ജനസംഖ്യയല്ല പ്രശ്‌നമെന്ന് ചൈനയും
ചൈന ഇപ്പോള്‍ പശ്ചാത്തപിക്കുകയാണ്, കഴിഞ്ഞ നാലു പതിറ്റാണ്ടുകാലം വളരെ കര്‍ക്കശമായി ജനനനിയന്ത്രണ നയം നടപ്പാക്കിയതിന്. ജനനനിയന്ത്രണ കമീഷന്‍ ഉള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട മൂന്ന് സര്‍ക്കാര്‍ ഏജന്‍സികളെ പിരിച്ചുവിട്ട ശേഷം പുതുതായി ദേശീയ ആരോഗ്യ കമീഷന് രൂപം നല്‍കിയിരിക്കുകയാണ്. 'നാം രണ്ട്, നമുക്കൊന്ന്' എന്ന ഏക സന്താന പോളിസി സ്റ്റേറ്റ് മിഷനറിയെ ഉപയോഗിച്ച് ഇത്ര ബീഭത്സമായി നടപ്പാക്കിയ മറ്റൊരു രാഷ്ട്രം ഒരുപക്ഷേ ചരിത്രത്തില്‍ തന്നെ ഉണ്ടായിട്ടുണ്ടാവില്ല. രണ്ടാമതൊരു കുട്ടിയുണ്ടാവുക എന്നത് അവിടെ കടുത്ത ശിക്ഷ കിട്ടുന്ന കുറ്റകൃത്യമായിരുന്നു. ഈ തലതിരിഞ്ഞ നയത്തിന്റെ അപകടം ഏറെ വൈകിയാണെങ്കിലും ഭരണം കൈയാളുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി തിരിച്ചറിഞ്ഞിരിക്കുന്നു. രാജ്യത്ത് വൃദ്ധ ജനസംഖ്യ വളരെ കൂടുകയും പുതുരക്തം അപൂര്‍വമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. സ്ത്രീ ജനസംഖ്യയും കുത്തനെ താഴുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സൈന്യം ഒരുപക്ഷേ ചൈനയുടേതായിരിക്കാമെങ്കിലും, അതില്‍ ചെറുപ്പക്കാരുടെ എണ്ണം ഗണ്യമായി കുറയുന്നതിന്റെ ഭവിഷ്യത്ത് ഏറക്കുറെ സൈനിക ഏകാധിപത്യത്തിന് സമാനമായ ഭരണവ്യവസ്ഥ നിലനില്‍ക്കുന്ന ചൈനയിലെ അധികാരികള്‍ തിരിച്ചറിയുന്നുണ്ട്.
ജനനനിയന്ത്രണം എന്ന ആശയം പ്രചരിപ്പിച്ചത് പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളാണ്. അവിടങ്ങളിലെ അധാര്‍മികവും അരാജകവുമായ ജീവിതരീതികളും അവയുടെ സ്വാഭാവിക ഫലമായ കുടുംബ തകര്‍ച്ചയുമൊക്കെയാണ് ഇത്തരമൊരു ചിന്തയിലേക്ക് അവരെ നയിച്ചിട്ടുണ്ടാവുക. മിക്ക രാഷ്ട്രങ്ങളും അതിന്റെ അപകടം തിരിച്ചറിയുകയും ഏറെ വൈകാതെ അതില്‍നിന്ന് പിന്‍വാങ്ങുകയും ചെയ്തിട്ടുണ്ട്. അതേസമയം, പ്രയോഗതലത്തില്‍ സോവിയറ്റ് യൂനിയനും അതിന്റെ ഉപഗ്രഹ രാഷ്ട്രങ്ങളും പിന്നെ ചൈനയുമാണ് സന്താന നിയന്ത്രണത്തില്‍ ഏറെ കാര്‍ക്കശ്യം പുലര്‍ത്തിയത്. അതിന്റെ പ്രത്യയശാസ്ത്ര മാനമെന്താണെന്ന് ഇപ്പോഴും വ്യക്തവുമല്ല. മൂന്നാം ലോക രാജ്യങ്ങളിലെ ജനസംഖ്യ കുറക്കാന്‍ വികസിത മുതലാളിത്ത രാജ്യങ്ങളുടെ ഹിഡന്‍ അജണ്ടയാണിതെന്ന വാദത്തിനും ഇപ്പോള്‍ പിന്‍ബലം വര്‍ധിക്കുന്നുണ്ട്. അപ്പോള്‍ അവര്‍ വെച്ച കെണിയില്‍ വീഴുകയായിരുന്നോ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍?
അതെന്തായാലും, ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും വികസനക്കുതിപ്പില്ലായ്മയും തുടങ്ങി സമൂഹത്തിന്റെ സകലമാന പ്രശ്‌നങ്ങള്‍ക്കും ജനസംഖ്യാ വര്‍ധനവാണ് കാരണമെന്ന തലതിരിഞ്ഞ സിദ്ധാന്തമാണ് ഇവരെയൊക്കെയും വഴിപിഴപ്പിച്ചത് എന്നതാണ് സത്യം. മനുഷ്യ വിഭവമാണ്, പ്രത്യേകിച്ചും അതിലെ യുവാക്കളാണ് ഒരു രാഷ്ട്രത്തിന്റെ ശക്തി എന്ന് ഇന്ന് എല്ലാവരും തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണല്ലോ വിശുദ്ധ ഖുര്‍ആന്‍ താക്കീതിന്റെ സ്വരത്തില്‍ മനുഷ്യസമൂഹത്തെ ഉണര്‍ത്തിയത്: ''പട്ടിണി പേടിച്ച് നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ കൊല്ലരുത്. അവര്‍ക്കും നിങ്ങള്‍ക്കും അന്നം നല്‍കുന്നത് നാമാണ്. അവരെ കൊല്ലുകയെന്നത് കൊടിയ കുറ്റകൃത്യമാകുന്നു'' (അല്‍ഇസ്രാഅ് 31). ഗര്‍ഭസ്ഥ ശിശുവായിരിക്കുമ്പോള്‍ ഇല്ലാതാക്കുന്നതും കൊല തന്നെയാണല്ലോ. ജനസംഖ്യയല്ല, വിഭവങ്ങളുടെ തീര്‍ത്തും അസന്തുലിതമായ വിതരണമാണ് യഥാര്‍ഥ പ്രശ്‌നം. തൊള്ളായിരത്തി നാല്‍പതുകളില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇന്നത്തെ ജനസംഖ്യയുടെ പകുതി പോലുമില്ലാത്ത ഘട്ടത്തിലാണ് ബംഗാളില്‍ മുപ്പതു ലക്ഷം മനുഷ്യര്‍ പട്ടിണി കിടന്ന് മരിച്ചൊടുങ്ങിയത് എന്നോര്‍ക്കണം. മണ്ണും വിഭവങ്ങളും ഒരുപിടി ഫ്യൂഡല്‍ പ്രഭുക്കള്‍ കൈപ്പിടിയിലൊതുക്കിയ കാലത്താണല്ലോ ജനസംഖ്യ വളരെ കുറവായിട്ടും നമ്മുടെ സംസ്ഥാനത്തും പട്ടിണി മരണങ്ങളുണ്ടായത്.
Comments