Prabodhanm Weekly

Pages

Search

2018 സെപ്റ്റംബര്‍ 28

3069

1440 മുഹര്‍റം 17

വി. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍

ഹസനുല്‍ ബന്ന

മലപ്പുറം ജില്ലയിലെ അബ്ദുര്‍റഹ്മാന്‍ നഗര്‍ പ്രദേശത്ത് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ തുടക്കക്കാരില്‍ ഒരാളായിരുന്നു വി. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍. മേഖലയിലെ ആദ്യകാല ജമാഅത്ത് അംഗം കണ്ണമംഗലത്തെ ഇ.കെ ഖാദര്‍ ഹാജിയും പിതൃസഹോദര പുത്രനായ വി.എം കുട്ടി മൗലവിയുമായിരുന്നു പ്രസ്ഥാന പ്രവര്‍ത്തനത്തില്‍ അബ്ദുര്‍റഹ്മാന്റെ വഴികാട്ടികള്‍. ജമാഅത്തെ ഇസ്‌ലാമിയുടെ പേരില്‍ ഒരാള്‍ക്കും കാലെടുത്തുവെക്കാന്‍ പറ്റാതിരുന്ന അബ്ദുര്‍റഹ്മാന്‍ നഗറില്‍ പില്‍ക്കാലത്തുണ്ടായിത്തീര്‍ന്ന പ്രസ്ഥാന സംരംഭങ്ങള്‍ക്കും ചലനങ്ങള്‍ക്കും പശ്ചാത്തലമൊരുക്കുകയായിരുന്നു വി. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ ചെയ്തത്. സ്വാതന്ത്യ സമര സേനാനിയും കോണ്‍ഗ്രസ് നേതാവും അബ്ദുര്‍റഹ്മാന്‍ നഗര്‍ പഞ്ചായത്തിന്റെ ശില്‍പിയുമായിരുന്ന വി.എ ആസാദിന്റെ മൂത്തമകന്‍ കോണ്‍ഗ്രസ്സുമായുള്ള ബന്ധം അവസാനിപ്പിച്ച് 1970-കളില്‍ കൊളപ്പുറത്ത് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനത്തിന് പരസ്യമായി രംഗത്തിറങ്ങിയതിന്റെ പേരില്‍ കടുത്ത എതിര്‍പ്പുകള്‍ ഏറ്റുവാങ്ങേണ്ടിവന്നു. പ്രദേശത്തെ കോണ്‍ഗ്രസുകാര്‍ ഒന്നടങ്കം അടിയന്തരാവസ്ഥയെ പിന്തുണച്ച് ഇന്ദിരാഗാന്ധിക്കൊപ്പം നിന്നപ്പോള്‍ അതിനെതിരെ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍  നിലകൊണ്ടത് ഏറ്റവും അടുത്തവരുടെ എതിര്‍പ്പിനും വഴിവെച്ചു. 

അബ്ദുര്‍റഹ്മാന്‍ നഗറിലെ അക്കാലത്തെ മറ്റു നിരവധി കോണ്‍ഗ്രസുകാരെ പോലെ ആസാദ് സ്വന്തം രാഷ്ട്രീയ ഗുരുനാഥനായ മുഹമ്മദ് അബ്ദുര്‍റഹ്മാന്റെ പേരാണ് ആദ്യത്തെ മകനുമിട്ടത്. ഔദ്യോഗിക രേഖ അനുസരിച്ച് 1947 ജൂണ്‍ ഒന്നാണ് ജനന തീയതി. എട്ടാം ക്ലാസ് വരെയുള്ള കുറ്റൂര്‍ നോര്‍ത്ത് ഹൈസ്‌കൂളിലെ ഔപചാരിക സ്‌കൂള്‍ വിദ്യാഭ്യാസം 1961 മെയ് അഞ്ചിന് അവസാനിപ്പിച്ച് മൂത്ത മകനെ ആസാദ് ഓമച്ചപ്പുഴ പള്ളി ദര്‍സിലേക്ക് മതപഠനത്തിന് അയച്ചു. ഖുത്വുബി മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ തുടങ്ങിയ അക്കാലത്തെ പ്രഗത്ഭ പണ്ഡിതന്മാരുടെ അടുത്തേക്ക് ആസാദ് മകനെയും കൂട്ടി പോകാറുണ്ടായിരുന്നു. ഇത്തരമൊരു കൂടിക്കാഴ്ചയിലാണ് കര്‍മശാസ്ത്ര വിഷയങ്ങളില്‍ മദ്ഹബീ കടുംപിടിത്തത്തിന് പ്രസക്തിയില്ലെന്നും ഒരാവശ്യം വരുമ്പോള്‍ മറ്റൊരു മദ്ഹബിന്റെ അഭിപ്രായം സ്വീകരിക്കാമെന്നുമുള്ള നിലപാട് ഖുത്വുബി മുഹമ്മദ് മുസ്‌ലിയാരില്‍നിന്ന് അബ്ദുര്‍റഹ്മാന്‍ കേള്‍ക്കുന്നത്.  1963 വരെ ഓമച്ചപ്പുഴ പള്ളിദര്‍സില്‍ കരിങ്കപ്പാറ ഉസ്താദിന് കീഴില്‍ മതപഠനം തുടര്‍ന്നു. 

1963-ല്‍ ചാലിയത്ത് എത്തി അവിടെ മദ്‌റസാധ്യാപകനായി. ഇക്കാലയളവിലാണ് നാട്ടുകാരനായ വി.ടി അബ്ദുര്‍റഹ്മാന്‍ മൗലവിയും സെയ്ദു മുഹമ്മദ് നിസാമിയും പ്രസിദ്ധമായ ചാലിയം ദര്‍സില്‍ മതപഠനത്തിനെത്തുന്നത്. വി.ടിയും നിസാമിയും ചാലിയത്തെ മതപഠനകാലത്ത് ജമാഅത്തിനെ അറിയാനും പഠിക്കാനും ശ്രമിച്ചിരുന്നു. 1964-ല്‍ കെ.ടി മുഹമ്മദ് മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള ചേലേമ്പ്ര ദര്‍സില്‍ മതപഠനത്തിന് ചേര്‍ന്നു. അന്ന് കൂടെയുണ്ടായിരുന്ന നാട്ടുകാരന്‍ ചാലില്‍ കുഞ്ഞിമുഹമ്മദ് പിന്നീട് ജമാഅത്ത് പ്രവര്‍ത്തനത്തിലും സഹയാത്രികനായി. മതപഠനത്തിനും മതാധ്യാപനത്തിനും ശേഷം കുറച്ചുകാലം ഉമ്മയുടെ എളാമയുടെ മകന്‍ പിലാശ്ശേരി മുഹമ്മദിന്റെ കൂടെ കട്ടപ്പനയിലെ ബേക്കറിയിലേക്ക് പോയപ്പോഴാണ് മുടങ്ങാത്ത പ്രബോധനം വായനക്ക് അവസരം ലഭിച്ചത്. എളാമയുടെ മകന്‍ 'വഹാബി' എന്ന് പരിചയപ്പെടുത്തിയ കട്ടപ്പനയിലെ ഹോമിയോ ഡോക്ടറാണ് പ്രബോധനത്തിന്റെ സ്ഥിരം വായനക്കാരനാക്കി മാറ്റിയത്. 1968 സെപ്റ്റംബറില്‍ മുന്‍ഷി പരീക്ഷ എഴുതി അറബി അധ്യാപന യോഗ്യത നേടി അബ്ദുര്‍റഹ്മാന്‍ നഗര്‍ ഹൈസ്‌കൂളില്‍ പ്രൈമറി അധ്യാപകനായി ചേര്‍ന്നു.

നാട്ടിലെ സ്‌കൂളിലെ അധ്യാപന വൃത്തിയിലൂടെ നാട്ടുകാര്‍ക്കിടയില്‍ പ്രവര്‍ത്തനത്തിന് കൂടുതല്‍ സമയവും അവസരവും ലഭിച്ചു. ചെറുപ്പക്കാരില്‍ ഇസ്‌ലാമിക ബോധം വളര്‍ത്താന്‍ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ സംഘം എന്ന പേരില്‍  കൊളപ്പുറത്തുണ്ടാക്കിയ പൊതുവേദിയില്‍നിന്നാണ് വി.എ എന്ന് കൂട്ടുകാര്‍ വിളിക്കുന്ന വി. മുഹമ്മദ് അബ്ദുര്‍റഹ്മാന്റെ പ്രവര്‍ത്തനങ്ങളുടെ തുടക്കം. ബാല്യകാല സുഹൃത്തും ജമാഅത്ത് അനുഭാവിയുമായിരുന്ന ടി. അബ്ദുര്‍റഹ്മാനെ കൂട്ടിയായിരുന്നു ഇത്. ഈ സംഘവുമായി സഹകരിച്ചവരില്‍ പലരെയും പില്‍ക്കാലത്ത് ജമാഅത്തെ ഇസ്‌ലാമിയുമായി അടുപ്പിക്കാന്‍ അബ്ദുര്‍റഹ്മാന് കഴിഞ്ഞു. ശാന്തപുരത്ത് അധ്യാപകരായിരുന്ന വി.ടി അബ്ദുര്‍റഹ്മാന്‍ മൗലവി, പരേതനായ വി.എം കുട്ടി മൗലവി, കെ.സി പോക്കര്‍, ടി. അബ്ദുര്‍റഹ്മാന്‍ തുടങ്ങി അബ്ദുര്‍റഹ്മാന്‍ നഗറിലെ പല വ്യക്തികളും വി. മുഹമ്മദ് അബ്ദുര്‍റഹ്മാനെ പോലെ 1960-കളില്‍ തന്നെ ജമാഅത്തെ ഇസ്‌ലാമിയെ പരിചയപ്പെട്ടു തുടങ്ങിയിരുന്നുവെങ്കിലും പരസ്യമായ പ്രവര്‍ത്തന പരിപാടികളുമായി ഈ മേഖലയില്‍ ജമാഅത്ത് ഇറങ്ങുന്നത് ഒരു പതിറ്റാണ്ട് കൂടി കഴിഞ്ഞാണ്. 

വെല്ലൂര്‍ ബാഖിയാത്തില്‍നിന്ന് ബാഖവി ബിരുദം നേടി വന്ന വി.എം  കുട്ടി മൗലവിക്കൊപ്പം ജമാഅത്തെ ഇസ്‌ലാമിക്കായി  കൊളപ്പുറത്ത് പരസ്യമായി ഇറങ്ങാന്‍ തീരുമാനിച്ചതോടെ കടുത്ത എതിര്‍പ്പുമായി പലരും രംഗത്തുവന്നു. കൊളപ്പുറത്ത് ആദ്യമായി സംഘടിപ്പിച്ച തിരൂരിലെ കെ.പി.ഒ മൊയ്തീന്‍ കുട്ടി സാഹിബിന്റെ മതപ്രഭാഷണ പരിപാടി ഇവര്‍ മുടക്കി. 

കൊളപ്പുറം അങ്ങാടിയില്‍ പരിപാടി നടത്താന്‍ ഒരു നിലക്കും അനുവദിക്കില്ലെന്ന് മഹല്ലിലെ ഒരു വിഭാഗം വാശി പിടിച്ചപ്പോള്‍ വി.എം കുട്ടി മൗലവിയുടെ കൊളപ്പുറം കൊണ്ടോട്ടി റോഡിനോരത്തുള്ള വീട്ടുവളപ്പിലേക്ക് മാറ്റി. അവിടെ നടത്തിയാലും യോഗം കലക്കുമെന്നായി എതിരാളികള്‍. സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് കണ്ടപ്പോള്‍ വി.എ ആസാദിന്റെ അടുത്ത കൂട്ടുകാരായ നാട്ടുകാരണവന്മാര്‍ നാട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് ഒഴിവാക്കണമെന്നും ഇത്തവണ യോഗവുമായി മുന്നോട്ടുപോകരുതെന്നും  അഭ്യര്‍ഥിച്ചു. അടുത്ത വര്‍ഷം ജമാഅത്തിന് മതപ്രഭാഷണം നടത്താമെന്ന നിര്‍ദേശവും അവര്‍ മുന്നോട്ടുവെച്ചു. കാരണവന്മാരുടെ അഭ്യര്‍ഥന മാനിച്ച് ഈ പരിപാടി റദ്ദാക്കി. തൊട്ടടുത്ത വര്‍ഷം കൊളപ്പുറത്ത് വീണ്ടും പരിപാടി നടത്താനുള്ള നിര്‍ദേശവുമായി അബ്ദുര്‍റഹ്മാന്‍ അന്നത്തെ അമീര്‍ കെ.സി അബ്ദുല്ല മൗലവിയെ സമീപിച്ചു. നേരത്തേയുണ്ടായ സംഘര്‍ഷം അറിയാവുന്ന കെ.സി മുമ്പ് വഅ്‌ള് എടുത്തുവെച്ച സ്ഥലമല്ലേ എന്നും ഇക്കൊല്ലം പോലീസിനെ ഒക്കെ വിളിച്ച് നമുക്ക് ഉഷാറാക്കി നടത്തേണ്ടേ എന്നും കളിയാക്കി ചോദിച്ചു. തീരുമാനിച്ചിട്ടില്ലെന്നും അമീറിനോടൊക്കെ അന്വേഷിച്ച് ചെയ്യാമെന്ന് കരുതിയതാണെന്നും വി.എ മറുപടിയും നല്‍കി. 'എന്നാല്‍ പോലീസിനെ കാവല്‍ നിര്‍ത്തി ആളെ നന്നാക്കേണ്ട' എന്നായിരുന്നു കെ.സിയുടെ പ്രതികരണം. ഇത്തവണ പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടാകില്ലെന്നും പോലീസിനെ വിളിക്കാതെ തന്നെ ജമാഅത്ത് പരിപാടി നടത്താന്‍ കഴിയുമെന്നും ബോധ്യപ്പെടുത്തിയപ്പോഴാണ് കെ.സി പരിപാടി നടത്താന്‍ അനുമതി നല്‍കിയത്. അങ്ങനെയാണ് കൊളപ്പുറത്തെ ആദ്യ ജമാഅത്ത് പരിപാടിയായി കെ.എന്‍ അബ്ദുല്ല മൗലവിയുടെ പ്രഭാഷണം സംഘടിപ്പിക്കപ്പെട്ടത്.  

ഇസ്‌ലാമിക് ഗൈഡന്‍സ് സെന്റര്‍ (ഐ.ജി.സി) എന്ന പേരില്‍ സൊസൈറ്റിയുണ്ടാക്കുന്നതിലും അബ്ദുര്‍റഹ്മാന്‍ നഗര്‍ ഹൈസ്‌കൂളിനടുത്ത് അതിനായി സ്ഥലം വാങ്ങുന്നതിലും വി.ടി അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ നേതൃത്വത്തില്‍ മുന്നിട്ടിറങ്ങിയിരുന്നു. ഐ.ജി.സിയും ഈ ഭൂമിയും പിന്നീട് കെ.ടി അബ്ദുര്‍റഹ്മാന്‍ നദ്‌വിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഹിറാ ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ഭാഗമായി. ബാബരി മസ്ജിദ് ധ്വംസനത്തെ തുടര്‍ന്ന് ജമാഅത്തെ ഇസ്‌ലാമി നിരോധിക്കപ്പെട്ടപ്പോള്‍ കെ.എം അബ്ദുല്‍ അഹദ് തങ്ങള്‍, പി.സി ഹംസ എന്നിവര്‍ക്കൊപ്പം ജയില്‍വാസം അനുഷ്ഠിച്ചിരുന്നു.   

ജമാഅത്ത് വിരുദ്ധരായ പലരുടെയും ഉടമസ്ഥതയിലുള്ള കൂരിയാട്ടെ കുറ്റൂര്‍ പാടശേഖരത്തില്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമ്മേളനം നടന്നത് പ്രദേശവാസികള്‍ക്ക് വലിയൊരു അത്ഭുതമായിരുന്നു. കാന്തപുരം വിഭാഗക്കാരും കോണ്‍ഗ്രസുകാരുമായ ഉടമകളില്‍നിന്ന് സമ്മതം വാങ്ങാനായി അബ്ദുര്‍റഹ്മാനെ തന്നെ അടാട്ടില്‍ മൂസ സാഹിബ് മുന്നില്‍ നിര്‍ത്തി. നൂറോളം ഉടമസ്ഥരില്‍ രണ്ട് മൂന്ന് പേരൊഴികെയുള്ളവരുടെ സമ്മതം വാങ്ങാന്‍ ഏരിയയിലുള്ള പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. ചരിത്രത്തിലിടം പിടിച്ച ഹിറാ സമ്മേളനം അബ്ദുര്‍റഹ്മാന്‍ നഗറില്‍ പ്രാസ്ഥാനിക ചലനങ്ങള്‍ക്ക് ഗതിവേഗം പകരുകയും ചെയ്തു. പത്തു വര്‍ഷം മുമ്പ് തുടങ്ങിയ പാര്‍കിന്‍സണ്‍സ് രോഗത്തിനുള്ള ചികിത്സ തുടരുന്നതിനിടയില്‍ ഒന്നര വര്‍ഷം മുമ്പുണ്ടായ പക്ഷാഘാതമാണ് വി.എയെ പൂര്‍ണമായും രോഗശയ്യയിലാക്കിയത്. നമ്മെയും വി.എയെയും സ്വര്‍ഗീയ ലോകത്ത് അല്ലാഹു ഒരുമിച്ചുകൂട്ടട്ടെ- ആമീന്‍. 

 

 

 

അബ്ദുര്‍റസാഖ് പനയപ്പിള്ളി

കൊച്ചി പനയപ്പിള്ളിയില്‍ താമസിച്ചിരുന്ന അബ്ദുര്‍റസാഖ് സാഹിബ് ജനസമ്പര്‍ക്കത്തിലും ഇസ്‌ലാമിക പ്രബോധനത്തിലും നിപുണനായിരുന്നു. തന്റെ കച്ചവടസ്ഥാപനത്തിലെത്തുന്ന ഓരോ വ്യക്തിയുമായും അദ്ദേഹം സൗഹൃദം നിലനിര്‍ത്തി.

പാലക്കാട് പുതുനഗരത്തു നിന്ന് കൊച്ചിയിലെത്തിയ അദ്ദേഹം ഒടുവില്‍ കൊച്ചിയുടെ സ്‌നേഹഭാജനമായി മാറുകയായിരുന്നു. ആലുവയിലെ ഒരു ഹോട്ടല്‍ മാനേജരായാണ് ജീവിതം തുടങ്ങുന്നത്. കൊച്ചിയിലെ പ്രമുഖ വ്യാപാരിയായിരുന്ന അലി റാവുത്തറുടെ സഹായിയായി എത്തിയ അദ്ദേഹം റാവുത്തറുടെ മകള്‍ ഫാത്വിമ ബീവിയെ വിവാഹം കഴിക്കുകയും സ്വന്തമായി ബിസിനസ് ആരംഭിക്കുകയും ചെയ്തു. 

കൊച്ചിയിലെ പരേതനായ  ബീരാവുക്ക, പരേതനായ സി.കെ കോയ സാഹിബ് എന്നിവരില്‍നിന്നാണ് ഇസ്‌ലാമിക പ്രസ്ഥാനത്തെ പരിചയപ്പെടുന്നത്. കൊച്ചങ്ങാടി കാര്‍കുന്‍ ഹല്‍ഖാ നാസിം, കൊച്ചി പ്രാദേശിക ജമാഅത്ത് അമീര്‍, ബിലാല്‍ മസ്ജിദ് ട്രസ്റ്റ് ചെയര്‍മാന്‍, വിവിധ ട്രസ്റ്റുകളില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കൊച്ചിയിലും പരിസരങ്ങളിലും ഇസ്‌ലാമിക സന്ദേശമെത്തിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു. തന്റെ ഇഷ്ടതോഴനായിരുന്ന പരേതനായ കെ.എം ഹുസൈനു(ഇണ്ട)മായും മറ്റു സഹപ്രവര്‍ത്തകരുമായും ചേര്‍ന്ന് കണ്ണമാലി കുമ്പളങ്ങി, വാതുരുത്തി എന്നീ പ്രദേശങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പരന്ന വായനയുടെ ഉടമയായിരുന്നു. രോഗം മൂര്‍ഛിക്കുന്നതു വരെ പ്രബോധനവും തമിഴിലുള്ള സമരസവും സ്ഥിരമായി വായിക്കാറുണ്ടായിരുന്നു. മദ്രാസ് സ്റ്റേറ്റിന്റെ പത്താം ക്ലാസ് വിദ്യാഭാസം നേടിയിരുന്നെങ്കിലും മലയാളം പഠിച്ചത് പ്രബോധനം വായനയിലൂടെയാണ്. കൊച്ചിയില്‍ പ്രസ്ഥാനത്തിന്റെ വിവിധ സ്ഥാപനങ്ങള്‍ ഉയര്‍ന്ന് വന്നതിന് പിന്നില്‍ അദ്ദേഹത്തിന്റെ പ്രയത്‌നങ്ങളു്. തോപ്പുംപടി അല്‍അമീന്‍ ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ സ്ഥലം ഇദ്ദേഹം  ദാനം ചെയ്തതാണ്. നിര്‍ധനര്‍ക്ക് ആശ്വാസം നല്‍കുന്നതിലും ശ്രദ്ധാലുവായിരുന്നു. ഒരു വ്യക്തിയുടെ മകള്‍ പഠിച്ച ഹോസ്റ്റലില്‍നിന്ന് രണ്ടു മാസമായി ഫീസ് അടച്ചിട്ടില്ലെന്ന് കത്ത് വന്നത് അദ്ദേഹം അറിയാനിടയായി. ആ സഹോദരന്‍ അറിയാതെ നേരെ ഹോസ്റ്റലില്‍ പോയി അദ്ദേഹം ഫീസ് അടച്ചു. രക്ഷിതാവ് പൈസ ഒപ്പിച്ചു ഫീസടക്കാന്‍ ചെന്നപ്പോഴാണ് മകളുടെ ഫീസ് ആരോ അടച്ചതായി അറിയുന്നത്. പിന്നീടും പണമടച്ചത് ആരാണെന്ന് ആ രക്ഷിതാവിന് മനസ്സിലാക്കാനായില്ല. രഹസ്യമായും ജാഗ്രതയോടെയും പ്രവര്‍ത്തകരുടെയും സാധാരണക്കാരുടെയും ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിച്ചിരുന്നു. പള്ളുരുത്തിയില്‍ ഈയിടെ ഉദ്ഘാടനം ചെയ്ത പള്ളി പൂര്‍ത്തീകരിക്കുന്നതിലും തന്നാലാവുന്നതൊക്കെ ചെയ്തു. 

മുന്‍ മന്ത്രി പരേതനായ എം.കെ രാഘവനെ പോലുള്ള വ്യക്തിത്വങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 

തന്റെ രണ്ടു തലമുറയെ ഇസ്‌ലാമിക പ്രസ്ഥാനത്തോട് ചേര്‍ത്തുനിര്‍ത്താനും അദ്ദേഹത്തിനായി. ഒരു മകന്‍ ജമാഅത്ത് അംഗമാണ്, മറ്റു രണ്ടാണ്‍മക്കളും പെണ്‍ മക്കളുമെല്ലാം പ്രസ്ഥാന പ്രവര്‍ത്തകര്‍. ഒരു മകന്റെ മകള്‍ ജി.ഐ.ഒയുടെ ഏരിയാ കണ്‍വീനറാണ്. 

ഖാലിദ് പുന്നിലത്ത്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (36 - 40)
എ.വൈ.ആര്‍

ഹദീസ്‌

കര്‍മഭൂമിയില്‍ തളരാതെ മുന്നോട്ട്
കെ.സി ജലീല്‍ പുളിക്കല്‍