കുര്‍ദിസ്താന്‍ ജനഹിതം തേടുമ്പോള്‍
കുര്‍ദിസ്താന്‍ തെരഞ്ഞെടുപ്പ് ചൂടിലാണ്; അല്ല സ്വാതന്ത്ര്യമടുത്തതിന്റെ ആവേശത്തിലാണ്. വര്‍ഷങ്ങളായി ഭാവി തുലാസ്സിലാടി കഴിയുകയായിരുന്ന തെക്കന്‍ ഇറാഖിലെ കുര്‍ദിസ്താന്‍ എന്ന കൊച്ചു ദേശത്ത് 2017 സെപ്റ്റംബര്‍ 25-നു ജനഹിത പരിശോധന നടത്തുകയാണ്. ഇറാഖില്‍നിന്ന് വേറിട്ട്, സ്വന്തം അസ്തിത്വം നിലനിര്‍ത്തി സ്വന്തന്ത്ര രാജ്യമായി മാറുന്നതിനു വേണ്ടിയാണത്. ജനഹിത പരിശോധനാ ഫലം രാജ്യത്തിനനുകൂലമാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. എന്നാല്‍ രാജ്യത്തെ ജനങ്ങളെ അത് എങ്ങനെ ബാധിക്കുമെന്നോ, പൂര്‍ണ സ്വതന്ത്ര രാജ്യമായി അന്താരാഷ്ട്ര സമൂഹം കുര്‍ദിസ്താനെ അംഗീകരിക്കുമെന്നോ ഇപ്പോള്‍ പറയാനാവില്ല. ഇതെഴുതുമ്പോള്‍ അമേരിക്ക പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ജനഹിത പരിശോധന നടത്തരുത് എന്ന ശക്തമായ താക്കീതും നല്‍കിയിരിക്കുന്നു. എന്നാല്‍ സുരക്ഷയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അവരുടെ സഹായം നിര്‍ലോഭം ഈ രാജ്യത്തിനു ലഭിക്കുന്നുമുണ്ട്. ഇസ്രയേലാണ് സ്വാതന്ത്ര്യ പ്രഖ്യാപനത്തെ ഏറ്റവും ശക്തമായി പിന്തുണക്കുന്ന രാജ്യം.
ഏതാണ്ട് എഴു ദശലക്ഷം ആളുകള്‍ വസിക്കുന്ന തെക്കന്‍ ഇറാഖിലെ കുര്‍ദിസ്താന്‍ പത്തൊമ്പതാം നൂറ്റാണ്ട് വരെയും ഉസ്മാനി-പേര്‍ഷ്യന്‍ രാജാക്കന്മാരില്‍നിന്ന് സ്വതന്ത്രമായി കഴിയുകയായിരുന്നുവെങ്കിലും 1923-ല്‍ അവരുടെ പ്രദേശങ്ങള്‍ പുതുതായി രൂപം കൊണ്ട നാലു രാജ്യങ്ങളുടെ ഭാഗമായി മാറി. ഇറാഖില്‍ യുദ്ധം കൊടുമ്പിരി കൊണ്ട കാലത്തെല്ലാം യുദ്ധഭൂമിയില്‍നിന്ന് കുടിയൊഴിഞ്ഞു വരുന്നവരുടെ അത്താണിയായിരുന്നു കുര്‍ദിസ്താന്‍ തലസ്ഥാനമായ എര്‍ബില്‍. രണ്ട് ദശലക്ഷം ആളുകള്‍ വിവിധ അഭയാര്‍ഥി ക്യാമ്പുകളില്‍ ഇപ്പോഴുമുണ്ട്. സാമ്പത്തികമായി അല്‍പ്പമെങ്കിലും സുസ്ഥിതിയുള്ള ആയിരക്കണക്കിനു കുടുംബങ്ങള്‍ തിരിച്ചുപോകാന്‍ താല്‍പര്യമില്ലാതെ കുര്‍ദിസ്താനില്‍ തന്നെ കഴിയുകയാണ്. നൂറ്റാണ്ടുകളായി സ്വന്തമായി ചരിത്രവും നാഗരികതയും ഭാഷയും സംസ്‌കാരവുമുള്ളവരാണ് കുര്‍ദുകള്‍. ഇറാഖ്, സിറിയ, തുര്‍ക്കി, ഇറാന്‍ തുടങ്ങിയ നാലു രാജ്യങ്ങളിലായി പരന്നു കിടക്കുകയാണ് കുര്‍ദു അധിവാസ മേഖലകള്‍. അവര്‍ വിശാലമായ കുര്‍ദു രാജ്യം സ്വപ്‌നം കാണുന്നത് സ്വാഭാവികം. തെക്കന്‍ ഇറാഖില്‍ വസിക്കുന്ന കുര്‍ദുകളാണ് ഇപ്പോള്‍ ജനഹിതപരിശോധനയിലൂടെ ഒരു രാഷ്ട്രീയ പരീക്ഷണത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇറാഖിനു കീഴില്‍ സ്വയം ഭരണം എന്ന നിലവിലെ രീതിയില്‍നിന്ന് മാറി സമ്പൂര്‍ണ സ്വാതന്ത്ര്യമാണ് കുര്‍ദുകള്‍ തേടുന്നത്. 2014 മുതല്‍ ഇറാഖില്‍നിന്നും സിറിയയില്‍നിന്നും ഐ.എസിനെ തുരത്തുന്നതില്‍ കുര്‍ദുകളും അവരുടെ സേനയായ പെഷ്മര്‍ഗയും വഹിച്ച പങ്ക് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു
തങ്ങളുടെ പ്രധാന ഭാഗമായ കുര്‍ദിസ്താന്‍ വേറിട്ടുപോകുന്നതിനോട് ഇറാഖിനു നേരത്തേ താല്‍പര്യമില്ല. ഇറാന്‍, തുര്‍ക്കി പോലുള്ള അയല്‍രാജ്യങ്ങളുടെ നിലപാട് ഇപ്പോഴും പ്രതികൂലമാണ്. ജര്‍മനിയും ഫ്രാന്‍സും എന്തിനിത്ര തിടുക്കം എന്നു ചോദിക്കുന്നു. സ്വതന്ത്രമാകുന്നതിനു വേറെയും കടമ്പകളുണ്ട്. ഇറാഖില്‍നിന്ന് വേറിടുന്ന രാജ്യത്തിന്റെ അതിര്‍ത്തികള്‍, അതിന്റെ സുരക്ഷ, സ്വന്തമായ നാണയം, അതിന്റെ അന്താരാഷ്ട്ര വിനിമയ ഉപാധികള്‍, സ്വന്തമായ ഭരണഘടന, അറബ് ലീഗ്, ഐക്യരാഷ്ട്രസഭ എന്നിവയിലെ അംഗത്വം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കേണ്ടതുണ്ട്.
രാജ്യത്തിനകത്തുതന്നെ ഒന്നിലധികം രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോള്‍ ജനഹിത പരിശോധന നടത്തുന്നതിനെ അനുകൂലിക്കുന്നില്ല. ഇറാഖിലും സിറിയയിലും തുടരുന്ന അതിക്രമങ്ങള്‍, നിലക്കാത്ത ഐ.എസ് ഭീഷണി എന്നിവ എടുത്തുകാണിച്ചാണ് അവര്‍ രംഗത്തു വരുന്നത്. രാജ്യം അതിനു പാകമായിട്ടില്ലെന്നും അവര്‍ പറയുന്നു. മേഖലയൊന്നാകെയും, പ്രത്യേകിച്ച് കുര്‍ദിസ്താന്‍ ഉള്‍പ്പെടെയുള്ള ഇറാഖ് അസ്ഥിരമായ സാഹചര്യത്തില്‍ എങ്ങനെയാണ് സ്വാത്രന്ത്യം ആസ്വദിക്കാനാവുകയെന്നും അവര്‍ ചോദിക്കുന്നു. ഇറാഖുമായി നല്ല ഒരു വ്യവസ്ഥയുണ്ടാക്കുകയും സുസ്ഥിര സാമ്പത്തിക വികസനത്തിന്റെ വഴി കണ്ടെത്തുകയും ചെയ്തശേഷം മതി സ്വാതന്ത്ര്യ പ്രഖ്യാപനമെന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ ഉപദേശിക്കുന്നത് അതുകൊണ്ടാണ്.
സ്വാതന്ത്ര്യം അനിവാര്യമാണെന്നാണ് കുര്‍ദിസ്താന്‍ ഭരണകൂടത്തിന്റെ നിലപാട്. തലമുറകളായി കൊതിക്കുന്ന സ്വാതന്ത്ര്യമാണ് ഇപ്പോള്‍ പടിവാതില്‍ക്കലെത്തിനില്‍ക്കുന്നത്. അതിനുവേണ്ടി വിവിധ രാഷ്ട്രീയപാര്‍ട്ടികളെ ഒന്നിപ്പിച്ചുകൊണ്ടുപോകാനും വിവിധ ഗവര്‍ണറേറ്റുകളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനും ഭരണകൂടം മുന്നോട്ടു വരികയുണ്ടായി. മാസങ്ങളായി നിലച്ചിരുന്ന പാര്‍ലമെന്ററി പ്രവര്‍ത്തനം പുനരാരംഭിച്ചതും ഈ ലക്ഷ്യത്തിനുവേണ്ടിയാണ്. സ്വയംഭരണമെന്ന ആവശ്യം പുതിയതല്ല, കുര്‍ദുകള്‍ നൂറ്റാണ്ടുകളായി ഉയര്‍ത്തിക്കൊണ്ടുവന്നതാണ്. ഇറാഖ് എന്ന് പൂര്‍വ സ്ഥിതിയിലാകുമെന്ന് യാതൊരു തിട്ടവുമില്ലെന്നിരിക്കെ, കുര്‍ദിസ്താന്‍ സ്വാതന്ത്ര്യത്തിനായി മുറവിളികൂട്ടുന്നതില്‍ അത്ഭുതമൊന്നുമില്ല. സ്വയം ഭരണം ലഭിക്കുകയാണെങ്കില്‍ രാജ്യത്തിനു നേട്ടങ്ങള്‍ അനവധിയാണ്.
കുര്‍ദുകള്‍ ഒരു സമൂഹമായി രൂപപ്പെട്ടതു മുതല്‍ തന്നെ അവരുടെ നിലനില്‍പ്പ് അവതാളത്തിലായിരുന്നു. ഒട്ടേറെ വംശീയമായ കലാപങ്ങള്‍ക്കവര്‍ ഇരകളായി. ഇറാഖീ ഭരണകൂടം അവരുമായി സ്വയംഭരണ കരാറുകളുണ്ടാക്കിയിരുന്നെങ്കിലും അത് നിഷ്‌കരുണം ലംഘിച്ചുപോന്നിട്ടുണ്ട്. സദ്ദാമിന്റെ കാലത്ത് കുര്‍ദുകള്‍ വംശഹത്യക്ക് വിധേയരായി. 1986-നും 1992-നുമിടക്ക് ഇറാഖില്‍ മാത്രം വിവിധ കലാപങ്ങളില്‍ രണ്ട് ലക്ഷത്തോളം കുര്‍ദുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കുര്‍ദുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ അവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പോലും വകവെച്ചുനല്‍കാതെ അടിച്ചമര്‍ത്തുന്ന നയമായിരുന്നു വിവിധ ഭരണകൂടങ്ങള്‍ തുടര്‍ന്നു പോന്നത്. അയല്‍ രാജ്യങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ കുര്‍ദിഷ് സ്വയംഭരണവും സ്വാത്രന്ത്യവും മേഖലയില്‍ സമാധാനത്തിനു വഴി തുറന്നേക്കും. ഇറാഖില്‍ കുര്‍ദുകള്‍ക്ക് സ്വയം ഭരണം ലഭിക്കുന്നതോടെ അയല്‍ രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടാകാനിടയുള്ള സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നേക്കാം. ഐ.എസിനെതിരായ പോരാട്ടത്തിലൂടെ കുര്‍ദിഷ് സൈന്യമായ പെഷ്മര്‍ഗ അന്തര്‍ദേശീയ തലത്തില്‍ തങ്ങളെ ശക്തമായി അടയാളപ്പെടുത്തിയിരുന്നെങ്കിലും, ഇറാഖിന്റെ കീഴിലായതിനാല്‍ സ്വതന്ത്രമായി ആയുധം വാങ്ങാനോ വിനിമയം ചെയ്യാനോ പരിമിതികളുണ്ടായിരുന്നു. സ്വയംഭരണത്തോടെ അത് നീങ്ങുമെന്ന് മാത്രമല്ല, അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങള്‍ക്ക് കുര്‍ദിസ്താനിലുള്ള സൈനികത്താവളങ്ങള്‍ ചെലവു കുറച്ചുകൊണ്ട് നടത്തിക്കൊണ്ടുപോകാനുമാകും.
ഇറാഖിന് ഒരിക്കലും കുര്‍ദിസ്താനിലെ എണ്ണയും മറ്റു വിഭവങ്ങളും കൈവിടാന്‍ താല്‍പര്യമുണ്ടാകില്ല. അതിനാല്‍ ഒരുകാലത്തും സന്തോഷത്തോടെ ഇറാഖ് അവരെ പിരിച്ചയക്കുമെന്ന് പ്രതീക്ഷിക്കാനും വയ്യ. ഇറാഖും സിറിയയും ദുര്‍ബലമായിക്കഴിഞ്ഞ സ്ഥിതിക്ക്, കുര്‍ദുകളുടെ സ്വാതന്ത്ര്യത്തെ എതിര്‍ക്കാന്‍ മാത്രം അവര്‍ക്ക് ശക്തിയില്ല. പിന്നെയുള്ളത് തുര്‍ക്കിയും ഇറാനുമാണ്. തുര്‍ക്കി പലതവണ സ്വതന്ത്ര കുര്‍ദിസ്താന്‍ രൂപവത്കരണത്തിനെതിരെ താക്കീത് നല്‍കിയിട്ടുണ്ടെങ്കിലും, കുര്‍ദിസ്താന്റെ പ്രകൃതിവാതകങ്ങളുടെ തുര്‍ക്കി വഴിയുള്ള വ്യാപാരം അവര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ്. ഇപ്പോള്‍ ദിനേന അഞ്ചു ലക്ഷം ബാരല്‍ ഓയില്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് കുര്‍ദിസ്താന്‍. ഒരു രാജ്യം സ്വതന്ത്രമാകുമ്പോള്‍, അവര്‍ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയേക്കുമെന്നുള്ളത് വെറും കിംവദന്തികളാണെന്ന് തുര്‍ക്കിയിലെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ശക്തികളുടെ സമ്മര്‍ദങ്ങള്‍ ഉണ്ടായാല്‍ ഇറാനും എതിര്‍ക്കുകയോ സൈനിക നടപടിക്ക് മുതിരുകയോ ചെയ്യാനിടയില്ല.
സെപ്റ്റംബര്‍ 25-നു നടക്കുന്ന ജനഹിത പരിശോധന മാറ്റിവെക്കണമെന്ന് അമേരിക്കയോടൊപ്പം ഐക്യരാഷ്ട്ര സഭയും ബ്രിട്ടനും അഭ്യര്‍ഥിച്ചിരുന്നു. മൂന്ന് കൂട്ടരുടെയും പ്രതിനിധികള്‍ നടത്തിയ സംയുക്ത ചര്‍ച്ചയില്‍ പകരസംവിധാനം കൊണ്ട് ഇപ്പോള്‍ കുര്‍ദിസ്താന്‍ തൃപ്തിപ്പെടണമെന്ന് അറിയിച്ചെങ്കിലും, എന്താണ് പകരസംവിധാനമെന്ന് കൃത്യമാകാത്തതിനാലും മാറ്റിവെക്കണമെന്ന് പറയുന്നവര്‍ ഹിതപരിശോധനക്ക് സമയം നിശ്ചയിക്കാന്‍ തയാറാവാത്തതിനാലും അത് മാറ്റിവെക്കാന്‍ കഴിയില്ലെന്നും, ജനങ്ങള്‍ മാനസികമായി ഒരുങ്ങിക്കഴിഞ്ഞെന്നും അതിനാല്‍ അത് സമയത്തു തന്നെ നടക്കുമെന്നാണു കുര്‍ദിസ്താന്‍ ഭരണാധികാരി മസൂദ് ബര്‍സാനി അറിയിച്ചത്.
ഇസ്രയേലും അമേരിക്കയും രണ്ട് തട്ടിലോ?
ഏറ്റവുമാദ്യം സ്വയംഭരണത്തിന് സര്‍വ പിന്തുണയും പരസ്യമായി നല്‍കിയ രാജ്യം ഇസ്രയേലാണ്. അവര്‍ക്ക് പ്രത്യേകമായ താല്‍പര്യങ്ങളുമുണ്ട്. പ്രതിരോധത്തിന് പറ്റിയ തങ്ങളുടേതല്ലാത്ത ഒരു രാജ്യം തേടുന്ന ഇസ്രയേലിനു കുര്‍ദിസ്താന്‍ എന്തുകൊണ്ടും അനുയോജ്യമാണ്. മറ്റു അറബ്/മിഡിലീസ്റ്റ് രാജ്യങ്ങളിലേക്കും തുര്‍ക്കിയിലേക്കുമുള്ള പ്രവേശനകവാടമായി കുര്‍ദിസ്താനെ ഉപയോഗപ്പെടുത്താം. സ്വാതന്ത്ര്യത്തിന്റെ വരുംവരായ്കകള്‍ അവര്‍ക്ക് പ്രശ്‌നമാകേണ്ടണ്ടതില്ലല്ലോ. കുര്‍ദിസ്താന്‍ സ്വതന്ത്രമായാലും ഇല്ലെങ്കിലും ഇസ്രയേലിനു ലാഭമാണ്. സ്വാതന്ത്ര്യം നേടിയാല്‍ ഏറ്റവും വലിയ തുണക്കാരന്‍ എന്ന നിലയില്‍ രാജ്യത്ത് കൂടുതല്‍ സാധ്യതകള്‍ അവര്‍ക്കുാകും. മറ്റു അറബ് രാജ്യങ്ങളിലേക്കും തുര്‍ക്കിയിലേക്കുമുള്ള വാതില്‍ തുറന്നുകിട്ടുകയും ചെയ്യും.
അമേരിക്കയുടെ സ്വതന്ത്ര വിഹാരകേന്ദ്രമെന്ന നിലയിലും, എര്‍ബിലിനു ചുറ്റുമുള്ള അഞ്ചോളം സൈനികതാവളങ്ങള്‍ എന്നെന്നും സുരക്ഷിതമായിരിക്കേണ്ടതിനാലും കുര്‍ദിസ്താനെതിരായ നീക്കത്തിനു ഇപ്പോള്‍ അമേരിക്ക പച്ചക്കൊടി കാട്ടില്ലെന്ന് ഭരണകൂടത്തിനു നന്നായിട്ടറിയാം. ഇസ്രയേലിനെതിരായ ഒരു തീരുമാനം അമേരിക്ക എടുക്കാനും സാധ്യതയില്ല. 2003 മുതല്‍ അമേരിക്ക കുര്‍ദുകള്‍ക്ക് ഒട്ടേറേ വാഗ്ദാനങ്ങള്‍ നല്‍കുകയുണ്ടായിട്ടുണ്ട്. ഇതുവരെയും അതിലൊന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇറാഖിന്റെ നിയമ ഭേദഗതിയിലും ഭരണമാറ്റപ്രക്രിയയിലും സഹായിക്കുകയാണെങ്കില്‍ ഭരണഘടനയിലെ അതിര്‍ത്തി സംബന്ധമായ 58-ാം വകുപ്പ് പുനഃപരിശോധിക്കുമെന്നും അതുവഴി എര്‍ബിലും ബഗ്ദാദും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇടപെടുമെന്നുമായിരുന്നു ആദ്യത്തേത്. കുര്‍ദുകളോട് ഇറാഖി ഭരണഘടനക്കനുകൂലമായി നില്‍ക്കാന്‍ 2005-ലും അമേരിക്ക അഭ്യര്‍ഥിച്ചിരുന്നു. ഭരണഘടനയുടെ 140-ാം വകുപ്പനുസരിച്ച് അതിര്‍ത്തി തര്‍ക്കം പരിഹരിക്കുമെന്നും അമേരിക്ക അത് ഏറ്റെടുത്ത് നടത്തിത്തരുമെന്നും പലതവണ ഉറപ്പു നല്‍കിയതുമാണ്. ഏറ്റവും ഒടുവില്‍ മുസ്വില്‍ വിമോചനത്തിലും സംയുക്ത സൈനിക പോരാട്ടത്തിനു കുര്‍ദിഷ് സൈന്യത്തെ യു.എസ് മുന്നില്‍ നിര്‍ത്തിയിരുന്നു.
ഇതെല്ലാം മുന്നില്‍ വെച്ചു കൊണ്ടു തന്നെയാണ് സ്വതന്ത്രമാവുക എന്നത് മാത്രമാണ് ഇനിയുള്ള പോംവഴിയെന്ന് കുര്‍ദുകള്‍ തീരുമാനിച്ചത്. ഇപ്പോഴല്ലെങ്കില്‍ മറ്റൊരിക്കല്‍ അത് നടക്കേണ്ടതാണെന്ന് എല്ലാവര്‍ക്കുമറിയാം. വിവിധ വര്‍ണങ്ങളുടെ ഒരുമ എന്നതാണ് തെരഞ്ഞെടുപ്പിന്റെ മുദ്രയായി സ്വീകരിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും ഇടമുള്ള ദേശമെന്നാണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്. കുര്‍ദിസ്താനില്‍ ഇന്ന് വിവിധ മത സമൂഹങ്ങളും വംശങ്ങളും ഇടകലര്‍ന്നു വസിക്കുന്നു. അസ്സീരിയക്കാര്‍, തുര്‍ക്കികള്‍, യസീദികള്‍, ക്രിസ്ത്യാനികള്‍, അറബികള്‍ തുടങ്ങിയവരെല്ലാം തിങ്ങിപ്പാര്‍ക്കുന്ന കുര്‍ദിസ്താനില്‍ എല്ലാവരും ഒത്തുകൂടുകയും ആഘോഷിക്കുകയും ചെയ്യുന്നു. മിഡിലീസ്റ്റിലെ മറ്റൊരു ദുബൈ എന്നാണു ചിലരെങ്കിലും കുര്‍ദിസ്താനെ വിലയിരുത്തുന്നത്. പാര്‍ക്കുകള്‍, ഷോപ്പിംഗ് മാളുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയെല്ലാം തെരഞ്ഞെടുപ്പ് തോരണങ്ങളാല്‍ സജീവമാണിപ്പോള്‍. മുപ്പതു വിദേശ രാജ്യങ്ങളുടെ കോണ്‍സുലേറ്റ് കുര്‍ദിസ്താനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര കച്ചവട സഹകരണ കേന്ദ്രങ്ങള്‍ വേറെയുമുണ്ട്. സെപ്റ്റംബര്‍ 25-ന് ജനഹിതമറിഞ്ഞാലും നിലവിലെ സാഹചര്യത്തില്‍ സ്വതന്ത്ര രാഷ്ട്രമായി മാറാന്‍ സമയമെടുത്തേക്കും. കുര്‍ദുകള്‍ പുതിയ പ്രഭാതോദയത്തിനു കാതോര്‍ക്കുമ്പോള്‍ എണ്ണ സംഭരണ പ്രദേശമായ കിര്‍കുക്ക് അതിര്‍ത്തി വിഷയത്തില്‍ ഏത് തരത്തിലുള്ള സമവായമാണ് ഉണ്ടാവുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
(കുര്‍ദിസ്താന്‍ തലസ്ഥാനമായ എര്‍ബിലില്‍ ജോലി ചെയ്യുകയാണ് ലേഖകന്‍)
Comments