Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 10

3063

1439 ദുല്‍ഖഅദ് 27

നെഞ്ചിനുള്ളില്‍ വിരിയട്ടെ സംതൃപ്ത സ്വര്‍ഗരാജ്യം

ടി.ഇ.എം റാഫി വടുതല

വിശ്വപ്രസിദ്ധ പേര്‍ഷ്യന്‍ സൂഫീ കവിയാണ് സഅ്ദി ശീറാസി. ചിന്തോദ്ദീപകവും ഭാവനാസമ്പന്നവുമായ ഗദ്യപദ്യങ്ങള്‍ കൊണ്ടും കഥകള്‍ കൊണ്ടും ആസ്വാദകഹൃദയങ്ങളെ കീഴടക്കിയ സാഹിത്യകാരന്‍. ജനപദങ്ങളുടെ സ്വഭാവ രൂപീകരണത്തില്‍ അനല്‍പമായ പങ്കുവഹിച്ചിട്ടുണ്ട് സഅ്ദിയുടെ കഥകളും കവിതകളും.

സഅ്ദി അദ്ദേഹത്തിന്റെ ഒരു അനുഭവം വിവരിക്കുന്നുണ്ട്: ''ആഹാരത്തെയും വസ്ത്രത്തെയും കുറിച്ച് ഒരിക്കലും ഞാന്‍ അസ്വസ്ഥനായിട്ടില്ല. അവക്കു വേണ്ടി അല്ലാഹുവിന്റെ മുന്നില്‍ ആവലാതിപ്പെട്ടിട്ടുമില്ല. എന്നാല്‍ ഒരിക്കല്‍ മാത്രം ക്ഷമയുടെ പാശം എനിക്കു കൈവിട്ടുപോയിട്ടുണ്ട്. എനിക്ക് ചെരിപ്പുണ്ടായിരുന്നില്ല. ചെരിപ്പ് വാങ്ങാന്‍ ശേഷിയും ഇല്ലായിരുന്നു. ഈ വിഷമം മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ദമസ്‌കസിലേക്ക് ഒരു യാത്ര ചെയ്യേണ്ടിവന്നത്. അത്രയും ദൂരം നഗ്നപാദനായി എങ്ങനെ നടക്കും? എന്റെ ദയനീയാവസ്ഥയെക്കുറിച്ച് അല്ലാഹുവിനോട് ഞാന്‍ പരാതിപ്പെട്ടു. ഒടുവില്‍ നഗ്നപാദനായി തന്നെ നടന്നു നടന്ന് ദമസ്‌കസിലെ പള്ളിയില്‍ എത്തിച്ചേര്‍ന്നു. അവിടെ പള്ളിയുടെ കവാടത്തില്‍ ഒരു മനുഷ്യനെ കണ്ടുമുട്ടി. അയാള്‍ക്ക് കാലുകളേ ഉണ്ടായിരുന്നില്ല. അതെന്റെ കണ്ണുകള്‍ തുറപ്പിച്ചു. ഞാന്‍ ആലോചനയില്‍ മുങ്ങി. 'എനിക്കു ചെരിപ്പുകളല്ലേ ഇല്ലാതുള്ളൂ. ആ പാവത്തിനു കാലുകള്‍ തന്നെയില്ല.' ഞാന്‍ പറഞ്ഞു: അല്ലാഹുവേ നിനക്കു നന്ദി. ചെരിപ്പുകള്‍ തന്നിട്ടില്ലെങ്കിലും നീ എനിക്ക് രണ്ടു കാലുകള്‍ തന്നിട്ടുണ്ടല്ലോ'' (സഅ്ദി പറഞ്ഞ കഥകള്‍. അബ്ദുര്‍റഹ്മാന്‍ മുന്നൂര്).

വര്‍ഷങ്ങള്‍ക്കു മുമ്പ് വായിച്ച കഥ ഹൃദയദര്‍പ്പണത്തില്‍ തെളിഞ്ഞു വന്നത് ദിനപത്രങ്ങളിലും സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ച രണ്ടു ചിത്രങ്ങളും വാര്‍ത്തകളും കണ്ടപ്പോഴാണ്. ലോക ചരിത്രത്തിന്റെ ഭൂപടത്തില്‍ സംസ്‌കാരങ്ങളുടെ ഈറ്റില്ലവും പോറ്റില്ലവുമായിരുന്ന സിറിയയിലെ ഇദ്‌ലിബ് അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്ന എട്ടുവയസ്സുകാരി മായ മുഹമ്മദ് അലി മെര്‍ഹിന്റെയും പിതാവിന്റെയും കരളലിയിപ്പിക്കുന്ന ചിത്രം. കളിക്കൂട്ടുകാരോടൊപ്പം ശലഭങ്ങളെ പോലെ പാറിക്കളിക്കാന്‍ ആ പൊന്നുമോള്‍ക്ക് മോഹങ്ങളില്ലാഞ്ഞിട്ടല്ല. ചെറുവിരല്‍ പിടിച്ച് കിളിക്കൊഞ്ചല്‍ കേട്ട് അരുമക്കിടാവിനോടൊപ്പം ചുറ്റിനടക്കാന്‍ ആ വാത്സല്യനിധിയായ പിതാവിന് സ്വപ്‌നങ്ങളില്ലാഞ്ഞിട്ടുമല്ല. മായക്കും പിതാവിനും ജന്മനാ കാലില്ലാത്തതു കൊണ്ട് മാത്രമാണ്.

ആഭ്യന്തര യുദ്ധത്തിന്റെ അഗ്നിനാളങ്ങള്‍ നക്കിത്തുടച്ച അലപ്പോ നഗരം വിട്ട് സ്വപ്‌നങ്ങള്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കു മീതെ കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക ടെന്റിലാണ് പരാതിയും പരിഭവങ്ങളുമില്ലാതെ ആ പിതാവും പുത്രിയും കഴിയുന്നത്. അഭയാര്‍ഥി ക്യാമ്പിനു മുന്നിലും വിധിയുടെ നൊമ്പരങ്ങളറിയാതെ തുള്ളിക്കളിച്ചുകൊണ്ടിരിക്കുന്ന പിഞ്ചുബാല്യങ്ങളുണ്ട്. കണ്‍കുളിര്‍മ പകരുന്ന അവരുടെ കുസൃതിക്കളികളുണ്ട്. അവരോടൊപ്പം തന്റെ മോളും തുള്ളിക്കളിക്കാന്‍ ആ പിതാവിനും അടങ്ങാത്ത ആഗ്രഹമുണ്ട്. പക്ഷേ, ഒരു കൃത്രിമ കാല്‍ വെക്കാനുള്ള പണം ആ പിതാവിന്റെ കൈവശമില്ല. പണമില്ലെങ്കിലും ആ പിതാവിന്റെ മനസ്സില്‍ ഒട്ടും മോഹഭംഗമില്ല. പ്രതിസന്ധികളാണല്ലോ മനുഷ്യനെ പുതിയ കണ്ടെത്തലുകളിലേക്ക് നയിക്കുന്നത്. ഉയര്‍ന്ന ഗുണമേന്മയുള്ള ലോകോത്തര കമ്പനികളുടെ നിലവാരമുള്ള, ഒറിജിനലിനെ വെല്ലുന്ന കൃത്രിമ കാലുകളൊന്നുമല്ല ആ പിതാവ് നിര്‍മിച്ചെടുത്തത്. ടിന്നിനുള്ളില്‍ പഴന്തുണിയും പഞ്ഞിയും നിറച്ച്് മാനം മുട്ടെ പ്രതീക്ഷയും പകര്‍ന്ന് കനിവ് തുളുമ്പുന്ന 'ടിന്‍ കാലുകള്‍.'

മനസ്സിനെ പിടിച്ചുലച്ച രണ്ടാമത്തെ ചിത്രമാണ് കോഴിക്കോട് ഓമശ്ശേരി വെളിമണ്ണ ഗവ. മാപ്പിള സ്‌കൂളിലെ മുഹമ്മദ് ആസിമിന്റേത്. ജന്മനാ ഇരു കൈകളുമില്ലാത്ത പന്ത്രണ്ടു വയസ്സുകാരനാണ് ആസിം. കാലുകള്‍ കൊണ്ട് മനോഹരമായി ചിത്രം വരക്കും. ശ്രുതിമധുരമായി ഗാനമാലപിക്കും. വാചാലമായി പ്രസംഗിക്കും. 90 ശതമാനവും വൈകല്യമുള്ള ആസിമിന്റെ ഹൃദയമന്ത്രം ഒന്നുമാത്രം -'എനിക്കിനിയും പഠിക്കണം.' മൂന്നു വര്‍ഷം എല്‍.പിയില്‍ പഠിച്ചുകൊണ്ടിരിക്കെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് കാലുകൊണ്ട് കത്തെഴുതി. ആസിമിന്റെ പ്രതീക്ഷപോലെ സ്‌കൂള്‍ യു.പിയാക്കി. ഏഴാം ക്ലാസ് കഴിഞ്ഞപ്പോഴും പഠിക്കണമെന്ന ആസിമിന്റെ മോഹം ചിറകുകളായി വിടര്‍ന്നു. നിയമത്തിന്റെ നൂലാമാലകള്‍ പലപ്പോഴും സ്വപ്‌നത്തിന്റെ നിറം കെടുത്തി. അവസാനം വെളിമണ്ണ യു.പി സ്‌കൂള്‍ ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യണമെന്ന ആസിമിന്റെ ആവശ്യം ഹൈക്കോടതി ശരിവെച്ചു. ആസിമിന്റെ ശരീരത്തിന് വൈകല്യമുണ്ടെങ്കിലും കരിമ്പാറയെ തോല്‍പിക്കുന്ന ഇഛാശക്തിയാണ് ആ കുരുന്നു ഹൃദയത്തിന്. ഒപ്പം ആര്‍ദ്രഭാവത്താല്‍ സ്‌നേഹം നിര്‍ഗളിക്കുന്ന സാമൂഹിക ഇടപെടലുകളും. അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും ജീവനായ ആസിമിനെ കേരള സര്‍ക്കാരിന്റെ 'ഉജ്ജ്വല ബാല്യം' എന്ന പുരസ്‌കാരവും തേടിയെത്തി. വെളിമണ്ണ ആലത്തുകാവില്‍ മുഹമ്മദ് സയിദിന്റെയും ജംഷീനയുടെയും അഞ്ച് മക്കളില്‍ മൂത്ത പുത്രനാണ് ആസിം. വൈകല്യങ്ങളെ തോല്‍പിക്കുന്ന ഇഛാശക്തിയും പരിഭവങ്ങളില്ലാത്ത ശുഭപ്രതീക്ഷയുമാണ് കണ്ണുതുറന്നിരുന്ന് സ്വപ്‌നം കാണാന്‍ ആസിമിനു പ്രചോദനം.

ദുരമൂത്ത ആര്‍ത്തിയുടെ ലോകത്താണ് മനുഷ്യന്‍ ജീവിക്കുന്നത്. ഭൗതിക സൗകര്യങ്ങളൊക്കെയും വെട്ടിപ്പിടിക്കണമെന്നാണ് അധികപേരുടെയും മോഹം. ഐഹിക സുഖങ്ങളൊക്കെയും മരിക്കുന്നതിനു മുമ്പ് അനുഭവിച്ചു തീര്‍ക്കണമെന്നാണ് പലരുടെയും അഭിനിവേശം. പടുത്തുയര്‍ത്തിയ രമ്യഹര്‍മ്യങ്ങളും വാരിക്കൂട്ടിയ സമ്പത്തും രാജവീഥിയിലൂടെ നീന്തിത്തുടിക്കുന്ന വാഹനങ്ങളും മിന്നിത്തിളങ്ങുന്ന കനകക്കൂമ്പാരങ്ങളും അതിരറ്റ ഹരിതഭൂമികളും മനം കുളിര്‍ക്കുന്ന കുടുംബവും കൂട്ടിനുണ്ടായാലും ശരി ഇതൊന്നും മതിവരുന്നില്ല എന്ന പരിഭവം ഭൂരിപക്ഷത്തെയും പിടികൂടിയിരിക്കുന്നു. ഫലമോ ഈ ഹതഭാഗ്യര്‍ ഇരുള്‍മൂടിയ മനസ്സും വിഷാദ വദനവും കൊണ്ട് ജീവിത നൈരാശ്യത്തിന്റെ ആഴങ്ങളില്‍ മുങ്ങിത്താഴുന്നു. വിശ്വപ്രപഞ്ചം നിറയെ ദൈവാനുഗ്രഹങ്ങള്‍ നിറഞ്ഞിരിക്കുമ്പോഴും അവയൊക്കെയും ഓരോ നിമിഷവും അനുഭവിക്കുമ്പോഴും സര്‍വവും സമ്മാനിച്ച പ്രപഞ്ചനാഥനെ കൃതജ്ഞതാപൂര്‍വം ഒന്ന് സ്മരിക്കാന്‍ കഴിയാത്ത വെറും ഭൗതികപ്രിയരായി മാറി ആധുനിക ജനത.

കൂരിരുട്ടിലും ചില മിന്നാമിനുങ്ങുകളുണ്ടാകും. മരീചിക തിളങ്ങുന്ന മരുപ്പറമ്പിലും മനസ്സിനെ കുളിരണിയിക്കുന്ന മരുപ്പച്ചകളുണ്ടാകും. ജീവിത പരീക്ഷണങ്ങളുടെ പ്രവാഹങ്ങളില്‍ കറങ്ങിത്തിരിയുമ്പോഴും ശുഭപ്രതീക്ഷയുടെ തീരമണയുന്നവരുണ്ടാകും. പരമ ദാരിദ്ര്യത്തിലകപ്പെടുമ്പോഴും കോടീശ്വരനേക്കാള്‍ വലിയ സന്തോഷവും ആനന്ദവും അനുഭവിക്കുന്നവരുണ്ടാകും. മനസ്സു മോഹിച്ച ഭൗതിക സൗകര്യങ്ങളുടെ അഭാവത്തിലും ലഭ്യമായ അനുഗ്രഹങ്ങളെ വിലമതിക്കുന്ന സൗഭാഗ്യവാന്മാര്‍ക്കാണ് ആ ആത്മസായൂജ്യവും സംതൃപ്തിയുമുണ്ടാവുക. ഐഹിക സുഖങ്ങളും സൗകര്യങ്ങളും നമ്മളേക്കാള്‍ മുകളിലുള്ളവരിലേക്ക് നോക്കുന്നതിനുപകരം നമ്മളേക്കാള്‍ താഴ്ന്നവരിലേക്ക് നോക്കാന്‍ പറഞ്ഞ പ്രവാചകപാഠം എത്ര ചിന്തനീയമാണ്.

ദൈവാനുഗ്രഹങ്ങളെ വിലമതിക്കാനും നന്ദിയുള്ള ഒരു ദാസനാകാനും വിശ്വാസികള്‍ക്കും മഹത്തുക്കള്‍ക്കും പ്രചോദനം നല്‍കിയതും പ്രവാചകന്റെ ഈ തിരുമൊഴികള്‍ തന്നെ. ലോകത്തിന്റെ കീര്‍ത്തിമുദ്ര ലഭിച്ച മഹാപണ്ഡിതനും ചിന്തകനും ഗ്രന്ഥകാരനുമാണ് ഇബ്‌നു തൈമിയ്യ (റ). അദ്ദേഹം പള്ളിപ്പരിസരത്തെ ഇടുങ്ങിയ മുറിയില്‍ അന്തിയുറങ്ങി. ദിവസവും ഒരൊറ്റ ഉണക്കറൊട്ടി മാത്രം ഭക്ഷണമായി കഴിച്ചു. സ്വന്തമെന്നു പറയാന്‍ ഒന്നുമില്ലാതിരുന്നിട്ടും കനകക്കൂമ്പാരങ്ങളൊന്നും സ്വന്തമില്ലാതിരുന്നിട്ടും ഇബ്‌നു തൈമിയ്യ പറഞ്ഞു; 'എന്റെ പറുദീസ എന്റെ നെഞ്ചിനുള്ളില്‍ തന്നെയാണ്.' മണ്‍കൂരയില്‍ താമസിച്ചും കണ്ടം വെച്ച ഒരേയൊരു ശുഭ്രവസ്ത്രം ധരിച്ചും തുന്നിക്കൂട്ടിയ ചെരുപ്പണിഞ്ഞും വര്‍ഷങ്ങളധികവും ജീവിച്ചിട്ടും അഹ്മദുബ്‌നു ഹമ്പലിനേക്കാള്‍ വലിയ സന്തോഷവാനെ ലോകം കണ്ടിട്ടില്ലെന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

അരക്കെട്ടിനു താഴെ തളര്‍ന്ന് വീല്‍ചെയറിലിരുന്ന് ഖുദ്‌സിന്റെ വിമോചനത്തിനുവേണ്ടി സായുധസജ്ജരായ സാമ്രാജ്യത്തോട് പടനയിച്ച മഹാവിസ്മയമായിരുന്നു ശഹീദ് അഹ്മദ് യാസീന്‍. ഒരിക്കല്‍ പടിഞ്ഞാറന്‍ പാപ്പരാസിക്കൂട്ടം അദ്ദേഹത്തോട് നടത്തിയ അഭിമുഖത്തിനിടയില്‍ പൊടുന്നനെ ഒരാള്‍ ഒരു ചോദ്യമുന്നയിച്ചു; 'അചഞ്ചലമായ ദൈവവിശ്വാസത്തിനുടമയാണല്ലോ താങ്കള്‍. എങ്കില്‍ ദയാനിധിയായ നാഥനെന്തേ താങ്കളെ ഇങ്ങനെ തളര്‍ത്തിക്കളഞ്ഞത്.' ഞൊടിയിടയില്‍ തന്നെ അഹ്മദ് യാസീന്‍ പടിഞ്ഞാറന്‍ മാധ്യമ പ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തിയ ഉത്തരം മൊഴിഞ്ഞു: 'എന്റെ നാഥന്‍ എത്ര കാരുണ്യവാന്‍! അതിരില്ലാത്ത കരുണക്കടല്‍!! കാരുണികനായ ദൈവം എന്റെ അരക്കെട്ടിനു മുകളിലേക്ക് തളര്‍ത്തിക്കളഞ്ഞില്ലല്ലോ. സര്‍വസ്തുതിയും ലോകരക്ഷിതാവിന്. ഞാനെത്ര ഭാഗ്യവാന്‍.' പുറം നിറയെ പരീക്ഷണങ്ങളുടെയും ദുഃഖത്തിന്റെയും കാര്‍മുകില്‍ മൂടിയപ്പോഴും അകം നിറയെ മനസ്സില്‍ സന്തോഷം നിറച്ചവരായിരുന്നു പ്രവാചകന്മാരും അവരെ അനുഗമിച്ച മഹത്തുക്കളും.

പണത്തോടുള്ള പരിധിവിട്ട അനുരാഗവും ആഡംബരത്തോടുള്ള മതിവരാത്ത ഭ്രമവും ബാധിച്ച് ദൈവാനുഗ്രഹങ്ങള്‍ക്കു നേരെ കണ്ണുമടച്ചു നടക്കുന്ന ജീവിത നൈരാശ്യത്തിനടിപ്പെട്ടവര്‍ക്ക് പ്രചോദനമാണ് മായാ മുഹമ്മദ് അലി മെഹ്‌റിനും അവളുടെ പിതാവും, കോഴിക്കോട് വെളിമണ്ണയിലെ മുഹമ്മദ് ആസിമും. ലോകത്തെ ഏഴ് മഹാത്ഭുതങ്ങള്‍ ചിത്രത്തിലെങ്കിലും കണ്ട് അത്ഭുതം കൂറിയവരായിരിക്കും നമ്മില്‍ ഏറെയും. എന്നാലൊരു നോക്ക് കാണണം; 'ടിന്‍ കാലി'ല്‍ നടക്കുന്ന മായയെ, മുട്ടിലിഴയുന്ന പിതാവിനെ, ജന്മനാ കൈകളില്ലാതിരുന്നിട്ടും പാദം കൊണ്ട് ജീവിത വിജയം വരക്കുന്ന ആസിമിനെ. ഇനിയും നാമൊന്ന് താഴേക്ക് നോക്കിയാല്‍ നമുക്ക് ബോധ്യപ്പെടും, നമുക്ക് നാഥന്‍ നല്‍കിയത് ഒരു പറുദീസയല്ല, ഒരുപാട് പറുദീസകളാണെന്ന്. നെഞ്ചു നിറയെ ആത്മ സംതൃപ്തിയുണ്ടെങ്കില്‍ ജീവിതമഖിലവും സംതൃപ്തം എന്ന പ്രവാചകമൊഴി എത്ര ധന്യം!

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (3 - 7)
എ.വൈ.ആര്‍

ഹദീസ്‌

ഹൃദയസ്ഥൈര്യവും കര്‍മനൈരന്തര്യവും
കെ.സി സലീം കരിങ്ങനാട്