ഇള്ഹാറുദ്ദീനും പ്രവാചകദൗത്യവും
ഇഖാമത്തുദ്ദീനും വിമര്‍ശനങ്ങളും - 3
ജാവേദ് അഹ്മദ് ഗാമിദി തന്റെ ലേഖനങ്ങളിലും പുസ്തകങ്ങളിലും, ഖുര്‍ആനിലെ നിരവധി വിധികള്‍ പ്രവാചകന് മാത്രം ബാധകമായതാണ് എന്ന് വാദിച്ചുറപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇസ്‌ലാമില്‍ ഒരു പൊതുതത്ത്വമുണ്ട്. ഖുര്‍ആനില്‍ പ്രവാചകനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വിധിവിലക്കുകള്‍ എല്ലാ മുസ്‌ലിംകള്‍ക്കും ബാധകമാണ് എന്നതാണത്. ഒരു വിധി പ്രവാചകന് മാത്രമാണ് ബാധകം എന്നതിന് തെളിവുണ്ടെങ്കിലേ അത് പ്രവാചകന് മാത്രമായിത്തീരുകയുള്ളൂ. അല്ലാഹുവിന്റെ ദീന്‍ മറ്റേത് ദര്‍ശനത്തെയും അതിജയിച്ചുനില്‍ക്കും (ഇള്ഹാറുദ്ദീന്‍) എന്ന ഖുര്‍ആനിക പരാമര്‍ശത്തെ ഗാമിദി നോക്കിക്കാണുന്നത്, പ്രവാചകന് അല്ലാഹു നല്‍കുന്ന ഒരു വാഗ്ദാനമായിട്ടാണ്. പ്രവാചക ജീവിതത്തില്‍ അത് പുലരുക എന്നത് ദൈവത്തിന്റെ നടപടിക്രമവുമാണ്. അതിനാല്‍ 'ഇള്ഹാറുദ്ദീന്‍' പരാമര്‍ശിക്കുന്ന ഖുര്‍ആനിക സൂക്തത്തിലെ 'മുശ്‌രിക്കൂന്‍' എന്ന വാക്കിന് 'അറബികളിലെ മുശ്‌രിക്കുകള്‍' എന്നും, 'എല്ലാ ദീനിനേക്കാളും' (അലദ്ദീനി കുല്ലിഹി) എന്നതിന് 'എല്ലാ അറബ് മതങ്ങളേക്കാളും' എന്നുമാണ് അദ്ദേഹം അര്‍ഥം നല്‍കുന്നത്. പ്രവാചക ജീവിതത്തിലെ ഒരു ദൈവിക നടപടിക്രമമാണിതെന്ന് പറയുകയല്ലാതെ, പ്രവാചകന് മാത്രം ബാധകമായ കാര്യമാണിതെന്നതിന് തെളിവുകളൊന്നും അദ്ദേഹം ഹാജരാക്കുന്നില്ല.
സ്വഫ്ഫ് അധ്യായത്തില്‍ ദീന്‍ അതിജയിക്കുന്നതിനെപ്പറ്റി വന്ന പരാമര്‍ശത്തില്‍ അത് പ്രവാചക ദൗത്യത്തിന്റെ ഭാഗമാണ് എന്നാണ് മനസ്സിലാവുക. ദൈവേഛ വെളിപ്പെടുത്തുക മാത്രമല്ല ഇവിടെ ചെയ്യുന്നത്. അങ്ങനെയായിരുന്നെങ്കില്‍ പ്രവാചകനെ അയക്കുന്ന കാര്യം അവിടെ പരാമര്‍ശിക്കേ കാര്യമുായിരുന്നില്ല. ദീന്‍ എല്ലാ ദര്‍ശനങ്ങളെയും അതിജയിച്ചുനില്‍ക്കും എന്നത് ദൈവേഛയാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷേ, തന്റെ ഇഛയും തീരുമാനവും അല്ലാഹു നടപ്പാക്കുക പ്രവാചകന്‍ മുഖേനയാണ്. അതിനാണ് ഓരോ നബിയും നിയോഗിതനാകുന്നതും. അപ്പോള്‍ ദീന്‍ മറ്റെല്ലാ ദര്‍ശനങ്ങളേക്കാളും ഉയര്‍ന്നുനില്‍ക്കുക എന്നത് പ്രവാചക മിഷന്റെ ഭാഗമാണെന്ന് വരുന്നു. പ്രവാചകന്റെ വിയോഗശേഷം ആ ദൗത്യം അദ്ദേഹത്തിന്റെ അനുയായികള്‍ ഏറ്റെടുക്കേണ്ടതില്ലെങ്കില്‍, പിന്നെ അവരുടെ ദൗത്യമെന്താണ്?
മുഴുവന്‍ വിശ്വാസി സമൂഹത്തിനും പ്രവാചകനില്‍ മാതൃകയുണ്ടെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനര്‍ഥം പ്രവാചകന്‍ നിര്‍വഹിച്ച ദൗത്യം അദ്ദേഹത്തിന്റെ അനുയായികള്‍ ഏറ്റെടുക്കേണ്ടതുണ്ട് എന്നുതന്നെയാണല്ലോ. ദീനിനെ എല്ലാ ദര്‍ശനങ്ങളേക്കാളും ഉയര്‍ത്തിനിര്‍ത്തുക എന്ന ഉത്തരവാദിത്തം പ്രവാചകന് മാത്രമാണെന്നും അദ്ദേഹത്തിന്റെ സമൂഹം ആ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിവാണെന്നും പറയാന്‍ വ്യക്തമായ തെളിവുകള്‍ വേണം. അതെവിടെയും പറയുന്നില്ല. എന്നു മാത്രമല്ല, ഇതേ കാര്യം മറ്റു സൂക്തങ്ങളിലും ഊന്നിപ്പറഞ്ഞതായി നാം കാണുന്നുമുണ്ട്. ചില ഉദാഹരണങ്ങള്‍: ''നിങ്ങള്‍ ദുര്‍ബലരോ ദുഃഖിതരോ ആവരുത്. നിങ്ങള്‍ തന്നെയാണ് അത്യുന്നതര്‍; നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍'' (3:139).
''നിങ്ങളില്‍നിന്ന് സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു: അവരെ അവന്‍ ഭൂമിയിലെ പ്രതിനിധികളാക്കും. അവര്‍ക്കു മുമ്പുള്ളവരെ പ്രതിനിധികളാക്കിയപോലെത്തന്നെ. അവര്‍ക്കായി അല്ലാഹു തൃപ്തിപ്പെട്ടേകിയ ജീവിതവ്യവസ്ഥ സ്ഥാപിച്ചുകൊടുക്കുകയും ചെയ്യും'' (24:55). 'ഇസ്‌ലാം വന്നിട്ടുള്ളത് ഉയര്‍ന്നു നില്‍ക്കാനാണ്; മറ്റുള്ളവക്ക് താഴെ നില്‍ക്കാന്‍ വേണ്ടിയല്ല' (അല്‍ ഇസ്‌ലാമു യഅ്‌ലൂ, വലാ യുഅ്‌ലാ അലൈഹി) എന്ന് ഹദീസില്‍1 വന്നിട്ടുണ്ട്. ഇമാം മുസ്‌ലിമിന്റെ സ്വഹീഹില്‍ അല്‍ ഇമാറഃ എന്ന അധ്യായത്തില്‍ വന്ന ഒരു ശീര്‍ഷകം (ബാബ്) ഇങ്ങനെയാണ്: 'എന്റെ സമൂഹത്തിലൊരു വിഭാഗം സത്യത്തിന്റെ അഭ്യുന്നതിക്കായി (ളാഹിരീന അലല്‍ ഹഖ്) നിലകൊള്ളുന്നവരായിരിക്കും.'2 അതുപോലൊരു ശീര്‍ഷകം ബുഖാരിയിലെ 'അല്‍ ഇഅ്തിസാം ബില്‍ കിതാബി വസ്സുന്ന' എന്ന അധ്യായത്തിലും കാണാം. മുസ്‌ലിംകളിലെ ഒരുവിഭാഗം തങ്ങളുടെ അധ്വാനപരിശ്രമങ്ങളിലൂടെ ഇസ്‌ലാമിന് മേല്‍ക്കൈ (ഗലബ) നേടിക്കൊടുക്കും എന്നാണ് ആ ശീര്‍ഷകത്തിന്റെ അര്‍ഥം. മുആവിയ റിപ്പോര്‍ട്ട് ചെയ്ത ഒരു നബിവചനം സ്വഹീഹ് മുസ്‌ലിമില്‍ ഉദ്ധരിച്ചിരിക്കുന്നത് ഇങ്ങനെ: 'സത്യം അതിജയിച്ചുനില്‍ക്കുന്നതിനു വേണ്ടി എന്റെ സമുദായത്തിലെ ഒരു വിഭാഗം എതിരാളികളോട് ലോകാവസാനം വരെ ഏറ്റുമുട്ടിക്കൊണ്ടിരിക്കും.'3
സ്ഥലപരിമിതി അനുവദിക്കാത്തതുകൊണ്ട് കൂടുതല്‍ തെളിവുകള്‍ ഉദ്ധരിക്കുന്നില്ല. വിഷയം വിശദമായി ചര്‍ച്ച ചെയ്യുന്ന പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് ആഴത്തിലുള്ള പഠനത്തിന് ഉപകരിക്കും. മൗലാനാ അഹ്മദ് ഉറൂജ് ഖാദിരിയുടെ 'ഇഖാമത്തുദ്ദീന്‍ ഫര്‍ളാണ്; മുസ്‌ലിം സമുദായത്തിന്റെ ജീവിത ലക്ഷ്യമാണ്', മൗലാനാ സദ്‌റുദ്ദീന്‍ ഇസ്‌ലാഹിയുടെ 'ഇഖാമത്തുദ്ദീന്‍ എന്ന നിര്‍ബന്ധ ബാധ്യത', മൗലാനാ ജലാലുദ്ദീന്‍ ഉമരിയുടെ 'നന്മ കല്‍പിക്കലും തിന്മ വിരോധിക്കലും' എന്നീ ഗ്രന്ഥങ്ങള്‍ അധിക വായനക്ക് പ്രയോജനപ്പെടുത്താം.
ബുദ്ധിയുടെ വിധി
മൗലാനാ വഹീദുദ്ദീന്‍ ഖാനും ജാവേദ് ഗാമിദിയും ഉന്നയിക്കുന്ന വാദങ്ങള്‍ ബുദ്ധിക്കും യുക്തിക്കും നിരക്കുന്നതാണോ എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. സാമൂഹിക കാര്യങ്ങളില്‍ ഇസ്‌ലാം വിശദമായിത്തന്നെ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് രണ്ടു പേരും സമ്മതിക്കുന്നു. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരേണ്ടത് വളരെ അനിവാര്യമാണെന്നും അതിലാണ് മനുഷ്യന്റെ വിജയം കുടികൊള്ളുന്നതെന്നും തുടര്‍ന്ന് പറയുന്നു. അപ്പോള്‍ ഇവിടെ ഒരു ചോദ്യം ഉയരുന്നു. അല്ലാഹു തന്റെ അടിയാറുകള്‍ക്കു വേണ്ടി ഒരു സാമൂഹിക ക്രമം ഇഷ്ടപ്പെട്ട് നല്‍കിയിട്ടുണ്ടെങ്കില്‍, അതിനെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനും അതിനെ അനുധാവനം ചെയ്യാനും വല്ല സംവിധാനവും ഉണ്ടാവേണ്ടതല്ലേ? ഒരു കാലത്ത് പ്രവാചകനെ നിയോഗിച്ചുകൊണ്ടാണ് അല്ലാഹു ഇത് നടപ്പില്‍ വരുത്തിയത്. പ്രവാചകന്‍ ഏറ്റെടുത്ത ആ ദൗത്യം ഇന്നത്തെ മുസ്‌ലിം സമൂഹം ഏറ്റെടുക്കേണ്ടതില്ലെങ്കില്‍, അവര്‍ ഏറ്റെടുക്കേണ്ട ദൗത്യം എന്താണെന്ന് പറഞ്ഞുതന്നാലും!
നോക്കൂ, പ്രപഞ്ചനാഥനായ അല്ലാഹു മനുഷ്യരാശിക്കായി ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥ അവതരിപ്പിക്കുന്നു. അതിന്റെ ഓരോ വശവും വിശദമായി പ്രതിപാദിക്കുന്നു. ഈ വ്യവസ്ഥയെ പരിചയപ്പെടുത്താനും പ്രബോധനം ചെയ്യാനും നടപ്പാക്കാനുമായി ഒരു ചരിത്രഘട്ടത്തില്‍ ഒരു പ്രവാചകനെ തന്നെ നിയോഗിക്കുന്നു. പിന്നീട് വരുന്ന മനുഷ്യസമൂഹങ്ങളില്‍ ഇങ്ങനെയൊരു സമ്പൂര്‍ണ ജീവിത വ്യവസ്ഥ പരിചയപ്പെടുത്തുകയോ നടപ്പാക്കുകയോ വേണ്ടതില്ലെന്നും വെക്കുന്നു. സാമാന്യ യുക്തിക്ക് നിരക്കുന്നതാണോ ഈ വാദം? ഇന്നത്തെ സാമൂഹിക ശാസ്ത്രജ്ഞരും രാഷ്ട്രമീമാംസകരും ഈ വാദം അപ്പടി തള്ളിക്കളയുമെന്ന് ഉറപ്പ്. അത്രക്ക് ഉപരിപ്ലവവും കഴമ്പില്ലാത്തതുമാണ് ഇവരുയര്‍ത്തുന്ന വാദങ്ങള്‍. ഏതൊരു ദര്‍ശനവും ജീവിതക്രമവും നടപ്പില്‍ വരുത്തണമെങ്കില്‍ മനുഷ്യന്റെ അധ്വാനപരിശ്രമങ്ങള്‍ അനിവാര്യമാണ്. ആ ദര്‍ശനത്തിന്റെ സംസ്ഥാപനം ലക്ഷ്യമാക്കിയായിരിക്കണം പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടേണ്ടത്. കേവലം ദര്‍ശനവും തത്ത്വങ്ങളും പരിചയപ്പെടുത്തുക മാത്രമാണ് ഉദ്ദേശ്യമെങ്കില്‍ ഖുര്‍ആന്‍ അവതരിപ്പിച്ചാല്‍ മാത്രം മതിയാകുമായിരുന്നല്ലോ; പ്രവാചകനെ അയക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല.
വ്യക്തിജീവിതത്തില്‍ ഇസ്‌ലാം മാര്‍ഗനിര്‍ദേശം നല്‍കുന്നത് ജീവിത വിജയത്തിനാണെങ്കില്‍, ഇതേ ലക്ഷ്യം സാമൂഹിക ജീവിതത്തിനും ബാധകമാണ്. ബഹുദൈവത്വവും കള്ളം പറച്ചിലും ഒരാളുടെ വ്യക്തിജീവിതം അപകടപ്പെടുത്തുമെങ്കില്‍, പലിശയും വര്‍ഗീയതയും സങ്കുചിത ദേശീയതയുമൊക്കെ അയാളുടെ സാമൂഹിക ജീവിതത്തെയും അപകടപ്പെടുത്തുന്നുണ്ട്. ജീവിത വിജയമാണ് ദൈവിക നിയമങ്ങളുടെ അവതരണ ലക്ഷ്യമെങ്കില്‍, മനുഷ്യന്‍ അവന്റെ വ്യക്തിജീവിതത്തില്‍ വിജയിക്കട്ടെ, സാമൂഹിക ജീവിതത്തില്‍ കഷ്ടപ്പെടട്ടെ എന്നു വെക്കില്ലല്ലോ. എല്ലാ തലത്തിലുമുള്ള വിജയം തന്നെയാണ് അവ ലക്ഷ്യമാക്കുന്നത്. മനുഷ്യജീവിതത്തില്‍ വളരെ അനിവാര്യമായ ഈ ദൈവിക നിയമങ്ങള്‍ നടപ്പിലാക്കാന്‍ അല്ലാഹു യാതൊരു സംവിധാനവും ഏര്‍പ്പെടുത്തിയിട്ടില്ല എന്ന് കരുതുന്നതും ബുദ്ധിശൂന്യതയല്ലേ? (മനുഷ്യന്റെ വ്യക്തിപരമായ ജീവിത വിജയം വലിയൊരളവ് ആശ്രയിച്ച് നില്‍ക്കുന്നത് സാമൂഹിക ജീവിതത്തിലെ അവന്റെ നിലപാടുകളുമായാണ് എന്നതും വസ്തുതയാണ്. അതിലേക്ക് നാം ചര്‍ച്ച നീട്ടുന്നില്ല എന്നു മാത്രം). ദീന്‍ പ്രബോധനം ചെയ്യേണ്ട, അത് നടപ്പില്‍ വരുത്തേണ്ട ചുമതല മനുഷ്യരെ ഏല്‍പിച്ചിരിക്കുകയാണ് അല്ലാഹു. അതുകൊണ്ടാണ് വിശ്വാസികള്‍ അല്ലാഹുവിന്റെ സഹായികളായിത്തീരണം എന്ന് ഖുര്‍ആന്‍ അടിക്കടി ഉണര്‍ത്തുന്നത്. ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സഹായിക്കുകയാണെങ്കില്‍ അവന്‍ നിങ്ങളെയും സഹായിക്കും; നിങ്ങളുടെ കാല്‍പാദങ്ങളെ ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്യും'' (47:7). ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെ സഹായികളാവുക'' (61:14). ദൈവിക വ്യവസ്ഥയുടെ സാക്ഷാത്കാരത്തിന് നിങ്ങള്‍ പണിയെടുക്കണം എന്നല്ലാതെ മറ്റെന്ത് വിവക്ഷയാണ് ഈ സൂക്തങ്ങള്‍ക്കുള്ളത്? ദൈവിക വ്യവസ്ഥ എന്നു പറയുമ്പോള്‍ വ്യക്തിജീവിതം പോലെ സാമൂഹിക ജീവിതവും അതില്‍ ഉള്‍പ്പെടുന്നുണ്ടെങ്കില്‍, ആ മേഖലയില്‍ ത്യാഗപരിശ്രമങ്ങള്‍ നടത്തുന്നതും അല്ലാഹുവിനെ/ അവന്റെ ദീനിനെ സഹായിക്കലാകും. ഇവയെ മൊത്തമായി അഭിസംബോധന ചെയ്യാന്‍ ഇസ്‌ലാമിക പ്രസ്ഥാനം സ്വീകരിച്ച സംജ്ഞയാണ് 'ഇഖാമത്തുദ്ദീന്‍'.
മനുഷ്യജീവിതത്തെ വഴിതെറ്റിക്കുന്ന ദര്‍ശനങ്ങള്‍ എക്കാലത്തും സജീവമായിരുന്നിട്ടുണ്ട്. ഫാഷിസവും വംശീയതയും മുതലാളിത്തവും കമ്യൂണിസവും മറ്റനേകം ഭൗതിക ദര്‍ശനങ്ങളും തങ്ങളുടെ ഇംഗിതങ്ങള്‍ നടപ്പാക്കാന്‍ വളരെ ആസൂത്രിതമായ കര്‍മപരിപാടികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുമ്പോള്‍, മനുഷ്യജീവിതത്തിന്റെ സര്‍വതോമുഖമായ വിജയം വിളംബരം ചെയ്യുന്ന ദൈവിക ദര്‍ശനം ഗ്രന്ഥത്താളുകളില്‍ വിശ്രമിച്ചോട്ടെ, അല്ലെങ്കില്‍ അതിന് പറ്റിയ ഭരണാധികാരികള്‍ വരുമ്പോള്‍ അവരത് നടപ്പാക്കിക്കൊള്ളട്ടെ എന്നു പറഞ്ഞ് മാറിനില്‍ക്കാന്‍ എങ്ങനെയാണ് സാധ്യമാവുക? ഇതൊന്നും മനുഷ്യന്റെ സാമാന്യ യുക്തിയുമായി പോലും ഒത്തുപോകാത്ത വാദങ്ങളാണ്. ദൈവം ഒരു ജീവിത വ്യവസ്ഥ മനുഷ്യന് തൃപ്തിപ്പെട്ടു നല്‍കിയിട്ടുണ്ടെങ്കില്‍, അതിന്റെ അനിവാര്യ തേട്ടമാണ് ആ വ്യവസ്ഥ നടപ്പില്‍ വരുത്താന്‍ ആരെയെങ്കിലും ഏല്‍പിക്കുക എന്നത്. ആ വ്യവസ്ഥയെ അംഗീകരിക്കുകയും അതിനോട് കൂറ് പുലര്‍ത്തുകയും ചെയ്യുന്നവരാരോ അവര്‍ തന്നെ ഈ ചുമതല ഏറ്റെടുക്കുക എന്നതാണ് അതിന്റെ സ്വാഭാവിക യുക്തി.
(തുടരും)
കുറിപ്പുകള്‍
1. ബൈഹഖിയും ദാറഖുത്വ്‌നിയും അല്‍ബാനിയും ഇത് സ്വഹീഹാണെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.
2. മുസ്‌ലിം, കിതാബുല്‍ ഇമാറ, ഹദീസ് നമ്പര്‍ 3639
3. മുസ്‌ലിം, കിതാബുല്‍ ഇമാറ, ഹദീസ് 3641
Comments