Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 29

3019

1439 മുഹര്‍റം 08

പ്രഭാഷണ കലയിലും കൊണ്ടുവരാം മാറ്റങ്ങള്‍

നമ്മുടെ നാട്ടില്‍ പല വേദികളിലായി നടക്കുന്ന പ്രഭാഷണങ്ങളെക്കുറിച്ച് ഒരു പുനരാലോചന അനിവാര്യമായിരിക്കുന്നു. ആശയക്കൈമാറ്റത്തിന്റെ ഏറ്റവും ലളിതവും ജനകീയവുമായ മാധ്യമമാണ് പ്രഭാഷണം. ജനങ്ങളില്‍ ഭൂരിപക്ഷവും നിരക്ഷരരായിരുന്ന കാലങ്ങളില്‍ അവര്‍ക്ക് അറിവ് പകര്‍ന്നുകൊടുക്കാനും അവരെ നേര്‍വഴിയില്‍ നടത്താനും പ്രഭാഷണങ്ങളല്ലാതെ വേറെ വഴിയൊന്നുമുണ്ടായിരുന്നില്ല. മുന്‍കാല പണ്ഡിതന്മാരും പരിഷ്‌കര്‍ത്താക്കളും യാതൊരു പ്രതിഫലവും പറ്റാതെ ആ ദൗത്യം ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തിരുന്നു. മറ്റു മതങ്ങളില്‍നിന്ന് വ്യത്യസ്തമായി, മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിന് വഴി കാട്ടാന്‍ ഇസ്‌ലാമില്‍ വളരെക്കൂടുതല്‍ ആജ്ഞാ നിര്‍ദേശങ്ങള്‍ ഉള്ളതിനാല്‍ അവ ജനങ്ങളെ പഠിപ്പിക്കാനും അവരെ ബോധവല്‍ക്കരിക്കാനും മുസ്‌ലിം സമൂഹത്തില്‍ കൂടുതല്‍ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കേണ്ടതായി വരും. അതില്‍ അസ്വാഭാവികമായി ഒന്നുമില്ല.

പക്ഷേ, അടുത്ത കാലത്തായി ഇത്തരം പ്രഭാഷണങ്ങളെക്കുറിച്ച് പല തരത്തിലുള്ള ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. പാതിരാ പ്രസംഗങ്ങളെക്കുറിച്ചാണ് കൂടുതല്‍ പരാതികള്‍. പണപ്പിരിവ് മാത്രമായിരിക്കുന്നു അവയില്‍ പലതിന്റെയും ലക്ഷ്യം. ഒരൊറ്റ പ്രഭാഷണത്തിന് തന്നെ ലക്ഷം കവിയും പ്രതിഫലത്തുക. അനുബന്ധച്ചെലവുകള്‍ വേറെയും. കേള്‍ക്കാനെത്തുന്ന സാധാരണക്കാരെ പിഴിഞ്ഞാണ് ഈ പണമത്രയും സമാഹരിക്കുന്നത്. ഒരു ദീനീ പുണ്യകര്‍മത്തെ ഈ വിധത്തില്‍ കച്ചവടവല്‍ക്കരിക്കുന്നതില്‍ പല പണ്ഡിതന്മാര്‍ക്കും കടുത്ത അമര്‍ഷമുണ്ട്. പക്ഷേ, അവര്‍ നിസ്സഹായരാണ്. അവരുടെ ശബ്ദം എവിടെയും ഉയര്‍ന്നുകേള്‍ക്കുന്നില്ല. ഇസ്രാഈലീ കഥകളും ശൈഖന്മാരുടെ 'കറാമത്തു'കളും പൊലിപ്പിച്ച് പാതിരാപ്രസംഗങ്ങള്‍ വല്ലാതെ വഴിതെറ്റുന്നതായും പാമരന്മാരെ വഴി തെറ്റിക്കുന്നതായും പരാതി ഉയരുന്നുണ്ട്.

പരിഷ്‌കരണ പ്രസ്ഥാനങ്ങളും പ്രഭാഷണത്തെ തന്നെയാണ് അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും പടവെട്ടാനുള്ള മുഖ്യായുധമായി കണ്ടത്. ഇസ്‌ലാമിന്റെ സമഗ്രതയും സമ്പൂര്‍ണതയും ജനസാമാന്യത്തെ ബോധ്യപ്പെടുത്തുന്നതിലും പ്രഭാഷണങ്ങള്‍ വഹിച്ച പങ്ക് വലുതാണ്. എങ്കിലും അത്തരം പ്രഭാഷണങ്ങളും കുറ്റമറ്റതാണെന്ന് പറഞ്ഞുകൂടാ. സംഘടനകളുടെ ആശയപദാവലികള്‍ സാമാന്യമായെങ്കിലും അറിഞ്ഞെങ്കിലേ പ്രഭാഷണം മനസ്സിലാകൂ എന്നു വന്നുകൂടാത്തതാണ്. ഖുര്‍ആന്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന സാധാരണക്കാരായ മുതിര്‍ന്ന സ്ത്രീകള്‍ 'ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല' എന്ന് പറഞ്ഞ് തിരിച്ചു പോകുന്നുണ്ടെങ്കില്‍, പൊതുജനങ്ങളോട് സംവദിക്കുന്ന ഒരു പ്രഭാഷണശൈലി വളര്‍ത്തിയെടുക്കുന്നതില്‍ പ്രസംഗകര്‍ പരാജയപ്പെടുന്നു എന്നാണര്‍ഥം.

കെ.ഇ.എന്‍ പറഞ്ഞതുപോലെ, ചില പ്രഭാഷണങ്ങളെങ്കിലും അതിവൈകാരികതയുടെ അപസ്മാര പ്രകടനങ്ങളായി മാറുന്നുണ്ട്. അത്തരം പ്രസംഗ ക്ലിപ്പുകള്‍ തല്‍പ്പരകക്ഷികള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഒരു പ്രഭാഷണം നടത്തുമ്പോള്‍ പലതും ശ്രദ്ധിക്കാനുണ്ട്. ഓരോ വാക്കും പ്രയോഗിക്കുന്നത് വളരെ സൂക്ഷ്മതയോടെയാവണം. സ്ഥലവും സന്ദര്‍ഭവും നോക്കണം. അഭിസംബോധിതര്‍ ബഹുസ്വരസമൂഹമാണെന്ന ഓര്‍മ വേണം. തങ്ങള്‍ ഉദ്ദേശിക്കുന്ന ആശയങ്ങള്‍ തന്നെയാണ് പ്രഭാഷണത്തിലൂടെ ജനം മനസ്സിലാക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ കഴിയണം. ഇതൊന്നും മനസ്സിലാക്കാതെയും ശ്രദ്ധിക്കാതെയും ചിലര്‍ നടത്തുന്ന വൈകാരിക ആക്രോശങ്ങള്‍ മുസ്‌ലിം സമുദായത്തിന്റെ മൊത്തം പ്രതിഛായയെ പ്രതികൂലമായി ബാധിക്കുകയാണ്. സമുദായസംഘടനകളുടെ പുസ്തക-പത്രപ്രസിദ്ധീകരണങ്ങളില്‍ ഇതിനകം വലിയ മാറ്റങ്ങള്‍ വന്നൈങ്കിലും, പ്രഭാഷണം പഴയപോലെ നില്‍ക്കുകയാണ്. പ്രഭാഷണ രംഗത്ത് എങ്ങനെ ക്രിയാത്മക മാറ്റങ്ങള്‍ കൊണ്ട് വരാം എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (227)
എ.വൈ.ആര്‍

ഹദീസ്‌

നിസ്സംഗത വെടിയുക
കെ.സി ജലീല്‍ പുളിക്കല്‍