Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 06

3046

1439 റജബ് 18

എ. ഹബീബ് മുഹമ്മദ് സേവന പാതയിലെ വേറിട്ട വ്യക്തിത്വം

പി.എ.എം അബ്ദുല്‍ ഖാദര്‍, തിരൂര്‍ക്കാട്

സംഘടനാപരമായ പക്ഷപാതിത്വങ്ങള്‍ക്കും വിഭാഗീയമായ ചേരിതിരിവുകള്‍ക്കും അതീതമായി സേവനരംഗത്ത് വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ. ഹബീബ് മുഹമ്മദ്. മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളില്‍ അര നൂറ്റാണ്ടിലേറെ കാലം നിശ്ശബ്ദവും നിസ്വാര്‍ഥവുമായ സേവന പ്രവര്‍ത്തനങ്ങളാണ് ആലപ്പുഴ പട്ടണത്തില്‍ ഹബീബ് മുഹമ്മദ് കാഴ്ചവെച്ചത്. സനാതന ധര്‍മ കോളേജില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ സൗഹൃദം സ്ഥാപി

ക്കുന്നതിലും സംഘാടനത്തിലും മികച്ചുനിന്ന അദ്ദേഹം കലാലയത്തിന്റെ ഇഷ്ടഭാജനമായി മാറി. കോളേജ് യൂനിയന്റെ അമരക്കാരനായി വളര്‍ന്നു. കാമ്പസില്‍ അക്രമത്തിനും അസഹിഷ്ണുതക്കും ഇടം നല്‍കാതെ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം രൂപപ്പെടുത്താനുള്ള നേതൃപാടവം കാഴ്ചവെച്ചു.

ആലപ്പുഴയില്‍ രൂപംകൊണ്ട ഇസ്‌ലാമിക് സര്‍വീസ് സൊസൈറ്റി ഹബീബ് മുഹമ്മദിന്റെ ഇസ്‌ലാമിക വ്യക്തിത്വം രൂപപ്പെടുത്തുന്നില്‍ നിര്‍ണായക പങ്കുവഹിച്ചു. അഡ്വ. എം.വി ഇബ്‌റാഹീം കുട്ടിയുടെ (എം.ഐ ഷാനവാസ് എം.പിയുടെ പിതാവ്) നേതൃത്വത്തില്‍ ഐ.എസ്.എസ് കേരളത്തില്‍ വ്യാപിച്ചപ്പോള്‍ അതിന്റെ നേതൃപദവിയിലേക്ക് അദ്ദേഹം ഉയര്‍ന്നു. തിരുവിതാംകൂര്‍-കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി യോഗങ്ങളിലും യുവജന കൂട്ടായ്മകളിലും പങ്കെടുത്ത ഹബീബ് മുഹമ്മദ് യുവജനങ്ങളെ ഇസ്‌ലാമിക സേവന പാതയിലേക്ക് കൈപിടിച്ചാനയിച്ചു. ഇന്നത്തെ പോലെ ഇസ്‌ലാമിക സംഘടനകളുടെ പ്രവര്‍ത്തനം സജീവമല്ലാതിരുന്ന കാലത്ത് മുസ്‌ലിം യുവജന കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നതില്‍ പ്രത്യേക താല്‍പര്യം കാണിക്കുകയുണ്ടായി.

അനാഥ കുട്ടികളുടെ സംരക്ഷണം ബാധ്യതയായി സമുദായം ഏറ്റെടുക്കണമെന്ന, ആലപ്പുഴയില്‍ നടന്ന ഒരു നബിദിന സമ്മേളനത്തിലെ ആഹ്വാനം ഉള്‍ക്കൊണ്ട് നാട്ടില്‍ ഒരു യതീംഖാന സ്ഥാപിക്കാന്‍ അഡ്വ. എം.വി ഇബ്‌റാഹീം കുട്ടിയോടൊപ്പം സജീവമായി നിലകൊണ്ടു. നൂറുകണക്കിന് മുസ്‌ലിം യുവാക്കളെ യതീംഖാനയുടെ നടത്തിപ്പിനു വേണ്ടിയുള്ള പിടിയരി ശേഖരണത്തിനും മറ്റു സേവനങ്ങള്‍ക്കുമായി അണിനിരത്താന്‍ അദ്ദേഹത്തിനു സാധിച്ചു. ഈ പ്രവര്‍ത്തനാവേശം ഇസ്‌ലാമിക അടിത്തറയില്‍ ഊന്നിക്കൊണ്ടുള്ളതായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അതിനായി സംവാദങ്ങളും പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ആത്മീയ സദസ്സുകളും സംഘടിപ്പിച്ചു. ഇതുമൂലം ഒട്ടനവധി മുസ്‌ലിം യുവാക്കളെ ഭൗതികതയുടെ വേലിയേറ്റത്തില്‍നിന്ന് ഒരു പരിധിവരെ ദീനിന്റെ പാതയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു.

എം.ഇ.എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്കും നിരവധി വിദ്യാഭ്യാസ സംരംഭങ്ങള്‍ക്കും തുടക്കം കുറിച്ച കേരള ഇസ്‌ലാമിക് സെമിനാര്‍ ആലപ്പുഴയില്‍ വിജയകരമായി സംഘടിപ്പിക്കുന്നതിന് നിരവധി യുവജന വിദ്യാര്‍ഥികളെ അണിനിരത്താന്‍ ഹബീബ് മുന്‍കൈയെടുത്തു. ഈ സെമിനാറുകളില്‍നിന്ന് രൂപംകൊണ്ട എം.ഇ.എസ്സിന്റെ നേതൃപദവിയിലേക്ക് അദ്ദേഹം ഉയര്‍ന്നുവരികയും ചെയ്തു.

ആലപ്പുഴയിലെ മുസ്‌ലിംകളുടെ പൊതു സംഘടനയായ ലജ്‌നത്തുല്‍ മുഹമ്മദിയ്യയുടെ ജനറല്‍ സെക്രട്ടറി, എം.ഇ.എസ് ജനറല്‍ സെക്രട്ടറി, എം.ഇ.എസ് സ്‌കൂളുകളുടെ മാനേജര്‍ എന്നീ നിലകളില്‍ മരണം വരെ കര്‍മോത്സുകനായിരുന്നു.

നിരവധി മേഖലകളില്‍ ഹബീബ് മുഹമ്മദിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നിഷ്‌കാമ സേവനം മുഖമുദ്രയാക്കിയ ഒരു സമുദായ സ്‌നേഹിയെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത്.

പൊതു പ്രവര്‍ത്തന രംഗത്ത് പ്രശസ്തനായിരുന്ന കൊല്ലം അബ്ദുര്‍റഹ്മാന്റെ മകനായി ജനിച്ച ഹബീബ് മുഹമ്മദ് എഫ്.സി.ഐ സൂപ്രണ്ടായാണ് ജോലി ചെയ്തിരുന്നത്.

എം.ഇ.എസ് വനിതാ വിഭാഗം സംസ്ഥാന ട്രഷറര്‍ മൈമൂനയാണ് ഭാര്യ. മക്കള്‍: ഡോ. ഫിറോസ് മുഹമ്മദ്, ഫാറൂഖ് അഹ്മദ്, ഫൗബാദ് മുഹമ്മദ്.

 

 

മേലേട്ടുതകിടിയേല്‍ ഐഷാമ്മ

ഇസ്‌ലാമിക പ്രസ്ഥാനം കാഞ്ഞിരപ്പള്ളിയില്‍ പിച്ചവെച്ച നാളുകള്‍ മുതല്‍ എല്ലാവിധ പിന്തുണയും പരിലാളനകളും നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കുടുംബമാണ് മേലേട്ടുതകിടിയേല്‍ പരേതനായ എം.എസ് മുഹമ്മദ് ബഷീറിന്റേത്. ജീവിതത്തിന്റെ നല്ലൊരു പങ്ക് ഊര്‍ജം പ്രസ്ഥാനമാര്‍ഗത്തില്‍ ചെലവഴിച്ചുകൊണ്ടിരിക്കെ ആകസ്മികമായുണ്ടായ അദ്ദേഹത്തിന്റെ വേര്‍പാടിനു ശേഷം നീണ്ട മുപ്പത്തിയൊന്നു വര്‍ഷം കുടുംബഭാരം ഏറ്റെടുത്ത ഭാര്യ ഐഷാമ്മയും ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് തന്റേതായ പിന്തുണ നല്‍കുകയുണ്ടായി.

1974 ജനുവരിയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ദക്ഷിണേ മേഖലാ സമ്മേളനം കാഞ്ഞിരപ്പള്ളിയില്‍ നടന്നപ്പോള്‍ സമ്മേളനത്തിന്റെ എല്ലാ ഒരുക്കങ്ങള്‍ക്കും ഇവരുടെ വീടും പരിസരവും പ്രയോജനപ്പെടുത്തുകയുണ്ടായി. കുടുംബനാഥയായ ഐഷാമ്മ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഭക്ഷണമൊരുക്കിയും മറ്റു സഹായ സഹകരണങ്ങള്‍ നല്‍കിയും കൂടെ നിന്നു.

1978-ല്‍ ഇസ്‌ലാമിക് എജുക്കേഷണല്‍ ട്രസ്റ്റ് രൂപീകരിക്കുകയും മുഹമ്മദ് ബഷീര്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ അക്ഷീണ പരിശ്രമഫലമായി വീടിന് സമീപത്തുതന്നെ 25 സെന്റ് സ്ഥലം ട്രസ്റ്റിന് ലഭിച്ചു. അത് പ്രസ്ഥാന പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രമായി മാറി. അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ, ഇസ്‌ലാമിക് ബുക് ഹൗസ്, പാലിയേറ്റീവ് കെയര്‍ സൊസൈറ്റി, ദയാ സ്‌പെഷ്യല്‍ സ്‌കൂള്‍, പ്രാദേശിക ഹല്‍ഖ ഓഫീസ്, മസ്ജിദുല്‍ ഹുദാ എന്നിവ ഇവിടെ നിലകൊള്ളുന്നു. ഈ സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ തൊട്ടടുത്ത വീട്ടുകാരിയെന്ന നിലയില്‍ ഐഷാമ്മ നല്‍കിയ സംഭാവനകള്‍ വലുതാണ്. 

കുടുംബനാഥന്റെ അകാല വിയോഗത്തില്‍ തളര്‍ന്നുപോകാതെ അദ്ദേഹം ഭരമേല്‍പിച്ചുപോയ എട്ട് മക്കളുടെ ഭാവി ഭദ്രമാക്കുന്നതിലായിരുന്നു ഭാര്യ ഐഷാമ്മയുടെ ശിഷ്ടകാലത്തെ മുഖ്യ പരിഗണന.  കൂടാതെ പിതാവിന്റെ കാലടിപ്പാടുകളെ പിന്തുടര്‍ന്ന് പ്രസ്ഥാന പാതയില്‍ തണലും ഫലങ്ങളും നല്‍കി നിലകൊള്ളാന്‍ സന്താനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മുന്‍കാലങ്ങളില്‍ ചെയ്തിരുന്നതുപോലെ താമസിക്കുന്ന വസതിയും പരിസരവും ഇസ്‌ലാമിക് സെന്ററിലെ മിക്ക പൊതു പരിപാടികള്‍ക്കും സൗകര്യപ്പെടുത്തിക്കൊടുക്കാറു്. കുടുംബാംഗങ്ങളുടെ പൂര്‍ണ സഹായ സഹകരണങ്ങളും ഇക്കാര്യത്തില്‍ ലഭിച്ചു. മുതിര്‍ന്ന പുത്രന്‍ എം.ബി അബ്ദുശ്ശുകൂര്‍ ഇസ്‌ലാമിക് സെന്ററിലെ മുഴുസമയ പ്രവര്‍ത്തകനാണ്. 

എം.എന്‍ മുഹമ്മദ് ഖാസിം

 

 

അല്ലാഹുവേ, പരേതരെ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ-ആമീന്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (26-28)
എ.വൈ.ആര്‍