Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 10

3063

1439 ദുല്‍ഖഅദ് 27

ഏകാധിപത്യത്തിന്റെ രൂപഭാവങ്ങള്‍

നജീബ് കാഞ്ഞിരോട്

ലോകചരിത്രം ജനാധിപത്യത്തിന്റേതെന്ന പോലെ ഏകാധിപത്യത്തിന്റേതു കൂടിയാണ്. ലോക രാഷ്ട്രീയ ഭൂപടത്തില്‍  പല കാലഘട്ടങ്ങളിലും ഏകാധിപതികള്‍ കടന്നുവന്നിട്ടുണ്ട്. ഇതില്‍ ചില  ഏകാധിപതികളെങ്കിലും ജാനാധിപത്യത്തിലൂടെയാണ് അധികാരത്തിലെത്തിയത്. അധികാരം കിട്ടിയതിനു ശേഷം അവര്‍ ഏകാധിപത്യ ശൈലിയിലേക്ക് മാറുകയായിരുന്നു. പട്ടാള അട്ടിമറിയിലൂടെയും മറ്റും ഏകാധിപതികളായവരും ചരിത്രത്തിലും വര്‍ത്തമാനത്തിലും ഉണ്ട്. ഭാവിയിലും ഉണ്ടായേക്കാം.ജനാധിപത്യ മാര്‍ഗത്തില്‍ അധികാരത്തില്‍ വന്ന മുര്‍സി സര്‍ക്കാരിനെ പട്ടാള അട്ടിമറിയിലൂടെ നിഷ്‌കാസനം ചെയ്ത് അധികാരം പിടിച്ചെടുത്ത ഈജിപ്തിലെ സീസി ഏകാധിപത്യക്രൂരതയുടെ വര്‍ത്തമാനകാല ഉദാഹരണമാണ്. ഇപ്പോള്‍ ചൈനയില്‍നിന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ജനാധിപത്യവഴിയില്‍നിന്ന് മാറി, പ്രസിഡന്റ് ഷി ജിന്‍ പിങിനെ ആജീവനാന്ത  ഭരണാധികാരികാരിയായി അവരോധിച്ച് ഏകാധിപത്യത്തിലേക്ക് ചുവടു വെച്ചുകൊണ്ടിരിക്കുകയാണ്.

എന്നിരുന്നാലും ഏകാധിപതി എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ ആദ്യം മനസ്സിലേക്കോടിയെത്തുന്ന മുഖം ലോകത്ത് നാസിസം സംഭാവന ചെയ്ത അഡോള്‍ഫ് ഹിറ്റ്‌ലറിന്റേതായിരിക്കും. കൂടെ ഫാഷിസത്തിന്റെ ഉപജ്ഞാതാവായ ഇറ്റലിയിലെ ബെനിറ്റോ മുസോളിനിയുടേതും. സര്‍വ അധികാരങ്ങളും ഒരു വ്യക്തിയില്‍ നിക്ഷിപ്തമാവുക അല്ലെങ്കില്‍ സ്വയം എല്ലാ അധികാരങ്ങളും ഒരാള്‍ കവര്‍ന്നെടുക്കുക എന്നതാണല്ലോ ഏകാധിപത്യം. ഏകാധിപതി എന്നതിലുപരി ഹിറ്റ്‌ലര്‍ ഒരു കടുത്ത വംശീയവാദി കൂടിയായിരുന്നു. തനിക്കിഷ്ടമില്ലാത്ത ഒരു വിഭാഗത്തെ ശാരീരികമായി ഉന്മൂലനം ചെയ്യുകയായിരുന്നു ഹിറ്റ്‌ലര്‍. ലക്ഷക്കണക്കിന് ജൂതന്മാരെയാണ് ഹിറ്റ്‌ലര്‍ അതിക്രൂരമായി കശാപ്പു ചെയ്തത്.  അതിനു സാഹചര്യമൊരുക്കാന്‍ പച്ച നുണകള്‍ പടച്ചുവിടുകയും ചെയ്തു. ഈ ഗീബല്‍സിയന്‍ തന്ത്രം  മിക്കവാറും എല്ലാ വംശീയ വര്‍ഗീയവാദികളുടെയും സ്ഥിരം ശൈലിയായിരുന്നു എന്ന് കാണാം.

സമീപകാല ഇന്ത്യയിലേക്ക് വന്നാല്‍ ഫാഷിസത്തിന്റെ നിഴലാട്ടങ്ങള്‍ തന്നെയാണ് കാണാനാവുക. ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളെയും ദലിതരെയും മുഖ്യശത്രുസ്ഥാനത്ത് നിര്‍ത്തിയാണ് മോദിയും സംഘ്പരിവാറും തങ്ങളുടെ രാഷ്ട്രീയം കൊണ്ടുനടന്നതും അധികാരത്തിലേക്കുള്ള പടികള്‍ കടന്നതും. ജനാധിപത്യ രീതിയിലാണ് അധികാരം കൈയടക്കിയതെങ്കിലും പിന്നെ അത് തികച്ചും ഏകാധിപത്യരീതിയിലുള്ള വണ്‍ മാന്‍ ഷോ ആയി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പശുക്കളുടെ പേരില്‍ നിരപരാധികളെ കൊന്നൊടുക്കിയത് ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെയായിരുന്നു. പ്രഫ. കല്‍ബുര്‍ഗി, ഗോവിന്ദ പന്‍സാര തുടങ്ങി ജീവിതത്തിന്റെ സായാഹ്നത്തില്‍ നില്‍ക്കുന്ന സാമൂഹികപ്രവര്‍ത്തകരും എഴുത്തുകാരും ക്രൂരമായി വധിക്കപ്പെടുകയും ചെയ്തു. അതിലെ അവസാനത്തെ ഇരയായിരുന്നു, ബംഗ്ലൂരുവില്‍ കൊല ചെയ്യപ്പെട്ട എഴുത്തുകാരി ഗൗരി ലങ്കേഷ്. ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്ന ദലിത് വേട്ടയും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. മാത്രമല്ല, നീതിപൂര്‍വമായ മാധ്യമപ്രവര്‍ത്തനം പോലും അസാധ്യമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത്. ദേശീയ മാധ്യമങ്ങള്‍ മിക്കവാറും ഫാഷിസ്റ്റ് ഭരണത്തിന് കുഴലൂതിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. തങ്ങള്‍ക്കെതിരായ വാര്‍ത്തകള്‍ ഭരണകൂടം ഭീഷണിപ്പെടുത്തി പിന്‍വലിപ്പിക്കുന്നു. ജനങ്ങളുടെ അവസാന ആശ്രയമായ നീതിന്യായ വ്യവസ്ഥയെപ്പോലും ഫാഷിസത്തിന്റെ കരാളഹസ്തങ്ങള്‍ പിടികൂടാന്‍ ശ്രമിക്കുന്നു എന്നത് എത്രത്തോളം  ഭീതിജനകമാണ്. രാജ്യത്തെ പൗരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യത്തിലും,  ആവിഷ്‌കാരസ്വാതന്ത്ര്യത്തിലും ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നതിനുള്ള അവകാശത്തില്‍ പോലും കൈ വെച്ചിരിക്കുന്നു ഫാഷിസ്റ്റുകള്‍. ഇവിടെ ജനാധിപത്യം വെറും നോക്കുകുത്തിയാവുന്നു. ഇതിനെതിരെ ശക്തമായി പ്രതിരോധം തീര്‍ക്കാന്‍ ബാധ്യസ്ഥരായ പ്രതിപക്ഷമാകട്ടെ നിസ്സഹായതയിലും. പ്രതികരണശേഷി നഷ്ടപ്പെട്ട ജനത അവിടെ  ഏകാധിപത്യത്തിനു വളരാനുള്ള മണ്ണൊരുക്കുകയാണ് ചെയ്യുന്നത്.

ഫാഷിസത്തെ ഏറ്റവും ശക്തമായി പ്രതിരോധിക്കുന്നത് ഇടതുപക്ഷമാണ് എന്നാണ് പൊതുവെ കമ്യൂണിസ്റ്റുകാരെങ്കിലും സ്വയം വിശ്വസിക്കുന്നത്. അങ്ങനെ വിശ്വസിക്കുകയും വാദിക്കുകയും ചെയ്യുമ്പോള്‍ തന്നെയാണ് സി.പി.എമ്മിനു ശക്തമായ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ മറ്റു പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത ഫാഷിസ്റ്റ് ശൈലി അവരും പയറ്റുന്നത്. കണ്ണൂരിലെ എടയന്നൂരില്‍ ശുഹൈബ് എന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയിട്ട് അധിക നാളായിട്ടില്ല. ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ ഗീര്‍വാണം അടിക്കുമ്പോള്‍ തന്നെ, തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ വ്യാപകമായ ബൂത്തുപിടിത്തവും കള്ള വോട്ടും സര്‍വ സാധാരണമാകുന്നത് അവരെ അസ്വസ്ഥപ്പെടുത്തുന്നില്ല.

ഇപ്പോള്‍ കേരളം ഭരിക്കുന്നത് സി.പി.എം നേതൃത്വത്തിലുള്ള പിണറായി വിജയന്‍ സര്‍ക്കാരാണ്. പാര്‍ട്ടി സെക്രട്ടറിയില്‍നിന്നും മുഖ്യമന്ത്രിയിലേക്ക് പിണറായി വിജയന്‍ എത്തിച്ചേര്‍ന്നിട്ടില്ല എന്നാണ്  അടുത്തിടെ നടന്ന പല സംഭവങ്ങളില്‍നിന്നും മനസ്സിലാവുന്ന കാര്യം. ഏകാധിപത്യശൈലിയിലാണ് പിണറായിയും പോയിക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷം പറയും പോലെ ഒരു സ്റ്റാലിനിസ്റ്റ് ഏകാധിപത്യ രീതിയാണ് ഭരണകൂടം പിന്തുടരുന്നത് എന്ന് തോന്നിപ്പോകും. 

അടുത്തിടെ നടന്ന പല ജനകീയ സമരങ്ങളോടും സി.പി.എമ്മും പിണറായിയും സ്വീകരിച്ച നിലപാടുകള്‍ പരിശോധിച്ചാല്‍ വ്യക്തമാവും. ജനകീയ സമരങ്ങള്‍ക്ക് അല്‍പം പോലും ഭരണകൂട പരിഗണന ലഭിക്കുന്നില്ല. സമരങ്ങളെയെല്ലാം അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. മലപ്പുറത്തെ തലപ്പാറയിലെ ഹൈവേ വിരുദ്ധ സമരം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയായിരുന്നല്ലോ ജനകീയ സര്‍ക്കാര്‍ എന്ന് നാഴികക്ക് നാല്‍പതുവട്ടം സ്വയം വിശേഷിപ്പിക്കുന്ന പിണറായി സര്‍ക്കാര്‍. ഇതൊക്കെ പോരാഞ്ഞാണ് സി.പി.എമ്മിന്റെ തലമുതിര്‍ന്ന നേതാക്കള്‍ സമരക്കാരെ തീവ്രവാദികളായി മുദ്രകുത്തുന്നത്. പാര്‍ട്ടിയുടെ കേന്ദ്ര സമിതി അംഗം എ. വിജയരാഘവനാണ് തലപ്പാറ സമരത്തെ തീവ്രവാദികളുടെ സമരമാണെന്ന് പറഞ്ഞ് അപഹസിക്കുന്നത്. ഇതിനു മുമ്പും മലബാറില്‍ നടന്ന ജനകീയ സമരങ്ങളെ തീവ്രവാദചാപ്പ കുത്താന്‍ സി.പി.എം നേതാക്കള്‍ മുതിര്‍ന്നിട്ടുണ്ട്. ഇതിനു പിന്നിലെ വര്‍ഗീയ അജണ്ട മനസ്സിലാക്കാന്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മൂലധനവമൊന്നും വായിക്കേണ്ട. മുമ്പ് തലശ്ശേരിയിലെ പെട്ടിപ്പാലത്ത് മാലിന്യവിരുദ്ധ സമരം നടന്നപ്പോള്‍ അതിനു പിന്നില്‍ തീവ്രവാദിസംഘടനകളാണ് എന്നു പറഞ്ഞത് കോടിയേരി ബാലകൃഷ്ണനാണ്. അടുത്തിടെ നടന്ന ഗെയില്‍ വിരുദ്ധ സമരത്തോടും ഇപ്പോള്‍ കീഴാറ്റൂരില്‍  നടന്നു കൊണ്ടിരിക്കുന്ന വയല്‍ക്കിളികളുടെ സമരത്തോടും നിഷേധാത്മക നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഏറ്റവും രസകരമായ കാര്യം ഇതില്‍ പല സമരങ്ങളും സി.പി.എം തുടങ്ങിവെച്ചതാണ് എന്നതാണ്. പക്ഷേ അന്ന് പ്രതിപക്ഷത്തായിരുന്നു എന്ന വ്യത്യാസം മാത്രം.   സമരക്കാരുമായി ചര്‍ച്ചക്ക് പോലും സന്നദ്ധമാവാതെ അവരെ കേള്‍ക്കാതെ എന്തു വിലകൊടുത്തും പദ്ധതി നടപ്പിലാക്കും എന്ന  ഏകപക്ഷീയമായ തീരുമാനമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പിണറായി നിയമസഭയില്‍ ആവര്‍ത്തിക്കുന്നതും ഇതേ ധാര്‍ഷ്ട്യം തന്നെയാണ്.

മോദി ആയാലും പിണറായി ആയാലും ഏകാധിപത്യ മനോഭാവം വെടിഞ്ഞ് ജനാധിപത്യ മാര്‍ഗത്തിലേക്ക് തിരിച്ചുവരികയും എതിര്‍ശബ്ദങ്ങളെ സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയും ചെയ്യുക എന്നതാണ് പ്രശ്‌നപരിഹാരത്തിനുള്ള വഴി. അല്ലെങ്കില്‍ സ്വന്തം കാലിനടിയിലുള്ള മണ്ണ് ഒലിച്ചുപോകുന്നത് അടുത്തു തന്നെ കാണേണ്ടിവരും. മണ്‍മറഞ്ഞുപോയ ഏകാധിപതികളുടെ ചരിത്രം അവരൊന്ന് വായിച്ചുനോക്കണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (3 - 7)
എ.വൈ.ആര്‍

ഹദീസ്‌

ഹൃദയസ്ഥൈര്യവും കര്‍മനൈരന്തര്യവും
കെ.സി സലീം കരിങ്ങനാട്