Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 10

3063

1439 ദുല്‍ഖഅദ് 27

ഇംറാന് സൈന്യത്തെ മറികടക്കാനാവുമോ?

എ. റശീദുദ്ദീന്‍

പാകിസ്താനില്‍ ജൂലൈ 25-ന് നടന്ന തെരഞ്ഞെടുപ്പു ഫലം അതേ കുറിച്ച മുന്‍ധാരണകള്‍ ശരിവെക്കുന്ന ഒന്നായി. 332 അംഗ അസംബ്ലിയില്‍ തെരഞ്ഞെടുപ്പ് നടന്ന 272-ല്‍ 112 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത് ഇംറാന്‍ ഖാന്റെ പാകിസ്താന്‍ തഹ്രീകെ ഇന്‍സാഫ് ആയിരുന്നു. എന്നാല്‍ ശേഷിച്ച മുഴുവന്‍ പാര്‍ട്ടികളും തെരഞ്ഞെടുപ്പില്‍ വ്യാപകമായ അഴിമതി നടന്നുവെന്നും രാജ്യത്ത് വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നില്ല എന്നു തന്നെയാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തലും. പാകിസ്താന്റെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ സര്‍ദാര്‍ റസാ ഖാന്‍ ഈ പരാതികള്‍ തള്ളുകയും തെരഞ്ഞെടുപ്പ് നൂറു ശതമാനം സത്യസന്ധമായിരുന്നുവെന്ന് വിലയിരുത്തുകയും ചെയ്തതോടെ ഇംറാന്‍ ഖാന്‍ ആഗസ്റ്റ് 11-ഓടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കാനുള്ള സാഹചര്യമാണ് രൂപപ്പെട്ടു വരുന്നത്. അദ്ദേഹത്തെ പിന്തുണക്കാന്‍ തയാറായി കടുത്ത വിലപേശലുകളുമായി ചെറു പാര്‍ട്ടികളും സ്വതന്ത്രരുമൊക്കെ രംഗത്തു വരുന്നുണ്ട്. പ്രധാനമായും അല്‍ത്താഫ് ഹുസൈന്റെ പിളര്‍ന്ന മുഹാജിര്‍ ഖൗമി മൂവ്മെന്റ്, നവാസ് ശരീഫില്‍നിന്നും പിളര്‍ന്ന മുസ്ലിം ലീഗ് നൂന്‍ വിമതരുടെ സംഘടനയായ ബലൂചിസ്താന്‍ അവാമി പാര്‍ട്ടി, മുശര്‍റഫിന്റെ മുസ്‌ലിം ലീഗ് ക്യു ഉള്‍പ്പെടെയുള്ള ചില സംഘടനകളുടെ മുന്നണിയായ ജി.ഡി.എ എന്നിവയും ചില സ്വതന്ത്രരുമാണ് ഇംറാനൊപ്പം നില്‍ക്കാന്‍ തയാറുള്ളത്.  

തഹ്രീകെ ഇന്‍സാഫിന് അനുകൂലമായ ജനവിധി സൈന്യം ഉണ്ടാക്കിയെടുത്തു എന്നതിനേക്കാള്‍ സിവിലിയന്‍ ഗവണ്‍മെന്റിനെ അപ്രസക്തമാക്കുന്ന രീതിയില്‍ പാകിസ്താന്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചുവെന്ന് വിലയിരുത്തലാണ് കുറേക്കൂടി വസ്തുതാപരം. പാകിസ്താന്റെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട തെരഞ്ഞെടുപ്പ് എന്നാണ് ബി.ബി.സി ഈ ഇലക്ഷനെ വിലയിരുത്തിയത്. കഴിഞ്ഞ നാലോ അഞ്ചോ മാസമായി തെരഞ്ഞെടുപ്പു പ്രക്രിയയില്‍ പ്രത്യക്ഷമായി തന്നെ സൈന്യം ഇടപെടുന്നുണ്ടായിരുന്നു. അഫ്ഗാന്‍ കേന്ദ്രീകരിച്ച 'ഭീകരവിരുദ്ധ' യുദ്ധം അവസാനിപ്പിച്ചതിനു ശേഷം പാകിസ്താനുമായുള്ള അമേരിക്കയുടെ ബന്ധങ്ങളില്‍ കാതലായ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെടുകയും ആ രാജ്യത്തിനുള്ള പെന്റഗണിന്റെ സൈനിക സഹായത്തില്‍ ഗണ്യമായ തോതില്‍ കുറവു വരികയും ചെയ്തിരുന്നു. ഇതേ കാലയളവില്‍ തന്നെ പാകിസ്താന്റെ വടക്കന്‍ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വന്ന സായുധ സംഘങ്ങളെ നവാസ് ശരീഫ് സര്‍ക്കാര്‍ അടിച്ചൊതുക്കുകയും അവര്‍ക്ക് ആയുധം വരുന്ന അന്താരാഷ്ട്ര മാര്‍ഗങ്ങളില്‍ പലതും ഫലപ്രദമായ ഇടപെടലിലൂടെ അവസാനിപ്പിക്കുകയും ചെയ്തു. സൈന്യത്തിനകത്ത് രണ്ടു ചേരികള്‍ പോലും ഇതേച്ചൊല്ലി രൂപപ്പെട്ടു. കശ്മീരില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ജനങ്ങളും മോദി സര്‍ക്കാറും കനത്ത തോതില്‍ ഏറ്റുമുട്ടിയിട്ടും പാകിസ്താന്‍ അവസരം മുതലെടുക്കാതിരിക്കുക കൂടി ചെയ്തതോടെ മേഖലയില്‍ പൊതുവെ സമാധാനത്തിന്റെ അന്തരീക്ഷമാണ് രൂപപ്പെട്ടുവന്നത്. അതേസമയം പാകിസ്താന്‍ പൊതു തെരഞ്ഞെടുപ്പിലേക്ക് അടുത്തതോടെ സൈനിക താല്‍പര്യങ്ങള്‍ക്ക് മേല്‍ക്കൈ ലഭിക്കുന്ന സാഹചര്യങ്ങള്‍ എന്തു വിലകൊടുത്തും രാജ്യത്ത് തിരികെയെത്തിക്കാനുള്ള പരസ്യ നീക്കങ്ങളാണ് കാണാനുണ്ടായിരുന്നത്. നവാസ് ശരീഫിനെ കങ്കാരു വിചാരണ നടത്തി ശിക്ഷിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ മിക്ക പ്രമുഖരെയും പലതരം കേസുകളില്‍ കുടുക്കി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും അയോഗ്യരാക്കി. റാവല്‍ പിണ്ടിയില്‍ മത്സരിക്കേണ്ടിയിരുന്ന ഹനീഫ് അബ്ബാസിയെ ഏഴു വര്‍ഷം പഴക്കമുള്ള കേസില്‍ വിചാരണ നടത്തി അര്‍ധ രാത്രിയിലാണ് അയോഗ്യനാക്കിയത്. അതും തെരഞ്ഞെടുപ്പിന് മൂന്നു ദിവസം മാത്രം ശേഷിക്കെ, മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ പോലും കഴിയാത്ത വിധം ശനിയാഴ്ച രാത്രിയില്‍. നവാസിന്റെ പാര്‍ട്ടിയെ ദുര്‍ബലമാക്കാനും ഇംറാനെ ശക്തിപ്പെടുത്താനിടയുള്ള ഘടകങ്ങള്‍ പുഷ്ഠിപ്പെടുത്താനുമൊക്കെ സൈന്യം പരസ്യമായി രംഗത്തിറങ്ങി. സൈന്യത്തിന്റെ ഭീഷണിക്കു വഴങ്ങാന്‍ തയാറായ സ്വതന്ത്രര്‍ക്കാണ് ജീപ്പ് ചിഹ്നം നല്‍കുന്നതെന്നും ആരോപണമുയര്‍ന്നു. വോട്ടെടുപ്പിനു ശേഷം പി.ടി.ഐയുടേതല്ലാത്ത സ്ഥാനാര്‍ഥികളുടെ ഏജന്റുമാരെ ബൂത്തുകളില്‍നിന്നും മണിക്കൂറുകളോളം പുറത്തു നിര്‍ത്തിയാണ് വോട്ടെണ്ണല്‍ നടത്തിയത്. ഇങ്ങനെ പല അര്‍ഥത്തിലും പ്രഹസനമായിരുന്നു ഈ തെരഞ്ഞെടുപ്പ്. 

സൂക്ഷ്മ വിശകലനത്തില്‍ പാകിസ്താനിലെ ജനാധിപത്യ പ്രക്രിയയെ അങ്ങേയറ്റം ദുര്‍ബലമാക്കുന്ന നീക്കങ്ങളാണ് നടന്നത്. ഇസ്ലാമിക ക്ഷേമ രാഷ്ട്രമാണ് തന്റെ ലക്ഷ്യമെന്നും പ്രവാചകന്റെ നഗരമായ മദീനയാണ് മാതൃകയെന്നുമൊക്കെ ഇംറാന്‍ തന്റെ വിജയ പ്രസംഗത്തില്‍ പറയുന്നുണ്ട്. അതിന്റെ പ്രായോഗികത പക്ഷേ കണ്ടറിയേണ്ടതാണ്. പാകിസ്താന്റെ അയല്‍രാജ്യങ്ങള്‍ക്ക് ഭയപ്പെടാനാണ് കൂടുതലുമുള്ളത്. താന്‍ പ്രധാനമന്ത്രിയുടെ കൊട്ടാരം വെടിഞ്ഞ് സാധാരണക്കാരനെ പോലെ കഴിയുമെന്നും ഗവര്‍ണര്‍മാരുടെ ഭവനങ്ങളും മറ്റ് അത്യാഡംബര സര്‍ക്കാര്‍ മന്ദിരങ്ങളും ഹോട്ടലുകളാക്കി മാറ്റി പൊതുജനങ്ങള്‍ക്ക് കൂടി തുറന്നു കൊടുക്കുമെന്നും മറ്റുമുള്ള ഇംറാന്റെ പ്രഖ്യാപനങ്ങള്‍ പാകിസ്താനില്‍ ഏറെ കൈയടി നേടുകയും ചെയ്തു. അതേസമയം ഇസ്ലാമിക ക്ഷേമ രാഷ്ട്രമെന്ന ഇംറാന്റെ പ്രഖ്യാപനത്തില്‍ അന്നാട്ടിലെ ഇസ്ലാമിക സംഘടനകളില്‍ ഒന്നു പോലും പരസ്യമായി വിശ്വാസം അര്‍പ്പിച്ചിട്ടില്ല. എന്നല്ല പരമ്പരാഗത ഇസ്ലാമിക സംഘടനകളെ ദുര്‍ബലമാക്കി അതിതീവ്ര ഇസ്ലാമിക സംഘടനകളെ രാഷ്ട്രീയവേഷം കെട്ടിച്ച് രംഗത്തിറക്കാന്‍ സൈന്യം നടത്തിയ നീക്കങ്ങള്‍ ഇംറാന്‍ ഉദ്ദേശിക്കുന്ന ക്ഷേമരാഷ്ട്രത്തെ കൂടുതല്‍ സംശയാസ്പദമാക്കുകയും ചെയ്യുന്നുണ്ട്. രൂപീകരണ കാലം മുതല്‍ ഇന്നേവരെ ഖൈബര്‍ പക്തൂണ്‍ഖ്വായില്‍ പാക് ജമാഅത്തെ ഇസ്ലാമിക്കൊപ്പമായിരുന്നു ഇംറാന്‍. തെരഞ്ഞെടുപ്പില്‍ പക്ഷേ ഇവര്‍ വേര്‍പിരിയുകയും ജംഇയ്യത്തുല്‍ ഇസ്ലാം അടക്കമുള്ള മറ്റ് മുസ്ലിം സംഘടനകളുമായി ചേര്‍ന്ന് ജമാഅത്തെ ഇസ്ലാമി പഴയ മജ്ലിസെ മുത്തഹിദ അമലിനെ (എം.എം.എ) പുനരുജ്ജീവിപ്പിച്ച് തഹ്രീകെ ഇന്‍സാഫിനെതിരെ മത്സരരംഗത്തിറങ്ങുകയുമാണുണ്ടായത്. ഈ ഘട്ടത്തില്‍ പാക് സൈന്യത്തിന്റെ ഒത്താശയോടെ നടന്ന നീക്കമാണ് ഇംറാന്റെ 'ഇസ്ലാം അനുകൂല' നീക്കങ്ങള്‍ കൂടുതല്‍ സംശയാസ്പദമായി മാറിയത്. ലശ്കറെ ത്വയ്യിബയുടെ നിരോധിത രാഷ്ട്രീയ മുഖമായ മില്ലി മുസ്ലിം ലീഗിനെ അല്ലാഹു അക്ബര്‍ പാര്‍ട്ടിയായും ലശ്കറെ ജാംഗ്വിയുടെ രാഷ്ട്രീയ സംഘടനയെ അഹ്ലുസ്സുന്നത്ത് വല്‍ ജമാഅത്തായും ഐസിസുമായി ബന്ധമുള്ള മറ്റൊരു നിരോധിത ഗ്രൂപ്പിനെ ലബ്ബൈക്ക യാ റസൂലുല്ലാ പാര്‍ട്ടിയായും തെരഞ്ഞെടുപ്പില്‍ അംഗീകാരം കൊടുത്ത് മത്സര രംഗത്തിറക്കിയതിനു പിന്നില്‍ സൈന്യമാണെന്നാണ് ആരോപിക്കപ്പെടുന്നത്. വടക്കന്‍ മേഖലയില്‍ എം.എം.എയെ ദുര്‍ബലമാക്കി ഇംറാന്റെ വിജയത്തിന് വഴിയൊരുക്കിയത് പ്രധാനമായും ഈ സംഘടനകളായിരുന്നു.   

ഒന്നിലേറെ മേഖലകളില്‍ രാജ്യം തിരികെ നടക്കുകയാണിപ്പോള്‍. ഭീകരത തന്നെയായിരുന്നു അതില്‍ പ്രധാനം. ബലൂചിസ്താനിലെ മസ്തൂംഗ് റാലിയില്‍ നടന്ന സ്ഫോടനത്തില്‍ 149 പേരാണ് കൊല്ലപ്പെട്ടത്. അര ഡസനോളം സ്ഫോടനങ്ങള്‍ വേറെയും റാലികളില്‍ അരങ്ങേറി. ഭരണകൂടം എങ്ങനെയൊക്കെ നിയന്ത്രിച്ചാലും മാരകമായ പ്രഹരശേഷി തങ്ങള്‍ക്കുണ്ടെന്ന് ഭീകരസംഘടനകള്‍ തെളിയിക്കുകയാണ് ചെയ്തത്. ഇത്തരം സ്ഫോടനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഗ്രൂപ്പുകള്‍ക്ക് രാഷ്ട്രീയ വിലപേശലിന് അവസരമൊരുക്കിക്കൊടുത്തു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ബാക്കിപത്രമെന്നും വിലയിരുത്താവുന്നതാണ്. സൈന്യത്തിന്റെ ദുഷിച്ച താല്‍പര്യങ്ങള്‍ ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ടര്‍മാരെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോകുന്നതിനും അവരില്‍ പെട്ട ചിലര്‍ നാടുവിട്ടോടി പോകുന്നതിനുമൊക്കെ പാകിസ്താന്‍ സാക്ഷിയായി. നിഷ്പക്ഷമായി വാര്‍ത്തകള്‍ നല്‍കാന്‍ ശ്രമിക്കാറുള്ള ജിയോ ടി.വിയും ഡോണ്‍ ദിനപത്രവുമൊക്കെ വിതരണ മേഖലയില്‍ തടസ്സം നേരിടുകയും സൈന്യവുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തേണ്ടി വരികയുമുണ്ടായി. നവാസ് ശരീഫിന്റെ അഴിമതികളെ കുറിച്ചല്ലാതെ എ.ആര്‍.വൈ, ആജ്, അബ് തക് പോലുളള ടി.വി ചാനലുകള്‍ ഒരു വാര്‍ത്ത പോലും മുസ്ലിം ലീഗ് നൂനിന്റെ രാഷ്ട്രീയ പോരാട്ടത്തെ കുറിച്ച് നല്‍കിയിരുന്നില്ല. നവാസ് ശരീഫ് തന്റെ ഭാഗം വിശദീകരിക്കുന്ന പ്രസംഗം നടത്തിയപ്പോള്‍ അത് ശബ്ദം ഒഴിവാക്കിയാണ് പാകിസ്താനില്‍ സംപ്രേഷണം ചെയ്യപ്പെട്ടത്.

ഇങ്ങനെയൊക്കെ ജനാധിപത്യത്തെ മറികടന്ന് അധികാരത്തിലേറുന്ന, സ്വന്തം നിലയില്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലാത്ത ഇംറാന്‍ ഖാന് എന്ത് ചെയ്യാനാവുമെന്നാണ് പ്രസക്തമായ ചോദ്യം. സൈന്യത്തിന്റെ കായിക ശക്തിയാണ് സിവിലിയന്‍ ഗവണ്‍മെന്റിന്റെ ആത്മീയ അധികാരത്തേക്കാള്‍ വലുതെന്ന് ഇതിനകം ഇംറാന്‍ വ്യക്തമാക്കിക്കഴിഞ്ഞ സ്ഥിതിക്ക് വിശേഷിച്ചും. ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമായി തുടരാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് വിജയ പ്രസംഗത്തില്‍ ഇംറാന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സ്വന്തം ഇഛാശക്തിക്കൊത്ത് നാടു ഭരിക്കാന്‍ അദ്ദേഹത്തിനാവുമോ എന്ന് കാത്തിരുന്ന് കാണാം. 

ചൈനയുടെ സീപെക് റോഡ് പദ്ധതി പാകിസ്താനകത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് വഴിയൊരുക്കുകയും അഫ്ഗാനിസ്താനുമായി നിലവിലുള്ള പ്രശ്നങ്ങളില്‍ സ്വാഭാവികമായും അന്താരാഷ്ട്ര ഇടപെടല്‍ വര്‍ധിക്കുകയുമാണ് പാകിസ്താനില്‍ സംഭവിക്കാന്‍ പോകുന്നത്. മോദി ഗവണ്‍മെന്റിന്റെ വിവേകശൂന്യമായ വിദേശകാര്യ നയം മുതലെടുത്ത് നേപ്പാളിനെ കുറേക്കൂടി അടുപ്പിക്കാന്‍ ചൈനയും പാകിസ്താനും ശ്രമിക്കുന്നുണ്ട്. ചൈനയുടെ സാര്‍ക്ക് അംഗത്വ മോഹത്തിന് പിന്തുണ തേടി പാകിസ്താന്‍ പ്രധാനമന്ത്രി ശാഹിദ് ഖാഖ്വാന്‍ അബ്ബാസി  ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നേപ്പാള്‍ പ്രധാനമന്ത്രി ഖഡ്ഗ പ്രസാദ് ഒലിയെ സന്ദര്‍ശിച്ചിരുന്നു. സാര്‍ക്കിനെ ദുര്‍ബലമാക്കാനുള്ള മോദിയുടെ നീക്കങ്ങള്‍ ചൈനയെയും മാലി ദ്വീപിനെയുമൊക്കെ കൂട്ടുപിടിച്ച് മറികടക്കാനുള്ള പാകിസ്താന്റെ താല്‍പര്യവും ഇതിലടങ്ങിയിരുന്നു. ചുരുക്കത്തില്‍, മേഖലയില്‍ ഇന്ത്യക്കെതിരെയുള്ള നീക്കം ശക്തമാക്കാനാണ് പാക് സൈന്യവും ഒരുവേള ചൈനയുമൊക്കെ ഇംറാന്റെ ഭരണകാലത്ത് ശ്രമിക്കാനിടയുള്ളത്. ഒരു തവണ കൂടി മോദി അധികാരത്തിലെത്തിയാല്‍  മേഖലയിലെ സാമ്പത്തിക, രാഷ്ട്രീയ, അധീശത്വ സമരങ്ങളുടെ പരിണതി കണ്ടുതന്നെ അറിയേണ്ടിവരും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (3 - 7)
എ.വൈ.ആര്‍

ഹദീസ്‌

ഹൃദയസ്ഥൈര്യവും കര്‍മനൈരന്തര്യവും
കെ.സി സലീം കരിങ്ങനാട്