വേണ്ടത് ഉല്‍ക്കര്‍ഷബോധം
ദൈവികാദര്‍ശത്തിന്റെ വാഹകനായ വിശ്വാസി ശക്തനാണ്; ആയിരിക്കണം. തീര്‍ത്തും ശരിയും കുറ്റമറ്റതുമായ ഒരു ആദര്‍ശത്തിന്റെ പിന്‍ബലത്തോടെ ജീവിക്കുന്ന സത്യവിശ്വാസി കരുത്തിന്റെയും ആത്മബലത്തിന്റെയും പ്രതീകമായിരിക്കും. തനിക്കു ചുറ്റും ജീവിക്കുന്നവര്‍ അന്ധകാരത്തില്‍ കഴിഞ്ഞുകൂടുകയും വഴിയറിയാതെ വിഭ്രമിച്ചു നില്‍ക്കുകയും ചെയ്യുമ്പോള്‍ വിശ്വാസത്തിന്റെ വെളിച്ചം കൂട്ടിനുള്ള സത്യവിശ്വാസി ജീവിച്ചു മുന്നേറുകയും വിജയത്തിന്റെ സോപാനത്തില്‍ എത്തുകയും ചെയ്യുന്നു. ഈ ലോകത്ത് അഭിമാനപുരസ്സരം ശിരസ്സുയര്‍ത്തി നില്‍ക്കാനുള്ള എല്ലാ അര്‍ഹതയും വിശ്വാസിക്കുണ്ട്.
എന്നാല്‍ ശത്രുക്കളുടെ പ്രചാരവേലകളിലും ഉപജാപങ്ങളിലും കുടുങ്ങി ആത്മവീര്യം നഷ്ടപ്പെട്ട് അപകര്‍ഷ ബോധവുമായി, പരാജിത മനസ്സുമായി ജീവിക്കുന്ന വേറൊരു വിഭാഗത്തെയും വിശ്വാസികളുടെ സമൂഹത്തില്‍ കാണാം. ശത്രുക്കളുടെ മുമ്പില്‍ തങ്ങളൊന്നുമല്ലെന്ന ധാരണയുമായി ആത്മനിന്ദയോടെ ജീവിക്കുന്ന ഈ വിഭാഗം സ്വന്തത്തിനും സമൂഹത്തിനും അവരുള്‍ക്കൊള്ളുന്ന പ്രസ്ഥാനത്തിനും വരുത്തിവെക്കുന്ന വിപത്ത് വലുതാണ്.
ദൈവികദീനിന്റെ പ്രബോധന പ്രവര്‍ത്തനരംഗത്തു നിന്ന് പിന്മാറി അകര്‍മണ്യതയിലേക്ക് ഉള്‍വലിഞ്ഞ് കുത്തിയിരിക്കുന്ന ഈ വിഭാഗത്തിന് ഭാവിയെക്കുറിച്ച് ആശയോ പ്രതീക്ഷയോ പുലര്‍ത്താന്‍ കഴിയില്ല. തങ്ങളുടെ പരാജിത മനസ്സില്‍നിന്ന് ഉയിര്‍ക്കൊള്ളുന്ന നിരാശ സമൂഹത്തിലേക്കും മെല്ലെമെല്ലെ വ്യാപിക്കുമെന്ന് അവരോര്‍ക്കുന്നില്ല.
സമൂഹത്തോടും സംസാര ജീവിതത്തോടും വിടചൊല്ലി ഗിരിശൃംഗങ്ങളിലേക്കും മലഞ്ചെരുവിലേക്കും 'ഹിജ്‌റ' പോവുകയാണ് ഇനി കരണീയമെന്ന് ഈ ശുദ്ധ പാവങ്ങള്‍ ധരിച്ചുവശാവും. 'ഒരു കാലം വരും. വിശ്വാസിക്ക് ആ കാലഘട്ടത്തില്‍ ഭൂഷണം തന്റെ ആടുമാടുകളെയും തെളിച്ച് മലമടക്കുകളും തെളിനീരും തേടി പോവുകയാണ്. ഫിത്‌നകളില്‍ അകപ്പെടാതിരിക്കാന്‍ തന്റെ ദീനുമായി ഓടിയൊളിക്കുകയാണ് നല്ലത്' (ബുഖാരി) എന്ന നബിവചനം പൊരുള്‍ ഗ്രഹിക്കാതെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് തെളിവായി ഉദ്ധരിക്കുകയും ചെയ്യും അവര്‍.
'സ്ഥിതിഗതികള്‍ക്ക് മാറ്റം വരുത്താന്‍ ഇനിയാവില്ല' എന്ന നിരാശ മുറ്റിയ ചിന്തയാണ് അവരെ ഭരിക്കുക. ഭൗതിക പ്രത്യയശാസ്ത്രങ്ങളും ദൈവേതര ശക്തികളും രംഗം മുഴുവന്‍ കൈയടക്കിയിരിക്കെ ഇനിയെന്തു ചെയ്യാന്‍ എന്ന ഭീതി അവരെ കീഴ്‌പ്പെടുത്തിയിരിക്കും. എല്ലാ ഉത്തരവാദിത്തങ്ങളില്‍നിന്നും ഒഴിഞ്ഞുമാറുന്ന ഇക്കൂട്ടര്‍ക്ക് തങ്ങളുടേതായ നീതീകരണങ്ങള്‍ നിരത്താനുമുണ്ടാകും. ആത്മവീര്യം കൈയൊഴിക്കാതെ കര്‍മരംഗത്ത് നിലയുറപ്പിക്കാനുള്ള അല്ലാഹുവിന്റെ ആഹ്വാനങ്ങള്‍ക്കൊന്നും അവര്‍ ചെവികൊടുക്കില്ല. ''നിങ്ങള്‍ (ആത്മവീര്യം കെട്ട്) ദുര്‍ബലരാവരുത്. ദുഃഖിക്കുകയുമരുത്. വിശ്വാസികളാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഔന്നത്യം കൈവരിക്കുന്നവര്‍'' (ആലുഇംറാന്‍: 139). ''ശത്രു ജനതയെ തേടിപ്പോകുന്ന കാര്യത്തില്‍ നിങ്ങള്‍ ദൗര്‍ബല്യം കാണിക്കരുത്. നിങ്ങള്‍ വേദന അനുഭവിക്കുന്നുവെങ്കില്‍, നിങ്ങള്‍ വേദന അനുഭവിക്കുന്നതുപോലെത്തന്നെ അവരും വേദന അനുഭവിക്കുന്നുണ്ട്. നിങ്ങള്‍ക്കാവട്ടെ അവര്‍ക്ക് പ്രതീക്ഷിക്കാനാവാത്തത് അല്ലാഹുവില്‍നിന്ന് പ്രതീക്ഷിക്കാനുമുണ്ട്'' (അന്നിസാഅ്: 104). ആത്മവിശ്വാസം പകരുന്ന ഈ സൂക്തങ്ങളൊന്നും അവരുടെ ബധിര കര്‍ണങ്ങളില്‍ എത്തുകയില്ല.
ഒരിക്കല്‍ റസൂല്‍: 'നിങ്ങള്‍ക്ക് ആത്മനിന്ദ പാടില്ല.' ആത്മനിന്ദ എന്നു വെച്ചാല്‍ എന്താണെന്ന് സ്വഹാബികള്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: ചില സന്ദര്‍ഭങ്ങളില്‍ ചില വിഷയങ്ങളില്‍ 'അല്ലാഹുവിന്റെ നിര്‍ദേശം ഇന്നതാണ്' എന്നു പറഞ്ഞ് ഇടപെടേണ്ടതായി വരും. ഖിയാമത്ത് നാളില്‍ അല്ലാഹു ചോദിക്കും: 'ഇടപെടുന്നതിന് നിങ്ങള്‍ക്കെന്തായിരുന്നു തടസ്സം' അയാള്‍: 'ഞാന്‍ ജനങ്ങളെ ഭയപ്പെട്ട് മൗനം പാലിച്ചതാണ്.' അല്ലാഹു: 'ഭയപ്പെടാന്‍ ഏറ്റവും അര്‍ഹന്‍ ഞാനായിരുന്നുവല്ലോ' (ഇബ്‌നുമാജ).
ആത്മവിശ്വാസം സ്ഫുരിക്കുന്ന യൂസുഫ് നബി(അ)യുടെ അഭ്യര്‍ഥന ഖുര്‍ആന്‍ ഉദ്ധരിച്ചത് കാണുക: ''ഭൂമിയിലെ ഖജനാവുകള്‍ എന്നെ ഏല്‍പിക്കുക. ഞാന്‍ അത് കരുതലോടെ സംരക്ഷിക്കും. എനിക്കറിയാം അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന്'' (യൂസുഫ്: 55). അപകര്‍ഷ ബോധത്തിനിടമില്ലാത്ത കരുത്തുറ്റ വാക്കുകള്‍. ഇതാണ് വിശ്വാസിയുടെ ഉല്‍ക്കര്‍ഷ ബോധം. ഉല്‍ക്കര്‍ഷ ബോധം ആക്ഷേപിക്കപ്പെടേണ്ട ഒന്നല്ല. കുലീനമായ പൈതൃകത്തിന്റെയും സമ്പന്നമായ പാരമ്പര്യത്തിന്റെയും പിന്തുടര്‍ച്ചക്കാരായ വിശ്വാസികള്‍ക്ക് അഭിമാനിക്കാനും ഉല്‍ക്കര്‍ഷേഛയോടെ ജീവിക്കാനും അവകാശമുണ്ട്.
അപകര്‍ഷ ബോധവും പരാജിത മനസ്സും വളരാനിടയാക്കുന്ന കാരണങ്ങള്‍ പലതുണ്ട്.
കഴിവുകള്‍ കണ്ടറിഞ്ഞ് അംഗീകരിക്കുകയും പ്രശംസിക്കേണ്ട സന്ദര്‍ഭങ്ങളില്‍ പ്രശംസിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സമൂഹം കൂടെയില്ലെങ്കില്‍ മനുഷ്യനില്‍ നിരാശ ഉടലെടുക്കുകയും അത് അപകര്‍ഷ ബോധം വളര്‍ത്തുകയും ചെയ്യും. തന്റെ അനുചരന്മാരെ പ്രകീര്‍ത്തിച്ച് അവരില്‍ ആത്മവിശ്വാസവും അഭിമാന ബോധവും വളര്‍ത്തുന്നതില്‍ ദത്തശ്രദ്ധനായിരുന്നു നബി (സ). അദ്ദേഹം കര്‍മനിരതനായിരുന്നു. വെറുതെയിരുന്ന നേരമില്ലായിരുന്നു ആ മഹദ് ജീവിതത്തില്‍. ചെറുപ്പത്തില്‍ ആടുകളെ മേച്ചു, കച്ചവടം ചെയ്തു, കഅ്ബയുടെ നവീകരണത്തില്‍ പങ്കാളിയായി, ഹല്‍ഫുല്‍ ഫുളൂലില്‍ പങ്കു വഹിച്ചു, പ്രബോധന പ്രവര്‍ത്തനത്തില്‍ മുഴുകി, ജിഹാദില്‍ മുന്‍നിരയില്‍ നിന്നു, സമരരംഗത്ത് നേതൃത്വം നല്‍കി....
സേവനങ്ങളെയും പ്രവര്‍ത്തനങ്ങളെയും നിസ്സാരവല്‍ക്കരിച്ചു കാണുന്ന സമൂഹവും അപകര്‍ഷ ബോധം വളര്‍ത്തുന്നതില്‍ പങ്കു വഹിക്കുന്നുണ്ട്. ജീവിക്കുന്ന സാഹചര്യങ്ങള്‍ക്കും ഉണ്ട് ഒരു പങ്ക്. കൈവെക്കുന്ന മേഖലകളിലെല്ലാം പരാജയം നേരിടേണ്ടി വരുന്നതും അപകര്‍ഷ ബോധത്തിന് ഹേതുവാണ്. വിജയത്തിന് നിര്‍ണിത മാനദണ്ഡങ്ങളും ഉപാധികളും ഉണ്ടെന്നും അവ പൂര്‍ത്തീകരിക്കാതെ ലക്ഷ്യത്തിലെത്താന്‍ കഴിയില്ലെന്നും പരാജയബോധത്തിനടിപ്പെട്ട വ്യക്തി മറക്കുന്നു. പ്രതിയോഗികളോട് മത്സരിച്ചു മുന്നിലെത്താന്‍ വാചാടോപങ്ങള്‍ പോരാ. കര്‍മങ്ങള്‍ വേണം. മുസ്‌ലിം ലോകത്തിന്റെ പരാജയങ്ങള്‍ക്കും അപകര്‍ഷ ബോധത്തിനും പ്രധാന കാരണം, കര്‍മങ്ങളുടെ അഭാവമാണ്.
ഭരണാധികാരികളുടെ അടിച്ചമര്‍ത്തല്‍ നയവും സ്വേഛാധിപത്യ പ്രവണതകളും അവശേഷിക്കുന്ന ആത്മവിശ്വാസവും തകര്‍ത്തേക്കുമെന്ന സത്യം വിസ്മരിച്ചുകൂടാ. റുസ്തമിന്റെ കൊട്ടാരത്തിന്റെ കല്‍ത്തൂണില്‍ തന്റെ കുതിരയെ ബന്ധിച്ച്, കുന്തത്തലപ്പുകൊണ്ട് പരവതാനിയില്‍ കുത്തി ശിരസ്സുയര്‍ത്തി നടത്തിയ റുബ്ഇയ്യുബ്‌നു ആമിറിന്റെ പ്രഖ്യാപനം, ആ വീറുറ്റ ശബ്ദം നൂറ്റാണ്ടുകളെയും ഭേദിച്ച് നമ്മുടെ കാതുകളില്‍ മുഴങ്ങുന്നു. ''അല്ലാഹു നിയോഗിച്ച ജനവിഭാഗമാണ് ഞങ്ങള്‍. ജനങ്ങളുടെ അടിമത്തത്തില്‍നിന്ന് അല്ലാഹുവിന്റെ അടിമത്തത്തിലേക്ക് ജനങ്ങളെ വിമോചിപ്പിക്കുക, മതങ്ങളുടെ അതിക്രമങ്ങളില്‍നിന്നും അത്യാചാരങ്ങളില്‍നിന്നും ജനങ്ങളെ മോചിപ്പിച്ച് ഇസ്‌ലാമിന്റെ നീതിയിലേക്ക് അവരെ ആനയിക്കുക, ഇഹലോകത്തിന്റെ കുരുക്കുകളില്‍നിന്ന് പരലോകത്തിന്റെ വിശാല വിഹായസ്സിലേക്ക് ജനങ്ങളെ കൊണ്ടുവരിക- ഇതാണ് ഞങ്ങളില്‍ അര്‍പ്പിതമായ ദൗത്യം.'' എന്തൊരു ആത്മവിശ്വാസം! എന്തൊരു അഭിമാനബോധം!
സംഗ്രഹം: പി.കെ.ജെ
Comments