Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 10

3063

1439 ദുല്‍ഖഅദ് 27

മീശ പിരിക്കുന്ന കാവി രാഷ്ട്രീയം

ശാഹിന തറയില്‍

തമിഴ്‌നാട്ടിലും ആന്ധ്രയിലും മറ്റും വധഭീഷണിയെത്തുടര്‍ന്ന് എഴുത്തുകാരന് സ്വന്തം കൃതികള്‍ പിന്‍വലിക്കേണ്ടിവന്നതായി നാം കേട്ടിട്ടുണ്ട്. എഴുത്തുകാരന്റെ കൈവെട്ടുമെന്നും എഴുത്തുകാരിയെ ബലാത്സംഗം ചെയ്യുമെന്നും ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തുന്ന സംഘ് പരിവാര്‍ രാഷ്ട്രീയത്തിന്റെ ആശയവിരുദ്ധത കേരളത്തിന്റെ മണ്ണിലും പിടിമുറുക്കിയതിന്റെ വര്‍ത്തമാനങ്ങളാണ് ഏതാനും ദിവസങ്ങളായി സാംസ്‌കാരിക കേരളം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്.

സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പുതുതലമുറ എഴുത്തുകാരില്‍ ശ്രദ്ധേയനുമായ എസ്. ഹരീഷ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരണമാരംഭിച്ച 'മീശ' എന്ന നോവലിനെതിരെ യോഗക്ഷേമ സഭ തുടക്കം കുറിക്കുകയും ഹിന്ദു ഐക്യവേദി ഏറ്റെടുക്കുകയും ചെയ്ത ആക്രമണോത്സുകവും അശ്ലീലം നിറഞ്ഞതുമായ സൈബര്‍, തെരുവ് ആക്രമണങ്ങള്‍ക്കൊടുവില്‍ എഴുത്തുകാരന്‍ നോവല്‍ പിന്‍വലിച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിനമാണിതെന്നും വെളിച്ചമില്ലാത്ത ദിനങ്ങളാണ് വരാന്‍ പോകുന്നതെന്നുമാണ് നോവല്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ആഴ്ചപ്പതിപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ അതിനെ വിലയിരുത്തിയത്. നോവല്‍ പിന്‍വലിക്കുന്നതിലൂടെ വലതുപക്ഷത്തിന്റെ വിജയം ആഘോഷിക്കപ്പെടുകയും ജനാധിപത്യം കൊലചെയ്യപ്പെടുകയുമാണുണ്ടായതെന്ന് കവി സച്ചിദാനന്ദനും ആശങ്കപ്പെടുകയുണ്ടായി.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് അല്‍പമെങ്കിലും വളക്കൂറുള്ള മണ്ണായ കേരളം പോലെ താരതമ്യേന സുരക്ഷിതമായ ഒരിടത്ത് ഇപ്പോള്‍ അനുഭവപ്പെടുന്ന അരക്ഷിതാവസ്ഥയെ വളരെ ഉത്കണ്ഠയോടുകൂടിത്തന്നെയാണ് പൊതുസമൂഹം നോക്കിക്കാണുന്നത്. കടുത്ത വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുകൊണ്ടിരിക്കുന്നത്. കഥാകൃത്ത് ബെന്യാമിന്‍ തന്റെ തുറന്ന കത്തിലൂടെ നോവല്‍ പിന്‍വലിക്കാനുള്ള എഴുത്തുകാരന്റെ തീരുമാനത്തെ ശക്തമായി വിമര്‍ശിച്ച് ഇങ്ങനെ എഴുതി: ''ഈ തീരുമാനത്തിലൂടെ നിങ്ങള്‍ എതിരാളികള്‍ക്ക് വിജയഭേരി മുഴക്കാനുള്ള അവസരമാണ് ഒരുക്കിക്കൊടുത്തത്. നിങ്ങളുടെ ഈ പ്രവൃത്തിയിലൂടെ തോറ്റത് നിങ്ങള്‍ അല്ല, മൊത്തം എഴുത്തുകാരും അവരെ സ്‌നേഹിക്കുന്ന സാഹിത്യ, സാംസ്‌കാരിക ലോകവുമാണ്. എല്ലാ കാലത്തേക്കുമുള്ള അപകടകരമായ ഒരു മണിമുഴങ്ങല്‍ ആ തോറ്റുകൊടുക്കലിന്റെ പിന്നില്‍ ഉണ്ട്.''

ഈ യുവ എഴുത്തുകാരന്‍ കൈക്കൊണ്ട തീരുമാനത്തെ അത്ര കണ്ട് പുഛിച്ചുതള്ളാനും നിര്‍വാഹമില്ല എന്നു പറയേണ്ടിയിരിക്കുന്നു; കേരള നാടിന്റെ ഇപ്പോഴത്തെ സ്ഥിതിവിശേഷങ്ങള്‍ മനസ്സിലാക്കുമ്പോള്‍.

മൃദുഹിന്ദുത്വം പിടിമുറുക്കുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ തനിക്കും കുടുംബത്തിനും നേരെ ഉയര്‍ന്ന അശ്ലീലവും അക്രമാസക്തവുമായ ഭീഷണികള്‍ എഴുത്തുകാരനില്‍ സൃഷ്ടിക്കുന്ന ആന്തരികത സംഘര്‍ഷങ്ങളും നിസ്സഹായതയും തുറന്നുകാട്ടുന്നതാണ് നോവല്‍ പിന്‍വലിക്കാന്‍ അദ്ദേഹം നിരത്തുന്ന കാരണങ്ങള്‍. ''അഞ്ചു വര്‍ഷത്തെ അധ്വാനം ഇതിന്റെ പിന്നിലുണ്ടെങ്കിലും നിരന്തരം കേസുകളും ഭീഷണികളും ഉയരുമ്പോള്‍ നീതിന്യായ വ്യവസ്ഥയില്‍ കുടുങ്ങി ജീവിതം കളയാനാവില്ല. രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ പോരാടാന്‍ തനിക്ക് കരുത്തുമില്ല. അതിനാല്‍ നോവല്‍ പിന്‍വലിക്കുന്നു. എഴുത്ത് തുടരും. സമൂഹം പാകമായെന്ന് തോന്നുന്ന ഘട്ടത്തില്‍ നോവല്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.''

ഭരണകൂടങ്ങളില്‍നിന്നും നീതിന്യായ വ്യവസ്ഥയില്‍നിന്നും പിന്തുണയോ സഹായമോ പ്രതീക്ഷിക്കേണ്ടതില്ല എന്ന തലത്തിലേക്ക് കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം മാറുകയാണോ? അടുത്ത കാലത്തായി കേരളത്തില്‍ അരങ്ങേറിയ കൊലപാതകങ്ങളെല്ലാം തന്നെ നിലവിലെ ഭരണസംവിധാനത്തിന്റെ നിരുത്തരവാദിത്തം സാക്ഷ്യപ്പെടുത്തുന്നതുമാണ്. എന്തായിരുന്നാലും ഒരു എഴുത്തുകാരന്‍ ആരോപണങ്ങള്‍ക്കു മുന്നില്‍ നിസ്സഹായതയോടെ കീഴടങ്ങേണ്ടിവന്നെങ്കില്‍, കേരളത്തിലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേല്‍ വലിയൊരു കരിനിഴല്‍ വീണുകഴിഞ്ഞെന്ന് മനസ്സിലാക്കുക.

അരനൂറ്റാണ്ട് മുമ്പുള്ള കേരളത്തിലെ ജാതി ജീവിതത്തെ ദലിത് പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്നു 'മീശ' എന്ന നോവല്‍. അതിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണശകലം ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്ന വിവാദത്തെത്തുടര്‍ന്നാണ് പിന്‍വലിക്കുന്നത്. സ്വന്തം മതത്തില്‍ ഉടലെടുത്ത അന്ധവിശ്വാസങ്ങളെയും ജാതിവ്യവസ്ഥയെയും എഴുത്തിലൂടെ വിമര്‍ശിച്ച എഴുത്തുകാര്‍ കേരളീയ സമൂഹത്തില്‍ മുമ്പും കടന്നുപോയിട്ടുണ്ട്. പക്ഷേ, വളരെ ന്യൂനപക്ഷമായ മത-ജാതി ഭ്രാന്തന്മാരുടെ ജല്‍പനങ്ങള്‍ ധൂളികളായി പോകാറാണ് എക്കാലത്തും പതിവ്. വര്‍ഗീയ ഫാഷിസത്തിന്റെ സമഗ്രാധിപത്യം ശക്തി പ്രാപിച്ചതോടെ ഉടലെടുത്ത ഈ അക്ഷരവേട്ട പെരുമാള്‍ മുരുകന്‍, പന്‍സാരെ, കല്‍ബുര്‍ഗി തുടങ്ങിയവരില്‍ കൂടി പ്രയാണം തുടര്‍ന്ന് കര്‍ണാടകയിലെ ഹുഛംഗി പ്രസാദും ചേതന തീര്‍ഥഹള്ളിയും പിന്നിട്ട് ഇന്ന് കേരളത്തിലെ എസ്. ഹരീഷില്‍ എത്തിനില്‍ക്കുന്നു. കേരളീയ സമൂഹം ഈ വര്‍ഗീയ വിദ്വേഷത്തിന്റെ വിഷവിത്തുകളെ മുളയ്ക്കാന്‍ അനുവദിക്കാതെ ദൂരെക്കളയാന്‍ പ്രതിജ്ഞാബദ്ധരല്ലേ?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (3 - 7)
എ.വൈ.ആര്‍

ഹദീസ്‌

ഹൃദയസ്ഥൈര്യവും കര്‍മനൈരന്തര്യവും
കെ.സി സലീം കരിങ്ങനാട്