Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 10

3063

1439 ദുല്‍ഖഅദ് 27

'നാന്‍ പെറ്റ മകനേ...' ഇനിയൊരമ്മയും ഇങ്ങനെ വിലപിക്കാതിരിക്കട്ടെ

പി.എം സ്വാലിഹ്

മകന്റെ അപമൃത്യുവില്‍ വിലപിച്ചുകൊണ്ട്, 'നാന്‍ പെറ്റ മകനേ...' എന്ന് വിളിച്ച് ഇപ്പോഴും കേണുകൊണ്ടിരിക്കുകയാണ് ആ അമ്മ. മഹാരാജാസ് കോളേജില്‍ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാല്‍ കൊല ചെയ്യപ്പെട്ട അഭിമന്യുവിന്റെ വീട് കഴിഞ്ഞ ദിവസം ഞങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അഭിമന്യുവിന്റെ അമ്മയുടെ വിലാപം മനസ്സാക്ഷിയുള്ള ആര്‍ക്കും സഹിക്കാനാവുന്നതല്ല. കഴിഞ്ഞ നാലു മാസത്തിനിടയിലെ സമാനമായ രണ്ട് അനുഭവങ്ങളാണുായത്. 

സംഘ് പരിവാറുകാരനായ ശംഭുലാല്‍ മൃഗീയമായി കൊലചെയ്ത അഫ്രസുല്‍ ഖാന്റെയും, അട്ടപ്പാടി അഗളിയിലെ ആദിവാസി യുവാവ് മധുവിന്റെയും വീട് ഞങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഈ കൊലപാതകങ്ങളിലെല്ലാം യാദൃഛികമല്ലാത്ത പല സമാനതകളുമുണ്ട്. കൊല ചെയ്യപ്പെട്ട മൂന്നു പേരും പരമ ദരിദ്രരും സമൂഹത്തിന്റെ താഴെതട്ടിലുള്ള ആദിവാസി, ദലിത്, മുസ്ലിം പിന്നാക്ക വിഭാഗങ്ങളില്‍നിന്നുള്ളവരുമാണ്.  സ്വന്തമായി വീടില്ലാത്ത ഇവരുടെ കുടുംബം ഒറ്റമുറിയിലാണ് ഉണ്ടും ഉറങ്ങിയും കഴിയുന്നത്. ഇവരെ ആശ്രയിച്ചാണ് ഈ മൂന്ന് കുടുംബങ്ങളും ജീവിക്കുന്നതുതന്നെ. ഇവരില്ലാതായതോടെ ഈ കുടുംബങ്ങള്‍ക്ക് മുന്നോട്ടുള്ള വഴി കൊട്ടിയടക്കപ്പെട്ടിരിക്കുന്നു. എന്നാലും, അവര്‍ ഞങ്ങളെ സ്നേഹത്തോടെയാണ് സ്വീകരിച്ചത്. ഏറ്റവും വേണ്ടപ്പെട്ടവര്‍ നഷ്ടപ്പെട്ടിട്ടും അതിഥികളെപ്പോലെ അവര്‍ ഞങ്ങളെ സല്‍ക്കരിച്ചു. കൊല്‍ക്കത്തക്കടുത്ത് മാള്‍ഡയില്‍ വൈകീട്ട് ആറു മണിക്കെത്തേണ്ട ഞങ്ങള്‍ വളരെ വൈകി രാത്രി പതിനൊന്നു മണിക്കാണ് ആ ഗ്രാമത്തിലെത്തിയത്. അഫ്രസുല്‍ ഖാന്റെ ഗ്രാമം മുഴുവന്‍ ഞങ്ങള്‍ക്കു വേണ്ടി ഉറക്കമൊഴിച്ച് കാത്തിരിക്കുകയായിരുന്നു. വേണ്ടപ്പെട്ടവര്‍ കൊല ചെയ്യപ്പെട്ട കുടുംബങ്ങളെല്ലാം സമൂഹത്തോട് എത്ര ഉത്കൃഷ്ടമായാണ് പെരുമാറുന്നതെന്ന്, രക്തസാക്ഷികളെ വെച്ച് പാര്‍ട്ടി വളര്‍ത്തുന്നവര്‍ ഇനിയും വേണ്ടവിധം മനസ്സിലാക്കിയിട്ടില്ല. ഹിന്ദുത്വ ഫാഷിസവും മത-മതേതര ഭീകരവാദികളും കൊല ചെയ്യുന്നത് സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവരെയാണ്. പാര്‍ട്ടി രക്തസാക്ഷികള്‍ മുഴുവനും പിന്നാക്കക്കാരും ദലിത് ആദിവാസികളുമാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് വിശദീകരിക്കാന്‍ പാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്തമുണ്ട്. കൊല്ലാനും രക്തസാക്ഷികളാകാനും വേണ്ടി മാത്രം ഒരു വിഭാഗത്തെ ഒരുക്കിനിര്‍ത്തിയതുപോലെയാണ് രാജ്യത്ത് നടന്ന എല്ലാ ഹിംസകളുടെയും ഇരകളുടെ വംശവും ജാതിയും നമ്മെ ബോധ്യപ്പെടുത്തിത്തരുന്നത്. 

മഹാരാജാസ് കോളേജില്‍ അഭിമന്യു കൊല ചെയ്യപ്പെട്ടപ്പോള്‍, അതിനെ ഒരു പൊളിറ്റിക്കല്‍ വയലന്‍സായി നോക്കിക്കാണേണ്ടതിനു പകരം ആ ഹിംസയെ മതത്തിലേക്ക് ചേര്‍ത്തുവെക്കുകയായിരുന്നു ഇടതുപക്ഷവും കേരളത്തിലെ ലിബറലുകളും. ഹിംസയുടെയും വയലന്‍സിന്റെയും രാഷ്ട്രീയത്തെ വിചാരണ ചെയ്യാനും വിശകലനവിധേയമാക്കാനും ഭയക്കുന്നതിനാലാണ് ഈ അഭ്യാസം ഇടതുപക്ഷ മുന്‍കൈയാല്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. മുമ്പും ഇത് നടന്നിട്ടുണ്ട്. ഈ വിഷയം ചര്‍ച്ച ചെയ്താല്‍ അക്രമ രാഷ്ട്രീയത്തിലെ ഒന്നാം പ്രതി പൊതു സമൂഹത്തില്‍ സി.പി.എമ്മും കാമ്പസില്‍ എസ്.എഫ്.ഐയുമാണെന്ന് മനസ്സിലാവും. എസ്.എഫ്.ഐക്ക് മേല്‍ക്കൈയുള്ള കേരളത്തിലെ കാമ്പസുകളിലെ യൂനിയന്‍ ഓഫീസുകളില്‍ വന്‍ ആയുധ ശേഖരമാണുള്ളത്. അഭിമന്യുവിന്റെ മരണത്തിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ തത്സംബന്ധമായ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അക്രമ രാഷ്ട്രീയത്തിലെ ഹോള്‍സെയ്ല്‍ ഏജന്റും റോള്‍ മോഡലും സി.പി.എമ്മും എസ്.എഫ്.ഐയുമാണ്. ഇത് മറച്ചുവെക്കാനാണ് ചര്‍ച്ചയെ മത വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും വഴിതിരിച്ചുവിടുന്നത്. സാമൂഹിക ധ്രുവീകരണം സൃഷ്ടിക്കുകയും ഇസ്ലാമോഫോബിയ വളര്‍ത്തുകയുമാണ് ഇതുവഴി ഇടതുപക്ഷം ചെയ്യുന്നത്. 

ഒരു രാഷ്ട്രീയ കൊലപാതകത്തെ മതത്തോടും മത ഭീകരതയോടും ചേര്‍ത്തുവെക്കുക വഴി രക്ഷപ്പെട്ടുപോയത് സമൂഹത്തില്‍ ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന ഹിംസയുടെ രാഷ്ട്രീയമാണ്. ഹിംസയെ രാഷ്ട്രീയ പ്രവര്‍ത്തനമായി സ്വീകരിക്കുന്ന കാമ്പസ് ഫ്രണ്ടിന് മതവുമായി ബന്ധമില്ല. അവരും രാഷ്ട്രീയവും അതിന്റെ പ്രയോഗവും സ്വീകരിക്കുന്നത് ആര്‍.എസ്.എസ്സില്‍നിന്നും സി.പി.എമ്മില്‍നിന്നുമാണ്. ഇതാണ് ചര്‍ച്ച ചെയ്യേണ്ടത്. ഇതാണ് പരിഹരിക്കേണ്ടത്. 

ഈ സന്ദര്‍ഭത്തില്‍ നാം മനസ്സിലാക്കേണ്ട സുപ്രധാനമായ രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് നമ്മുടെ സാമൂഹിക ഘടനയുമായി ബന്ധപ്പെട്ടതാണ്. നമ്മുടെ സാമൂഹിക ഘടന മോഡേണിറ്റിയുടെ അഥവാ, ആധുനികതയുടെ ഉല്‍പന്നമാണ്. ആധുനികതയെ സംബന്ധിച്ച വിമര്‍ശനമാണ്, അതിന് പുറത്തു നില്‍ക്കുന്ന ചട്ടക്കൂടുകളെ, വൈവിധ്യങ്ങളെ മോഡേണിറ്റി നിരാകരിക്കുന്നു എന്നത്. വ്യത്യസ്തകളോട് ഭയം വെച്ചുപുലര്‍ത്തുകയും അതിനെ അപരവല്‍ക്കരിക്കുകയും ചെയ്യുന്ന വലിയ പരിമിതി മോഡേണിറ്റിയുടെ സഹജ പ്രകൃതമാണ്. മനുഷ്യ ചരിത്രത്തില്‍ രക്തച്ചൊരിച്ചിലുകളിലൂടെ ഹിംസയെ സ്ഥാപനവല്‍ക്കരിച്ചത് ആധുനികതയാണ്. കമ്യൂണിസവും ഫാഷിസവും സയണിസവും മോഡേണിറ്റിയുടെ ഉപോല്‍പന്നങ്ങളാണ്. അവ ഹിംസയെ സംഘടനാ സിസ്റ്റമായി വികസിപ്പിച്ചെടുത്തു. ആശയത്തിലും മുദ്രാവാക്യത്തിലും പ്രയോഗത്തിലും കമ്യൂണിസവും ഫാഷിസവും ഭിന്നമായിട്ടാണ് മുന്നോട്ടു പോകുന്നതെങ്കിലും എതിര്‍ശബ്ദങ്ങളോടും ഭിന്നാശയങ്ങളോടും ഇവ രണ്ടും പുലര്‍ത്തുന്ന സമീപനം സമാനമാകുന്നത് അതിനാലാണ്. ആധുനികതയുടെ അടിത്തറയില്‍ രൂപപ്പെട്ട ദേശരാഷ്ട്ര ഭരണകൂടങ്ങളിലും ഹിംസയുടെ അധികാരപ്രയോഗങ്ങളെ നമുക്ക് കാണാനാകും.

ഇന്ത്യന്‍ സാമൂഹിക ഘടനയുടെ സുപ്രധാന സവിശേഷത ബഹുസ്വരതയാണ് എന്നതാണ് രാമത്തെ കാര്യം. ഇന്ത്യയിലെ ബഹുസ്വരത കേവലമായ സിദ്ധാന്തങ്ങളിലൂടെയോ ആശയങ്ങളിലൂടെയോ ഉണ്ടായതല്ല. നൂറ്റാണ്ടുകളുടെ ചരിത്രാനുഭവങ്ങളില്‍നിന്ന് വെള്ളവും വളവും സ്വീകരിച്ച് രൂപപ്പെട്ട സാമൂഹിക പ്രതിഭാസമാണ്. നമ്മുടെ ഭരണഘടനയില്‍ ഇതിന്റെ ശക്തമായ സ്വാധീനം കാണാനാകും. ദേശീയ പ്രസ്ഥാനം ബഹുസ്വരതയുടെ മാതൃകയായിരുന്നു. ഭാഷ, വസ്ത്രം, ആചാരം, മതം, സംസ്‌കാരം തുടങ്ങിയ ബഹുസ്വരതകളെ സ്വാംശീകരിക്കാന്‍ ഇന്ത്യന്‍ ദേശീയതക്ക് സാധിച്ചു.

ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ട ജനാധിപത്യവും മതേതരത്വവും ദേശീയതയും വെസ്റ്റേണ്‍ ലിബറലിസത്തില്‍നിന്നും മോഡേണിറ്റിയില്‍നിന്നും കടം കൊണ്ടതല്ല. കാരണം, പടിഞ്ഞാറന്‍ മോഡേണിറ്റിക്ക് ബഹുസ്വരതയുടെ പാരമ്പര്യം തരിമ്പും ഇല്ല. ബഹുസ്വരതയുടെ അടിത്തറയില്‍ രൂപപ്പെട്ട ഒരു രാജ്യത്ത്, അതിന്റെ ദേശീയതക്ക് ഉള്ളില്‍ ഒരു ജനവിഭാഗവും വിവേചനവും നീതിനിഷേധവും അനുഭവിക്കാന്‍ പാടില്ലാത്തതാണ്. പിന്നെ എന്തുകൊണ്ട് ദലിതുകളും ആദിവാസികളും മുസ്ലിം ന്യൂനപക്ഷവും നീതിനിഷേധത്തിനും വിവേചനത്തിനും ഇരകളാകുന്നു? ഇതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ഭരണഘടനയുടെ അടിത്തറ പ്ലൂരലിസമാണെങ്കിലും ഭരണ നിര്‍വഹണ സംവിധാനങ്ങളെ ആവേശിച്ചതും സ്വാധീനിച്ചതും അതായിരുന്നില്ല. പടിഞ്ഞാറന്‍-ലിബറല്‍-മതേതര-ദേശീയതയുടെ ശക്തമായ സ്വാധീനം കൊണ്ടാണ് വിവേചന രാഷ്ട്രീയവും നീതി നിഷേധവും സംഭവിച്ചത്. രണ്ട്, ബ്രാഹ്മണിക്കല്‍ മൂല്യബോധത്തിന്റെ അടിസ്ഥാനത്തില്‍ ആര്യ വംശീയ മേല്‍ക്കോയ്മാ വാദത്തിന്റെ ബലത്തില്‍ ഹിന്ദുത്വ ഫാഷിസവും ആര്‍.എസ്.എസും ഇന്ത്യന്‍ ദേശീയതയെ പുനര്‍നിര്‍വചിച്ചതിന്റെയും പ്രയോഗവല്‍ക്കരിച്ചതിന്റെയും ഫലമായിട്ടാണ് ഇത് സംഭവിക്കുന്നത്. തല്‍ഫലമായി ഹിന്ദുത്വം രാജ്യത്തെ മുസ്ലിംകളെ അപരവല്‍ക്കരിക്കുകയും ക്രൂരമായി കൊന്നൊടുക്കുകയുമാണ്. അതിനു വേണ്ടി വ്യാപകമായ കാമ്പയിനുകള്‍ നടത്തുന്നു. ഈ ഭ്രാന്തന്‍ ദേശീയതയാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. 

ഹിന്ദുത്വ ഫാഷിസത്തിന്റെ രക്ത രഥയോട്ടമാണ് രാജ്യത്ത് നടക്കുന്നത്. ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകള്‍ മുതല്‍ ശക്തി പ്രാപിക്കുകയും ബാബരി ധ്വംസനം മുതല്‍ ഗുജറാത്ത് വംശഹത്യയിലൂടെ, ആള്‍ക്കൂട്ട കൊലപാതകങ്ങളിലേക്ക് വളര്‍ന്ന ഫാഷിസത്തിന്റെ രഥയോട്ടത്തിന് ശക്തി പകരുന്നതില്‍ നമ്മുടെ മതേതര പൊതു സമൂഹത്തിന് ചെറുതല്ലാത്ത പങ്കുണ്ട്. ഫാഷിസത്തിന്റെ ഇര മുസ്ലിംകളോ ദലിതുകളോ മാത്രമാണെന്നായിരുന്നു അവര്‍ കരുതിയത്. എന്നാല്‍ ഇന്ത്യയെ, ഭരണഘടനയെ, ഇന്ത്യന്‍ സാമൂഹിക ഘടനയെ, ജനാധിപത്യത്തെ, ദേശീയതയെ, സെക്യുലരിസത്തെ, ബഹുസ്വരതയെ എല്ലാം നശിപ്പിക്കുകയാണ് ഫാഷിസം ചെയ്യുന്നത്. പക്ഷേ, മതേതരര്‍ എന്ന് വിളിക്കപ്പെടുന്നവര്‍ ഇതിനോട് കുറ്റകരമായ മൗനമാണ് പുലര്‍ത്തുന്നത്. അതുകൊണ്ട് എന്തു സംഭവിച്ചു? സംഘ് പരിവാര്‍ ശക്തിപ്പെട്ടു. ഇരകള്‍, അപരത്വം കല്‍പ്പിക്കപ്പെട്ടവര്‍ പ്രതിരോധത്തിനും ചെറുത്തുനില്‍പ്പിനും പ്രതിഹിംസയും പ്രതിഭീകരതയുമാണ് വഴിയെന്ന് തെറ്റായി മനസ്സിലാക്കി. ഹിംസയെ പ്രതിഹിംസ കൊണ്ടും വര്‍ഗീയതയെ പ്രതിവര്‍ഗീയത കൊണ്ടും നേരിട്ടാല്‍ മാത്രമേ തങ്ങളുടെ ജീവനും അഭിമാനവും സംരക്ഷിക്കാനാകൂ എന്ന ലളിത യുക്തിയാണ് പ്രതിഹിംസാ വാദത്തിന്റെ രാഷ്ട്രീയാടിത്തറ. മുസ്ലിം പക്ഷത്തു നിന്ന് ഉയര്‍ന്നുവരുന്ന ഹിംസാത്മകമായ പ്രതിരോധങ്ങള്‍ ഖുര്‍ആന്‍, സുന്നത്ത് തുടങ്ങി ഇസ്ലാമിക പ്രമാണങ്ങള്‍ കൊണ്ട് സ്ഥാപിക്കുക വഴി ഉണ്ടാകുന്ന പ്രതിലോമപരമായ ഫലങ്ങളും ഈ സന്ദര്‍ഭത്തില്‍ അപഗ്രഥിക്കപ്പെടേണ്ടതുണ്ട്. രണ്ട് പ്രശ്നങ്ങളാണിതിനുള്ളത്. ലോക വ്യാപകമായി പടര്‍ന്നു പന്തലിക്കുന്ന ഇസ്ലാം-മുസ്ലിംവിരുദ്ധ പൊതുബോധത്തെ ഇത് ശക്തിപ്പെടുത്തുന്നു. ഇസ്ലാമിന്റെ പ്രബോധനപരമായ സാധ്യതകളെയും മുന്‍ഗണനകളെയും ഇത് തകിടംമറിക്കുന്നു. 

സംഘ് പരിവാര്‍ വര്‍ഗീയമാണെന്നത്, ആര്‍.എസ്.എസ് സായുധമാണെന്നത്, എസ്.എഫ്.ഐ ഭീകര പ്രവര്‍ത്തനം നടത്തുന്നു എന്നത് നാം വര്‍ഗീയവാദികളാകുന്നതിനോ സായുധരാകുന്നതിനോ ഭീകരപ്രവര്‍ത്തകരാകുന്നതിനോ ഉള്ള ന്യായീകരണമല്ല. മറിച്ച്, ഇവക്കെതിരായ സര്‍ഗാത്മകവും ജനാധിപത്യപരവുമായ പ്രതിരോധത്തിലാണ് നാം ശ്രദ്ധ പതിപ്പിക്കേണ്ടത്. ചരിത്രത്തില്‍ പ്രവാചകന്മാര്‍ നിര്‍വഹിച്ച ദൗത്യം അതായിരുന്നു. ഫാഷിസത്തിന്റെയും വംശീയ വാദത്തിന്റെയും ഉഗ്രരൂപം പൂണ്ട ഫറോവന്‍ - കോപ്റ്റിക് ഹിംസകളെ ഇല്ലായ്മ ചെയ്യാനും പീഡിത ഇസ്രാഈല്യരെ വിമോചിപ്പിക്കാനും നിയോഗിതനായ മൂസാ നബി അബദ്ധത്തില്‍ ചെയ്ത കൊലയെ സംബന്ധിച്ച് സ്വയം വിലയിരുത്തിയത് പൈശാചിക പ്രവര്‍ത്തനമെന്നായിരുന്നു; അക്രമവും പാപവുമെന്നായിരുന്നു. പീഡനത്തിനെതിരെ മുഹമ്മദ് നബി (സ) എപ്രകാരമായിരുന്നു പ്രതികരിച്ചിരുന്നത് എന്നതും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടതാണ്.

ഭീകരപ്രവര്‍ത്തനമോ അട്ടിമറിയോ സാമൂഹിക നിര്‍മിതിയില്‍ ഫലപ്രദമായ ഒരു സ്വാധീനവും ചെലുത്തുകയില്ല. സോളിഡാരിറ്റിക്ക് ഈ വിഷയത്തില്‍ കൃത്യമായ നിലപാടുണ്ട്. 'സാമൂഹിക മാറ്റത്തിന് ശ്രമിക്കേണ്ടത് എങ്ങനെ?' എന്ന ചോദ്യത്തോട് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപക നേതാവ് സയ്യിദ് മൗദൂദി പ്രതികരിച്ചത് ഇപ്രകാരമായിരുന്നു: ''അല്ലാഹുവിനെ സാക്ഷിനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ, ജമാഅത്തെ ഇസ്ലാമി ഏതെങ്കിലും വിധത്തിലുള്ള ഭീകരപ്രവര്‍ത്തനമോ അട്ടിമറിയോ ഒളിയുദ്ധമോ അതുപോലുള്ള നിയമവിരുദ്ധമാര്‍ഗങ്ങളോ സ്വീകരിച്ചുകൊണ്ട് തങ്ങളുടെ ലക്ഷ്യം നേടാന്‍ ഒരിക്കലും സന്നദ്ധമല്ല. ആരെയെങ്കിലും ഭയപ്പെടുന്നതുകൊണ്ടല്ല, അത് ജനാധിപത്യരീതി മാത്രം സ്വീകരിച്ചുകൊണ്ട് വിപ്ലവം സൃഷ്ടിച്ചെടുക്കാന്‍ തീരുമാനിച്ചത്....

''ഏതു സന്ദര്‍ഭത്തിലും നമ്മുടെ ഉദ്ദേശ്യശുദ്ധി പ്രകടിപ്പിക്കാന്‍ നമുക്ക് കഴിയും. നമ്മില്‍ നിയമലംഘനത്തിന്റെയോ ഭീകരപ്രവര്‍ത്തനത്തിന്റെയോ കുറ്റം ചുമത്താന്‍ ആര്‍ക്കും സാധ്യമല്ല. നാം കാംക്ഷിക്കുന്ന ഇസ്ലാമികവിപ്ലവം മനുഷ്യമനസ്സിലാണ് ആദ്യമായി അരങ്ങേറേണ്ടത്. മനുഷ്യന്റെ മനോവികാരങ്ങളെ പരിവര്‍ത്തിപ്പിക്കാതെ ഇസ്ലാമികവിപ്ലവം ഒരിക്കലും സാധിതമാവുകയില്ല. ഭൂമുഖത്തൊരിക്കലും സാധിച്ചിട്ടുമില്ല....

''മനുഷ്യമനസ്സിലെ ചിന്തകളെയും അവരുടെ സ്വഭാവശീലങ്ങളെയും മാറ്റാന്‍ കഴിയാതെ ശക്തിയും അധികാരവുമുപയോഗിച്ചോ ഭീകരപ്രവര്‍ത്തനതന്ത്രങ്ങളുപയോഗിച്ചോ മാറ്റം വരുത്താമെന്നു കരുതുന്നത് വിഫലമോഹം മാത്രമാണ്. അങ്ങനെയുണ്ടാക്കുന്ന വിപ്ലവങ്ങള്‍ക്ക് വേരുറപ്പുണ്ടാകില്ല. അതെളുപ്പം വിപരീതദിശ പ്രാപിക്കും. മറ്റൊരു വിപ്ലവത്തിന് ആ സ്ഥലം പാകപ്പെടുത്തുകയായിരിക്കും പരിണിതഫലം'' (ഉദ്ധരണം: ജമാഅത്തെ ഇസ്ലാമി, പ്രബോധനം അമ്പതാം വാര്‍ഷികപ്പതിപ്പ്, പേജ് 44). 

ഒരു ജനാധിപത്യ രാജ്യത്ത് ഹിംസയെ എങ്ങനെ അഭിമുഖീകരിക്കണം എന്ന വിഷയത്തില്‍ ഞങ്ങള്‍ക്കൊന്നേ പറയാനുള്ളൂ; എസ്.എഫ്.ഐയെ മറ്റൊരു എസ്.എഫ്.ഐ ആയിക്കൊണ്ടും ആര്‍.എസ്.എസിനെ മറ്റൊരു ആര്‍.എസ്.എസ് ആയിക്കൊണ്ടും നേരിട്ടുകളയാം എന്നത് അതിബുദ്ധിയാണ്, മൗഢ്യമാണ്. ആയുധത്തെ ആയുധം കൊണ്ട് നേരിട്ട് നമുക്ക് ഇവിടെ ഒന്നും സൃഷ്ടിക്കാന്‍ സാധിക്കില്ല. മര്‍ദിതനെ അത് കൂടുതല്‍ ദുര്‍ബലനാക്കും. മര്‍ദക വിഭാഗങ്ങള്‍ ഉണ്ടാക്കിയ ചട്ടക്കൂടിനുള്ളില്‍നിന്ന് പുറത്തു കടക്കാനാകാത്ത ചക്രവ്യൂഹത്തില്‍ അത് നമ്മെ ബന്ധിച്ചിടും.

സോളിഡാരിറ്റി ആയുധമെടുത്തിട്ടുണ്ട്, മഴുവെടുത്തിട്ടുണ്ട്, കല്ലും കട്ടയുമെടുത്തിട്ടുണ്ട്. പക്ഷേ അത് മനുഷ്യനെ തല്ലാനും കൊല്ലാനുമായിരുന്നില്ല. പാവപ്പെട്ടവര്‍ക്ക് ഭവനം പണിയാനായിരുന്നു, ദുരിതങ്ങളകറ്റാനായിരുന്നു. കലാലയങ്ങളില്‍ ഇടിമുറികളുണ്ടാക്കി സ്വന്തം പാര്‍ട്ടിപ്പേരും ചിഹ്നവും ദുര്‍ബലന്റെ മുതുകില്‍ ചാപ്പ കുത്തുന്ന അക്രമ രാഷ്ട്രീയത്തിന് കലാലയത്തിനകത്തും പുറത്തും കാവലിരിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പുനരാലോചനകള്‍ക്ക് മുന്നിട്ടിറങ്ങിയേ മതിയാകൂ.

കേരളം വലിയൊരവസരം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. അഭിമന്യുവിന്റെ മരണം താങ്ങാനാവാതെ 'നാന്‍ പെറ്റ മകനേ....' എന്ന് വട്ടവടയിലെ ആദിവാസി ഊരില്‍ തന്റെ ഒറ്റമുറിക്കുടിലില്‍നിന്ന് ഇപ്പോഴും ഉയര്‍ന്നു കേള്‍ക്കുന്ന ആ അമ്മയുടെ വിലാപം കേരളം പാഴാക്കിയിരിക്കുന്നു. കലാലയങ്ങളില്‍ കൊലക്കത്തിയുടെ രാഷ്ട്രീയം, ഹിംസയുടെ ഭ്രാന്ത് അവസാനിപ്പിക്കാനുള്ള അവസരമായിരുന്നു അത്. പക്ഷേ, കക്ഷിരാഷ്ട്രീയത്തിന്റെ തിമിരം ബാധിച്ചവര്‍ അഭിമന്യുവിന്റെ രക്തത്തോടൊപ്പം ആ അമ്മയുടെ കണ്ണുനീരും വില്‍ക്കുകയായിരുന്നു. ഈ കാപട്യത്തെയാണ് നാം വിചാരണ ചെയ്യേണ്ടത്. 'നാന്‍ പെറ്റ മകനേ...' എന്നിനി ഒരമ്മയും വിലപിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ കഴിയാത്തിടത്തോളം കാമ്പസിലും പുറത്തും ജനാധിപത്യം പൂത്തുല്ലസിക്കുകയില്ല.

 ('ഹിംസയുടെ രാഷ്ട്രീയത്തോട് ഇസ്‌ലാം പ്രതികരിക്കുന്നു' എന്ന തലക്കെട്ടില്‍ തിരൂരില്‍ സംഘടിപ്പിച്ച ബഹുജന സംഗമത്തില്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സ്വാലിഹ് ചെയ്ത പ്രഭാഷണം)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (3 - 7)
എ.വൈ.ആര്‍

ഹദീസ്‌

ഹൃദയസ്ഥൈര്യവും കര്‍മനൈരന്തര്യവും
കെ.സി സലീം കരിങ്ങനാട്