പൗരത്വ കരടുരേഖ, കൂടുതല്‍ ജാഗ്രത വേണം
അസമില്‍ കരട് ദേശീയ പൗരത്വ പട്ടിക(എന്‍.ആര്‍.സി)യില്‍നിന്ന് പുറത്തായവര്‍ നാല്‍പ്പതു ലക്ഷത്തിലധികം. ഇത് രണ്ടാമത്തെ കരട് പൗരത്വ പട്ടികയാണ്. ഒന്നാമത്തെ കരടു പട്ടിക കഴിഞ്ഞ ജൂലൈയില്‍ സമര്‍പ്പിച്ചപ്പോള്‍ പത്തൊമ്പത് ദശലക്ഷം പേരില്‍ ഒന്നര ലക്ഷം പേര്‍ പട്ടികയില്‍ ഇടം കണ്ടെത്തിയില്ല. കരട് മാത്രമായതുകൊണ്ട് അന്നത് വലിയ തോതിലുള്ള ഒച്ചപ്പാടുകള്‍ ഉണ്ടാക്കിയില്ല. ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നതും കരട് മാത്രമാണെങ്കിലും വലിയ അപകട സൂചനകള്‍ അത് നല്‍കുന്നുണ്ട്. അതുകൊണ്ടാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിഷേധ ശബ്ദങ്ങളില്‍ മുങ്ങിപ്പോയത്. മമത ബാനര്‍ജിയെപ്പോലുള്ള നേതാക്കള്‍ ലക്ഷക്കണക്കിനാളുകളെ മാതൃരാജ്യമില്ലാത്ത അഭയാര്‍ഥികളാക്കുന്ന വിപല്‍ക്കരമായ ഈ ഭ്രാന്തന്‍ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുകള്‍ നല്‍കിക്കഴിഞ്ഞു. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാര്‍ലമെന്റില്‍ പറഞ്ഞത്, ഈ കരട് പ്രകാരം പൗരത്വമില്ലാതാകുന്നത് നാല്‍പ്പതു ലക്ഷം പേര്‍ക്കല്ല എന്നാണ്. കുട്ടികളെ കൂടി ഉള്‍പ്പെടുത്തിയാല്‍ പുറത്താകുന്നവരുടെ എണ്ണം ഒന്നരക്കോടിയാവും.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് സംഘ്പരിവാര്‍ കളി തുടങ്ങി എന്നാണ് മനസ്സിലാക്കേണ്ടത്. അഞ്ച് വര്‍ഷത്തെ ഭരണനേട്ടമായി ഒന്നും എടുത്തു പറയാനില്ലാത്ത ഒരു കക്ഷി പിന്നെ എന്തു ചെയ്യും, പതിവു പോലെ വര്‍ഗീയ കാര്‍ഡിറക്കുകയല്ലാതെ? ജി.എസ്.ടി അമ്പേ പരാജയം. നോട്ട് നിരോധം ഗ്രാമീണ മേഖലയുടെ നടുവൊടിച്ചു. കോര്‍പറേറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന തൊഴിലാളിവിരുദ്ധ കരിനിയമങ്ങള്‍ സ്വന്തം തൊഴിലാളി സംഘടനയുടെ എതിര്‍പ്പിനെ പോലും പുഛിച്ചുതള്ളി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. അനുദിനം കൂട്ടിക്കൊണ്ടേയിരിക്കുന്ന പെട്രോള്‍ വിലയും പെരുകുന്ന തൊഴിലില്ലായ്മയും ജനജീവിതം ദുസ്സഹമാക്കുന്നു. ഇതില്‍നിന്നൊക്കെ ജനശ്രദ്ധ തിരിച്ചുവിടാന്‍ വര്‍ഗീയ ധ്രുവീകരണമല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്നാവും ഭരണവര്‍ഗം ഒടുവിലെത്തിച്ചേര്‍ന്ന നിഗമനം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇങ്ങനെയൊന്ന് കുത്തിപ്പൊക്കിക്കൊണ്ടുവരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നതുമാണ്.
മുന്‍ രാഷ്ട്രപതി ഫഖ്‌റുദ്ദീന്‍ അലി അഹ്മദിന്റെ ബന്ധുക്കള്‍ക്കു വരെ പൗരത്വ പട്ടികയില്‍ ഇടം നേടാനായില്ല എന്നതില്‍നിന്ന് പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യമാകും. 1951-ലെ പൗരത്വ പട്ടികയില്‍ ഇടം പിടിച്ച പലരുടെയും പിന്മുറക്കാര്‍ കരടു പട്ടികക്ക് പുറത്താണെന്ന് 'ദ ഹിന്ദു' റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗാളി മുസ്‌ലിംകളെ കരുവാക്കിക്കൊണ്ടുള്ള വര്‍ഗീയ ധ്രുവീകരണത്തിനാണ് സംഘ്പരിവാര്‍ കോപ്പു കൂട്ടിയതെങ്കിലും ആദിവാസികളും ഭാഷാ ന്യൂനപക്ഷങ്ങളും ഉള്‍പ്പെടെ വലിയൊരു വിഭാഗം ഇതിന്റെ ഇരകളാകുമെന്നാണ് കരുതപ്പെടുന്നത്. നൂറ്റാണ്ടുകളായി ഈ വിഭാഗങ്ങള്‍ അവിടത്തെ താമസക്കാരാണെങ്കിലും അത് തെളിയിക്കുന്ന രേഖകള്‍ അവരുടെ കൈവശം ഉണ്ടാകണമെന്നില്ല. കരടു പട്ടകയില്‍നിന്ന് പുറത്തായ എല്ലാവര്‍ക്കും രേഖകള്‍ സമര്‍പ്പിക്കാനും തങ്ങളുടെ വാദമുഖങ്ങള്‍ അവതരിപ്പിക്കാനുമുള്ള അവസരം നല്‍കണമെന്ന സുപ്രീം കോടതിയുടെ ഇടപെടല്‍ വളരെ സന്ദര്‍ഭോചിതമായി. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ കുറേക്കൂടി ജാഗ്രത കാണിക്കേണ്ടിയിരിക്കുന്നു.
Comments