സൂര്യ ചന്ദ്രന്മാരെ ചുമന്ന പ്രഫുല്ല താരകം
ചില മനുഷ്യരുണ്ട്, ജീവിതത്തില്‍ മഹാത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നവര്‍. സന്തോഷത്തിന്റെ ഹര്‍ഷപുളകിതമായ സന്ദര്‍ഭങ്ങളില്‍ മാത്രമല്ല, കഠിനപരീക്ഷണങ്ങളുടെ കൊടുങ്കാറ്റില്‍ അകപ്പെട്ട് ആടിയുലയുന്ന പ്രതിസന്ധിയിലും അവര്‍ അവിസ്മരണീയ ത്യാഗംകൊണ്ട് ജീവിതത്തെ അനശ്വരമാക്കും. മഹാമനീഷികള്‍ മാത്രമല്ല, സാധാരണ മനുഷ്യരും ഇത്തരം അത്ഭുതങ്ങള്‍ കാഴ്ചവെക്കാറുണ്ട്. പണ്ടേ മരുഭൂമിയാകേണ്ടിയിരുന്ന ഭൂമിലോകത്തെ കാരുണ്യവര്‍ഷത്താല്‍ ഹരിതാഭമാക്കുന്നത് ഇത്തരക്കാരാണ്.
ചിലര്‍, ഹൃദയകാഠിന്യത്തില്‍ കരിമ്പാറക്കെട്ടുകളെപോലും തോല്‍പിച്ചുകളയുമെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. കരുണവറ്റിയ ലോകത്തിന്റെ പ്രതീകങ്ങളായിരിക്കും അവര്‍. അമേരിക്കയില്‍ മള്‍ട്ടിനാഷ്‌നല്‍ കമ്പനിയില്‍ ജോലിചെയ്യുന്ന യുവാവ്. പണത്തില്‍ മാത്രമല്ല വിദ്യയിലും 'സമ്പന്നന്‍.' കുടുംബത്തിന്റെ പ്രാര്‍ഥനയും പ്രതീക്ഷയുമായി ആകെ ഉള്ളത് മുംബൈ മഹാനഗരത്തിലെ ഫഌറ്റില്‍ ഏകാകിയായി കഴിയുന്ന അമ്മ മാത്രം. തിരക്ക് നിറഞ്ഞ അമേരിക്കന്‍ ജീവിതത്തിനിടയില്‍ അമ്മയെ ഇടക്കൊക്കെ ഫോണില്‍ വിളിച്ച് സംസാരിക്കും. അവസരം കിട്ടിയാല്‍ വല്ലപ്പോഴും സന്ദര്‍ശിക്കും. സ്‌നേഹത്തിന്റെ ആള്‍രൂപമായ അമ്മയെ മകന്‍ അവസാനം വിളിച്ചത് കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍. ആഴ്ചകള്‍ കടന്നുപോയി. ഫോണ്‍വിളിച്ചിട്ടും എടുക്കാതിരുന്ന മാതാവിനെ തേടി അഞ്ച് മാസങ്ങള്‍ക്കുശേഷം മകന്‍ ഫഌറ്റിന്റെ വാതിലില്‍ മുട്ടി. പ്രതികരണമുണ്ടായില്ല. വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ കണ്ടത്, ഫഌറ്റിന്റെ ഒരു മൂലയിലെ കസേരയില്‍ മരിച്ചുകിടക്കുന്ന, ജീര്‍ണിച്ചുപോയ അമ്മയുടെ അസ്ഥികൂടം മാത്രം! ഒറ്റപ്പെടലിന്റെ ദുരിത ജീവിതം നയിച്ച അവര്‍ എത്ര വേദനയോടെയാകും ഈ ലോകം വിട്ടിട്ടുണ്ടാവുക!
മക്കയെന്ന മഹാത്ഭുത നഗരത്തിലെ കഅ്ബയെന്ന ലളിത വിസ്മയ ഭവനത്തിനു മുമ്പില്‍ പ്രവാചക ശിഷ്യന്‍ ഇബ്‌നു ഉമര്‍ നില്‍ക്കുന്നു. പരുപരുത്ത പാറക്കല്ലുകള്‍ വിരിച്ച പ്രദക്ഷിണപാതയിലൂടെ ആയിരങ്ങള്‍ പ്രദക്ഷിണം ചെയ്യുന്നു. ജനപ്രവാഹത്തിനിടയില്‍ ഒരു യുവാവ് സുരയ്യാ നക്ഷത്രം പോലെ വെട്ടിത്തിളങ്ങുന്നു. പ്രായാധിക്യംകൊണ്ട് അവശയായ മാതാവിനെ ചുമലില്‍ ചുമന്ന് പ്രദക്ഷിണം ചെയ്യുന്നു. മനസ്സില്‍ അശേഷം അനിഷ്ടമില്ല. മുറുമുറുപ്പിന്റെ ചെറിയ ലാഞ്ഛന പോലും ആ മുഖത്ത് കാണാനില്ല. നറുനിലാവൊഴുകിയ പൗര്‍ണമിയെ പോലെ അവര്‍ ഏഴു ത്വവാഫും പൂര്‍ത്തീകരിച്ചു. മഖാമു ഇബ്‌റാഹീമിന്റെ ചാരത്ത് നിന്ന ഇബ്‌നു ഉമറിനോട് മാതാവിനെ ചുമന്ന് ത്വവാഫ് ചെയ്ത നിര്‍വൃതിയില്‍ ആ യുവാവ് ചോദിച്ചു; അല്ലയോ ഇബ്‌നു ഉമര്‍, മാതാവിന്റെ ത്യാഗനിര്‍ഭരമായ ജീവിതത്തിനു പകരമായി എന്റെ കടപ്പാടുകള്‍ ഞാന്‍ പൂര്‍ത്തീകരിച്ചോ? ഉത്തരം കേള്‍ക്കാന്‍ തിടുക്കത്തോടെ നിന്ന യുവാവിനോട് തോളില്‍ തട്ടി ഇബ്‌നു ഉമര്‍ പറഞ്ഞു. ''ഇല്ല മോനെ ഇല്ല, ഏഴ് ത്വവാഫല്ല ആയിരംവട്ടം നീ മാതാവിനെയും ചുമന്ന് ത്വവാഫ് ചെയ്താലും നിന്റെ കടപ്പാട് തീരില്ല!''
ആസുരതയുടെ വര്‍ത്തമാന കാലത്ത് മനുഷ്യത്വം മരവിച്ച് പോയ ലോകത്തിന്റെ ജീവിക്കുന്ന പ്രതീകങ്ങളാണ് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍. അവര്‍ക്കിടയിലെ ക്ഷീണിച്ചവശനായ, വയര്‍ ഒട്ടിപ്പോയ ഒരു യുവാവ് ആ പഴയ യമനീ യുവാവിനെയും തോല്‍പ്പിച്ചിരിക്കുന്നു. ആയിരങ്ങള്‍ എരിതീയില്‍ കത്തിയമര്‍ന്ന് വെണ്ണീറായി. അബലകളായ സ്ത്രീകളും കുട്ടികളും ജീവനുംകൊണ്ട് നാലുപാടും ഓടി. ലക്ഷോപലക്ഷം ജനങ്ങള്‍ അയല്‍രാജ്യങ്ങളുടെ കനിവും തേടി രാജ്യാതിര്‍ത്തികളില്‍ അഭയാര്‍ഥികളായി മാറി. ഇതാണ് റോഹിങ്ക്യകളുടെ വര്‍ത്തമാനം. അതിനിടയില്‍ ഒരു യുവാവ് ലോകത്തെ വിസ്മയിപ്പിച്ചു കളഞ്ഞു. ക്ഷീണിച്ചൊട്ടിയ ശരീരം, കൈകാലുകള്‍ നേര്‍ത്തിരിക്കുന്നു. മുഖം വാടിത്തളര്‍ന്നിരിക്കുന്നു. പാദങ്ങള്‍ നഗ്നമാണ്. പക്ഷേ, ദുര്‍ബലമായ ശരീരത്തിലെ വാരിയെല്ലുകൊണ്ട് മൂടിയ നെഞ്ചകത്തെ ഹൃദയത്തിന് ഒരു വാട്ടവും കോട്ടവുമില്ല. ഒരു വടിയുടെ രണ്ടറ്റങ്ങളില്‍ കുട്ടകള്‍ കെട്ടി നൊന്ത്പ്രസവിച്ച മാതാവിനെയും ചങ്കുരുകി വളര്‍ത്തിയ പിതാവിനെയും ഇരുത്തി ദുര്‍ബലമായ ആ തോളില്‍ വഹിച്ച് യുവാവ് നടന്നുനീങ്ങുന്ന കാഴ്ച, ആയിരം നാവുകള്‍കൊണ്ട് നമ്മോട് സംസാരിക്കുന്നു.
മാര്‍ബിള്‍ കൊട്ടാരങ്ങളില്‍, ആര്‍ഭാട ഭവനങ്ങളില്‍ ഉറുമ്പരിച്ച് കിടക്കുന്ന മാതാപിതാക്കളുള്ള കരുണവറ്റിയ ലോകത്ത്, മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ തള്ളുന്ന പുത്തന്‍ തലമുറകളുടെ ദയാരഹിത കാലത്ത്, മാതാപിതാക്കളെ ഹൃദയ ത്തിലേറ്റി ചുമന്നുനീങ്ങുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥി അനശ്വരനാകുന്നു. ആ മനുഷ്യ മാലാഖ തോളില്‍ ചുമന്നത് ഇറക്കിവെക്കാന്‍ കൊതിച്ച ജീവിത ഭാരങ്ങളല്ല. ജീവിതത്തിനു ചൂടും വെളിച്ചവും പകര്‍ന്ന സൂര്യ തേജസ്സാര്‍ന്ന പിതാവിനെയും നിലാവ് പെയ്ത മാതാവിനെയുമാണ്!
Comments