Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 29

3019

1439 മുഹര്‍റം 08

മുഹര്‍റം വിമോചനത്തിന്റെ ചരിത്രാനുഭവങ്ങള്‍

എസ്.എം സൈനുദ്ദീന്‍

മുഹര്‍റത്തിന്റെ ഓര്‍മകള്‍ മായുകയില്ല. അത്യുജ്ജ്വലമായ ത്യാഗത്തിന്റെ ദീപ്ത സ്മരണയും സന്ദേശവുമാണ് ഓരോ മുഹര്‍റമും. നൂറ്റാണ്ടുകളായി മുസ്‌ലിം ജനകോടികളുടെ മനസ്സുകളിലൂടെ മുഹര്‍റമിന്റെ പാഠങ്ങള്‍ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചരിത്രപരമായ ഒരുപാട് ഓര്‍മകളുടെ പേരാണ് മുഹര്‍റം. ഓര്‍മിച്ചെടുക്കാന്‍ ഒരുപാടുള്ളവര്‍ക്കാണ് വരും തലമുറകള്‍ക്കായി ഓര്‍മകള്‍ നിര്‍മിക്കാനാവുക. ചാന്ദ്രമാസ കലണ്ടറിലെ വര്‍ഷാരംഭമാണ് മുഹര്‍റം എന്നതിനാല്‍ യുഗപ്പിറവികളുടെ കവാടങ്ങളാണ് ഓരോ മുഹര്‍റമും.

മൂസാ നബി (അ)യുടെ നേതൃത്വത്തില്‍ ഇസ്രയേല്‍ ജനത ഫറോവന്‍ സ്വേഛാധിപത്യത്തില്‍നിന്ന് വിമോചിതരായതിന്റെ വീരചരിതമാണ് മുഹര്‍റമിന്റെ ഒന്നാമത്തെ സ്മരണ. ഫറോവയുടെ മര്‍ദക സാമ്രാജ്യവും അതിന്റെ എല്ലാ ആര്‍ഭാടങ്ങളും ചെങ്കടലിന്റെ തിരമാലകള്‍ക്കും ചുഴികള്‍ക്കുമിടയില്‍ തകര്‍ന്നടിഞ്ഞതിന്റെ കൂടി ചരിത്രമാണത്. മുഹമ്മദ് നബി (സ)യും അനുയായികളും മദീനയിലേക്കു നടത്തിയ പലായനത്തെയും അതിന്റെ അനന്തരഫലങ്ങളെയും കുറിച്ച ഓര്‍മകളും പാഠങ്ങളുമാണ് മുഹര്‍റമിന്റെ രണ്ടാമത്തെ ചിന്ത. ഹിജ്‌റ ആറാം ദശകത്തിന്റെ ഒടുവില്‍, പ്രവാചകന്‍ സ്ഥാപിച്ച ഇസ്‌ലാമിക വ്യവസ്ഥയെ സംരക്ഷിക്കാനായി ഹുസൈന്‍(റ) നടത്തിയ തന്ത്രപരമായ നീക്കത്തെ യസീദിയന്‍ പട്ടാളം യൂഫ്രട്ടീസിന്റെ തീരത്ത് തടയുകയും അറുപതിലധികം വരുന്ന നബി കുടുംബത്തില്‍പെട്ടവരെ വധിക്കുകയും ചെയ്ത കര്‍ബല എന്ന മഹാദുരന്തത്തിന്റെ വിങ്ങുന്ന ഓര്‍മകളാണ് മുഹര്‍റമിന്റെ മൂന്നാമത്തെ സ്മരണ. ദൈവമാര്‍ഗത്തിലെ രക്തസാക്ഷിത്വം ദുരന്തമായി അവതരിപ്പിക്കുന്നതിനല്ല കര്‍ബലയെ മഹാദുരന്തത്തിന്റെ ഓര്‍മയെന്ന് വിശേഷിപ്പിച്ചത്. നബികുടുംബത്തിന് നിര്‍ദയ മരണം വിധിച്ച മുസ്‌ലിം ഭരണകൂട ചെയ്തിയാണ് മഹാദുരന്തം.

ഇവയൊന്നും ഒറ്റദിവസം കൊണ്ടുണ്ടായ സംഭവങ്ങളല്ല. വ്യക്തികളും സമൂഹങ്ങളും ഒരു പ്രത്യേക ദിശയിലൂടെ പ്രയാണം തുടരുകയും അതിന്റെ മുന്നില്‍ ചില തടസ്സങ്ങള്‍ ഉടലെടുക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്ന നിര്‍ണായകമായ വഴിത്തിരിവുകളാണ് ഇവയെല്ലാം. വഴിത്തിരിവുകള്‍ ഓര്‍ത്തുവെക്കുന്ന സമുദായം അതിലേക്കുള്ള പ്രയാണ വഴികള്‍ വിസ്മരിക്കുന്നു. അതിനുശേഷമുള്ള സംഭവ പരമ്പരകളെ അവഗണിക്കുന്നു. ചെങ്കടല്‍ എന്ന വഴിത്തിരിവില്‍ സ്തംഭിച്ചുപോയത് ഫറോവയായിരുന്നു. മക്കക്കും മദീനക്കുമിടയിലെ ദീര്‍ഘവും സാഹസികവുമായ മണല്‍കാട്ടില്‍ പൂണ്ടുപോയത് ജാഹിലിയ്യത്തിന്റെ കുതിരക്കുളമ്പുകളായിരുന്നു. കര്‍ബലയില്‍ നിശ്ചലമായത് യസീദിന്റെ രാഷ്ട്രീയവുമായിരുന്നു. 'രക്തം ഖഡ്ഗത്തെ തോല്‍പിച്ച ഇതിഹാസം' എന്ന് കര്‍ബലയെ വിശേഷിപ്പിച്ചത് അലി ശരീഅത്തിയാണ്. എന്നാല്‍ സമുദായം അതിന്റെ ശത്രുവിന്റെ പ്രയാണത്തിന് തടയണ തീര്‍ത്ത വഴിത്തിരിവുകളില്‍ സ്തംഭിച്ചുനില്‍ക്കുന്ന ദുരന്തത്തില്‍ നട്ടം തിരിയുകയാണ്. ഈ സ്തംഭനത്തെ ഭേദിച്ച് പുറത്തുകടക്കാനുള്ള സാഹസികത പ്രകടിപ്പിക്കുന്നതിന് സമുദായത്തെ ആഹ്വാനം ചെയ്യുകയാണ് മുഹര്‍റം. അതിലൂടെ പുതുയുഗത്തിന്റെ തുറവി സാധ്യമാക്കുകയാണ് മുഹര്‍റം സ്മരണകള്‍.

ഭിന്നവിരുദ്ധങ്ങളായ രണ്ട് ആശയസംഹിതകള്‍, പ്രപഞ്ചത്തെ കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള കാഴ്ചപ്പാടുകള്‍, അധികാരവും പൗരന്മാരും തമ്മിലെ ബന്ധങ്ങള്‍ എന്നിവകള്‍ക്കെല്ലാമിടയില്‍ ചരിത്രത്തിലുടനീളം നടന്നുകൊണ്ടിരുന്നതും ഇനിയും നടക്കേണ്ടതുമായ സംഘര്‍ഷങ്ങളുടെ ചരിതമാണ് മുഹര്‍റം. അധികാരഭ്രാന്ത് തലക്കു പിടിച്ച ഫറോവ ഇസ്രായേല്‍ വംശത്തെ മര്‍ദിച്ചവശരാക്കി. അറുകൊലകളും മാനഭംഗങ്ങളും തുടര്‍ന്നു. പിഞ്ചുകുട്ടികള്‍ പോലും അക്രമത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടില്ല. ''ഫിര്‍ഔന്‍ നാട്ടില്‍ അഹങ്കരിച്ചു. തദ്ദേശീയരെ കക്ഷികളാക്കി മാറ്റി. ഒരുവിഭാഗത്തെ മര്‍ദിച്ചവശരാക്കി. അവരിലെ ആണ്‍കുട്ടികളെ അറുകൊല ചെയ്തു. പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി. അയാള്‍ വിനാശകാരികളില്‍ പെട്ടവനായിരുന്നു'' (അല്‍ഖസ്വസ്വ് 4).

മനുഷ്യചരിത്രത്തില്‍ നിരന്തരം ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പാതകമാണ് ഭരണകൂട ഭീകരതയും അതിക്രമങ്ങളും. അധികാര പ്രമത്തത ഒരു ഭരണാധികാരിയെ എത്രമാത്രം അന്ധനും ക്രൂരനുമാക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഫറോവ. പ്രത്യക്ഷത്തില്‍ ഇത് ഒരു രാഷ്ട്രീയ തിന്മയാണ്. ഒരു കൊടും കുറ്റവാളി ഭരണാധികാരിയായതിന്റെ പരിണതിയാണ് ഫറോവ. അയാളുടെ ജീവിത വീക്ഷണത്തെയും രാഷ്ട്രീയത്തെയും സ്വാധീനിച്ച ദൈവവിരുദ്ധതയുടെ പ്രത്യാഘാതമാണ് കൊടിയ മര്‍ദനമായി, അടിമത്തമായി ഇസ്രായേല്‍ ജനത്തിന്റെ തലയില്‍ ഇടിത്തീ കണക്കെ പെയ്തിറങ്ങിയത്. ഫറോവയെ തിരുത്താനും ഇസ്രാഈല്യരെ വിമോചിപ്പിക്കാനും അല്ലാഹു മൂസാ(അ)യെത്തന്നെ നിയോഗിച്ചത് അതുകൊണ്ടാണ്. ''ഭൂമിയില്‍ മര്‍ദിച്ചവശരാക്കപ്പെട്ടവരുടെ മോചനം നാം ആഗ്രഹിക്കുന്നു; അവരെ നേതാക്കളും അനന്തരാവകാശികളാക്കാനും ഭൂമിയില്‍ അവര്‍ക്ക് ആധിപത്യം നല്‍കാനുമാണ് നമ്മുടെ തീരുമാനം. ഫിര്‍ഔനെയും ഹാമാനെയും അവരുടെ സൈന്യങ്ങളെയും അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്ന പതനം നാം കാണിച്ചുകൊടുക്കും'' (അല്‍ ഖസ്വസ്വ് : 5,6).

ആശയസംവാദത്തിന്റെയും രാഷ്ട്രീയ സംഘര്‍ഷത്തിന്റെയും പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ ഫറോവന്‍ മര്‍ദക വ്യവസ്ഥ തകര്‍ന്നു. ഇസ്രാഈല്യര്‍ വിമോചിതരും സ്വതന്ത്രരുമായി. അവരുടെ മനോമസ്തിഷ്‌കങ്ങളെ കീഴടക്കിയ അടിമത്തത്തിന്റെ ഭാരം ഇറക്കിവെക്കപ്പെട്ടു. കരചരണങ്ങളെ ബന്ധിച്ച ചങ്ങലകള്‍ അറുത്തുമാറ്റപ്പെട്ടു. മഹത്തായ ഈ മാറ്റം മുഹര്‍റമിലായിരുന്നു. ഇസ്‌ലാമിക വിമോചനത്തിന്റെ സമഗ്രത എത്ര മനോഹരമായാണ് മൂസാ നബി(അ) വിവരിക്കുന്നത്. മാനവസമുദായത്തിന്റെ നാഗരിക സ്തംഭങ്ങളായ മതം, ജ്ഞാനം, രാഷ്ട്രീയം, സമ്പത്ത് എന്നിവയെല്ലാം ദൈവിക ആദര്‍ശത്തിന്റെ അടിത്തറയില്‍ പുനര്‍വിന്യസിക്കുകയായിരുന്നു മൂസാ(അ). ഫിര്‍ഔനും ഖാറൂനും ഹാമാനും സാമിരിയും മൂസായുടെ വിപ്ലവശ്രമങ്ങളുടെ പ്രതിപക്ഷത്തായിരുന്നു. ഇസ്‌ലാം പരിവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്ന മേഖലകള്‍ ഏത് എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണിത്.

ഈ ചരിത്രത്തിന് മറ്റൊരു വശം കൂടിയുണ്ട്. ഈ സമര സംഘര്‍ഷങ്ങളും വിമോചനവും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ചരിത്രമാണ് എന്നതാണ് അത്. മതത്തെയും ചരിത്രത്തെയും ഇഴപിരിക്കാനാവാത്തവിധം നാഗരികതയും സംസ്‌കാരവും എത്രയധികം സ്വാംശീകരിച്ചിരിക്കുന്നു എന്നത് അനിഷേധ്യമാണ്. ഈ ആശയത്തെയും വസ്തുതയെയും നിഷേധിച്ചുകൊണ്ടുള്ള മുഹര്‍റം അനുസ്മരണം കേവലം ആചാരമാണ്. ജീവനില്ലാത്ത ആചാരം. ഇത്തരം ആചാരങ്ങള്‍ക്ക് ജീവനുള്ള ഒരു സമുദായത്തെ നയിക്കാനാവില്ല. സമുദായത്തിന്റെ ജീവല്‍തുടിപ്പുകള്‍ക്ക് ശക്തി പകരുകയാണ് അതിനാല്‍ മുഹര്‍റം. മുഹമ്മദ് നബി(സ)യുടെ മദീനാ ഹിജ്‌റ ചരിത്രത്തില്‍ ഈ ദിശയിലുള്ള പ്രയാണത്തിന്റെ തുടര്‍ച്ചയില്‍ സംഭവിച്ചതാണ്. ഉമയ്യത്തുബ്‌നു ഖലഫിന്റെയും അബൂജഹ്‌ലിന്റെയും നേതൃത്വത്തില്‍ മക്കയിലെ ഗോത്രവംശീയതയാല്‍ അടിച്ചമര്‍ത്തപ്പെടുകയായിരുന്നു പ്രവാചകനും അനുചരന്മാരും. മര്‍ദന പീഡനങ്ങളും ഉപരോധങ്ങളും കൊലപാതകങ്ങളും നാടുകടത്തലും മൂലം ദുര്‍ബലരാക്കപ്പെട്ട തന്റെ ജനത്തെ മദീനയുടെ സുരക്ഷിതത്വത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും മാറ്റി താമസിപ്പിച്ച് മദീന കേന്ദ്രമായി ഒരു രാഷ്ട്രീയ നാഗരികത പ്രവാചകന്‍ കെട്ടിപ്പടുത്തു. ഇസ്‌ലാമിന്റെയും ലോകത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തില്‍ പിന്നീടങ്ങോട്ട് ആഴത്തില്‍ സ്വാധീനം ചെലുത്തിയ മദീനാ ഹിജ്‌റ വിമോചന പോരാട്ടങ്ങളുടെ ജൈത്രയാത്രയിലെ നാഴികക്കല്ലായി മാറി. ജിഹാദും ഹിജ്‌റയും എത്രമാത്രം രാഷ്ട്രീയ ഉള്ളടക്കമുള്ള പ്രതിരോധ പോരാട്ടങ്ങളാണോ, അത്രതന്നെ അവ മതാത്മകവും ആത്മീയവുമായ സ്വയം നിര്‍ണയങ്ങളുടെ വീണ്ടെടുപ്പു കൂടിയാണ്. 'ഉത്തമമായ ജിഹാദ്, മനുഷ്യന്‍ തന്റെ ഇഛകളോട് നടത്തുന്ന സമരമാണ്', 'മുഹാജിര്‍- പലായനം ചെയ്യുന്നവന്‍- ദൈവം തന്നോട് വിലക്കിയതിനെ വെടിഞ്ഞവനാണ്' എന്നീ പ്രവാചക വചനങ്ങള്‍ ഇതിനോട് ചേര്‍ത്തു വായിക്കാനാവണം.

ഇസ്‌ലാമിന് നിയതമായ ചില മൂല്യങ്ങളുണ്ട്. ജീവിതത്തോളം സമഗ്രത ആ മൂല്യങ്ങള്‍ക്കുണ്ട്. നാഗരിക വ്യവസ്ഥയുടെ സകല രംഗങ്ങളിലും അത് വേരുകളാഴ്ത്തി. സംസ്‌കാരത്തിന്റെ ഏഴാകാശങ്ങളിലും അതിന്റെ ശിഖരങ്ങള്‍ പടര്‍ന്നു. ധാര്‍മികതയും ആത്മീയതയും ഇസ്‌ലാമില്‍ ഏകോന്മുഖമല്ല. ദൈവത്തിലേക്ക് മനുഷ്യനെ ബന്ധിപ്പിക്കുന്ന ആത്മീയ നന്മയായ 'ഇഹ്‌സാനെ' കുറിച്ചുള്ള വീക്ഷണം പ്രസരണം ചെയ്യുന്ന ഖുര്‍ആന്‍ സൂക്തം മനുഷ്യന്റെ സാമൂഹിക ബന്ധങ്ങളുടെ അടിത്തൂണായി വര്‍ത്തിക്കുന്ന 'അദ്ല്‍' അഥവാ നീതിയെ അതിനോട് ചേര്‍ത്തുവെക്കുകയും ചെയ്യുന്നു. അനശ്വരമായ ദൈവകല്‍പനയും ശാസനയുമാണ് ഇത്. ''അദ്ല്‍ പാലിക്കാനും ഇഹ്‌സാന്‍ ചെയ്യുവാനും ബന്ധുക്കളെ സഹായിക്കുവാനും അല്ലാഹു കല്‍പിക്കുന്നു. നീചതകളെയും നിഷിദ്ധ പ്രവൃത്തികളെയും അതിക്രമങ്ങളെയും വിലക്കുന്നു. അവന്‍ നിങ്ങളെ ഉപദേശിക്കുകയാണ്. നിങ്ങള്‍ കാര്യം മനസ്സിലാക്കാനാണിത്. അല്ലാഹുവോട് ചെയ്ത പ്രതിജ്ഞ നിങ്ങള്‍ പൂര്‍ണമായും പാലിക്കുക. അല്ലാഹുവിനെ സാക്ഷിനിര്‍ത്തി നിങ്ങള്‍ ചെയ്ത ഒരു സത്യവും നിങ്ങള്‍ ലംഘിക്കരുത്. നിങ്ങള്‍ ജാമ്യക്കാരനാക്കിയിരിക്കുന്നത് അല്ലാഹുവിനെയാണ്. നിശ്ചയം, നിങ്ങള്‍ ചെയ്യുന്നതെല്ലാം അല്ലാഹു അറിയുന്നുണ്ട്. ഭദ്രതയോടെ നൂല്‍നൂറ്റ ശേഷം അത് പല തുണ്ടുകളാക്കി പൊട്ടിച്ചുകളഞ്ഞവളെ പോലെ നിങ്ങളാകരുത്. ഒരു വിഭാഗം മറ്റൊരു ജനവിഭാഗത്തേക്കാള്‍ കൂടുതല്‍ നേടാനായി നിങ്ങളുടെ ശപഥങ്ങളെ നിങ്ങള്‍ വഞ്ചനോപാധിയാക്കരുത്....'' (അന്നഹ്ല്‍ 91,92)

ആത്മീയവും സാമൂഹികവുമായ ഈ ധാര്‍മിക അധികാരത്തിന്മേലാണ് ഇസ്‌ലാം അതിന്റെ നാഗരികക്രമം പടുത്തുയര്‍ത്തിയിരിക്കുന്നത്. പ്രവാചകന്റെ കാലത്തെ രണ്ട് വന്‍ സാമ്രാജ്യങ്ങളായിരുന്ന റോമും പേര്‍ഷ്യയും കടപുഴക്കപ്പെട്ടത് ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ ഈ മൂല്യപരമായ കരുത്തിനാലാണ്. ദൈവത്തിനും ജനത്തിനും ഇടയിലെ ഇടനിലക്കാരായ പൗരോഹിത്യ അധികാരത്തിന്റെ പിന്‍ബലത്താല്‍ ഭരണത്തെ ചൂഷണത്തിന്റെയും മര്‍ദനത്തിന്റെയും ഉപാധിയാക്കുകയായിരുന്നു സീസറും കൈസറും. റോമിന്റെയും പേര്‍ഷ്യയുടെയും അക്രമത്തിന്റെ അധികാരത്തെ ഇസ്‌ലാം എതിര്‍ത്തത് ഇഹ്‌സാന്റെയും അദ്‌ലിന്റെയും ആത്മീയ-രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ കൊണ്ടായിരുന്നു.

മദീനാ പലായനത്തിന്റെ മുന്നോടിയായി പ്രവാചകനോട് നടത്താന്‍ അല്ലാഹു പഠിപ്പിക്കുന്ന പ്രാര്‍ഥനയും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടത് അനിവാര്യമാണ്. ഹിജ്‌റയുടെ ലക്ഷ്യവും ദൗത്യവും സുനിര്‍ണിതമായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ പ്രാര്‍ഥനകള്‍. ''പ്രാര്‍ഥിക്കുക: നാഥാ, എന്നെ നീ എങ്ങോട്ട് കൊണ്ടുപോയാലും സത്യത്തോടൊപ്പം കൊണ്ടു പോകേണമേ, എവിടെനിന്നു പുറപ്പെടുവിക്കുകയാണെങ്കിലും സത്യത്തോടൊപ്പം പുറപ്പെടുവിക്കുകയും ചെയ്യേണമേ, നിന്നില്‍നിന്നുള്ള ഒരധികാര ശക്തിയെ എനിക്ക് നീ തുണയാക്കിത്തരികയും ചെയ്യേണമേ!'' (അല്‍ ഇസ്രാഅ് 80). അതായത്, ഒന്നുകില്‍ നീ എന്നെ സ്വയം ശക്തനാക്കണം. അല്ലെങ്കില്‍ ഏതെങ്കിലും ഭരണകൂടത്തെ എന്റെ സഹായിയാക്കണം. എന്തുകൊണ്ടെന്നാല്‍ ആ ബലത്താല്‍ ഈ ലോകത്തിന്റെ വക്രതയെ നേരെയാക്കാന്‍ എനിക്ക് സാധിക്കും. ദുര്‍വൃത്തികളുടെയും കുറ്റങ്ങളുടെയും പ്രവാഹത്തെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കും. ഈ വ്യാഖ്യാനമാണ് ഈ ആശയത്തിന് ഹസന്‍ ബസ്വരിയും ഖത്താദയും നല്‍കിയിട്ടുള്ളത്. ഇബ്‌നു കസീര്‍, ഇബ്‌നു ജരീര്‍ തുടങ്ങിയ പ്രഗത്ഭ വ്യാഖ്യാതാക്കള്‍ അംഗീകരിച്ചതും ഈ വ്യാഖ്യാനമാണ്. 'അല്ലാഹു ഖുര്‍ആന്‍ കൊണ്ട് തടയാത്ത കാര്യങ്ങള്‍ രാഷ്ട്രീയ അധികാരം കൊണ്ട് തടയുന്നു' എന്ന നബിവചനവും ഈ അഭിപ്രായത്തെ ശക്തിപ്പെടുത്തുന്നുണ്ട്. (തഫ്ഹീമുല്‍ ഖുര്‍ആന്‍, സയ്യിദ് മൗദൂദി)

മദീനാ പലായനാനന്തരം രൂപീകൃതമായ ഇസ്‌ലാമിക രാഷ്ട്രീയ നാഗരികത പ്രവാചകന്റെ പിന്‍ഗാമികളായ ഖലീഫമാരാല്‍ നയിക്കപ്പെട്ടു. അബൂബക്‌റും ഉമറും ഉസ്മാനും അലിയും ഭരിച്ച ഇസ്‌ലാമിക രാഷ്ട്രം ഉമയ്യ കുടുംബവാഴ്ചയിലേക്ക് മുആവിയ്യത്തുബ്‌നു അബീ സുഫ്‌യാനിലൂടെ വ്യതിചലിച്ചു. ഖിലാഫത്ത് രാജവാഴ്ചയിലേക്ക് തെന്നിമാറാന്‍ തുടങ്ങി. തനിക്കു ശേഷം മകന്‍ യസീദിനെ ഭരണ ചുമതലകള്‍ ഏല്‍പിക്കാന്‍ മുആവിയ തീരുമാനിച്ചു. ഈ നീക്കത്തെ, റോമിന്റെയും പേര്‍ഷ്യയുടെയും നടപടിയാണെന്ന് പ്രഗത്ഭരായ സ്വഹാബിമാര്‍ ഇബ്‌നു ഉമറും ഇബ്‌നു സുബൈറും ആക്ഷേപിച്ചു. രാജാധിപത്യത്തിന്റെയും സ്വേഛാധിപത്യത്തിന്റെയും റോമന്‍-പേര്‍ഷ്യന്‍ രാഷ്ട്രീയ പ്രേതങ്ങള്‍ ഇസ്‌ലാമിക ഭരണ വ്യവസ്ഥയെ ദുര്‍ബലമാക്കാന്‍ തുടങ്ങിയപ്പോള്‍, പ്രവാചക പൗത്രന്‍ ഹുസൈന്‍(റ) അതിനെതിരായ പോരാട്ടത്തിന് രംഗത്തുവന്നു. മുഹര്‍റമിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ചെറുത്തുനില്‍പ്പിന് കളമൊരുങ്ങുകയായിരുന്നു. ഇബ്‌നു സിയാദിന്റെ പട്ടാളം ഹസ്രത്ത് ഹുസൈനെയും നബി കുടുംബത്തില്‍പെട്ട അറുപതില്‍പരം സ്ത്രീപുരുഷന്മാരെയും കുട്ടികളെയും യൂഫ്രട്ടീസിന്റെ തീരത്ത് ഉപരോധിച്ചു. യസീദിന്റെ വാള്‍ തലയേറ്റ് അവര്‍ ധീര രക്തസാക്ഷിത്വം വരിച്ചു. 'യൂഫ്രട്ടീസിന്റെ തീരത്ത് ഒരാട്ടിന്‍കുട്ടി വിശന്ന് ചത്താല്‍ രക്ഷിതാവിന്റെ കോടതിയില്‍ ഞാന്‍ അതിന് മറുപടി പറയേണ്ടിവരുമെ'ന്ന് ആശങ്കിച്ച ഉമറിന്റെ അധികാര സിംഹാസനത്തില്‍ കയറിയിരുന്ന യസീദ് നബികുടുംബത്തിലെ പിഞ്ചുകുഞ്ഞിന് വരെ സമൃദ്ധമായ യൂഫ്രട്ടീസ് നദിയില്‍നിന്ന് ദാഹജലം നിഷേധിച്ച് കൊലപ്പെടുത്തുന്നതില്‍പരം രാഷ്ട്രീയ അധാര്‍മികത മറ്റെന്താണുള്ളത്? ഐതിഹാസികമായ ഈ പോരാട്ടത്തിന്റെ, കര്‍ബലയുടെ രംഗവേദിയാകാന്‍ ദൈവം നിശ്ചയിച്ചതും മുഹര്‍റം മാസം തന്നെ.

'മുഹര്‍റം' എന്ന വാക്കിനര്‍ഥം 'വിലക്കേര്‍പ്പെടുത്തപ്പെട്ടത്' എന്നാണ്. മനുഷ്യന്റെ സകല അവകാശങ്ങളും ആരാലും കൈയേറ്റം ചെയ്യപ്പെടാതിരിക്കാന്‍ മാത്രം പരിശുദ്ധമാണ്. നിയമം കൊണ്ടണ്ട് അതിന് സുരക്ഷ നല്‍കപ്പെട്ട മാസം എന്നാണ് മുഹര്‍റമിന്റെ പ്രത്യേകത. 'സകലകാലവും പ്രദേശവും മനുഷ്യന്റെ ജീവനും സ്വത്തിനും അഭിമാനത്തിനും പവിത്രത നല്‍കപ്പെടുന്നതാകണം' എന്നത് പ്രവാചകന്റെ അഭിലാഷവും ആഹ്വാനവുമാണ്. ഈ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുമ്പോള്‍ അതിനെതിരായ ദൈവ മാര്‍ഗത്തിലെ പോരാട്ടത്തിനുള്ള ആഹ്വാനവും അഭിലാഷവുമാണ് മുഹര്‍റം. നീതിയുടെയും സത്യത്തിന്റെയും വിജയ പ്രഖ്യാപനത്തിന്റെ തപിക്കുന്ന ഓര്‍മകളാണ് മുഹര്‍റം പ്രസരിപ്പിക്കുന്നത്.

ഇസ്രാഈല്യരുടെ മോചനവും നബിയുടെ ഹിജ്‌റയും വിജയമാണ്. എന്നാല്‍, കര്‍ബല പരാജയമായിരുന്നല്ലോ എന്ന് പരിതപിക്കുന്നവരുണ്ട്. അവര്‍ ചരിത്രത്തെ ഒരു വീക്ഷണ കോണിലൂടെ മാത്രം വായിക്കുന്നവരാണ്. 'കര്‍ബ്' എന്നാല്‍ ദുരന്തമെന്നും 'ബലാ' എന്നാല്‍ പരീക്ഷണമെന്നുമാണല്ലോ അര്‍ഥം. നബികുടുംബത്തിന്റെ രക്തസാക്ഷിത്വം ദുരന്തമായിരുന്നു എന്നല്ല ഇതിന്റെ സൂചന. ഒരു രക്തസാക്ഷിത്വവും ദുരന്തമോ പരാജയമോ അല്ല. ഉമയ്യ സാമ്രാജ്യത്തിന്റെ പതനത്തിന്റെ തുടക്കമാണ് കര്‍ബല. ആ അര്‍ഥത്തില്‍ അനീതിക്കും അക്രമത്തിനും ദേഹേഛക്കും ഐഹിക ആഡംബരങ്ങള്‍ക്കും കാവലിരിക്കുന്നവര്‍ക്ക് കാലം കരുതിവെച്ച ബലിക്കല്ലാണ് 'കര്‍ബല'. ഹസ്രത്ത് ഹുസൈന്റെയും കുടുംബത്തിന്റെയും ജീവനും രക്തവും, അക്രമത്തിനും മര്‍ദനത്തിനും എതിരായ വിമോചന സമരങ്ങളുടെ ഇന്ധനമായി ലോകാന്ത്യം വരെയും ഭൂമിയില്‍ കത്തിജ്ജ്വലിക്കും. യസീദും ഇബ്‌നു സിയാദും അനീതിയുടെയും അക്രമത്തിന്റെയും പ്രതീകങ്ങളും നബികുടുംബത്തിന്റെ കൊലയാളികളുമായി ശപിക്കപ്പെടും. ശുഹദാക്കളുടെ ചരിതം പോരാളികള്‍ക്ക് ആവേശമാണ്. ഏകാധിപതികളുടെ ആക്രോശങ്ങളും കൊലവിളികളും ഭീരുത്വമായിട്ടേ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളൂ... ചെങ്കടലും മക്കക്കും മദീനക്കും ഇടയിലെ മരുവഴികളും കര്‍ബലയും മുജാഹിദുകളുടെ പാഠശാലകളാണ്. മുഹര്‍റം മനുഷ്യാവകാശ പോരാട്ടങ്ങളുടെ വഴിത്തിരിവാണ്. എന്നാല്‍ വഴിത്തിരിവുകളില്‍ എത്തിനില്‍ക്കുന്നവര്‍ വഴികള്‍ മറന്നുപോകരുത്. മുഹര്‍റം വിമോചനത്തിലേക്കുള്ള വഴിയാണ്. അതാകട്ടെ ത്യാഗത്തിന്റേതും. ത്യാഗത്തില്‍ അത്യുന്നതം ജീവത്യാഗവും. ജീവത്യാഗം ചെയ്തവരുടെ രക്തകണങ്ങളാണ് ലോകത്തെ ജീവിപ്പിക്കുന്നത്. ജീവിച്ചിരിക്കുന്ന മരിച്ചവരാണ് രക്തസാക്ഷികള്‍. അതിനാല്‍ മുഹര്‍റം ജീവനും ജീവിതവുമാണ്, സമരവും രക്തസാക്ഷിത്വവുമാണ്, വിമോചനവും സ്വാതന്ത്ര്യവുമാണ്, ജീവന്റെയും ജീവിതത്തിന്റെയും വീണ്ടെടുപ്പിനുള്ള പ്രതീക്ഷകളാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (227)
എ.വൈ.ആര്‍

ഹദീസ്‌

നിസ്സംഗത വെടിയുക
കെ.സി ജലീല്‍ പുളിക്കല്‍