Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 29

3019

1439 മുഹര്‍റം 08

ആത്മാവ് തൊടാത്ത മതപ്രഭാഷണങ്ങള്‍

അബ്ദുസ്സമദ് അണ്ടത്തോട്

മതരംഗത്ത് ഏറ്റവും കൂടുതല്‍ പൊതു പ്രഭാഷണങ്ങള്‍ നടക്കുന്നത് മുസ്‌ലിം സമുദായത്തിലാണ്. ആ ഇനത്തില്‍ കൂടുതല്‍ പണം ചെലവഴിക്കുന്ന വിഭാഗവും മുസ്‌ലിംകള്‍ തന്നെ. പ്രഭാഷണം എന്നത് മതപ്രബോധനരംഗത്ത് അംഗീകരിക്കപ്പെട്ട രീതിയാണ്. നാമിന്നു കാണുന്ന രീതി പുതിയ സാങ്കേതിക വിദ്യകളുടെ വരവോടെയാണ് നിലവില്‍ വന്നത്. പ്രവാചകന്‍ ആളുകളെ ഒരുമിച്ചുകൂട്ടി സ്ഥിരമായി പ്രഭാഷണം നടത്തിയതായി കാണുന്നില്ല. ചില സമയങ്ങളില്‍ പ്രവാചകന്‍ പൊതുസമൂഹത്തോട് ആ രീതിയില്‍ സംസാരിച്ചതായി കാണുന്നു. പ്രവാചകന്റെ മരണം പോലുള്ള സന്ദര്‍ഭങ്ങളില്‍ അബൂബക്ര്‍ (റ) പൊതു ജനത്തോട് ആ രീതിയില്‍ സംസാരിച്ചിട്ടുണ്ടണ്ട്. എന്നല്ലാതെ മതപ്രബോധനം ഉന്നം വെച്ച് സ്ഥിരമായ പൊതു പ്രഭാഷണങ്ങള്‍ നാം കാണുന്നില്ല. പണ്ടു കാലം മുതല്‍ തന്നെ മതപഠനത്തിന് ക്ലാസ് രീതി അംഗീകരിക്കപ്പെട്ടിരുന്നു. ഇബ്‌നു അബ്ബാസി (റ)ന്റെ വീടിനു മുന്നില്‍ പഠിക്കാന്‍ വന്നിരുന്ന ആളുകളുടെ നീണ്ട നിര കാണാമായിരുന്നു എന്ന് ചരിത്രം പറയുന്നു. മദ്ഹബീ ഇമാമുകള്‍ നടത്തിയിരുന്ന പള്ളി ക്ലാസുകള്‍ പ്രസിദ്ധമാണ്. മക്ക, മദീന, കൂഫ, ദമസ്‌കസ്, ബഗ്ദാദ്, ഈജിപ്ത് പോലുള്ള സ്ഥലങ്ങളില്‍ ഒന്നാം നൂറ്റാണ്ടിലും രണ്ടാം നൂറ്റാണ്ടിലും ഇത്തരം പഠനരീതികള്‍ പ്രചാരം നേടിയിരുന്നു.

കേരളക്കരയില്‍ വളരെ മുമ്പു തന്നെ മതപ്രഭാഷണ രംഗം സജീവമാണ്. ഇന്ന് കാണുന്ന സാങ്കേതിക രീതികള്‍ നിലവില്‍ വരുന്നതിനു മുമ്പും കേരളത്തില്‍ മതപ്രഭാഷണങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. മതപ്രഭാഷണം അന്ന് രാത്രികളിലാണ് നടക്കാറ്. സാധാരണക്കാരന് മതം പഠിക്കാന്‍ അതു തന്നെയായിരുന്നു വഴി. പത്തൊമ്പതാം നൂറ്റാണ്ടില്‍ ആരംഭിച്ച കേരള മുസ്‌ലിം നവോത്ഥാനം അതിന്റെ പൂര്‍ണതയില്‍ എത്തുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ്. കേരള മുസ്‌ലിംകളില്‍ സംഘടനാ സംവിധാനം  വേരുപിടിച്ച ശേഷമാണ് പൊതു പ്രഭാഷണം ഇത്ര മാത്രം വ്യവസ്ഥാപിതമായത്.

മതപ്രബോധനം എന്നതിലപ്പുറം സംഘടനയാണ് പലപ്പോഴും പൊതു പ്രഭാഷണത്തില്‍ കടന്നുവരിക. സംഘടനയുടെ നയനിലപാടുകള്‍ ജനത്തെ അറിയിക്കുക, സംഘടനകള്‍ തമ്മിലുള്ള അഭിപ്രായാന്തരങ്ങള്‍ ചര്‍ച്ച ചെയ്യുക എന്നതില്‍ അധിക പൊതു പ്രഭാഷണങ്ങളും അവസാനിക്കുന്നു. ഇസ്‌ലാമിനെ കുറിച്ച് പൊതുവായ ചര്‍ച്ചകള്‍ തുലോം കുറവാണ്. പാതിരാ പ്രസംഗങ്ങളില്‍ കാര്യമായ വിഷയങ്ങള്‍ ഇസ്‌ലാമിലെ ആരാധനാ കാര്യങ്ങളായിരുന്നു. അതില്‍തന്നെ നമസ്‌കാരം, നോമ്പ് തുടങ്ങിയവയും. മാതാപിതാക്കള്‍ തുടങ്ങിയ വിഷയങ്ങളും വന്നുകൊണ്ടിരുന്നു. തെക്കന്‍ കേരളത്തില്‍ വടക്കന്‍ കേരളത്തെ അപേക്ഷിച്ച് മുസ്‌ലിം ജനസംഖ്യ കുറവായതിനാലും, അന്നത്തെ മതപഠന സമ്പ്രദായം വടക്കന്‍ കേരളത്തില്‍ പള്ളികളെ കേന്ദ്രീകരിച്ചായിരുന്നതിനാലും വടക്കന്‍ ജില്ലകളില്‍നിന്നുള്ള പ്രസംഗകരായിരുന്നു കൂടുതല്‍.

കുറഞ്ഞ വാക്കുകളില്‍ മറ്റുള്ളവരുടെ സമയം മെനക്കെടുത്താതെ ആശയങ്ങള്‍ അവതരിപ്പിക്കുന്ന സാമര്‍ഥ്യമാണ് പ്രഭാഷണകല. സംസാരത്തിലൂടെ മറ്റൊരാളുടെ ആത്മാവ് തൊടുക എന്നത് അത്ര അനായാസമല്ല. അതിന് നല്ല സിദ്ധിയും സാധനയും ആവശ്യമാണ്. പ്രസംഗ കലയുടെ ആത്മാവ് ഇതാണെങ്കിലും ചെറിയ വിഷയങ്ങളെ നീട്ടിയും പരത്തിയും ഈണത്തിലും പറയുക എന്നതാണ് മതപ്രസംഗത്തിലെ പൊതു രീതി. ദാവൂദ് നബിക്ക് നല്‍കിയ അനുഗ്രഹങ്ങളുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ സംസാരവും എടുത്തു പറയുന്നു. ഏത് വിഷയവും മനോഹരമായും എളുപ്പത്തിലും മനസ്സിലാക്കിക്കൊടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു എന്നതാണ് ആ വചനത്തിന്റെ വിശദീകരണമായി പറയപ്പെടുന്നത്. 'തീര്‍ച്ചയായും സംസാരത്തിന് മാസ്മരശക്തിയുണ്ട്' എന്ന നബിവചനവും പ്രസിദ്ധമാണ്. അത് സംസാരത്തെ പ്രശംസിച്ചു പറഞ്ഞതാണ് എന്നതാണ് പണ്ഡിതമതം. ജനത്തെ കൈയിലെടുക്കാന്‍ സംസാരത്തിന് കഴിയും എന്നതാണ് അതുകൊണ്ട് മനസ്സിലാക്കപ്പെടുന്നത്. 

പ്രത്യേക ശൈലിയില്‍ മറ്റുള്ളവരിലേക്ക് ആശയങ്ങള്‍ കൈമാറുന്ന കലയാണ് പ്രഭാഷണം. മതപ്രഭാഷണരംഗത്ത് ആ ശൈലികള്‍ പ്രസിദ്ധമാണ്. നീട്ടിയും പരത്തിയും ഗദ്യരൂപത്തിലാണ് പലപ്പോഴും അത് നടത്തപ്പെടുക. അനുവാചകലോകത്തെ ഒപ്പം കൊണ്ടുപോകാന്‍ അത് ഉപകരിക്കും. പാതിരാ പ്രസംഗങ്ങളില്‍ ചരിത്രസംഭവങ്ങള്‍ക്കായിരുന്നു കൂടുതല്‍ പ്രാമുഖ്യം. പല ഇസ്രാഈലീ  കഥകളും ശീഈ വിഭാഗങ്ങളില്‍ പ്രചാരത്തിലുള്ള കഥകളും ഇഷ്ടം പോലെ അന്ന് കേട്ടുകൊണ്ടിരുന്നു. ലേലം വിളിയും തൗബയും അന്നും പ്രസംഗങ്ങളുടെ അലങ്കാരമായിരുന്നു. അവസാന ദിവസം കൂട്ട തൗബയോടെയാണ് സമാപനം. കവര്‍ കൊടുത്തും ലേലങ്ങളിലൂടെയും വിഭവസമാഹരണം എന്നത് സ്ഥിരം വിഷയമായിരുന്നു. തൗഹീദ് പ്രഭാഷണം അധികവും വാദപ്രതിവാദ സദസ്സുകളില്‍ മാത്രമായി ചുരുങ്ങി. ദഅ്‌വാ മുഖമുള്ള പൊതു ഇസ്‌ലാമിക പ്രഭാഷണങ്ങളുടെ എണ്ണം വളരെ കുറവായിരുന്നു എന്നും പറയാം.

നമ്മുടെ കാലത്ത് മതപ്രഭാഷണം ഒരു കച്ചവടച്ചരക്കാണ്. ഒരു മാസം ഈ ഇനത്തില്‍ കേരളം പൊടിച്ചുകളയുന്നത് കോടികളാണ്. കേരളത്തിലെ പലമതപ്രസംഗകരും ഒരു ദിവസത്തെ കുറച്ചു മണിക്കൂറുകളുടെ പരിപാടിക്ക് വാങ്ങുന്നത് ലക്ഷങ്ങളാണ്. പഴയ കാലത്തില്‍നിന്നും വിഭിന്നമായി വിഷയങ്ങളില്‍ പുതുമ വരുന്നു. ആളുകളെ ആകര്‍ഷിക്കാനുള്ള  തലക്കെട്ടുകള്‍, പ്രഭാഷകരുടെ ഫ്‌ളക്‌സുകള്‍ എന്നിവ കൊണ്ട് വര്‍ണാഭമാണ് തെരുവുകള്‍. മറ്റൊരു പ്രത്യേകത ഇന്നത്തെ പേരുകേട്ട അധിക പ്രസംഗകരും തെക്കന്‍ ജില്ലകളില്‍നിന്നാണ് എന്നതാണ്. വടക്കന്‍ പ്രദേശത്തെ അപേക്ഷിച്ച് ഭാഷാശുദ്ധി തെക്കാണ് എന്നതാവാം ഒരു കാരണം. പല പ്രസംഗകരെയും ചുറ്റിപ്പറ്റി ഫാന്‍സ് വരെ രൂപപ്പെടുന്നു. സദസ്സില്‍ ഇത്ര ആളുണ്ടെങ്കിലേ അവര്‍ പ്രസംഗിക്കൂ. മൈക്കിന്റെ വോള്‍ട്ട്, സ്റ്റേജിന്റെ വലുപ്പം, ഹോട്ടല്‍ താമസത്തിനും യാത്രക്കും വേറെ പണം എന്നിങ്ങനെ പ്രസംഗിക്കാന്‍ വരണമെങ്കില്‍ ഉപാധികള്‍ പലതുണ്ട്. 

കൃത്യമായി പഠിക്കാതെ എന്തെങ്കിലുമൊക്കെ വിളിച്ചുപറയുക എന്നത് ഇവരില്‍ പലരുടെയും സ്വഭാവമാണ്. ശാസ്ത്രീയം എന്ന പേരില്‍ ഇവര്‍ പറഞ്ഞുപോയ അബദ്ധങ്ങള്‍ കേരളം ചര്‍ച്ച ചെയ്തതാണല്ലോ.

വേഗത്തില്‍ സംസാരിക്കുന്നവര്‍ പെട്ടെന്ന് വീഴുകയോ വഴുതിപ്പോവുകയോ ചെയ്യും. അവരെ ശത്രുക്കള്‍ക്ക് പിടികൂടാന്‍ എളുപ്പമാണ്. അതുകൊണ്ട് ഓരോ വാക്കും സൂക്ഷ്മതയോടെ, നിങ്ങളുടെ വില്‍പ്പത്രം തയാറാക്കുമ്പോഴെന്നതുപോലെ വേണം ഉപയോഗിക്കാനെന്നു പറഞ്ഞത് സ്പാനിഷ് ചിന്തകനായ ബല്‍ത്താസര്‍ ഗ്രാസിയനാണ്. അവിടെയാണ് പലപ്പോഴും പലര്‍ക്കും പിഴക്കുക. അടുത്തിടെ വന്ന നാക്കുപിഴകള്‍ ധാരാളം. തന്റെ മുന്നിലുള്ള ജനത്തെ കാണുമ്പോള്‍ എന്ത് പറയണം എന്ന് പ്രസംഗകര്‍ മറന്നുപോകുന്നു. അതി വൈകാരികത പലപ്പോഴും വഴിതെറ്റിക്കും. അണികളുടെ ആവേശത്തില്‍ എന്തും വിളിച്ചുപറയുന്നവര്‍ ഒടുവില്‍ എത്തിച്ചേരുക ഊരാക്കുടുക്കുകളിലും.

പ്രസംഗകരുടെ വാക്കുകള്‍ മറുവിഭാഗം ഉപയോഗപ്പെടുത്തുന്നതും സാധാരണയാണ്.  തന്റെ മുന്നിലുള്ള ജനത്തിന് ദീന്‍ പഠിപ്പിക്കുക എന്നതിലപ്പുറം സംഘടനയാണ് പലരുടെയും വിഷയം. മറ്റു ചിലരുടേത് ജനത്തിന്റെ കൈയില്‍നിന്ന് പണംതട്ടലും. പണ്ഡിതന്മാരിലും പുരോഹിതരിലും അധിക പേരും ജനത്തിന്റെ ധനം മോശമായ രീതിയില്‍ ഭക്ഷിക്കുന്നു എന്നത് ഖുര്‍ആന്‍ നല്‍കിയ മുന്നറിയിപ്പാണ്. 

ഓരോ ചടങ്ങിനും ഓരോ സ്വഭാവമുണ്ട്. ഓരോ സ്ഥലത്തിനും അതാവശ്യപ്പെടുന്ന ചില ഔചിത്യങ്ങളുണ്ട്. ഔചിത്യമില്ലായ്മയോളം വലിയ അശ്ലീലമില്ല. ഔചിത്യബോധം നഷ്ടമാകുന്നു എന്നതാണ് പലപ്പോഴും ഇത്തരം പ്രഭാഷകരില്‍ സംഭവിക്കുന്നത്. ഉള്ളി തൊലി പൊളിച്ച അവസ്ഥയാണ് പല പ്രസംഗങ്ങള്‍ക്കും. രാഗവും താളവും മാറ്റിവെച്ചാല്‍ എന്താണ് ഒരു പ്രസംഗത്തില്‍ ബാക്കിയാവുന്നത്? വിശ്വാസത്തിന്റെ ശരിയായ രൂപം ജീവിതത്തില്‍ കാണണം. ജീവിതത്തെ മാറ്റിയെടുക്കുന്നതില്‍ ഇത്തരം പ്രസംഗങ്ങളുടെ സ്വാധീനം എത്ര എന്നത് പഠനവിഷയമാണ്. സമുദായം ചെലവഴിക്കുന്ന കോടികള്‍ മഴവെള്ളം പോലെ ഒലിച്ചുപോകുന്നു. അതിന്റെ ഗുണം സമുദായത്തിനും സമൂഹത്തിനും ലഭിക്കുന്നുവോ എന്നതും പഠനവിഷയമാണ്. പലപ്പോഴും ഒരു മാമാങ്കം എന്നതിലപ്പുറം ഇത്തരം പരിപാടികള്‍ക്ക് വലിയ അര്‍ഥമൊന്നുമില്ല. പ്രസംഗകര്‍ക്കും സംഘാടകര്‍ക്കും ഒരു സാമ്പത്തിക മാര്‍ഗം എന്ന നേട്ടവുമുണ്ടണ്ട്.

ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന പ്രസംഗകന് മാസത്തില്‍ ഇരുപതു ദിവസവും തിരക്കാണ്. ആളുകള്‍ക്ക് വിഷയവും അവര്‍ തന്നെ നല്‍കും. നീട്ടിയും കുറുക്കിയും ഈണത്തിലും രാഗത്തിലും പാടിയും പറഞ്ഞും ജനത്തിന്റെ മടിയിലെ പണം അടിച്ചുമാറ്റുക എന്നതിലപ്പുറം മനസ്സിലേക്ക് ദീന്‍ കടക്കണം എന്നതില്‍ ജനത്തിനും പ്രസംഗകനും താല്‍പര്യമുണ്ട് എന്ന് തോന്നുന്നില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (227)
എ.വൈ.ആര്‍

ഹദീസ്‌

നിസ്സംഗത വെടിയുക
കെ.സി ജലീല്‍ പുളിക്കല്‍