Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 10

3063

1439 ദുല്‍ഖഅദ് 27

പ്രീ-സ്‌കൂള്‍ കുട്ടികളുടെ പക്ഷത്ത് നില്‍ക്കണം

ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്

നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടേതല്ല

നിങ്ങളുടെ കൂടെയവരുണ്ടെങ്കിലും 

ഇനിയും നിങ്ങളിലേക്കവര്‍ ലയിച്ചിട്ടില്ല

അവര്‍ക്കു നിങ്ങള്‍ സ്‌നേഹം കൊടുക്കുക, 

ചിന്ത കൊടുക്കരുത്

അവര്‍ക്ക് വേണ്ടത് അവരുടെ സ്വന്തം ചിന്തകളാണ്

അവരുടെ ശരീരത്തോടൊപ്പം ചേര്‍ന്നു നില്‍ക്കുക

ആത്മാക്കളെ പിടിച്ചുവെക്കരുത്

അവരെ നിങ്ങളെപ്പോലെയാക്കാതെ

നിങ്ങള്‍ അവരെപ്പോലെയാവുക.

                                        -ഖലീല്‍ ജിബ്രാന്‍

 

സ്വന്തം ജില്ലയില്‍, സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ ഒന്നാം ക്ലാസിലെ അധ്യാപകനാണ് സഹദേവന്‍. നന്നായി പാടുകയും നല്ലപോലെ ചിത്രം വരയ്ക്കുകയും ചെയ്യുന്ന മാഷ്. പെട്ടെന്നായിരുന്നു സഹദേവന്‍ മാഷിന് അകലെയുള്ള മറ്റൊരു സ്‌കൂളിലേക്ക് സ്ഥലംമാറ്റം കിട്ടിയത്. തപാല്‍ വഴി വന്ന സ്ഥലംമാറ്റ ഉത്തരവ് കണ്ട് മാഷ് വല്ലാതെ പിരിമുറുക്കത്തിലായി. പലതരം ചിന്തകള്‍ തലച്ചോറിലൂടെ മിന്നിമറഞ്ഞു. സ്ഥലംമാറ്റ ഉത്തരവ് സൃഷ്ടിച്ച അസ്വസ്ഥതയില്‍നിന്നും കുറച്ചു നേരത്തേക്കെങ്കിലും ആശ്വാസം ലഭിക്കട്ടെ എന്നു കരുതി ബോര്‍ഡില്‍ ഒരു മാങ്ങയുടെ ചിത്രം വരച്ച് അതുപോലെ പത്തു മാങ്ങയുടെ ചിത്രം വരയ്ക്കാന്‍ മാഷ് കുട്ടികളോടു നിര്‍ദേശിച്ചു. പെട്ടെന്നായിരുന്നു പത്ത് മാങ്ങകള്‍ വരച്ച് സഫ്‌വാന്‍ ഓടിവന്നത്. വാടിയതെന്നും ചുളുങ്ങിയതെന്നും തോന്നിപ്പിക്കുന്ന പത്ത് മാങ്ങകള്‍.

'ഇങ്ങനെയാണോടാ മാങ്ങ വരയ്ക്കാന്‍ പറഞ്ഞത്, ബോര്‍ഡില്‍ വരച്ചതു കണ്ടില്ലേ?'

കലിപൂണ്ട മാഷ് സഫ്‌വാന്റെ നോട്ടുബുക്ക് വലിച്ചെറിഞ്ഞു.

'ഇതു ഉപ്പിലിട്ട മാങ്ങയാണ് സാര്‍.'

ഒട്ടും കൂസാതെയായിരുന്നു ആ ഒന്നാം ക്ലാസ്സുകാരന്റെ മറുപടി. സഹദേവന്‍ മാഷ് പിന്നെയൊന്നും പറയാതെ മേശമേല്‍ തലചായ്ച്ചു കിടന്നു.

പ്രീ-പ്രൈമറി ക്ലാസിലോ പ്രൈമറി ക്ലാസിലോ പഠിപ്പിക്കുന്ന അധ്യാപകരുടെ കൂട്ടത്തില്‍ സഹദേവന്‍ മാഷിനെ പോലുള്ളവര്‍ ധാരാളമുണ്ടാകും. കുട്ടികളുടെ ഭാവനക്കോ ചിന്തക്കോ കണ്ടെത്തലിനോ വേണ്ടത്ര പരിഗണന കൊടുക്കാത്തവര്‍. അവരുടെ ആവിഷ്‌കാരങ്ങള്‍ക്കു ആദരവും അംഗീകാരവും നല്‍കാന്‍ മടി കാണിക്കുന്നവര്‍. ക്ലാസിലെ മുഴുവന്‍ കുട്ടികളും താന്‍ വരച്ചതു പോലുള്ള തുടുത്തു കൊഴുത്ത മാങ്ങ തന്നെ വരയ്ക്കണമെന്നായിരുന്നു സഹദേവന്‍ മാഷിന്റെ ശാഠ്യം. മാങ്ങയെന്നു കേട്ടപ്പോള്‍ പക്ഷേ, കുട്ടികളുടെ കുഞ്ഞു ഭാവനകളിലേക്ക് വിവിധതരം മാങ്ങകള്‍ കടന്നുവന്നു. മാവിന്‍ ശിഖരങ്ങളില്‍ തൂങ്ങിയാടുന്ന മാങ്ങ, പഴുത്തു താഴെ വീണ മാങ്ങ, പഴക്കടയില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന മാങ്ങ, ഉപ്പിലിട്ട മാങ്ങ.... അങ്ങനെ പലതരം മാങ്ങകള്‍. അധ്യാപകര്‍ ഏകരൂപേണ ചിന്തിക്കുമ്പോള്‍ കുട്ടികള്‍ ഭിന്നദിശയില്‍ ചിന്തിക്കുന്നു എന്നതാണ് വസ്തുത. ഇത്തരം ചിന്തകളെ പഠന-ബോധന പ്രക്രിയക്കകത്ത് പ്രയോജനപ്പെടുത്തുന്നതിലാണ് പലരും പരാജയപ്പെടുന്നത്.

 

സ്‌കൂള്‍ രണ്ടാമത്തെ വീട്

ഉന്നത വിദ്യാഭ്യാസം എത്ര കണ്ട് പ്രാധാന്യമര്‍ഹിക്കുന്നുവോ അത്ര തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് പ്രീ-സ്‌കൂള്‍, പ്രീ-പ്രൈമറി വിദ്യാഭ്യാസവും. പരിഷ്‌കൃത-വികസിത രാജ്യങ്ങള്‍ പ്രീ-സ്‌കൂള്‍/പ്രീ-പ്രൈമറി വിദ്യാഭ്യാസത്തെ അതീവ ഗൗരവത്തോടെ കാണുന്നതായും ഭീമമായൊരു നിക്ഷേപം പ്രസ്തുത മേഖലയില്‍ അവര്‍ മുടക്കുന്നതായും പഠനങ്ങള്‍ വിളിച്ചു പറയുന്നു, അതിന്റേതായ സദ്ഫലങ്ങള്‍ പില്‍ക്കാലത്ത് അത്തരം രാജ്യങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നുമുണ്ട്. മൂന്നു വയസ്സിനും അഞ്ചു വയസ്സിനും ഇടയിലുള്ള പ്രായക്കാരാണല്ലോ പ്രീ-സ്‌കൂളിലേക്ക്, അതല്ലെങ്കില്‍ പ്രീ-പ്രൈമറി സ്‌കൂളിലേക്ക് കടന്നു വരുന്നത്. അക്ഷരങ്ങളുടെ പൊരുളറിയാനും ആശയങ്ങളുടെ വ്യാപ്തി കണ്ടെത്താനും മാത്രം വളര്‍ന്നെത്താത്ത ആ കൊച്ചു പ്രായക്കാര്‍ക്കു മുന്നില്‍ ജീവിത പരിസരവും സമൂഹവും ഒരു കൗതുകക്കാഴ്ച മാത്രമാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല. ഇഷ്ടം പോലെ കളിക്കാനും ഇഷ്ടമുള്ളതു ചെയ്യാനും ഇഷ്ടപ്പെട്ടവരുടെ കൂടെ കഴിയാനും തരപ്പെടുന്ന ഗൃഹാന്തരീക്ഷത്തില്‍നിന്നാണ് കുരുന്നുകള്‍ ഔപചാരിക വിദ്യാഭ്യാസം തുടങ്ങാന്‍ പ്രീ-സ്‌കൂളിലേക്കെത്തുന്നത്. കുട്ടികളുടെ രണ്ടാമത്തെ വീടാണ് സ്‌കൂള്‍ എന്ന പ്രസ്താവന വിദ്യാഭ്യാസ ചിന്തകന്മാര്‍ ആവര്‍ത്തിച്ചുരുവിട്ടുകൊണ്ടിരിക്കുന്നുണ്ടെങ്കിലും അത്തരമൊരു ഗൃഹാനുഭവമാണോ സ്‌കൂളുകളില്‍നിന്ന്, പ്രത്യേകിച്ച് പ്രീ-സ്‌കൂളുകളില്‍നിന്ന് കുട്ടികള്‍ക്ക് കിട്ടുന്നത് എന്ന കാര്യം ഗൗരവത്തോടെ നാം ചിന്തിക്കേണ്ടതുണ്ട്.

മസ്തിഷ്‌കം വികസിക്കാനും മസിലുകള്‍ ദൃഢീകരിക്കാനും ജ്ഞാനേന്ദ്രിയങ്ങള്‍ സക്രിയമാകാനും തുടങ്ങുന്ന കാലമാണ് കുട്ടികളുടെ പ്രീ-സ്‌കൂള്‍ പ്രായം. കൊച്ചു പ്രായത്തില്‍ ഇവ മൂന്നിന്റെയും ക്രമപ്രവൃദ്ധമായ വളര്‍ച്ചയും സമതുലിതമായ ഏകോപനവും പ്രാധാന്യമര്‍ഹിക്കുന്നതാണ്. ശാരീരികവും ബൗദ്ധികവും വൈകാരികവും സാമൂഹികവുമായ വളര്‍ച്ച ഉറപ്പാക്കുന്ന അനുഭവങ്ങള്‍ ഇക്കാലത്ത് കുട്ടികള്‍ക്കു കിട്ടിയിരിക്കണം. 'പ്രവര്‍ത്തിച്ചു പഠിക്കുക' എന്നതിനേക്കാള്‍ 'കളിച്ചുകൊണ്ട് പഠിക്കുക' എന്നതാണ് ഇവര്‍ക്കു അഭികാമ്യം. 'പഠിക്കുക' എന്നത് ബോധപൂര്‍വമുള്ള ഒരു പ്രക്രിയയാണ് എന്നതാണ് പ്രശ്‌നം. ആവശ്യമില്ലാത്തതും സ്ഥാനം തെറ്റിയതുമായ ഔപചാരികതകള്‍ ബോധപൂര്‍വമായ പ്രക്രിയകളില്‍ കടന്നുവരിക സ്വാഭാവികമാണ്. കുഞ്ഞുപ്രായക്കാരില്‍ അതു മാനസിക പിരിമുറുക്കവും ഉത്കണ്ഠയും ഭയപ്പാടും മടുപ്പുമെല്ലാം സൃഷ്ടിക്കുകയും സമഗ്രമായ അവരുടെ വളര്‍ച്ചാ വികാസത്തെ അതു തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് വിദ്യാഭ്യാസ മനശ്ശാസ്ത്ര വിദഗ്ധര്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച് സ്വാഭാവികമായി രൂപപ്പെടേണ്ട ചില ശേഷികള്‍ നന്നേ ചെറുപ്പത്തില്‍ കുഞ്ഞുങ്ങള്‍ പ്രകടിപ്പിക്കണം എന്ന വിദ്യാലയ നടത്തിപ്പുകാരുടെയും രക്ഷിതാക്കളുടെയും വാശിക്കും ശാഠ്യത്തിനും മുന്നില്‍ പ്രീ-സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നല്‍കേണ്ടിവരുന്ന വില ചെറുതല്ല. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന സാഹസമാണ് പ്രയോഗത്തില്‍ സംഭവിക്കുന്നത്. ലോകത്തെയും ജീവിത പരിസരത്തെയും സമഗ്രമായി കാണുന്ന കുട്ടികളെ പാഠ്യവിഷയങ്ങളെ ഉദ്ഗ്രഥിക്കേണ്ടതിനു പകരം വിഭാഗീകരിച്ചു പഠിപ്പിക്കുന്നത്, അര്‍ഥപൂര്‍ണവും ആസ്വാദ്യകരവുമായ അനുഭവങ്ങള്‍ പകര്‍ന്നുനല്‍കേണ്ട സ്ഥാനത്ത് കൃത്രിമവും യാന്ത്രികവുമായ പരിശീലനം നല്‍കുന്നത്, ചിന്തക്ക് ഉണര്‍വും മസിലുകള്‍ക്ക് ദൃഢതയും ജ്ഞാനേന്ദ്രിയങ്ങള്‍ക്ക് ക്ഷമതയും സൃഷ്ടിക്കുന്നതിനു പകരം ആവര്‍ത്തിച്ചുരുവിടുന്നതിനും മനഃപാഠമാക്കുന്നതിനും പ്രേരിപ്പിക്കുന്നത്, ആശയ രൂപീകരണത്തിനുതകുന്ന അവസരമൊരുക്കുന്നതിനു പകരം എഴുത്തിനും വായനക്കും പ്രാധാന്യം നല്‍കുന്നത് മിതമായി പറഞ്ഞാല്‍ ശിശുവിരുദ്ധതയാണ്.

 

പഠനത്തിന്റെ കളിരീതി

കുട്ടികളുടെ മലര്‍വാടി എന്ന വിവക്ഷയോടെ കിന്റര്‍ ഗാര്‍ട്ടന്‍ എന്ന ആശയം ലോകത്തിനു മുന്നില്‍ ആദ്യമായി മുന്നോട്ടുവെച്ചത് ജര്‍മന്‍ പെഡഗോഗും ചിന്തകനുമായ ഫ്രെഡറിക് ഫ്രോബലാണ് (1782-1852). പഠനത്തിന്റെ കളിരീതിശാസ്ത്രം ആദ്യമായി പരിചയപ്പെടുത്തിയതും ഫ്രോബല്‍ തന്നെ. ലോകത്തു വികസിച്ചു വന്ന പ്രീ-സ്‌കൂള്‍ ആശയത്തോട് യഥാര്‍ഥത്തില്‍ നാം കടപ്പെട്ടിരിക്കുന്നത് ഫ്രോബലിനോടാണ്. കുട്ടികളുടെ സര്‍വതോമുഖമായ വളര്‍ച്ചാ-വികാസത്തിനുതകുന്ന അനുഭവാധിഷ്ഠിത പരിസരം ഒരുക്കണമെന്നും കളിയും ഇന്ദ്രിയകേന്ദ്രിത പ്രവര്‍ത്തനങ്ങളും അതിനു സഹായിക്കുമെന്നും ഫ്രോബല്‍ അഭിപ്രായപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ (1907) ഇറ്റാലിയന്‍ ഭിഷഗ്വരയായ മരിയ മോണ്ടിസോറി ശിശുകേന്ദ്രിത പ്രീ-സ്‌കൂള്‍ ആശയം കൂടുതല്‍ ജനകീയമാക്കി. പ്രവര്‍ത്തിച്ചുകൊണ്ട് സ്വയം പഠിക്കാനും ഇന്ദ്രിയാനുഭവങ്ങളിലൂടെ ആശയങ്ങളും അറിവുകളും രൂപപ്പെടുത്താനും കുട്ടിയെ സഹായിക്കുന്ന മാര്‍ഗദര്‍ശിയായി അധ്യാപിക നിലകൊള്ളണമെന്നും മരിയ മോണ്ടിസോറി സിദ്ധാന്തിച്ചു. പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം എങ്ങനെയായിരിക്കണമെന്നതിന്റെ കൃത്യമായ രൂപം മരിയ മോണ്ടിസോറിയാണ് മുന്നോട്ടു വെച്ചത്. ശിശുസൗഹൃദപൂര്‍ണമായ പഠന പരിസരം, ഓരോ കുട്ടിക്കും പഠനാവസരം, ആവശ്യാനുസൃതം സമയലഭ്യത എന്നിവ പ്രത്യേകം പരിഗണിക്കപ്പെട്ടു. കുട്ടികളില്‍ ചെറുപ്പം മുതലേ ഏകാഗ്രത, അഭിപ്രേരണ, സ്വയം ശിക്ഷണം, പഠന പ്രിയത എന്നിവ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യങ്ങളും മോണ്ടിസോറി ഊന്നിപ്പറഞ്ഞു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തന്നെ ആദ്യ പാദത്തില്‍ ന്യൂയോര്‍ക്കുകാരിയായ ലൂസി സ്‌പ്രേഗ് മിച്ചല്‍ (Lucy Spreague Mitchell)  വികസിപ്പിച്ചെടുത്ത ആശയമാണ് ബാങ്ക് സ്ട്രീറ്റ് പ്രീ-സ്‌കൂള്‍. കുട്ടികളുടെ വൈകാരികവും ശാരീരികവും സാമൂഹികവും ബൗദ്ധികവുമായ വികാസമാണ് ലൂസി സ്‌പ്രേഗും മുന്നോട്ടു വെച്ചത്. 1919-ല്‍ ജര്‍മന്‍കാരനായ റുഡോള്‍ഫ് സ്റ്റയിനര്‍ രൂപം കൊടുത്തതാണ് വാല്‍ഡോര്‍ഫ് പ്രീ-സ്‌കൂള്‍ (Waldorf Pre School). കുട്ടികളുടെ ഭാവനക്കു മുന്തിയ പരിഗണന കൊടുക്കുകയും ഭാവനയെ ഉദ്ദീപിപ്പിച്ച് പഠനത്തെ എളുപ്പമാക്കുകയും ചെയ്യുന്ന രീതിയാണി

വിടെ പിന്തുടരുന്നത്. ജര്‍മനിയിലെ വാല്‍ഡോര്‍ഫ് അസ്റ്റോണിയ സിഗരറ്റ് കമ്പനിയുടെ മാനേജറായിരുന്ന എമില്‍ മൊള്‍ട്ട് (ഋാശഹ ങീഹ)േ തന്റെ തൊഴിലാളികളുടെ കുട്ടികളെ പകല്‍നേരങ്ങളില്‍ പാര്‍പ്പിക്കാനും പരിചരിക്കാനുമായി ഒരു കേന്ദ്രം തുടങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് റുഡോള്‍ഫ് സ്റ്റയിനര്‍ ഒരു പ്രീ-സ്‌കൂളിനെക്കുറിച്ച് ചിന്തിച്ചത്. ആ ചിന്തയാണ് പിന്നീട് വാല്‍ഡോര്‍ഫ് പ്രീ-സ്‌കൂളായി രൂപാന്തരപ്പട്ടത്. ഇന്ന് 67 രാജ്യങ്ങളിലായി 1225 വാല്‍ഡോര്‍ഫ് സ്‌കൂളുകളുണ്ട് എന്നു പറയപ്പെടുന്നു.

 

എന്തിനാണ് പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസം?

പ്രീ-സ്‌കൂള്‍ എന്ന ആശയം രൂപപ്പെട്ടുവന്ന ചരിത്രവും അതിന്റെ സൈദ്ധാന്തിക പശ്ചാത്തലവും വിശകലനം ചെയ്താല്‍ നമുക്ക് ബോധ്യമാവും പഠനപ്രക്രിയയല്ല അനുഭവ സമാര്‍ജനവും വ്യക്തിത്വ വികാസവും ആസ്വാദനവും വിനോദവുമൊക്കെയാണ് പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ കാതലായ ലക്ഷ്യങ്ങളെന്ന്.

ഔപചാരികമായ അധ്യാപനവും പഠനവും കൂടിച്ചേരുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന സങ്കീര്‍ണതകള്‍ കുഞ്ഞുപ്രായക്കാരില്‍ അസ്വസ്ഥതയും ഭയപ്പാടും വൈമുഖ്യവും വളര്‍ത്തുകയും പില്‍ക്കാലത്ത് ചടുലമായി നടക്കേണ്ട ബൗദ്ധിക പ്രക്രിയയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ചെയ്യും എന്നുള്ളതുകൊണ്ടാണ് കിന്റര്‍ ഗാര്‍ട്ടന്‍ പാഠ്യപദ്ധതി പാട്ടും നൃത്തവും കഥപറച്ചിലും കളിയും പ്രവര്‍ത്തനങ്ങളും അനുഭവങ്ങളുമൊക്കെയാകണമെന്നും വിദ്യാഭ്യാസ ചിന്തകന്മാര്‍ അഭിപ്രായപ്പെട്ടത്. വിദ്യാഭ്യാസം കമ്പോളവല്‍ക്കരിക്കപ്പെടുകയും വിദ്യാലയ നടത്തിപ്പിലും പാഠ്യപദ്ധതി നിര്‍വഹണത്തിലും കോര്‍പ്പറേറ്റുകള്‍ പിടിമുറുക്കുകയും ചെയ്തതോടെ പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസവും ഔപചാരികവല്‍ക്കരിക്കപ്പെടുകയാണുണ്ടായത്. പരസ്യത്തിലും യൂനിഫോമിലും സ്‌കൂള്‍ വാഹനത്തിലും പാഠപുസ്തകങ്ങളിലും ഫീസ് ഘടനയിലും വിദ്യാലയ നടത്തിപ്പിലും ഈ ഔപചാരികതകള്‍ ശക്തമായി പ്രതിഫലിക്കാന്‍ തുടങ്ങി. പാഠപുസ്തകങ്ങളുടെ നിര്‍മിതിപോലും അക്കാദമിക പണ്ഡിതന്മാരില്‍നിന്ന് പ്രഫഷനലുകളിലേക്കു വഴിമാറി. കുഞ്ഞുങ്ങളുടെ പ്രായത്തിനോ അഭിരുചിക്കോ പ്രകൃതത്തിനോ ഭിന്ന നിലവാരത്തിനോ പരിഗണന കൊടുക്കാതെ രക്ഷിതാക്കളുടെ ദൗര്‍ബല്യങ്ങളെ മുതലെടുത്ത് ലാഭം പെരുപ്പിക്കുന്നതില്‍ മത്സരിക്കാന്‍ തുടങ്ങി കോര്‍പ്പറേറ്റുകള്‍. രംഗം കൊഴുപ്പിക്കാന്‍ അധ്യാപക പരിശീലനം പോലും ചിലയിടങ്ങളില്‍ അവര്‍ ഏറ്റെടുത്തു. മുതിര്‍ന്ന മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനു നല്‍കേണ്ടതില്ലാത്ത കനത്ത ഫീസു പോലും ഇളയ മക്കള്‍ക്ക് പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസത്തിനു കൊടുക്കേണ്ട ഗതികേടും ചില രക്ഷിതാക്കള്‍ക്കുണ്ടായി.

ഇത്രത്തോളം സങ്കീര്‍ണവല്‍ക്കരിക്കേണ്ടതുണ്ടോ പ്രീ- സ്‌കൂള്‍ വിദ്യാഭ്യാസം എന്നതാണ് അടിസ്ഥാന പ്രശ്‌നം. ആഹ്ലാദകരവും അനുഭവവേദ്യവുമാകേണ്ട കുട്ടിക്കാലം നമ്മുടെ കുഞ്ഞുങ്ങളുടെ കഷ്ടകാലമായി മാറുന്നത് എന്തുകൊണ്ടാണ്?

ഭൂമുഖത്തുള്ള ലക്ഷക്കണക്കിന് ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും ദീര്‍ഘമായ കുട്ടിക്കാലമുള്ളത് മനുഷ്യനു മാത്രമാണ്. ഒരു കോഴിക്കുഞ്ഞ് മുട്ടയില്‍നിന്ന് വിരിഞ്ഞു പുറത്തു വന്നാല്‍ വളരെ വൈകാതെ ഓടി നടക്കാനും ചിക്കിച്ചികയാനും സ്വന്തം കാര്യം നോക്കാനും ആരംഭിക്കും. ഒരു പൂച്ചക്കുഞ്ഞോ പട്ടിക്കുഞ്ഞോ പശുക്കുട്ടിയോ ഏതുമാവട്ടെ പിറന്നു കഴിഞ്ഞാല്‍ കാലതാമസമില്ലാതെ എഴുന്നേറ്റു നില്‍ക്കാനും പാലു കുടിക്കാനും ഓടി നടക്കാനും പരസഹായമില്ലാതെ കാര്യങ്ങള്‍ നടത്താനും തുടങ്ങും. പക്ഷികളുടെയും മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയുമെല്ലാം അവസ്ഥ ഇതുതന്നെയാണ്. എന്നാല്‍ ഒരു മനുഷ്യ ശിശുവിന്റെ കാര്യം തികച്ചും വ്യത്യസ്തമാണ്. അമ്മ സഹായിച്ചാലല്ലാതെ മുലപ്പാലുപോലും കുടിക്കാനാവില്ല. മലര്‍ന്നു കിടന്നും ചരിഞ്ഞു കിടന്നും കമിഴ്ന്നു കിടന്നും പിന്നെ ഇഴഞ്ഞും അതു കഴിഞ്ഞ് മുട്ടുകാലില്‍ നിരങ്ങിയും ഇരുന്നും പിന്നീടു നിന്നും പരിശീലനം കിട്ടിയതിനു ശേഷമേ ഒരു മനുഷ്യ ശിശുവിനു നടക്കാന്‍ സാധിക്കൂ. സ്വന്തമായി ഭക്ഷണം കഴിച്ചു തുടങ്ങാനും കൈയും മുഖവും കഴുകാനും അംഗശുദ്ധി വരുത്താനും വസ്ത്രം ധരിക്കാനുമൊക്കെ കഴിയണമെങ്കില്‍ പിന്നെയും സമയമെടുക്കും. പ്രായാനുസൃതമായി സംഭവിക്കേണ്ട ക്രമപ്രവൃദ്ധമായ ശാരീരിക-മാനസിക-ബൗദ്ധിക വളര്‍ച്ചക്കനുസരിച്ചു മാത്രമേ ഏതൊരു കുട്ടിക്കും പരിപക്വതയിലെത്താനാവൂ. ഒരു വ്യക്തിയുടെ കുട്ടിക്കാലം പന്ത്രണ്ടു വയസ്സു വരെയാണെന്നും പതിനഞ്ചു വയസ്സാണെന്നും വരെ അഭിപ്രായങ്ങളുണ്ട്. എന്തിനാണ് പ്രകൃതി മനുഷ്യന് ഇത്ര ദീര്‍ഘമായ ഒരു ശൈശവ കാലം നിശ്ചയിച്ചിട്ടുണ്ടാവുക? ഒരു പക്ഷിയുടെയോ മൃഗത്തിന്റെയോ മത്സ്യത്തിന്റെയോ നിയോഗമല്ല ഭൂമിയില്‍ ഒരു മനുഷ്യനു ഏറ്റെടുക്കാനുള്ളത് എന്നതു തന്നെയാണ് കാരണം. ദൈവത്തിന്റെ ഇംഗിതത്തിനും പ്രകൃതിയുടെ തേട്ടത്തിനുമനുസൃതമായി ജീവിക്കുകയും അത്തരമൊരു ജീവിതം അന്വര്‍ഥമാക്കാന്‍ കഴിയുംവിധം ഭൂമിയെ സന്മാര്‍ഗയോഗ്യമാക്കുകയും ചെയ്യുക എന്നൊരു ദൗത്യം ഭാവിയില്‍ ഏറ്റെടുക്കേണ്ടതിന്റെ തയാറെടുപ്പാണ് കുട്ടിക്കാലത്ത് ഓരോ വ്യക്തിയിലും നടക്കേണ്ടത്. അതുകൊണ്ടാണ് ദീര്‍ഘമായൊരു കുട്ടിക്കാലം പ്രകൃതി മനുഷ്യര്‍ക്കു നല്‍കിയത്. പ്രസ്തുത ദൗത്യനിര്‍വഹണത്തിന് സഹായകമായ സ്വഭാവ നിര്‍മിതി, ശൈലീ രൂപവല്‍ക്കരണം, ശേഷീ പരിപോഷണം, വൈകാരിക പാകനം, വ്യക്തിത്വ വികാസം എന്നിവ കുട്ടിക്കാലത്ത് നടന്നിരിക്കേണ്ടതുണ്ട്.

 

കുട്ടികളുടെ പ്രകൃതം, പ്രത്യേകതകള്‍

കുട്ടിയുടെ പ്രകൃതവും പ്രത്യേകതകളും പരിഗണിക്കാത്ത സാമ്പ്രദായിക വിദ്യാഭ്യാസ രീതിയോടു കലഹിച്ച വിദ്യാഭ്യാസ ദാര്‍ശനികനാണ് രവീന്ദ്രനാഥ ടാഗോര്‍. ശിശു വിദ്യാഭ്യാസം ശിശുസൗഹൃദപൂര്‍ണമാകണമെന്നു വാദിച്ചുകൊണ്ടാണ് ടാഗോര്‍ 'ശാന്തിനികേതന്‍' എന്ന ആശയം മുന്നോട്ടുവെച്ചത്. തനിക്ക് അനുഭവിക്കേണ്ടിവന്ന പ്രാഥമിക വിദ്യാഭ്യാസ കാലത്തെ 'തടവറ'യിലെ ജീവിതമാണ് അതിന് നിമിത്തമായത്. പുറത്ത് പക്ഷികളുടെ സംഗീതം പരന്നൊഴുകുമ്പോള്‍ അതാസ്വദിക്കാനാകാതെ ക്ലാസ് മുറിക്കകത്ത് അധ്യാപകന്റെ വിരസമായ ശബ്ദം കേള്‍ക്കേണ്ടിവന്ന ദുരിതദിനങ്ങളെ ടാഗോര്‍ വേദനയോടെ അനുസ്മരിച്ചിട്ടുണ്ട്.

കുട്ടികളെ നാലു ചുമരുകള്‍ക്കുള്ളില്‍ അടക്കിയിരുത്തി പഠിപ്പിക്കുന്ന നടപ്പു വിദ്യാഭ്യാസ സമ്പ്രദായത്തിന് ഒരു തിരുത്തായിരുന്നു ടാഗോര്‍ വികസിപ്പിച്ച ശാന്തിനികേതന്‍. ആദ്യമാദ്യം കുട്ടികളെ ചേര്‍ക്കാന്‍ പോലും പലരും ധൈര്യം കാണിച്ചില്ല. ടാഗോറിന്റെ അടുത്ത സുഹൃത്തുക്കളും പരിചയക്കാരുമാണ് കുട്ടികളെ പറഞ്ഞയച്ചത്. 'മോഡേണ്‍ റിവ്യു' മാസികയുടെ എഡിറ്ററായിരുന്ന രമാനന്ദ ചാറ്റര്‍ജി ഒരിക്കല്‍ തന്റെ കുട്ടിയുടെ പഠനാവസ്ഥയറിയാന്‍ ടാഗോറിന്റെയടുത്തു വന്നൊരു സംഭവമുണ്ട്. അന്നേരം ടാഗോര്‍ ഒരു മരത്തിന്റെ ചുവട്ടിലിരിക്കുകയായിരുന്നു. ചുറ്റിലും പതിനഞ്ചു കുട്ടികളുമിരിക്കുന്നുണ്ട്. മേലോട്ടു നോക്കിയപ്പോള്‍ മാവിന്മേലിരിക്കുന്നു മറ്റു പതിനഞ്ചു കുട്ടികള്‍.

'എന്താണിത്, പഠനം മരത്തിന്മേലാണോ?'

ചാറ്റര്‍ജി വളരെ അത്ഭുതത്തോടെയാണ് ചോദിച്ചത്.

'അവരാണ് മിടുക്കന്മാര്‍. മാവിന്മേല്‍ മാങ്ങ പഴുത്തു സുഗന്ധം പരത്തുമ്പോള്‍ ആരെങ്കിലും അതു ഗൗനിക്കാതെ താഴെയിരിക്കുമോ? താഴെയിരിക്കുന്നവരല്ല, മേലെയിരിക്കുന്നവരാണ് ശരിയായ കുട്ടികള്‍.'

കുട്ടികളുടെ പ്രകൃതത്തെക്കുറിച്ച കൃത്യമായൊരു നിരീക്ഷണം ടാഗോറിന്റെ പ്രതികരണത്തിലുണ്ടായിരുന്നു. മുതിര്‍ന്നവരുടെ ശാഠ്യങ്ങള്‍ക്കല്ല, കുട്ടികളുടെ അഭിരുചികള്‍ക്കാണ് ചെറുപ്രായത്തില്‍ പ്രാധാന്യം നല്‍കേണ്ടത് എന്ന സന്ദേശവും ടാഗോര്‍ നല്‍കുന്നുണ്ട്.

പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസ നടത്തിപ്പിനു നാം പിന്തുടരുന്ന മാതൃകകള്‍ പലതിനും ദേശീയമോ പ്രാദേശികമോ ആയ സവിശേഷതകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എന്ന പൊരുത്തക്കേടും പരിശോധിക്കപ്പെടേണ്ടതുണ്ട്. കുട്ടികള്‍ ജനിച്ചു വളരുന്ന പരിസരം, പരിചിതമായ അനുഭവലോകം എന്നിവ പാഠ്യപദ്ധതിക്കകത്ത് ഇടം പിടിക്കേണ്ടതാണെങ്കിലും വൈദേശിക മാതൃകകളെ അനുഗമിക്കുന്നതിനാല്‍ അത്തരമൊരു സാധ്യതയും അടഞ്ഞുപോവുകയാണ്. കേരളത്തെ സംബന്ധിച്ചേടത്തോളം സമതല പ്രദേശങ്ങളിലും ഗിരിപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും വനമേഖലകളിലും താമസിച്ചുവരുന്ന കുട്ടികള്‍ക്ക് ഒരേ അനുഭവങ്ങളല്ലല്ലോ ഉള്ളത്. അവര്‍ക്ക് കിട്ടുന്ന വിദ്യാഭ്യാസ ഉള്ളടക്കം ഈ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നില്ല എന്നത് ചെറിയ പ്രശ്‌നമല്ല.

 

കുട്ടികളെ സ്‌നേഹിച്ച ദൈവദൂതന്‍

പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസത്തെ പ്രവാചക പാരമ്പര്യത്തോട് ചേര്‍ത്തു നിര്‍ത്തി സംസാരിക്കുന്നതും ഇത്തരുണത്തില്‍ പ്രസക്തമായിരിക്കും. നബിതിരുമേനിക്ക് കുട്ടികളോടുണ്ടായിരുന്ന സ്‌നേഹം ആരിലും മതിപ്പുളവാക്കുന്നതാണ്. കുട്ടികളൊടൊപ്പം കളിക്കുന്നതിനെയും കളികളിലേര്‍പ്പെട്ട കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനെയും ദൈവദൂതന്‍ ഇഷ്ടപ്പെട്ടു. നബിതിരുമേനിയുടെ നമസ്‌കാരപ്പായ ചില നേരങ്ങളില്‍ പേരക്കുട്ടികളായ ഹസന്റെയും ഹുസൈന്റെയും കളിസ്ഥലമായിരുന്നു. നമസ്‌കാരത്തിലെ ഇരുത്തത്തില്‍ അവര്‍ രണ്ടു പേരും പ്രവാചകന്റെ ചുമലില്‍ കയറിയിരുന്നതായും അവിടുന്ന് നിവര്‍ന്നെഴുന്നേറ്റു വരുമ്പോള്‍ ഇരുവരെയും താഴെയിറക്കി നിര്‍ത്തിയതായും ചരിത്രത്തില്‍ രേഖപ്പെട്ടുകിടപ്പുണ്ട്. പേരക്കുട്ടികളുടെ കളി ദൈവദൂതന്റെ നമസ്‌കാരത്തിന്റെ ഭക്തി ചോര്‍ത്തിക്കളയുകയോ ഏകാഗ്രത കെടുത്തിക്കളയുകയോ ചെയ്തില്ല.

ഒരു തരത്തിലുള്ള വിവേചനത്തിനും ഇടം കൊടുക്കാതെ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഒരു പോലെയാണ് ദൈവദൂതന്‍ സ്‌നേഹിച്ചത്. കുട്ടികളുടെ ചെറുപ്രായത്തെ അര്‍ഥപൂര്‍ണമായി സമീപിക്കാന്‍ മുതിര്‍ന്നവരെ ഉത്തരവാദപ്പെടുത്തുകയാണ് തിരുമേനി ചെയ്തത്. കുട്ടികളെ കുട്ടികളായിത്തന്നെ കാണുകയും അവരോട് ഇടപെടുകയും ചെയ്യണമെന്ന ഉദ്‌ബോധനവും ദൈവദൂതന്‍ നല്‍കി. 'കുട്ടികളെ നിങ്ങളുടെ സ്വഭാവത്തില്‍ തന്നെ വാര്‍ത്തെടുക്കാന്‍ നിങ്ങള്‍ ശാഠ്യം പിടിക്കരുത്. നിങ്ങളുടേതല്ലാത്ത ഒരു കാലത്ത് ജീവിക്കാനാണ് അവരുടെ നിയോഗം' എന്ന അലിയ്യുബ്‌നു അബീത്വാലിബിന്റെ പ്രസ്താവന ഇതോടൊപ്പം കൂട്ടി വായിക്കണം.

 

പ്രീ-സ്‌കൂളുകള്‍ ശിശുപക്ഷത്ത് നില്‍ക്കണം

കളിയും പാട്ടും വരയും പ്രവര്‍ത്തനങ്ങളുമെല്ലാം നമ്മുടെ പ്രീ-സ്‌കൂളുകളില്‍ പ്രധാന ഉള്ളടക്കമാണെങ്കിലും ഔപചാരികമായ പഠിപ്പിക്കലിനും പഠിക്കലിനും ഒട്ടും കുറവില്ല എന്നതാണ് സത്യം. ആവര്‍ത്തിച്ചുരുവിടലും മനഃപാഠമാക്കലും പകര്‍ന്നെഴുത്തും ഗൃഹപാഠവും ലളിതമായ കാര്യങ്ങളല്ലെന്നും മസ്തിഷ്‌കത്തിന് ഭാരവും മനസ്സിനു പിരിമുറുക്കവും സൃഷ്ടിക്കുന്ന പ്രക്രിയകളാണെന്നും പലരും മനസ്സിലാക്കുന്നില്ല. കുട്ടികള്‍ വായിക്കുന്നുണ്ടല്ലോ, എഴുതുന്നുണ്ടല്ലോ, മനഃപാഠമാക്കുന്നുണ്ടല്ലോ എന്നും മറ്റും ന്യായം പറഞ്ഞ് അഭിമാനിക്കുന്നതില്‍ അര്‍ഥമില്ല. ചിട്ടപ്പെടുത്തപ്പെട്ട ഒരു പരിസരത്ത് നിര്‍ത്തി തുടര്‍ച്ചയായി പരുവപ്പെടുത്തിയാല്‍ ഇതിനേക്കാള്‍ വലുത് കുരുന്നുപ്രായക്കാരില്‍നിന്ന് സംഭവിച്ചെന്നു വരാം. വളരാന്‍ തുടങ്ങുമ്പോഴേക്കും ചെടിയില്‍നിന്ന് മുഴുത്ത പഴം കിട്ടണമെന്നു വാശി പിടിച്ചാല്‍ എന്താവും അവസ്ഥ! ദൈവവും പ്രകൃതിയും നിശ്ചയിച്ചു കൊടുത്ത ദീര്‍ഘമായ കുട്ടിക്കാലം ആസ്വാദ്യകരമായ അനുഭവങ്ങള്‍ കൊണ്ട് സമ്പന്നമാകുമ്പോഴാണ് നമ്മുടെ പൊന്നോമനകളുടെ ഭാവി ശോഭനവും ദീപ്തവുമാവുക. അതുകൊണ്ട് മൂന്നിനും അഞ്ചിനുമിടക്ക് പ്രായമുള്ള കുട്ടികള്‍ക്കു വേണ്ടി നടത്തപ്പെടുന്ന വിദ്യാലയങ്ങള്‍ പേരില്‍ പ്രീ-സ്‌കൂള്‍/പ്രീ-പ്രൈമറി സ്‌കൂള്‍ എന്നാണെങ്കിലും പ്രയോഗത്തില്‍ പ്ലേ സ്‌കൂളുകള്‍ തന്നെയാകുന്നതാണ് ഉചിതം.

 

അവലംബം

1. Child Development - By Elizabeth. B. Hurlock

2. Introduction of Early Childhood Education - By Eva Essa

3. Key Concepts in Early Childhood Education and Care - By Cathy Nutbronn

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (3 - 7)
എ.വൈ.ആര്‍

ഹദീസ്‌

ഹൃദയസ്ഥൈര്യവും കര്‍മനൈരന്തര്യവും
കെ.സി സലീം കരിങ്ങനാട്