Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 10

3063

1439 ദുല്‍ഖഅദ് 27

മദീനയിലെ ജ്ഞാന വസന്തം

വി.പി അഹ്മദ് കുട്ടി ടൊറണ്ടോ

(എടയൂരില്‍നിന്ന് ടൊറണ്ടോയിലേക്ക് എന്റെ വൈജ്ഞാനിക യാത്ര - നാല്)

ഇരുപതാം വയസ്സില്‍  ശാന്തപുരത്തെ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ശേഷവും അബുല്‍ ജലാല്‍ മൗലവി എന്നെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ഗവേഷണ പഠനത്തിലും  വായന-എഴുത്തിലുമൊക്കെയുള്ള എന്റെ നൈപുണികള്‍ മനസ്സിലാക്കി തുടര്‍ പഠനത്തിനുള്ള വാതിലുകള്‍ അന്വേഷിക്കുകയായിരുന്നു അദ്ദേഹം. ഇംഗ്ലീഷിനോടും അറബിയോടുമുള്ള കമ്പം വിദേശപഠനത്തോടുള്ള താല്‍പര്യം വര്‍ധിക്കാന്‍ ഇടയാക്കി. വിദേശ യൂനിവേഴ്‌സിറ്റികളിലെവിടെയെങ്കിലും ഉപരിപഠനം നടത്തുകയെന്ന മോഹം മനസ്സില്‍ താലോലിച്ചുകൊണ്ടാണ് ആ നാളുകള്‍ കടന്നുപോയത്. ശാന്തപുരം വിടുമ്പോള്‍, അബുല്‍ ജലാല്‍ മൗലവിയുടെ ഒരു പ്രസംഗത്തിലെ വാക്കുകള്‍ മനസ്സില്‍ പതിഞ്ഞിരുന്നു; ''നിങ്ങള്‍ പണ്ഡിതന്മാരാണെന്ന് ഒരിക്കലും ധരിക്കരുത്. പക്ഷേ, നിങ്ങള്‍ക്ക് ഇവിടെ നിന്ന് ചില താക്കോലുകള്‍ കിട്ടിയിട്ടുണ്ട്. അവ കൃത്യമായി ഉപയോഗിച്ചുകൊണ്ടേയിരുന്നാല്‍ നിങ്ങള്‍ ഭാവിയില്‍ പണ്ഡിതന്മാരായേക്കും.'' ഈ ഉപദേശം കഴിയുംവിധം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചു. വായനയും പഠനവും തുടര്‍ന്നുകൊണ്ടേ പോന്നു. എവിടെ സഞ്ചരിക്കുമ്പോഴും ഒരു പുസ്തകം കൈയില്‍ കരുതും. പുസ്തകങ്ങള്‍ക്കായി ലൈബ്രറികള്‍ തിരഞ്ഞു നടന്നു. ഇംഗ്ലീഷ് പുസ്തകങ്ങള്‍ തേടി കോഴിക്കോട്ടും തൃശൂരിലുമുള്ള പല  ബുക്സ്റ്റാളുകളും കയറിയിറങ്ങി.

നീണ്ട ഒമ്പതു വര്‍ഷം ശാന്തപുരത്ത് ഹോസ്റ്റലില്‍ കഴിഞ്ഞ എനിക്ക് പുതിയൊരു കാമ്പസില്‍ പഠനം തുടങ്ങുന്നതിനു മുമ്പ് ഒരു ഇടവേള അനിവാര്യമായിരുന്നു. പുറംലോകത്തെ അനുഭവങ്ങള്‍, പഠിച്ചത് കുറച്ചെങ്കിലും പ്രയോഗവല്‍ക്കരിച്ച് പരിശീലിക്കാനുള്ള സന്ദര്‍ഭം.... ഇതൊക്കെയാണ് കൗമാരജീവിതം പാതി പിന്നിട്ട മനസ്സില്‍ അപ്പോഴുണ്ടായിരുന്നത്. അങ്ങനെയാണ് കോഴിക്കോട് വെള്ളിമാടുകുന്നിലെ പ്രബോധനം ഓഫീസില്‍ പത്രാധിപ സമിതി അംഗമായി എത്തുന്നത്. 

പ്രബോധനത്തില്‍ എനിക്ക് എഴുത്തില്‍ പരിശീലനം നല്‍കിയത് ആദരണീയരായ ഒ. അബ്ദുല്ല സാഹിബും  സഹോദരന്‍ ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബുമാണ്. അറബി, ഇംഗ്ലീഷ്, ഉര്‍ദു എന്നീ ഭാഷകളില്‍നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താനും മലയാളത്തില്‍ ലേഖനമെഴുതാനും പരിശീലിച്ച ശേഷം സയ്യിദ് ഖുത്വ്ബിന്റെ വിഖ്യാത ഗ്രന്ഥമായ 'അല്‍ അദാലതുല്‍ ഇജ്തിമാഇയ്യ ഫില്‍ ഇസ്‌ലാം' മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ഐ.പി.എച്ച് എന്നെ ചുമതലപ്പെടുത്തി. ഏതാനും മാസങ്ങള്‍ കൊണ്ട് വിവര്‍ത്തനം പൂര്‍ത്തിയാക്കി. അതിലെ മലയാളം കുറച്ചു കട്ടിയായിപ്പോയി എന്ന് തോന്നി, വിവര്‍ത്തനം ലഘൂകരിക്കാന്‍ എന്റെ അടുത്ത സുഹൃത്തും പ്രസിദ്ധ സാഹിത്യകാരനുമായിരുന്ന ഇ. വി അബ്ദു സാഹിബിനെ ഐ.പി.എച്ച് ഏല്‍പിച്ചു. അദ്ദേഹം ആ കൃത്യം ഭംഗിയായി നിര്‍വഹിച്ചു. 'ഇസ്‌ലാമിലെ സാമൂഹികനീതി' എന്ന തലക്കെട്ടില്‍ ആ കൃതി ഐ.പി.എച്ച്  പ്രസിദ്ധീകരിച്ചു.   

പ്രബോധനത്തില്‍ ജോലി ചെയ്യുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയിലെ പല പണ്ഡിതന്മാരെയും നേതാക്കളെയും അടുത്ത്  പരിചയപ്പെടാന്‍ ഭാഗ്യം ലഭിച്ചു. അന്ന് പ്രബോധനം ഓഫീസും ജമാഅത്ത് ആസ്ഥാനവും വെള്ളിമാടുകുന്നിലെ ഒരേ കെട്ടിടത്തില്‍ തന്നെയായിരുന്നു. കെ.സി അബ്ദുല്ല മൗലവി, ടി. മുഹമ്മദ് സാഹിബ്, ടി.കെ അബ്ദുല്ല സാഹിബ്, കെ. മൊയ്തു മൗലവി എന്നിവര്‍ എടുത്തു പറയേണ്ടവരാണ്. അവരില്‍നിന്നെല്ലാം പലതും പഠിക്കാനും മനസ്സിലാക്കാനും കഴിഞ്ഞത് ജീവിതത്തില്‍ വലിയ മുതല്‍ക്കൂട്ടായി. അന്ന് പ്രബോധനം എഡിറ്റോറിയല്‍ ബോര്‍ഡിലെ മറ്റൊരു പ്രധാനി ടി.കെ ഇബ്‌റാഹീം സാഹിബ് ആയിരുന്നു. ടി. മുഹമ്മദ് സാഹിബ് അറിയപ്പെട്ടിരുന്നത് കൊടിഞ്ഞി മൗലവി എന്ന പേരിലാണ്. വലിയ പണ്ഡിതന്‍, ഗവേഷകന്‍. അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍ നോര്‍ത്ത് അമേരിക്കയിലെ യൂനിവേഴ്‌സിറ്റികളില്‍ പരിചയപ്പെട്ട ഗവേഷകരാണ് മനസ്സില്‍ വരുന്നത്. അദ്ദേഹം ഗവേഷണ ചിന്തയില്‍ മുഴുകി പലപ്പോഴും ഭക്ഷണം കഴിക്കാന്‍ പോലും മറന്നുപോകുമായിരുന്നു. ഇത്തരം പണ്ഡിതന്മാര്‍ ഒരു കാലത്ത് ഇസ്‌ലാമിക ചരിത്രത്തില്‍ സുലഭമായിരുന്നു. ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും അത്തരം പണ്ഡിതന്മാരെ ഞാന്‍ കണ്ടിട്ടുണ്ട്.

പ്രബോധനത്തില്‍ ഒന്നര വര്‍ഷം കഴിഞ്ഞു. അബുല്‍ ജലാല്‍ മൗലവിയുടെയും ജമാഅത്ത് നേതാക്കളുടെയും ശ്രമഫലമായി, സുഊദി അറേബ്യയിലെ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഓഫ് മദീനയുടെ കവാടങ്ങള്‍ ഞങ്ങള്‍ക്ക് മുന്നില്‍ തുറക്കപ്പെട്ടു. അവിടെ സ്‌കോളര്‍ഷിപ്പോടെയുള്ള ഉപരിപഠനത്തിന് അവസരം ലഭിച്ചു. സുഊദി ഗവണ്‍മെന്റ് ഇന്ത്യയിലെ ചില പ്രധാന ഇസ്‌ലാമിക സ്ഥാപനങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക്  മദീന യൂനിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന കാലമായിരുന്നു അത്. ഞങ്ങളോടൊപ്പം കേരളത്തില്‍നിന്ന് റൗദത്തുല്‍ ഉലൂം, പുളിക്കല്‍, എടവണ്ണ കോളേജുകളിലെ ചില വിദ്യാര്‍ഥികള്‍ക്കും മദീനായൂനിവേഴ്‌സിറ്റിയില്‍ പ്രവേശനം ലഭിക്കുകയുായി. ദയൂബന്ദ്, നദ്വ, മദ്‌റസത്തുല്‍ ഫലാഹ്, ബനാറസിലെ അല്‍ജാമിഅ സലഫിയ്യ എന്നീ സ്ഥാപനങ്ങളില്‍നിന്നും ചില വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപ്പ് കിട്ടിയിരുന്നു. ശാന്തപുരത്തു നിന്നും തെരഞ്ഞെടുക്കപ്പെട്ടവരില്‍ ടി.കെ ഇബ്‌റാഹീം സാഹിബും ഹൈദറലി സാഹിബുമുണ്ടായിരുന്നു; കൂട്ടത്തില്‍ ഞാനായിരുന്നു പ്രായം കുറഞ്ഞവന്‍. ശാന്തപുരത്തെ മാര്‍ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റുകളുമായിരുന്നു മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ പ്രവേശനത്തിന്  പ്രധാനമായും പരിഗണിച്ചത്. 

പക്ഷേ, മദീനയില്‍ പ്രവേശനം നേടുന്നതിലേറെ പ്രയാസകരമായിരുന്നു അന്ന് പാസ്‌പോര്‍ട്ട് ലഭ്യമാകാനുളള നടപടിക്രമങ്ങള്‍. മജിസ്‌ട്രേറ്റിനെ സമീപിച്ചുകൊണ്ടുള്ള പോലീസ് വെരിഫിക്കേഷനു പുറമെ ദുഷ്‌കരമായൊരു കാര്യം ചെന്നൈയിലുള്ള പാസ്‌പോര്‍ട്ട് ഓഫിസില്‍ പോയി കാര്യങ്ങള്‍ ശരിപ്പെടുത്തലാണ്. രേഖകള്‍ ശരിയാക്കാനായി മദ്രാസില്‍ ഒരു മാസം കഴിച്ചുകൂട്ടേണ്ടിവന്നു. അതിനു ശേഷമാണ് പാസ്‌പോര്‍ട്ട് കിട്ടിയത്. ശേഷം ദല്‍ഹിയില്‍നിന്നും ഫോറിന്‍ എക്‌സ്‌ചേഞ്ച് അനുമതിയും ഉറപ്പു വരുത്തേണ്ടതുണ്ടായിരുന്നു. 

ഓള്‍ഡ് ദല്‍ഹിയിലെ ജുമാ മസ്ജിദിനടുത്ത് ചിത്ത്‌ലി ഖബറിലായിരുന്നു അന്ന് പഴയ ജമാഅത്തെ ഇസ്‌ലാമി ഓഫീസ്. സംഘടനാ ബന്ധത്തിലൂടെ  അവിടെ താമസം സൗകര്യപ്പെടുത്താന്‍ വിഷമം നേരിട്ടില്ല. ജനനിബിഡമായ തെരുവുകളായിരുന്നു അന്നും ചിത്ത്‌ലി ഖബര്‍. വൃത്തിഹീനമായ ചുറ്റുപാടില്‍ ചപ്പാത്തി ഉണ്ടാക്കുന്ന തെരുവുകാഴ്ചകളൊക്കെ എനിക്കോര്‍മയുണ്ട്. നല്ല ഭക്ഷണം കിട്ടുന്ന പേരുകേട്ട റസ്റ്റോറന്റാണ് കരീം ഹോട്ടല്‍. അന്നത്തെ അവസ്ഥയില്‍ ഓഫീസിലെ ഭക്ഷണം ഞങ്ങള്‍ക്ക് പിടിക്കുന്നുായിരുന്നില്ല.  ജമാഅത്തെ ഇസ്‌ലാമി ഓഫീസ് കഴിഞ്ഞാല്‍ ഞങ്ങളുടെ ആശ്രയം കരീം ഹോട്ടലായിരുന്നു. 

ഞങ്ങള്‍ മദീനാ യാത്രക്ക്  തയാറെടുത്തു  കൊണ്ടിരിക്കുമ്പോഴാണ് എനിക്കൊരു സന്തോഷ വാര്‍ത്ത വന്നെത്തിയത്; എന്റെ പ്രിയതമ സുഹ്റ, ഒരു ആണ്‍കുട്ടിക്ക്  ജന്മം നല്‍കിയിരിക്കുന്നു. കുട്ടിക്ക് ഫൈസല്‍ എന്ന് പേരു വിളിച്ചത് എന്റെ സഹോദരിയാണ്. അന്നത്തെ സുഊദി രാജാവിന്റെ പേരാണ് ഫൈസല്‍. ഈ സന്തോഷ വാര്‍ത്തയും പരിശുദ്ധ പ്രവാചകന്റെ നഗരമായ മദീനയിലേക്കാണ് പോകുന്നത് എന്ന ചിന്തയും മനസ്സില്‍ കുളിരു കോരിയിട്ടു. അങ്ങനെ, ദല്‍ഹിയിലെ സുഊദി എംബസി വഴി വിസ അടിച്ചുകിട്ടി ഞങ്ങള്‍ മദീനയിലേക്ക് വിമാനം കയറിയപ്പോഴേക്ക് മാസങ്ങള്‍ പിന്നിട്ടിരുന്നു. 1968 നവംബര്‍ അവസാനത്തിലാണ് ഞങ്ങള്‍ സുഊദിയില്‍ എത്തിയത്. ആദ്യ യാത്ര വിമാനത്തിലായിരുന്നെങ്കിലും പിന്നീടുള്ള യാത്രകളധികവും കപ്പലിലായിരുന്നു. കുറേ കാലത്തിനു ശേഷമാണ് സ്ഥിരം ഫ്‌ളൈറ്റ് യാത്രയായത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ അറേബ്യന്‍ കടല്‍ കുറച്ചു പരുക്കനായിരിക്കും. ആ സമയങ്ങളില്‍ ഇരുമ്പു പെട്ടിയും താങ്ങിയുള്ള കപ്പല്‍യാത്ര ദുസ്സഹമാണ്. ബഹ്‌റൈനില്‍നിന്ന് വരുന്ന കപ്പല്‍  നിശ്ചിത സമയത്ത് ഒരുപക്ഷേ കരക്കടുപ്പിക്കാനാവില്ല. അങ്ങനെ വരുമ്പോള്‍ ബോംബെ മുസഫര്‍ ഖാനയില്‍ ദിവസങ്ങള്‍ക്കു മുമ്പേ എത്തിച്ചേര്‍ന്ന് കപ്പലിനായി കാത്തിരിക്കണം. കപ്പലില്‍ തിങ്ങിനിറഞ്ഞ് യാത്രക്കാരും അവരുടെ ഭാരിച്ച ഇരുമ്പു പെട്ടികളും കാണും. മിക്കപ്പോഴും ആയാസരഹിതമായ യാത്രകള്‍ സ്വപ്‌നം മാത്രമാകും. ദിവസങ്ങള്‍ കഴിഞ്ഞാണ് ബോംബെയില്‍നിന്നു പുറപ്പെടുന്ന കപ്പല്‍ ബഹ്‌റൈന്‍ തീരത്തണയുക. പാതിവെച്ച് തീര്‍ന്നുപോകുന്ന ഭക്ഷണ സാധനങ്ങള്‍, കാലാവസ്ഥാ വ്യതിയാനങ്ങളില്‍ പ്രക്ഷുബ്ധമാകുന്ന കടല്‍ത്തിരകള്‍, അത്യന്തം ഭയാനകമായ നിമിഷങ്ങളാണവ. എങ്കിലും ഇത്തരം യാത്രകളില്‍ ചേര്‍ത്തു പിടിക്കാവുന്ന ഒന്നുണ്ട്; സ്‌നേഹം. പരസ്പര സഹകരണത്തോടെ പങ്കുവെക്കപ്പെടുന്ന ഭക്ഷണപാനീയങ്ങള്‍, സ്മരണകള്‍, ഇഷ്ടങ്ങള്‍, സങ്കടങ്ങള്‍ അങ്ങനെയെല്ലാം...... ഒരു യാത്രക്കപ്പുറം അവിടെ രൂപപ്പെടുന്നത് വല്ലാത്ത ആത്മബന്ധങ്ങള്‍ കൂടിയാണ്. 

ഞങ്ങളെ എതിരേല്‍ക്കാനും സ്വീകരിക്കാനും മര്‍ഹൂം സഈദ് മരക്കാര്‍ ജിദ്ദയിലുണ്ടായിരുന്നു. അന്ന് അവിടെ വിദ്യാര്‍ഥികളായിരുന്ന, അദ്ദേഹത്തിന്റെ സഹോദരന്‍ വളാഞ്ചേരി കുഞ്ഞു മുഹമ്മദ് മൗലവി, ഓമശ്ശേരിയിലെ അബ്ദുര്‍റഹ്മാന്‍ തറുവായി, ഒ.പി അബ്ദുസ്സലാം മൗലവി തുടങ്ങിയവര്‍ ഞങ്ങള്‍ക്ക് തന്ന പിന്തുണ വാക്കുകള്‍ക്കതീതമാണ്. നാടും വീടും വിട്ട്  ആദ്യമായി വിദേശത്ത് വന്ന ഞങ്ങള്‍ക്ക്  ഈ മഹദ് വ്യക്തികളുടെ സഹായവും സൗഹൃദവും വല്ലാത്ത തണലായിരുന്നു. അവരുടെ പിന്തുണയുണ്ടായതിനാല്‍ പുതിയ നാടിനോടും ജീവിത രീതിയോടും  ഇണങ്ങാന്‍ ഞങ്ങള്‍ക്ക് വലിയ പ്രയാസങ്ങളുണ്ടായില്ല. പക്ഷേ, ഞങ്ങള്‍ പഠിച്ച അറബി സാഹിത്യ ഭാഷയും അവിടത്തെ സംസാരഭാഷയും തമ്മിലുള്ള അന്തരമാണ് ഞങ്ങളെ കുഴക്കിയ പ്രധാന പ്രശ്‌നം.

അറബി സാഹിത്യങ്ങളും ഗ്രന്ഥങ്ങളും വായിച്ചും പഠിച്ചും വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടിയ ഞങ്ങള്‍ സുഊദിയില്‍ എത്തിയപ്പോള്‍ ഒരു വലിയ കുറവ് അനുഭവപ്പെടുകയുണ്ടായി.  അറബി നന്നായി അറിഞ്ഞിട്ടും ആ ഭാഷയില്‍ സംസാരിക്കാന്‍ പരിശീലനം ലഭിച്ചിരുന്നില്ല എന്നതായിരുന്നു ആ  സങ്കടം. ഇത്  കേരളത്തില്‍നിന്ന് അറബ് നാടുകള്‍ സന്ദര്‍ശിക്കുന്ന പല പണ്ഡിതന്മാരും നേരിടേണ്ടിവന്ന പ്രശ്‌നമായിരുന്നു. ഭാഷ പഠിപ്പിക്കുന്നതില്‍ നമ്മള്‍ സ്വീകരിച്ചുവരുന്ന രീതികളിലെ അശാസ്ത്രീയതയാണ് ഇതിന്റെ പ്രധാന കാരണം. നമ്മുടേതില്‍നിന്ന് തികച്ചും വ്യത്യസ്തമായാണ് നോര്‍ത്ത് അമേരിക്കയിലും പാശ്ചാത്യ രാജ്യങ്ങളിലും ഭാഷാ പഠനം. അവര്‍ ഏതു ഭാഷ പഠിപ്പിക്കുന്നതും അവഗാഹന രീതി (Immersion Method) ഉപയോഗിച്ചാണ്. പഠിപ്പിക്കുമ്പോള്‍  സംസാര രീതിയും ഉച്ചാരണങ്ങളും ഒരേസമയം പഠിപ്പിക്കും. നാം അറബി പഠിപ്പിക്കുമ്പോള്‍, ഖുര്‍ആനിക ഭാഷ / സാഹിത്യ ഭാഷയാണ് അഭ്യസിപ്പിക്കുന്നത്. അറബിയിലെ സംസാര ശൈലിയും ഖുര്‍ആനിക അറബിയും തമ്മിലുള്ള അന്തരം മനസ്സിലാക്കാന്‍ ഒരു ഉദാഹരണം മാത്രം പറയാം. മദീനയില്‍ എത്തി ആദ്യമായി പാലു വാങ്ങാന്‍ പോയി, പീടികയില്‍ ചെന്ന് ലബന്‍ ചോദിച്ചു വാങ്ങി, വീട്ടിലെത്തി തുറന്നുനോക്കിയപ്പോള്‍ തൈരായിരുന്നു! കാരണം, സംസാര ഭാഷയില്‍ ലബന്‍ തൈരാണ്, പാലിന് ഹലീബ് എന്നാണു പറയുക. ഇങ്ങനെ പലതുമുണ്ട്. ഇതെല്ലാം ക്രമേണ ഞങ്ങളുടെ വരുതിയിലായിത്തീര്‍ന്നു.

മദീനയിലെ ജീവിതത്തിലെ സുവര്‍ണനിമിഷങ്ങള്‍ ഒത്തിരി ഓര്‍മകളിലുണ്ട്. മദീന യൂനിവേഴ്‌സിറ്റിയെ കുറിച്ച് ചിലത് പറഞ്ഞുകൊണ്ട് ആ ഓര്‍മയുടെ വാതിലുകള്‍ തുറക്കാമെന്ന് തോന്നുന്നു. മദീന യൂനിവേഴ്‌സിറ്റിയുടെ പ്രാധാന്യവും പഠന രീതിയും  മനസ്സിലാക്കാന്‍ അത് അനിവാര്യമാണ്. പ്രവാചകന്റെ കാലം മുതല്‍ മദീന ഇസ്‌ലാമിക വിജ്ഞാനത്തിന്റെ  കേന്ദ്രമായിരുന്നു. ഈ മഹത്തായ പാരമ്പര്യം സ്വഹാബിവര്യന്മാരും താബിഈങ്ങളും ഇമാമുകളും നൂറ്റാണ്ടുകളോളം നിലനിര്‍ത്തിപ്പോന്നിരുന്നുവെങ്കിലും പില്‍ക്കാലത്ത് ആ പാരമ്പര്യം ഏറക്കുറെ നിറംമങ്ങിപ്പോയിരുന്നു.  ഇതില്‍ വേദനിച്ചിരുന്ന ഇരുപതാം നൂറ്റാണ്ടിലെ ഉത്പതിഷ്ണുക്കളായ പല പണ്ഡിതന്മാരും ചിന്തകന്മാരും മദീനയില്‍ ഒരു അന്തര്‍ദേശീയ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സ്ഥാപിക്കണമെന്ന ആശയം ഉസ്മാനിയ ഭരണാധികാരികളുടെ മുന്നില്‍ വെക്കുകയുണ്ടായി. അതവര്‍ അംഗീകരിച്ചു. അതിനായി മദീനയിലെ അംബരിയ്യയില്‍, ഹിജാസി റെയില്‍വേ സ്റ്റേഷന്റെ കിഴക്കു ഭാഗത്തായി സ്ഥലം ഏറ്റെടുത്തു, കെട്ടിട നിര്‍മാണം ആരംഭിക്കുകയും ചെയ്തു. ഹിജ്റ വര്‍ഷം 1380-ലായിരുന്നു ഇത്. പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ വിദഗ്ധനും ആയിരുന്ന അബ്ദുല്‍ അസീസ് ഖലീല്‍ ഹസന്‍ ജാവീഷ് (1876-1929),  പ്രസിദ്ധ അറബി സാഹിത്യകാരനും പരിഷ്‌കര്‍ത്താവുമായ അമീര്‍ ശകീബ് അര്‍സലാന്‍ (1869-1946), പ്രസിദ്ധ മോറോക്കന്‍ പണ്ഡിതനായ അബ്ദുല്‍ ഖാദിര്‍ മഗ്രിബി (1862-1956) എന്നിവരായിരുന്നു ഈ പദ്ധതിയുടെ പ്രധാന ശില്‍പികള്‍. ജാവീഷിന്റെ സ്വപ്‌നം, പഴയതും പുതിയതും സമന്വയിപ്പിച്ച് പാശ്ചാത്യ ലോകത്തെ യൂനിവേഴ്‌സിറ്റികളോട് കിട പിടിക്കാവുന്ന ആധുനിക രീതിയിലുള്ള ഒരു ഇസ്‌ലാമിക യൂനിവേഴ്‌സിറ്റി ആയിരുന്നു. ഇസ്‌ലാമിക ചിന്തക്ക് ഊര്‍ജം നല്‍കുകയും മുസ്‌ലിം ലോകത്ത് വൈജ്ഞാനിക നവോത്ഥാനത്തിന്നു തുടക്കം കുറിക്കുകയും ചെയ്യുന്ന ഒരു സര്‍വകലാശാലയാണ് അവര്‍ ലക്ഷ്യം വെച്ചത്. യൂനിവേഴ്‌സിറ്റിക്ക് അവര്‍ കണ്ടെത്തിയ പേര് ജാമിഅത്തു സ്വലാഹുദ്ദീന്‍ അല്‍അയ്യൂബി എന്നായിരുന്നു. നിര്‍ഭാഗ്യവശാല്‍ ലോക യുദ്ധത്തോടെ ഈ പദ്ധതി സ്തംഭിച്ചു. പിന്നീട് ഈ ആശയം പുനരുദ്ധരിച്ചത് സുഊദി ഭരണാധികാരികളാണ്. ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി നിര്‍മിക്കാനുള്ള  ഉത്തരവ്  സുഊദി രാജാവ് സഊദ് ബിന്‍ അബ്ദുല്‍അസീസ് ഹിജ്‌റ 1380 റബീഉല്‍ അവ്വല്‍ 25-നാണ് (സെപ്റ്റംബര്‍ 17, 1960) പുറത്തിറക്കിയത്. 

യൂനിവേഴ്സിറ്റിക്കു വേണ്ടി ആദ്യം നിര്‍മിച്ച കെട്ടിടം ഒരു സെക്കന്ററി സ്‌കൂളാക്കി മാറ്റുകയും, മസ്ജിദുന്നബവിയില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ പല പൗരാണിക കൊട്ടാരങ്ങളും സ്ഥിതി ചെയ്തിരുന്ന പ്രസിദ്ധമായ വാദില്‍ അകീക്  യൂനിവേഴ്‌സിറ്റിക്കായി നിശ്ചയിക്കുകയും ചെയ്തു.  അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ ബില്‍മദീനത്തില്‍ മുനവ്വറ എന്ന പുതിയ പേരാണ് അവര്‍ തെരഞ്ഞെടുത്തത്. യൂനിവേഴ്‌സിറ്റിയെ കുറിച്ച ജാവീഷിന്റെ പുരോഗമനാത്മക കാഴ്ചപ്പാട് ആ അളവില്‍ പുതിയ പദ്ധതിക്കുണ്ടായിരുന്നില്ല. കാരണം, സുഊദി ഭരണകര്‍ത്താക്കളുടെയും പണ്ഡിതന്മാരുടെയും ചിന്താരീതി ജാവീഷിന്റെയും സഹകാരികളുടെയും ചിന്താ രീതിയില്‍നിന്നും വ്യത്യസ്തമായിരുന്നു.  ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ജാവീഷ്  അസ്ഹര്‍ യൂനിവേഴ്‌സിറ്റിയിലും കെയ്‌റോ ദാറുല്‍ ഉലൂമിലും പഠിച്ച ശേഷം ഇംഗ്ലണ്ടില്‍ ഉപരിപഠനം നടത്തുകയും ഓക്‌സ്ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ അധ്യാപനം നിര്‍വഹിക്കുകയും ചെയ്ത  വ്യക്തിയായിരുന്നു. മാത്രമല്ല അദ്ദേഹം പാശ്ചാത്യ ലോകത്തെ നവീന പാഠ്യ പദ്ധതികളും ഗവേഷണ രീതികളും അടുത്തറിഞ്ഞ വ്യക്തിത്വവുമായിരുന്നു. സുഊദി ഭരണകൂടം തങ്ങളുടേതായ രീതിയില്‍ യൂനിവേഴ്‌സിറ്റിയുമായി മുന്നോട്ടു പോവുകയും ഹി. 1381 ജുമാദുസ്സാനിയില്‍ (നവംബര്‍ 11, 1961)  കലാലയത്തിന്റെ കവാടങ്ങള്‍ ലോകത്തിനു മുമ്പില്‍ തുറന്നുകൊടുക്കുകയും ചെയ്തു.

ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം, 1968 നവംബറിലാണ് ഞങ്ങള്‍ യൂനിവേഴ്‌സിറ്റിയില്‍ എത്തുന്നത്. ശാന്തപുരത്തെ കോഴ്‌സ് മദീനയിലെ പ്രീ യൂനിവേഴ്‌സിറ്റി ക്ലാസുകള്‍ക്ക് തുല്യമായി പരിഗണിച്ചതുകൊണ്ട്, ഞങ്ങള്‍ നേരിട്ട് ഡിഗ്രി ക്ലാസിലാണ് ചേര്‍ന്നത്. സാധാരണയായി മദീനയില്‍ മിക്ക വിദ്യാര്‍ഥികളും ചേരുക  പ്രീ യൂനിവേഴ്‌സിറ്റി കോഴ്‌സിലാണ്. മഅ്ഹദ് എന്നാണ് ഇതിന് പറയുക. യൂനിവേഴ്‌സിറ്റി പ്രവേശനത്തിനുള്ള പ്രിപ്പറേറ്ററി കോഴ്‌സാണിത്. പക്ഷേ, പലരും അത് യൂനിവേഴ്‌സിറ്റി ഡിഗ്രിയായി തെറ്റിദ്ധരിക്കുന്നു. അതില്‍ നല്ല മാര്‍ക്ക് വാങ്ങിയവര്‍ക്ക് മാത്രമേ ഡിഗ്രിക്കു അഡ്മിഷന്‍ കിട്ടുകയുള്ളു. 

ഞങ്ങള്‍ വിദ്യാര്‍ഥികളായിരിക്കുമ്പോള്‍ മദീന  ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ പ്രസിഡന്റ്  സുഊദി രാജാവ് ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് ആലു സഊദായിരുന്നു. വൈസ് ചാന്‍സ്‌ലര്‍ ശൈഖ് അബ്ദുല്ലാഹ് ബിന്‍ ബാസും. അറബ് ലോകത്തെ മികവുറ്റ ഭരണാധികാരികളിലൊരാളായിരുന്നു ഫൈസല്‍ രാജാവ്(1906-1975). അദ്ദേഹം  ഇസ്‌ലാമിക വീര്യവും നിശ്ചയദാര്‍ഢ്യവുമുള്ള ഭരണാധികാരിയായിരുന്നു. അദ്ദേഹം പലപ്പോഴും യൂനിവേഴ്‌സിറ്റി സന്ദര്‍ശിക്കുകയും വിദ്യാര്‍ഥികളേയും അധ്യാപകരെയും അഭിസംബോധന ചെയ്തു പ്രസംഗിക്കുകയും ചെയ്യുമായിരുന്നു. പ്രസംഗത്തില്‍ ഖുര്‍ആന്‍ ഉദ്ധരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയും. മരിക്കുന്നതിന് മുമ്പ് ബൈതുല്‍ മഖ്ദിസിനെ ഇസ്രയേലില്‍നിന്ന് മോചിപ്പിച്ച് അവിടെ നമസ്‌കരിക്കാന്‍ കഴിയുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വലിയ സ്വപ്‌നം.

മധ്യപൗരസ്ത്യ ദേശത്തെ സമാധാനം തകര്‍ന്നതിന്റെ ഏക കാരണം ഇസ്രയേലാണെന്ന് ഐക്യരാഷ്ട്രസഭയെ അഭിസംബോധനചെയ്തു  അദ്ദേഹം പറയുകയുണ്ടായി. ഇസ്രയേലിനെ പിന്തുണച്ചിരുന്ന അമേരിക്കക്കും പാശ്ചാത്യ രാജ്യങ്ങള്‍ക്കും പെട്രോള്‍ വില്‍പന നിര്‍ത്തിയതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും ധീരമായ നീക്കം. 'ഞങ്ങളും ഞങ്ങളുടെ പൂര്‍വികരും ജീവിച്ചിരുന്നത് കാരക്കയും പാലും കഴിച്ചിട്ടാണ്. ഇനിയും അതിലേക്കു മടങ്ങേി വന്നാല്‍ ഞങ്ങള്‍ അതിന് തയാറാണ്' എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. അദ്ദേഹത്തിന്റെ ഈ നിശ്ചയ ദാര്‍ഢ്യവും നയങ്ങളും മുസ്‌ലിം ലോകത്തിന് ആത്മവീര്യവും മനക്കരുത്തും പ്രദാനം ചെയ്യുന്നതായിരുന്നു.  പക്ഷേ, അദ്ദേഹം അധിക കാലം ജീവിച്ചില്ല.  ഏതോ ദുഷ്ട ശക്തികളുടെ കൈകളാല്‍ അദ്ദേഹം രക്തസാക്ഷിയായി. അദ്ദേഹത്തിന്റെ മഹത്തായ  ഇസ്‌ലാമിക സംഭാവനകള്‍ ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്തതാണ്.

ഞങ്ങള്‍ പഠിക്കുമ്പോള്‍ മദീന യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സ്‌ലറായിരുന്ന ശൈഖ് ഇബ്‌നു ബാസ്  ഈ നൂറ്റാണ്ടിലെ സലഫി ചിന്താധാരയുടെ ഏറ്റവും വലിയ വക്താവും സുഊദി അറേബ്യയിലെ ചീഫ് മുഫ്തിയുമായിരുന്നു. അനുപമ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.  മാതൃകാപരമായ ജീവിതവും പെരുമാറ്റവും കാരണം അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് വിയോജിപ്പുള്ളവര്‍ പോലും അദ്ദേഹത്തെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്തു. ഞങ്ങള്‍ വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ അഭിസംബോധന ചെയ്തിരുന്നത് അല്‍വാലിദുല്‍ മുവഖര്‍ (അഭിവന്ദ്യ പിതാവ്) എന്നായിരുന്നു. 

ഒരിക്കല്‍ ഈജിപ്തിലെ പ്രസിദ്ധ പണ്ഡിതന്‍ സയ്യിദ് സാബിഖ് മദീനയില്‍ വന്നപ്പോള്‍, ശൈഖ് ഇബ്‌നു ബാസിനെ കുറിച്ച് ഞങ്ങളുടെ പ്രഫസര്‍ ഡോ. മംദൂഹ് ഫഹ്രിയോട് അന്വേഷിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞ മറുപടി ഇപ്രകാരമാണ്; 'ഹുവ ബഖിയ്യത്തുന്‍ മിന്‍ ബഖായാ സ്വാലിഹീന ഫില്‍ മദീന.' മദീനയില്‍ ജീവിച്ചിരുന്ന സ്വാലിഹീങ്ങളുടെ പിന്‍ഗാമിയാണ് അദ്ദേഹം എന്നര്‍ഥം!

ശൈഖ് ഇബ്‌നുബാസിന്റെ വീട് അഗതികളുടെയും അശരണരുടെയും  സങ്കേതമായിരുന്നു. അദ്ദേഹത്തിന്റെ മുന്നില്‍ മുതിര്‍ന്നവരെന്നോ താഴ്ന്നവരെന്നോ വിവേചനമുണ്ടായിരുന്നില്ല. പാവപ്പെട്ടവര്‍ക്ക് അദ്ദേഹത്തില്‍നിന്ന് വലിയ ആദരവ് ലഭിച്ചു. വിസ ഇല്ലാതെ സുഊദിയില്‍ എത്തിപ്പെട്ടവര്‍ പോലും അദ്ദേഹത്തിന്റെ വീട്ടില്‍ അഭയം തേടുമായിരുന്നു. അവര്‍ക്ക് ഉംറക്ക് അനുമതി കൊടുക്കണം എന്ന് അഭ്യര്‍ഥിച്ച് അദ്ദേഹം ഉത്തരവാദപ്പെട്ടവര്‍ക്ക് കത്തെഴുതി കൊടുക്കും. ഭക്ഷണ സമയത്ത് അദ്ദേഹത്തിന്റെ വീട് അതിഥികളെ കൊണ്ട് നിറയും. ഇത്തരുണത്തില്‍ സ്വഹാബിയായ  ഇബ്‌നു അബ്ബാസാണ് എന്റെ ഓര്‍മയില്‍ നിറയുന്നത്; കാരണം ഭക്ഷണസമയത്ത്  അദ്ദേഹത്തിന്റ വീട്ടിലും ധാരാളം അതിഥികളുണ്ടാകുമായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. വളരെ സഹിഷ്ണുതയും തുറന്ന മനസ്സുമുള്ള സലഫി പണ്ഡിതനായിരുന്നു ഇബ്‌നുബാസ്. അഭിപ്രായഭിന്നതകള്‍ മാനിക്കുകയെന്ന വലിയ ഗുണം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ  ഇന്നത്തെ പല സലഫി പണ്ഡിതന്മാരില്‍നിന്നും വിശാലവീക്ഷണത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ നിലപാട് തികച്ചും വിഭിന്നമായിരുന്നു. ഇതിന് അദ്ദേഹത്തിന്റെ ജീവിതത്തില്‍ പല ഉദാഹരണങ്ങളും കാണാം. 1966 ആഗസ്റ്റ് 29-ന്  ജമാല്‍ അബ്ദുന്നാസിര്‍  സയ്യിദ് ഖുത്വ്ബിനെ തൂക്കിക്കൊന്നപ്പോള്‍ ശൈഖ് ഇബ്‌നുബാസ് വല്ലാതെ വേദനിക്കുകയും  നാസിറിനെ രൂക്ഷമായ ഭാഷയില്‍  വിമര്‍ശിക്കുകയും അല്ലാഹുവിന്റെ കഠിന ശിക്ഷയെ കുറിച്ച് താക്കീത് ചെയ്യുകയുമുണ്ടായി. 'ആരെങ്കിലും ഒരു സത്യവിശ്വാസിയെ മനഃപൂര്‍വം കൊലപ്പെടുത്തുന്ന പക്ഷം അവനുള്ള പ്രതിഫലം നരകമാകുന്നു. അവനതില്‍ നിത്യവാസിയായിരിക്കും. അവന്റെ നേരെ അല്ലാഹു കോപിക്കുകയും അവനെ ശപിക്കുകയും ചെയ്തിരിക്കുന്നു. കനത്ത ശിക്ഷയാണ് അവനുവേണ്ടി അല്ലാഹു ഒരുക്കിവെച്ചുട്ടുള്ളത്' എന്ന ആയത്താണ് (ഖുര്‍ആന്‍: 4:93) ശൈഖ് അപ്പോള്‍ ഉദ്ധരിച്ചത്.

വിപുലമായ സുഹൃദ് വലയമായിരുന്നു മദീന പഠനത്തിന്റെ ഒരു പ്രധാന നേട്ടം. ജോര്‍ദാന്‍, ഇറാഖ്, ലബനാന്‍, സിറിയ, മാലിദ്വീപ്, മലേഷ്യ, തായ്‌വാന്‍, ഇന്തോനേഷ്യ, താന്‍സാനിയ, ആഫ്രിക്ക തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അനേകം കൂട്ടുകാര്‍ ആ കാലത്തെ ധന്യമാക്കി. ലോക മുസ്‌ലിം സമൂഹത്തിന്റെ ഒരു ചെറു പതിപ്പായിരുന്നു ഞങ്ങളുടെ കാമ്പസ്. ഈ സാര്‍വലൗകിക കുടുംബാന്തരീക്ഷം നമ്മുടെ ഉള്ളില്‍ സൃഷ്ടിക്കുന്നത് വല്ലാത്ത ഒരനുഭൂതിയാണ്. അനുഭവ വൈവിധ്യത കൊണ്ട് നമ്മുടെ ചിന്തകളും കാഴ്ചപ്പാടുകളും വിശാലമാകും. ഭിന്നസംസ്‌കാരങ്ങളെ അടുത്തറിഞ്ഞു കഴിയുമ്പോള്‍  നമുക്കകത്ത് ലോകവീക്ഷണമുള്ള പുതിയൊരു വ്യക്തിത്വം രൂപപ്പെട്ടുവരും. പില്‍ക്കാലത്ത്  കാനഡയിലെ പ്രബോധന ജീവിതത്തിന് ഈ അനുഭവങ്ങള്‍ കുറേയേറെ സഹായകമായിട്ടുണ്ട്.

ഞങ്ങളുടെ ക്ലാസ്സില്‍, തുടക്കത്തില്‍ 66 വിദ്യാര്‍ഥികളുണ്ടായിരുന്നു. ചിലര്‍ പഠനം പൂര്‍ത്തിയാക്കിയില്ല. പഠനം പൂര്‍ത്തിയാക്കിയവര്‍ പലരും പിന്നീട് അവരവരുടെ നാടുകളില്‍ വലിയ സ്ഥാനങ്ങളില്‍ എത്തുകയുണ്ടായി. ജോര്‍ദാനില്‍ മിനിസ്റ്റര്‍ ഓഫ് ഔഖാഫും ചീഫ് മുഫ്തിയുമായി വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ച അഹ്മദ് ഹുലൈല്‍, ലബനാനിലെ ചീഫ് മുഫ്തിയായ മാലിക് ഷആര്‍, മലേഷ്യയിലെ പ്രമുഖ പണ്ഡിതനും പാന്‍ ഇസ്‌ലാമിക് പാര്‍ട്ടി പ്രസിഡന്റുമായ അബ്ദുല്‍ ഹാദി അവാങ്, ഉമ്മുല്‍ ഖുറാ യൂനിവേഴ്‌സിറ്റിയില്‍ പ്രഫസറായ വസിയുല്ല അബ്ബാസ് എന്നിവരുടെ പേരുകള്‍ ഓര്‍മവരുന്നു.  

ആ കാലയളവില്‍ മദീന യൂനിവേഴ്‌സിറ്റിയില്‍ ജോലി ചെയ്തിരുന്ന സഅദുദ്ദീന്‍ മൗലവിയും അബ്ദുസ്സമദ് അല്‍ കാതിബും മലയാളി വിദ്യാര്‍ഥികള്‍ക്കു  വലിയ താങ്ങും തണലുമായിരുന്നു. സഅദുദ്ദീന്‍ മൗലവി യൂനിവേഴ്‌സിറ്റിയില്‍ പരിഭാഷാ വിഭാഗത്തിന്റെ തലവനായിരുന്നു. അബ്ദുസ്സമദ് അല്‍ കാതിബ് മഅ്ഹദില്‍ അധ്യാപകനായിരുന്നു. അദ്ദേഹം കേരളത്തിലെ പ്രസിദ്ധ ഇസ്‌ലാഹീ പണ്ഡിതനായ കെ.എം മൗലവിയുടെ മകനാണ്. ഈ രണ്ടു ശൈഖുമാരും പലപ്പോഴും മലയാളി വിദ്യാര്‍ഥികളെ വീട്ടിലേക്ക് ഭക്ഷണത്തിന് ക്ഷണിക്കും.  അവരുടെ ആതിഥ്യം ഞങ്ങള്‍ക്ക് മറക്കാനാകാത്ത അനുഭവം തന്നെ. അബ്ദുര്‍റഹ്മാന്‍ തറവായ്, ഒ.പി അബ്ദുസ്സലാം മൗലവി, കുഞ്ഞുമുഹമ്മദ് വളാഞ്ചേരി ..... തുടങ്ങിയ പേരുകളും അവരുടെ സഹായ സൗഹൃദങ്ങളും വീണ്ടുമോര്‍ക്കുന്നു.

ഫറോക്ക് റൗദത്തുല്‍ ഉലൂം, പുളിക്കല്‍ മദീനത്തുല്‍ ഉലൂം, എടവണ്ണ ജാമിഅ നദ്‌വിയ്യ എന്നിവിടങ്ങളില്‍നിന്നും വന്ന വിദ്യാര്‍ഥികളും ഞങ്ങളും നല്ല സുഹൃത്തുക്കളായിരുന്നു; അബ്ദുല്‍ ഹമീദ് മദീനി,  കെ.കെ ഹസന്‍ ആലുവായ്, മുഹ്‌യിദ്ദീന്‍ മദനി (പരപ്പനങ്ങാടി),  അബ്ദുല്‍ അസീസ് (പട്ടിക്കാട്), എടവണ്ണ അലവി മൗലവിയുടെ മകന്‍ അമീന്‍ എന്നിവര്‍ക്കു പുറമെ സഅദുദ്ദീന്‍ മൗലവിയുടെ മക്കളായ അബ്ദുസ്സലാമും അബ്ദുല്‍ ബാരിയുമെല്ലാം ചേര്‍ന്ന്, ഞങ്ങള്‍ മദീനയില്‍ ഉറ്റ മിത്രങ്ങളായി കഴിഞ്ഞ ആ സുവര്‍ണ കാലം! ആശയങ്ങളിലും ആദര്‍ശങ്ങളിലുമുള്ള  അഭിപ്രായവ്യത്യാസങ്ങള്‍ മറന്നുകൊണ്ട്  ഞങ്ങള്‍ പരസ്പരം സഹകരിച്ചു.  ഇടക്കിടക്ക് ഭക്ഷണവിഭവങ്ങള്‍ പങ്കുവെക്കുകയും ഉംറക്കും ഹജ്ജിനും വരുന്ന ഹാജിമാരെ സഹായിക്കാനും മറ്റും കൂട്ടായി പരിശ്രമിക്കുകയും ചെയ്തു. ഒഴിവുകാലത്ത് നാട്ടില്‍ വരുമ്പോഴും പരസ്പരം  ആതിഥ്യം പങ്കുവെച്ചുകൊണ്ട് ഞങ്ങള്‍ സൗഹൃദം നിലനിര്‍ത്തി. ഇപ്പോഴും, ഞങ്ങള്‍ മദീനയിലെ പഴയ സഹപാഠികളില്‍ സംഘടനാതീതമായ സൗഹൃദം നിലനിര്‍ത്തുന്നവരുണ്ട്. സംഘടനാ അന്ധത ബാധിച്ച നമ്മുടെ പണ്ഡിതന്മാര്‍ക്ക് ഇതൊരു മാതൃകയാണ്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഞാന്‍ നാട്ടില്‍ വന്നപ്പോള്‍ ഫറോക്ക് റൗദത്തുല്‍ ഉലൂം സന്ദര്‍ശിക്കുകയും  അവിടെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയുമുണ്ടായി. ആ പരിപാടിയില്‍ എന്നെ  പരിചയപ്പെടുത്തി ആമുഖം പറഞ്ഞത്  മദീനയിലെ എന്റെ സുഹൃത്തായിരുന്ന അബ്ദുല്‍ ഹമീദ് മദീനിയാണ്. ഞങ്ങള്‍ കുശലം പറഞ്ഞു, കുറേ ചിരിച്ചു. അദ്ദേഹം പ്രമുഖ മുജാഹിദ് പണ്ഡിതനും റൗദത്തുല്‍ ഉലൂം അറബിക് കോളേജില്‍ വര്‍ഷങ്ങളോളം പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ച വ്യക്തിയുമാണ്. ഈ സൗഹൃദങ്ങള്‍ തന്നത് മദീന യൂനിവേഴ്‌സിറ്റിയാണ്. ഭിന്ന ആശയധാരകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഒന്നിച്ചിരുന്ന് ഉപരിപഠനം നടത്താവുന്ന കാമ്പസുകള്‍ സംഘടനാ വൈരവും നേതാക്കള്‍ക്കിടയിലെ അകല്‍ച്ചയും കുറക്കാന്‍ സഹായകമായിത്തീരും എന്നാണ് എന്റെ അനുഭവവും അഭിപ്രായവും.

ഒരു വശത്ത്, കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും എന്നെ അലട്ടിയ മറ്റു ചില പ്രധാന പ്രശ്‌നങ്ങള്‍ മദീനാ യൂനിവേഴ്‌സിറ്റിയിലുണ്ടായിരുന്നു. 

(തുടരും)

അധ്യായം മൂന്നില്‍ അഡ്വ. കുട്ടിയാമു സാഹിബ് എന്ന് അച്ചടിച്ചുവന്നത് അഡ്വ. കൊച്ചാമു സാഹിബ് (പൊന്നാനി) എന്നും പ്രഫ. അബ്ദുസ്സലാം മൗലവി എന്നത് അബുസ്സബാഹ് മൗലവി എന്നും തിരുത്തി വായിക്കാനപേക്ഷ. ശാന്തപുരം മഹല്ലിന്റെ ഉത്തരവാദിത്തത്തില്‍ ഉായിരുന്നത് കെ.എം ശരീഫ് മൗലവിയാണ്. തെറ്റുപറ്റിയതില്‍ ഖേദിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (3 - 7)
എ.വൈ.ആര്‍

ഹദീസ്‌

ഹൃദയസ്ഥൈര്യവും കര്‍മനൈരന്തര്യവും
കെ.സി സലീം കരിങ്ങനാട്