Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 29

3019

1439 മുഹര്‍റം 08

എ. മുഹമ്മദ് സാഹിബ്

സിദ്ദീഖ് കുറ്റിക്കാട്ടൂര്‍

കുറ്റിക്കാട്ടൂരിലെ ആദ്യകാല ഇസ്‌ലാമിക പ്രവര്‍ത്തകരില്‍ പ്രമുഖനായിരുന്നു ആനക്കുഴിക്കര എ. മുഹമ്മദ് സാഹിബ് (കെ.എസ്.ആര്‍.ടി.സി). കുറ്റിക്കാട്ടുരിലെ ഇസ്‌ലാമിക പ്രവത്തകര്‍ ആദ്യഘട്ടത്തില്‍ കോവൂര്‍ ഘടകത്തിന്റെ ഭാഗമായാണ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് കുറ്റിക്കാട്ടൂരില്‍ നിലവില്‍ വന്ന മുത്തഫിഖ് ഹല്‍ഖയുടെ സാരഥിയായി അദ്ദേഹം കുറച്ചു കാലം പ്രവര്‍ത്തിച്ചു. വ്യക്തവും കൃത്യവുമായി കാര്യങ്ങള്‍ അവതരിപ്പിക്കാനും സഹപ്രവത്തകരെ പ്രചോദിപ്പിക്കാനും സാധിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സിയില്‍ മെക്കാനിക്കായി ജോലി ചെയ്തുവരുന്നതിനിടയില്‍ അദ്ദേഹം കുറച്ചു കാലം പ്രവാസ ജീവിതവും നയിക്കുകയുണ്ടായി. തന്റെ പരിഭവങ്ങളോ പരിദേവനങ്ങളോ ആരുമായും പങ്കുവെക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയതില്‍ പിന്നെ കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് വിരമിച്ച് കോഴിക്കോട് പാരിസണ്‍സില്‍ മെക്കാനിക്ക് സൂപ്പര്‍വൈസറായി ജോലി നോക്കുകയായിരുന്നു. കുറഞ്ഞ കാലം കൊണ്ട് തന്നെ സഹപ്രവര്‍ത്തകരുടെ വിശ്വാസവും സ്‌നേഹവും പിടിച്ചുപറ്റാന്‍ സാധിച്ചു. രോഗം തന്നെ കീഴ്‌പ്പെടുത്തിയത് അറിഞ്ഞിരുന്നുവെങ്കിലും കുടുംബത്തെയോ സുഹൃത്തുക്കളെയോ അറിയിക്കാതെ മരിക്കുന്നതിന്റെ തൊട്ട് ആഴ്ച വരെ അദ്ദേഹം ജോലിക്ക് ഹാജരായി. ആശുപത്രിയില്‍ പ്രവേശിക്കുന്ന തലേ ദിവസം അദ്ദേഹം കുറ്റിക്കാട്ടുര്‍ മസ്ജിദ് ഹിറ സെക്രട്ടറിയുടെ പക്കല്‍ പള്ളി പരിപാലനത്തിനായി ഒരു സംഖ്യ ഏല്‍പ്പിക്കുകയുായി. ഭാര്യ: ഹലീന (നല്ലളം) മക്കള്‍: ഷെബില്‍, ഷെദില.

 

 

 

ജുനൈദ്, ശിഹാബ്, അമീര്‍ അലി

മാള ആലങ്ങാട്ടുകാരന്‍ അബൂബക്കര്‍-കൊച്ചാമി ദമ്പതികളുടെ മൂന്ന് ആണ്‍മക്കള്‍ ആറ് മാസങ്ങള്‍ക്കുള്ളില്‍ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കി യാത്രയായി. അമീര്‍ അലി (63), ജുനൈദ് (58), ശിഹാബ് (38) എന്നിവരുടെ മരണം അപ്രതീക്ഷിതമായിരുന്നു. ദീര്‍ഘകാലം ഖത്തറില്‍ കുടുംബസമേതം താമസിച്ചിരുന്ന ജുനൈദ് പെട്ടെന്നാണ് രോഗബാധിതനായത്. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് നാട്ടിലെത്തിച്ചുവെങ്കിലും  ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. 

സജീവ ഇസ്‌ലാമിക പ്രവര്‍ത്തകനായ ജുനൈദ് ദീര്‍ഘകാലം ഖത്തര്‍-മാള റിലീഫ് കമ്മിറ്റി ഭാരവാഹിയായിരുന്നു. ജമാഅത്തെ ഇസ്‌ലാമി മാള യൂനിറ്റ് അംഗമായ ഇദ്ദേഹം മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു. ദീനീ സംരംഭങ്ങളില്‍ ആവേശം പ്രകടിപ്പിക്കുകയും ആ മാര്‍ഗത്തില്‍ ധനം ചെലവഴിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ജനാസ ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് കൊണ്ടുവന്ന വാഹനം നേരത്തേ അദ്ദേഹം മുന്‍കൈയെടുത്ത് മാള ജുമാ മസ്ജിദിന് നല്‍കിയതാണ്. ഖത്തറില്‍ ഇസ്‌ലാമിക പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. ഒരിക്കല്‍ ശൈഖ് യൂസുഫുല്‍ ഖറദാവി അദ്ദേഹത്തിന്റെ താമസസ്ഥലത്ത് ആതിഥ്യം സ്വീകരിക്കാനെത്തിയതും ഖറദാവിയില്‍നിന്ന് ലഭിച്ച ഉപദേശങ്ങള്‍ പിന്നീട് പ്രായോഗികമാക്കിയതും വലിയ ആവേശത്തോടെ പറയാറുണ്ടായിരുന്നു. സുഊദി അറേബ്യയില്‍ കുടുംബമായി താമസിച്ചിരുന്ന ഇളയ അനുജന്‍ ശിഹാബ് കുഴഞ്ഞുവീണാണ് മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊക്കെയായി നോമ്പുതുറ ഒരുക്കാനും ശിഹാബ് മുന്നിലുണ്ടായിരുന്നു. വിനയാന്വിതനായ അദ്ദേഹം സുഹൃദ്ബന്ധങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു.

രണ്ടു മക്കളുടെ ആകസ്മിക മരണം തളര്‍ത്തിയ മാതാവ് കൊച്ചാമിക്ക് താങ്ങാനാവുന്നതിനപ്പുറമായിരുന്നു മൂത്ത മകന്‍ അമീര്‍ അലിയുടെ വേര്‍പാട്. റിട്ട. സൈനികനായ അമീര്‍ അലി ചികിത്സയിലിരിക്കെയാണ് മരിച്ചത്. നേരത്തേ എല്‍.ഐ.സി ഉേദ്യാഗസ്ഥനായിരുന്ന അദ്ദേഹം പ്രസ്ഥാന അനുഭാവിയായിരുന്നു. അമീര്‍ അലിയുടെ ഭാര്യ: നൂര്‍ജഹാന്‍, മക്കള്‍: ഹാരിസ് (സംസ്ഥാന എയര്‍ പിസ്റ്റള്‍ ചാമ്പ്യന്‍), അനസ്, അനീസ (ഇരുവരും ഖത്തര്‍). മരുമക്കള്‍: നിഷ, സജ്‌ന. ജുനൈദിന്റെ ഭാര്യ: അസൂറ. മക്കള്‍: ഹിശാം, ഷെമില്‍, സമീഹ (എല്ലാവരും ഖത്തര്‍). മരുമക്കള്‍: ശബ്‌ന, ഹിബ. ശിഹാബിന്റെ ഭാര്യ: സെറീന. മക്കള്‍: ഇഹ്‌സാന്‍, ഇസ്സത്ത് ഫര്‍സാന, ഇല്‍ഹാന്‍.

അബ്ബാസ് മാള



ടി.പി കുട്ടിരായിന്‍ മുസ്‌ലിയാര്‍

കൊടിയത്തൂര്‍ ഏരിയയിലെ കക്കാട് ഘടകത്തിലെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു കുട്ടിരായിന്‍ മുസ്‌ലിയാര്‍ എന്ന അബ്ദുല്‍ ഹമീദ് മൗലവി. മദ്‌റസാ അധ്യാപകനും മാതൃകാ കര്‍ഷകനുമായിരുന്ന അദ്ദേഹം കൃഷിവകുപ്പിന്റെ 'കര്‍ഷകശ്രീ' അവാര്‍ഡ് ജേതാവാണ്. ചെറിയ വരുമാനം കൊണ്ട് ലളിതവും ധന്യവുമായ ജീവിതം നയിച്ചു. കൊടിയത്തൂര്‍, തിരൂര്‍, ഉളിയില്‍, മൂഴിക്കല്‍, ചേന്നര, കൊടുവള്ളി, കുനിയില്‍, ആനയാംകുന്ന്, ഓമശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ മദ്‌റസ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കക്കാട്ട് അദ്ദേഹം വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിവെച്ച 'വനിതാ ഖുര്‍ആന്‍ പഠനവേദി'യുടെ തുടര്‍ച്ച വ്യത്യസ്ത ആശയക്കാരുടെ പങ്കാളിത്തത്തോടെ ഇപ്പോഴും തുടര്‍ന്നുവരുന്നു. പള്ളി ദര്‍സുകളില്‍നിന്നാണ് ദീനീവിജ്ഞാനം നേടിയത്. പുനരുദ്ധാരണം നടത്താന്‍ ഉദ്ദേശിക്കുന്ന കക്കാട് ഇസ്‌ലാമിക് സെന്ററിനുള്ള തന്റെ വിഹിതം ഹല്‍ഖാ നാസിമിനെ ഏല്‍പിച്ചാണ് അദ്ദേഹം തന്റെ 88-ാം വയസ്സില്‍ യാത്ര പറഞ്ഞത്. മക്കള്‍: ഉസാമത്ത്, മന്‍സൂര്‍, സുഹ്‌റ, സാബിറ, സബിത.

 

ടി. അഹമ്മദ് കക്കാട്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (227)
എ.വൈ.ആര്‍

ഹദീസ്‌

നിസ്സംഗത വെടിയുക
കെ.സി ജലീല്‍ പുളിക്കല്‍