Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 10

3063

1439 ദുല്‍ഖഅദ് 27

ഇസ്രയേല്‍: ഹിംസയുടെ രാഷ്ട്രം മതവര്‍ണം അണിയുമ്പോള്‍

പി.കെ നിയാസ്

ഇസ്രയേലിനെ സമ്പൂര്‍ണ ജൂത രാഷ്ട്രമായി പ്രഖ്യാപിക്കുന്ന 'നാഷന്‍ സ്റ്റേറ്റ് ബില്‍' ജൂലൈ 19-ന് പുലര്‍ച്ചെ നിയമനിര്‍മാണ സഭ (നെസറ്റ്) പാസ്സാക്കിയത് ആഗോള തലത്തില്‍ വലിയ ചര്‍ച്ചാ വിഷയമാണിന്ന്. പൗരന്മാരെ മതത്തിന്റെ പേരില്‍ വിഭജിക്കുന്ന ഈ നിയമത്തെ 'അപ്പാര്‍ത്തീഡ് നിയമ'മെന്നാണ് വിളിക്കേണ്ടതെന്നും പരിഷ്‌കൃത ലോകത്തിന് അപമാനമാണിതെന്നും പ്രമുഖര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇസ്രയേല്‍ രാഷ്ട്രം എഴുപതാം വാര്‍ഷികം ആഘോഷിച്ച് അധികനാള്‍ കഴിയും മുമ്പ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിന് 62 വോട്ടിന്റെ പിന്തുണ മാത്രമാണ് ലഭിച്ചത്. 55 എം.പിമാര്‍ എതിര്‍ത്തു വോട്ടു ചെയ്തു. ബില്ല് ജനാധിപത്യവിരുദ്ധവും രാജ്യത്തെ മത ന്യൂനപക്ഷങ്ങളോട് വിവേചനം കാട്ടുന്നതും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമാണെന്ന തിരിച്ചറിവാണ് എതിര്‍ത്ത് വോട്ടുചെയ്യാന്‍ ഇവരെ പ്രേരിപ്പിച്ചത്. പ്രധാനമന്ത്രി നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയുടെ സ്ഥാപകനും മുന്‍ പ്രധാനമന്ത്രി മെനഹം ബെഗിന്റെ മകനുമായ ബെന്നി ബെഗിനും മറ്റൊരംഗവും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ലിക്കുഡ് നേതൃത്വത്തില്‍നിന്ന് താന്‍ ഇത്രത്തോളം പ്രതീക്ഷിച്ചില്ലെന്നും മനുഷ്യാവകാശ വിഷയങ്ങളില്‍നിന്ന് പാര്‍ട്ടി ബഹുദൂരം അകലുന്നുവെന്നതിന്റെ തെളിവാണിതെന്നും ബെന്നി തുറന്നടിക്കുകയുണ്ടായി. പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് കാബിനറ്റില്‍ നടന്ന ചര്‍ച്ചയില്‍ പോലും ബില്ലിനെ പൂര്‍ണമായും അംഗീകരിക്കാന്‍ മന്ത്രിമാര്‍ തയാറായിരുന്നില്ല. ഒടുവില്‍ വോട്ടിനിട്ടപ്പോള്‍ 14 പേര്‍ അനുകൂലിക്കുകയും ആറു പേര്‍ എതിര്‍ക്കുകയും ചെയ്തു.

ഇസ്രയേലിന്റെ സ്ഥാപകര്‍ വിഭാവനം ചെയ്ത ആശയങ്ങളില്‍നിന്നുള്ള പിന്മാറ്റമാണിതെന്നും ജനാധിപത്യത്തിനേല്‍ക്കുന്ന തിരിച്ചടിയാണിതെന്നും അമേരിക്കയില്‍ ജൂത സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന അമേരിക്കന്‍ ജ്യൂയിഷ് കമ്മിറ്റി പറയുന്നു. വിവാദ ബില്ലിനെ സംബന്ധിച്ച ചര്‍ച്ച നടക്കുമ്പോള്‍ 'ഈ രാജ്യം എല്ലാവരുടേതുമാണ്' എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി നെസറ്റിനു പുറത്ത് ഇസ്രയേലികള്‍ തന്നെ പ്രതിഷേധിക്കുന്നുണ്ടായിരുന്നു. 

നിയമം റദ്ദു ചെയ്യണമെന്നും ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നൂറുകണക്കിന് ഇസ്രയേലി എഴുത്തുകാരും കലാകാരന്മാരും ഒപ്പിട്ട കൂറ്റന്‍ നിവേദനം നെതന്യാഹുവിന് അയച്ചുകൊടുക്കുകയുണ്ടായി. ഇസ്രയേലിന്റെ അടിസ്ഥാന പ്രഖ്യാപനത്തിനു വിരുദ്ധമായി രാജ്യത്തെ ജൂതരാഷ്ട്രമായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച്  പ്രതിപക്ഷ സയണിസ്റ്റ് യൂനിയന്‍ പാര്‍ട്ടിയിലെ നെസറ്റ് അംഗം സുഹൈര്‍ ബഹ്‌ലൂല്‍ രാജിവെച്ചു. ഇസ്രയേലി പോലീസിലും സൈന്യത്തിലും പ്രാതിനിധ്യമുള്ള 1,30,000 വരുന്ന ദ്രൂസ് വിഭാഗവും പുതിയ നിയമത്തിനെതിരെ പ്രതിഷേധം ശക്തിപ്പെടുത്തിയിട്ടുണ്ട്. സൈന്യത്തിലെ ദ്രൂസ് വംശജനായ ക്യാപ്റ്റന്‍ അമീര്‍ ജമാലി നെതന്യാഹുവിന് തുറന്ന കത്തെഴുതിയാണ് തന്റെ രാജി പ്രഖ്യാപിച്ചത്. 'എന്തിനാണ് ഞാന്‍ ഇസ്രയേലി സൈന്യത്തെ സേവിക്കുന്നത്. ഞാന്‍ മാത്രമല്ല, എന്റെ പിതാവും രണ്ട് സഹോദരന്മാരും സൈനികരായിരുന്നു. ഒടുക്കം എന്താണ് എനിക്ക് കിട്ടുക, രണ്ടാം കിട പൗരനെന്ന പരിഗണനയല്ലേ?' കത്തില്‍ ജമാലി ചോദിക്കുന്നു. ഇസ്രയേല്‍ പൗരന്മാരായ അറബ് മുസ്‌ലിംകളെയോ ക്രിസ്ത്യാനികളെയോ പോലെയല്ല, ദ്രൂസുകള്‍ പൊതുവെ സയണിസ്റ്റ് രാഷ്ട്രവുമായി കൂടുതല്‍ അടുപ്പമുള്ളവരാണ്. അവരില്‍പെട്ട നിരവധി പേര്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്നു്. ദ്രൂസ് വിഭാഗത്തിന്റെ ആത്മീയ നേതാവ് ശൈഖ് മുവാഫഖ് താരിഫിനെയും സൈന്യത്തില്‍നിന്ന് വിരമിച്ച ഒരു ദ്രൂസ് ജനറലിനെയും നെസറ്റിലെ ദ്രൂസ് അംഗങ്ങളെയുമൊക്കെ നെതന്യാഹു നേരില്‍ കണ്ട് സമുദായത്തിന് പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്ന് ആശ്വസിപ്പിക്കുകയാണ്. ദ്രൂസ് വിഭാഗത്തിനുള്ള പ്രത്യേക പദവിക്ക് പുതിയ നിയമം ഒരു തരത്തിലും പ്രതിബന്ധമാകില്ലെന്നാണ് നെതന്യാഹുവിന്റെ വാദം.

ഇസ്രയേല്‍ ചരിത്രപരമായി ജൂതന്മാരുടെ ജന്മഭൂമിയാണെന്നും സ്വയംനിര്‍ണയാവകാശം ജൂതന്മാര്‍ക്ക് മാത്രം പരിമിതപ്പെടുമെന്നും പുതിയ നിയമം പറയുന്നു. നിലവില്‍ ഔദ്യോഗിക ഭാഷകളില്‍ ഇടമുണ്ടായിരുന്ന അറബിയെ ഒഴിവാക്കി ഹീബ്രുവിനെ മാത്രം ഔദ്യോഗിക ഭാഷയാക്കി. വന്‍ പ്രതിഷേധം ഭയന്ന് അറബിക്ക് 'പ്രത്യേക പദവി' നല്‍കിയിട്ടുണ്ട്. ജൂത മതവുമായി ബന്ധപ്പെട്ടവ ഇസ്രയേലിന്റെ ദേശീയ ചിഹ്നങ്ങളാക്കി. ജറൂസലം നഗരം വിഭജിക്കുന്ന പ്രശ്‌നമില്ലെന്നും അത് ഇസ്രയേലിന്റെ തലസ്ഥാനമായിരിക്കുമെന്നും ബില്‍ പ്രഖ്യാപിക്കുന്നു. 1967-ലെ യുദ്ധത്തില്‍ ജോര്‍ദാനില്‍നിന്ന് പിടിച്ചെടുക്കുകയും പിന്നീട് നിയമവിരുദ്ധമായി ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്ത കിഴക്കന്‍ ജറൂസലം ആസ്ഥാനമായി സ്വതന്ത്ര രാജ്യം സ്ഥാപിക്കാനുള്ള മോഹം അവസാനിപ്പിക്കാന്‍  ഫലസ്ത്വീനികളോട് പരസ്യമായി ആവശ്യപ്പെട്ടിരിക്കുകയാണ് ഇതിലൂടെ. ജറൂസലമിനെ ഇസ്രയേലിന്റെ ഭാഗമായി അംഗീകരിക്കാത്ത യു.എന്നിനോടുള്ള വെല്ലുവിളി കൂടിയാണിത്. 

1948-ലെ ഇസ്രയേല്‍ രാഷ്ട്ര സ്ഥാപന പ്രഖ്യാപനത്തില്‍ പറയുന്നു:

''...ജൂതന്മാര്‍ക്ക് കുടിയേറ്റത്തിനായി ഇസ്രയേലിന്റെ വാതിലുകള്‍ തുറന്നുകിടക്കും. രാജ്യത്തെ എല്ലാം വിഭാഗം ജനങ്ങള്‍ക്കും മതം, ജാതി, ലിംഗ വ്യത്യാസങ്ങളില്ലാതെ തുല്യനീതിയും സാമൂഹിക-രാഷ്ട്രീയ അവകാശങ്ങളും ഉറപ്പു നല്‍കുന്നതായിരിക്കും. എല്ലാവര്‍ക്കും അവരുടെ മത സ്വാതന്ത്ര്യം ഉറപ്പുവരുത്തും. അവരുടെ ഭാഷ, സംസ്‌കാരം എന്നിവ ഒരു പോറലുമേല്‍ക്കാതെ സംരക്ഷിക്കും. എല്ലാ മതവിഭാഗങ്ങളുടെയും പുണ്യ കേന്ദ്രങ്ങള്‍ക്കും സംരക്ഷണമുണ്ടാകും. ഐക്യരാഷ്ട്ര സഭയുടെ ചാര്‍ട്ടറിലെ തത്ത്വങ്ങള്‍ രാഷ്ട്രം മുറുകെ പിടിക്കുന്നതാണ്...''

എന്നാല്‍ ഇസ്രയേല്‍ രാജ്യം നിലവില്‍ വന്നതു മുതല്‍ എല്ലാ അര്‍ഥത്തിലും  മേല്‍ പ്രഖ്യാപനങ്ങള്‍ ഒന്നൊന്നായി കാറ്റില്‍ പറത്തുന്നതാണ് കണ്ടത്. എണ്‍പതു ലക്ഷത്തിലേറെ വരുന്ന ഇസ്രയേലി ജനസംഖ്യയില്‍ 18 ലക്ഷത്തിലേറെ (20 ശതമാനം) വരും അറബികള്‍. എന്നാല്‍, കാലങ്ങളായി അറബ് വംശജരെ രണ്ടാം തരക്കാരായാണ് സയണിസ്റ്റ് ഭരണകൂടങ്ങള്‍ പരിഗണിച്ചുപോന്നിരുന്നത്. ഇസ്രയേലി പൗരന്മാരായ ഫലസ്ത്വീനികളോടും അധിനിവേശ പ്രദേശങ്ങളിലെ ജനങ്ങളോടും വിവേചനം കാണിക്കുന്ന 65-ലേറെ നിയമങ്ങള്‍ കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടയില്‍ അവര്‍ ചുട്ടെടുത്തിട്ടുണ്ട് എന്നറിയുമ്പോഴാണ് സയണിസ്റ്റ് ഭരണത്തില്‍ ജൂതന്മാരല്ലാത്തവര്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനത്തിന്റെ വ്യാപ്തി ബോധ്യപ്പെടുക. മുസ്‌ലിംകളെ മാത്രമല്ല, ക്രിസ്ത്യാനികളെയും ദ്രൂസുകളെയും ബാധിക്കുന്നതാണ് പല നിയമങ്ങളും. മേല്‍പറഞ്ഞ നിയമങ്ങളില്‍ 57 എണ്ണവും ഇസ്രയേലിലെ ഫലസ്ത്വീന്‍ പൗരന്മാരെ ലക്ഷ്യമിടുന്നവയാണ്. നെസറ്റിലെ അറബ് എം.പിമാരെ നോക്കുകുത്തികളാക്കി കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ ഉണ്ടാക്കിയതാണ് അവയില്‍ മുപ്പത്തൊന്നും. 

ഇസ്രയേല്‍ നിലവില്‍വന്ന് രണ്ട് വര്‍ഷം പിന്നിടുമ്പോഴേക്ക് പാസ്സാക്കിയ 1950-ലെ 'ആബ്‌സന്റീസ് പ്രോപര്‍ട്ടീ ലോ' ജന്മനാട്ടില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട ഫലസ്ത്വീനികള്‍ക്ക് തങ്ങളുടെ ഭൂമിയും സ്വത്തുവകകളും നിഷേധിക്കുന്നതാണ്. 1960-ലെ 'ഇസ്രയേിലി ലാന്റ്‌സ് ലോ' ഭൂമി ലീസിന് എടുക്കുന്നതില്‍നിന്ന് ഫലസ്ത്വീനികളെ വിലക്കുന്നു. 2003-ല്‍ പാസ്സാക്കിയ നിയമം (Ban of Family Unification) ഇസ്രയേല്‍ പിറവിയോടെ വേര്‍പ്പെട്ട ഫലസ്ത്വീന്‍ കുടുംബങ്ങളുടെ കൂടിച്ചേരലിന് തുരങ്കം വെക്കുന്നു. ഇസ്രയേലിന്റെ പിറവി മഹാ ദുരന്തമായാണ് (നക്ബ) ഫലസ്ത്വീനികള്‍ വര്‍ഷംതോറും ആചരിച്ചുപോരുന്നത്. എന്നാല്‍ 2011-ലെ 'നക്ബ നിയമം' നക്ബദിന പ്രതിഷേധ പരിപാടികളില്‍നിന്ന് ഇസ്രയേലിലെ ഫലസ്ത്വീനികളെ വിലക്കുന്നു. നിയമലംഘകര്‍ക്ക് മാസങ്ങള്‍ നീളുന്ന തടവും പിഴയുമാണ് ശിക്ഷ. ഏറ്റവുമൊടുവില്‍, 2018-ല്‍ പാസ്സാക്കിയ 'ബ്രീച്ച് ഓഫ് ലോയല്‍റ്റി ലോ' ജറൂസലമിലെ ആയിരക്കണക്കിന് ഫലസ്ത്വീനികളെ പുറത്താക്കാനുള്ള വിവിധ വകുപ്പുകള്‍ ചേര്‍ത്ത് തയാറാക്കിയതാണ്. വിവേചനപൂര്‍ണമായ നിയമങ്ങളില്‍ ചിലത് മാത്രമാണിവ.

അറബികളായ പൗരന്മാരെ ഇസ്രയേലില്‍നിന്ന് പുറത്താക്കാന്‍ പല പദ്ധതികളും കാലങ്ങളായി ആവിഷ്‌കരിച്ചുവരികയാണ് ഇസ്രയേലിലെ തീവ്ര വലതുപക്ഷ ഗവണ്‍മെന്റുകള്‍. ചില ഇന്‍സെന്റീവുകള്‍ വാഗ്ദാനം ചെയ്ത് ഫലസ്ത്വീനികളായ പൗരന്മാരെ വെസ്റ്റ് ബാങ്കിലേക്കോ ഗസ്സയിലേക്കോ കയറ്റിയയക്കാനുള്ള പദ്ധതികള്‍ ഇപ്പോഴത്തെ പ്രതിരോധ മന്ത്രി ലിബര്‍മാന്‍ മുന്നോട്ടുവെച്ചിരുന്നു.

അറബ്-മുസ്‌ലിം രാജ്യങ്ങളുടെ എതിര്‍പ്പുകള്‍ക്കിടയില്‍ ഇസ്രയേലിനെ ഐക്യരാഷ്ട്ര സഭ 1947-ല്‍ അംഗീകരിച്ചെങ്കിലും ഇസ്‌ലാം, ക്രൈസ്തവ, ജൂത മതവിഭാഗങ്ങള്‍ പുണ്യം കല്‍പിക്കുന്ന ജറൂസലം നഗരം സൈനികമുക്ത മേഖലയായി നിലനിര്‍ത്താനാണ് യു.എന്‍ വിഭജന പദ്ധതി ശിപാര്‍ശ ചെയ്തത്. എന്നാല്‍ രാഷ്ട്ര പ്രഖ്യാപനത്തിനു പിന്നാലെ 1948-ല്‍ അറബ്- ഇസ്രയേല്‍ യുദ്ധം ഉണ്ടാവുകയും അന്താരാഷ്ട്ര തീരുമാനത്തിന് വിരുദ്ധമായി ജറൂസലം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ സയണിസ്റ്റുകള്‍ കൈയടക്കുകയും ചെയ്തു. ഇസ്രയേല്‍ പിടിച്ചെടുത്ത ഭാഗം വെസ്റ്റ് ജറൂസലം എന്നറിയപ്പെട്ടു. ഇവിടെ ജൂതന്മാരെ ധാരാളമായി താമസിപ്പിക്കുക മാത്രമല്ല, പടിഞ്ഞാറന്‍ ജറൂസലമിലെ അറബ് നിവാസികളെ നിര്‍ബന്ധപൂര്‍വം പുറത്താക്കുകയും ചെയ്തു ഇസ്രയേല്‍. 

അര നൂറ്റാണ്ടായി തുടരുന്ന ജറൂസലമിലെ അധിനിവേശം മുസ്‌ലിം രാജ്യങ്ങള്‍ മാത്രമല്ല, അന്താരാഷ്ട്ര സമൂഹവും അംഗീകരിച്ചിട്ടില്ല. ജറൂസലമില്‍നിന്ന് പിന്മാറാന്‍ 1967-ല്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി പാസ്സാക്കിയ 242-ാം നമ്പര്‍ പ്രമേയം ഇസ്രയേല്‍ പാലിച്ചില്ലെന്നു മാത്രമല്ല, മുസ്‌ലിം ലോകത്തിന്റെ പ്രതിഷേധങ്ങള്‍ വകവെയ്ക്കാതെ ജറൂസലം തലസ്ഥാനമായി പ്രഖ്യാപിച്ച് 1980-ല്‍ നിയമം പാസ്സാക്കി. പ്രസ്തുത നടപടി 478-ാം നമ്പര്‍ പ്രമേയത്തിലൂടെ നിയമവിരുദ്ധമാണെന്ന് യു.എന്‍ പ്രഖ്യാപിച്ചെങ്കിലും സയണിസ്റ്റ് ഭരണകൂടം വഴങ്ങിയില്ല. രക്ഷാസമിതി പ്രമേയങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ച ഇസ്രയേല്‍ ഭരണസിരാ കേന്ദ്രങ്ങള്‍ ജറൂസലമിലേക്ക് മാറ്റാന്‍ തുടങ്ങി. പാര്‍ലമെന്റ് (നെസറ്റ്) മന്ദിരവും പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും ഭവനവുമൊക്കെ അവിടെ പണിത് ജറൂസലം എക്കാലവും ജൂതരാഷ്ട്രത്തിന്റെ അവിഭാജ്യഘടകമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 1967-ലെ യുദ്ധത്തില്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍നിന്ന് ഇസ്രയേല്‍ പിന്മാറുകയും കിഴക്കന്‍ ജറൂസലം ആസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം രൂപംകൊള്ളുകയും ചെയ്യുന്ന ഒരു ദിനം ഫലസ്ത്വീനികള്‍ ഏറെക്കാലമായി സ്വപ്‌നം കാണുന്നു. എന്നാല്‍ ജറൂസലം ഇസ്രയേലിന്റെ അവിഭാജ്യ ഭാഗമാണെന്നും അതേക്കുറിച്ച ചര്‍ച്ച പോലുമില്ലെന്നുമാണ് സയണിസ്റ്റുകളുടെ നിലപാട്. ലോക നിയമങ്ങളെ വെല്ലുവിളിക്കുന്ന ഇസ്രയേലിന്റെ ധിക്കാരത്തിന് വെള്ളപൂശുകയാണ് ജറൂസലമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കുകയും അമേരിക്കന്‍ എംബസി തെല്‍ അവീവില്‍നിന്ന് അവിടേക്ക് മാറ്റുകയും വഴി ട്രംപ് ഭരണകൂടം ഈയിടെ ചെയ്തത്.

ഫലസ്ത്വീനികളെ ജന്മനാട്ടില്‍നിന്ന് പുറത്താക്കി 1948-ല്‍ ബലപ്രയോഗത്തിലൂടെ നിലവില്‍ വന്ന ഇസ്രയേല്‍ അതിന്റെ 'സ്വാതന്ത്ര്യ പ്രഖ്യാപന'ത്തെയാണ് പുതിയ നിയമത്തിലൂടെ റദ്ദു ചെയ്തിരിക്കുന്നത്. ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കുമെന്നും മതം, ജാതി, ലിംഗം എന്നിവക്ക് അതീതമായി തുല്യത ഉറപ്പുവരുത്തുമെന്നുമുള്ള പ്രസ്തുത പ്രഖ്യാപനം കാറ്റില്‍ പറത്തിയ നടപടിക്കെതിരെ ആദ്യം ശബ്ദിക്കേണ്ടത് ഇസ്രയേല്‍ പിറവിക്ക് പച്ചക്കൊടി കാട്ടിയ യു.എന്നും അതിനു പിന്തുണ നല്‍കിയ രാജ്യങ്ങളുമാണ്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഐക്യരാഷ്ട്ര സഭയോ ലോകത്തെ വന്‍ശക്തി രാഷ്ട്രങ്ങളോ ഇതിനെതിരെ പ്രതികരിച്ചിട്ടില്ല. ഫലസ്ത്വീന്‍ പ്രശ്‌നത്തിന്റെ ശാശ്വത പരിഹാരത്തിനായി ഇവരൊക്കെ നിരന്തരം ആവര്‍ത്തിക്കാറുള്ള ദ്വിരാഷ്ട്ര ഫോര്‍മുലയെ തല്ലിക്കെടുത്തുന്നതാണ് പുതിയ നിയമം എന്നറിഞ്ഞിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുള്ള മൗനം ക്രൂരവും ദുരൂഹവുമാണ്. 

മതത്തിന്റെ പേരില്‍ ഉദയം ചെയ്ത രാഷ്ട്രങ്ങളും, ബഹുഭൂരിപക്ഷം ജനങ്ങളും ഒരു മതത്തിന്റെ അനുയായികളായതിനാല്‍ ആ മതത്തിന്റെ അടിസ്ഥാനത്തില്‍ നിയമങ്ങള്‍ നിലനില്‍ക്കുന്നതുമായ രാഷ്ട്രങ്ങളും ലോകത്തുണ്ട്. എന്നാല്‍ അവിടങ്ങളിലൊന്നും ഇസ്രയേലിലേതു പോലെ ഒരു പ്രത്യേക മതത്തില്‍ വിശ്വസിക്കുന്നതിന്റെ പേരില്‍ പൗരാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങള്‍ കാണാനാവില്ല. മിഡിലീസ്റ്റിലെ ഏക ജനാധിപത്യ രാജ്യമെന്ന് വീമ്പു പറയുകയും വന്‍മതില്‍ പണിത് പൗരന്മാരെ വിഭജിക്കുകയും എല്ലാ മേഖലകളിലും ജൂതന്മാര്‍ക്ക് പ്രത്യേക പദവികള്‍ നല്‍കുകയും ചെയ്യുന്ന ഇസ്രയേലെന്ന അധിനിവേശ രാജ്യത്തിന്റെ പുതിയ നീക്കം അതിനാല്‍തന്നെ അപകടകരമാണ്. ഫലസ്ത്വീനികളെ സമ്പൂര്‍ണമായി പുറന്തള്ളാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണിത്. ഇതേ പാതയിലൂടെ സഞ്ചരിക്കാനാണ് ഇന്ത്യയിലെ വലതുപക്ഷ സംഘ്പരിവാരവും ശ്രമിക്കുന്നത്. നാല്‍പതു ലക്ഷത്തോളം പേര്‍ക്ക് പൗരത്വം പോലും നിഷേധിക്കാനുള്ള ശ്രമങ്ങള്‍ ഈ നീക്കങ്ങളുടെ ഒടുവിലത്തെ ഉദാഹരണം മാത്രം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (3 - 7)
എ.വൈ.ആര്‍

ഹദീസ്‌

ഹൃദയസ്ഥൈര്യവും കര്‍മനൈരന്തര്യവും
കെ.സി സലീം കരിങ്ങനാട്