കേരളീയ മുസ്‌ലിംകളുടെ സാമുദായിക പ്രതികരണങ്ങള്‍
ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ സയ്യിദ് സആദത്തുല്ല ഹുസൈനിയുടെ നിലപാട് ലേഖനം (ലക്കം 15) മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സാഹചര്യങ്ങളില്‍ തികച്ചും അവസരോചിതമാണ്. മുസ്‌ലിം സമുദായം വളരെ പെട്ടെന്ന് വൈകാരികതകള്‍ക്ക് അടിപ്പെട്ടുപോകുന്നതും വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ തീവ്ര സാമുദായികതയുടെ അംശം കലരുന്നതും അപകടത്തില്‍ കൊണ്ടു ചെന്നെത്തിക്കും എന്നാണദ്ദേഹം സമര്‍ഥിക്കുന്നത്. ഭൂരിപക്ഷം വരുന്ന നിഷ്പക്ഷ മനസ്സുകളെ കാണാതെയുള്ള വൈകാരിക പ്രകടനങ്ങള്‍ ആപത്കരമാണ്.
നമ്മുടെ കേരളത്തിലും സ്ഥിതി വ്യത്യസ്തമാവുന്നില്ല. ലോകത്തെ മറ്റെല്ലാ ബഹുസ്വര സമൂഹങ്ങളില്‍നിന്നും നിരവധി വ്യത്യസ്തകളുള്ള സമുദായമാണ് കേരള മുസ്‌ലിംകള്‍. മുസ്‌ലിം പേര് നിലനിര്‍ത്തി ബഹുസ്വര രാഷ്ട്രീയത്തില്‍ ഇടം നേടിയ അപൂര്‍വത കേരള മുസ്‌ലിം സമാജത്തിനുണ്ട്. വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളിലും ഗള്‍ഫ് മേഖലയിലും പ്രത്യേകമായ സാന്നിധ്യവും ഉയര്‍ച്ചയും കേരളത്തിലെ മുസ്‌ലിം സമുദായത്തിനുണ്ട്. സാമുദായികമായി സംഘടിച്ചതിന്റെ ഗുണഫലങ്ങള്‍ ഉണ്ടാവുമ്പോഴും ശ്രദ്ധേയമായ മറുവശം സാമുദായികമായ അതിവാദങ്ങളിലേക്ക് കടക്കാനുള്ള സാധ്യത അത് നിലനിര്‍ത്തുന്നു എന്നതാണ്. ഭൂരിപക്ഷ വര്‍ഗീയതക്കു വേണ്ടി ഒരു ന്യൂനപക്ഷം മുറവിളി കൂട്ടുമ്പോള്‍, ന്യൂനപക്ഷ വര്‍ഗീയ പ്രതികരണങ്ങളിലേക്ക് മാറാനുള്ള സാഹചര്യം അവിടെ അവശേഷിക്കുന്നു എന്നതാണത്.
ഇസ്‌ലാമിക സംസ്‌കാരവും ജീവിത ദര്‍ശനവും കേരളീയ സമൂഹത്തിലെ ശക്തമായ സാന്നിധ്യമാണ്. മലയാള ഭാഷയില്‍ തന്നെയാണിവിടെ മുസ്‌ലിംകള്‍ ജീവിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും പത്ര പ്രസിദ്ധീകരണങ്ങളും ഇസ്‌ലാമിക മനേജ്‌മെന്റിനു കീഴിലുള്ള ചാനലുകളും ഇസ്‌ലാമിന്റെ മലയാള മണ്ണിലെ അതിജീവനശേഷി വിളിച്ചോതുന്നവയാണ്. അതായത് വര്‍ഗീയവാദികള്‍ എത്രതന്നെ പ്രകോപനം സൃഷ്ടിച്ചാലും ഒലിച്ചുപോവാത്ത ഇസ്‌ലാമിക പ്രതിനിധാനവും മുസ്‌ലിം സംസ്‌കൃതിയും കേരളത്തിലുണ്ടെന്നര്‍ഥം. മുസ്‌ലിം രാഷ്ട്രീയ രംഗത്ത് മുസ്‌ലിം ലീഗും ഇസ്‌ലാമിക സംസ്‌കാര ദാര്‍ശനിക രംഗത്ത് ജമാഅത്തെ ഇസ്‌ലാമിയും ആത്മീയ വിദ്യാഭ്യാസ രംഗത്ത് സമസ്തയും ശക്തമായ സാന്നിധ്യമാണ്. ഇസ്‌ലാമിനെയും മുസ്‌ലിം സംസ്‌കൃതിയെയും അനുഭവിച്ചറിഞ്ഞ വലിയൊരു വിഭാഗം മുസ്‌ലിമേതര സമൂഹവും മലയാളത്തിനു മാത്രം സ്വന്തമാണ്. ഈ ശക്തമായ ഇസ്‌ലാമിക പ്രതിനിധാനത്തെ അപകടപ്പെടുത്തുന്ന രീതിയില്‍ അല്ലെങ്കില്‍ ഇല്ലായ്മ ചെയ്യുന്ന രീതിയില്‍ നിലപാടുകള്‍ സ്വീകരിക്കുന്നത് മുസ്‌ലിം സമുദായത്തെ കൂടുതല്‍ അപകടങ്ങളിലേക്കാണ് ചെന്നെത്തിക്കുക. ഉദാഹരണം, ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ രക്തസാക്ഷ്യം വരിച്ച ശഹീദ് ഫൈസല്‍ നമ്മുടെ ഇസ്‌ലാം മലയാള അനുഭവങ്ങളില്‍ ശ്രദ്ധേയമായിരുന്നു. എന്നാല്‍ നിയമനടപടി നേരിട്ടുകൊണ്ടിരിക്കുന്ന പ്രതി വധിക്കപ്പെടുകയും കുറ്റം മുസ്‌ലിം വിഭാഗത്തിലേക്ക് നീങ്ങുകയും ചെയ്തതോടെ വിഷയം തീവ്ര -വര്‍ഗീയ പ്രശ്‌നമായി ചിത്രീകരിക്കാന്‍ എളുപ്പമായി. ഇസ്‌ലാമിനെ ജീവത സമര്‍പ്പണമായും സൗന്ദര്യമുള്ള ജീവിതരീതിയായും, അത് സ്വീകരിച്ചതിന്റെ പേരില്‍ ജീവന്‍ വരെ കൊടുക്കേണ്ടിവന്ന ത്യാഗികളെയും അവതരിപ്പിക്കാനും ഇസ്‌ലാമിക പ്രബോധനം ശക്തമായി മുന്നോട്ടുകൊണ്ടുപോകാനുമുള്ള അവസരം നിഷേധിക്കപ്പെട്ടു. മുസ്‌ലിംകളില്‍ തീവ്ര സാമുദായിക പ്രതികരണങ്ങള്‍ ഉണ്ടാവുമ്പോഴുള്ള അപകടമാണിത്.
ജാതികളും ഉപജാതികളുമായി വിഭജിക്കപ്പെട്ടും അയിത്തവത്കരിക്കപ്പെട്ടും ജീവിക്കുന്ന സമൂഹത്തിന് സ്വപ്‌നവും പ്രതീക്ഷയും പകര്‍ന്നുകൊടുക്കുന്ന തരത്തില്‍ തീര്‍ച്ചയായും ഒരു രാഷ്ട്രീയം ഇവിടെ ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു. ഒരിക്കലുമത് മുസ്‌ലിം സാമുദായികതയെ അടിസ്ഥാനമാക്കിയല്ല. മറിച്ച് ജാതി, മത ഉപ വിഭാഗങ്ങള്‍ക്കിടയില്‍ തുല്യതയും സാഹോദര്യവും നിര്‍മിച്ചെടുക്കുന്ന രാഷ്ട്രീയമാണ് ഉയര്‍ന്നുവരേണ്ടത്. പ്രവാചകന്‍ മദീനയിലെത്തിയപ്പോള്‍ ആദ്യം ചെയ്തത് ഗോത്രവൈരത്തില്‍ മുങ്ങിക്കിടക്കുന്ന വിഭാഗങ്ങള്‍ക്കിടയില്‍ സാഹോദര്യ ബന്ധം സ്ഥാപിക്കുകയായിരുന്നുവല്ലോ. മനസ്സുകള്‍ വിഷലിപ്തമായിക്കൊണ്ടിരിക്കുന്നത് എങ്ങനെ തടയാം എന്നതാവണം നമ്മുടെ ചിന്തയും ആലോചനയും. മുസ്‌ലിംകളിലെ ഇസ്‌ലാമിക പ്രതിനിധാനം ആത്മാര്‍ഥവും ഗുണകാംക്ഷാപൂര്‍ണവുമാകണം. എത്ര തന്നെ പ്രതിബന്ധങ്ങള്‍ അനുഭവിക്കേണ്ടിവന്നാലും സാമുദായിക വാദത്തിന്റെയോ പ്രതിവര്‍ഗീയതയുടെയോ സ്വരം ഉണ്ടാവാന്‍ പാടില്ല. ഇസ്‌ലാമിന്റെ മാനവിക മൂല്യങ്ങളില്‍ അടിയുറച്ചുനിന്ന് നീതിയുടെ സംസ്ഥാപനവും സത്യസാക്ഷ്യ നിര്‍വഹണവും സാധിക്കുന്നതിനാണ് അവര്‍ പ്രാധാന്യവും പരിഗണനയും നല്‍കേണ്ടത്.
ഇസ്‌ലാം വിശ്വാസികള്‍ ഏതവസരത്തിലും പ്രതിനിധീകരിക്കേണ്ടത് ഇസ്‌ലാമിക മൂല്യങ്ങളെയാണ്. കൊടിയ സ്വേഛാധിപതിയായ ഫിര്‍ഔന്റെ മുന്നില്‍ ശക്തവും എന്നാല്‍ മൃദുലവുമായ ഇസ്‌ലാമിക പ്രതിനിധാനം പ്രവാചകന്മാരായ മൂസാ(അ)യും ഹാറൂനും(അ) നിര്‍വഹിക്കുകയുണ്ടായി. ഫിര്‍ഔന്റെ പല ഗൂഢാലോചനകളില്‍നിന്നും മൂസാ(അ)യെയും മുസ്‌ലിം സമൂഹത്തെയും രക്ഷിച്ചത് ഫിര്‍ഔന്റെ കൊട്ടാരത്തിലെ ഒരു ഖിബ്ത്വിയുടെ ഇടപെടലിലൂടെയായിരുന്നുവെന്നതാണ് ചരിത്രം (സൂറഃ അല്‍ഗാഫിര്‍ 28). രാഷ്ട്രീയവും സാമൂഹികവുമായ നീക്കങ്ങളില്‍ മുസ്‌ലിംകള്‍ അതിവൈകാരികത വെടിഞ്ഞ്, സാമുദായിക വാദം ഉപേക്ഷിച്ച് യുക്തിപൂര്‍ണവും ഗുണകാംക്ഷാനിര്‍ഭരവുമായ ഇസ്‌ലാമിക പ്രതിനിധാനം നിര്‍വഹിക്കാനാണ് ശ്രദ്ധിക്കേണ്ടത്.
വിവാഹ പരസ്യങ്ങളിലെ ശരികേടുകള്‍
സെപ്റ്റംബര്‍ 1-ലെ പ്രബോധനത്തില്‍ വന്ന 'വിവാഹപരസ്യങ്ങളിലെ ശരികേടുകളോട്' യോജിക്കാനാവില്ല. ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ജീവിതവീക്ഷണമോ വിവാഹസങ്കല്‍പങ്ങളോ അല്ല ഇപ്പോഴുള്ളത്. മുമ്പ് ഭാര്യക്കും മക്കള്‍ക്കും രക്ഷിതാക്കള്‍ക്കുമെല്ലാം വേണ്ട വസ്ത്രങ്ങള്‍ മുതല്‍ വിവാഹപ്രായമെത്തുമ്പോള്‍ മക്കള്‍ക്ക് ഇണയെ വരെ തെരഞ്ഞെടുത്തിരുന്നതു മാതാപിതാക്കളായിരുന്നു. മറ്റെല്ലാ രംഗങ്ങളിലെന്ന പോലെ വിവാഹാന്വേഷണങ്ങളിലും വമ്പിച്ച മാറ്റങ്ങള്‍ സംഭവിക്കുകയെന്നത് സ്വാഭാവികം മാത്രം. ഓരോരുത്തരുടെയു യഥാര്‍ഥ വസ്തുതകള്‍ വെളിപ്പെടുത്തിക്കൊണ്ടുതന്നെ ജീവിതം ആരംഭിക്കുന്നതാണല്ലോ അഭികാമ്യം. മുസ്‌ലിം സമൂഹം വിശ്വാസപരമായും ആശയാദര്‍ശപരമായും വിവിധ തലങ്ങളിലും തട്ടുകളിലുമാണെന്നത് യാഥാര്‍ഥ്യമത്രെ. അങ്ങനെയുള്ള അവസ്ഥയില്‍ ആശയപ്പൊരുത്തം വ്യക്തമാക്കുന്നതോടെ വിവിധങ്ങളായ അസന്തുലിതത്വങ്ങള്‍ ഒഴിവാക്കാനും അസ്വസ്ഥതകളില്ലാതെ ജീവിതം നയിക്കാനും കഴിയുമെന്നത് നിസ്തര്‍ക്കമാണ്.
യുവതീ യുവാക്കളുടെ വിഭ്യാഭ്യാസം ഉയര്‍ന്നതോടൊപ്പം തന്നെ യഥാവിധി കാര്യങ്ങള്‍ മനസ്സിലാക്കാനും പ്രാവര്‍ത്തികമാക്കാനും വേണ്ട സ്വാതന്ത്ര്യം അവര്‍ നേടിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇണയെ തേടുന്നതിന്റെ ഭാഗമായി പ്രസ്ഥാന പരാമര്‍ശം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് പ്രോത്സാഹിപ്പിക്കേണ്ടതു തന്നെയാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിതവീക്ഷണത്തില്‍ സംഭവിക്കാവുന്നതേ വിവാഹാന്വേഷണ പരസ്യങ്ങളിലും സംഭവിക്കുന്നുള്ളൂ.
ബി.വി.എം ഹുസൈന്‍ തങ്ങള്‍, പുതിയങ്ങാടി
ആത്മഹത്യയും തലച്ചോറിന്റെ നിര്‍ദേശങ്ങളും
'സ്വന്തം ജീവനെടുക്കാന്‍ ആര്‍ക്കും അവകാശമില്ല' (പ്രശ്‌നവും വീക്ഷണവും, ഇല്‍യാസ് മൗലവി, സെപ്റ്റംബര്‍ 15) വായിച്ചു. എല്ലാവര്‍ക്കും അവരവരുടെ ജീവനില്‍ കൊതിയും ശ്രദ്ധയുമുണ്ടായിരിക്കും. അതുകൊണ്ടുതന്നെ ആരും സ്വയം തീരുമാനിച്ച് ആത്മഹത്യ ചെയ്യുകയില്ല. ആത്മഹത്യകളില്‍ പലതും ലേഖനത്തില്‍ പറഞ്ഞ പോലെ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നതല്ല. തലച്ചോറിലെ പ്രത്യേക കേന്ദ്രങ്ങളില്‍നിന്ന് നിര്‍ദേശം ലഭിക്കുന്നതനുസരിച്ചാണ് മനുഷ്യന്‍ ഓരോ പ്രവൃത്തിയും ചെയ്യുന്നത്. ഈ നിര്‍ദേശങ്ങളിലെ നന്മകള്‍ പരിശോധിക്കാനും ദൂഷ്യങ്ങള്‍ മറികടക്കാനും നമസ്‌കാരം, പ്രാര്‍ഥന, വായന തുടങ്ങിയവയിലൂടെ സാധിക്കും. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ മുന്നിലെത്തുമ്പോള്‍ എല്ലാം ദൈവത്തില്‍ അര്‍പ്പിച്ച് പ്രാര്‍ഥനയില്‍ മുഴുകാനുള്ള മനക്കരുത്തും മറ്റും ഇല്ലെങ്കില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സിഗ്നലുകള്‍ കൊടുക്കുന്ന കേന്ദ്രം പ്രവര്‍ത്തനരഹിതമാവുകയും ഇനി മരണമാണ് ഉത്തമം എന്ന തോന്നല്‍ ഉണ്ടാവുകയും ചെയ്യും. അതോടെ അവര്‍ മരണത്തിലേക്ക് പോകുന്നു. ഇത് ബോധപൂര്‍വകമായ സ്വന്തം ഇഷ്ടത്തിലല്ല സംഭവിക്കുന്നത്. ആത്മഹത്യ ചെയ്യുന്ന വ്യക്തികളുമായി ഇടപഴകുന്ന സമൂഹം ഇതില്‍ കുറ്റക്കാരാണ്. ഇത്തരം വ്യക്തികളെ ശ്രദ്ധിച്ചാല്‍ ആത്മഹത്യക്കു മുമ്പേ നടപ്പിലും പ്രവൃത്തിയിലും സംഭവിക്കുന്ന ചില മാറ്റങ്ങള്‍ അപ്പോള്‍ മനസ്സിലാക്കാന്‍ കഴിയും. സ്‌നേഹത്തോടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് പരിഹാരം നിര്‍ദേശിച്ചുകൊടുക്കണം. ശരിയായ മാനസികാവസ്ഥയിലേക്ക് എത്തുന്നതുവരെ അവരെ ഒറ്റക്ക് വിടുകയുമരുത്. ഒരാളെ ആത്മഹത്യയില്‍നിന്ന് രക്ഷിക്കാനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണിത്.
അസീസ് ബീനെച്ച്, ഫുജൈറ
വംശവെറി വളരുമ്പോള്‍
ലോകത്ത് അസഹിഷ്ണുതയും അസമാധാനവും വര്‍ധിച്ചുവരുന്നു എന്നതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന പീഡനങ്ങള്‍. മ്യാന്മറിലെ ന്യൂനപക്ഷ വിഭാഗമായ റോഹിങ്ക്യകളെ നായാട്ട് നടത്തിക്കൊണ്ടിരിക്കുകയാണ് മ്യാന്മര്‍ സര്‍ക്കാരും ഭൂരിപക്ഷ വിഭാഗക്കാരും. ചോരക്കുഞ്ഞിനോടു പോലും കരുണ കാട്ടാതെ പട്ടാളക്കാരന്‍ ബൂട്ടു കൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ കാണുമ്പോള്‍ മുളയിലേ നുള്ളണം, അല്ലെങ്കില്‍ കാടു പിടിക്കുമെന്നാണ് വര്‍ഗീയ മനസ്സുള്ള ഒരാള്‍ പ്രതികരിച്ചത്. വംശവെറി സമൂഹത്തില്‍ എത്ര അപകടകരമായാണ് വേരുപടര്‍ത്തുന്നത് എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.
ജലാലുദ്ദീന്‍ ഏര്യം
ഹൃദയം തൊട്ട ജീവിതാനുഭവങ്ങള്‍
മൂന്നു ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച കെ.ടി അന്ത്രു മൗലവിയുടെ ജീവിതാനുഭവങ്ങള്‍ ഹൃദ്യമായി. കേരളീയ സമൂഹത്തിന്റെ, വിശിഷ്യാ മുസ്‌ലിം സമുദായത്തിന്റെ വികാസ പരിണാമചരിത്രത്തിലെ ചില ഭാഗങ്ങള്‍ കൂടിയാണ് അദ്ദേഹം പറഞ്ഞത്. മൂന്നാമധ്യായത്തില്‍ രാഷ്ട്രീയത്തെക്കുറിച്ചും കമ്യൂണിസത്തെക്കുറിച്ചും പറഞ്ഞേടത്ത് വിയോജിക്കാതിരിക്കാനാവില്ല. മുസ്‌ലിം ലീഗിലും കോണ്‍ഗ്രസിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുമായി ചിതറിക്കിടക്കുന്ന മുസ്‌ലിംകളെ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കു കൂടി കൊണ്ടുവന്നു എന്നതൊഴിച്ചാല്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടോ?
മുമ്പെങ്ങുമില്ലാത്ത വിധം കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ മുസ്‌ലിം സാന്നിധ്യം ഇപ്പോള്‍ സജീവമാണ്. കമ്യൂണിസത്തെക്കുറിച്ച് മനസ്സിലാക്കിയവരോ അതിനെ അംഗീകരിക്കുന്നവരോ അല്ലായിരിക്കാം അവരില്‍ ഭൂരിപക്ഷവും. വരികള്‍ക്കിടയില്‍ നിറഞ്ഞുനില്‍ക്കുന്ന മൗലവിയുടെ ആത്മാര്‍ഥത നല്ലൊരു അനുഭൂതിയാണ്.
മായന്‍ കുട്ടി
Comments