷിച്ചു. ഉടമസ്ഥന്‍ പറഞ്ഞു, ഞാന്‍ പ്രാര്‍ഥിക്കുന്നുണ്ട്. പ്രവാചകന്‍ ചോദിച്ചു: 'താങ്കള്‍ക്ക് അതിന് മരുന്ന് കൊടുത്തിട്ട് പ്രാര്‍ഥിച്ചുകൂടേ?' എല്ലാ രോഗങ്ങളും ഭേദമാകുന്നില്ലല്ലോ എന്ന് ചോദിക്കാം. അത് പ്രകൃതിയില്‍ ആ രോഗത്തിന് മരുന്നില്ലാത്തതുകൊണ്ടല്ല. മരുന്ന് കണ്ടെത്താന്‍ മനുഷ്യ ബുദ്ധിക്ക് കഴിയാതെ പോകുന്നതുകൊണ്ടാണ്. ഇന്ന് കണ്ടെത്താത്തത് നാളെ കണ്ടെത്താം. അല്ലെങ്കില്‍ ശരിയായ മരുന്ന് നല്‍കപ്പെടാത്തതുകൊണ്ടാണ്.
മദീന ഒരു പരിഹാരമായിരുന്നു. പ്രവാചകന്‍ പലതരം പരിശ്രമങ്ങളിലൂടെ കണ്ടെത്തിയ പരിഹാരം. ദൈവം ആശീര്‍വദിക്കുകയും അനുമതി നല്‍കുകയും ചെയ്ത പരിഹാരം. വ്യക്തികളെന്ന നിലക്കും കുടുംബങ്ങളെന്ന നിലക്കും സമൂഹമെന്ന നിലക്കുമെല്ലാം നാം അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് ഫലപ്രദമായ പലതരം ഉത്തരങ്ങള്‍ പലയിടങ്ങളില്‍ കിടക്കുന്നുണ്ടാകും. അത് കണ്ടെത്തുകയും ഉപയോഗപ്പെടുത്തുകയും അതിന്റെ വഴിയില്‍ ത്യാഗങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നിടത്താണ് വ്യക്തിയുടെയും സമൂഹത്തിന്റെയും വിജയ രഹസ്യം കിടക്കുന്നത്. വിജയം പരിശ്രമത്തിന്റെ പരിസമാപ്തിയാണ്; അത് വെറുതെ ഇരിക്കുന്നവന് യാദൃഛികമായി കിട്ടുന്ന നിധിയല്ല. പൗലോ കോയിലോയുടെ 'ആല്‍ക്കമിസ്റ്റി'ലെ സ്പാനിഷ് ആട്ടിടയനായ സാന്റീയാഗോയെ പോലെ സ്വന്തം പരിസരത്തെ നിധി കരഗതമാവാന്‍ ലോകത്തോളം അന്വേഷിച്ച് പോകണം, അതാണ് പ്രകൃതി നിയമം. മുട്ടുവിന്‍ തുറക്കപ്പെടും എന്ന് ബൈബിള്‍ പറയുന്നത് ഈ യാഥാര്‍ഥ്യത്തെക്കുറിച്ചാണ്. അങ്ങനെ മുട്ടിത്തുറക്കപ്പെട്ട വാതിലാണ് മദീന. യസ്‌രിബ് പ്രവാചകന്റെ മദീനയായിരുന്നു. നിങ്ങളുടെ മദീന ഏതാണ്? ഇത് ഓരോ വ്യക്തിയും സമൂഹവും അതിജീവനത്തിന്റെ വഴിയില്‍ സ്വയം ചോദിക്കേണ്ട ചോദ്യമാണ്. പ്രതിസന്ധികളില്‍ വിലപിക്കുന്നതിനു പകരം ബുദ്ധിപൂര്‍വകവും ഊര്‍ജസ്വലവുമായ നീക്കങ്ങളിലൂടെ പരിഹാരങ്ങള്‍ കണ്ടെത്തണമെന്നാണ് പ്രവാചകന്റെ പലായനം പഠിപ്പിക്കുന്നത്. എല്ലാം വിധിയാണെന്നോ ഒന്നിനും പരിഹാരമില്ലെന്നോ കരുതുന്നതിന് ഇസ്‌ലാമികമായ പിന്‍ബലമില്ല. പ്രവാചകന്റെ പലായനത്തിന്റെ മുമ്പ് ആ സമൂഹം കണ്ടെത്തിയ മദീനയായിരുന്നു അബ്‌സീനിയ. ആദര്‍ശം അടിയറ വെക്കാതെതന്നെ അവര്‍ പുതിയ സഹായിയെ കണ്ടെത്തുകയായിരുന്നു.
പലായനം സഫലമാകുന്നത് പലായകര്‍ അഥവാ മുഹാജിറുകള്‍ ഉണ്ടാകുമ്പോള്‍ മാത്രമല്ല; പലായകരെ സ്വീകരിക്കുന്ന അന്‍സ്വാറുകള്‍ ഉണ്ടാകുമ്പോള്‍ കൂടിയാണ്. പലായനവും സഹായവും, ഹിജ്‌റയും നസ്വ്‌റും ചേരുമ്പോഴാണ് അതിജീവനത്തിന്റെ പുതിയ അധ്യായം രചിക്കപ്പെടുന്നത്. ഹിജ്‌റയുടെ ചരിത്രത്തില്‍ മുഹാജിറുകളെ പോലെതന്നെ പ്രധാനമാണ് അന്‍സ്വാറുകള്‍. അതിജീവിക്കാനാഗ്രഹിക്കുന്ന ഒരു പ്രസ്ഥാനം എപ്പോഴും പുതിയ പുതിയ സഹായികളെ കണ്ടെത്തിക്കൊണ്ടിരിക്കണം. അതിജീവിക്കാനാഗ്രഹിക്കുന്ന വ്യക്തികള്‍ പലതരം സഹായങ്ങളെ സമാഹരിക്കണം. അതുകൊണ്ടാണ് പലായകരുടെ മാത്രമല്ല സ്വീകര്‍ത്താക്കളുടെ ത്യാഗത്തെയും അല്ലാഹു പ്രാധാന്യപൂര്‍വം എടുത്തു പറഞ്ഞത് (സൂറഃ ഹശ്‌റ് 9).
മൂസാ നബിയിലെ പ്രബോധന, വിമോചന സമന്വയം
മൂസാ നബിയുടെ മദീന ഫലസ്ത്വീനായിരുന്നു. പ്രബോധനത്തിന്റെയും വിമോചനത്തിന്റെയും വഴികള്‍ എങ്ങനെയാണ് സമന്വിതമാകുന്നത് എന്ന് മൂസാനബിയുടെ ചരിത്രം പറഞ്ഞുതരുന്നുണ്ട്. പ്രബോധനത്തിലൂടെ മര്‍ദകന്‍ സംസ്‌കരിക്കപ്പെടുകയും അങ്ങനെ മര്‍ദിതന്‍ വിമോചിതനാവുകയും ചെയ്യുക എന്നത് മാത്രമല്ല മര്‍ദിതന്റെ വിമോചനത്തെക്കുറിച്ച ഇസ്‌ലാമിക സങ്കല്‍പം. മര്‍ദകന്‍ നന്നായാലും ഇല്ലെങ്കിലും മര്‍ദിതന്‍ വിമോചിതനാകണം. 'ഇസ്രാഈല്‍ മക്കളെ മോചിപ്പിക്കുക' എന്നത് ഒന്നാമത്തെ ദിവസം തന്നെ മൂസാനബി ഫറോവയോട് പ്രബോധനം ചെയ്ത കാര്യമാണ്. ഫറോവ മൂസാനബിയുടെ പ്രബോധനത്തില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇസ്രാഈല്‍ സന്തതികള്‍ വിമോചിതരാവണം. ഫറോവ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നത് ഫറോവയുടെ ഇഹപര സൗഭാഗ്യവുമായി ബന്ധപ്പെട്ട കാര്യമാണ്. ഇസ്രാഈല്‍ സന്തതികളുടെ വിമോചനത്തെ ഇസ്‌ലാമിന് അതുമായി മാത്രം ബന്ധിപ്പിച്ചു നിര്‍ത്താനാവില്ല. മൂസാനബി ഇസ്രാഈലി സന്തതികളുടെ വിമോചനത്തെക്കുറിച്ച് സംസാരിക്കുന്നത് ഫറോവയോടാണ്. എല്ലാ രാഷ്ട്രീയ പ്രസ്താവനകളുടെയും പ്രഥമ അഭിസംബോധിതര്‍ ഭരണകൂടമാണ്. ഒരു പ്രസ്താവന അധികാരത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് അതൊരു രാഷ്ട്രീയ പ്രസ്താവനയായി മാറുന്നത്. എല്ലാ രാഷ്ട്രീയ പ്രസ്താവനകളും അധികാരത്തോടൊപ്പം ഇരകളോടും സംസാരിക്കുന്നവയാണ്.
അനീതിക്കിരയാകുന്നവരെ മാത്രം സംഘടിപ്പിക്കുക എന്ന വര്‍ഗസമര സമീപനം ഇസ്‌ലാമിനില്ല. സമൂഹത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് അത് മര്‍ദകവംശത്തോടും മര്‍ദിതവംശത്തോടും സംസാരിക്കും. മര്‍ദക വംശത്തില്‍നിന്ന് ചിലര്‍ മര്‍ദിതരോടൊപ്പം നില്‍ക്കും. മൂസാ നബിയെ പിന്തുണച്ച ആസിയയും വിശ്വാസം മറച്ചുവെച്ച വ്യക്തിത്വമെന്ന് ഖുര്‍ആന്‍ പരിചയപ്പെടുത്തിയ രാജസദസ്സിലെ പ്രഭാഷകനും മര്‍ദക സമൂഹത്തില്‍നിന്ന് നീതിപക്ഷത്ത് നിലയുറപ്പിച്ചവരുടെ ഉദാഹരണമാണ്. ഖാറൂന്‍, മര്‍ദിത വംശത്തില്‍നിന്ന് അധികാരത്തിന്റെ പക്ഷത്ത് നിലയുറപ്പിച്ചവരുടെ ഉദാഹരണമാണ്. നീതിയുടെ സഞ്ചാരപഥം വംശരാശിയിലല്ല.
മൂസാനബിയുടെ അടിസ്ഥാന പ്രബോധനത്തിനകത്തുതന്നെയാണ് വിമോചനം ഉള്‍ക്കൊള്ളുന്നത്. ദൈവം ഒന്നാണ്. അവന്‍ കല്‍പ്പിച്ചിരിക്കുന്നു, ഇസ്രാഈലീ മക്കളെ വിമോചിപ്പിക്കണമെന്ന്. പ്രബോധനം മര്‍ദിതനെ വിമോചിപ്പിക്കുന്ന ഊര്‍ജമാണെന്ന് മര്‍ദകനും മര്‍ദിതനും മനസ്സിലാവണം. അല്ലാഹു ഏകനാണെന്ന് മുഹമ്മദ് നബി പ്രഖ്യാപിച്ചപ്പോള്‍ അബൂലഹബിന് മനസ്സിലായിരുന്നു, മനുഷ്യരുടെ സമത്വത്തെക്കുറിച്ചുകൂടിയാണ് മുഹമ്മദ് സംസാരിക്കുന്നതെന്ന്. ഒരു ദിവസം അബൂലഹബ് റസൂല്‍ തിരുമേനിയോട് ചോദിച്ചു: നിന്റെ മതം സ്വീകരിച്ചാല്‍ എനിക്കെന്താണ് കിട്ടുക? തിരുമേനി പറഞ്ഞു: മറ്റെല്ലാ വിശ്വാസികള്‍ക്കും കിട്ടുന്നത് തന്നെ. അബൂലഹബ്: എനിക്ക് ഒരു ശ്രേഷ്ഠതയും ഇല്ലെന്നോ? തിരുമേനി: അങ്ങ് എന്താണ് ആഗ്രഹിക്കുന്നത്? അബുലഹബ് പറഞ്ഞു: ഞാനും മറ്റുള്ളവരും തുല്യരാകുന്ന ഈ മതം നശിച്ചുപോവട്ടെ (ഉദ്ധരണം- തഫ്ഹീമുല്‍ ഖുര്‍ആന്‍- ഭാഗം 6 - അല്ലഹബ് ആമുഖം). പ്രവാചക പ്രബോധനത്തിന്റെ സമത്വപരത ഒരേസമയം അബൂലഹബിനും ബിലാലിനും ബോധ്യപ്പെട്ടിരുന്നു. മൂസാനബിയുടെ പ്രബോധനത്തിലെ വിമോചനപരത ഫറോവക്കും ബനൂ ഇസ്രാഈല്യര്‍ക്കും അനുഭവവേദ്യമായിരുന്നു.
വിമോചനം പ്രബോധനത്തിന്റെ എക്കാലത്തെയും അവിഭാജ്യമായ ഉള്ളടക്കമാണ്. മര്‍ദിതരുടെ വിശ്വാസ സംസ്‌കരണം പൂര്‍ത്തീകരിച്ച ശേഷമേ ഭൗതിക വിമോചനം സാധ്യമാക്കേണ്ടതുള്ളൂ എന്ന ശാഠ്യം ഇസ്‌ലാമിനില്ല. ഫറോവന്‍ ആധിപത്യത്തില്‍നിന്ന് കടല്‍ കടത്തിക്കൊണ്ടുപോയ ഇസ്രാഈല്‍ സന്തതികള്‍ വിഗ്രഹങ്ങളെ ആരാധിക്കുന്ന ഒരു ജനതയുടെ അടുത്തെത്തിയപ്പോള്‍ പറഞ്ഞു: 'ഇതുപോലുള്ള വിഗ്രഹങ്ങളെ ഞങ്ങള്‍ക്കും നിശ്ചയിച്ചുതരിക. മൂസാനബി പറഞ്ഞു; നിങ്ങള്‍ വിവരദോഷികളായ ജനത തന്നെ' (അല്‍അഅ്‌റാഫ് 138). വിശ്വാസ സംസ്‌കരണം പൂര്‍ത്തിയാവാത്ത ജനതയുടെ ഭൗതിക വിമോചനം അജണ്ടയാക്കാനാവില്ല എന്നതായിരുന്നില്ല മൂസാ പ്രവാചകന്റെ നിലപാട്. പ്രബോധന വിമോചന സമന്വയത്തിന്റെ തെളിമയാര്‍ന്ന ദൃഷ്ടാന്തമാണ് മൂസാനബിയുടെ പ്രവര്‍ത്തന ചരിത്രം.
Comments