മുസ്‌ലിംകളും സമരോത്സുക ആണത്തത്തിന്റെ നിര്‍മിതിയും
ജോഷ്വ എം. റൂസ് എഴുതിയ 'രാഷ്ട്രീയ ഇസ്‌ലാമും ആണത്തവും: ആസ്‌ത്രേലിയന്‍ മുസ്‌ലിം പുരുഷന്മാര്‍' (Political Islam and Masculinity: Muslim Men in Australia, Joshua M. Rose. New York: Palgrave Macmillan, 2016, 271 pp., $100.00, Hardback), ISBN 9781137522290) എന്ന പുസ്തകം ഇസ്‌ലാമിക രാഷ്ട്രീയം, ആണത്തം തുടങ്ങിയ പഠനമേഖലകളില്‍ ഗൗരവമാര്‍ന്ന ആലോചനകള്‍ മുന്നോട്ടുവെക്കുന്നു. ശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ, വ്യത്യസ്ത ഇസ്‌ലാമിക ചിന്താധാരകളും ആണത്തങ്ങളും(Musculinities) എങ്ങനെയാണ് ആസ്‌ത്രേലിയന്‍ മുസ്‌ലിം യുവാക്കളുടെ സ്വത്വവും രാഷ്ട്രീയവും രൂപപ്പെടുത്തുന്നതില്‍ ഇടപെടുന്നത് എന്നതാണ് ഈ പഠനത്തിന്റെ പ്രമേയം. പടിഞ്ഞാറന്‍ ജ്ഞാനമേഖലക്ക് തീവ്രവാദവും ഇസ്‌ലാമിക രാഷ്ട്രീയവുമെല്ലാം ഇന്നും വലിയൊരളവോളം പ്രഹേളികയായി തുടരുന്ന പശ്ചാത്തലത്തിലാണ്, റൂസിന്റെ പഠനം പടിഞ്ഞാറന്‍ ജനാധിപത്യരാജ്യങ്ങളിലെ ഇസ്‌ലാമിക സമൂഹത്തിന്റെ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകള്‍ ആഴത്തില്‍ പരിശോധിക്കുന്നത്. ജ്ഞാനോദയ മൂല്യസങ്കല്‍പങ്ങള്‍ക്കും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും ഭീഷണിയായ ഒരു മതമൗലികവാദി വാര്‍പ്പുമാതൃക (Stereotype) ആണ് പൊതുവെ പടിഞ്ഞാറന്‍ ആഖ്യാനങ്ങളിലെ മുസ്‌ലിം പുരുഷന്‍. എന്നാല്‍ ഇത്തരം സാമാന്യവല്‍ക്കരണങ്ങള്‍ക്കപ്പുറം, സാമ്പത്തികവും സാംസ്‌കാരികവും സാമൂഹികവും പ്രതീകാത്മകവും ആയ മൂലധനങ്ങള്‍ എങ്ങനെയാണ് മുസ്‌ലിം സ്വത്വനിര്‍മിതിയെയും ആണത്ത രൂപവത്കരണത്തെയും സ്വാധീനിക്കുന്നത് എന്നാണ് ഈ പഠനം ചൂണ്ടിക്കാണിക്കുന്നത്.
ചാവേറാക്രമണങ്ങളടക്കമുള്ളവ ഇസ്‌ലാമികാധ്യാപനങ്ങളാല്‍ പ്രേരിതമാണെന്നുള്ള പടിഞ്ഞാറന്‍ ചര്‍വിത ചര്‍വണങ്ങള്‍ക്കപ്പുറത്ത്, രാഷ്ട്രീയ ഇസ്‌ലാമിന്റെ വികാസ പരിണാമങ്ങളും പുതുപ്രവണതകളും സംബന്ധിച്ച സൂക്ഷ്മവും പ്രസക്തവുമായ ഉള്‍ക്കാഴ്ചകള്‍ ഈ പഠനം പകര്‍ന്നുനല്‍കുന്നുണ്ട്. സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ (Social Trajectory), അതു പകര്‍ന്നു നല്‍കുന്ന പ്രതീക്ഷകള്‍, നിരാശകള്‍ തുടങ്ങിയ ഘടകങ്ങളാണ് ഇസ്‌ലാമിക സമൂഹത്തിന്റെ വ്യത്യസ്ത രാഷ്ട്രീയ ആവിഷ്‌കാരങ്ങളെ നിര്‍ണയിക്കുന്നത് എന്നതാണ് പഠനം കണ്ടെത്തുന്ന പ്രധാന നിഗമനം. ആദ്യ അധ്യായത്തില്‍ പിറെ ബോദ്യോയുടെ (Pierre Bourdieu) ആശയമായ ഹാബിറ്റസും, മാനുവല്‍ കാസ്റ്റല്‍ വികസിപ്പിച്ച സ്വത്വഘടനകളും (Identity typologies) ആധാരമാക്കിയുള്ള സൈദ്ധാന്തിക ചട്ടക്കൂട് വിവരിക്കുന്നു. തുടര്‍ന്ന് ആസ്‌ത്രേലിയന്‍ ദേശീയ രാഷ്ട്രീയം, വിക്‌ടോറിയന്‍ സംസ്ഥാന രാഷ്ട്രീയം, വ്യവസ്ഥാപിത മുസ്‌ലിം രാഷ്ട്രീയം തുടങ്ങിയ അധികാരഘടനകളുടെ പശ്ചാത്തലത്തില്‍, 9/11 ദശാബ്ദത്തില്‍ ജനിച്ചുവളര്‍ന്ന ആസ്‌ത്രേലിയന്‍ മുസ്‌ലിം യുവാക്കളുടെ സാമൂഹിക-രാഷ്ട്രീയ പരിസരങ്ങളെ പുസ്തകം പരിചയപ്പെടുത്തുന്നു. വെളുത്ത വംശീയതയുടെ(White Racism) രാഷ്ട്രീയ വികാരം, ഈ യുവാക്കളുടെ സവിശേഷമായ പ്രശ്‌നങ്ങള്‍ വശമില്ലാത്തവരും പുറത്ത് ജനിച്ച് പിന്നീട് ആസ്‌ത്രേലിയയിലേക്ക് കുടിയേറിയവരുമായ വ്യവസ്ഥാപിത ഇസ്‌ലാമിക സമൂഹം പുലര്‍ത്തുന്ന ആധിപത്യം, വിക്‌ടോറിയന്‍ ബഹുസ്വര സാംസ്‌കാരിക മണ്ഡലത്തില്‍ ഇടപെടല്‍ അസാധ്യമാക്കുന്ന മൂലധനപരമായ അപര്യാപ്തത തുടങ്ങിയവ കാരണം തീക്ഷ്ണമായ പ്രാന്തവല്‍ക്കരണം (Marginalisation)അനുഭവിക്കുമ്പോഴും അതിനോട് പ്രതികരിക്കാനുള്ള മാര്‍ഗങ്ങള്‍ വ്യവസ്ഥിതിയില്‍ ഈ യുവാക്കള്‍ക്ക് നിഷേധിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തെ മുന്‍നിര്‍ത്തി തുടര്‍ന്നുള്ള നാല് അധ്യായങ്ങളില്‍ മുസ്‌ലിം ഹിപ്‌ഹോപ് സംഘമായ ബ്രദര്‍ഹുഡ്(The Brotherhood), മുസ്‌ലിം ബുദ്ധിജീവി വലീദ് അലി, തീവ്ര സലഫി വിഭാഗമായ ബെന്‍ബ്രിക ജമാഅ, 9/11-നുശേഷം ജനിക്കുകയും തീവ്ര ആശയങ്ങളിലാകൃഷ്ടരാവുകയും ചെയ്ത ആ യുഗത്തിന്റെ സന്തതികള്‍ എന്നിവര്‍ പ്രതിനിധാനം ചെയ്യുന്ന വ്യത്യസ്തമായ രാഷ്ട്രീയ സമീപനങ്ങളെ നിരൂപണാത്മകമായി പരിശോധിക്കുന്നു.
സൂക്ഷ്മമായ താരതമ്യ പഠനത്തിലൂടെ റൂസ് എത്തിച്ചേരുന്ന നിഗമനം ബ്രദര്‍ഹുഡും വലീദ് അലിയും സര്‍ഗാത്മക സ്വത്വത്തെ (Project Identity)പ്രതിനിധീകരിക്കുന്നു എന്നാണ്. അതായത് തീര്‍ത്തും പ്രതികൂലമായ സാഹചര്യങ്ങളില്‍ പോലും ലഭ്യമായ മൂലധനങ്ങള്‍ ഉപയോഗപ്പെടുത്തി തങ്ങളെക്കുറിച്ചുള്ള വാര്‍പ്പുമാതൃകകളെ നിരന്തരമായ ആവിഷ്‌കാരങ്ങളിലൂടെ അപനിര്‍മിച്ച് വെളുത്ത വംശീയതയിലൂന്നിയ സാമൂഹിക ഘടനയെ പുതുക്കിപ്പണിയാനുള്ള നിര്‍മാണാത്മകമായ പരിശ്രമങ്ങള്‍. ഇത്തരുണത്തില്‍ ബ്രദര്‍ഹുഡ് തങ്ങളുടെ സംഗീതങ്ങളിലൂടെയും വലീദ് അലി തന്റെ പത്രമാധ്യമ ഇടപെടലുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സംബന്ധിച്ച തെറ്റിദ്ധാരണാജനകമായ വാര്‍പ്പുമാതൃകകളെയും അപരവല്‍ക്കരണത്തെയും നിരന്തരമായി ചോദ്യംചെയ്യുകയും അതോടൊപ്പം തന്നെ മുസ്‌ലിംകള്‍ക്കിടയില്‍ ആത്മാഭിമാനബോധം ഉണ്ടാക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു. ഇതിനു പുറമെ, ഇസ്‌ലാമികേതര സമൂഹങ്ങളുമായി പരസ്പര വിശ്വാസത്തിലും പ്രതിപക്ഷ ബഹുമാനത്തിലുമധിഷ്ഠിതമായ സാമൂഹിക ബന്ധം രൂപപ്പെടുത്തിയെടുക്കലും ഇവരുടെ പ്രധാന അജണ്ടയാണ്. എന്നാല്‍, ഇതിന് വിപരീതമായി ബെന്‍ബ്രിക ജമാഅയും 9/11 സന്തതികളും മുന്നോട്ടുവെക്കുന്നത് സമരോത്സുക ആണത്തം (Protest Masculinity) ആണ്. ബെന്‍ബ്രിക ജമാഅ എന്ന തീവ്ര സലഫി സംഘം അബ്ദുന്നാസര്‍ ബെന്‍ബ്രികയുടെ നേതൃത്വത്തില്‍ മെല്‍ബണില്‍ ഒരു തീവ്രവാദ ആക്രമണം ആസൂത്രണം ചെയ്യുന്നതിനിടെ പിടിക്കപ്പെടുന്നു. '9/11 സന്തതികള്‍' എന്ന അധ്യായത്തില്‍ അമേരിക്കയിലെ ഇരട്ട ടവര്‍ ആക്രമണത്തിനു ശേഷം ഇസ്‌ലാമോഫോബിക് അന്തരീക്ഷത്തില്‍ ആസ്‌ത്രേലിയയില്‍ ജനിക്കുകയും മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ട് അവസാനം തീവ്ര സലഫി ആശയങ്ങളാല്‍ പ്രചോദിതരായി ചാവേറാക്രമണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്ത മൂന്ന് യുവാക്കളെ പരിചയപ്പെടുത്തുന്നു.
ഇസ്‌ലാമിക രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഉള്‍ക്കാഴ്ചകള്‍ പ്രദാനം ചെയ്യുന്നുണ്ടെങ്കിലും, രാഷ്ട്രീയ ഇസ്‌ലാമും തീവ്രവാദവുമൊക്കെ രൂപം കൊള്ളുന്നതിന്റെ ആഗോള രാഷ്ട്രീയ പശ്ചാത്തലവും (Global Geopolitics) തീവ്രവാദത്തിനെതിരെയെന്ന (War on Terror) പേരില്‍ നടക്കുന്ന അധിനിവേശങ്ങളും പരിഗണിക്കാതെയുള്ള പഠനം അതുകൊണ്ടുതന്നെ വിമര്‍ശനവിധേയവുമാണ്. മഹ്മൂദ് മംദാനിയെപ്പോലുള്ളവര്‍ സൂചിപ്പിക്കുന്നതുപോലെ, പടിഞ്ഞാറിന്റെയും ഇസ്‌ലാമിന്റെയും രാഷ്ട്രീയവും അധികാരവും രൂപപ്പെടുത്തിയ ഏറ്റുമുട്ടലുകളുടെ ചരിത്രപശ്ചാത്തലത്തെ അവഗണിച്ചുകൊണ്ട് നടത്തുന്ന ഇസ്‌ലാമിക രാഷ്ട്രീയത്തെക്കുറിച്ച പഠനം അപൂര്‍ണമത്രെ. അതുകൊണ്ടാണ് ഈ പഠനവും പലപ്പോഴും നല്ല മുസ്‌ലിം/ചീത്തമുസ്‌ലിം ദ്വന്ദ്വത്തിലേക്ക് വഴുതിപ്പോവുന്നത്. 'നല്ല ആസ്‌ത്രേലിയന്‍ ഇസ്‌ലാമാ'വാനുള്ള സാധ്യതയെ മുന്‍നിര്‍ത്തി പാരമ്പര്യ ഇസ്‌ലാമിനെ/അരാഷ്ട്രീയ സൂഫി ഇസ്‌ലാമിനെ സാധൂകരിക്കുകയും പടിഞ്ഞാറന്‍ സംസ്‌കാരത്തില്‍ ഇഴുകിച്ചേരാത്ത ഇസ്‌ലാമിനെ നിരാകരിക്കുകയും ചെയ്യുന്നതിലൂടെ പ്രാദേശിക (Syncretic) ഇസ്‌ലാം, ശുദ്ധിവാദ (Purist) ഇസ്‌ലാം എന്ന ദ്വന്ദ്വനിര്‍മിതിയും ഇതിലൂടെയുള്ള അധിനിവേശ യുക്തിയുടെ ന്യായീകരണവുമാണ് യഥാര്‍ഥത്തില്‍ നടക്കുന്നത്.
ലിബറല്‍ യാഥാസ്ഥിതിക യുക്തിക്കപ്പുറം രാഷ്ട്രീയ ഇസ്‌ലാമിനെ (Political Islam) നോക്കിക്കാണാന്‍ ശ്രമിച്ചു എന്നത് ഈ പഠനത്തെ ശ്രദ്ധേയമാക്കുന്നു. പൗരസഞ്ചയത്തെ ഗുണാത്മകമായി ശക്തിപ്പെടുത്തുന്ന(Civic Enabler), എല്ലാ വിഭാഗം പൗരന്മാര്‍ക്കും ഭാഗഭാക്കാവുന്ന ഒരു നൈതിക രാഷ്ട്രീയ പദ്ധതിയായി രാഷ്ട്രീയ ഇസ്‌ലാമിനെ വീക്ഷിക്കുന്നത് തീര്‍ച്ചയായും പുതിയ വികാസമാണ്. ഇസ്‌ലാമിന്റെ സാമൂഹിക ശാസ്ത്രപഠനത്തില്‍ ശ്രദ്ധേയനായ ബ്രയാന്‍ എസ്. ടര്‍ണര്‍ തന്റെ ആമുഖത്തില്‍ ഇസ്‌ലാമിക മൗലികവാദത്തിന്റെയും സമകാലീന തീവ്രവാദത്തിന്റെയും അപര്യാപ്തമായ അറിവിന്റെ പശ്ചാത്തലത്തില്‍ ഈ സംരംഭത്തെ പ്രകീര്‍ത്തിക്കുന്നുണ്ട്. ഇത്തരുണത്തില്‍ രാഷ്ട്രീയ ഇസ്‌ലാമും മുസ്‌ലിം ആണത്തങ്ങളുമൊക്കെയായി ബന്ധപ്പെട്ട് വികസിക്കുന്ന പുതിയ ചിന്തകള്‍ക്ക് ഈ പുസ്തകം മുതല്‍ക്കൂട്ടാണ്. മുസ്‌ലിം യുവാക്കളുടെ രാഷ്ട്രീയ ഇടപെടലുകളെ രൂപപ്പെടുത്തുന്നതില്‍ സാമ്പത്തിക, സാംസ്‌കാരിക, സാമൂഹിക, പ്രതീകാത്മക മൂലധനങ്ങളുടെ പങ്ക് ചൂണ്ടിക്കാണിക്കുക വഴി, കേവലാര്‍ഥത്തിലുള്ള ഇസ്‌ലാംവിരുദ്ധ ആഖ്യാനങ്ങള്‍ റദ്ദു ചെയ്യുന്നുണ്ട് ഈ പഠനം. ഇതര സമുദായങ്ങളിലേതു പോലുള്ള ഇസ്‌ലാമിലെ അവാന്തര വൈവിധ്യങ്ങള്‍, അപരവല്‍ക്കരണം മറ്റെല്ലാ സമൂഹങ്ങളിലെ യുവാക്കളിലും സൃഷ്ടിക്കുന്നതുപോലെ മുസ്‌ലിം യുവാക്കളിലും സൃഷ്ടിക്കുന്നു. സമരോത്സുക ആണത്തം, ഇസ്‌ലാം അതിന്റെ അനുയായികളുടെ സാമൂഹിക ഇടപെടലുകള്‍ രൂപപ്പെടുത്തുന്നതില്‍ വഹിക്കുന്ന ഗുണാത്മകമായ പങ്ക് തുടങ്ങിയവയും പഠനത്തിന്റെ പ്രമേയമാണ്.
(സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് മെന്‍ ആന്റ് മസ്‌കുലിനിറ്റീസ്, സ്റ്റേറ്റ് യൂനിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്ക്, യു.എസ്.എയില്‍ ഗവേഷണ വിദ്യാര്‍ഥിയാണ് ലേഖകന്‍)
Comments