ജുഹൈന, മുദ്‌ലിജ്, മുസൈന
മുഹമ്മദുന്‍ റസൂലുല്ലാഹ്-50
'ജുഹൈന ഗോത്രത്തില്‍നിന്നുള്ള ബനൂ സുറാഅഃ, ബനൂ റബാഹ് ശാഖകള്‍ക്ക്; അവരുടെ സ്വത്തിനും ജീവനും സംരക്ഷണമുണ്ടായിരിക്കും. അവരെ ആര്‍ ആക്രമിച്ചാലും അവര്‍ക്കെതിരെ ഈ ഗോത്രങ്ങള്‍ക്ക് സഹായം ലഭിക്കും; ദീന്‍ കാര്യത്തിലൊഴികെ. അംഗങ്ങളുടെ കാര്യത്തിലും. നാടോടികളായ അംഗങ്ങളുടെ കാര്യത്തില്‍, അവര്‍ കരാര്‍ പാലിക്കുകയും അത് ലംഘിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്താല്‍, നാട്ടിലുള്ളവരുടെ അതേ അവകാശങ്ങള്‍ അവര്‍ക്കും ലഭിക്കും. സഹായി ദൈവമാണ്.'1
ഒരൊറ്റ ചരിത്രസ്രോതസ്സില്‍ മാത്രമാണ് ഇങ്ങനെയൊരു രേഖ കണ്ടെത്തിയിട്ടുള്ളത്. ഇതിന് ചില പോരായ്മകളും കാണാനുണ്ട്. 'അംഗങ്ങളുടെ കാര്യത്തില്‍' എന്ന പ്രയോഗം ആവര്‍ത്തിക്കുന്നുണ്ട് രേഖയില്‍. വേണ്ടത്ര ശ്രദ്ധിക്കാതെ പകര്‍ത്തിയെഴുത്തുകാരന്‍ ആ വാക്കുകള്‍ ആവര്‍ത്തിച്ചതാവാം. 'ദീന്‍ കാര്യത്തിലൊഴികെ' എന്നേ കാണുന്നുള്ളൂ. അതിനു മുമ്പ്, 'പ്രവാചകന്‍ സഹായത്തിന് വിളിച്ചാല്‍, അവര്‍ ചെല്ലണം, ആ ബാധ്യത അവര്‍ക്കുണ്ട്' എന്ന വാക്യം കഴിഞ്ഞാവണം 'ദീന്‍ കാര്യത്തിലൊഴികെ' വരുന്നത്.
ആറു മാസം കഴിഞ്ഞ് ബദ്ര്‍ യുദ്ധം നടക്കുന്നു. ശത്രുചലനങ്ങള്‍ അപ്പപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രവാചകന്‍ അയച്ച രംഗനിരീക്ഷകരില്‍ രണ്ട് പേര്‍ ജുഹൈന ഗോത്രക്കാരായിരുന്നു.2 ചിലര്‍ പോരാളികളായും ബദ്‌റില്‍ പങ്കെടുത്തു.3 ഉഹുദിലും അവരുടെ പങ്കാളിത്തമുണ്ടായിരുന്നു.4 അതിനാല്‍ തന്നെ ഈ ഗോത്രക്കാര്‍ക്ക് പ്രവാചകനില്‍നിന്ന് ലഭിച്ച വന്‍പാരിതോഷികങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നില്ല. ജുഹൈന ഗോത്രക്കാരനും ദുല്‍മര്‍വ നിവാസിയുമായ ഔസജബ്‌നു ഹര്‍മലക്ക് ഒരു വലിയ ഭൂപ്രദേശം പ്രവാചകന്‍ പതിച്ചുനല്‍കുകയുണ്ടായി. 'ബല്‍ക്കത്ത, അല്‍മസ്‌നഅഃ, അല്‍ജഫ്‌ലാത്ത് തുടങ്ങി അല്‍ജദ്ദ് ജബല്‍ (പര്‍വതം?) അല്‍ഖിബ്‌ല വരെ' (ഈ പ്രദേശങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശമായിരിക്കാം) എന്നാണ് രേഖകളില്‍5 കാണുന്നത്. ഇത് എപ്പോഴാണ് നല്‍കിയതെന്ന് വ്യക്തമല്ല. ബനൂ ശമഖിനും ഇതുപോലെ പ്രദേശങ്ങള്‍ പതിച്ചുനല്‍കിയിരുന്നു.6 മറ്റൊരു ശാഖയായ ബനൂ ജുര്‍മുസിന്, അവരുടെ ജീവന്റെയും 'മുസ്‌ലിമാവുമ്പോള്‍ അവര്‍ക്കുണ്ടായിരുന്ന എല്ലാറ്റിന്റെ'യും സംരക്ഷണം ഉറപ്പു നല്‍കുകയുണ്ടായി.7 ഈ രേഖ എഴുതിയ ആളിന്റെ പേര് മുഗീറതുബ്‌നു ശുഅ്ബ എന്നാണ്. ഹിജ്‌റ ആറാം വര്‍ഷത്തിനു മുമ്പ് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. ഈ രേഖയുടെ കാലമറിയാന്‍ ഈ വിവരം ഉപകരിക്കും. മറ്റൊരു രേഖ കൂടുതല്‍ കൗതുകമുണര്‍ത്തുന്നതാണ്. ജുഹൈനയുടെ രണ്ട് ശാഖകള്‍ (ബനൂ ജുര്‍മുസും ബനൂ ഹുറാഖയും) ഒന്നിച്ച് ഇസ്‌ലാം സ്വീകരിച്ചതിനെക്കുറിച്ച് അത് സൂചന നല്‍കുന്നു എന്നു മാത്രമല്ല, താഴെപ്പറയുന്ന ഉപാധികള്‍ മുമ്പോട്ടു വെച്ചതായും വ്യക്തമാക്കുന്നു. ഉപാധികള്‍:
എ) അവിശ്വാസികളുമായുള്ള ബന്ധങ്ങള്‍ (അത് അടുത്ത ബന്ധുക്കളാണെങ്കില്‍ പോലും) അവര്‍ ഉപേക്ഷിക്കണം.
ബി) ഉത്തരവാദിത്തങ്ങള്‍ ആധ്യാത്മികമാണെങ്കിലും രാഷ്ട്രീയമാണെങ്കിലും അവരത് പൂര്‍ത്തീകരിക്കണം. അതായത്, നമസ്‌കാരം നിലനിര്‍ത്തുക, സകാത്ത് നല്‍കുക, അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക, യുദ്ധമുതലുകളില്‍നിന്ന് ഇസ്‌ലാമിക നിയമം അനുശാസിക്കുന്ന വിഹിതം മദീനയിലെത്തിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍.
സി) അവര്‍ പലിശക്ക് കടം കൊടുത്തിട്ടുണ്ടെങ്കില്‍ പലിശക്കു വേണ്ടി ഇനി മേല്‍ അവകാശവാദം ഉന്നയിക്കരുത്. കടംകൊടുത്ത മൂലധനം അവര്‍ക്ക് തിരിച്ചുവാങ്ങാം.
ഡി) ഈ കരാറില്‍ പങ്കു ചേരുന്നവര്‍ക്കൊക്കെ തുല്യ അവകാശങ്ങള്‍ ലഭിക്കുന്നതായിരിക്കും.
ഈ രേഖ8 മിക്കവാറും പ്രവാചകജീവിതത്തിന്റെ അവസാന വര്‍ഷങ്ങളിലൊന്നില്‍ (മിക്കവാറും ഹിജ്‌റ ഒമ്പതില്‍) ആയിരിക്കാം എഴുതപ്പെട്ടത്. ഇസ്‌ലാം സ്വീകരിക്കാത്ത ഗോത്രങ്ങളുമായി സഖ്യങ്ങളുണ്ടാക്കിയിരുന്ന പ്രവാചകന്‍ ആ നിലപാടില്‍നിന്ന് പിന്‍വാങ്ങുന്നതിന്റെ സൂചന ഒന്നാമത്തെ ഉപാധിയില്‍നിന്ന് വായിച്ചെടുക്കാം. കടത്തിന്മേല്‍ ഈടാക്കിയിരുന്ന പലിശ നിരോധിച്ചുകൊണ്ടുള്ള മഹത്തായ സാമ്പത്തിക പരിഷ്‌കരണ പ്രഖ്യാപനവും ഒപ്പം നടത്തുന്നു. ഏറ്റവുമൊടുവിലത്തെ ഉപാധിയില്‍നിന്ന് മനസ്സിലാവുന്നത് ഈ ഗോത്രത്തിന് വലിയ തോതില്‍ സ്വയംഭരണാവകാശം ഉണ്ടായിരുന്നുവെന്നാണ്. തങ്ങള്‍ ഉദ്ദേശിക്കുന്നവരെ അവര്‍ക്ക് ഉടമ്പടിയില്‍ ഉള്‍പ്പെടുത്താന്‍ അവകാശമുണ്ടായിരുന്നു.
തന്റെ മരണത്തിന് രണ്ട് മാസം മുമ്പ്, പ്രവാചകന്‍ ജുഹൈന ഗോത്രത്തിന് ഒരു പൊതു സന്ദേശം അയക്കുന്നുണ്ട്. അതിങ്ങനെയാണ്: 'മൃഗങ്ങളുടെ (ചീഞ്ഞ) ശവങ്ങളില്‍നിന്നുള്ള ഒന്നും എടുക്കരുത്. അവയുടെ തൊലിയോ ഞരമ്പുകളോ ഒന്നും'.9 ഒരു ആരോഗ്യസുരക്ഷാ മുന്‍കരുതലായി ഇതിനെ കാണാം. ഇതേ ഗോത്രത്തിലെ ജഹ്ദമുബ്‌നു ഫുദാലക്കും പ്രവാചകന്‍10 കത്തെഴുതിയിരുന്നു. പക്ഷേ, അതിന്റെ ടെക്സ്റ്റ് നമുക്ക് ലഭിച്ചിട്ടില്ല. അതേസമയം 'ജുഹൈന ഗോത്രത്തിലെ ജഹ്മുബ്‌നു മുര്‍റ'ക്ക് എഴുതിയ കത്തില്‍,11 മൃഗങ്ങളുടെ മേല്‍ ചുമത്തുന്ന നികുതികളെക്കുറിച്ച നിര്‍ദേശങ്ങളും കാളകളെ ഉപയോഗിച്ച് ഉഴുതുന്ന നിലം നികുതിയില്‍നിന്നൊഴിവാണെന്ന വിവരവും പരാമര്‍ശിച്ചിരുന്നു. മഖ്‌രീസി(ഇംതാഅ്, ക, 373)യുടെ വിവരണപ്രകാരം, ഹിജ്‌റ എട്ടാം വര്‍ഷം പ്രവാചക നേതൃത്വത്തില്‍ നടന്ന മക്കാ വിജയത്തില്‍ ജുഹൈന ഗോത്രത്തിലെ 800 സന്നദ്ധഭടന്മാര്‍ അണിനിരന്നിരുന്നു.
മുദ്‌ലിജ്
പ്രവാചകന്‍ മദീനയിലേക്ക് ഹിജ്‌റ പോകുന്ന സന്ദര്‍ഭത്തില്‍ മുദ്‌ലിജ് ഗോത്രക്കാരനായ സുറാഖയെ കണ്ടുമുട്ടിയ കാര്യം നാം മുമ്പ് പരാമര്‍ശിച്ചിട്ടുണ്ട്. മദീനയിലെത്തിയ ഉടന്‍ അയല്‍ ഗോത്രങ്ങളുമായി കരാറുകള്‍ ഉണ്ടാക്കുന്നതിന്റെ ഭാഗമായി മുദ്‌ലിജ് ഗോത്രം അധിവസിച്ചിരുന്ന ഉശൈറഃ, ഹി. രണ്ടാം വര്‍ഷം മധ്യത്തില്‍ പ്രവാചകന്‍ സന്ദര്‍ശിക്കുന്നുണ്ട്. ആ സമയത്ത് പ്രവാചകനോടൊപ്പം 150 അനുയായികള്‍ ഉണ്ടായിരുന്നു. നേരത്തേ കണ്ടുമുട്ടിയപ്പോള്‍ താന്‍ പ്രവാചകന് കുറേയേറെ ഒട്ടകങ്ങളെയും ആടുകളെയും നല്‍കാമെന്ന് വാഗ്ദാനം നല്‍കിയതും പ്രവാചകന്‍ അത് നന്ദിപൂര്‍വം നിരസിച്ചതും സുറാഖ മറന്നിട്ടുണ്ടായിരുന്നില്ല. തന്റെ കൃതജ്ഞത പ്രകാശിപ്പിക്കാന്‍ സുറാഖ ഇത്തവണ പ്രവാചകന്നും അദ്ദേഹത്തോടൊപ്പമുള്ള മുഴുവനാളുകള്‍ക്കും നല്ലൊരു സദ്യ തന്നെ ഒരുക്കി. എത്രത്തോളമെന്നാല്‍, 'അതിഥി സല്‍ക്കാരത്തിനിടെ അതുവഴി കടന്നുപോയ ഖുറൈശി കച്ചവടസംഘം മുസ്‌ലിംകളുടെ കണ്ണില്‍പെടാതെ രക്ഷപ്പെടുക പോലും ചെയ്തു.'12 പക്ഷേ, പ്രവാചകന്‍ വന്നത് ഒരു സൈനിക കരാര്‍ ഉണ്ടാക്കാനാണ്, അതിലദ്ദേഹം വിജയിക്കുകയും ചെയ്തു.13 കരാറിന്റെ ടെക്സ്റ്റ് നമുക്ക് ലഭിച്ചിട്ടില്ലെങ്കിലും, ഒരേ കാലത്ത് ഒപ്പു വെച്ചതിനാല്‍ ളംറ, ഗിഫാര്‍, ജുഹൈന എന്നീ ഗോത്രങ്ങളുമായുണ്ടാക്കിയ കരാറുകളുമായി തീര്‍ച്ചയായും അതിന് നല്ല സാദൃശ്യമുണ്ടായിരിക്കും. സുറാഖക്ക് വലിയ പരിഗണനയാണ് പ്രവാചകന്‍ നല്‍കിയത്. സുറാഖയെക്കുറിച്ച് പ്രവാചകന്‍ സുപ്രസിദ്ധമായ ഒരു പ്രഖ്യാപനം നടത്തിയിരുന്നല്ലോ. പ്രഖ്യാപനം ഇതായിരുന്നു: 'ഓ, സുറാഖ! താങ്കള്‍ ഇതുകേട്ട് അത്ഭുതപ്പെടും. ഒന്നാലോചിച്ചുനോക്കൂ, പേര്‍ഷ്യന്‍ ചക്രവര്‍ത്തി ഖൊസ്‌റുവിന്റെ കിരീടം താങ്കളുടെ തലയിലും അയാളുടെ വളകള്‍ താങ്കളുടെ കൈകളിലും ജനം അണിയിക്കുന്ന ആ സന്ദര്‍ഭത്തെക്കുറിച്ച് താങ്കള്‍ എന്താണ് പറയുക!'13 (ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ ഭരണകാലത്ത് പേര്‍ഷ്യ ജയിച്ചടക്കിയപ്പോള്‍ അദ്ദേഹം ഈ പ്രവചനം ഓര്‍ക്കുകയും അത് സാക്ഷാല്‍ക്കരിക്കാനുള്ള വഴിയൊരുക്കുകയും ചെയ്തു). സുറാഖ ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ പ്രവാചകനോട് ഒരു ചോദ്യം ചോദിച്ചിരുന്നു: 'എന്റേതല്ലാത്ത അന്യമൃഗങ്ങള്‍ ഞാന്‍ ടാങ്കില്‍ കെട്ടിനിര്‍ത്തിയ വെള്ളം കുടിക്കാനായി വരാറുണ്ട്. ഞാന്‍ അവ കുടിച്ചോട്ടെ എന്ന് വെക്കും. ഇതിന്റെ പേരില്‍ എനിക്ക് ദൈവത്തില്‍നിന്ന് പ്രതിഫലം ലഭിക്കുമോ?' നബി പറഞ്ഞു: 'തീര്‍ച്ചയായും. ദാഹിച്ചു വരുന്ന ഏത് ജീവിയോടും കാരുണ്യം കാണിക്കുന്നത് ദൈവത്തിങ്കല്‍ പ്രതിഫലാര്‍ഹമാണ്.'14
മുദ്‌ലിജ് ഗോത്രമാണ് ഇസ്‌ലാമിന് അതിന്റെ ആദ്യ 'അഡ്മിറലി'നെ നല്‍കിയത്. ഈ നാവിക മേധാവിയുടെ പേര് അല്‍ഖമതുബ്‌നു മുജസ്സിസ് അല്‍ മുദ്‌ലിജി. പ്രവാചകന്റെ ജീവിതകാലത്ത് ഒരൊറ്റ നാവിക പര്യടനമേ നടന്നിട്ടുള്ളൂ. അത് ഹി. ഒമ്പതാം വര്‍ഷം അല്‍ഖമയുടെ നേതൃത്വത്തിലാണ്. ഒരു ദ്വീപില്‍നിന്ന് അബ്‌സീനിയന്‍ കടല്‍ക്കൊള്ളക്കാരെ തുരത്താന്‍ വേണ്ടിയായിരുന്നു ഈ നാവിക നീക്കം.15 ഭൂപടത്തില്‍ ഈ ദ്വീപ് ഏതായിരുന്നു എന്ന് നിര്‍ണയിക്കുക പ്രയാസം. കാരണം, ഈ സംഭവം റിപ്പോര്‍ട്ട് ചെയ്ത ഏക ചരിത്രകൃതിയില്‍ ദ്വീപിന്റെ പേരോ അതിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പോ ഒന്നും പറയുന്നില്ല. ആ ദ്വീപ് ജനവാസമുള്ളതായിരുന്നു എന്നറിയാം. 'ജുദ്ദക്കാരെ' (തീരദേശത്ത് വസിക്കുന്നവരെ) കടല്‍ക്കൊള്ളക്കാര്‍ ഭീഷണിപ്പെടുത്തി എന്നു മാത്രമാണ് ചരിത്രരേഖയിലുള്ളത്. 'ജുദ്ദ' എന്നത് 'ജിദ്ദ'യെക്കുറിച്ചാവുമോ? പക്ഷേ, അന്ന് ജിദ്ദ തുറമുഖം ഉണ്ടായിരുന്നില്ല എന്നതാണ് പ്രശ്‌നം. അപ്പോള്‍ സ്വാഭാവികമായും തൊട്ടടുത്തുള്ള ശുഐബ എന്ന പ്രദേശത്തെക്കുറിച്ചാവാം ഈ പരാമര്‍ശം. ഈ മേഖലയില്‍ അബ്‌സീനിയന്‍ കൊള്ളക്കാരുടെ ആക്രമണങ്ങള്‍ തുടര്‍ന്നു എന്നാണ് മനസ്സിലാവുന്നത്. കാരണം, ഉമര്‍ബ്‌നുല്‍ ഖത്ത്വാബ് തന്റെ ഭരണകാലത്ത് ഇതേ അല്‍ഖമയെ ഒരു നാവിക സൈനിക വ്യൂഹത്തിന്റെ തലവനായി അബ്‌സീനിയക്കാരെ നേരിടാനായി അയച്ചിരുന്നു. പക്ഷേ, അല്‍ഖമയും സൈനികരും കപ്പല്‍ തകര്‍ന്നു മരിച്ചു എന്നാണ് കരുതപ്പെടുന്നത്. ഉദ്‌റ ഗോത്രത്തിലെ ഒരു കവി ഈ സംഭവത്തെക്കുറിച്ച് നീണ്ട ഒരു അനുശോചന കാവ്യം രചിച്ചിരുന്നു. അത് അവസാനിക്കുന്നത് ഇങ്ങനെയാണ്: 'ഒരാളെ പിന്തുടരാന്‍ അല്‍ഖമയോളം പോന്ന മറ്റൊരാളില്ല.'16
മുസൈന
ളംറ ഗോത്രനേതാവിന്റെ സഹോദര പുത്രന്മാരും അവരുടെ പിന്മുറക്കാരുമായ മുസൈന ഗോത്രക്കാര്‍ മദീനയുടെ പടിഞ്ഞാറു ഭാഗത്താണ് പാര്‍ത്തിരുന്നത്. ഹിജ്‌റയുടെ ആദ്യവര്‍ഷങ്ങളില്‍ ഇവരുടെ സ്ഥിതി എന്തായിരുന്നു എന്ന് നമുക്ക് അറിയില്ല. ഹി. അഞ്ചാം വര്‍ഷം ഇവരില്‍ നൂറുകണക്കിന് പേര്‍ മദീനയില്‍ വന്ന് ഇസ്‌ലാം സ്വീകരിച്ചു. പ്രവാചകന്‍ അവരെ സ്വന്തം നാട്ടിലേക്കു തന്നെ തിരിച്ചയക്കുകയാണുണ്ടായത്. ഇസ്‌ലാമിന്റെ അധീനതയിലുള്ള ഭൂപ്രദേശങ്ങളില്‍ വന്നു താമസിക്കാന്‍ അവരോട് ആവശ്യപ്പെടുകയുണ്ടായില്ല. അവരുടെ നാട്ടിലേക്കാവട്ടെ മദീനയില്‍നിന്ന് ഇരുപത് മൈല്‍ ദൂരം മാത്രമാണുണ്ടായിരുന്നത്.17
മുസൈനക്കാരനായ ബിലാലുബ്‌നു ഹാരിസിന് ലഭിച്ച രണ്ട് കത്തുകള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.18 അതിലൊന്നില്‍, ബിലാലിന് അല്‍ഖബാലിയയിലെ (അല്‍ഫുര്‍അ് മേഖല) ഖനികള്‍ പ്രവാചകന്‍ പതിച്ചുനല്‍കിയതായി അറിയിക്കുന്നു. കൃഷിയോഗ്യമായ ഖദസിലെ ഭൂമിയും ഇങ്ങനെ പതിച്ചുനല്‍കപ്പെട്ടവയില്‍ പെടുന്നു. രണ്ടാമത്തെ കത്തിലെ പരാമര്‍ശം, അര ഡസന്‍ ഭൂസ്വത്തുക്കളെങ്കിലും നല്‍കിയതിനെക്കുറിച്ചാണ്. പക്ഷേ, ചരിത്ര സ്രോതസ്സുകളില്‍ ഇതുസംബന്ധമായി ചില ആശയക്കുഴപ്പങ്ങളുണ്ട്. ഇബ്‌നു സഅ്ദിന്റെ വിവരണത്തില്‍ (I/,ii, P.25), 'ഖദസ്' എന്നാല്‍ യാത്രികന്റെ സഞ്ചി ആണെന്ന് പറയുന്നു. പക്ഷേ, ആ അര്‍ഥം സന്ദര്‍ഭത്തിന് തീരെ യോജിക്കില്ല. അതേസമയം ഉമറുബ്‌നുല്‍ ഖത്ത്വാബ് തന്റെ ഭരണകാലത്ത്, ഒരു കാര്യത്തിനും ഉപയോഗപ്പെടുത്താതിരുന്നതിനാല്‍ ഈ ഭൂസ്വത്തുക്കളില്‍ അധികവും ഗവണ്‍മെന്റിനു വേണ്ടി കണ്ടുകെട്ടി എന്നും പറയുന്നുണ്ട്. അവര്‍ക്കതിന് നഷ്ടപരിഹാരവും നല്‍കിയിരുന്നു. ബിലാലിന്റെ പിന്മുറക്കാര്‍ നബി നല്‍കിയ രേഖ പിന്നീട് വന്ന ഖലീഫ ഉമറുബ്‌നു അബ്ദില്‍ അസീസിനെ കാണിക്കാനായി കൊണ്ടുവന്നിരുന്നു. പില്‍ക്കാലത്ത്, യാമ്പുവിന് സമീപം ഖബീല്‍ എന്ന ഗ്രാമത്തില്‍ ജോലി ചെയ്തിരുന്ന ഒരു സുഡാനി, നാമിപ്പോള്‍ പരാമര്‍ശിച്ച ഖനികള്‍ പതിച്ചുനല്‍കിയ രേഖയുടെ ലിഖിതം താന്‍ നേരില്‍ കണ്ടതായി എന്നോട് പറഞ്ഞിരുന്നു. പക്ഷേ ഈ സുഡാനി സഹോദരന്‍ അതിന്റെ ഒരു ഫോട്ടോഗ്രാഫ് എടുക്കുകയോ ലിഖിതം പകര്‍ത്തുകയോ ഒന്നും ചെയ്തില്ല. അതിനാല്‍ നമ്മുടെ അന്വേഷണവും അവിടെ തടസ്സപ്പെട്ടു. ഇന്നത്തെ ഖബീല്‍ (പ്രാദേശികമായി ഇത് മഹ്ദുദ്ദഹബ് എന്നാണ് അറിയപ്പെടുന്നത്) ഒരുപക്ഷേ, പ്രവാചകന്റെ കാലത്തെ ഖബാലിയ്യ ആയിരുന്നിരിക്കാം.
ഹി. ഒമ്പതാം വര്‍ഷമാണ് മുസ്‌നക്കാരനായ പ്രശസ്ത കവി കഅ്ബു ബ്‌നു സുഹൈര്‍ ഇസ്‌ലാം സ്വീകരിക്കുന്നത്.19 അദ്ദേഹത്തിന്റെ പിതാവും സഹോദരന്മാരും മാത്രമല്ല സഹോദരിമാര്‍ വരെ കവികളായിരുന്നു. കഅ്ബിന്റെ സഹോദരന്‍ ബുജൈര്‍ ഇസ്‌ലാം സ്വീകരിച്ചപ്പോള്‍, പിതാവ് വളരെയേറെ രോഷാകുലനായി. കഅ്ബിനും രോഷം അടക്കാനായില്ല. പ്രവാചകനെതിരെ ഒരു ആക്ഷേപഹാസ്യ കവിത രചിച്ചുകൊണ്ടാണ് കഅ്ബ് അരിശം തീര്‍ത്തത്. ഹി. ഒമ്പതാം വര്‍ഷമായപ്പോഴേക്കും മുസൈന ഗോത്രക്കാര്‍ പ്രവാചകനെ അംഗീകരിച്ചു. അവര്‍ കഅ്ബിനെ ഗോത്രത്തില്‍നിന്ന് പുറത്താക്കി. തുടര്‍ന്ന് വേഷ പ്രഛന്നനായി അദ്ദേഹം മദീനയിലെത്തി. എന്നിട്ട് താന്‍ ഇസ്‌ലാം ആശ്ലേഷിച്ചതായി പ്രഖ്യാപിച്ചു. പ്രവാചകനെ പുകഴ്ത്തിക്കൊണ്ട് ഒരു കാവ്യവും കഅ്ബ് രചിച്ചു. ആ കാവ്യം പിന്നീട് ആഗോളപ്രശസ്തമായി, 'ബുര്‍ദ ശരീഫ്' (വിശുദ്ധ ബുര്‍ദ) എന്ന പേരില്‍. ഈ കാവ്യത്തിന് ഒട്ടനവധി വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്, മുസ്‌ലിംകള്‍ സംസാരിക്കുന്ന എല്ലാ ഭാഷകളിലേക്കും അത് വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തു. കഅ്ബിന്റെ കാവ്യങ്ങളുടെ ഒരു സമാഹാരം 1950-ല്‍ ക്രാകൗ വില്‍ എഡിറ്റ് ചെയ്യപ്പെടുകയുണ്ടായി. ബുര്‍ദ എന്ന ഈ നീണ്ട കവിതയില്‍ ഇസ്‌ലാം പൂര്‍വ യുദ്ധങ്ങളില്‍ മദീനയിലെ മുസ്‌നി ഗോത്രക്കാര്‍ വഹിച്ച പങ്കിനെക്കുറിച്ച സൂചനകളുണ്ട് (അതൊക്കെ പറയാന്‍ നിന്നാല്‍ നാം വിഷയത്തില്‍നിന്ന് വളരെയേറെ അകന്നുപോകും). മറ്റൊരു റിപ്പോര്‍ട്ടനുസരിച്ച്,20 അബൂത്വാലിബിന്റെ മകള്‍ ഉമ്മുഹാനിയെ അപമാനിക്കാനായി കഅ്ബ് ഒരു കവിത എഴുതിയിരുന്നു. പ്രവാചകന്റെ പിതൃസഹോദര പുത്രിയാണല്ലോ ഉമ്മുഹാനി. ഇതിന്റെ പേരില്‍ പ്രവാചകന്‍ കഅ്ബിന് ഭ്രഷ്ട് കല്‍പിച്ചിരുന്നു. ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ കഅ്ബിന് മാപ്പു നല്‍കുകയാണ് പ്രവാചകന്‍ ചെയ്തത്. അജ്ഞാന കാലത്തെ വഴിതെറ്റലുകള്‍ ഇസ്‌ലാം മായ്ച്ചുകളയുമല്ലോ.
പ്രതിസന്ധി ഘട്ടത്തില്‍ ശൈശവ ദശയിലുള്ള മദീനയിലെ തന്റെ ഇസ്‌ലാമിക ഭരണസംവിധാനത്തെ ആ നഗരത്തിനു ചുറ്റുമുള്ള ഗോത്രങ്ങളുമായി ഉടമ്പടികള്‍ ഉണ്ടാക്കി പ്രവാചകന്‍ എങ്ങനെ സംരക്ഷിച്ചു എന്നാണ് നാം പറഞ്ഞുവന്നത്. മദീനയുടെ പടിഞ്ഞാറു ഭാഗത്ത് അധിവസിച്ചിരുന്ന ഗോത്രങ്ങളെക്കുറിച്ച വിശദാംശങ്ങളാണ് ഇതൊക്കെ. മറ്റു വിശദാംശങ്ങളിലേക്ക് പോകുന്നതിനു മുമ്പ്, വര്‍ണാഭമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയെ നമുക്ക് പരിചയപ്പെടേണ്ടതുണ്ട്.
(തുടരും)
കുറിപ്പുകള്‍
1. വസാഇഖ്, No. 151
2. ഇബ്‌നു ഹിശാം, പേ: 434, ഇബ്‌നു സഅ്ദ് II/i പേ: 7
3. ഇബ്‌നു ഹിശാം, പേ: 495-506
4. ഇബ്‌നു ഹിശാം, പേ: 609
5. വസാഇഖ് No: 609
6. വസാഇഖ് No: 154
7. വസാഇഖ് No: 155
8. വസാഇഖ് No: 153
9. വസാഇഖ് No: 152
10. വസാഇഖ് No: 156
11. വസാഇഖ് No: 158
12. വസാഇഖ് No: 157
13. ബലാദുരി, അന്‍സാബ്, I, No: 651
14. ഇബ്‌നു സഅ്ദ് II/i, പേ: 3. അദ്ദേഹം പറയുന്നു: 'പ്രവാചകന്‍ മുദ്‌ലിജുമായും അവരുടെ സഖ്യഗോത്രമായ ബനൂ ളംറയുമായും ഉടമ്പടി ഉണ്ടാക്കി.'
15. സുഹൈലി I, 51, II, 6
16. ഇബ്‌നു ഹിശാം, പേ: 332
17. ഇബ്‌നു സഅ്ദ് II/i, പേ: 117-8
18. ബലാദുരി, അന്‍സാബ് (ഇസ്തംബൂള്‍ കൈയെഴുത്തു പ്രതി) II, പേ: 721, ത്വബരി I, 2595
19. ഇബ്‌നു സഅ്ദ് I/ii, പേ: 38
20. വസാഇഖ് No: 163, 164
21. മഖ്‌രീസി, ഇംതാഅ്, I, 494
22. മഖ്‌രീസി I, പേ: 494
Comments