Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 29

3019

1439 മുഹര്‍റം 08

അതിജീവനത്തിന്റെ ഹിജ്‌റ

അബ്ദുല്ലത്വീഫ് പാലത്തുങ്കര

ഗത്യന്തരമില്ലാതെ പെട്ടെന്നെടുത്ത ഒരു തീരുമാനമായിരുന്നില്ല പ്രവാചകന്റെയും അനുയായികളുടെയും മദീനയിലേക്കുള്ള ഹിജ്‌റ/പലായനം. നീ കാലമെടുത്ത് വളരെ സൂക്ഷ്മമായി ആസൂത്രണം ചെയ്ത നീക്കങ്ങളുടെ ഫലമായിരുന്നു അത്. 'ഹിജ്‌റ'യിലൂടെയായിരുന്നു യസ്‌രിബ് 'മദീന'യായി രൂപാന്തരപ്പെട്ടത്. പ്രവാചകനെയും അനുയായികളെയും തങ്ങളുടെ നഗരത്തിലേക്ക് ക്ഷണിക്കുകയും അവരെ സഹായിക്കാന്‍ സന്നദ്ധരാവുകയും ചെയ്തത് മൂലമാണ് മദീനക്കാര്‍ സഹായികള്‍ എന്നര്‍ഥമുള്ള 'അന്‍സ്വാറുകള്‍' എന്ന പേരില്‍ ചരിത്രത്തില്‍ വാഴ്ത്തപ്പെട്ടത്. മദീനയില്‍ അഭയാര്‍ഥികളായെത്തിയ മുസ്‌ലിംകളെ 'മുഹാജിറുകള്‍' എന്നും ചരിത്രം അടയാളപ്പെടുത്തി.

തങ്ങള്‍ വിശ്വസിക്കുന്ന ആദര്‍ശത്തിനു വേണ്ടി പിറന്ന നാടും വീടും സമ്പത്തും കുടുംബവും വരെ വെടിഞ്ഞവരായിരുന്നു മുഹാജിറുകള്‍. അതാണ് ഹിജ്‌റയുടെ പ്രസക്തി. ഒപ്പം, എല്ലാം ഉപേക്ഷിച്ച് മദീനയിലെത്തിയ സഹോദരങ്ങളെ തങ്ങളുടെ വീടുകളില്‍ താമസിപ്പിക്കുകയും കൃഷിയിലും കച്ചവടത്തിലും പങ്കുകാരാക്കുകയും ചെയ്ത് സര്‍വ സൗകര്യങ്ങളും ചെയ്തുകൊടുത്ത അന്‍സ്വാറുകള്‍ ലോകചരിത്രത്തില്‍ തന്നെ അപൂര്‍വമായ സാഹോദര്യ സഖ്യമായിരുന്നു അവിടെ രൂപപ്പെടുത്തിയെടുത്തത്. അവരെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്: ''സത്യത്തില്‍ വിശ്വസിക്കുകയും സ്വദേശം വെടിയുകയും ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുകയും അഭയം നല്‍കുകയും സഹായിക്കുകയും ചെയ്തവരാകട്ടെ പരസ്പരം രക്ഷാകര്‍ത്താക്കളാകുന്നു''(8:72).

പതിമൂന്ന് വര്‍ഷക്കാലത്തെ നിരന്തര യാതനകള്‍ക്കു ശേഷം പ്രവാചകനും അനുയായികളും തങ്ങള്‍ക്ക് പ്രിയപ്പെട്ട ജന്മദേശത്തെയും ഉറ്റവരെയും സമ്പാദ്യങ്ങളെയും കൈയൊഴിച്ച്, ശ്രേഷ്ഠമായ ഒരു ആദര്‍ശവും ജീവിതക്രമവും പിന്‍പറ്റാനുള്ള അദമ്യമായ ആവേശത്തോടെ താല്‍ക്കാലികമായെങ്കിലും സുരക്ഷിതമായ ഒരു താവളത്തിലെത്തിച്ചേരുക വഴി മഹത്തായ അതിജീവനത്തിന്റെ പാഠമായിരുന്നു വിശ്വാസി സമൂഹത്തിന് പകര്‍ന്നുനല്‍കിയത്. 

ഹിജ്‌റയുടെ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ ആ അതിജീവനം എത്രമാത്രം ആസൂത്രിതമായിരുന്നുവെന്ന് നമുക്ക് ബോധ്യപ്പെടും. വിശ്വാസികളെ സ്വീകരിക്കാന്‍ മദീനാനിവാസികള്‍ തയാറാണെന്ന് ഉറപ്പായപ്പോള്‍ ഹിജ്‌റ പോകാന്‍ അല്ലാഹുവിന്റെ അനുമതി ലഭിച്ചു. നബി(സ) അനുയായികള്‍ക്ക്  ഹിജ്‌റ ആരംഭിക്കാന്‍ സമയമായെന്ന് സൂചന നല്‍കി. കഴിയുന്നത്ര രഹസ്യമായും ഒറ്റയായും പുറപ്പെടാനായിരുന്നു അവര്‍ക്ക് നല്‍കിയ നിര്‍ദേശം. തുടര്‍ന്ന് മക്കാ തെരുവുകള്‍ നിരന്തരമായ തിരോധാനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊിരുന്നു. ഖുറൈശികളുടെ നിശാസഭകള്‍ ഈ തിരോധാനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. അപ്പോഴൊക്കെയും നബി(സ)യും തെരഞ്ഞെടുക്കപ്പെട്ട ശിഷ്യന്മാരും മക്കയില്‍ തന്നെയുണ്ടായിരുന്നു. പ്രവാചക ശിഷ്യന്മാരുടെ പലായനം ഒരു പ്രവാഹമായി മാറുന്നുെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മക്കാ ഖുറൈശികള്‍ കൂടുതല്‍  ജാഗരൂകരായി.

മക്കയില്‍ മുസ്‌ലിംകളുടെ എണ്ണം വളരെ പെട്ടെന്ന് കുറഞ്ഞുവരുന്നതാണ് ശത്രുക്കളെ ഭയപ്പെടുത്തുന്നത്. കാരണം അവര്‍ മരിച്ചുതീരുകയല്ല, മറിച്ച് നാട് വെടിഞ്ഞു പോവുകയാണ്. ഓരോ പലായനത്തിലും അപ്രതിരോധ്യമായ ഒരു തിരിച്ചുവരവിന്റെ ഭീഷണി അവര്‍ മണത്തിരുന്നു. അപ്പോഴും ശത്രുക്കളെ അത്ഭുതപ്പെടുത്തിയ ഘടകം മുഹാജിറുകളില്‍ കണ്ട ആത്മവിശ്വാസവും നിര്‍ഭയത്വവുമായിരുന്നു. കാരണം, പിറന്ന മണ്ണും വീടും വിട്ട്, സഹധര്‍മിണിയെയും സന്താനങ്ങളെയും ഉപേക്ഷിച്ച്  മറ്റൊരു നാട്ടിലേക്ക് വെറും കൈയോടെ പലായനം നടത്തുമ്പോഴും അക്ഷയമായ ഏതോ പാഥേയങ്ങള്‍ കൂടെക്കൊണ്ടുപോകുന്ന പ്രതീതിയും നിര്‍ഭയത്വവും ആത്മവിശ്വാസവും അവരില്‍ ഓരോരുത്തരിലും പ്രകടമായിരുന്നു. 

ഈ തിരോധാനം തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ബോധ്യപ്പെട്ടപ്പോള്‍ മക്കാ ഖുറൈശികള്‍ ദാറുന്നദ്‌വയില്‍ ഒരുമിച്ചുകൂടി. ഖുറൈശി പ്രമുഖര്‍ യോഗം ചേര്‍ന്ന് സുപ്രധാന തീരുമാനങ്ങളെടുത്തിരുന്നത് ദാറുന്നദ്‌വയില്‍ വെച്ചായിരുന്നു. അബൂജഹ്ല്‍, അബൂലഹബ്, അബൂസുഫ്‌യാന്‍ തുടങ്ങിയ പ്രമുഖരൊക്കെ പ്രസ്തുത യോഗത്തില്‍ പങ്കെടുത്തു. നബി(സ)യെ ബന്ധനസ്ഥനാക്കുന്നതിനെക്കുറിച്ചും മരുഭൂമിയില്‍ വിദൂര ഭാഗത്തെവിടേക്കെങ്കിലും നാടുകടത്തുന്നതിനെക്കുറിച്ചുമൊക്കെ യോഗം ചര്‍ച്ച ചെയ്തു. എന്നാല്‍ അവയൊന്നും ഫലപ്രദമല്ലെന്നും അദ്ദേഹത്തെ വധിക്കുകയാണ് വേണ്ടതെന്നും യോഗത്തില്‍ തീരുമാനമായി. എന്നാല്‍ ഹാശിം കുടുംബക്കാര്‍ മുഹമ്മദ് നബി കൊല്ലപ്പെട്ടാല്‍ അടങ്ങിയിരിക്കില്ല എന്ന് ഉറപ്പുള്ളതിനാല്‍, ഏതു രീതിയില്‍ വധിക്കണം എന്നതിനെക്കുറിച്ചായി അടുത്ത ചര്‍ച്ച. 

മുഹമ്മദിനെ ഒരാളോ ഒരു കുടുംബമോ തനിച്ചു വധിക്കുന്നതിനു പകരം, എല്ലാ ഗോത്രങ്ങൡല്‍നിന്നും ഓരോ പ്രതിനിധിയെ വീതം തെരഞ്ഞെടുത്ത് അവരെ ഈ ദൗത്യത്തിന് നിയോഗിക്കുക എന്ന അബൂജഹ്‌ലിന്റെ അഭിപ്രായത്തിനാണ് ഒടുവില്‍ സ്വീകാര്യത ലഭിച്ചത്. 

പ്രവാചകനെ വധിക്കാന്‍ തങ്ങള്‍ കൈക്കൊണ്ട കുടില പദ്ധതികള്‍ പൂര്‍ണമായും വിജയം കാണുമെന്ന തീര്‍ച്ചയിലായിരുന്നു ശത്രുക്കള്‍. എന്നാല്‍ അവരുടെ പദ്ധതികളെക്കുറിച്ച് നേരത്തേതന്നെ മലക്ക് മുഖേന പ്രവാചകന് വിവരം ലഭിച്ചിരുന്നു. അതുപ്രകാരം ഹസ്രത്ത് അലി(റ)യെ തന്റെ കിടക്കയില്‍ കിടത്തി നബി(സ) രാത്രി വീടു വിട്ടു. നേരത്തേ പറഞ്ഞുറപ്പിച്ച പോലെ അബൂബക്ര്‍ സിദ്ദീഖും ഒപ്പം ചേര്‍ന്നു. പിറ്റേന്ന് പ്രഭാതത്തില്‍ ശത്രുഭടന്മാര്‍ കാണുന്നത് പ്രവാചകന്റെ കിടക്കയില്‍നിന്ന് എഴുന്നേറ്റു വരുന്ന ഹസ്രത്ത് അലിയെയായിരുന്നു. പ്രവാചകനെ അന്വേഷിച്ച് പലയിടങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും വിവരം ലഭിക്കാതെ വന്നപ്പോള്‍ അദ്ദേഹത്തെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് അവര്‍ വന്‍ പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചു.

ഈസമയം, പ്രവാചകനും അബൂബക്ര്‍ സിദ്ദീഖും മദീന ലക്ഷ്യം വെച്ച് യാത്ര ആരംഭിച്ചിരുന്നു. ശത്രുക്കള്‍ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി മക്കക്ക് മൂന്ന് മൈല്‍ അകലെയുള്ള സൗര്‍ ഗുഹയില്‍ അവര്‍ ഒളിച്ചിരുന്നു. പലായനത്തിനിടെയുള്ള പ്രവാചകന്റെ ആസൂത്രിതമായ നീക്കങ്ങളിലൊന്നായിരുന്നു അത്. ശത്രുക്കളുടെ തെരച്ചില്‍ സംഘങ്ങളിലൊന്ന് ഇരുവരും ഒളിച്ചിരുന്ന സൗര്‍ ഗുഹാമുഖം വരെയെത്തിയിരുന്നു. ശത്രുക്കളുടെ കാലൊച്ച കേട്ട അബൂബക്ര്‍ വല്ലാതെ പരിഭ്രാന്തനായി. ശത്രുക്കളിലൊരാള്‍ ഗുഹയിലേക്കൊന്ന് കഴുത്തു നീട്ടിയാല്‍ തങ്ങളിരുവരും വാളിനിരയാക്കപ്പെടുമെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. പലായനത്തിലെ ഏറ്റവും സന്ദിഗ്ധമായ ഘട്ടം. പക്ഷേ, പടച്ചവനിലുള്ള അചഞ്ചലമായ വിശ്വാസവും സമചിത്തതയും ശുഭാപ്തിയും അവരെ ആ അപകടഘട്ടം അതിജീവിക്കാന്‍ സഹായിച്ചു. ആ സന്ദിഗ്ധ ഘട്ടത്തില്‍ 'ദുഃഖിക്കാതിരിക്കൂ, തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട്' എന്ന പ്രവാചകന്റെ ആശ്വാസ വചനം വിശ്വാസികളുടെ ഹൃദയത്തില്‍ ഓരോ പ്രതിസന്ധിഘട്ടത്തിലും  പ്രതിധ്വനിക്കേണ്ട ഒന്നാണ്.

ഗുഹാമുഖത്ത് ചിലന്തിവല കണ്ടപ്പോള്‍ ആള്‍താമസമില്ലാത്ത ഗുഹയാണതെന്ന് കരുതി ശത്രുക്കള്‍ തിരിച്ചുപോയി. ഉടനെ പുറത്തിറങ്ങിയാല്‍ അപകടമാണെന്നു ക് മൂന്ന് ദിവസങ്ങള്‍ കൂടി ഇരുവരും ഗുഹയില്‍ തന്നെ താമസിച്ചു. അവിടെയും പ്രവാചകന്റെ നീക്കങ്ങള്‍ വളരെ ആസൂത്രിതമായിരുന്നു. ഇരുവര്‍ക്കും ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ചുമതല അബൂബക്ര്‍ സിദ്ദീഖിന്റെ  പ്രിയ പുത്രി അസ്മാഅ് ബീവിക്കും ആട്ടിടയന്‍ ആമിറുബ്‌നു ഫുഹൈറക്കുമായിരുന്നു. അവര്‍ക്ക് മദീനയിലേക്കുള്ള വഴി കാണിച്ചിരുന്നത് അബ്ദുല്ല എന്ന ഒരു അമുസ്‌ലിമായിരുന്നു. നിര്‍ണായക ഘട്ടത്തില്‍ വഴികാട്ടിയായി ഒരവിശ്വാസിയെ കൂടെ കൂട്ടിയെങ്കില്‍ അദ്ദേഹം എത്രമാത്രം വിശ്വസ്തനാണെന്ന് നേരത്തേതന്നെ അവര്‍ക്ക് ബോധ്യപ്പെട്ടിട്ടുാവണം. ഗുഹയിലേക്ക് വരുന്നവരുടെ കാല്‍പാടുകള്‍ പിന്തുടര്‍ന്ന് ശത്രുക്കള്‍ തങ്ങളിലേക്കെത്താതിരിക്കാന്‍,  ആ കാല്‍പാടുകള്‍ മായ്ച്ചുകളയുന്ന വിധത്തില്‍ ആട്ടിന്‍കൂട്ടങ്ങളെ തെളിച്ചുകൊണ്ടുവരാന്‍ ആമിറുബ്‌നു ഫുഹൈറയെ പ്രവാചകന്‍ പ്രത്യേകം ചുമതലപ്പെടുത്തിയിരുന്നുവെന്ന് വായിക്കുമ്പോള്‍ എത്രമാത്രം കൃത്യവും ആസൂത്രിതവുമായിരുന്നു ഹിജ്‌റ എന്ന് നമുക്ക് ബോധ്യപ്പെടും. 

മുഹാജിറുകള്‍ ഒരിക്കലും ഭൗതികമായ നേട്ടങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല. അല്ലാഹുവിന്റെ പ്രീതി മാത്രമായിരുന്നു അവര്‍ ലക്ഷ്യം വെച്ചിരുന്നത്. മക്കയില്‍ തുടര്‍ന്നാല്‍ ഓരോരുത്തരായി ഇല്ലാതാവുന്നതോടെ മഹത്തായ ഈ ആദര്‍ശം തന്നെ എന്നെന്നേക്കുമായി ഇല്ലാതാകും എന്ന ബോധ്യത്തില്‍നിന്നായിരുന്നു അവര്‍ ഹിജ്‌റക്കൊരുങ്ങിയത്. ആ ലക്ഷ്യത്തിനു മുന്നില്‍ വീടോ സമ്പാദ്യങ്ങളോ കുടുംബമോ അവര്‍ക്ക് പ്രതിബന്ധമായിരുന്നില്ല. ഒരിക്കല്‍ മക്കാ ഖുറൈശികളോട് നബി(സ) അസന്ദിഗ്ധമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടു്: ''ഞാന്‍ സമ്പത്തോ അധികാരമോ പദവിയോ ആഗ്രഹിക്കുന്നില്ല. നിങ്ങളെ സന്തോഷ വാര്‍ത്തയറിയിക്കാന്‍ ദൈവം എന്നെ നിയോഗിച്ചതാണ്. ഞാന്‍ നിങ്ങളെ ഗുണദോഷിക്കുക മാത്രമാണ്. ഞാന്‍ കൊണ്ടുവന്ന സന്ദേശം നിങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍, അല്ലാഹു ഇഹപര ലോകങ്ങളില്‍ നിങ്ങളില്‍ തൃപ്തനാകും. നിങ്ങള്‍ എന്റെ നിര്‍ദേശങ്ങള്‍ നിരാകരിക്കുകയാണെങ്കില്‍ ഞാന്‍ ക്ഷമ കൈക്കൊള്ളും. നിങ്ങളും ഞാനും തമ്മിലുള്ള ഇടപാടുകളെപ്പറ്റി തീരുമാനിക്കേണ്ടവന്‍ അല്ലാഹുവാകുന്നു.'' 

പക്ഷേ, പ്രവാചകനെയും അനുയായികളെയും കേള്‍ക്കുന്നതിനു പകരം അവരെ ഇല്ലാതാക്കാനായിരുന്നു മക്കക്കാര്‍ ശ്രമിച്ചത്. അവിടെയായിരുന്നു പുതിയ ഒരു മേച്ചില്‍പുറം തേടിയുള്ള ഹിജ്‌റ അനിവാര്യമായിത്തീര്‍ന്നത്.  

 

ഹിജ്‌റ കലറിന്റെ ചരിത്രം

മക്കയില്‍നിന്ന് യസ്‌രിബിലേക്കുള്ള നബി(സ)യുടെ പലായനത്തിന്റെ 17 വര്‍ഷങ്ങള്‍ക്കു ശേഷം ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ന്റെ ഭരണ കാലത്താണ് 'ഹിജ്‌റ കലണ്ടര്‍' എന്ന പേരില്‍ ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിയുള്ള ഇസ്‌ലാമിക കലണ്ടര്‍ രൂപപ്പെട്ടത്. അക്കാലം വരെ, നിര്‍ണിതമല്ലാത്ത മറ്റു പല സംഭവങ്ങളെയും അടിസ്ഥാനപ്പെടുത്തിയായിരുന്നു മുസ്‌ലിംകള്‍ തീയതികള്‍ രേഖപ്പെടുത്തിയിരുന്നത്. അവ അപരിചിതവും ക്രോഡീകൃതമല്ലാത്തതുമായതിനാല്‍ ആശയവിനിമയങ്ങളിലും കത്തുകളുടെ കൈമാറ്റങ്ങളിലും വളരെ പ്രയാസങ്ങളുായി. ഒരിക്കല്‍ അബൂ മൂസല്‍ അശ്അരി(റ) ഉമറി(റ)ന് എഴുതി; ''അമീറുല്‍ മുഅ്മിനീന്‍, താങ്കളുടെയടുക്കല്‍നിന്ന് ഞങ്ങള്‍ക്ക് കത്തുകള്‍ വന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ അതില്‍ തീയതി രേഖപ്പെടുത്താത്തതിനാല്‍ ഏതിലാണ് ആദ്യം നടപടി സ്വീകരിക്കേണ്ടതെന്ന് അറിയാന്‍ സാധിക്കുന്നില്ല.'' 

സുദീര്‍ഘമായ മറ്റൊരു റിപ്പോര്‍ട്ട് ഇങ്ങനെയാണ്: ഖിലാഫത്ത് ഏറ്റെടുത്ത ഉമര്‍(റ) സ്വഹാബികളെയും ഒരുമിച്ചുകൂട്ടി അവരോട് പറഞ്ഞു: സമ്പത്ത് വര്‍ധിച്ചിരിക്കുന്നു. എന്നാല്‍ തീയതികളൊന്നും രേഖപ്പെടുത്താതെയാണ് നാം നമ്മുടെ സമ്പത്ത് കൈകാര്യം ചെയ്യുന്നത്. അതിന് വല്ല പരിഹാര മാര്‍ഗങ്ങളുമുണ്ടോ? അവരിലൊരാള്‍ പറഞ്ഞു; നമുക്ക് റോമക്കാരുടെ തീയതി സ്വീകരിക്കാം. അതിന് കാലദൈര്‍ഘ്യമേറെയുണ്ടെന്ന തടസ്സവാദം ഉയര്‍ന്നു. പേര്‍ഷ്യക്കാരുടെ തീയതി പരിഷ്‌കരിച്ചുകൂടേയെന്ന് ചിലര്‍ നിര്‍ദേശിച്ചു. ഉടന്‍ തന്നെ ഹുര്‍മുസിനെ കൊുവരാന്‍ ഉമര്‍ (റ) നിര്‍ദേശിച്ചു. ഉമര്‍ (റ) അതേകുറിച്ച് അദ്ദേഹത്തോട് വിശദീകരണം തേടി. തങ്ങള്‍ക്കിടയില്‍ മഅ്‌റൂസ് എന്ന പേരില്‍ മാസവും കൊല്ലവും എഴുതിവെക്കുന്ന സമ്പ്രദായമുണ്ടെന്ന് പറഞ്ഞ ഹുര്‍മുസ് അത് വിശദീകരിച്ചു. ഏവരും അതില്‍ ഏകോപിതരായി. പിന്നീട് വര്‍ഷാരംഭം ഏതു മാസം കൊണ്ടാകണം എന്നായി ചര്‍ച്ച. പലരും പല അഭിപ്രായങ്ങളും പറഞ്ഞു. നബി(സ)യുടെ ജനനമാണ് മുസ്‌ലിം ലോകത്തിന് ഏറ്റവും വലിയ സന്തോഷ നിമിഷം, അതിനാല്‍ പുതിയ കലണ്ടറിന്റെ ആദ്യ വര്‍ഷം അതു തന്നെയാക്കാമെന്ന് ചിലരും, റസൂലിന്റെ മരണ വര്‍ഷം തെരഞ്ഞെടുക്കാമെന്ന് മറ്റു ചിലരും അഭിപ്രായപ്പെട്ടു. വര്‍ഷാരംഭമായി നബി(സ)യുടെ പ്രവാചകത്വം തെരഞ്ഞെടുക്കാമെന്നും നിര്‍ദേശമുണ്ടായിരുന്നു.

ഈ സമയത്താണ് നബി(സ)യുടെ മദീനയിലേക്കുള്ള ഹിജ്‌റ/പലായനം, വര്‍ഷാരംഭമായി കണക്കാക്കാമെന്ന നിര്‍ദേശം അലി (റ) മുന്നോട്ടുവെച്ചത്. അലി(റ)യുടെ നിര്‍ദേശം അവിടെ കൂടിയവരെല്ലാം പിന്തുണച്ചതോടെ വര്‍ഷാരംഭമായി ഹിജ്‌റയെ സ്വീകരിക്കുകയായിരുന്നു. എന്നാല്‍ ചര്‍ച്ച അവിടെയും തീര്‍ന്നില്ല. വര്‍ഷാരംഭം ഏത് മാസം കൊണ്ടായിരിക്കണം? മദീനയിലേക്കുള്ള ഹിജ്‌റ നടന്നത് റബീഉല്‍ അവ്വല്‍ മാസത്തിലാണ്, ആയതിനാല്‍ വര്‍ഷാരംഭം റബീഉല്‍ അവ്വല്‍ കൊണ്ടാകാം എന്ന് ഒരു കൂട്ടം സ്വഹാബികള്‍ അഭിപ്രായപ്പെട്ടു. റജബാകാമെന്ന് മറ്റു ചിലര്‍ പറഞ്ഞു. റമദാന്‍, ദുല്‍ഹിജ്ജ തുടങ്ങിയ നിര്‍ദേശങ്ങളും ഉയര്‍ന്നുകേട്ടു. അപ്പോള്‍ ഉസ്മാന്‍ (റ) പറഞ്ഞു: വര്‍ഷാരംഭമായി മുഹര്‍റത്തെ കണക്കാക്കാം, അത് പവിത്രമാസമാണ്. ഹജ്ജ് കഴിഞ്ഞ് വിശ്വാസികള്‍ തിരിച്ചുപോകുന്നതും മദീനയിലേക്കുള്ള വിശ്വാസികളുടെ ഹിജ്‌റ ആരംഭിച്ചതും ഈ മാസത്തിലാണ്. ഈ നിര്‍ദേശം എല്ലാവര്‍ക്കും സ്വീകാര്യമായി. അങ്ങനെ മുഹര്‍റം ഒന്ന് ഹിജ്‌റ കലണ്ടറിലെ ആദ്യ ദിവസമായി നിശ്ചയിക്കപ്പെട്ടു. ഇതാണ് ഹിജ്‌റ കലണ്ടറിന്റെ ഉത്ഭവ ചരിത്രം. ഇസ്‌ലാമിലെ സുപ്രധാന തീരുമാനങ്ങളെല്ലാം കൂടിയാലോചനകളിലൂടെയാണ് എടുത്തിരുന്നതെന്ന മഹത്തായ പാഠവും ഇത് നമുക്ക് നല്‍കുന്നു്. 

ഗ്രിഗേറിയന്‍ കലണ്ടറിലെ വലിയ അക്കങ്ങള്‍ക്ക് അരികുപറ്റി നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ് ഹിജ്‌റ കലണ്ടര്‍ എന്നു പറഞ്ഞാല്‍ തെറ്റാവില്ല. മുന്‍കൂട്ടിയുള്ള മാസനിര്‍ണയം അസാധ്യമാണെന്ന പരിമിതിയാണ് ഇപ്പോഴത്തെ ഹിജ്‌റ കലണ്ടറിനുള്ളത്. ഒരു സ്വതന്ത്ര ഹിജ്‌റ കലണ്ടറിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആരും തയാറാകുന്നില്ല. എന്തൊക്കെയായാലും ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളെല്ലാം ഹിജ്‌റ കാലഗണനാക്രമത്തിനനുസരിച്ചാണ് രേഖപ്പെടുത്തപ്പെട്ടത് എന്നതിനാല്‍, ഇസ്‌ലാമിക ചരിത്രം നിലനില്‍ക്കുന്ന കാലത്തോളം ത്യാഗനിര്‍ഭരമായ ഹിജ്‌റയും, ഹിജ്‌റയുടെ ഓര്‍മകള്‍ സമ്മാനിക്കുന്ന ഹിജ്‌റ കലണ്ടറും അനുസ്മരിക്കപ്പെടുകതന്നെ ചെയ്യും. 

(ചെമ്മാട് ദാറുല്‍ ഹുദാ ഗവേഷണ വിദ്യാര്‍ഥിയാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (227)
എ.വൈ.ആര്‍

ഹദീസ്‌

നിസ്സംഗത വെടിയുക
കെ.സി ജലീല്‍ പുളിക്കല്‍