മുഹമ്മദ് നബി മുന്നില്‍ വന്നു നില്‍ക്കുന്നു
മുഹമ്മദ് നബി ആശയപ്രചാരണത്തിന് ആയുധമുപയോഗിച്ചതായും അങ്ങനെ ശത്രുക്കളെ കുരുക്ഷേത്രത്തിലെന്നപോലെ ക്രൂരമായി നിഗ്രഹിച്ചതായുമാണ് എങ്ങനെയോ വന്നുപെട്ട ധാരണ. നീതിയും ന്യായവുമൊന്നും പരിഗണനയായില്ലെന്നും ധരിച്ചിരുന്നു. മക്കാ നാട്ടില്‍നിന്നും മുഹമ്മദിനെ സ്വന്തക്കാര്‍ തന്നെ ഓടിച്ചുവിട്ടത് ഗ്രാമത്തില്‍ കലാപത്തിനാഹ്വാനം ചെയ്തതിനാലാണെന്നും ധരിച്ചിരുന്നു. എന്നാല്‍ എന്റെ ഈ തോന്നലുകളെ അപ്പാടെ തിരുത്തുന്നതായിരുന്നു പ്രബോധനത്തില്‍ പി.ടി കുഞ്ഞാലി എഴുതിയ ബദ്ര്‍ ലേഖനം. നിര്‍ബന്ധിക്കപ്പെട്ടപ്പോള്‍ മാത്രമാണ് യുദ്ധമുണ്ടായതെന്നും അത് തുടങ്ങുന്നതില്‍ മുഹമ്മദ് നബിക്ക് പങ്കില്ലെന്നും മനസ്സിലായി. ആ യുദ്ധത്തില്‍ തന്നെ അസാധാരണമായ നീതിയും ന്യായവും നബി പുലര്‍ത്തിയിട്ടുണ്ടെന്നും വായിച്ചപ്പോള്‍ സത്യത്തില്‍ അതിശയം തോന്നി. പ്രത്യേകിച്ച് യുദ്ധത്തില്‍ മരിച്ച ശത്രു സൈനികരെ സംസ്‌കരിച്ചത് നബിയാണെന്നത്. പിന്നീട് തടവുകാരോട് കാണിച്ച ഉയര്‍ന്ന പരിഗണന. മാനവികത പ്രചരിപ്പിക്കുന്ന ആധുനിക യൂറോപ്യന്‍ നാടുകള്‍ പോലും പ്രയോഗത്തില്‍ ചെയ്യാത്ത ഉയര്‍ന്ന നിലവാരമാണിത്. അതുപോലെ അഞ്ച് പെണ്‍കുട്ടികളുള്ള ഒരാള്‍ മോചനം ആവശ്യപ്പെട്ടപ്പോള്‍ അയാളെ വിട്ടയക്കാന്‍ മറു ചോദ്യമില്ലാതെ നബി കാണിച്ച തിടുക്കം. യുദ്ധത്തിന് ചാടി ഇറങ്ങുമ്പോള്‍ ഇയാള്‍ക്കറിയാമല്ലോ എനിക്ക് അഞ്ച് പെണ്‍കുട്ടികളുണ്ടെന്ന്. അപ്പോള്‍ ഇയാളുടെ മക്കളോട് ഈ പിതാവിനില്ലാത്ത വാത്സല്യവും താല്‍പര്യവുമാണ് നബിക്കുണ്ടായിരുന്നത്.
ലേഖനത്തില്‍ ഏറ്റവും ഹൃദയം തൊട്ടത് തടവുകാരിലെ സ്വന്തം പിതാവിന്റെ സഹോദരനോട് നബി പെരുമാറിയ രീതിയാണ്. ഗംഭീരമാണാ നീതിബോധം. ആ ഭാഗം വായിച്ചപ്പോള്‍ കോരിത്തരിച്ചുപോയി. എന്നിട്ടും എങ്ങനെ ഈ നബി ക്രൂരനായി ചിത്രീകരിക്കപ്പെട്ടു! തീര്‍ച്ചയായും മുഹമ്മദ് നബി കൂടുതല്‍ വായന ആവശ്യപ്പെടുന്നു. മനോഹരമായ ഭാഷ. വാക്കുകള്‍കൊണ്ട് എഴുത്തുകാരന്‍ ചിത്രം വരക്കുന്നത് കാണുമ്പോള്‍ നബിയും ആ കാലവും നമ്മുടെ മുന്നില്‍വന്നു തൊട്ടു നില്‍ക്കുന്നു.
ഓര്‍മയിലെ പുസ്തകം
വി.പി അഹ്മദ് കുട്ടി ടൊറണ്ടോയുടെ അനുഭവക്കുറിപ്പ് വായിച്ചപ്പോഴാണ് എന്റെ ഓര്‍മകളും പിന്നോട്ടു സഞ്ചരിച്ചത്. തന്റെ പിതാവും പിതാമഹനും പകര്‍ന്നു നല്‍കിയ, സദ്ശിക്ഷണത്തിന്റെ ജീവിതാനുഭവങ്ങളിലൂടെ ലേഖകന്‍ കടന്നുപോയപ്പോള്‍, കുഞ്ഞുനാളില്‍ പിതാവിനൊപ്പം ചെലവഴിച്ച കുറേ നല്ല നിമിഷങ്ങള്‍ എന്റെ മനസ്സിലും ഇടം പിടിച്ചു. നിത്യവസന്തമുള്ള ഇത്തരം ഓര്‍മകളുടെ പൊരുളും ആന്തരാത്മാവും വേണ്ടവിധം മനസ്സിലാക്കാനാവുക, ആ ഓര്‍മകളിലൂടെ വീണ്ടും വീണ്ടും സഞ്ചരിക്കുമ്പോഴാണ്. മാതാപിതാക്കള്‍ പകര്‍ന്നു നല്‍കുന്ന ജീവിത പാഠങ്ങളുടെയും ശിക്ഷണശീലങ്ങളുടെയും ആഴമുള്ള അര്‍ഥങ്ങള്‍ അപ്പോള്‍ നമുക്ക് മുമ്പില്‍ അനാവൃതമാകും.
ബാല്യത്തിലെ വേനലവധികള്‍, കളിക്കൂട്ടുകാര്‍ക്കധികവും ഉമ്മ വീട്ടിലെ ആഘോഷങ്ങളിലേക്കുള്ള വിരുന്നു പോവലുകളായിരുന്നു. സാലിയുടെ എടയപ്പുറം വിശേഷങ്ങളും ഹനീഫയുടെ എലൂക്കര കഥകളും എന്റെ കുഞ്ഞുമനസ്സില്‍ എന്നും ഉത്സവപ്രതീതി തീര്‍ത്തിട്ടുണ്ട്. എന്നാല്‍ എന്റെ വേനലവധികളിലെ വിരുന്നുപാര്‍ക്കലിലധികവും എറണാകുളം ബ്രോഡ്‌വേ പള്ളിയിലായിരുന്നു (ബാപ്പ ഇമാമായി ജോലി ചെയ്യുന്ന പള്ളി). കൂട്ടുകാരൊടൊപ്പം വെറുതെ മരംകേറി നടക്കാതിരിക്കാനും തന്റെ നേരിട്ടുള്ള ശിക്ഷണം നല്‍കാനുമായിരിക്കണം പിതാവ് എന്നെ താല്‍പര്യപൂര്‍വം എറണാകുളത്തേക്ക് കൊണ്ടുപോയിരുന്നത്. നല്ല ഭക്ഷണം, വെയിലുകൊണ്ട് അലഞ്ഞുതിരിയില്ല, അല്‍പം നിറം വെയ്ക്കും ഇങ്ങനെ ചില കാരണങ്ങളുണ്ട് ഉമ്മിച്ചിക്കും എന്റെ എറണാകുളം യാത്ര ഇഷ്ടപ്പെടാന്‍. ഏതാനും ദിവസത്തെ പള്ളിവാസം കഴിഞ്ഞ് തിരികെയെത്തുന്ന എന്നെ നോക്കി ഉമ്മിച്ചി പതിവായി പറയാറുള്ള കമന്റുകള്‍ കേട്ടാണ് ഇത് ഞാന്‍ മനസ്സിലാക്കിയത്. ഇച്ചിരി നിറം വെച്ചിട്ടുണ്ട്. ഇച്ചിരി തുടുത്തിട്ടുണ്ട്. തിരികെയെത്തിയാല്‍ ഉമ്മിച്ചിക്കറിയേണ്ട മറ്റൊരു കാര്യം ഞാന്‍ കഴിച്ച നല്ല നല്ല ഭക്ഷണവിഭവങ്ങളെ കുറിച്ചാണ് (എല്ലാ യാത്രകളിലും ബാപ്പിച്ചി നല്ല മുന്തിയ ഭക്ഷണം വാങ്ങിത്തന്നിരുന്നു). എല്ലാ മാതാക്കള്‍ക്കും മക്കളുടെ കാര്യത്തിലുള്ള ആദ്യ പരിഗണനയാണല്ലോ അവരുടെ ആരോഗ്യം.
എങ്ങോട്ടുള്ള യാത്രയും കൊതിച്ചിരുന്ന അക്കാലത്ത്, എറണാകുളം യാത്ര വിശേഷിച്ചും എനിക്കേറെ പ്രിയപ്പെട്ടതായിരുന്നു. കുറച്ചധികദൂരം ബസിലിരുന്ന് യാത്ര ചെയ്യാനും, നഗരകാഴ്ചകള്‍ കാണാനുമുള്ള ഉത്സാഹമാണ് അതിനു പിന്നില്‍. എന്നാല്‍ പള്ളിയിലെത്തിയാല്‍ കൂട്ടിലടച്ച പക്ഷിയെപോലെയാണ്. തെല്ലൊരാശ്വാസം, പള്ളികവാടത്തിന് തൊട്ടരികില്‍, പോസ്റ്റാഫീസിനു മുമ്പിലെ തണല്‍ മരത്തിനു ചുവട്ടില്‍ കണ്ണടകള്‍ വില്‍ക്കുന്ന വഴിവാണിഭക്കാരന്‍ ഹനീഫ്ക്കയൊടൊപ്പമിരുന്ന് അല്‍പസമയം വഴിയോര കാഴ്ചകള്‍ കാണാനുള്ള അനുവാദമാണ്. എന്നെ പ്രത്യേകം ശ്രദ്ധിക്കാന്‍ ഹനീഫ്ക്കക്ക് അവരുടെ പ്രിയ ഉസ്താദിന്റെ (ബാപ്പ) നിര്‍ദേശമുണ്ട്. പെട്ടി നിവര്‍ത്തി ചരടുകളില്‍ വരിവരിയായി തൂക്കിയിട്ടിരിക്കുന്ന ഏതു സണ്‍ ഗ്ലാസും എത്ര നേരം വെച്ചുകൊണ്ടിരിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. അതവര്‍ക്കൊരു പരസ്യമാകുന്നതുകൊണ്ടാണോ എന്നറിയില്ല. അവരുടെ ഉസ്താദിന്റെ മകനാണല്ലോ. പള്ളിയുടെ മുകള്‍ നിലയിലാണ് ബാപ്പിച്ചിയുടെ താമസം. പള്ളിക്കകത്ത് ഏറെ വൈകാതെ എനിക്ക് മുഷിപ്പനുഭവപ്പെടും. കാരണം, പള്ളിയുടെ മുകള്‍ നിലയിലെ മൂന്ന് വശങ്ങളിലെയും ജാലകങ്ങളിലൂടെ കാണുന്ന നഗരകാഴ്ചകളിലെ അമ്പരപ്പ് മാറുവോളമാണ് എന്റെ ആഘോഷത്തിന്റെ ആയുസ്സ്. വടക്കേ അറ്റത്തെ ജനാലയിലൂടെ കാണുന്ന സീലോര്‍ഡ് ഹോട്ടലും അല്‍പം ദൂരെയായി കാണുന്ന നേവല്‍ ബേസിന്റെ വാസ്തുശില്‍പസൗന്ദര്യവുമൊക്കെ അപ്പോഴേക്കും ഞാന്‍ ആസ്വദിച്ചിരിക്കും. ബാപ്പിച്ചിക്ക് പലപ്പോഴും സന്ദര്‍ശകര്‍ കാണും. നീണ്ടുനില്‍ക്കുന്ന സംഭാഷണങ്ങളുമുണ്ടാകാം. മറ്റു സമയങ്ങളില്‍ വായനയിലോ ഉറക്കത്തിലോ ആയിരിക്കും ബാപ്പിച്ചി. ഒരിക്കല്‍ ജാലകക്കാഴ്ചകള്‍ നോക്കി മടുത്ത്, ബാപ്പിച്ചിക്കരികില്‍ അലസനായി ഇരിക്കുമ്പോഴാണ്, അദ്ദേഹം എനിക്കൊരു പുസ്തകം തരുന്നത്. എന്റെ ഓര്‍മയില്‍ ബാപ്പിച്ചി വായിക്കാന്‍ തന്ന ആദ്യപുസ്തകമാണത്. ബാലരമ-പൂമ്പാറ്റ പൊലുള്ള ബാലസാഹിത്യങ്ങള്‍ മാത്രം വായിച്ചുശീലമുള്ള എനിക്ക് ആദ്യമായാണ് അത്ര കട്ടിയുള്ള ഒരു പുസ്തകം ലഭിക്കുന്നത്. പുസ്തകത്തിന്റെ കെട്ടും മട്ടും വിഷയം ഗൗരവപ്പെട്ടതാണെന്നു തോന്നിപ്പിച്ചു. അത്യാവശ്യം കട്ടിയുള്ള പുസ്തകത്തിന്റെ കവര്‍പേജ് എന്നെ പോലെയൊരു കുട്ടിയുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ പോന്നതായിരുന്നില്ല. ഖുര്‍ആനിലെ ജന്തുകഥകള്‍. അതാണ് പുസ്തകത്തിന്റെ പേര്. തലക്കെട്ടില്‍ എന്നെ ആകര്‍ഷിക്കുന്ന ഒരേ ഒരു വാക്ക് 'കഥകള്‍' എന്നതു മാത്രമാണ്. വേറെ വഴിയൊന്നുമില്ലാത്തതിനാല്‍ ഞാന്‍ പുസ്തകവായന തുടങ്ങി. ഖാബീലിന്റെ കാക്കയും സ്വാലിഹിന്റെ ഒട്ടകവും സുലൈമാന്റെ ഉറുമ്പുമൊക്കെ മനസ്സില്‍ ചേക്കേറാന്‍ അധിക സമയം വേണ്ടിവന്നില്ല. കഥാപാത്രങ്ങളായ ജന്തുക്കള്‍ സ്വജീവിതം വിവരിക്കുന്ന ആ കഥാകഥനരീതി ആദ്യമായി പരിചയപ്പെടുകയായിരുന്നു ഞാന്‍. എന്റെ വായനാനുഭവത്തില്‍ പലകാരണങ്ങള്‍ കൊണ്ടും മനസ്സില്‍ തങ്ങിനില്‍ക്കുന്ന പുസ്തകമായിരുന്നു ഖുര്‍ആനിലെ ജന്തുകഥകള്‍. ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ അഹ്മദ് ബഹ്ജത് എന്ന അനുഗൃഹീത എഴുത്തുകാരന്റെ തൂലികയില്‍ വിരിഞ്ഞതാണ് ആ അനശ്വരകൃതി എന്ന് ഇന്നെനിക്കറിയാം. അന്നത് വായിക്കുമ്പോള്‍ അതിന്റെ രചയിതാവിനെയോ വിവര്‍ത്തകനെയോ (വി.എ കബീര്‍) അറിയുമായിരുന്നില്ല.
ബാപ്പിച്ചി ആദ്യമായി വായിക്കാന്‍ തന്നത് എത്ര നല്ല പുസ്തകമായിരുന്നു എന്നു ഇന്ന് ഞാന്‍ തിരിച്ചറിയുന്നു. ആ പുസ്തകം പിന്നീട് ജീവിതത്തിലെ ഒരുപാട് വായനകളിലേക്കുള്ള കവാടവും ഗൗരവ വായനയിലേക്കുള്ള ചവിട്ടുപടിയുമായിരുന്നു. വായിച്ചു തുടങ്ങുന്ന പ്രായത്തില്‍ ഒരു കുട്ടിക്ക് നല്‍കാന്‍ കഴിയുന്ന, മാതാപിതാക്കള്‍ക്ക് മക്കള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഒരു നല്ല സമ്മാനമാണീ പുസ്തകം.
മുനീര്‍ മുഹമ്മദ് റഫീഖ്
വിഹിത ലൈംഗികതയെ തടകെട്ടി നിര്‍ത്തുമ്പോള്‍
ലൈംഗികത മനുഷ്യരുള്‍പ്പെടെ എല്ലാ ജീവജാലങ്ങളിലും സൃഷ്ടിയാല്‍ തന്നെ ലയിച്ചു ചേര്‍ന്ന ഉദാത്തമായ ഊര്‍ജ രൂപമാണ്. ഒഴിവാക്കാനാവാത്ത മനുഷ്യ ചോദനയാണത്. സ്വവര്‍ഗ നിലനില്‍പ്പിന് സ്രഷ്ടാവ് ഒരുക്കിയ നടപടി ക്രമം. സ്‌നേഹം, പ്രണയം, ആകര്‍ഷണം, പ്രലോഭനങ്ങള്‍ തുടങ്ങി അടിസ്ഥാന വികാരവിചാരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നതില്‍ ഉചിതമാര്‍ഗേണയുള്ള ലൈംഗിക വികാരങ്ങള്‍ക്ക് ഒരു പങ്കുണ്ട്. ആത്മീയതയുടെയും പൗരോഹിത്യത്തിന്റെയും മറവില്‍ നടക്കുന്ന ലൈംഗിക ചൂഷണത്തിന് മത ഭേദമില്ല എന്നതാണ് യാഥാര്‍ഥ്യം. എന്നിരുന്നാലും പുതിയ നിയമത്തിലോ പഴയ നിയമത്തിലോ പറയാത്ത, ബൈബിള്‍ വചനങ്ങളുമായി പുലബന്ധം പോലുമില്ലാത്ത മിത്തുകള്‍ രൂപപ്പെടുത്തി, നാലാം നൂറ്റാണ്ട് മുതല്‍ ലൈംഗികതയെ പാപമായി ചിത്രീകരിച്ച് അതുവഴി മനുഷ്യരെയെല്ലാം പാപികളാക്കി, പാപമോചന വീഥിയെന്ന് പറഞ്ഞ് തങ്ങളുടെ മുമ്പില്‍ മുട്ടുകുത്തി നില്‍ക്കുന്ന വിശ്വാസികളെ ചൂഷണം ചെയ്യുന്ന സഭാ പൗരോഹിത്യ വൃന്ദമാണ് കപടസദാചരം ഒരലങ്കാരമായി കൊണ്ട് നടക്കുന്ന സമകാലിക ലോകത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്നുവെന്നതിന് വസ്തുതകളും അനുഭവങ്ങളും സാക്ഷ്യമാണ്.
ബ്രഹ്മം എന്നാല്‍ ദൈവം. ചര്യയെന്നാല്‍ പാത. ചരിത്രത്തിലോ വേദഗ്രന്ഥങ്ങളിലോ പരാമര്‍ശമില്ലാത്ത ബ്രഹ്മചര്യയുടെ (ദൈവ പാതയുടെ) പേര് പറഞ്ഞ് കൊണ്ടാണ്, പുരോഹിതരും വൈദികരും സന്യാസിമാരും നൈസര്‍ഗികമായ ലൈംഗിക ചോദനയെ റദ്ദ് ചെയ്ത് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. ഇതിന് മുന്‍നിര സ്ഥാനത്ത് നിന്നത് ക്രിസ്തുശിഷ്യനായ സെന്റ് പോളായിരുന്നു. വ്യഭിചരിക്കരുതെന്ന് യേശു മൊഴിഞ്ഞപ്പോള്‍ സെന്റ് പോള്‍ പറഞ്ഞത്, 'സ്ത്രീയെ തൊടാതിരിക്കുന്നതാണ് നല്ലത്. സകല മനുഷ്യരും എന്നെപ്പോലെ (അവിവാഹിതര്‍) ആയിരിക്കണം, കന്യകയായിരിക്കുന്നവള്‍ ഭാഗ്യവതി' എന്നൊക്കെയാണ്.
യഥാര്‍ഥത്തില്‍ സഭയുടെ ആദ്യ 300 വര്‍ഷങ്ങളിലെ ചരിത്രത്തില്‍ സഭയുടെ മാര്‍പ്പാപ്പമാര്‍, ബിഷപ്പുമാര്‍, പുരോഹിതര്‍ എന്നിവര്‍ വിവാഹിതരും സന്താന സൗഭാഗ്യമുള്ളവരുമായിരുന്നു. ക്രിസ്തുവിന്റെ പന്ത്രണ്ട് മുഖ്യ ശിഷ്യന്മാരെ കൂടാതെ മറ്റ് 72 ശിഷ്യന്മാരും സന്യാസിമാരായിരുന്നില്ല. നിര്‍ബന്ധിത ബ്രഹ്മചര്യ കാരണം ജര്‍മനിയില്‍ പുരോഹിതന്മാരുടെ അഭാവം കൊണ്ട് നൂറുകണക്കിന് പള്ളികള്‍ അടച്ചുപൂട്ടി കൊണ്ടിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ വൈദികര്‍ക്ക് വിവാഹവും കുടുംബ ജീവിതവും അനുവദിച്ച് കൊടുക്കുന്നതില്‍ എന്താണ് തെറ്റ് എന്ന ജര്‍മനിയിലെ പ്രതിവാരപത്രമായ ദി സൈറ്റിന്റെ ചോദ്യത്തിന് (2017 മാര്‍ച്ച്), ക്രിയാത്മകമായ മറുപടി നല്‍കുന്നതിന് പകരം ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞത്, കത്തോലിക്ക സഭയിലെ വൈദികര്‍ ബ്രഹ്മചര്യം കാത്ത് സഭയുടെ അന്തസ്സ് ഉയര്‍ത്തി പിടിക്കണമെന്നാണ്.
'കുപ്രസിദ്ധരായ മാര്‍പ്പാപ്പമാര്‍' എന്ന ഗ്രന്ഥത്തില്‍ സെന്റ് പോളിന്റെ പിന്‍ഗാമികളായ ചില മാര്‍പ്പാപ്പമാരുടെ കേളികളെ കുറിച്ച് സവിസ്തരം പരാമര്‍ശിക്കുന്നുണ്ട്. പുരോഹിതന്മാരുടെ സ്വഭാവദൂഷ്യത്തെ ചൂണ്ടി ഫാദര്‍ വടക്കന്‍ പറഞ്ഞത് കത്തോലിക്ക വൈദികരില്‍ 99 ശതമാനവും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ബ്രഹ്മചര്യം ലംഘിച്ച് ജീവിക്കുന്നവരാണെന്നാണ് (എന്റെ കുതിപ്പും കിതപ്പും). ഇത്തരത്തിലുള്ള ദുരനുഭവം തന്നെയാണ് പുരോഹിത പട്ടത്തിനായി ഇറങ്ങി തിരിച്ച്, പിന്നീട് യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് സന്‍മാര്‍ഗ പാത പുണര്‍ന്ന പി.ടി സണ്ണി തോമസ് പ്രബോധനവുമായി (ലക്കം 09) പങ്ക് വെക്കുന്നതും.
മധ്യകാല യൂറോപ്പില്‍ മെഡ്‌ലയര്‍ ഡ്രിബ്രോയെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ഫാദര്‍ ഗ്രാന്‍ഡിയര്‍ക്ക് നേരിടേണ്ടി വന്ന ശിക്ഷ ഭയാനകമായിരുന്നു. മര്‍ദിച്ചവശനാക്കിയ ശേഷം ജീവനോടെ ദഹിപ്പിക്കാനായിരുന്നു വിചാരണ കോടതി വിധിച്ചത്. കൈകാലുകളിലെ എല്ലുകളൊടിഞ്ഞ് മജ്ജ പുറത്തു വരുന്നതുവരെ മര്‍ദിച്ച്, ഒടിഞ്ഞ് തൂങ്ങിയ കാലുകള്‍ മുറിച്ചെടുത്ത്, അംഗഭംഗം വന്ന ഗ്രാന്‍ഡിയറെ ആറു കുതിരകളെ പൂട്ടിയ രഥത്തില്‍ പ്രദര്‍ശിപ്പിച്ച്, പള്ളിക്ക് മുമ്പിലൂടെ കൊണ്ട് പോകുമ്പോള്‍ മുട്ടുകള്‍ വിഛേദിക്കപ്പെട്ട അദ്ദേഹം മുഖം കുത്തി വീണ് പ്രാര്‍ഥിക്കാന്‍ ശ്രമിക്കുന്ന വേളയില്‍ പറയുന്ന വികാരഭരിതമായ വാക്കുകളുണ്ട് - 'ഞാനൊരു പുരുഷനാണ്, സ്ത്രികളെ സ്‌നേഹിച്ചു പോയി....' ( ഭക്തിയും കാമവും - ജോണ്‍സണ്‍ ഐരൂര്‍)
അമേരിക്കയില്‍ വൈദിക ലൈംഗിക പീഡനങ്ങളുടെ നഷ്ടപരിഹാരാര്‍ഥം ക്രൈസ്തവ സഭ ചെലവാക്കിയ തുക നാനൂറ്റി ഇരുപത്തിയേഴു കോടി കവിഞ്ഞിരിക്കുന്നു എന്ന വാര്‍ത്തയും (ഹിന്ദു - 12/06/2005) ചേര്‍ത്ത് വായിക്കേണ്ടതാണ്. ക്രിസ്ത്യന്‍ യൂറോപ്പില്‍ എല്ലാത്തരം തിന്മകളും വ്യാപകമായിരുന്നപ്പോള്‍ മുസ്‌ലിം ഭരണത്തില്‍ അമര്‍ന്നിരുന്ന സ്‌പെയിനില്‍ മാത്രം സംസ്‌കാരത്തിന്റെ ദീപശിഖ ജ്വലിച്ച് നിന്നിരുന്നതിന്റെ കാരണമായി സി.കെ കൊടുങ്ങല്ലൂര്‍ കണ്ടെത്തുന്ന ന്യായം ലൈംഗികതയോടുള്ള യാഥാര്‍ഥ്യബോധത്തോടെയുള്ള ഇസ്‌ലാമിക സമീപനമായിരിക്കാം (എതിര്‍ദിശ, ഫെബ്രുവരി 2006) എന്നാണ്.
സകല ജീവജാലങ്ങളിലുമുള്ള നൈസര്‍ഗിക ചോദനയായ ലൈംഗിക ഊര്‍ജപ്രവാഹത്തെ അണ കെട്ടി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് വിശുദ്ധ മാര്‍ഗങ്ങള്‍ക്ക് പകരം അനാശാസ്യതയുടെ വളഞ്ഞ വഴികള്‍ അവലംബിക്കുന്നതിന് കാരണമാകുമെന്ന കാര്യം തീര്‍ച്ചയാണ്.
വി. ഹശ്ഹാശ്, കണ്ണൂര്‍ സിറ്റി
Comments