Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 29

3019

1439 മുഹര്‍റം 08

പ്രഭാഷണം ഒരു കലയാണ് വൈകാരിക അപസ്മാരമാകരുത്

കെ.ഇ.എന്‍/ ജുമൈല്‍ കൊടിഞ്ഞി

ലോകത്തെ മുഴുവന്‍ മനുഷ്യരും പ്രഭാഷകരാണ്. മനുഷ്യര്‍ക്ക് തന്റെ അകത്തുതന്നെ ഒരു വീട് വെച്ച് അതിനകത്ത് ജീവിക്കാനാകില്ല. ഓരോ മനുഷ്യനും തന്നെതന്നെ നിരന്തരം പുറത്തേക്ക് തുറന്നുവെക്കാന്‍ നിര്‍ബന്ധിതനാണ്. അതോടൊപ്പം തന്നെ തന്റെ സ്വന്തം അകത്തെ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടതായി വരികയും ചെയ്യും. അങ്ങനെ നിരന്തരം സ്വയം അഭിമുഖീകരിക്കുകയും തന്നോടുതന്നെ സംസാരിക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും അനിവാര്യമായും തങ്ങളെ പുറത്തേക്ക് സ്വയംതന്നെ തുറക്കേണ്ടിവരും. അതോടെ മറ്റു മനുഷ്യരുമായി ആശയവിനിമയം നടത്താന്‍ അവര്‍ നിര്‍ബന്ധിതരായിത്തീരും. അതുകൊണ്ട് അടിസ്ഥാനപരമായി മനുഷ്യരൊക്കെ പ്രഭാഷകരാണ്. 

ഈയൊരു പ്രഭാഷണത്തിന് മൈക്കോ സദസ്സുപോലുമോ ആവശ്യമില്ല. സൂക്ഷ്മതലത്തില്‍ ഒരാള്‍ക്ക് സ്വയം തന്നെ സദസ്സും സമൂഹവുമാകാന്‍ സാധിക്കും. അപ്പോള്‍ ഒരാള്‍ തന്നോട് തന്നെ നടത്തുന്ന സംഭാഷണം അവരെ സ്വയം ഒരു സമൂഹമാക്കും. അതോടെ അവര്‍ സ്വയമൊരു പ്രഭാഷണ വേദിയായും സദസ്സായും മാറുന്നു.

ഒരു മനുഷ്യനും തന്നില്‍ തുടങ്ങി തന്നില്‍ അവസാനിക്കാനാവില്ല. തന്നില്‍ തുടങ്ങുക എന്ന് പറഞ്ഞാല്‍ തന്നെ പുറത്തു കടക്കുകയെന്നാണ് അര്‍ഥം. പുറത്തേക്ക് കടക്കുന്നത് ഒരു അനിവാര്യതയായി തീരുന്നത് സ്വയം അഭിമുഖീകരിക്കുന്നതിനാലാണ്. പലരും കരുതുന്നതുപോലെ ഉള്ളിലേക്ക് ഒതുങ്ങലോ പുറത്തുകടക്കലോ ഒരു രക്ഷപ്പെടലല്ല. കാരണം ഒരാള്‍ക്കും തന്നില്‍നിന്ന് രക്ഷപ്പെടാനാവില്ലല്ലോ. മനുഷ്യന്റെ ശരീരവും മനസ്സും മസ്തിഷ്‌കവും പ്രത്യക്ഷ-പരോക്ഷ-സാങ്കല്‍പിക ബന്ധങ്ങളിലാണുള്ളത്. ഇതില്‍നിന്നുണ്ടാകുന്ന ഒരാവിഷ്‌കാരമാണ് പ്രഭാഷണം. പ്രത്യക്ഷബന്ധമെന്ന് പറയുന്നത്, നമുക്കെല്ലാം അറിയുന്നതുപോലെയുള്ള ഒരുമിച്ചുകൂടലാണ്. നേരിട്ടുള്ള ഒരു ബന്ധമാണത്. എന്നാല്‍ പരോക്ഷബന്ധം ഒന്നിച്ചു ചേരലിന് പകരം സ്മരണയുടെ ഹൃദ്യമായ പ്രയോഗമാണ്. അത് ഒരര്‍ഥത്തില്‍ ബന്ധങ്ങളുടെ ലോകത്തെയാകെ വിപുലവും വിസ്തൃതവുമാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ സാങ്കല്‍പ്പികബന്ധം എന്നത് ഒരു സര്‍ഗാത്മക ആവിഷ്‌കാരമാണ്. സ്മരണയും സ്വപ്‌നവും സൃഷ്ടിപരതയും സമന്വയിക്കുമ്പോള്‍ മാത്രം സാധ്യമാകുന്ന മനുഷ്യ-പ്രകൃതി ബന്ധത്തിന്റെയും മനുഷ്യ-മനുഷ്യ ബന്ധത്തിന്റെയും, സ്വയം കുഴിച്ചെത്തുന്ന ആത്മബന്ധത്തിന്റെയും സങ്കീര്‍ണ ലോകമാണത്.

ഏറ്റവും ആദിമമായുള്ളൊരു ആവിഷ്‌കാരരൂപമാണ് പ്രഭാഷണമെന്ന് പറയാനാകും. ഭാഷ രൂപപ്പെടുന്നതിനു മുമ്പ് മനുഷ്യര്‍ എങ്ങനെയായിരിക്കും ആവിഷ്‌കാരങ്ങള്‍ നടത്തിയിരുന്നത്? കാരണം ആവിഷ്‌കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മാധ്യമമാണ് ഭാഷ. പ്രഭാഷണമാകട്ടെ ഭാഷയുടെ സമുദ്രത്തിലുള്ളൊരു നീന്തലാണ്. ഒരു മികച്ച പ്രഭാഷകന്‍ ഭാഷയുടെ കടലില്‍ കുളിക്കുകയാണ്. അവര്‍ക്ക് ഭാഷയെന്നത് ആശയങ്ങളവതരിപ്പിക്കാനുള്ള ഒരു ഉപാധിയും ഉപകരണവുമല്ല. മറിച്ച്, അവര്‍ക്കത് നീന്തിത്തുടിക്കാനും മുങ്ങിക്കുളിക്കാനും കോരിത്തരിക്കാനും ഇതൊക്കെ ആവിഷ്‌കരിക്കാനുമൊക്കെയുള്ള തങ്ങളുടെ തന്നെ മറ്റൊരു സാംസ്‌കാരിക അസ്തിത്വമാണ്. അതുകൊണ്ട് ഭാഷയില്ലാത്ത കാലത്ത് എങ്ങനെ പ്രഭാഷണം നടത്താന്‍ സാധിച്ചു എന്നതൊരു ചോദ്യമാണ്. 

ഭാഷയില്ലാത്ത കാലത്തും മനുഷ്യര്‍ പരിമിതമായ തോതിലെങ്കിലും വിനിമയങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു സ്ഥലത്ത് അപകടമുണ്ട്; അല്ലെങ്കില്‍ ഇതൊരു സാധാരണ സ്ഥലമല്ല- ഇതൊക്കെ മറ്റുള്ളവരെ അറിയിക്കാന്‍ മനുഷ്യന് ഏതെങ്കിലും തരത്തിലുള്ളൊരു വിനിമയ രീതി സ്വീകരിക്കേണ്ടതായിവരും. അപ്പോഴാണ് ഭാഷയില്ലാത്ത സമയത്ത് ശരീരം മൊത്തമൊരു ഭാഷയായി മാറുന്നത്. അതാണ് ശരീര ഭാഷ. ശരീരഭാഷ പില്‍ക്കാലത്ത് ഒരു അനുബന്ധമോ ആഡംബരമോ ആണ്. എന്നാല്‍ ഭാഷക്ക് മുമ്പുള്ള, ഭാഷാപൂര്‍വകാലത്ത് ശരീര ഭാഷയായിരുന്നു പ്രഥമവും പ്രധാനവും. ആ അര്‍ഥത്തില്‍ മനുഷ്യന്‍ തുള്ളിച്ചാടി, ഒച്ചവെച്ച് ഒക്കെ ആവിഷ്‌കാരങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്. അതുകൊണ്ട് ആദിമമായ പ്രഭാഷണത്തിന്റെ പരുക്കന്‍ രൂപമെന്ന അര്‍ഥത്തില്‍ കൂവല്‍, ഒച്ചവെക്കല്‍, തുള്ളിച്ചാടല്‍, കൈകൊട്ടല്‍, ആംഗ്യങ്ങള്‍ എല്ലാം നമുക്കതില്‍ ഉള്‍പ്പെടുത്താനാകും. എല്ലാവരും ആംഗ്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഭാഷാപൂര്‍വഘട്ടത്തിലും ഇന്നും അതിന് വലിയ സ്ഥാനവുമുണ്ട്. ഈ ശരീര ഭാഷകള്‍ തന്നെയാണ് നൃത്തമായും കായിക കലകളായും പിന്നീട് വ്യത്യസ്ത വഴികളിലൂടെ വളര്‍ന്നുവന്നിരിക്കുന്നത്. 

ചുരുക്കത്തില്‍, ഭാഷ രൂപപ്പെട്ടുവരുന്നതിനു മുമ്പുതന്നെ പ്രഭാഷണമുണ്ടായിരുന്നു. ഇവിടെ ശരീരഭാഷ വെറും വിനിമയം മാത്രമല്ലേ എന്ന ചോദ്യം ഉയരാം. ഇവ വിനിമയമാണ് എന്നത് ശരിയാണ്. എന്നാല്‍ ശരീരഭാഷ ഉപയോഗിച്ചവരെല്ലാം ഒരേ പോലുള്ള ആംഗ്യങ്ങള്‍ ആവര്‍ത്തിക്കുകയല്ല ചെയ്തിട്ടുണ്ടാവുക. ചിലരെങ്കിലും തങ്ങളുടെ ഈ ആംഗ്യങ്ങളിലും ശരീരത്തിലും അഭിരമിച്ചിട്ടുണ്ടാകും. അവരെയാണ് ഞാന്‍ ആദിമ പ്രഭാഷകര്‍ എന്ന് വിളിക്കുന്നത്. അതായത് പരുക്കന്‍ ശൈലിയില്‍ മറ്റുള്ളവര്‍ക്ക് വിവരങ്ങള്‍ വിനിമയം ചെയ്യുകയെന്ന പ്രാഥമിക ദൗത്യത്തില്‍ തങ്ങളുടെ ഒച്ചവെക്കലും തുള്ളിച്ചാടലും ആംഗ്യങ്ങളും അവസാനിപ്പിക്കാതെ, അതിനപ്പുറം ഇതെല്ലാം തങ്ങള്‍ക്കു തന്നെ ഒരനുഭൂതി പകര്‍ന്നുതരുന്നുണ്ടല്ലോ എന്ന് അത്ഭുതത്തോടെ തിരിച്ചറിഞ്ഞവരുണ്ട്. ആ തിരിച്ചറിവില്‍നിന്നാണ് ആദിമ പ്രഭാഷകര്‍ രൂപംകൊണ്ടത്. 

അതുകൊണ്ട് പ്രഭാഷണം ഒരു കലയാകുന്നത് പ്രഭാഷകനും സദസ്സും തമ്മില്‍ വിവര വിനിമയത്തിനപ്പുറമുള്ള മെറ്റാരു അനുഭവത്തിലേക്ക്, അനുഭൂതിയിലേക്ക് അത് വളരുമ്പോഴാണ്. അല്ലെങ്കില്‍ അതൊരു അനൗണ്‍സ്‌മെന്റോ അറിയിപ്പോ ആകും; പ്രഭാഷണമാകില്ല. ഒരുപാട് പ്രസംഗങ്ങള്‍ അറിയിപ്പുകളാണ് എന്ന് കൂടുതല്‍ ആലോചിക്കാതെ തന്നെ നമുക്ക് മനസ്സിലാക്കാനാവും. ഈ അറിയിപ്പിന്റെ അപ്പുറത്തേക്ക് അത് വളരുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അതൊരു കലയാണ്. 

 

എന്താണ് കല?

രണ്ടാമത്തെ ആലോചന എന്താണ് കലയെന്നുള്ളതാണ്. കലയെന്നത് പരമാവധി മെച്ചപ്പെടാന്‍ വേണ്ടി ഒരാള്‍ സ്വയം അറിഞ്ഞും അറിയാതെയും തന്നോടുതന്നെ നടത്തുന്ന മല്‍പിടിത്തമാണ്. അഥവാ, നമ്മളൊരു കാര്യം ചെയ്യുന്നു. അവിടെ നാമാണ് നമ്മുടെ ഏറ്റവും വലിയ വിമര്‍ശകന്‍. കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നു എന്നൊരു വിമര്‍ശന ബുദ്ധി നമ്മുടെ നിത്യജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതാണ് കല. സാധാരണ നിത്യ ജീവിതത്തില്‍ ഈ ഉള്ളില്‍നിന്നുള്ള വിമര്‍ശനത്തെ കേള്‍ക്കാന്‍ നമുക്ക് സമയമുണ്ടാവാറില്ല. അതുകൊണ്ട് നാമത് അവഗണിച്ചുകളയും. നേരെമറിച്ച് നമ്മുടെ ഉള്ളില്‍നിന്ന് നമ്മുടെ പ്രവര്‍ത്തനത്തെ കുറിച്ച് വന്ന ആദ്യത്തെ പ്രതികരണത്തെ നമ്മള്‍ പരിഗണിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ കുറേകൂടി നമ്മള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുകയാണെങ്കില്‍ അത് കലയാകും. കല കൂടുതല്‍ മെച്ചപ്പെടാനുള്ള ആഗ്രഹമാണ്. കൂടുതല്‍ ആളുകളിലേക്ക് വളരെ വേഗത്തില്‍ എത്തിപ്പെടാനുള്ള ഒരു ചുവടുവെപ്പാണത്. ഇത് ഇന്നത്തെ ഒരു ആവശ്യമാകാം. അതോടൊപ്പം അത് എന്നത്തേയുമൊരു കാര്യത്തോട് തന്നെ ബന്ധിപ്പിക്കാനുള്ളൊരു ശ്രമവുമാകാം. 

ഉദാഹരണത്തിന്, ഏതൊരു മനുഷ്യന്നും അനിവാര്യ ഘട്ടത്തില്‍ ഒരു ഓംലെറ്റ് ഉണ്ടാക്കാനാകും. അല്ലെങ്കില്‍ പൊടികളൊക്കെ കൂടി കുത്തിക്കലക്കി കറിയുണ്ടാക്കാനാകും. എന്നാല്‍ ആ കറിയെ ആ അവസ്ഥയുടെ സമ്മര്‍ദത്തില്‍ നാം മാത്രമേ കറിയെന്ന് വിളിക്കുകയുള്ളൂ. മറ്റൊരവസ്ഥയില്‍ അതിനെ നാം കറിയെന്ന് വിളിക്കില്ല. പാചകമെന്നത് വിശപ്പിന് പരിഹാരം കാണാനുള്ളൊരു മാര്‍ഗമെന്ന അര്‍ഥത്തില്‍ ഇവിടെ വരുന്നുണ്ട്. എന്നാല്‍ കൂടുതല്‍ മനുഷ്യര്‍ക്ക് രുചികരമാവുകയും നമുക്കറിയാത്ത ഏതോ ഒരാള്‍ക്കുകൂടി രുചി തോന്നുകയും അനുഭൂതിയുണ്ടാവുകയും ചെയ്യുന്ന തരത്തില്‍ സൂക്ഷ്മ ശ്രദ്ധ പുലര്‍ത്തുകയും സ്വയം സമര്‍പ്പിക്കുകയും ചെയ്യുന്നതാകണം പാചകമെന്ന കല. ഇത് നമ്മുടെ ഒരു താല്‍ക്കാലിക ആവശ്യത്തിന്റെ പൂര്‍ത്തീകരണത്തിനായുള്ള കാര്യമല്ല. വിവിധ അഭിരുചികളുള്ള ആളുകള്‍ക്ക് കൂടി ഇത് രുചികരമാകണം എന്നൊക്കെ കരുതുമ്പോള്‍ പാചകം ഒരു കലയാകും. 

ഒരാളോട് നമുക്ക് എന്തെങ്കിലുമൊരു കാര്യം അറിയിക്കാനുണ്ട്. അത് തിടുക്കത്തില്‍ തിരക്കിട്ട് തോന്നിയപടി പറഞ്ഞ് അയാളെ അറിയിക്കുന്നത് ഒരു സംഭാഷണമാകും. എന്നാല്‍ അതിന് ഉപയോഗിക്കുന്ന പദങ്ങളില്‍ പൂവ് വിരിഞ്ഞ, ആ പൂവിലെ മധു നുകരാന്‍ ഒരു കിളി വരുന്ന.. അങ്ങനെയൊക്കെയുള്ള രീതിയിലേക്ക് അത് വരുമ്പോള്‍ അതൊരു കലയാകും. അപ്പോള്‍ പ്രഭാഷണം ഒരു കലയാകുന്നത് നമ്മുടെ സൂക്ഷ്മതയുടെയും നമ്മുടെ സമര്‍പ്പണത്തിന്റെയുമൊക്കെ ഭാഗമായാണ്. ഇത് നമ്മളില്‍ തുടങ്ങി പെട്ടെന്നങ്ങ് അവസാനിക്കാനുള്ളതല്ല. ഇത് ഭാഷയിലെ വലിയൊരു സാധ്യതയാണ് എന്ന് തിരിച്ചറിയണം. അപ്പോള്‍ കല തനിക്ക് ആനന്ദം നല്‍കണം, തനിക്ക് മാത്രമല്ല അത് കേള്‍ക്കുന്ന, അതില്‍ പങ്കാളികളാകുന്ന എല്ലാവര്‍ക്കും ആനന്ദം നല്‍കുന്നതാകണം. 

 

പ്രഭാഷണം കലയാകുന്നത്

പ്രഭാഷണത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-ആദര്‍ശ പ്രതിബദ്ധതയെ കുറിച്ചാണ് നാം പൊതുവെ പറയാറുള്ളത്. അത് പ്രസക്തമാണ്. കാരണം ഏത് പൊതുകാര്യത്തിലും അയാളെ പ്രചോദിപ്പിക്കുന്ന ഒരു മൂല്യബോധമുണ്ടാകും. മൂല്യബോധം മനുഷ്യന്റെ ജീവിതത്തെയും രാഷ്ട്രീയത്തെയും ആവിഷ്‌കാരങ്ങളെയുമെല്ലാം മുന്നോട്ടുനയിക്കുന്ന ജീവിതത്തിന്റെ ആകത്തുകയാണ്. അതിലൊരു തര്‍ക്കവുമില്ല. കാരണം ഇതില്‍ തര്‍ക്കിച്ചാല്‍ സര്‍വരുടെയും ജീവിതം തന്നെ തകര്‍ന്നുപോകും. മനുഷ്യന്‍ ഏതെങ്കിലുമര്‍ഥത്തിലുള്ള ഒരു അര്‍ഥമുല്‍പാദിപ്പിച്ചുകൊണ്ടാണ് ജീവിക്കുന്നത്. ഈ അര്‍ഥോല്‍പാദനം നിലച്ചാല്‍ ജീവിതം നിലനില്‍ക്കില്ല. ഒരു കുറ്റകൃത്യം ചെയ്യുന്നൊരാള്‍പോലും അയാള്‍ ഉള്ളില്‍ വലിയ പീഡിതനാണ്. ആ പീഡയില്‍നിന്ന് രക്ഷനേടാനായി ഏതെങ്കിലും തരത്തിലുള്ള അര്‍ഥമുല്‍പാദിപ്പിക്കാന്‍ അയാള്‍ പരിശ്രമിക്കും. എനിക്ക് മറ്റൊരു മാര്‍ഗവുമില്ലാത്തതുകൊണ്ടാണ് ഞാന്‍ മോഷ്ടിക്കുന്നതെന്ന അര്‍ഥം ഉല്‍പാദിപ്പിച്ചാകും അയാള്‍ തന്റെ മനസ്സിനെ സമാധാനിപ്പിക്കുന്നത്. അതായത് ചെയ്യുന്ന കാര്യങ്ങളെ അയാള്‍ക്കെങ്കിലും ന്യായീകരിക്കാനാകുന്ന ഒരു അര്‍ഥം അയാള്‍ ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കും. 

തീര്‍ച്ചയായും ആശയങ്ങളുടെയും അര്‍ഥോല്‍പാദനങ്ങളുടെയും ലോകത്താണ് നാം ജീവിക്കുന്നത്. അതൊരു പ്രാഥമിക തലം തന്നെയാണ്. പക്ഷേ, പ്രഭാഷണം കലയാകുന്നത് അത് ആദര്‍ശാത്മകമായ ദൗത്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ മാത്രമല്ല. മറിച്ച്, അത് നിര്‍വഹിക്കുന്നവര്‍ക്കും അത് അനുഭവിക്കുന്നവര്‍ക്കുമെല്ലാം അതിലൂടെ ഒരു നിര്‍വൃതിയുണ്ടാകുമ്പോഴാണ് ഒരു യഥാര്‍ഥ കലയുണ്ടാകുന്നത്. ഇവിടെ സഹായകമാകുന്നത് പ്രഭാഷകന്‍ ഉപയോഗിക്കുന്ന ഒരു അലങ്കാരമായിരിക്കും, ഉപമയായിരിക്കും. അല്ലെങ്കില്‍ ഭാഷയില്‍ അയാള്‍ ഉപയോഗിക്കുന്നൊരു പുതിയ പദമായിരിക്കും, അതുമല്ലെങ്കില്‍ പഴയ വാക്കുകളുടെ, പ്രയോഗങ്ങളുടെ പുതിയ രീതിയിലുള്ളൊരു ക്രമീകരണമായിരിക്കും. അപ്പോള്‍ ആ അര്‍ഥത്തില്‍ ആനന്ദാനുഭൂതിയുടെ ഒരു മാര്‍ഗംകൂടിയാണ് പ്രഭാഷണം. നമുക്ക് പ്രഭാഷണം പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഒരു അനിവാര്യ ഘടകം മാത്രമാണ്. മാത്രമല്ല ഏറ്റവും ചെലവുകുറഞ്ഞ പ്രചാരണ പ്രവര്‍ത്തനവുമാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ പ്രഭാഷണത്തിന്റെ പ്രസക്തി ഇവിടെ തുടങ്ങുകയാണ്. പിന്നെ അവിടെനിന്നുള്ള കുതിപ്പാണ് പ്രഭാഷണമെന്ന കല. അപ്പോള്‍ പ്രഭാഷണം ആത്യന്തികമായൊരു കല തന്നെയാണ്. 

മുമ്പ് പ്രേരണയുടെ കല (Art of Persuation) എന്ന നിലയിലാണ് പ്രഭാഷണത്തെ കണ്ടിരുന്നത്. ലോകത്തിലെ ശ്രദ്ധേയരായ പ്രഭാഷകരെല്ലാം ജനങ്ങളെ വലിയ കാര്യങ്ങളിലേക്ക് പ്രേരിപ്പിച്ചിരുന്നതായി കാണാനാകും. പറയുന്ന കാര്യങ്ങളെ തന്നെ പ്രശ്‌നവത്കരിച്ചുകൊണ്ടാണ് സോക്രട്ടീസ് തന്റെ ഇടപെടലുകള്‍ നടത്തിയത്. സ്വതന്ത്ര ചിന്തയുടെ സൂര്യകിരണമെന്ന് സോക്രട്ടീസിനെ നമുക്ക് വിശേഷിപ്പിക്കാം. 

ഷേക്‌സ്പിയറുടെ ജൂലിയസ് സീസറില്‍ ബ്രൂട്ടസ്, മാര്‍ക്ക് ആന്റണി എന്നീ പ്രഭാഷകരെ കാണാം. രണ്ട് വ്യത്യസ്ത തരത്തിലുള്ള പ്രഭാഷണങ്ങളുടെ അഭിമുഖീകരണമാണ് നാമിവിടെ കാണുന്നത്. സീസര്‍ ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണ്. സീസര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ജനങ്ങള്‍ കൊലയാളികള്‍ക്കെതിരെ തിരിയും. സീസറിന്റെ നഷ്ടത്തില്‍ രോഷാകുലരായിരിക്കുന്ന ഒരു ആള്‍ക്കൂട്ടത്തെയാണ് ബ്രൂട്ടസ് തന്റെ പ്രഭാഷണംകൊണ്ട് തന്റെ ഭാഗത്തേക്ക് ആകര്‍ഷിക്കുന്നത്. സീസറിനോടുള്ള ജനങ്ങളുടെ ആദരവിനെ അഭിമുഖീകരിച്ചുകൊണ്ട്, എന്നാല്‍ നിങ്ങള്‍ സീസര്‍ക്ക് നല്‍കിയിരുന്ന ആദരവ് സീസര്‍ നിങ്ങള്‍ക്കൊരിക്കലും നല്‍കിയിരുന്നില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ തന്റെ ശൈലികൊണ്ട് ബ്രൂട്ടസിന് സാധിച്ചു. അങ്ങനെ സീസര്‍ക്ക് മാനസികമായി അനുകൂലമായി നിന്നിരുന്ന സമൂഹത്തെ ബ്രൂട്ടസ് നേരെ എതിരിലാക്കി നിര്‍ത്തി. മനസ്സുകൊണ്ട് സീസറിന്റെ പക്ഷക്കാരായിരുന്നവര്‍ പോലും ബ്രൂട്ടസ് മഹാനാണ് എന്ന് വിളിച്ചുപറയുകയാണ്. 

ഈ സമയത്താണ് മാര്‍ക്ക് ആന്റണിക്ക് പ്രസംഗിക്കേണ്ടത്. മാര്‍ക്ക് ആന്റണി ബ്രൂട്ടസിനെതിരാണ്, സീസര്‍ക്ക് അനുകൂലമാണ്, ജനങ്ങളുടെ പെട്ടെന്നുള്ള ഈ മനംമാറ്റത്തില്‍ ദുഃഖിതനാണ്. ഈ മൂന്ന് പ്രതിസന്ധികളെയും മാര്‍ക്ക് ആന്റണിയിലെ ഉജ്ജ്വല പ്രഭാഷകന്‍ മുറിച്ചുകടന്നു എന്നതാണ് ശ്രദ്ധേയം. അവിടെയാണ് പ്രഭാഷണം ഒരു കലയാകുന്നത്. അതില്‍ മറ്റെല്ലാ കലാസൃഷ്ടികള്‍ക്കും അനിവാര്യമാകുന്ന ചില അസംസ്‌കൃത ചേരുവകള്‍ രൂപപ്പെടേണ്ടതുണ്ട്. ഒന്ന് അതിന്റെ നാടകീയത തന്നെയാണ്. കാരണം, ശ്രദ്ധിക്കാത്തയാളുകളെ, അല്ലെങ്കില്‍ തങ്ങളുടെ കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ച് പോകുന്ന ആളുകളെ വഴിയില്‍ പിടിച്ചുനിര്‍ത്താനാകണം. അതിനൊരു നാടകീയത അനിവാര്യമാണ്. 

പ്രഭാഷണത്തിന്റെ ഈ സവിശേഷത ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയ ആളാണ്, കേരളീയ നവോത്ഥാനത്തിന്റെ അവഗണിക്കാനാകാത്ത സാന്നിധ്യമായ പൊയ്കയില്‍ അപ്പച്ചന്‍. പൊയ്കയില്‍ അപ്പച്ചന്‍ കോട്ടയത്ത് ഒരു കാലിച്ചന്തയില്‍ നില്‍ക്കും. അവിടെ നിന്ന് ഉറക്കെ പറയും: എന്റെയടുത്ത് നാല് കാളകളെ വില്‍ക്കാനുണ്ട്. ആളുകള്‍ അവിടേക്ക് നോക്കുമ്പോള്‍ അവിടെ ഒരു കാളയെപോലും കാണാനാകില്ല. അപ്പോള്‍ ആളുകള്‍ അവിടേക്ക് ശ്രദ്ധിക്കും. അങ്ങനെ അവിടെയൊരു നാടകീയാന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. കാളയില്ലാതെ ഒരാള്‍ വന്നിരിക്കുന്നു. അയാളുടെ കൈയില്‍ നാല് കാളകള്‍ ഉണ്ട് പോലും. അപ്പോള്‍ ആളുകള്‍ അയാള്‍ക്ക് ചുറ്റും കൂടിനില്‍ക്കും. ഉടനെ പൊയ്കയില്‍ അപ്പച്ചന്‍ ആളുകളോട് സംസാരിക്കും. അദ്ദേഹത്തിന്റെ ശൈലി, ഒരിടത്തു സംസാരിച്ചാല്‍ അദ്ദേഹം പിന്നീട് അവിടെനിന്ന് നടന്നുപോകും; അടുത്ത സ്ഥലത്തേക്ക്. സഞ്ചരിക്കുന്ന പ്രസംഗകന്‍ കൂടിയായിരുന്നു അദ്ദേഹം. ഈ പ്രഭാഷണം കേട്ട് ആകൃഷ്ടരായവര്‍ അപ്പച്ചന്റെ കൂടെ കൂടും. ഒരു സദസ്സിനെയും കൊണ്ടാണ് വേറൊന്നിലേക്ക് അപ്പച്ചന്‍ പോകുന്നത്. അവിടെ വേറൊരു സദസ്സ് ഉണ്ടാവുകയും ചെയ്യും. അങ്ങനെ കേരള ചരിത്രത്തില്‍ പ്രഭാഷണത്തെ നാടകീയമായി ഉപയോഗപ്പെടുത്തിയ ഒരു നവോത്ഥാന നായകനും വിപ്ലവകാരിയുമായിരുന്നു പൊയ്കയില്‍ അപ്പച്ചന്‍. 

പീഞ്ഞപ്പെട്ടി പ്രസംഗം എന്നത് മലയാളത്തില്‍ ഉപയോഗിക്കാറുള്ളൊരു വാക്കാണ്. അവഹേളനപരമായാണ് ഈ വാക്ക് ഉപയോഗിക്കാറുള്ളത്. 'അവന്റെയൊരു പീഞ്ഞപ്പെട്ടി പ്രസംഗം' എന്നൊക്കെ പറയാറുണ്ട്. സത്യത്തില്‍ ഈ പ്രയോഗത്തിനു പിന്നില്‍ ഒരു ചരിത്രമുണ്ട്. പ്രസംഗകന്‍ സദസ്സില്‍നിന്ന് കുറച്ച് ഉയര്‍ന്നുനില്‍ക്കുന്നത് നന്നാകുമെന്ന് കേരളത്തില്‍ ആദ്യമായി മനസ്സിലാക്കിയത് സഹോദരന്‍ അയ്യപ്പനാണ്. അദ്ദേഹമാണ് ഒരു പീഞ്ഞപ്പെട്ടിയെ സഞ്ചരിക്കുന്ന സ്റ്റേജാക്കി മാറ്റിയത്. അതില്‍ കയറിനിന്നാണ് അദ്ദേഹം ആളുകളോട് സംസാരിച്ചിരുന്നത്. 'അയ്യപ്പന്റെ തൊള്ളതൊറക്കല്‍' എന്നാണ് അയ്യപ്പനെ പിന്തുണക്കാത്തവര്‍ അതിനെ വിശേഷിപ്പിച്ചിരുന്നത്. കേരളത്തിലെ പ്രഭാഷണ ചരിത്രത്തില്‍ വലിയൊരു മാറ്റമുണ്ടാക്കിയ സഹോദരന്‍ അയ്യപ്പന്റെ പീഞ്ഞപ്പെട്ടി പ്രസംഗം പില്‍ക്കാലത്ത് ഒരു അവഹേളന പദമായി മാറാനും ഇത്തരം എതിര്‍പ്പുകളാണ് കാരണം. 

പ്രഭാഷകന് സദസ്സില്‍നിന്ന് ഒരു പീഞ്ഞപ്പെട്ടിയുടെ ഉയരമേ കൂടുതല്‍ ആവശ്യമുള്ളൂ. ഒരു തൈതെങ്ങിന്റെ ഉയരത്തിലുള്ള സ്റ്റേജല്ല വേണ്ടത്. അതില്‍ ഒരു അധികാര പ്രയോഗത്തിന്റെയും ജനങ്ങളില്‍നിന്നുള്ള അകല്‍ച്ചയുടെയും പ്രഭാഷകന്‍ സദസ്സിന്റെ ഭാഗമാകാന്‍ ഭയക്കുന്നതിന്റെയും അടയാളങ്ങളുണ്ട്. അപ്പോള്‍ മുട്ടിനു മുകളില്‍ സ്വന്തം തലപൊക്കത്തിനുമപ്പുറമുള്ള ഉയരത്തില്‍ സ്റ്റേജുകള്‍ കെട്ടുന്നത് സാധാരണ ഗതിയില്‍ ജനാധിപത്യവിരുദ്ധമായിരിക്കും. ആയിരങ്ങള്‍ പങ്കെടുക്കുന്ന സദസ്സില്‍ പ്രഭാഷകനെ എല്ലാവര്‍ക്കും കാണാനാവുന്ന തരത്തില്‍ സ്റ്റേജിന് പൊക്കമുണ്ടാകാവുന്നതാണ്. അതിലുപരി ഒരു തെങ്ങിന്റെ ഉയരത്തില്‍ സ്റ്റേജ് കെട്ടി ജനങ്ങളെയെല്ലാം ചെറിയവരായി കണ്ട്, പ്രസംഗകനെ കാണാന്‍ ജനങ്ങള്‍ മുകളിലേക്ക് നോക്കുന്ന, കൈകൂപ്പി വണങ്ങുന്ന ഒരു താരപരിവേഷം ജനാധിപത്യവിരുദ്ധമാണ്. അപ്പോള്‍ അനിവാര്യമായും സ്റ്റേജുകളുടെ ഉയരം, പൊങ്ങച്ചം, പ്രൗഢി കുറക്കണമെന്നാണ് എന്റെ അഭിപ്രായം. 

പൊയ്കയില്‍ അപ്പച്ചനും സഹോദരന്‍ അയ്യപ്പനും പ്രഭാഷണത്തില്‍ വ്യത്യസ്തമായ രണ്ട് രീതികളാണ് മുന്നോട്ടുവെച്ചത്. ഒന്ന് നാടകീയതയാണ്. മറ്റൊന്ന് പ്രഭാഷകന്‍ സദസ്സില്‍നിന്ന് അല്‍പം ഉയരത്തിലായിരിക്കുകയെന്നതാണ്. അത് വെറും ഉയരത്തില്‍ മാത്രമല്ല, ഭാഷയില്‍, ആവിഷ്‌കാരത്തില്‍, കലയില്‍ എല്ലാം ജനങ്ങളില്‍നിന്ന് കുറച്ചുയരത്തിലാകണം. കുറച്ചു മാത്രം മതി. കാരണം ബഹുജനങ്ങളോടാണ് സംസാരിക്കുന്നത്. പുസ്തകത്തിലെ സാഹിത്യം അതുപോലെ പറയാന്‍ അത്തരക്കാര്‍ മാത്രമല്ല സദസ്സിലുണ്ടാവുക. എല്ലാവരെയും പരിഗണിക്കാനാകണം. ജനജീവിതത്തിന്റെ ചൂടും ചൂരും വേണം. അതേസമയം അതിന്റെയൊരു ഫോട്ടോകോപ്പിയാവുകയും ചെയ്യരുത്. അതിലെന്തോ ചെറിയൊരു സങ്കീര്‍ണതയുണ്ട്. ആ സങ്കീര്‍ണതയോട് സംവദിക്കാന്‍ സാധിച്ചാല്‍, അയാള്‍ മികച്ച പ്രഭാഷകനായിരിക്കും. 

പ്രഭാഷകരിലുണ്ടാകുന്ന മറ്റൊരു തെറ്റിദ്ധാരണയാണ് ആളുകള്‍ക്കൊന്നും മനസ്സിലാകില്ലെന്ന തോന്നല്‍. പൊതുവെ സങ്കീര്‍ണമായ ആശയങ്ങളൊന്നും ജനങ്ങള്‍ക്ക് മനസ്സിലാകില്ല. അതുകൊണ്ട് അവര്‍ക്കെന്നും ബാലസാഹിത്യത്തിലെ കഥകള്‍ പറഞ്ഞുകൊടുക്കുകയാണ് വേണ്ടത്. ഇത് തെറ്റായൊരു ധാരണയാണ്. മനുഷ്യര്‍ക്ക് എല്ലാം മനസ്സിലാകും. പലവിധ തിരക്കുകള്‍, ജീവിത ചുറ്റുപാടുകള്‍, പ്രയാസങ്ങള്‍ എന്നിവകൊണ്ട് ചില കാര്യങ്ങള്‍ അവര്‍ക്ക് ശ്രദ്ധിക്കാനാകുന്നില്ല എന്നേ ഉള്ളൂ. പക്ഷേ അനിവാര്യ ഘട്ടത്തില്‍ അവരതൊക്കെ മനസ്സിലാക്കും. അതുകൊണ്ട് ജനങ്ങള്‍ ഇപ്പോള്‍ എവിടെയാണ്, അവിടെ സ്ഥിര താമസം തുടങ്ങുകയല്ല പ്രഭാഷകന്‍ ചെയ്യേണ്ടത്. സത്യത്തില്‍ എവിടേക്കാണോ നമ്മള്‍ വളരേണ്ടത്, അവിടേക്ക് ജനങ്ങളെ നയിക്കാനാണ്, അവരെ രൂപപ്പെടുത്തിയെടുക്കാനാണ് ശ്രമിക്കേണ്ടത്. നമ്മള്‍ തന്നെയാണ് ജനമെന്നും വേറൊരു ജനം ഇല്ലെന്നും കൂടി എപ്പോഴും ഓര്‍ക്കുകയും ചെയ്യണം. 

വീണ്ടും നമുക്ക് ജൂലിയസ് സീസറിലെ മാര്‍ക്ക് ആന്റണിയിലേക്ക് വരിക. മാര്‍ക്ക് ആന്റണി തന്റെ പ്രസംഗം തുടങ്ങുന്ന സന്ദര്‍ഭത്തില്‍ വലിയ വെല്ലുവിളിയാണ് അഭിമുഖീകരിക്കുന്നത്. സീസര്‍ക്ക് അനുകൂലമായി എന്തെങ്കിലും പറഞ്ഞാന്‍ പ്രസംഗം തുടരാനാകില്ല. ബ്രൂട്ടസ് ശിക്ഷിക്കും, ജനങ്ങളും ശിക്ഷിക്കും. എന്നാല്‍ ബ്രൂട്ടസിന് അനുകൂലമായി എന്തെങ്കിലും പറഞ്ഞാല്‍, മാര്‍ക്ക് ആന്റണിയുടെ മനസ്സാക്ഷി ശിക്ഷിക്കും. വലിയൊരു പ്രതിസന്ധിയാണിത്. ആ പ്രതിസന്ധിയെ മറികടന്നു എന്നതാണ് മാര്‍ക്ക് ആന്റണിയുടെ പ്രസംഗത്തെ ചരിത്രത്തിലെ മഹത്തായതായി കണക്കാക്കാന്‍ കാരണം. മാര്‍ക്ക് ആന്റണി തുടങ്ങിയത്, 'ബ്രൂട്ടസ് ഈസ് ആന്‍ ഹോണറബ്ള്‍ മാന്‍' എന്ന് പറഞ്ഞുകൊണ്ടാണ്. അപ്പോള്‍ ജനങ്ങള്‍ക്കും ബ്രൂട്ടസിനും ഒരുപോലെ സമാധാനമായി. എന്നാല്‍ പിന്നീട് പറയുന്നത്, സീസര്‍ ജനങ്ങളെ കുറിച്ചാണ് എപ്പോഴും ഉത്കണ്ഠാകുലനായിരുന്നത്, അവരെ കുറിച്ചാണ് സീസര്‍ സംസാരിച്ചത്, അദ്ദേഹം കരയുന്നത് ഞാന്‍ കണ്ടിട്ടില്ല, പക്ഷേ ജനങ്ങളെ കുറിച്ചോര്‍ത്ത് അദ്ദേഹത്തിന്റെ കണ്ണില്‍നിന്ന് കണ്ണുനീര്‍ വരുന്നത് ഞാന്‍ കണ്ടിട്ടുണ്ട് എന്നെല്ലാം പറഞ്ഞ് സീസര്‍ ജനപക്ഷത്താണെന്ന് തെളിയിക്കുകയാണ് അദ്ദേഹം ചെയ്തത്. അതേസമയം ഇടക്കിടെ ബ്രൂട്ടസ് മഹാനാണ് എന്ന് പറയുകയും ചെയ്യുന്നുണ്ട്. ബ്രൂട്ടസ് ചിതറിയ ജനാധിപത്യ ബോധമുള്ളൊരു ജനതയെ ആള്‍ക്കൂട്ടമാക്കി മാറ്റി. അത് പ്രസംഗത്തിന്റെ ജനാധിപത്യവിരുദ്ധ പ്രയോഗമാണ്. അതേസമയം മാര്‍ക്ക് ആന്റണി അതേ ആള്‍ക്കൂട്ടത്തെ ജനാധിപത്യവാദികളായൊരു സമൂഹമാക്കി മാറ്റിയെടുത്തു. അതോടെ ബ്രൂട്ടസിന് ശിക്ഷ വിധിക്കാന്‍ അതേ ജനക്കൂട്ടം സന്നദ്ധരായി. പ്രഭാഷണത്തിന്റെ ഫാഷിസ്റ്റ് പ്രയോഗത്തിന്റെയും ജനാധിപത്യ പ്രയോഗത്തിന്റെയും വ്യത്യസ്തമായ ഉദാഹരണങ്ങളാണ് ബ്രൂട്ടസും മാര്‍ക്ക് ആന്റണിയും. 

ഹിറ്റ്‌ലര്‍ ഭീകരനായൊരു പ്രഭാഷകനായിരുന്നു. ആ പ്രഭാഷണത്തിന്റെ പ്രത്യേകത, അതില്‍ യുക്തിചിന്ത, വിമര്‍ശനം, സ്വതന്ത്രചിന്ത, കേള്‍ക്കുന്നവര്‍ക്ക് പങ്കെടുക്കാനുള്ള ഇടം ഇതൊന്നും ഉണ്ടായിരുന്നില്ല എന്നുള്ളതാണ്. അത് ഒരു തരത്തിലുള്ള വൈകാരിക അപസ്മാരമായിരുന്നു. ഫാഷിസ്റ്റുകളല്ലെങ്കിലും നമ്മുടെ നാട്ടിലെ ചില പ്രഭാഷകരുടെ സംസാരങ്ങളില്‍ ഈ വൈകാരിക അപസ്മാരം കുറച്ച് കൂടുതലാണ്. അതത്ര നല്ലതാണെന്ന് ഞാന്‍ കരുതുന്നില്ല. ഒരു സന്ദര്‍ഭം ആവശ്യപ്പെടുന്ന ഘട്ടത്തില്‍ ആ സാഹചര്യം ആവശ്യപ്പെടുന്നൊരു വൈകാരികതയുണ്ട്. അത് തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. അതിനു പകരം ഒരു പ്രസംഗം മൊത്തം ഒരു വൈകാരിക അപസ്മാരത്തിന്റെ അന്തരീക്ഷമായി ചുരുങ്ങുന്നത് നന്നല്ല. ജനാധിപത്യ ആശയങ്ങളാണ് പറയുന്നതെങ്കില്‍ പോലും ഇതൊരു ജനാധിപത്യവിരുദ്ധതയായി മാറും. ഇത്തരം പ്രഭാഷണങ്ങളോട് ചിലര്‍ക്ക് താല്‍പര്യമുണ്ടാകുമെന്നത് ശരിയാണ്. പക്ഷേ, അത്തരം താല്‍പര്യം കൂടുതല്‍ ഉയര്‍ന്ന് ജനാധിപത്യ മൂല്യങ്ങളിലേക്ക് അവരെ ഉയര്‍ത്തുകയില്ല. അവിടെതന്നെ അത് അവസാനിച്ചുപോവുകയാണ് ചെയ്യുന്നത്. 

നമ്മുടെ ഒരു നാട്ടിലെ ഹിന്ദുത്വ പ്രസംഗകയുടെ പ്രഭാഷണങ്ങള്‍ അപഗ്രഥിച്ചുകഴിഞ്ഞാല്‍ അവര്‍ ഒരേ കാര്യം തന്നെയാണ് കാലങ്ങളായി ഒരേ ഈണത്തില്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നു കാണാം. പക്ഷേ, അതിലാകൃഷ്ടരാകുന്ന വലിയൊരു വിഭാഗമാളുകളുണ്ട്. അത് സാധ്യമാകുന്നത്, മുന്‍വിധികളെ വൈകാരിക മൂലധനമായി വികസിപ്പിക്കുന്നതില്‍ അവര്‍ വിജയിക്കുന്നതുകൊാണ്. പ്രത്യേക മുന്‍വിധികളുടെ ലോകത്താകും മനുഷ്യര്‍ പൊതുവെ. നമ്മുടെയൊക്കെ മനസ്സില്‍ ഇത്തരം മുന്‍വിധികളുണ്ടാവും. അവയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുമെന്നേ ഉള്ളൂ. ഈ മുന്‍വിധികളെ മുറിച്ചുകടക്കാനുള്ള ശ്രമങ്ങളാണ് ഒരു ജനാധിപത്യ സമൂഹത്തില്‍ നടക്കേണ്ടത്. എന്നാല്‍ അത്തരമൊരു ലോകം അസാധ്യമാക്കിക്കഴിഞ്ഞാല്‍, മുന്‍വിധികളുടെ ലോകത്ത് മാത്രം വ്യാപരിക്കുന്ന അവസ്ഥ വന്നാല്‍, ആളുകള്‍ക്ക് ചിന്തിക്കാതിരിക്കുകയെന്ന സൗകര്യങ്ങളുണ്ടാകും. എന്നാല്‍ അവര്‍ക്കൊരിക്കലും മുന്‍വിധികളില്‍നിന്ന് പുറത്തുകടക്കാനാവില്ല. മുന്‍വിധികളുടെ ലോകത്ത് ആളുകളെ തളച്ചിടാന്‍ ഇത്തരം ആള്‍ക്കൂട്ട പ്രഭാഷകര്‍ക്ക് സാധിക്കും. അത് നല്ല പ്രസംഗമായാണ് പൊതുവെ പരിഗണിക്കപ്പെടുന്നത്. പക്ഷേ, അത് അതിന്റെ സൂക്ഷ്മതയില്‍ അത്ര മികച്ച പ്രസംഗമല്ല. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (227)
എ.വൈ.ആര്‍

ഹദീസ്‌

നിസ്സംഗത വെടിയുക
കെ.സി ജലീല്‍ പുളിക്കല്‍