ബദല് വഴികള് കണ്ടെത്തിയേ മതിയാവൂ
ബംഗ്ലാദേശിലെ നോബല് സമ്മാന ജേതാവ് ഡോ. മുഹമ്മദ് യൂനുസ് ഈയിടെ അറബിയ്യ ഇംഗ്ലീഷ് ചാനലിന് അനുവദിച്ച അഭിമുഖത്തില്, ആഗോള സമ്പദ് വ്യവസ്ഥയെ ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ടൈം ബോംബ് എന്ന് വിശേഷിപ്പിക്കുകയുണ്ടായി. ധനിക-ദരിദ്ര അന്തരം അത്രക്കും ഭീതിദവും ബീഭത്സവുമായ നിലയിലേക്ക് നീങ്ങുകയാണ്. ഭരണകൂടങ്ങള്ക്കോ ഭരണകൂടേതര സ്ഥാപനങ്ങള്ക്കോ ഈ വസ്തുത നിഷേധിക്കാനാവില്ല. മുഹമ്മദ് യൂനുസ് പറയുന്നത്, ലോക സമ്പത്തിന്റെ 99 ശതമാനവും കേവലം ആറ് രാഷ്ട്രങ്ങളിലായി കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു എന്നാണ്. ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന മുഴുവന് മനുഷ്യരുടെയും മൊത്തം സമ്പത്തിന്റെ പകുതിയിലധികവും വെറും എട്ട് വ്യക്തികളുടെ കൈകൡാണത്രെ ഉള്ളത്. ഇതിനെ സമ്പദ്ഘടന എന്നു പറയാന് പറ്റുമോ? - അദ്ദേഹം ചോദിക്കുന്നു. ഇതൊരു പ്രഹസനമാണ്, കൊഞ്ഞനം കുത്തലാണ്. ദരിദ്രര് കൂടുതല് മെലിഞ്ഞൊട്ടുകയും പണക്കാര് തടിച്ചുവീര്ത്തു കൊണ്ടേയിരിക്കുകയും ചെയ്യുന്ന ഈ പ്രതിഭാസം മുതലാളിത്തത്തിന്റെ സംഭാവനയാണ്. അവശേഷിച്ചിരുന്ന സോഷ്യലിസ്റ്റ്് തുരുത്തുകള് കൂടി മുതലാളിത്തത്തെ ആഞ്ഞ് പുല്കിയതോടെ വരും വര്ഷങ്ങളില് പ്രതിസന്ധി കൂടുതല് രൂക്ഷമാവുകയേയുള്ളൂ.
ഏതാനും ചില രാഷ്ട്രങ്ങളിലേക്കും കമ്പനികളിലേക്കും വ്യക്തികളിലേക്കും പണം കുമിഞ്ഞുകൂടാന് സഹായിക്കുന്ന സംവിധാനങ്ങളാണ് ലോകത്തെങ്ങുമുള്ളത്. നമ്മുടെ പരമ്പരാഗത ബാങ്കുകളെ ഉദാഹരണമായി എടുക്കാം. സാധാരണക്കാരന് ഒരു ലോണ് പാസ്സായി കിട്ടാന് എന്തെല്ലാം കടമ്പകളാണ്! ലോണ് അടവ് തെറ്റിയാല് ജപ്തി ഭീഷണിയുമായി ബാങ്കുകാര് ഉടന് അയാളുടെ വീട്ടുമുറ്റത്തെത്തും. പണക്കാരുടെ കാര്യം അങ്ങനെയല്ല. ഗാരന്റിയായി ഒന്നും കൊടുത്തില്ലെങ്കിലും ചോദിച്ച പണം അയാള്ക്ക് കൊടുത്തിരിക്കും. ആയിരം കോടിയോ അതിലപ്പുറമോ വരുന്ന സംഖ്യ. ഇങ്ങനെ കോടികള് പൊതുമേഖലാ ബാങ്കുകളില്നിന്ന് അടിച്ചുമാറ്റിയ കോടീശ്വരന്മാര് പാട്ടും പാടി വിദേശത്തേക്ക് കടക്കുന്നതാണ് നാം കാണുന്നത്. അവരെ തിരിച്ചുകൊണ്ടുവരാനോ പണം തിരിച്ചുപിടിക്കാനോ യാതൊരു നടപടിയുമുണ്ടാവുന്നില്ല. പൊതു ജനങ്ങളുടെ കണ്ണില് പൊടിയിടാന് തലങ്ങും വിലങ്ങും റെയ്ഡുകള് നടക്കുന്നുണ്ടെന്നു മാത്രം. ഇത്തരക്കാര് നാടുവിടുന്നത് തടയാന് നിയമം കര്ശനമാക്കി എന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോഴും, വെട്ടിപ്പുകാര്ക്ക് എപ്പോള് വേണമെങ്കിലും അന്യനാട് പിടിക്കാമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
മറ്റൊരു ഉദാഹരണമാണ് ലക്ഷക്കണക്കിന് തൊഴിലാളികളെ ഒറ്റയടിക്ക് അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന കേന്ദ്ര സര്ക്കാറിന്റെ പുതിയ തൊഴില് നിയമങ്ങള്. സകല തൊഴിലവകാശങ്ങളുടെയും കടക്കലാണ് കത്തിവെച്ചിരിക്കുന്നത്. ആര്ത്തി മൂത്ത മുതലാളിമാരുടെ ആവശ്യങ്ങള് ഒരു ചര്ച്ച പോലും നടത്താതെ അംഗീകരിക്കുകയാണ് കേന്ദ്ര സര്ക്കാര് ചെയ്തത്. പ്രതീക്ഷയറ്റ ഇത്തരമൊരു സാഹചര്യത്തില് ബദല് മാര്ഗങ്ങളെക്കുറിച്ച് അന്വേഷണം സജീവമാക്കാതെ നിവൃത്തിയില്ല. പലിശരഹിത ബാങ്കിംഗ് സംവിധാനത്തിന് എന്തൊക്കെ കുറവുകള് ചൂണ്ടിക്കാട്ടാനുണ്ടെങ്കിലും, പാവപ്പെട്ടവരുടെയും ദുരിതമനുഭവിക്കുന്നവരുടെയും അത്താണിയായി അത്തരം ചില തുരുത്തുകളേ ഇനി ബാക്കിയുള്ളൂ എന്നതാണ് യാഥാര്ഥ്യം.
Comments