സമുദായത്തിന് പഠിക്കാന്‍ ഒരു വ്യാജ ഏറ്റുമുട്ടല്‍ കൂടി
ദല്‍ഹി കേന്ദ്രമായുള്ള 'ക്വില്‍ ഫൗണ്ടേഷന്‍' മുന്‍കൈ എടുത്ത് 'സിറ്റിസണ്‍സ് എഗന്‍സ്റ്റ് ഹെയ്റ്റ്' എന്ന പേരില്‍ സംഘടിപ്പിച്ച വസ്തുതാന്വേഷണ സംഘം ഹരിയാനയിലെ നൂഹിലെ വ്യാജ ഏറ്റുമുട്ടല്‍ സംബന്ധിച്ച് സെപ്റ്റംബര്‍ 19-ന് പുറത്തുവിട്ട റിപ്പോര്‍ട്ട് മുസ്‌ലിം സമുദായത്തെ ഞെട്ടിച്ചത് ഒന്നല്ല, പതിനൊന്ന് വ്യാജ ഏറ്റുമുട്ടലുകള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നൂഹ് ജില്ലയില്‍ മാത്രം നടന്നിരുന്നു എന്ന വെളിപ്പെടുത്തലിലൂടെയാണ്. അവയിലെല്ലാം കൊല്ലപ്പെട്ടത് മുസ്‌ലിം ചെറുപ്പക്കാരായിരുന്നു. കൊലപ്പെടുത്തിയ 15 പേര്‍ക്കുമെതിരെ ക്രിമനില്‍ കേസുകളുമുണ്ടായിരുന്നു. ഒരു സംസ്ഥാനത്തെ ഒരു ജില്ലയിലെ മാത്രം സംഭവമായി ഇതിനെ കാണാന്‍ കഴിയില്ലെന്ന് രാജ്യമൊട്ടുക്കും നിശ്ശബ്ദമായി അരങ്ങേറുന്ന വംശീയ ഉന്മൂലത്തിന്റെ ഉദാഹരണങ്ങള്‍ 'സിറ്റിസണ്‍സ് എഗന്‍സ്റ്റ് ഹെയ്റ്റ്' ഇയിടെ പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടിലുണ്ട്. മതപരമായ വിദ്വേഷത്തിന്റെ മറവില്‍ മുസ്‌ലിംകള്‍ക്ക് നേരെ നടക്കുന്ന ഏകപക്ഷീയമായ ആക്രമണങ്ങളുടെ വിവരണങ്ങള്‍ റിപ്പോര്‍ട്ടിലുള്ളതായി ഏറ്റവും പുതിയ ഏറ്റുമുട്ടല്‍ വിശദീകരിക്കുന്നതിനിടെ വസ്തുതാന്വേഷണ സംഘം വ്യക്തമാക്കുന്നുണ്ട്.
സെപ്റ്റംബര്‍ 16-ന് പുലര്‍ച്ചെ നടന്ന വ്യാജ ഏറ്റുമുട്ടലിലെ ഏറ്റവും ശ്രദ്ധേയമായ വസ്തുത ഇതിന് നേതൃത്വം നല്‍കിയത് അധികമൊന്നും കേട്ടിട്ടില്ലാത്ത പോലീസിന്റെ 'സി.ഐ.എ' എന്നൊരു വിംഗാണ്. ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ ഉണ്ടാക്കിയ ഈ വിഭാഗത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് നല്‍കുന്ന വിവരമനുസരിച്ച് ഇവരുടെ പ്രധാന ഉദ്ദേശ്യം പ്രത്യേക പരിശീലനം സിദ്ധിച്ച പോലീസിലെ ഒരു വിഭാഗത്തെ ഉപയോഗിച്ച് പ്രത്യേക തരം കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുക എന്നതാണ്. ഫരീദാബാദിലെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്ന ആന്റി ബംഗ്ലാദേശ് സ്റ്റാഫ് പോലെ ഒന്നാണിതെന്നും വെബ്‌സൈറ്റിലുണ്ട്. ഉത്തരേന്ത്യയില്‍ വിശിഷ്യാ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്‌ലിം വശീയ ഉന്മൂലനത്തിനായി നിശ്ശബ്ദമായി നടന്നുകൊണ്ടിരിക്കുന്ന തയാറെടുപ്പുകളെ കുറിച്ച് പല വിവരങ്ങളും സാമൂഹിക മാധ്യമങ്ങളിലും മറ്റും പുറത്തുവന്നുകൊണ്ടിരിക്കുന്ന വേളയില്‍ ഈ ഏറ്റുമുട്ടലില്‍നിന്ന് സമുദായത്തിന് പഠിക്കാന്‍ നിരവധി പാഠങ്ങളുണ്ട്.
ഏറ്റുമുട്ടലിനെ തുടര്‍ന്നുണ്ടായ ജനകീയ ഇടപെടലാണ് അതിലേറ്റവും പ്രധാനം. സെപ്റ്റംബര്‍ 15-ന് വെള്ളിയാഴ്ച വൈകീട്ട് പിതാവ് ഇസ്‌ലാം ഹുസൈനും ഭാര്യാപിതാവ് ഖുര്‍ശിദും ഏറ്റവുമൊടുവില്‍ മുന്‍ഫൈദിനെ കാണുമ്പോള്‍ അവന്റെ മൊബൈലിലേക്ക് പോലീസുകാരുടെ വിളി നിരന്തരം വരുന്നത് ശ്രദ്ധിച്ചിരുന്നുവെന്ന് ഇരുവരും വസ്തുതാന്വേഷണ സംഘത്തോട് പറഞ്ഞു. ചില സഹായത്തിനായി പോലീസുകാര്‍ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മുന്‍ഫൈദിനെതിരായ കേസ് പിന്‍വലിക്കുന്ന കാര്യമായതിനാല്‍ പോലീസ് വിളിച്ചിടത്തേക്ക് പോകാന്‍ ഇരുവരും മുന്‍ഫൈദിനെ ഉപദേശിച്ചു. വിളിച്ചവരില്‍പ്പെട്ട വിക്രാന്ത്, ശക്തി സിംഗ് എന്നീ പോലീസുകാര്‍ കേസ് പിന്‍വലിക്കാനുള്ള ചെലവെന്ന് പറഞ്ഞ് 2000 രൂപ ഏതാനും ദിവസം മുമ്പ് വാങ്ങിയിരുന്നുവെന്നും അവര്‍ പറഞ്ഞു. അങ്ങനെ വൈകീട്ട് അഞ്ച് മണിക്ക് ശേഷമാണ് മുന്‍ഫൈദ് പോലീസ് വിളിച്ച റെവാരിയിലേക്ക് പോകുന്നത്. പിറ്റേന്ന് രാവിലെ ആറരയായപ്പോഴേക്കും അവനെ പോലീസ് വെടിവെച്ചുകൊന്നുവെന്ന സന്ദേശമാണ് ലഭിക്കുന്നത്.
നൂഹിലെ നല്‍ഹദ് മെഡിക്കല്‍ കോളജിലേക്കായിരുന്നു ഏറ്റുമുട്ടലിന് ശേഷം പോലീസ് ആദ്യം മൃതദേഹവുമായി ചെന്നത്. അവന്‍ മരിച്ചുവെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതും അവിടെ നിന്നാണ്. അജ്ഞാത മൃതദേഹം എന്ന നിലയില്‍ ധിറുതിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിക്കാനായിരുന്നു പിന്നീട് പോലീസ് നീക്കം. കാരണം മുന്‍ഫൈദിന്റെ ശരീരത്തില്‍ ബുള്ളറ്റുകളുണ്ടെന്ന് വെടിവെച്ച പോലീസുകാര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ അജ്ഞാത മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നിയമപ്രകാരം മൂന്ന് ദിവസം കാത്തിരിക്കാതെ നടത്താനാവില്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ നിലപാട് സ്വീകരിച്ചതോടെ പോലീസ് കുഴങ്ങി. അതോടെ അവിടെ നിന്ന് മൃതദേഹമെടുത്ത് നേരെ നൂഹിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് പോലീസ് വന്നു. എന്നാല്‍ അവരും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ വിസമ്മതിച്ചതോടെ പല്‍വലില്‍നിന്നും ഒരു ഡോക്ടറെ പോലീസുകാര്‍ വിളിച്ചുവരുത്തി. ബന്ധുക്കള്‍ വരുന്നതിന് മുമ്പ് പോസ്റ്റ്‌മോര്‍ട്ടം നടത്തി ബുള്ളറ്റുകള്‍ നീക്കം ചെയ്ത് തെളിവ് നശിപ്പിക്കാനായിരുന്നു പോലീസിന്റെ ഉദ്ദേശ്യം.
രാവിലെ എട്ട് മണിക്ക് നൂഹ് കമ്യൂണിറ്റി സെന്ററിലെ മോര്‍ച്ചറിയിലെത്തുമ്പോള്‍ ഏതാനും പോലീസുകാരും ഒരു ഡോക്ടറും സ്‌ട്രെച്ചറില്‍ കിടത്തിയ മൃതദേഹത്തെ വളഞ്ഞ് നില്‍ക്കുകയാണ്. മൃതദേഹത്തിലെന്തെക്കൊയോ അവര്‍ ചെയ്യുന്നുണ്ടെന്ന് പിതാവ് മനസ്സിലാക്കി. മുന്‍ഫൈദിന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറുന്നതും ശരീരത്തില്‍നിന്ന് എന്തോ നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതും അദ്ദേഹം കണ്ടു. പിതാവ് എതിര്‍ത്തപ്പോള്‍ അദ്ദേഹത്തെ ചീത്ത വിളിച്ച് മോര്‍ച്ചറിയില്‍നിന്ന് പുറത്തുകടക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് മേവാത്തീ സമുദായത്തിലെ ആക്ടിവിസ്റ്റും അഭിഭാഷകനുമായ അഡ്വ. റംസാന്‍ ചൗധരിയെയും കൊണ്ട് പിതാവ് മോര്‍ച്ചറിയിലെത്തിയത്. അപ്പോഴേക്കും വിവരമറിഞ്ഞ് നാട്ടുകാരുമെത്തിയിരുന്നു. അതോടെ പോലീസ് ഉദ്യോഗസ്ഥരും ഡോക്ടറും മോര്‍ച്ചറി പൂട്ടി സ്ഥലം വിട്ടു. താനൊന്നുമറിയില്ലെന്നും പോലീസുകാര്‍ വിളിച്ചുകൊണ്ടുവന്നതാണെന്നും പോകുന്നതിനിടയില്‍ ഡോക്ടര്‍ മുന്‍ഫൈദിന്റെ പിതാവിനോട് പറയുന്നുണ്ടായിരുന്നു. പിന്നീട് ശഹീദ് ഹസന്‍ മേവാത്തി മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ വൈകീട്ട് നാലര മണിക്ക് മൂന്ന് ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്ത് പോസ്റ്റ് മോര്‍ട്ടം നടത്താന്‍ പോലീസ് നിര്‍ബന്ധിതമായി.
അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ജനങ്ങള്‍ തടിച്ചുകൂടിയതോടെ 250-ാളം പോലീസുകാരെ ആശുപത്രിക്ക് കാവലായി വിന്യസിച്ചു. ഉച്ചക്ക് ശേഷം സ്ഥലത്തെത്തിയ പോലീസ് സൂപ്രണ്ട് സംഭവത്തിലുള്‍പ്പെട്ട പോലീസുകാരെ സസ്‌പെന്റ് ചെയ്ത് അറസ്റ്റ് ചെയ്യുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഉച്ചക്ക് ശേഷം പിതാവിന്റെ മൊഴിയെടുത്ത പോലീസ് അതിന്റെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രേഖപ്പെടുത്തുമെന്ന് ഉറപ്പുനല്‍കിയിരുന്നുവെങ്കിലും അത് അട്ടിമറിച്ചുവെന്ന് വസ്തുതാന്വേഷണ സംഘം കണ്ടെത്തി. പിതാവിന്റെ മൊഴിയെടുക്കും മുമ്പെ മസ്താന എന്ന സി.ഐ.എ ഇന്‍സ്‌പെക്ടറുടെ മൊഴി ആധാരമാക്കി രാവിലെ 10.39-ന് തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വസ്തുതാന്വേഷണ സംഘം പറഞ്ഞപ്പോഴാണ് പിതാവ് തന്റെ മൊഴി എഫ്.ഐ.ആറിലില്ലെന്ന് അറിയുന്നത്. എത്രയും ശക്തമായ സമ്മര്‍ദ തന്ത്രങ്ങള്‍ക്കിടയിലും കേസ് അട്ടിമറിക്കാന്‍ തന്ത്രപരമായ കരുനീക്കം അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുമെന്നതിന്റെ ദൃഷ്ടാന്തമാണ് ഈ അട്ടിമറി.
മൂന്ന് ദൃക്‌സാക്ഷികള്‍ മുന്‍ഫൈദിന്റെ കൊലപാതകത്തിനുണ്ടായിരുന്നു. ഇവര്‍ മൂവരും അവന്റെ സുഹൃത്തുക്കളുമായിരുന്നു. തന്റെ പരിചയക്കാരായ പോലീസ് ഓഫീസര്‍മാരെ കാണാന്‍ അവന്‍ പോകുമ്പോള്‍ കൂടെ കുട്ടിയതായിരുന്നു മൂന്നു പേരെയും. ഒരു പച്ച ബോലെറോ വണ്ടിയിലത്തെിയ പോലീസ് ഉദ്യോഗസ്ഥര്‍ ഈ നാല് പേരുമുണ്ടായിരുന്ന വാഹനത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് അത് നിര്‍ത്തി. കാറിലിരിക്കുകയായിരുന്ന മുന്‍ഫൈദിനെ അവര്‍ വെടിവെക്കുകയും ചെയ്തു. ഇത് കണ്ട് മൂവരും കാറില്‍ നിന്ന് ഇറങ്ങിയോടി ഗ്രാമത്തിലെത്തി ഗ്രാമവാസികളെ കൊലപാതകത്തെ കുറിച്ചറിയിച്ചു. ഈ വിവരം നല്‍കി തങ്ങളുടെ ജീവന്‍ അപകടത്തിലാകുമോ എന്ന് ഭയന്ന് ഒളിവില്‍ പോയിരിക്കുകയാണ് മൂന്ന് സുഹൃത്തുക്കളുമിപ്പോള്‍. വിവരങ്ങളെല്ലാം നാട്ടുകാരെ കൃത്യമായി അറിയിക്കാന്‍ ഇവര്‍ കാണിച്ച ശുഷ്‌കാന്തിയാണ് നൂഹിലെ മറ്റു ഏറ്റുമുട്ടലുകള്‍ പോലെ മൂടിവെക്കാമായിരുന്ന ഏറ്റുമുട്ടലിനെ പുറംലോകത്തത്തെിച്ചത്.
വെള്ള പിക്കപ്പിലാണ് തങ്ങള്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയതെന്നാണ് പോലീസ് ഭാഷ്യം. അതേസമയം ഈ വെള്ള പിക്കപ്പ് കിടന്നുവെന്ന് പറയുന്ന തൂറു ഗ്രാമത്തിലേക്കുള്ള ഗതാഗതം റോഡ് പണി കാരണം ഹരിയാന സര്‍ക്കാര്‍ നിരോധിച്ച നിലയിലാണ്. അവിടെ സ്ഥാപിച്ച ചെക്‌പോസ്റ്റിലുടെ ഒരു വാഹനവും കടത്തിവിടാറില്ല. മാത്രമല്ല, മുന്‍ഫൈദിന്റെ കൂട്ടുകാര്‍ ഗ്രാമവാസികളോട് പറഞ്ഞത് ശരിവെക്കുന്ന തരത്തില്‍ മുകളില്‍ ലൈറ്റുള്ള പച്ച പോലീസ് വാഹനം സെപ്റ്റംബര്‍ 15-ന് അര്‍ധരാത്രി ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തിന് നേരെ കുതിച്ചിരുന്നുവെന്ന് സോംഖ് ഗ്രാമവാസികള്‍ പറയുന്നുണ്ട്. പിറ്റേന്ന് ആറേഴ് മണിയായപ്പോഴേക്കും ഒരു പോലീസ് പി.സി.ആര്‍ വാഹനവും അവിടേക്ക് വന്നിട്ടുണ്ട്. ജനജാഗ്രതക്കിടയിലും പോലീസ് കേസ് അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ ഓരോന്നും പുറംലോകത്തെത്തിക്കാന്‍ കഴിഞ്ഞത് തൊട്ടുടനെ ഒരു വസ്തുതാന്വേഷണ സംഘത്തെ അയക്കാന്‍ കഴിഞ്ഞതു കൊണ്ട് മാത്രമാണ്. രാജ്യത്തെ അനേ്വഷണ ഏജന്‍സികള്‍ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന കാലത്ത് ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ സമുദായം ജാഗ്രത കാണിക്കേണ്ടത്, സ്വന്തം നിലക്കോ മറ്റുള്ളവരുടെ സഹായത്താലോ ഒട്ടും അമാന്തിക്കാതെ വസ്തുതാന്വേഷണത്തിന് ആളെ വിടുന്നതിനാണ്.
Comments