അബ്ദുല്‍ ഗഫൂര്‍ പോണിശ്ശേരി
ഇസ്‌ലാമിക പ്രവര്‍ത്തനരംഗത്ത് കര്‍മനിരതനായിരുന്നു അബ്ദുല്‍ ഗഫൂര്‍ സാഹിബ്. ഖത്തറില്‍ പ്രവാസിയായിരുന്ന, കൊടുങ്ങല്ലൂര്‍ സ്വദേശിയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ജീവനക്കാരനായി റിട്ടയര്‍ ചെയ്ത ഗഫൂര്‍ മതവിരുദ്ധ ജീവിത ശീലങ്ങളുമായാണ് ഖത്തറിലെത്തിയതും ഖത്തര്‍ സ്റ്റീല്‍ കമ്പനിയില്‍ ജോലിയില്‍ കയറിയതും. ബന്ധുവും സുഹൃത്തുമായ പി.കെ സിദ്ദീഖ് സാഹിബുമായുള്ള ബന്ധം അദ്ദേഹത്തെ മിസഈദിലുള്ള കമ്പനി പരിസരത്തെ ജുമുആനന്തര ക്ലാസ്സുകളിലും, കെ. അബ്ദുല്ലാ ഹസന്‍ സാഹിബിന്റെ താമസ സ്ഥലത്ത് നടക്കുന്ന 'ശാരിഇ ഖലീജ്' യൂനിറ്റി(ഹല്‍ഖ)ലും എത്തിച്ചു. അവിടങ്ങളില്‍ വെച്ചുണ്ടായ വൈജ്ഞാനിക-പ്രാസ്ഥാനിക വളര്‍ച്ചയാണ് അദ്ദേഹത്തെ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്റെ നേതാക്കളിലൊരാളാക്കി മാറ്റിയത്.
കേള്‍ക്കുന്ന കാര്യങ്ങളെ ഇഴപിരിച്ച് ഉള്‍ക്കൊള്ളുകയും അഗാധമായി ചിന്തിക്കുകയും ചെയ്യുന്ന സ്വഭാവക്കാരനായിരുന്നു ഗഫൂര്‍ സാഹിബ്. വായന അദ്ദേഹത്തിന്റെ കൂടപ്പിറപ്പുമായിരുന്നു. അത് കാരണം കാര്‍കുന്‍, റുക്ന്‍ തുടങ്ങിയ ഘടനാപരമായ പ്രാസ്ഥാനിക വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. അധികം താമസിയാതെ അദ്ദേഹം സംഘടനയുടെ നേതൃസ്ഥാനങ്ങളിലേക്ക് ഉയര്‍ന്നു. യൂനിറ്റ് സെക്രട്ടറിയില്‍നിന്ന് തുടങ്ങി പ്രസിഡന്റ്, കൂടിയാലോചനാ സമിതി അംഗം, അഡ്മിന്‍ സെക്രട്ടറി, പി.ആര്‍ സെക്രട്ടറി, ഫൈനാന്‍സ് സെക്രട്ടറി, ജനസേവന കണ്‍വീനര്‍ തുടങ്ങി ഒട്ടേറെ ഉത്തരവാദിത്തങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. കൂടാതെ ഉദയം, അല്‍ ഉമ്മ ട്രസ്റ്റ്, ഖത്തര്‍ തൃശൂര്‍ ജില്ലാ അസോ. തുടങ്ങി ഒട്ടനവധി പ്രാദേശിക/ജില്ലാ കൂട്ടായ്മകളുടെ സാരഥിയും സ്ഥാപകനും എല്ലാം അദ്ദേഹമായിരുന്നു. അദ്ദേഹമേത്, പ്രസ്ഥാനമേത് എന്ന് തിരിച്ചറിയുക പ്രയാസമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന കല വീക്ഷിക്കുന്നവര്‍ക്ക്. വീടും കുടുംബവും അദ്ദേഹത്തെ കാണാത്ത ദിനരാത്രങ്ങളും ഊണും ഉറക്കുമില്ലാത്ത ദിനങ്ങളും എത്രയെന്ന് അദ്ദേഹത്തിനു പോലും നിശ്ചയമുണ്ടാവില്ല. മിക്ക ദിവസങ്ങളിലും മിസഈദില്‍നിന്ന് ജോലി കഴിഞ്ഞാല്‍ 40 കി.മീ ദൂരമുള്ള ദോഹയിലെ സംഘടനാ ആസ്ഥാനത്തേക്ക് കുതിക്കും. ചില ദിവസങ്ങളില്‍ അവിടെ തന്നെ കിടന്നുറങ്ങും.
മാസ് നോമ്പുതുറ, ഈദ് മീറ്റ്, മെഡിക്കല്‍ ക്യാമ്പ് തുടങ്ങി പൊതുജനങ്ങളെ സംബന്ധിക്കുന്ന അനവധി പൊതു പരിപാടികളുടെ എഞ്ചിനീയറിംഗും ആസൂത്രണവും ഗഫൂര്‍-സിദ്ദീഖ്-നൂറുദ്ദീന്‍ ടീമിന്റേതായിരുന്നു. പട്ടാളത്തില്‍നിന്ന് നേടിയ അടുക്കും ചിട്ടയും സ്വന്തം ജീവിതത്തെ മാത്രമല്ല, ഇടപെടുന്ന സകല മേഖലകളെയും തികഞ്ഞ പ്രഫഷണലിസത്തോടെ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. പതിനായിരത്തോളം പേര്‍ പങ്കെടുത്ത കമലാ സുറയ്യ സാന്നിധ്യമറിയിച്ച ഈദ് മീറ്റ് മുതല്‍ അംബാസഡര്‍മാര്‍ പോലും ഒന്നിലധികം തവണ പ്രശംസിച്ച അയ്യായിരത്തോളം ആളുകള്‍ സംബന്ധിച്ച നോമ്പുതുറകള്‍ വരെ വര്‍ഷം തോറും ഒരാള്‍ക്കും ചൂിക്കാണിക്കാനില്ലാത്ത വിധമാണ് അവര്‍ സംഘടിപ്പിച്ചത്.
ആരോഗ്യപരമായ കാരണങ്ങളാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗഫൂര്‍ സാഹിബ് സംഘടനയുടെ 'സ്‌ക്രീനി'ല്‍ ഇല്ല. അതുകൊണ്ട് ഖത്തറിലെ പുതുതലമുറക്ക് അദ്ദേഹത്തെ വേണ്ടവിധം പരിചയം കാണില്ല. പഴയതുപോലെ പ്രവര്‍ത്തന രംഗത്ത് 'ലൈവ്' അല്ലെങ്കിലും, നിരന്തരം ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിംകളെക്കുറിച്ചും ലോക ഇസ്‌ലാമിക ചലനങ്ങളെക്കുറിച്ചുമൊക്കെ വായിക്കുകയും നിരീക്ഷിക്കുകയും ചിന്തിക്കുകയും കിട്ടുന്ന വേദികളിലും സോഷ്യല്‍ മീഡിയയിലും വ്യക്തിസംഭാഷണങ്ങളിലുമൊക്കെ തന്റെ ചിന്തകളും നിരീക്ഷണങ്ങളും പങ്കുവെക്കുകയും ചെയ്യുമായിരുന്നു. അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുകയും പോരായ്മകളും മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങളും അദ്ദേഹം ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്യുമായിരുന്നു. മരണത്തിന്റെ ഏതാനും നാളുകള്‍ക്കു മുമ്പ് അദ്ദേഹം അസോസിയേഷന്‍ പ്രസിഡന്റ് കെ.സി അബ്ദുല്ലത്വീഫ് സാഹിബിനയച്ച ഒരു വാട്ട്‌സ്ആപ്പ് വോയ്‌സ് ക്ലിപ്പിലും പ്രസ്ഥാന സംബന്ധമായ ചില 'വസ്വിയ്യത്തു'കളായിരുന്നു. ചുരുക്കത്തില്‍ ശ്വാസതടസ്സം വന്ന്, ദൈവസന്നിധിയിലേക്ക് യാത്രയാവും വരെ അദ്ദേഹത്തിന്റെ പ്രാസ്ഥാനിക മനസ്സ് പ്രവര്‍ത്തനനിരതമായിരുന്നു.
തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള ചക്കരപ്പാടം സ്വദേശിയാണ് അബ്ദുല്‍ ഗഫൂര്‍ പോണിശ്ശേരി. രണ്ട് ഭാര്യമാരില്‍ പതിനൊന്ന് മക്കളുണ്ട്. ഇറ്റലി, ആസ്‌ത്രേലിയ, മലേഷ്യ, ഖത്തര്‍ തുടങ്ങി ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ പരന്നു കിടക്കുന്നതാണ് കുടുംബം. ജീവിത സായാഹ്നത്തില്‍ ആരോഗ്യം, സാമ്പത്തികം, കുടുംബപരം തുടങ്ങി ജീവിതത്തിന്റെ ഏതാണ്ടെല്ലാ മേഖലകളിലും വിവിധ പരീക്ഷണങ്ങള്‍ അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. പക്ഷേ, ഈമാനിലും തഖ്‌വയിലും പുനര്‍നിര്‍മിക്കപ്പെട്ട അദ്ദേഹത്തിന്റെ മനസ്സ് എവിടെയും ഒട്ടും പതറിയില്ല. തഖ്‌വയുടെ ആള്‍രൂപമായിരുന്നു അദ്ദേഹം. എന്ത് പ്രയാസങ്ങളുണ്ടെങ്കിലും നിറപുഞ്ചിരിയോടെ മാത്രം മറ്റുള്ളവരെ സ്വീകരിക്കുകയും സുഖ വിവരങ്ങള്‍ അന്വേഷിക്കുന്നവരോട് വളരെ സംതൃപ്തിയോടെ 'അല്‍ഹംദുലില്ലാഹ്' എന്ന് മറുപടി പറയുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകൃതം.
എത്രയും പെട്ടെന്ന് താന്‍ മരണം പ്രതീക്ഷിക്കുന്നുണ്ട് എന്ന് തോന്നുന്ന ചില പരാമര്‍ശങ്ങളുണ്ടായിരുന്നു, മുന്‍സൂചിത വോയ്‌സ് ക്ലിപ്പില്‍. ഉറ്റവര്‍ക്കും ഉടയവര്‍ക്കും തികച്ചും ആകസ്മികമായിരുന്നു മരണം. അദ്ദേഹത്തിന്റെ തന്നെ ആഗ്രഹവും കുടുംബത്തിന്റെ സമ്മതവും പരിഗണിച്ച് ഖത്തറില്‍തന്നെയാണ് മയ്യിത്ത് മറവ് ചെയ്തത്.
ഒരു പ്രസ്ഥാന പ്രവര്‍ത്തകന്‍ എങ്ങനെയായിരിക്കണം, നിലപാടുകള്‍ എന്തായിരിക്കണം എന്നതിന്റെ ജീവിക്കുന്ന തര്‍ബിയത്തീ മാതൃകയായിരുന്നു ഗഫൂര്‍ സാഹിബിന്റെ വ്യക്തിജീവിതം. അദ്ദേഹത്തിന്റെ ആത്മാവ് ഏതായാലും സ്രഷ്ടാവിനെ കണ്ടുമുട്ടുന്നത് സംതൃപ്തമായ മനസ്സോടു കൂടിയായിരിക്കുമെന്ന കാര്യത്തില്‍ അദ്ദേഹവുമായി ഇടപഴകാന്‍ അവസരം ലഭിച്ച ആര്‍ക്കും സന്ദേഹലേശമില്ല. പടച്ചതമ്പുരാന്‍ അദ്ദേഹത്തിന്റെ ആത്മാവിന് ആശ്വാസവും ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഉയര്‍ന്ന ഇടവും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. കുടുംബത്തെ അദ്ദേഹത്തിന്റെ ജീവിത പാരമ്പര്യം നല്‍കി അനുഗ്രഹിക്കട്ടെ.
Comments