Prabodhanm Weekly

Pages

Search

2018 ആഗസ്റ്റ് 10

3063

1439 ദുല്‍ഖഅദ് 27

കുട്ടികളുടെ ഭാവിയില്‍ പിതാവിന്റെ സ്വാധീനം

ഇ.എന്‍ അസ്വീല്‍

സഈദുബ്നുല്‍ മുസയ്യബ് പ്രസിദ്ധ താബിഈ പണ്ഡിതനും ഹദീസ്  നിവേദകനുമാണ്. ഉമവീ ഖലീഫ അബ്ദുല്‍ മലികുബ്‌നു മര്‍വാന്‍, സഈദുബ്നുല്‍ മുസയ്യബിന്റെ   മകളെ തന്റെ മകന്‍ വലീദിനു വേണ്ടി വിവാഹമാലോചിച്ചു. അത് നിരസിച്ച സഈദ് തന്റെ മകളെ ദരിദ്രനായ ഒരു ശിഷ്യന് വിവാഹം ചെയ്തുകൊടുത്തു. അവള്‍ സുന്ദരിയും ഖുര്‍ആന്‍ മനഃപാഠമുള്ളവളും പ്രവാചകചര്യയെ കുറിച്ച് പരിജ്ഞാനമുള്ളവളും ആയിരുന്നു. ഇത് ഭര്‍ത്താവ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം  പിതാവിന്റെ  സദസ്സിലേക്ക് പോകാനൊരുങ്ങിയ പ്രിയതമനെ വിളിച്ച് അവര്‍ പറഞ്ഞു: ''എന്റെ പിതാവിനറിയുന്നതെല്ലാം അദ്ദേഹം എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഇനി ഞാന്‍ താങ്കളെ പഠിപ്പിക്കാം.''1 സഈദുബ്നുല്‍ മുസയ്യബ് തനിക്കറിയാവുന്ന എല്ലാ ഹദീസുകളും മകളെ പഠിപ്പിച്ചിരുന്നു. അലാഉദ്ദീന്‍ അല്‍ സമര്‍ഖന്ദ് ഹനഫീ മദ്ഹബിലെ പ്രമുഖ പണ്ഡിതനും തുഹ്ഫതുല്‍ ഫുഖഹാ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവുമാണ്. മകള്‍ ഫാത്വിമയെ തുഹ്ഫ പഠിപ്പിച്ചതും അദ്ദേഹമാണ്. ആ ഗ്രന്ഥം മുഴുവന്‍ അവര്‍ മനഃപാഠമാക്കി. സുന്ദരിയും കര്‍മശാസ്ത്ര പണ്ഡിതയുമായിരുന്ന അവളെ വിവാഹം ചെയ്യാന്‍ രാജകുമാരന്മാരും സമ്പന്ന യുവാക്കളും ആഗ്രഹിച്ചിരുന്നു. എന്നാല്‍ തുഹ്ഫതുല്‍ ഫുഖഹാക്ക് ബദാഇഉസ്സ്വനാഇഅ്  എന്ന പേരില്‍ വ്യാഖ്യാനമെഴുതിയ തന്റെ ശിഷ്യന്‍  ഇമാം കാസാനിക്കാണ് അദ്ദേഹം അവളെ വിവാഹം ചെയ്തു കൊടുത്തത്. ആ പുസ്തകമായിരുന്നു മഹ്ര്‍. ഇമാം കാസാനിയോട് ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ ആരെങ്കിലും ചോദിച്ചാല്‍ അദ്ദേഹം സദസ്സില്‍നിന്ന് എഴുന്നേറ്റു പോവുകയും അല്‍പ സമയത്തിനു ശേഷം തിരിച്ചുവന്ന് ഉത്തരം പറയുകയും ചെയ്യുമായിരുന്നു. ഭാര്യയോട് ചോദിച്ച് സംശയനിവൃത്തി വരുത്താനാണ് അദ്ദേഹം എഴുന്നേറ്റുപോയിരുന്നത്.2 

മുന്‍കാല പണ്ഡിതന്മാര്‍ തങ്ങളുടെ വിജ്ഞാനം മക്കള്‍ക്ക് പകര്‍ന്നുനല്‍കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കാലാന്തരത്തില്‍ പിതാവിന്റെ ജോലി ധനസമ്പാദനവും കുട്ടികള്‍ക്ക് ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കലും മാത്രമാണെന്ന് പലരും തെറ്റിദ്ധരിച്ചു. ഗൗരവക്കാരനായ ഒരു  അധികാരിയുടെ വേഷമാണ് പല ഗൃഹനാഥന്മാരും എടുത്തണിയുന്നത്. അങ്ങനെത്തന്നെയാണ് ആവേത് എന്നാണ് പൊതുവെ കരുതപ്പെടുന്നതും. കുട്ടികളുടെ ശിക്ഷണ-പഠന-മാനസികാരോഗ്യ രംഗങ്ങളില്‍ പിതാവിന് പ്രത്യേകിച്ച് ചുമതലകളൊന്നുമില്ല എന്ന് പല പുരുഷന്മാരും കരുതുന്നു. അത്തരം കാര്യങ്ങള്‍ ഭാര്യമാരെ ഏല്‍പ്പിക്കുകയാണ് പതിവ്. എന്നാല്‍ പിതാവാണ് കുട്ടിയുടെ റോള്‍ മോഡല്‍. അതിനാല്‍ തന്നെ കുടുംബത്തിലെ പിതാവിന്റെ ചുമതല സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റല്‍ മാത്രമായിപ്പോകരുത്. കുട്ടികളുടെ സ്വഭാവ രൂപവത്കരണത്തിലും അനൗപചാരിക വിദ്യാഭ്യാസത്തിലും വലിയ പങ്കു നിര്‍വഹിക്കാനു്. സ്‌കൂളിലും മദ്‌റസയിലും ചേര്‍ത്ത്  മാസാമാസം ഫീസ് അടച്ചാല്‍ തീരുന്നതല്ല മക്കളോടുള്ള ബാധ്യതകള്‍. 

കുടുംബഘടനയെക്കുറിച്ച് പഠനം നടത്തിയ മനശ്ശാസ്ത്രജ്ഞരും സാമൂഹിക ശാസ്ത്രജ്ഞരും കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയില്‍ പിതാവിനുള്ള പങ്ക് എടുത്തു പറയുന്നുണ്ട്. വിധവയായ മാതാവിന്റെ കൂടെ ജീവിക്കുന്ന മക്കള്‍, പിതാവിന്റെ തണലില്‍ കുടുംബമായി ജീവിക്കുന്ന മക്കളെ അപേക്ഷിച്ച് കൂടുതലായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി തെളിഞ്ഞിട്ടു്. കൗമാരത്തില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ഗര്‍ഭിണികളാവുന്നവരില്‍ (Teenage Pregnancy)  കൂടുതലും ഇത്തരക്കാരാണെന്ന് സാറാ മക്‌ലനഹാന്‍ അമേരിക്കയില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.3 കുട്ടികളുടെ കൂടെ കളിക്കുന്ന പിതാവ് അവരില്‍ സ്വതന്ത്രവും വ്യതിരിക്തവുമായ വ്യക്തിത്വം വാര്‍ത്തെടുക്കുന്നുവെന്നാണ് റോസ് പാര്‍കിയുടെ  പഠനം.4  ഈ സ്വാതന്ത്ര്യം പിന്നീട് കുട്ടിയുടെ വിദ്യാഭ്യാസ പുരോഗതിയിലും ജോലിയുടെ നിലവാരത്തിലും പ്രതിഫലിക്കുന്നുണ്ട്. ഡാനിയല്‍ പക്വിറ്റെ പറയുന്നത് പിതാവിന്റെ കൂടെ കളിക്കുന്ന കുട്ടികള്‍,  പിച്ചിയും അടിച്ചും കടിച്ചും ഒരാളെയും വേദനിപ്പിക്കരുത് എന്ന് പെട്ടെന്ന് തിരിച്ചറിയും എന്നാണ്.5 

മാതാവും പിതാവും മക്കളെ വളര്‍ത്തുന്ന ശൈലിയില്‍ വ്യത്യാസങ്ങളുണ്ട്. പിതാവ് കുട്ടികള്‍ക്ക്  സുരക്ഷയൊരുക്കി  റിസ്‌ക് എടുക്കാന്‍ പ്രേരണ നല്‍കുന്നു. ഇത് അപരിചിത സന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ എങ്ങനെ പെരുമാറണമെന്നും സ്വന്തം കാലില്‍ എങ്ങനെ നില്‍ക്കാമെന്നും അവരെ പരിശീലിപ്പിക്കുന്നു. മാതാപിതാക്കള്‍ മക്കളെ നീന്തല്‍ പഠിപ്പിക്കുമ്പോള്‍ പിതാവ് കുട്ടിയുടെ പിന്നിലും മാതാവ് മുന്നിലുമാണ് ഉാവുകയെന്ന്് സൂചിപ്പിക്കുന്ന പഠനങ്ങളുണ്ട് (The Swim Lesson Study)6. പിതാവിന്റെ കൂടെ പരിശീലിക്കുമ്പോള്‍ കുട്ടി തീര്‍ത്തും അപരിചിതമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കാന്‍ കൂടി പഠിക്കുന്നു. സ്വതന്ത്ര ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന ലിബറല്‍ രാജ്യങ്ങളില്‍ കൗമാര പ്രായത്തില്‍ വിവാഹത്തിനു മുമ്പ് തന്നെ കുട്ടികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാറുണ്ട്. പിതാവിന്റെ അഭാവമാണ് പെണ്‍കുട്ടികളുടെ വിവാഹപൂര്‍വ ഗര്‍ഭധാരണത്തിനു പ്രധാന കാരണമായി മനശ്ശാസ്ത്രജ്ഞനായ പാല്‍കൊവിട്‌സ് പറയുന്നത്. മക്കളുടെ ജീവിതത്തിലെ തെറ്റായ സ്വാധീനങ്ങളെ പിതാവിന്റെ സാന്നിധ്യം കൊുമാത്രം വലിയ അളവില്‍ തടയാന്‍ സാധിക്കും.

അമേരിക്കയിലെ വിര്‍ജീനിയ സര്‍വകലാശാലയിലെ സോഷ്യോളജി പ്രഫസറും ദേശീയ വൈവാഹിക പദ്ധതിയുടെ (National Marriage Project) അധ്യക്ഷനുമാണ് ബ്രാഡ്‌ഫോര്‍ഡ് വില്‍ കോക്‌സ്. വിവാഹം, കുടുംബം തുടങ്ങിയ വിഷയങ്ങളില്‍ വര്‍ഷങ്ങളായി ഗവേഷണം നടത്തുന്നു്  അദ്ദേഹം. ചെറുപ്പം മുതല്‍ കുട്ടികളോടുള്ള പിതാവിന്റെ പെരുമാറ്റം എങ്ങനെയാണ് അവരുടെ തുടര്‍ ജീവിതത്തെ സ്വാധീനിക്കുക എന്നതിനെ കുറിച്ചും അദ്ദേഹം പഠിച്ചിരുന്നു. കുട്ടികളുടെ ജീവിതത്തില്‍ പിതാവിന്റെ പങ്ക് വെളിപ്പെടുക  കൗമാര (Teenage) പ്രായത്തിലാണ് എന്നാണ് അദ്ദേഹം കണ്ടെത്തിയത്. ആ പ്രായത്തില്‍ കുട്ടിക്കുണ്ടാകുന്ന കുറ്റവാസന, വിഷാദരോഗം, പെണ്‍കുട്ടികളിലെ ഗര്‍ഭധാരണം എന്നിവക്കുള്ള പ്രധാന കാരണം പിതാവും കുട്ടിയുമായുള്ള  മാനസിക അകല്‍ച്ചയാണ്. പഠനത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ അദ്ദേഹം നാലായി തിരിച്ചു: പിതാവുമായി ഉത്തമബന്ധം കാത്തുസൂക്ഷിക്കുന്ന മക്കള്‍, കുഴപ്പമില്ലാത്ത രീതിയില്‍ പിതാവിനോട് ബന്ധം സൂക്ഷിക്കുന്ന മക്കള്‍, പിതാവിനോട് വലിയ ബന്ധമൊന്നും പുലര്‍ത്താത്ത മക്കള്‍, വിധവയായ മാതാവിന്റെ കൂടെ ജീവിക്കുന്ന മക്കള്‍. കുട്ടികളും പിതാവും തമ്മിലുള്ള ബന്ധത്തിന്റെ ഉഷ്മളത, ആശയ വിനിമയത്തില്‍ പിതാവിനുള്ള താല്‍പര്യം, പിതാവുമായുള്ള അടുപ്പത്തിന്റെ നിലവാരം തുടങ്ങിയവ കുട്ടികള്‍ എങ്ങനെ വിലയിരുത്തുന്നു എന്നു നോക്കിയാണ് അദ്ദേഹം അവരെ തരംതിരിച്ചത്. പിതാവുമായി വളരെ അടുത്തതോ സാമാന്യം ഭേദപ്പെട്ടതോ ആയ ബന്ധം പുലര്‍ത്തുന്ന മക്കളില്‍ സ്വഭാവദൂഷ്യവും മാനസിക പ്രശ്‌നങ്ങളും മറ്റുള്ളവരെ അപേക്ഷിച്ച് പകുതിക് കുറവാണെന്ന് അദ്ദേഹം പറയുന്നു. പിതാവുമായുള്ള ബന്ധം പെണ്‍കുട്ടികള്‍ക്കും വളരെ പ്രധാനമാണ്. 

ആണ്‍കുട്ടികളില്‍നിന്ന് വ്യത്യസ്തമായി പെണ്‍കുട്ടികള്‍ പിതാവിന്റെ തണലും അംഗീകാരവും പ്രോത്സാഹനവും പ്രത്യേകം ആഗ്രഹിക്കുന്നവരാണ്. പല രക്ഷിതാക്കള്‍ക്കും  ഇതിനെ കുറിച്ച് അറിയില്ല. അസാന്മാര്‍ഗികത നിര്‍ലജ്ജം വ്യാപിച്ചുകൊണ്ടിരിക്കുന്ന കാലത്ത് മക്കള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കേത് ആവശ്യമായി വന്നിരിക്കുന്നു. ഉത്തരവാദപ്പെട്ടവര്‍ ശ്രദ്ധിക്കാതിരുന്നാല്‍ മക്കള്‍ തെറ്റായ വഴികളിലൂടെ ഇതെല്ലം മനസ്സിലാക്കും. ഇസ്‌ലാം അനുശാസിക്കുന്ന രീതിയില്‍ സദാചാര-ലൈംഗിക ബോധം പകരാന്‍ പിതാവിന് സാധിക്കണം. എല്ലാ വീട്ടിലും ഇന്റര്‍നെറ്റ് കണക്ഷനും മക്കളുടെ കൈയില്‍ മൊബൈല്‍ ഫോണും ആയതോടെ തിന്മയിലേക്കെത്തിക്കുന്ന വാതിലുകള്‍ ഒരുപാടാണ്.

മതങ്ങളെ കുറിച്ച് പഠിക്കുന്ന സോഷ്യോളജിസ്റ്റുകള്‍ പറയുന്നത്, ലോകത്താകമാനം കുട്ടികള്‍ മാതാപിതാക്കളുടെ മതം കൈയൊഴിച്ച് പുതിയ സംസ്‌കാരത്തിലേക്ക് ചേക്കേറുകയാണെന്നാണ്. പിതാവ് ഒരുപാട് കാര്യങ്ങളില്‍ വ്യാപൃതനായി മക്കള്‍ക്ക് ശരിയായ ദീന്‍ പഠിപ്പിക്കാന്‍ മറന്നു പോയാല്‍, അടുത്ത തലമുറ ഇസ്‌ലാമില്‍നിന്ന് അകലും. ചില ആരാധനാ കര്‍മങ്ങള്‍ അനുഷ്ഠിക്കുക എന്നതിനപ്പുറത്ത് ഇസ്‌ലാം മുന്നോട്ടു വെക്കുന്ന യുക്തിയുടെ അടിസ്ഥാനത്തില്‍ ജീവിതത്തെ നോക്കിക്കാണാന്‍ കുട്ടികളെ പരിശീലിപ്പിക്കണം.

ആഹാരപദാര്‍ഥങ്ങളാണ് ശരീരത്തിന്റെ  ഭക്ഷണമെങ്കില്‍, കാഴ്ചയും കേള്‍വിയുമുള്‍പ്പെടെയുള്ള ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന അനുഭവങ്ങളാണ് ബുദ്ധിയുടെ ഭക്ഷണം. വിഷം കലര്‍ന്ന ആഹാരം ആമാശയത്തിലൂടെ രക്തത്തില്‍ കലര്‍ന്ന്  ശരീരം കേടു വരുത്തുന്ന പോലെ, തെറ്റായ അനുഭവങ്ങള്‍ കുട്ടികളുടെ ചിന്തകളെ ദുഷിപ്പിച്ച് സ്വഭാവത്തെ വികലമാക്കും. സാമൂഹിക മാധ്യമങ്ങളും വിനോദ, വാര്‍ത്താ വിതരണോപാധികളും നിരന്തരമായി കുട്ടികളുടെ കാഴ്ചയും കേള്‍വിയും മലീമസമാക്കിക്കൊണ്ടിരിക്കുമ്പോള്‍, അവരുടെ ചിന്തകളും മലിനമാവും. കൃത്യമായ ഇടവേളകളില്‍ തുടര്‍ച്ചയായി നല്ല ഉപദേശങ്ങള്‍ നല്‍കുക എന്നത് മാത്രമാണ് മറുമരുന്ന്. നമ്മുടെ കുട്ടികള്‍ സമൂഹത്തിലെ തിന്മകളില്‍നിന്ന് സ്വയമേവ പ്രതിരോധശേഷി നേടിയവരാണെന്ന് എങ്ങനെയാണ് നാം സമാധാനിക്കുക!

ഓരോ കാലഘട്ടത്തിനും അതിന്റേതായ വിഗ്രഹമുണ്ട്. പൂജിക്കപ്പെടുന്ന കേവലം ആരാധ്യവസ്തുവല്ല വിഗ്രഹം. നമ്മുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും അര്‍പ്പിക്കുന്ന ഓരോ വസ്തുവും നമ്മുടെ വിഗ്രഹമാണ്. നമ്മുടെ വിലപ്പെട്ട സമയം എന്തിനു വേണ്ടി ചെലവഴിക്കാന്‍ നമ്മള്‍ തയാറാവുന്നുവോ, അവയാണ് നമ്മുടെ വിഗ്രഹങ്ങള്‍. നമ്മുടെ ഹൃദയത്തില്‍ അല്ലാഹുവിനു മാത്രം നല്‍കേണ്ട സ്ഥാനം എന്തിനൊക്കെ നമ്മള്‍ വകവെച്ചു കൊടുക്കുന്നുവോ അവയെല്ലാം നമ്മുടെ വിഗ്രഹങ്ങളാണ്. നമ്മുടെ മൊബൈലും ടെക്‌നോളജിയും വിഗ്രഹങ്ങളായി മാറാം. പണമാവാം ചിലരുടെ വിഗ്രഹങ്ങള്‍. ചിലര്‍ വില കല്‍പ്പിക്കുന്നത് സൗന്ദര്യത്തിനാണ്. സ്വന്തം സൗന്ദര്യത്തെയും മറ്റുള്ളവരുടെ സൗന്ദര്യത്തെയുമാണ് അവര്‍ ആരാധിക്കുന്നത്. സുന്ദരികളും സുന്ദരന്മാരുമായ സിനിമാ നടീനടന്മാരാണ് അവരുടെ വിഗ്രഹങ്ങള്‍. മുതിര്‍ന്നവരിലെ ഇത്തരം സ്വഭാവങ്ങള്‍ കുട്ടികളില്‍ തെറ്റായ സ്വാധീനങ്ങള്‍ ചെലുത്തും. അങ്ങനെയാണവര്‍ പല കാര്യങ്ങള്‍ക്കും  അടിപ്പെടുന്നത്. മാതാപിതാക്കളാണ് മക്കളുടെ വിഗ്രഹങ്ങളെ നിശ്ചയിക്കുന്നത്. മൊബൈലും മറ്റും നല്‍കുമ്പോള്‍ തന്നെ, ശരിയായ രീതിയില്‍ അവയെ എങ്ങനെ ഉപയോഗിക്കണമെന്ന് മക്കളെ അഭ്യസിപ്പിക്കേണ്ടതുമുണ്ട്. സ്വന്തം ജീവിതത്തില്‍ മാതൃക കാണിച്ചു നടത്തുന്ന ഉപദേശങ്ങള്‍ക്കേ ഫലമുണ്ടാവൂ.

ഇത്രയും പറഞ്ഞത് മാതൃത്വത്തിന്റെ മഹത്വം വിലകുറച്ചു കാണാനല്ല. കുട്ടികളില്‍ മാതാവ് ചെലുത്തുന്ന സ്വാധീനം നിഷേധിക്കുകയുമല്ല. അപവാദങ്ങള്‍ ഉണ്ടാകാമെങ്കിലും പൊതുവില്‍ സ്ത്രീകള്‍ നല്ല മാതാക്കളും കുട്ടികളുടെ ഉത്തമ അധ്യാപികമാരുമാണ്. മാസങ്ങള്‍ നീളുന്ന ഗര്‍ഭധാരണവും രണ്ടു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന മുലയൂട്ടലും നൈസര്‍ഗികവും സ്വാഭാവികവുമാണ്. എന്നാല്‍, ലേബര്‍ മുറിക്കു പുറത്തെ സംഘര്‍ഷഭരിതമായ മണിക്കൂറുകള്‍ക്കൊടുവില്‍ കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ ഒരു ഞെട്ടലോടെ പിതാവാകുന്ന പുരുഷനെ സംബന്ധിച്ചേടത്തോളം അതത്ര സ്വാഭാവികമല്ല. ഒരു നല്ല പിതാവാകാന്‍ പരിശ്രമവും ശ്രദ്ധയും ആവശ്യമാണ്. ആവശ്യമുള്ളതും അല്ലാത്തതുമായ തിരക്കുകള്‍ക്കിടയില്‍ മക്കളോടുള്ള ബാധ്യതകള്‍ മറന്നുപോവാറുള്ളത് പിതാവാണ്. അതിനാല്‍ വികസിത രാജ്യങ്ങള്‍ പോലും പിതാവിന്റെ ചുമതലകളെ കുറിച്ച് പുരുഷന്മാരെ ഉദ്ബുദ്ധരാക്കാന്‍ പ്രത്യേക പരിശീലനങ്ങളും പരിപാടികളും നടത്തിവരികയാണ്. വളര്‍ന്നുവരുന്ന കുട്ടികളുടെ ഭാവി ശോഭനമാക്കാന്‍ പിതാവ് കൂടി ഉത്സാഹിക്കേണ്ടതുണ്ട്.

മക്കളെ വളര്‍ത്തുമ്പോള്‍ നമ്മുടെ പരിമിതികള്‍ അവരുടെ പരിമിതികളാണന്ന് ചിന്തിക്കരുത്. 'എന്റെകുട്ടിയല്ലേ? അവനു അത്രയൊക്കെയേ കഴിയൂ' എന്നു പറയരുത്. രാമേശ്വരത്തെ ഒരു പാരമ്പര്യ മുസ്‌ലിം കുടുംബത്തില്‍ ജനിച്ച എ.പി.ജെ അബ്ദുല്‍ കലാമിന് ലോകമറിയുന്ന ശാസ്ത്രജ്ഞനും, ഇന്ത്യയുടെ പ്രസിഡന്റും ആവാന്‍ സാധിച്ചതില്‍ ചെറുപ്പത്തില്‍ വളര്‍ത്തിയ പിതാവിന് പങ്കുണ്ട്. അദ്ദേഹമാണ് അബ്ദുല്‍ കലാമിന്റെ സ്വപ്‌നങ്ങള്‍ക്ക്  ചിറകു നല്‍കിയത്.  ജന്മനാടായ രാമേശ്വരം വിട്ട്, ജില്ലാ കേന്ദ്രമായ രാമനാഥപുരത്ത്   പോയി പഠിക്കാന്‍ അബ്ദുല്‍ കലാം പിതാവിനോട് സമ്മതം ചോദിച്ച സന്ദര്‍ഭം അനുസ്മരിക്കുന്നുണ്ട് അദ്ദേഹം തന്റെ ആത്മകഥയില്‍. ഉറക്കെ ചിന്തിക്കുന്നതുപോലെ പിതാവ് കലാമിനോട്  പറഞ്ഞു: ''അബ്ദുല്‍! വളരാന്‍ വേണ്ടി നിനക്ക് ദൂരെ പോകേണ്ടി വരുമെന്ന് എനിക്കറിയാം. ഒരു കൂട് പോലുമില്ലാതെ തികച്ചും ഏകാകിയായി കടല്‍പക്ഷി സൂര്യനു കുറുകെ പറക്കുന്നില്ലേ? ഉന്നതമായ അഭിലാഷങ്ങള്‍ കുടികൊള്ളുന്ന മേഖലയിലേക്കു പോകാനായി നിന്റെ സ്മരണകളുറങ്ങുന്ന ഭൂമിയോടുള്ള അഭിനിവേശത്തെ ഉപേക്ഷിക്കേണ്ടി വരും. ഞങ്ങളുടെ സ്‌നേഹം നിന്നെയിവിടെ തളച്ചിടുകയോ ഞങ്ങളുടെ ആവശ്യങ്ങള്‍ നിന്നെ പിടിച്ചു നിര്‍ത്തുകയോ ചെയ്യില്ല.'' മടിച്ചു നിന്ന മാതാവിനെ ആശ്വസിപ്പിക്കാനായി പിതാവ് ഖലീല്‍ ജിബ്രാന്റെ  വരികള്‍ ഉദ്ധരിച്ചു: ''നിന്റെ മക്കള്‍ നിന്റെ  മക്കളല്ല. ജീവിതത്തിന്റെ സ്വന്തം അഭിലാഷത്തിന്റെ പുത്രന്മാരും പുത്രികളുമാണവര്‍. അവര്‍ നിന്നിലൂടെ വളരുന്നു. എന്നാല്‍ നിന്നില്‍നിന്നല്ല. നിനക്ക് നിന്റെ  സ്‌നേഹം അവര്‍ക്കായി നല്‍കാം. പക്ഷേ നിന്റെ ചിന്തകള്‍ നല്‍കരുത്. എന്തെന്നാല്‍ അവര്‍ക്ക്  അവരുടേതായ ചിന്തകള്‍ ഉണ്ട്.''  അഭിലാഷങ്ങളുടെയും സ്വപ്‌നങ്ങളുടെയും ചിറകുകള്‍ വിരുത്തി പറക്കാന്‍ നമ്മുടെ മക്കളെ പരിശീലിപ്പിക്കുക. 

 

കുറിപ്പുകള്‍

1. അബൂനുഐം (ഹില്‍യത്തുല്‍ ഔലിയ 2/167168)

2. അബ്ദുല്‍ ഖാദര്‍ അല്‍ ഖുറൈശി (അല്‍ ജവാഹിറുല്‍ മുസിയ്യഹ് 414)

3. http://people.uncw.edu/kozloffm/fatherabsence.docx

4. Ross Parke(Fatherhood, Harvard University Press)

5.https://www.theatlantic.com/sexes/archive/2013/06/the-distinct-positive-impact-of-a-good-dad/276874/?utm_osurce=atlfb

6. https://www.childwelfare.gov/pubPDFs/fatherhood.pdf

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (3 - 7)
എ.വൈ.ആര്‍

ഹദീസ്‌

ഹൃദയസ്ഥൈര്യവും കര്‍മനൈരന്തര്യവും
കെ.സി സലീം കരിങ്ങനാട്