Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 29

3019

1439 മുഹര്‍റം 08

മതപ്രഭാഷണങ്ങളെ വിചാരണ ചെയ്യുമ്പോള്‍

സുഫ്‌യാന്‍ അബ്ദുസ്സത്താര്‍

മതപ്രഭാഷണങ്ങള്‍ പ്രതി നിരവധി തമാശകള്‍ സോഷ്യല്‍ മീഡിയയിലും മതപ്രഭാഷക വൃത്തങ്ങളിലും പ്രചരിക്കാറുണ്ട്. ഈയിടെ ഫേസ് ബുക്കില്‍ പ്രചരിച്ച ഒന്ന് ഇങ്ങനെയാണ്. സംഘാടകരിലൊരാള്‍ ഒരു മതപ്രഭാഷകനെ വിളിച്ച്, 'ശൈത്വാനെ പിടിച്ചുകെട്ടാന്‍' എന്ന വിഷയത്തില്‍ സംസാരിക്കാന്‍ ബുക്ക് ചെയ്യുന്നു. തീയതി ഉറപ്പിച്ചതിനു ശേഷം സംഘാടകന്‍ പ്രഭാഷകനോട് ഫീസിനെക്കുറിച്ച് ആരായുന്നു. ഭീമമായ സംഖ്യയാണ് മറുതലക്കല്‍ നിന്നുള്ള മറുപടി. അപ്പോള്‍ സംഘാടകന്‍ തിരിച്ചു ചോദിക്കുന്നത്; ശൈത്വാനെ പിടിച്ചുകെട്ടേണ്ട, ഒന്ന് പേടിപ്പിച്ചു വിട്ടാല്‍ മതി, കുറഞ്ഞ പ്രതിഫലത്തിന് വരുമോ എന്നാണ്. ചിരിക്കാന്‍ ഒട്ടേറെ വക നല്‍കുന്നതോടൊപ്പം, കേരളത്തിലെ മതപ്രഭാഷണ രംഗം എത്തിച്ചേര്‍ന്നിരിക്കുന്ന മൂല്യശോഷണത്തെക്കൂടി ഈ തമാശ വരച്ചിടുന്നുണ്ട്.

മതപ്രഭാഷണങ്ങളുടെ ലക്ഷ്യമെന്ത് എന്ന കാതലായ ചോദ്യം അതിന്റെ ഉള്ളടക്കത്തെയും ശൈലിയെയും കുറിച്ചുള്ള പുനരാലോചനകളിലേക്ക് നയിക്കുമെന്ന് തീര്‍ച്ചയാണ്. ഓരോ സന്ദര്‍ഭത്തിലുമുള്ള പ്രഭാഷണങ്ങള്‍ക്ക് വ്യത്യസ്തമായ ലക്ഷ്യമാണ് കൈവരിക്കാനുള്ളത്. പ്രവാചക ചരിത്രം പരിശോധിച്ചാല്‍,  യുദ്ധത്തിന് പുറപ്പെടാന്‍ സജ്ജമായിരിക്കുന്ന സൈനികരോട് നടത്തുന്ന പ്രസംഗത്തിന്റെയും വെള്ളിയാഴ്ചകളില്‍ പള്ളിയിലെത്തിയ അതേ ആളുകളോട് നടത്തുന്ന പ്രസംഗത്തിന്റെയും ലക്ഷ്യം വെവ്വേറെയാണെന്ന് ബോധ്യമാകും. സാഹചര്യവും സന്ദര്‍ഭവുമാണ് പ്രസംഗത്തിന്റെ ലക്ഷ്യത്തെ നിര്‍ണയിക്കുന്നത്. വിജ്ഞാനപ്രസരണത്തിനുള്ള ഒരു മാര്‍ഗമെന്ന നിലയിലാണ് കേരളത്തിലെ മതപ്രഭാഷണ രംഗം വികസിച്ചുവന്നിട്ടുള്ളത്. എന്നാല്‍, ഇന്നത്തെ പ്രഭാഷണങ്ങളുടെ ഉള്ളടക്കം എത്രത്തോളം വിജ്ഞാനപ്രസരണം എന്ന ദൗത്യം നിര്‍വഹിക്കുന്നുണ്ട്? 'ഭക്തിപ്രസരണ'വും അതിലൂടെ എളുപ്പമാകുന്ന സാമ്പത്തിക സമാഹരണവുമാണ് പലപ്പോഴും മതപ്രഭാഷണ പരമ്പരകളുടെ ലക്ഷ്യമായി സംഘാടകരും പ്രഭാഷകരും മനസ്സിലാക്കിയിരിക്കുന്നത്. അതുകൊണ്ടാണ്, പൊതുജനങ്ങളെ ആകര്‍ഷിക്കുന്ന വിവിധ ഫണ്ട് റൈസിംഗ് ഇവന്റുകള്‍ക്ക് സമാനമായി, മതപ്രഭാഷണങ്ങള്‍ ഒരു സാമ്പത്തിക സമാഹരണ മാര്‍ഗമായി മാറുന്നത്. ഈ മാറ്റം അതിന്റെ ലക്ഷ്യത്തെയും ഉള്ളടക്കത്തെയും ചോര്‍ത്തിക്കളയുന്നുണ്ട്.

ഒരു വലിയ ആള്‍ക്കൂട്ടത്തിന് വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യം ഇന്ന് മതപ്രഭാഷണങ്ങള്‍ നിറവേറ്റുന്നുണ്ടോ? അത്തരമൊരു ലക്ഷ്യം നിര്‍വഹിക്കാത്തത് തന്നെയാണ് പ്രഭാഷണങ്ങളുടെ ഉള്ളടക്കം പൊള്ളയായി മാറുന്നതിന്റെ പ്രധാന കാരണം. അബ്ബാസീ കാലഘട്ടത്തിന്റെ അവസാന പാദത്തില്‍ കവിതകള്‍ക്ക് സംഭവിച്ച അപചയത്തെ ഒറ്റ വാചകത്തില്‍ പരിചയപ്പെടുത്താറുള്ളത്, സ്വര്‍ണത്തിന്റെ ഉറയില്‍ സൂക്ഷിച്ച മരത്തിന്റെ വാള്‍ എന്നാണ്. അതിന്റെ പ്രധാന കാരണം മിക്ക കവികളുടെയും ലക്ഷ്യം രാജാക്കന്മാരെയും ഭരണാധികാരികളെയും സുഖിപ്പിച്ച് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നേടുക മാത്രമായിത്തീര്‍ന്നു എന്നതാണ്. അതുപോലെ, പ്രമാണിമാരുടെയും ധനാഢ്യരുടെയും കൈകളിലെ പണം സ്വരൂപിക്കുന്നതിനുള്ള മാര്‍ഗമായി മതപ്രഭാഷണങ്ങള്‍ മാറി. ഈ മാറ്റമാണ്, അതിന്റെ വിഷയം നിര്‍ണയിക്കുകയും അവതരണ ശൈലിയെ സ്വാധീനിക്കുകയും ചെയ്യുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വൈജ്ഞാനിക വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെന്നു മാത്രമല്ല, ധാര്‍മിക ബോധനങ്ങളില്‍ തന്നെ വിഷയങ്ങള്‍ക്ക് പരിധി നിശ്ചയിക്കപ്പെടുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പുകളും സാമൂഹികനീതിയുടെ പാഠങ്ങളും പ്രഭാഷണത്തിന് വിഷയീഭവിക്കുന്നത് വിരളമാകുന്നതിനു പിന്നിലെ അടിസ്ഥാന കാരണം ലക്ഷ്യത്തില്‍ വന്ന ഈ മാറ്റമാണ്. ശ്രോതാക്കളും പ്രഭാഷണത്തിന് മാര്‍ക്കിടുന്നത് അതിന്റെ ഉള്ളടക്കവും കനവും നോക്കിയല്ല. പറയുന്ന കാര്യങ്ങളിലെ പുതുമയും ശൈലിയുമാണ് പ്രസംഗത്തെ വിലയിരുത്താനുള്ള മാനദണ്ഡം. മുമ്പ്, പുതുമക്കു വേണ്ടി യഥേഷ്ടം ഉദ്ധരിച്ചിരുന്നത് ഇസ്രാഈലീ കെട്ടുകഥകളാണ്. ഇന്നത്, ഫേസ് ബുക്കിലും വാട്‌സ്ആപ്പിലും പ്രചരിക്കുന്ന അര്‍ധ സത്യങ്ങളും ഭാവനകളുമാണ്. പ്രസംഗത്തിന് പൊലിമ കൂട്ടാന്‍ യഥാര്‍ഥ സംഭവങ്ങളായി അത്തരം കഥകളെ അവതരിപ്പിക്കുന്നു. വൈജ്ഞാനികമായി പൊള്ളയായിരിക്കുകയും പറയുന്ന കാര്യങ്ങളില്‍ ആത്മാര്‍ഥത ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ശ്രോതാക്കളെ പിടിച്ചിരുത്താനുള്ള ഏക വഴി അതിശയോക്തികള്‍ തന്നെയാണ്.

വിജ്ഞാനത്തിന്റെ കനമുള്ള പ്രഭാഷണങ്ങള്‍ക്കും ഹൃദയത്തില്‍നിന്ന് ഹൃദയത്തിലേക്കുള്ള ഭാഷണങ്ങള്‍ക്കും അതിശയോക്തികളുടെ ആവശ്യമില്ല. മതപ്രഭാഷകര്‍ അനിവാര്യമായും പുലര്‍ത്തേണ്ട ജീവിത വിശുദ്ധിയും അതടിസ്ഥാനപ്പെടുത്തിയുള്ള ഭാഷണവും അനുവാചക ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്നത് തീര്‍ച്ചയാണ്. പരന്ന വായനയും തുറന്നുവെച്ച ഹൃദയവും ഉള്‍ക്കാഴ്ചയുമാണ് ഒരു പ്രഭാഷകന്റെ മുതല്‍ക്കൂട്ട്. ഒരു വിഷയത്തിലുള്ള മറ്റൊരു പ്രഭാഷണം പലയാവൃത്തി കേട്ടുകൊണ്ട് അത് പ്രസംഗിക്കാനുള്ള ശ്രമം നടത്തുന്നത് പ്രഭാഷണ കലയല്ല, അനുകരണ കലയാണ്. വിഷയത്തെക്കുറിച്ച കൃത്യമായ ധാരണയും അറിയാത്ത മേഖലകള്‍ അറിയില്ല എന്ന് പറയാനുള്ള ധൈര്യവും സമ്പാദിക്കേണ്ടത് വായനയിലൂടെ തന്നെയാണ്. പത്തു പുസ്തകം വായിക്കുന്നതിന് സമമാണ്, അത് വായിച്ച ഒരാളോട് സംസാരിക്കുന്നതെന്ന് പറയാറുണ്ട്. സമാനമായി, പുസ്തകം വായിച്ച ഒരാളുടെ പ്രഭാഷണം കേള്‍ക്കുമ്പോള്‍ അത് വായിച്ച ഫലം തന്നെ ശ്രോതാക്കളിലുണ്ടാകും. ആഴത്തിലുള്ള വിജ്ഞാനത്തില്‍ കയറിനിന്നുകൊണ്ട് പ്രസംഗിക്കാന്‍ സാധിക്കുമ്പോഴാണ് അത് ഒരു കലയും വിജ്ഞാനപ്രസരണത്തിനുള്ള മാര്‍ഗവുമായി മാറുന്നത്. അറബിയിലുള്ള ഏത് ഉദ്ധരണി കേള്‍ക്കുമ്പോഴേക്കും അതിനു മുന്നില്‍ സുജൂദ് വീഴുന്ന ആളുകള്‍ പെരുകിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍, ഉള്ളടക്കത്തില്‍ കനമുള്ള പ്രഭാഷണങ്ങളെയാണ് നമുക്കാവശ്യം. നല്ല പ്രഭാഷണങ്ങള്‍ അധരത്തില്‍നിന്ന് ചെവിയിലേക്കല്ല, ഹൃദയത്തില്‍നിന്ന് ഹൃദയത്തിലേക്കാണ് സഞ്ചരിക്കുന്നതെന്ന് വില്യം ബ്രയാന്‍ പറഞ്ഞുവെച്ചിട്ടുണ്ട്.

 

പ്രഭാഷണത്തിന്റെ ശൈലി

വൈജ്ഞാനികമായി ആഴവും പരപ്പുമുള്ള വ്യക്തികളുടെ പ്രഭാഷണത്തിന് ഇന്നത്തെ മാര്‍ക്കറ്റ് ശൈലി ഉണ്ടായിക്കൊള്ളണമെന്നില്ല. ശൈലിയെ നിര്‍ണയിക്കുന്നത് സാഹചര്യവും സന്ദര്‍ഭവുമാണ്. ഉള്ളടക്കത്തില്‍ കനമുള്ള മതപ്രഭാഷണങ്ങള്‍ക്ക് കേട്ടു ശീലിച്ച ശൈലി ആവശ്യമേയില്ല. ഇന്ന് കേരളത്തില്‍ കാണുന്ന ഈ പാതിരാ പ്രഭാഷണങ്ങളുടെ ശൈലികള്‍ക്ക് പരമാവധി അമ്പത് വര്‍ഷത്തിനപ്പുറം ആയുസ്സ് കാണില്ല. സൗണ്ട് ബോക്‌സിന്റെയും സാങ്കേതിക വിദ്യയുടെയും വികാസമാണല്ലോ ഈ ശൈലിയിലേക്ക് മതപ്രസംഗങ്ങളെ എത്തിച്ചത്. ഇതൊരു സാമ്പത്തിക സമാഹരണ മാര്‍ഗമായും ആള്‍ക്കൂട്ടങ്ങളുടെ ആഘോഷമായും മാറിയതിന് പത്തു വര്‍ഷത്തെ പഴക്കമേ കാണൂ. കേള്‍വിയെക്കുറിച്ചുള്ള മുസ്‌ലിം ഭാവനകളെ ചേര്‍ത്തുവെച്ച് ന്യായീകരണം കണ്ടെത്താന്‍ മാത്രം സാമൂഹിക വേരുകള്‍ ഉള്ള ഒന്നല്ല ഇന്നത്തെ മതപ്രഭാഷണ ശൈലികള്‍. പറയുന്ന കാര്യങ്ങളോടൊപ്പം തന്നെ പ്രസംഗകരുടെ വൈയക്തിക ജീവിതവും പ്രഭാഷണ ശൈലിയും കൂടി പരിഗണിക്കുമ്പോള്‍, മതപ്രഭാഷണത്തിന്റെ ഉള്ളടക്കവും ശൈലിയും മാത്രമല്ല, പറയുന്ന വിഷയങ്ങളിലെ ആത്മാര്‍ഥത കൂടി ആലോചനാവിഷയമാകേണ്ടതുണ്ട്. 

പ്രസംഗത്തിന്റെ വിഷയം, സാഹചര്യം, സന്ദര്‍ഭം ഒക്കെയനുസരിച്ച് ചില കാര്യങ്ങള്‍ പറയുമ്പോള്‍ അതിന്റെ വികാരം തീര്‍ച്ചയായും പ്രഭാഷകന്റെ മുഖത്തും ശബ്ദത്തിലും പ്രതിഫലിക്കും. നബി (സ)യുടെ ഖുത്വ്ബയെക്കുറിച്ച് അനുചരന്മാര്‍ അങ്ങനെ പറഞ്ഞിട്ടുണ്ട്. ഒരു സൈനിക തലവന്‍ നിര്‍ദേശം നല്‍കുന്ന പോലെ മുഖത്ത് ഗൗരവം പ്രകടമായിരുന്നുവെന്ന് ഹദീസുകളിലുണ്ട്. ആത്മാര്‍ഥത സ്ഫുരിക്കുന്ന പ്രസംഗങ്ങള്‍ പ്രഭാഷകന്റെ ശരീര ഭാഷയെ കൂടി ഉള്‍ച്ചേര്‍ത്തിരിക്കും. എന്നാല്‍ കൃത്രിമമായ ശരീര ചലനങ്ങളും മറ്റാരുടെയെങ്കിലും ശരീരഭാഷയെ പകര്‍ത്താനുള്ള ശ്രമങ്ങളും പരിഹാസ്യമാണ്. സ്റ്റേജില്‍ അഭിനയിക്കുന്നവരായി പ്രഭാഷകര്‍ മാറരുത്. ഹൃദയത്തിനുള്ളില്‍നിന്ന് വരുന്ന ഭാഷണമായി മതപ്രസംഗങ്ങള്‍ മാറണം. കാരണം, മതം സംസാരിക്കുന്നത് ഹൃദയത്തോടാണ്.

ചരിത്രത്തില്‍ ഇടംപിടിച്ച പ്രഭാഷണങ്ങളുടെയെല്ലാം തന്നെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് അവയുടെ ശൈലിയാണ്. പ്രഭാഷകന്‍ എന്ന വ്യക്തി കൂടി ഉള്‍പ്പെടുന്നതാണ് പ്രഭാഷണത്തിന്റെ ശൈലി. അതുകൊണ്ടാണ്, തീര്‍ച്ചയായും പ്രസംഗത്തിന് ആകര്‍ഷണമുണ്ടെന്ന് പ്രവാചകന്‍ പറഞ്ഞത്. പ്രവാചകന്റെ വിയോഗം താങ്ങാനാവാതെ അസ്വസ്ഥപ്പെട്ടിരുന്ന വിശ്വാസികളെ ശാന്തരാക്കാന്‍ അബൂബക്ര്‍ (റ) നടത്തിയ പ്രസംഗം, മദീനക്കാര്‍ ഖവാരിജുകള്‍ക്കെതിരെ തിരിഞ്ഞപ്പോള്‍ അവരെ ശാന്തരാക്കാന്‍ ഖവാരിജുകളെ ന്യായീകരിച്ചുകൊണ്ട് അബൂ ഹംസ അശ്ശാരി നടത്തിയ പ്രസംഗം, സ്‌പെയിന്‍ പിടിച്ചടക്കാന്‍ എത്തിയ മുസ്‌ലിംകളോട് കടല്‍ തീരത്തു വെച്ച് ത്വാരിഖുബ്‌നു സിയാദ് നടത്തിയ പ്രസംഗം, മാര്‍ട്ടിന്‍ ലൂഥറിന്റെ 'ഐ ഹാവ് എ ഡ്രീം' എന്ന ചരിത്രപ്രസിദ്ധമായ പ്രസംഗം, 1863-ല്‍ എബ്രഹാം ലിങ്കണ്‍ നടത്തിയ മൂന്ന് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഗെട്ടിസ്ബര്‍ഗ് പ്രസംഗം തുടങ്ങിയ പ്രഭാഷണങ്ങള്‍ എല്ലാം തന്നെ വ്യതിരിക്തമായ ശൈലി കൊണ്ട് സമ്പന്നമായിരുന്നു. 

ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ പ്രസംഗ ശൈലിയെക്കുറിച്ച് ജോര്‍ദാനിലെ മിഡിലീസ്റ്റ് യൂനിവേഴ്‌സിറ്റിയില്‍ സമര്‍പ്പിക്കപ്പെട്ട ഒരു ഗവേഷണ പ്രബന്ധമുണ്ട്. അബ്ദുല്ല അലി ജാബിര്‍ തയാറാക്കിയ ആ പഠനത്തില്‍ ഖലീഫയുടെ ഓരോ പ്രസംഗത്തെയും സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. ഉമറുല്‍ ഫാറൂഖിന്റെ രാഷ്ട്രീയ പ്രഭാഷണങ്ങളില്‍ ആശയങ്ങളുടെ ആവര്‍ത്തനം കടന്നുവരുന്നുണ്ട്. പ്രഭാഷകന്റെ വികാരം ശ്രോതാക്കളിലേക്കെത്തിക്കാനാണ് ഈ ആവര്‍ത്തന ശൈലി. സൈന്യം യുദ്ധത്തിന് പുറപ്പെടുന്നതിനു മുമ്പുള്ള ഖുത്വ്ബകളില്‍ അദ്ദേഹം അല്ലാഹുവിനെ മുന്‍നിര്‍ത്തി സത്യം ചെയ്യല്‍ യഥേഷ്ടം ആവര്‍ത്തിച്ചിരുന്നു. സൈനികരില്‍ വിശ്വാസ സ്ഥൈര്യം ഉണ്ടാക്കുന്നതിനു വേണ്ടിയാണിത്. ഈ പഠനം മുമ്പില്‍ വെച്ച് നമ്മുടെ ഇന്നത്തെ പ്രഭാഷകരുടെ ശൈലി അപഗ്രഥിച്ചാല്‍, പ്രഭാഷണ മേഖല എത്തിച്ചേര്‍ന്നിരിക്കുന്ന മൂല്യശോഷണവും ഘടനാപരമായ അപചയവും പെട്ടെന്ന് ബോധ്യമാകും. ഇന്ന് ഒരു കാര്യം നീട്ടിപ്പറഞ്ഞ് പാടിപ്പറയുന്നുണ്ടെങ്കില്‍ അതൊന്നുകില്‍ പിരിവ് ലക്ഷ്യമാക്കിയാകും, അല്ലെങ്കില്‍ എതിരാളിയെ അവഹേളിക്കാനാകും. ആത്മാര്‍ഥതയും ഭക്തിയും ലവലേശമില്ലാത്ത വാചകക്കസര്‍ത്തുകള്‍ മലയാള മതപ്രഭാഷണ രംഗത്ത് സുലഭമാണ്. മുസ്‌ലിം മതപ്രഭാഷണങ്ങളിലെ ഈ അപഹാസ്യത മനസ്സിലാക്കാന്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന പ്രഭാഷണ കോമഡികളും പരസ്പരമുള്ള തെറിയഭിഷേകങ്ങളും ധാരാളമാണ്. എല്‍.സി.ഡി എന്ന സാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്തു എന്നു പറഞ്ഞാല്‍ തന്നെ അധികമാവില്ല. കേരളത്തിലെ മതപ്രഭാഷണ ചരിത്രത്തെ എല്‍.സി.ഡിക്ക് മുമ്പും ശേഷവും എന്ന് തിരിക്കാന്‍ മാത്രം അവിഭാജ്യഘടകമായി അത് മാറിയിരുന്നു. ആദര്‍ശപരമായി വിയോജിപ്പുള്ളവരെ ശത്രുതാ മനോഭാവത്തോടെ പ്രതിരോധിക്കാന്‍ അത്രമാത്രം പ്രസ്തുത സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

നബി (സ)യുടെ വിടവാങ്ങല്‍ പ്രസംഗം ഉള്ളടക്കത്തിന്റെയും ശൈലിയുടെയും കാര്യത്തില്‍ മതപ്രഭാഷകര്‍ക്ക് എക്കാലത്തേക്കുമുള്ള റഫറന്‍സാണ്. 'ഇനി ഇങ്ങനെ നിങ്ങളോട് സംസാരിക്കുമോ എന്നറിയില്ല' എന്ന വിടവാങ്ങല്‍ ധ്വനിയോടെയുള്ള തുടക്കം, നില്‍ക്കുന്ന സ്ഥലത്തെയും ജീവിക്കുന്ന കാലത്തെയും ബന്ധപ്പെടുത്തി മനുഷ്യജീവന്റെ, സമ്പത്തിന്റെ, അഭിമാനത്തിന്റെ പവിത്രത ബോധ്യപ്പെടുത്തുന്ന ഭാഗം, മതം നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നുവെന്ന് അല്ലാഹുവിന്റെ മുമ്പില്‍ സാക്ഷ്യപ്പെടുത്തി ഉപസംഹരിക്കുന്ന ചരിത്രത്തിലെ മികവാര്‍ന്ന പ്രസംഗമാണത്. ഹദീസ് ഗ്രന്ഥങ്ങളില്‍ വിവിധ റിപ്പോര്‍ട്ടുകളിലൂടെ വന്ന പ്രസംഗം മുഴുവനായെടുത്താലും അതിന്റെ ദൈര്‍ഘ്യം തീരെ ചെറുതാണ്. ചരിത്രത്തിലിടം പിടിച്ച പ്രഭാഷണങ്ങളെല്ലാം കുറഞ്ഞ സമയമെടുത്തായിരുന്നുവെന്നത് അവയുടെ പൊതു സവിശേഷതയാണ്.

 

ഭാഷ, തലക്കെട്ട്

ഉമവീ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന പ്രഭാഷകനാണ് ഖാലിദുബ്‌നു അബ്ദുല്ല അല്‍ ഖുസ്‌റാ. അദ്ദേഹമൊരിക്കല്‍ പ്രസംഗത്തില്‍ എന്നെ വെള്ളം ഭക്ഷിപ്പിക്കൂ എന്ന് പറഞ്ഞു. അത് അറബികള്‍ക്കിടയില്‍ കുപ്രസിദ്ധമായി. അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട് കവിതകള്‍ വരെയുണ്ടായി. വെള്ളം കുടിപ്പിക്കൂ എന്ന് പറയേണ്ടതിനു പകരം ഭക്ഷിപ്പിക്കൂ എന്നുപയോഗിച്ചതാണ് പരിഹാസത്തിന്റെ ഹേതു. പ്രഭാഷകന്‍ സംസാരിക്കുന്ന ഭാഷ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. കുറ്റമറ്റതും സുഗ്രാഹ്യവും അനുവാചകര്‍ക്ക് മനസ്സിലാകുന്നതുമാകണം ഭാഷ. വടിവൊത്ത അച്ചടിഭാഷ സംസാരിക്കണമെന്നല്ല, മറിച്ച് ശ്രോതാക്കള്‍ക്ക് മനസ്സിലാകുന്ന ഭാഷയിലാകണം. പ്രസംഗത്തിന്റെ ഭാഷ നിര്‍ണയിക്കുന്നത് അതിന്റെ വിഷയവും വിഷയത്തിലുള്ള പ്രഭാഷകന്റെ വൈജ്ഞാനിക ബോധവും കൂടിയാണ്. ഒരാളുടെ ഭാഷ അയാളുടെ ലോകമാണ് എന്ന് പറയാറുണ്ട്. ആ അര്‍ഥത്തില്‍ സംസാരിക്കുന്ന ഭാഷ വൈജ്ഞാനികമായ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിക്കുന്നതും അതേസമയം അനുവാചക ഹൃദയങ്ങളെ ചേര്‍ത്തുപിടിക്കുന്നതുമാകണം. ഭാഷയില്‍ വാക്കുകള്‍ക്ക് സംഭവിച്ച അര്‍ഥമാറ്റങ്ങളും കാലാന്തരത്തില്‍ സംഭവിച്ച വികാസങ്ങളും പ്രസംഗത്തില്‍ നിര്‍ബന്ധമായും പരിഗണിക്കേണ്ട ഒന്നാണ്. പ്രസംഗകലയെക്കുറിച്ചുള്ള പ്രാചീന രചനകളിലൊന്നാണ് അരിസ്റ്റോട്ടിലിന്റെ ഞവലീേൃശര എന്ന പുസ്തകം. ഉപയോഗിക്കുന്ന ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചാണ് പുസ്തകത്തിന്റെ ആദ്യഭാഗം സംസാരിക്കുന്നത്. ഒരു വാക്കിന് തന്നെ വന്നുചേര്‍ന്നിരിക്കുന്ന നാനാതരം അര്‍ഥങ്ങളും ആശയപ്രപഞ്ചങ്ങളെ ഉള്‍വഹിക്കുന്ന വാക്കുകളുടെ രാഷ്ട്രീയവും സദാ പ്രഭാഷകന്റെ മനസ്സിലുണ്ടായിരിക്കണം. സമീപകാല ആശയ വ്യവഹാരങ്ങളില്‍ പതിവായി മാറിയിരിക്കുന്ന ഫാഷിസം, അധികാരം, നേതൃത്വം, സമുദായം, ദേശം, ദേശീയം, സ്ത്രീ ഉടല്‍, ശരീരം, വ്യവസ്ഥ, ഹിംസ തുടങ്ങിയ വാക്കുകളെല്ലാം തന്നെ വാക്കര്‍ഥത്തോടൊപ്പം തന്നെ രാഷ്ട്രീയമായ ഉള്ളടക്കത്തെ കൂടി ആന്തരീകരിക്കുന്നുണ്ട്. പ്രസ്തുത രാഷ്ട്രീയത്തെ പരിഗണിക്കാതെയോ നിശ്ശബ്ദമാക്കിക്കൊണ്ടോ പ്രസംഗത്തില്‍ പ്രയോഗിക്കുക എന്നത് ഭാഷയോടും പ്രഭാഷണത്തോടും ചെയ്യുന്ന ക്രൂരതയാണ്. സന്ദര്‍ഭനിരപേക്ഷമായി വാക്കുകള്‍ മനസ്സിലാക്കാന്‍ സാധിക്കില്ല എന്നതുകൊണ്ട് പ്രയോഗിക്കുന്ന സന്ദര്‍ഭവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. വിവാദങ്ങള്‍ സൃഷ്ടിച്ച പല പ്രസംഗങ്ങളും, പിന്നീട് വിശദീകരിക്കപ്പെടുമ്പോഴാണ് ഭാഷ ഒരു വില്ലനായി മാറുന്ന സാഹചര്യം വ്യക്തമാകുന്നത്. 

മുസ്‌ലിം മതപ്രഭാഷണങ്ങളുടെ തലക്കെട്ടുകള്‍ ആലോചനാവിഷയമാകേണ്ട മറ്റൊന്നാണ്. ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞ തമാശയുടെ ഒരു ഭാഗം പ്രസംഗ വിഷയത്തിന്റെ തലക്കെട്ടാണ്. വിഷയത്തിന്റെ ഗൗരവം ചോര്‍ത്തിക്കളയുന്ന രൂപത്തില്‍ പൈങ്കിളി തലക്കെട്ടുകള്‍ നല്‍കുന്നത് കാണാറുണ്ട്. ശ്രോതാക്കളുടെ മനോഗതിക്കനുസരിച്ച് അവരെ ആകര്‍ഷിക്കാനാണിത് നല്‍കുന്നതെന്ന ന്യായവുമുണ്ട്. എന്നാല്‍, ശ്രോതാക്കളുടെയും വായനക്കാരുടെയും മനോഗതിയല്ല എഴുത്തിന്റെയും പ്രസംഗത്തിന്റെയും ശൈലിയും ഉള്ളടക്കവും തീരുമാനിക്കേണ്ടത്. വിഷയത്തിന്റെ ഗൗരവവും സന്ദര്‍ഭത്തിന്റെ പ്രാധാന്യവുമാണ് തലക്കെട്ടിന്റെ രൂപത്തെ തീരുമാനിക്കേണ്ടത്.

പ്രഭാഷണങ്ങള്‍ക്ക് എല്ലാ സമുദായങ്ങളുടെ ചരിത്രത്തിലും വലിയ സ്ഥാനമുണ്ട്. പ്രസംഗ കല വികസിച്ചുവന്നതിന്റെ ചരിത്രം പരിശോധിച്ചാല്‍ മറ്റേത് കലാരൂപത്തേക്കാളും ജനസഞ്ചയവുമായി നേരിട്ട് ബന്ധപ്പെടുകയും അവരെ വളരെ കൂടുതല്‍ സ്വാധീനിക്കുകയും ചെയ്ത ജനപ്രിയമായ ഒന്നായി അതിനെ കാണാന്‍ സാധിക്കും. അതുകൊണ്ടുതന്നെ, വളരെ പോപ്പുലറായ ഒരു കല എന്ന നിലയില്‍ ഏറെ ശ്രദ്ധയും പരിഗണനയും അതര്‍ഹിക്കുന്നുണ്ട്. ജുമുഅ ഖുത്വ്ബ പോലുള്ള മതപരമായ ആരാധനകളില്‍ വരെ സ്ഥാനമുള്ള പ്രഭാഷണ കല തീര്‍ച്ചയായും ഒരു സമുദായത്തെ മുന്നോട്ടു നയിക്കാനുള്ള ഊര്‍ജം ഉള്‍വഹിക്കുന്നുണ്ട്. ഈ ആന്തരികമായ ഊര്‍ജമാണ്, മലയാള പ്രഭാഷണരംഗത്തെ ശൈലിയെയും ഉള്ളടക്കത്തെയും നിരൂപണം ചെയ്യുന്നതിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നത്. ഒരു സമുദായത്തിന് വെളിച്ചം നല്‍കുന്ന, മുന്നോട്ടുള്ള പ്രയാണത്തിന് ഊക്ക് പകരുന്ന ബഹു സ്വാധീനങ്ങളുള്ള പ്രഭാഷണകല ഒന്നിനൊന്ന് മികച്ചുനില്‍ക്കേണ്ടതുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (227)
എ.വൈ.ആര്‍

ഹദീസ്‌

നിസ്സംഗത വെടിയുക
കെ.സി ജലീല്‍ പുളിക്കല്‍