കൗമാരം പറയുന്നു 'നന്മയുടെ ലോകം ഞങ്ങളുടേത്'
കേരളത്തിന്റെ കൗമാരത്തിന് നിവര്‍ന്നു നില്‍ക്കാനും ഉറക്കെ സംസാരിക്കാനും സ്വന്തമായ ഒരിടം ലഭിച്ചിട്ട് അഞ്ചു വര്‍ഷമാകുന്നു. 2012 സെപ്റ്റംബര്‍ 15-ന് തലശ്ശേരിയില്‍ വെച്ച് അന്നത്തെ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി 'ടീന്‍ ഇന്ത്യ' എന്ന സംഘടനയുടെ പ്രഖ്യാപനം നിര്‍വഹിച്ചപ്പോള്‍ സദസ്സില്‍ തിങ്ങിനിറഞ്ഞ കൗമാര കേരളത്തിന്റെ പ്രതിനിധികള്‍ എഴുന്നേറ്റുനിന്ന് ഹര്‍ഷാരവം മുഴക്കി. കേരള ചരിത്രത്തിലെ കൗമാര പ്രപഞ്ചത്തില്‍ പുതിയൊരു ശബ്ദം കേള്‍പ്പിക്കുകയായിരുന്നു ആ കരഘോഷങ്ങളും ആര്‍പ്പുവിളികളും.
കൗമാരപ്രായത്തെ പ്രത്യേകം കണക്കിലെടുത്ത് പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത നിരവധി സാമൂഹിക പഠന റിപ്പോര്‍ട്ടുകള്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ പത്താം പഞ്ചവത്സര പദ്ധതിക്കു വേണ്ടി തയാറാക്കിയ പഠന റിപ്പോര്‍ട്ടിലും ടീന്‍ ഏജിന്റെ ശാരീരിക, മാനസിക, ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങള്‍ പ്രത്യേകം പരിഗണിക്കണമെന്ന് നിര്‍ദേശിക്കുന്നു.
പക്ഷേ, നമ്മുടെ നാട്ടില്‍ നൂറുകണക്കിന് സംഘടനകളുണ്ടായിട്ടും ഇക്കാര്യത്തില്‍ പ്രായോഗിക നീക്കങ്ങള്‍ കൂടുതലൊന്നും നടത്തിക്കണ്ടിട്ടില്ല. ഉണ്ടായവയാകട്ടെ, വളരെ നിരപേക്ഷമായി കൗമാരത്തിന്റെ വികാരവിചാരങ്ങളെ നോക്കിക്കാണുന്ന പാശ്ചാത്യ മൂല്യബോധത്തിന്റെ ലിബറല്‍ ആശയങ്ങളെ പിന്തുണക്കുന്നവയായിരുന്നു. ഇത്തരം സംഘടനകള്‍ കൗമാര ബോധ്യങ്ങളില്‍ കലക്കുവെള്ളം ചേര്‍ക്കുകയാണ് ചെയ്തത്. എന്തും കാണാമെന്നും എന്തും ചെയ്യാമെന്നും പഠിപ്പിക്കുകയും, അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിലേക്ക് അവരെ തുറന്നുവിടണമെന്ന് അനുശാസിക്കുകയും ചെയ്യുന്ന യൂറോപ്യന്‍ ഉദാര ചിന്തകള്‍ അപ്പടി പ്രയോഗവല്‍ക്കരിച്ച ഈ പരിഷത്തുകള്‍ കൗമാരത്തിന്റെ ലോകത്ത് അരാജകത്വം സൃഷ്ടിച്ചു. അതാണ് ശാസ്ത്രീയമെന്നും യുക്തമെന്നും വാദിച്ച് കൗമാരപ്രായക്കാരുടെ ബോധമണ്ഡലത്തെ മലിനപ്പെടുത്തി. ഈയൊരു ചിന്താഗതിയാണ് ചുംബന സമരം മുതല്‍ 'ചെകുത്താന്‍ വണ്ടി' വരെയുള്ള അരാജക പ്രകടനങ്ങളില്‍ മതിമറക്കുന്ന 'വിപ്ലവ യൗവന'ങ്ങളെ കേരളത്തിന് സമ്മാനിച്ചത്. ഈ സാംസ്‌കാരിക പശ്ചാത്തലത്തിലാണ് ടീന്‍ ഇന്ത്യ രൂപീകരിക്കപ്പെടുന്നത്.
സംസ്ഥാനത്തെ അമ്പതു ലക്ഷത്തിലേറെ വരുന്ന കൗമാരപ്രായക്കാരുടെ സാംസ്‌കാരിക അഭ്യുന്നതി ടീന്‍ ഇന്ത്യ ലക്ഷ്യം വെക്കുന്നു. അതിലൂടെ മികച്ച ഇന്ത്യയും മികച്ച ലോകവും ഉണ്ടാക്കാമെന്ന് ഈ കൗമാരം പ്രതീക്ഷ വെക്കുന്നു. ഈ കൂട്ടായ്മയിലൂടെ രൂപപ്പെടുന്ന ഭാവി കേരളം കൂടുതല്‍ പ്രതീക്ഷയുറ്റതും നന്മ നിറഞ്ഞതുമായിരിക്കും. കാരണം ക്രിയാത്മകവും ആസൂത്രിതവുമായ പരിശീലനത്തിലൂടെ കൗമാരത്തിന്റെ ചുവടുവെപ്പുകളെ അറിയാനും തിരുത്താനും നേരിലേക്ക് നയിക്കാനും ടീന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. പ്രാദേശിക കൂട്ടായ്മകള്‍, ത്രൈമാസ ഏരിയാ സംഗമങ്ങള്‍, പരിശീലന പരിപാടികള്‍, കാമ്പയിനുകള്‍ എന്നിവയിലൂടെ ചിന്തിക്കുകയും സാമൂഹിക വിഷയങ്ങളില്‍ നിലപാടുകള്‍ രൂപീകരിക്കുകയും ചെയ്യുന്ന കൗമാരപ്രായക്കാരാണ് ടീന്‍ ഇന്ത്യയിലൂടെ വളര്‍ന്നുവന്നത്.
ധാര്‍മിക - സദാചാര ബോധത്തില്‍ അധിഷ്ഠിതമായ സാമൂഹിക ജീവിതം നയിക്കാന്‍ കൗമാരത്തെ പ്രാപ്തമാക്കുക എന്നതിനാണ് തുടക്കം മുതല്‍ ടീന്‍ ഇന്ത്യ പ്രാധാന്യം നല്‍കിയത്. ദൈവ വിശ്വാസത്തിലൂന്നിയ ജീവിതാവബോധത്തിലൂടെ മാത്രമേ അത് സാധ്യമാവൂ. ക്രിയാത്മകമായ സംവാദത്തിലൂടെയും പഠനത്തിലൂടെയും ദൈവാസ്തിക്യത്തിലെത്തുന്ന ആശയ ചര്‍ച്ചകളാണ് പ്രാദേശിക - മേഖലാ കൂട്ടായ്മകളില്‍ ഉയര്‍ന്നുവന്നത്.
അതോടൊപ്പം സംഘടനയില്‍ അണിചേര്‍ന്നവരുടെ കലാ - സാഹിത്യ മേഖലയിലെ വളര്‍ച്ചക്കും സംവിധാനങ്ങള്‍ ഒരുക്കി. ശാസ്ത്രം, സാഹിത്യം, വാനനിരീക്ഷണം, പ്രകൃതി പഠനം തുടങ്ങിയ വിഷയങ്ങളിലായി കേരളത്തിന്റെ പല ഭാഗത്തും പരിശീലനക്കളരികള്‍ നടന്നു. കേരളത്തിലെ അതതു മേഖലകളില്‍ പ്രശസ്തരായ വ്യക്തികളാണ് ക്യാമ്പുകള്‍ നയിച്ചത്.
ടീന്‍ ഇന്ത്യ അംഗങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത പ്രതിഭകളെ നേതൃസ്ഥാനങ്ങളിലേക്ക് വളര്‍ത്തിയെടുക്കുന്ന 'റബ്‌വ' പഠന കോഴ്‌സ് ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. വിജ്ഞാനോത്സവം എന്ന പ്രശ്‌നോത്തരി മത്സരത്തില്‍ കഴിഞ്ഞ വര്‍ഷം ആയിരക്കണക്കിന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.
അഞ്ചു വര്‍ഷം പിന്നിടുന്ന ടീന്‍ ഇന്ത്യ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ കൗമാരത്തിന്റെ കരുത്തുറ്റ വിരലുകള്‍ കൊണ്ട് മറ്റൊരു തലക്കെട്ട് എഴുതിച്ചേര്‍ക്കുകയാണ്, കേരള കൗമാര സമ്മേളനത്തിലൂടെ. 2018 ഏപ്രില്‍ 15,16 തീയതികളില്‍ മലപ്പുറത്തു നടക്കുന്ന സമ്മേളനത്തിന്റെ മുഖ്യ ശീര്‍ഷകം 'നന്മയുടെ ലോകം ഞങ്ങളുടേത്' എന്നതാണ്. നാളേക്ക് പാകമാകേണ്ട മൊട്ടുകളല്ല, മറിച്ച് സമൂഹത്തിന് ഇന്നേ അന്നജം നല്‍കുന്ന ഫലങ്ങളാണ് തങ്ങളെന്ന് കേരളത്തിന്റെ ആദര്‍ശ കൗമാരം അവിടെ തെളിയിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 800 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പതിനായിരം കൗമാരക്കാരെയാണ് മലപ്പുറം കോട്ടക്കുന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രതീക്ഷിക്കുന്നത്. പ്ലാനറ്റുകള്‍ എന്ന് പേരിട്ട ആറ് വേദികളില്‍ ആത്മീയത, ശാസ്ത്രം, സംസ്‌കാരം, ആരോഗ്യം, കല, സിനിമ, മതം എന്നിവയൊക്കെ കണ്ടും കേട്ടും അനുഭവിച്ചും സംവാദം നടത്തിയും പരിചയിക്കാനുള്ള സംവിധാനങ്ങളാണ് പ്രതിനിധികള്‍ക്ക് ഒരുക്കിയിട്ടുള്ളത്.
കൗമാരത്തെ ഭയത്തോടെയും ആശങ്കയോടെയും കാണാനല്ല, ആഹ്ലാദത്തോടെ സ്വീകരിക്കാന്‍ മുതിര്‍ന്നവരെ പഠിപ്പിക്കുകയാണ് ഈ കുട്ടികള്‍. അശ്ലീലതയും മയക്കുമരുന്നും തെമ്മാടിത്തവും കൗമാരത്തിന്റെ നിഷ്‌ളങ്ക ലോകത്ത് കുത്തിവെച്ചത് മുതിര്‍ന്നവരാണ്, അവരുടെ ലാഭക്കൊതികളാണ്. അതിനാല്‍, തങ്ങളുടെ ലോകം നന്മയുടേതാണെന്നും നന്മയുടെ ലോകം തങ്ങളുടേതാണെന്നും അവര്‍ ഉറക്കെ പ്രഖ്യാപിക്കുന്നു.
നാം ഈ ആദര്‍ശ കൗമാരത്തെ കേള്‍ക്കുക.
(ടീന്‍ ഇന്ത്യ സംസ്ഥാന രക്ഷാധികാരിയാണ് ലേഖകന്‍)
Comments