Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 10

3063

1439 ദുല്‍ഖഅദ് 27

മൗലാനാ ആസാദ് പോരാളിയും പണ്ഡിതനും

പി.എ റഫീഖ് സകരിയ്യ

മൗലാനാ അബുല്‍കലാം ആസാദ് (1888-1958) നമുക്ക് സുപരിചിതനാണ്. സ്വാതന്ത്ര്യസമര സേനാനി, സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി, ഖുര്‍ആന്‍ വ്യാഖ്യാതാവ് എന്നീ നിലകളിലാണ് അദ്ദേഹത്തിന്റെ പ്രശസ്തി. എന്നാല്‍ ആ അപൂര്‍വ വ്യക്തിത്വത്തിന്റെ പ്രാധാന്യവും അദ്ദേഹം നല്‍കിയ സംഭാവനകളുടെ വ്യാപ്തിയും ഇനിയും മനസ്സിലാക്കേതായിട്ടാണുള്ളത്. പ്രശസ്ത ചരിത്രകാരന്‍ മുശീറുല്‍ ഹസന്‍ എഡിറ്റ് ചെയ്ത ഇസ്‌ലാം പ്ലൂരലിസം നേഷന്‍ഹുഡ്: ലെഗസി ഓഫ് മൗലാനാ ആസാദ് (നിയോഗി ബുക്‌സ്, ന്യൂദല്‍ഹി), ഇസ്‌ലാം ആന്റ് നാഷ്‌നലിസം: റിഫ്‌ളക്ഷന്‍സ് ഓണ്‍ അബുല്‍കലാം ആസാദ് (മനോഹര്‍ പബ്ലിഷേഴ്‌സ്, ന്യൂദല്‍ഹി) എന്നീ പുസ്തകങ്ങള്‍ ഈ നിലക്ക് പ്രസക്തങ്ങളാണ്.

ഇസ്‌ലാം പ്ലൂരലിസം നേഷന്‍ഹുഡ് മുഖ്യമായും ആസാദുമായി ബന്ധപ്പെട്ട രഹസ്യസ്വഭാവമുള്ള ബ്രിട്ടീഷ് രേഖകളുടെ സമാഹാരമാണ്. തീവ്രവേദനയുടെ ഹൃദയം (1888-1918), രാജ്യസ്‌നേഹികള്‍ക്കിടയിലെ രാജകുമാരന്‍ (1919-1948), ഐക്യത്തിന്റെ മുദ്ര (1948-1958) എന്നീ തലക്കെട്ടുകളിലൂടെ ആസാദിന്റെ ജീവിതകാലത്തെ അടയാളപ്പെടുത്തി ആ വര്‍ഷങ്ങളിലെ പ്രധാന സംഭവങ്ങളുടെ വിവരണവും ഗ്രന്ഥകാരന്‍ നല്‍കുന്നുണ്ടണ്ട്. പുസ്തകത്തില്‍ ഏറിയ പങ്കും സ്ഥാനം പിടിച്ച രേഖകളിലൂടെ കടന്നുപോകുമ്പോള്‍ എത്ര 'അപകടകാരി'യായാണ് ആസാദിനെ ബ്രിട്ടീഷുകാര്‍ കണ്ടണ്ടതെന്ന് ബോധ്യപ്പെടും. 28 -കാരനായ ആസാദിനെക്കുറിച്ച്  സി.ആര്‍ ക്ലീവ്‌ലാന്റ് 1916-ല്‍ എഴുതിയ രേഖയില്‍ കാണുന്നതിങ്ങനെ: 'ഞാന്‍ അബുല്‍കലാം ആസാദിനെ കാണുന്നത് ഇന്നത്തെ ഇന്ത്യന്‍ മുഹമ്മദന്മാരുടെ ലോകത്തെ ഒരുപക്ഷേ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയായാണ്. മുഹമ്മദന്‍ സമുദായത്തില്‍ ഇത്രയും വ്യക്തിപരമായ അനുതാപവും മതഭ്രാന്തും ജനിപ്പിക്കാന്‍ കഴിയുന്ന മറ്റൊരു വ്യക്തിയുണ്ടെണ്ടന്ന് ഞാന്‍ കരുതുന്നില്ല' (പേജ് 39). ഏറെ കോളിളക്കം സൃഷ്ടിച്ച 'പട്ടുതൂവാല കത്ത് കേസി'ല്‍ (Silk letter case) ആസാദിനുള്ള പങ്ക് സൂചിപ്പിക്കുന്ന രേഖകളും പുസ്തകത്തിലുണ്ട്. 

ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി പത്തുവര്‍ഷത്തിലേറെ ജയിലില്‍ കഴിഞ്ഞ ആസാദിന്റെ ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥമായ തര്‍ജുമാനുല്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ ചില കൃതികളെങ്കിലും പിറവിയെടുത്തത് ജയിലില്‍ വെച്ചാണ്. തര്‍ജുമാനുല്‍ ഖുര്‍ആന്റെ ഒന്നാം പതിപ്പിന്റെ മുഖവുര 1930-ല്‍ മീറത്ത് ജയിലില്‍ വെച്ചും രണ്ടണ്ടാം പതിപ്പിന്റെ ആമുഖം 1945-ല്‍ അഹ്മദ് നഗര്‍ ദുര്‍ഗ ജയിലില്‍ വെച്ചുമാണ് എഴുതിയത്.  

കാബിനറ്റ് മിഷനുമായി ബന്ധപ്പെട്ട രേഖകള്‍, കോണ്‍ഗ്രസിലെ സംഘടനാപ്രവര്‍ത്തനം സംബന്ധിച്ച കത്തുകള്‍, പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍ ആസാദിനയച്ച കത്തുകള്‍, വിദ്യാഭ്യാസവകുപ്പില്‍നിന്ന് ആസാദ് അയച്ച കത്തുകള്‍, ഇന്ത്യന്‍ ഹിസ്റ്റോറിക്കല്‍ റെക്കോര്‍ഡ് കമീഷന്‍ പ്രസിഡന്റ് എന്ന നിലയില്‍ നടത്തിയ പ്രസംഗം തുടങ്ങിയവയെല്ലാം പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ടണ്ട്. അപൂര്‍വങ്ങളായ ചിത്രങ്ങളും പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു. മുഖ്യമായും ആസാദുമായി ബന്ധപ്പെട്ട രഹസ്യസ്വഭാവമുള്ള ബ്രിട്ടീഷ് രേഖകളുടെ സമാഹാരമാണ് ഇത് എന്നതിനാല്‍ പുസ്തകങ്ങളുടെ പതിവു രീതിയല്ല ഇതില്‍ പിന്തുടര്‍ന്നിരിക്കുന്നത്.

രേഖകളും കത്തുകളും അതേപടി തന്നെ ചേര്‍ത്തത് ആധികാരികത വര്‍ധിപ്പിക്കുന്നു. 210 പേജ് വരുന്ന പുസ്തകത്തിന്, വിവിധ രേഖകള്‍ ചേര്‍ത്തതുകൊണ്ടണ്ടാകാം സാധാരണ ഗ്രന്ഥങ്ങളേക്കാള്‍ വലിപ്പവുമുണ്ട്.

 മുശീറുല്‍ ഹസന്‍ തന്നെ എഡിറ്റ് ചെയ്ത ഇസ്‌ലാം ആന്റ് നാഷ്‌നലിസം: റിഫ്‌ളക്ഷന്‍സ് ഓണ്‍ അബുല്‍കലാം ആസാദ്, ആസാദിനെക്കുറിച്ച് നിരവധി പേര്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ്. ജാമിഅ മില്ലിയ ഇസ്‌ലാമിയയില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പേപ്പറുകളാണ് ഇതില്‍ മിക്കവയും. മുശീറുല്‍ ഹസന്‍, ഗെയിന്‍ മിനോള്‍ട്ട്, ക്രിസ്ത്യന്‍ ഡബ്ല്യു. ട്രോള്‍, അസ്ഗറലി എഞ്ചിനീയര്‍, ഫര്‍സാനാ ശൈഖ്, അലി അശ്‌റഫ്, ഐജാസ് അഹ്മദ് എന്നിവരുടെ ലേഖനങ്ങളോടൊപ്പം മൗലാനാ ആസാദ് സകാത്തിനെക്കുറിച്ചെഴുതിയ 'മസ്അലയെ സകാത്ത്' എന്ന ലേഖനവും ഇടംപിടിച്ചിരിക്കുന്നു. മൗലാനാ ആസാദ്, ഖാന്‍ അബ്ദുല്‍ഗഫാര്‍ ഖാന്‍, ഡോ. എം.എ അന്‍സാരി, ആസഫ് അലി, റാഫി അഹ്മദ് കിദ്വായി തുടങ്ങിയ സ്വാതന്ത്ര്യസമരസേനാനികളെ സ്വാതന്ത്ര്യസമരചരിത്രം പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളില്‍ വിശേഷിപ്പിക്കുന്നത് 'ദേശീയ മുസ്‌ലിംകള്‍' (National MUslims) എന്നാണ്. ഈ വിശേഷണത്തിലെ അസാംഗത്യവും അപകടവും മുശീറുല്‍ ഹസന്‍ ആമുഖത്തില്‍ ചൂണ്ടണ്ടിക്കാട്ടുന്നുണ്ടണ്ട്: ''ഇന്ത്യന്‍ ഭരണകൂടം അതിന്റെ മതേതരവിശ്വാസയോഗ്യത തെളിയിക്കാന്‍ മനസ്സില്ലാമനസ്സോടെ ഔദാര്യം എന്ന മട്ടിലാണ് പെരുമാറുക. 'മുസ്‌ലിം' ബുദ്ധിജീവികളില്‍ നിന്ന് ആളുകളെ തെരഞ്ഞെടുക്കും. സമ്മേളനവേദി അലീഗഢ് യൂണിവേഴ്‌സിറ്റിയോ, ജാമിഅ മില്ലിയ ഇസ്‌ലാമിയ്യയോ, പറ്റ്‌നയിലെ ഖുദാ ബക്ഷ് ലൈബ്രറിയോ ആയിരിക്കും. അതുപോലെ അനുചിതമായ ഒരു പദപ്രയോഗമുണ്ടണ്ട്. 'ദേശീയ മുസ്‌ലിംകള്‍'. അതിനു നല്ല പ്രചാരവും ലഭിച്ചിട്ടുണ്ടണ്ട്. അന്‍സാരി, ആസാദ് എന്നിവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി ഘോഷിക്കും. 'ഭൂരിപക്ഷ' സമുദായത്തിലെ ആളുകളുടെ ദേശീയതയും ദേശാഭിമാനവും മാത്രമേ ഇന്ത്യന്‍ ദേശീയതയായി ഭൂരിഭാഗം ഇന്ത്യക്കാരും പരിഗണിക്കുന്നുള്ളൂ എന്ന ഒരു അസാംഗത്യം നിലവിലുണ്ട്.

'മറ്റുള്ളവര്‍' ദേശസ്‌നേഹം പ്രദര്‍ശിക്കുമ്പോള്‍ അതൊരു പൊതുപ്രവണതയായല്ല ഒറ്റപ്പെട്ട അപവാദമായാണ് വിലയിരുത്തുക. അങ്ങനെയാണ് അജ്മല്‍ ഖാന്‍, അന്‍സാരി, ആസാദ് എന്നിവര്‍ 'ദേശീയ മുസ്‌ലിംകള്‍' ആവുകയും സഹമതസ്ഥരില്‍നിന്ന് അന്യരാവുകയും ചെയ്യുന്നത്. അവരെ അസാധാരണ മനുഷ്യരായി കണക്കാക്കുന്നു. ആഗോള ഇസ്‌ലാമിനു വേണ്ടണ്ടി വാദിക്കുകയും അതിനായി സഹായിക്കുകയും ദേശീയതയെ എതിര്‍ക്കുകയും ചെയ്യുന്ന ഒരു മതത്തിലെ പ്രത്യേക വിഭാഗമായി ഇതിനെ പരിഗണിക്കുന്നു. ദേശീയതയുടെ നിശ്ചിതനിലയിലുള്ള ആദര്‍ശത്തോട് കൂറുപുലര്‍ത്തിയതിന്റെ പേരില്‍ അജ്മല്‍, അന്‍സാരി എന്നിവരെ 'ദേശീയ മുസ്‌ലിംകള്‍' എന്നു മുദ്രകുത്തുമ്പോള്‍ അതേ യുക്തി ഉപയോഗിച്ച് എന്തുകൊണ്ടണ്ട് ഗാന്ധി, നെഹ്‌റു, പട്ടേല്‍ എന്നിവരെ 'ദേശീയ ഹിന്ദുക്കള്‍' എന്നു വിളിക്കുന്നില്ല? ഒരു വ്യക്തിയെയോ സംഘത്തെയോ തരംതിരിക്കുന്നതിനുള്ള ഏകമാനദണ്ഡം മതമാണെങ്കില്‍ നാം എങ്ങനെയാണ് കര്‍ഷക നേതാവിനെയോ തൊഴിലാളി നേതാവിനെയോ വിശേഷിപ്പിക്കുക? മുസഫര്‍ അഹ്മദ് 'ദേശീയ മുസ്‌ലിമും', പി.സി.ജോഷി 'ദേശീയ ഹിന്ദുവും' ആണോ? ഉത്തരങ്ങള്‍ക്കു തിരയേണ്ടണ്ട. തൊട്ടടുത്ത ഇന്ത്യന്‍ ഭൂതകാലത്തിന്റെ വികൃതമായ പ്രതിഛായക്ക് തിരുത്ത് വരുത്തിയാല്‍ മതി. മതപരമോ അല്ലാതെയോ ഉള്ള സ്വത്വങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് വൈരുധ്യാധിഷ്ഠിത പ്രക്രിയകളിലൂടെയാണ്. ഒരു സമുദായത്തിന്റെ ഉറച്ചുപോയ പഴഞ്ചന്‍ പ്രതിഛായക്ക് വിശ്വാസ്യത ഉണ്ടണ്ടാക്കാന്‍ അതിനു മീതെ കെട്ടിവെക്കുന്നതുമാകാം അതു പലപ്പോഴും. 'ദേശീയ മുസ്‌ലിം'കളുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയസംവാദത്തിന്റെ മാതൃകാപരമായ അംശമാണ്. രാഷ്ട്രത്തിന്റെ സ്മരണയില്‍ തങ്ങിനില്‍ക്കുന്നതുമാണ്. എന്നാലും 'ദേശീയ മുസ്‌ലിം' എന്ന പദപ്രയോഗം മുസ്‌ലിംകളെ മാത്രം കെട്ടുപിണഞ്ഞ ഊരാക്കുടുക്കില്‍ അകപ്പെടുത്തിയിരിക്കുന്നു'' (പേജ് 6,7).

ആസാദിന്റെ തിയോളജിയിലെ വിമോചനാംശങ്ങളാണ് അസ്ഗറലി എഞ്ചിനീയര്‍ അന്വേഷിക്കുന്നത്. ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ള ആസാദ് സകാത്തിനെക്കുറിച്ചെഴുതിയ 'മസ്അലയെ സകാത്ത്' എന്ന ലേഖനത്തെ ആധാരമാക്കിയാണ് അസ്ഗറലിയുടെ നിരീക്ഷണങ്ങള്‍. മൗലാനാ ആസാദിന്റെയും അല്ലാമാ ഇഖ്ബാലിന്റെയും സമീപനങ്ങള്‍ തമ്മിലുള്ള താരതമ്യമാണ് ഫര്‍സാന ശൈഖിന്റെ ലേഖനത്തിലെ പ്രതിപാദ്യം. ഇതുപോലെ ആസാദിനെയും മൗലാനാ മുഹമ്മദലിയെയും മുശീറുല്‍ ഹസന്‍ താരതമ്യം ചെയ്യുന്നുണ്ടണ്ട്. പ്രമുഖ മാര്‍ക്‌സിസ്റ്റ് ചിന്തകനായ ഐജാസ് അഹ്മദിന്റേതാണ് ഏറ്റവും സുദീര്‍ഘമായ ലേഖനം. ആസാദിന്റെ ചിന്തയിലെയും പ്രവര്‍ത്തനങ്ങളിലെയും ശക്തി-ദൗര്‍ബല്യങ്ങളാണ് 53 പേജുകളിലായി അദ്ദേഹം വിവരിക്കുന്നത്. മൗലാനാ ആസാദിനെക്കുറിച്ച് മാത്രമല്ല, സംഘര്‍ഷഭരിതമായ അക്കാലത്തെക്കുറിച്ച് തെളിവാര്‍ന്ന ചിത്രം ലഭിക്കാനും ഈ പുസ്തകം സഹായകമാണ്. 

 

*1913 ആഗസ്റ്റില്‍ കാണ്‍പൂരില്‍ പള്ളിയുടെ ഒരു ഭാഗം അധികൃതര്‍ പൊളിച്ചുനീക്കിയതാണ് സംഭവം. റോഡ് നിര്‍മാണത്തിനെന്ന പേരില്‍ പൊളിച്ചുനീക്കിയ ഭാഗം കുറേ വിശ്വാസികള്‍ ചേര്‍ന്ന് പുനരുദ്ധരിക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് വെടിവെക്കുകയും നിരവധി പേര്‍ മരിക്കുകയും ചെയ്തു. ഇത് രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധത്തിന് കാരണമായി.

Mushirul Hasan (Introduced & Edited), Islam Pluralism Nationhood: Legacy of Maulana Azad, Niyogi Books, New Delhi

Mushirul Hasan (Editor), Islam and Indian Nationalism: Reflections on Abul Kalam Azad, Manohar Publishers, New Delhi

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (3 - 7)
എ.വൈ.ആര്‍

ഹദീസ്‌

ഹൃദയസ്ഥൈര്യവും കര്‍മനൈരന്തര്യവും
കെ.സി സലീം കരിങ്ങനാട്